തിരയുക

പൊതുജന കൂടികാഴ്ചയിൽ പകർത്തിയ ചിത്രം... പൊതുജന കൂടികാഴ്ചയിൽ പകർത്തിയ ചിത്രം... 

“ക്രിസ്തു ജീവിക്കുന്നു”: സാഹോദര്യത്തിന്റെ പാതകൾ

“Christus Vivit” അഥവാ “ക്രിസ്തു ജീവിക്കുന്നു” എന്ന ഫ്രാൻസിസ് പാപ്പായുടെ അപ്പോസ്തോലിക പ്രബോധനത്തിന്റെ 163-164ആം ഖണ്ഡികയെ അടിസ്ഥാനമാക്കിയ വിചിന്തനം.

സി. റൂബിനി സി.റ്റി.സി, വത്തിക്കാൻ ന്യൂസ്

ശബ്ദരേഖ

അപ്പോസ്തോലിക പ്രബോധനം

അപ്പോസ്തോലിക പ്രബോധനമെന്നത് കത്തോലിക്കാ സഭയില്‍ പാപ്പാ പ്രസിദ്ധീകരിക്കുന്ന ഔദ്യോഗിക ലേഖനങ്ങളുടെ വിവിധതരത്തിലുളള പരമ്പരകളിൽപ്പെടുന്ന ഒരു ലേഖനമാണ്. ഇവയുടെ പ്രാധാന്യ ശൃംഖലയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ചാക്രീക ലേഖനങ്ങള്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനമാണ് അപ്പോസ്തോലിക പ്രബോധനങ്ങള്‍ക്കുള്ളത്.

അഞ്ചാം അദ്ധ്യായം

അഞ്ചാം അദ്ധ്യായത്തിന്റെ ശീർഷകം തന്നെ "യുവജനങ്ങളുടെ വഴികൾ'' എന്നാണ്. യുവത്വത്തിന്റെ ആകുലതയെയും ആകാംക്ഷയെയും ഉത്ക്കണ്ഠയെയും വിവരിക്കുമ്പോഴും ഫ്രാൻസിസ് പാപ്പാ യുവതയോടു നിർദ്ദേശിക്കുന്നത് അവരുടെ പ്രത്യാശകളേയും സ്വപ്നങ്ങളേയും പിന്തുടരാനാണ്.

163. സാഹോദര്യത്തിന്റെ പാതകൾ

നിങ്ങളുടെ ആധ്യാത്മിക വളർച്ച പ്രകടമാകുന്നത് സർവ്വോപരി സഹോദരപരവും ഉദാരവും കരുണാപൂർണ്ണവുമായ സ്നേഹത്തിലുള്ള വളർച്ചയിലാണ്. വിശുദ്ധ പൗലോസ് ശ്ശീഹാ ഇങ്ങനെ പ്രാർത്ഥിക്കുന്നു: "നിങ്ങൾക്ക് തമ്മിൽ തമ്മിലും മറ്റ് എല്ലാവരോടുമുള്ള സ്നേഹം വളർന്ന് സമൃദ്ധമാകാൻ കർത്താവ് ഇടവരുത്തട്ടെ" (1തെസ്സ 3:12). നമ്മിൽ നിന്നു പുറത്തു വരുന്നതിന്റെയും സ്വജീവൻ ബലികഴിക്കുന്നത് വരെപ്പോലും മറ്റുള്ളവരുടെ നന്മ അന്വേഷിക്കുന്നതിന്റെയും "നിർവൃതി "എത്ര വിസ്മയനീയമായിരിക്കും.

164. ദൈവവുമായുള്ള കണ്ടുമുട്ടൽ "നിർവൃതി" എന്നു വിളിക്കപ്പെടുന്നു. അതു നമ്മെ നമ്മിൽ നിന്നു പുറത്തു കൊണ്ടു പോകുകയും നമ്മെ ഉയർത്തുകയും ദൈവത്തിന്റെ സ്നേഹവും സൗന്ദര്യവും നമ്മെ കീഴടക്കുകയും ചെയ്യുന്നതു കൊണ്ടാണ്. കൂടാതെ മറ്റുള്ളവരിൽ ദൈവത്തിന്റെ പ്രതിഛായയും പിതാവിന്റെ മക്കളുമെന്ന നിലയിൽ അവർക്കുള്ള മൂല്യവും മഹത്ത്വവും നിഗൂഢ സൗന്ദര്യവും തിരിച്ചറിയുമ്പോഴും നമുക്ക് നിർവൃതി അനുഭവിക്കാനാകും. നമ്മെ നമ്മിൽ നിന്നു പുറത്തുകൊണ്ട് വന്ന് മറ്റുള്ളവരെ സ്നേഹത്തോടെ ആശ്ലേഷിക്കുന്നവരും അവരുടെ നന്മ അന്വേഷിക്കുന്നവരുമാക്കാൻ പരിശുദ്ധാത്മാവ് ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് വിശ്വാസ ജീവിതം ഒന്നിച്ചു ജീവിച്ച്കൊണ്ടും സമൂഹത്തിൽ ജീവിച്ചു കൊണ്ടും നമ്മുടെ വാത്സല്യവും സമയവും വിശ്വാസവും പ്രയാസങ്ങളും യുവജനങ്ങളോടു പങ്കുവച്ചു കൊണ്ടും നമ്മുടെ സ്നേഹം പ്രകടമാക്കുന്നതും കൂടുതൽ നന്നായിരിക്കുന്നത്. സമൂഹത്തിൽ വിശ്വാസം ജീവിക്കുന്നതിനുള്ള അനേകം വ്യത്യസ്ഥ സാധ്യതകൾ സഭ നമുക്ക് നൽകുന്നുണ്ട്. എന്തെന്നാൽ ഒന്നിച്ച് ചെയ്യുമ്പോൾ എല്ലാം കൂടുതൽ എളുപ്പമുള്ളതായിത്തീരും. (കടപ്പാട്. പി.ഒ. സി പ്രസീദ്ധീകരണം).

ഇന്ന് നാം പരിചിന്തനം ചെയ്യുന്ന ഖണ്ഡികയിൽ ഫ്രാൻസിസ് പാപ്പാ നമ്മുടെ ആധ്യാത്മിക വളർച്ച പ്രകടമാക്കേണ്ടത് നമ്മുടെ സഹോദരപരവും, ഉദാരവും, കരുണാപൂർണ്ണവുമായ സ്നേഹത്തിലുള്ള വളർച്ചയിലാണെന്ന് പറയുന്നു.

പ്രവർത്തി കൂടാതെയുള്ള വാക്ക് വ്യർത്ഥമാണ്

പ്രവർത്തി കൂടാതെയുള്ള വാക്ക് വ്യർത്ഥമാണ്. ഇന്ന് നമ്മുടെ ജീവിതത്തിൽ എല്ലാറ്റിനെയും നാം തരം തിരിച്ച് വച്ചിരിക്കുന്നു. ഓരോന്നിനേയും, ഓരോരുത്തരേയും, ഓരോ വിഭാഗത്തിൽ ഉൾപ്പെടുത്തപ്പെടുത്തിയിരിക്കുന്നു. വ്യക്തിപരമായ ജീവിതത്തിലും, പൊതുജീവിതത്തിലും, സമൂഹ ജീവിതത്തിലും, ആദ്ധ്യാത്മിക ജീവിതത്തിലും ഈ തരം തിരിക്കലുണ്ട്. ഇതാണ് പ്രാർത്ഥന, ഇതാണ് പ്രവർത്തി, ഇതായിരിക്കണം പ്രാർത്ഥന, ഇങ്ങനെയായിരിക്കണം നമ്മുടെ ആചാരങ്ങൾ, അനുഷ്ഠാനങ്ങൾ എന്ന് പറഞ്ഞ് നിർവചനങ്ങൾക്കുള്ളിൽ നമ്മുടെ പ്രാർത്ഥനയേയും പ്രവർത്തികളെയും നാം തരം തിരിച്ചിരിക്കുന്നു. എന്നാൽ ക്രിസ്തുവിൽ അവന്റെ വാക്കും, പ്രവൃത്തിയും തമ്മിൽ ഈ തരം തിരിവില്ല. അവന്റെ പഠനത്തിൽ നിന്നും പ്രവർത്തനത്തെയും പ്രവർത്തനത്തിൽ നിന്ന് പഠനത്തെയും വേർതിരിച്ചെടുക്കാൻ കഴിയുകയില്ല. കാരണം അവൻ എന്താണോ പറഞ്ഞത് അതവൻ ജീവിച്ചു.  അവൻ  എന്താണോ പഠിപ്പിച്ചത് അത് അവൻ ജീവിച്ചു.

ആധ്യാത്മികരെന്നും, ദൈവത്തെ സ്നേഹിക്കുന്നവരെന്നും, ദൈവത്തെ പ്രഘോഷിക്കുന്നവരെന്നും  പറഞ്ഞ് ജീവിക്കുന്നവരെ നാം കണ്ടുമുട്ടിട്ടുണ്ടാകാം. ഒരു പക്ഷേ  നമ്മിൽ തന്നെ ഇത്തരം അവസ്ഥകൾ കാണുന്നുണ്ടാകാം. ഈ ലോകത്ത് നിരവധി ശ്രേഷ്ഠരായ മനുഷ്യരുണ്ട്. എന്നാൽ അവരുടെയും നമ്മുടെയും വാക്കും പ്രവർത്തനങ്ങളും എവിടെ നിൽക്കുന്നു എന്ന് നാം പരിചിന്തനം ചെയ്യുമ്പോൾ രണ്ടും തമ്മിൽ ഒരന്തരം നമുക്ക് കാണാൻ കഴിഞ്ഞാൽ നാമും നമ്മുടെ ജീവിതത്തെ ചില മാറ്റങ്ങൾക്ക് വിധേയമാക്കേണ്ടതായിട്ടുണ്ട് എന്നറിയുക. പ്രവർത്തിക്കൂടാതെയുള്ള വിശ്വാസം വ്യർത്ഥമാണെന്ന് നാം വായിക്കുന്നു. പ്രവർത്തിയിലൂടെ വിശ്വാസത്തിന് സാക്ഷ്യം നൽകിയ മനുഷ്യരെ ചരിത്രം സാക്ഷ്യപ്പെടുത്തുന്നുണ്ട്. അതിന് ഏറ്റവും നല്ല ഉദാഹരണമായി നല്ല സമരിയാക്കാരനുണ്ട് എന്ന് ഈശോ തന്നെ നമ്മുടെ മുന്നിൽ എടുത്ത് കാണിക്കുന്നുണ്ട്.

വചനങ്ങളിലും, പുസ്തകങ്ങളിലും, നിയമങ്ങളിലും മാത്രം രേഖപ്പെടുത്തേണ്ടതല്ല ആദ്ധ്യാത്മിക ജീവിതം. ആദ്ധ്യാത്മിക ജീവിതം എന്ന് പറയുന്നത് ഒരു ജീവിതശൈലിയാണ്, മനോഭാവമാണ്, തിരഞ്ഞെടുപ്പാണ്. പ്രാർത്ഥിക്കുന്നവരും, പ്രാർത്ഥനയെക്കുറിച്ച് പ്രസംഗിക്കുന്നവരുമായ ഒരുപാട് മനുഷ്യരെ നാം ജീവിതത്തിൽ കണ്ടുമുട്ടുന്നു. പലരും ഇന്ന് പ്രാർത്ഥന ഒരു വഴിക്കും ജീവിതം മറ്റൊരു വഴിക്കുമാണ്  നയിക്കുന്നത്. നാം പ്രഘോഷിക്കുന്ന ദൈവം സ്നേഹമാണെങ്കിൽ സ്നേഹമായി തീരുന്ന ദൈവത്തിന്റെ സ്വഭാവവും ഗുണങ്ങളും നമ്മുടെ ജീവിതത്തിൽ പ്രാവർത്തികമാക്കേണ്ടതാണ്. ഇതില്ലാതെ വരുമ്പോഴാണ് പ്രാർത്ഥനയും പ്രവർത്തനവും തമ്മിൽ ഒരു പൊരുത്തക്കേട് നിലനിൽക്കുന്നത് കാണുവാൻ കഴിയുന്നത്.

ജീവിതത്തിൽ സഹോദര സ്നേഹം

സഹോദര സ്നേഹത്തെക്കുറിച്ച് നീണ്ടു നീണ്ട പ്രഘോഷണത്തിനു ശേഷവും കൂടെയുള്ള സഹോദരനുമായി രമ്യപ്പെടാൻ കഴിയാത്ത ഒരു ജീവിതശൈലിയാണ് നാം നയിക്കുന്നതെങ്കിൽ അതുകൊണ്ട് എന്ത് പ്രയോജനമാണുള്ളത്. ഇതൊക്കെകൊണ്ടാണ് ഈശോ തന്നെ പറയുന്നത്; നിങ്ങളുടെ വിശ്വാസം നിയമജ്ഞരുടെയും ഫരിസേയരുടെയും വിശ്വാസത്തെ അതിജീവിക്കണമെന്ന്. വാക്കുകളിലുള്ള പ്രഘോഷണത്തെക്കാൾ ആ വാക്കിനെ ജീവിതമാക്കാനുള്ള പല ബുദ്ധിമുട്ടുകൾ ഏറ്റെടുക്കുന്നതിലാണ് പുണ്യം. അതിന് സാഹസികമായ ഒരു ജീവിതശൈലി നമുക്ക് വേണ്ടി വരും. ത്യാഗം ചെയ്യേണ്ടിവരും. പരസ്പരം വിട്ടുകൊടുക്കേണ്ടി വരും ഏറ്റവും പ്രധാനപ്പെട്ടതെന്ന് നാം കരുതുന്ന പലതും ഉപേക്ഷിക്കേണ്ടി വരും. പലതിനോടും നിസ്സംഗത പുലർത്തേണ്ടിവരും.  ഇങ്ങനെയുള്ള ത്യാഗങ്ങൾ സ്വയം ഏറ്റെടുക്കാൻ സന്നദ്ധത ഉണ്ടെങ്കിൽ മാത്രമേ നമുക്ക്  ആത്മീയ ജീവിതത്തിൽ വളർച്ചയുണ്ട് എന്ന് മനസ്സിലാക്കുവാൻ കഴിയുകയുള്ളൂ. സാക്ഷ്യം നൽകാൻ കഴിയുകയുള്ളൂ.

ഏകവും, വിശുദ്ധവും, കാതോലികവും, അപ്പോസ്തോലികവുമായ സഭയിൽ  വിശ്വസിക്കുന്നു എന്ന വിശ്വാസ പ്രമാണം നാം ആവർത്തിക്കുന്നുണ്ട്. സഭ എന്ന് പറയുന്നത് ഒരു കൂട്ടായ്മയാണ്. സഭ ഒരു കുടുംബമാണ്. സഭയാകുന്ന കുടുംബത്തിൽ വിശുദ്ധ പൗലോസ് പറയുന്നത് പോലെ "യഹൂദനും ഗ്രീക്കുകാരനും തമ്മില്‍ വ്യത്യാസമില്ല. ഒരുവന്‍ തന്നെയാണ്‌ എല്ലാവരുടെയും കര്‍ത്താവ്‌. തന്നെ വിളിച്ചപേക്ഷിക്കുന്ന എല്ലാവരുടെയും മേല്‍ അവിടുന്നു തന്റെ സമ്പത്തു വര്‍ഷിക്കുന്നു." (റോമാ10: 12).

സഭയിൽ പരിഛേദൻ എന്നോ, അപരിഛേദനൻ എന്നോ വ്യത്യാസം ഉണ്ടായിരിക്കരുത് എന്ന് പറയുന്നു. വിജാതീയരുടെ അപ്പോസ്തലൻ എന്ന് അറിയപ്പെടുന്ന വിശുദ്ധ പൗലോസ് ശ്ലീഹാ സഭയിൽ നടന്ന അസമത്വത്തെക്കുറിച്ച് എന്നും സ്വരം ഉയർത്തിയിട്ടുണ്ട്.  ഇന്നും ഫ്രാൻസിസ് പാപ്പാ ലോകത്തിൽ പ്രത്യേകിച്ച് സഭയിൽ നടക്കുന്ന അസമത്വത്തെയും അടിച്ചമർത്തലുകളെയും ചൂണ്ടിക്കാണിക്കുന്നുണ്ട്. സ്ത്രീ -പുരുഷവിവേചനം, വൈദിക മേധാവിത്വം, ധനികനും പാവപ്പെട്ടവനും തമ്മിലുള്ള ഏറ്റക്കുറച്ചിൽ എന്നിങ്ങനെ നിരവധി അസമത്വങ്ങൾക്കെതിരായി പാപ്പാ ശബ്ദം ഉയർത്തുന്നു. സങ്കീർണ്ണമായ ചില സാഹചര്യങ്ങളിൽ ആധ്യാത്മികയുടെ പേരിൽ കണ്ണടച്ച് പോകുന്ന മനുഷ്യകുലത്തെ നോക്കി ഫ്രാൻസിസ് പാപ്പാ വിലിക്കുന്നുണ്ട്. "ആനന്ദിച്ചാഹ്ലാദിക്കുവിൻ " എന്ന തന്റെ അപ്പോസ്തലിക പ്രബോധനത്തിൽ വിവരിക്കുന്ന ആത്മീയ അഴിമതിയെക്കുറിച്ച് അതേ ധ്വനിയോടും മനോഭാവത്തോടെയുമാണ് പാപ്പാ ഇവിടെയും പറയുന്നത്. നമ്മുടെ ആധ്യാത്മിക വളർച്ച പ്രകടമാകേണ്ടത് സഹോദര സ്നേഹത്തിലൂടെയും കരുണാ പൂർണ്ണമായ സ്നേഹത്തിലുള്ള വളർച്ചയിലുമാണെന്ന്.

പ്രാർത്ഥനയും പ്രവർത്തനവും

പ്രാർത്ഥിക്കുന്നത് പോലെ പ്രവർത്തിക്കുവാൻ നമുക്ക് കഴിയണം. നിയമസംഹിതകളിൽ എഴുതിവെച്ചത് കൊണ്ട് മാത്രം നമുക്ക് ആധ്യാത്മിക വളർച്ചയുണ്ടാകുന്നില്ല. നമ്മുടെ പ്രവർത്തനങ്ങളിൽ അത് പ്രകടമാകുമ്പോഴാണ് ആധ്യാത്മികമായി നാം വളരുക.  കരുണയുടെ പേരിലൊക്കെ സ്ഥാപനങ്ങളും ആതുരാലയങ്ങങ്ങളും വിദ്യാലയങ്ങളും ഒക്കെ നാം നടത്തി കൊണ്ടിരിക്കുന്നു.  അവിടെ നാം എത്രമാത്രം ദൈവത്തിന്റെ കരുണയുടെ സാക്ഷ്യമാകുന്നു എന്നത് ഇന്ന് ഒരു ചോദ്യചിഹ്നമാണ്. പ്രേക്ഷിതത്വം വാണിജ്യമാകുമ്പോൾ ഈ അപചയങ്ങൾ സംഭവിക്കുന്നു എന്നത് ആർക്കും നിഷേധിക്കാനാവാത്ത സത്യമാണ്.

പ്രാർത്ഥനയും പ്രവർത്തിയും തമ്മിലുള്ള പൊരുത്തമില്ലായ്മ കാരണമാണ് ഫ്രാൻസിസ് പാപ്പാ മെത്രാന്മാരെ നോക്കി നിങ്ങൾ ബിസിനസുകാർ ആകരുത് എന്നും വൈദികരെ നോക്കി നിങ്ങളുടെ കരങ്ങൾ തെരുവീഥികളിൽ ചെന്ന് പാവങ്ങൾക്ക് വേണ്ടി പ്രവർത്തിച്ച് മലിനമാക്കാനും ആവശ്യപ്പെടുന്നത്. ഇടയൻ ആടുകളുടെ മണമുള്ളവനാകണമെന്ന് ആവർത്തിക്കുന്നത്. സമർപ്പിതരെ നോക്കി  മതിൽക്കെട്ടുകൾക്കുള്ളിൽ നിന്ന് മാത്രം ആധ്യാത്മിക ജീവിതത്തെ പരിപോഷിപ്പിക്കാൻ പരിശ്രമിക്കാതെ മതിലുകളും  വാതിലുകളും തുറന്ന് തെരുവിലും പ്രാന്തപ്രദേശങ്ങളിലും ചെന്ന് ആരും ഇല്ലാത്തവർക്ക് വേണ്ടി അധ്വാനിക്കാൻ, അവർക്ക് വേണ്ടി സ്വരമുയർത്താൻ പല അവസരങ്ങളിലും ഫ്രാൻസിസ് പാപ്പാ ആവർത്തിച്ച് ആഹ്വാനം ചെയ്യുന്നത്. അവിടെയാണ് നാം നമ്മുടെ ആധ്യാത്മിക വളർച്ചയെക്കുറിച്ച് ചിന്തിക്കേണ്ടതും പ്രതിഫലിപ്പിക്കേണ്ടതും. ഇന്ന് ക്രൈസ്തവർക്കെതിരെ പല ആരോപണങ്ങളും വരുന്നുണ്ട്. നാം ചോദ്യം ചെയ്യപ്പെടുന്നുണ്ട്. എന്തുകൊണ്ട് എന്നതിന്റെ ഉത്തരവും ഇതുതന്നെയാണ്. ആധ്യാത്മിക ജീവിതത്തെ കുറിച്ചുള്ള നമ്മുടെ പ്രഘോഷണവും, പ്രവർത്തിയും തമ്മിൽ ഒരുപാട് അന്തരമുണ്ട് എന്നത് സമൂഹം തിരിച്ചറിയുന്നു. അതിന് ഉത്തരം നൽകേണ്ടത് നമ്മുടെ വാക്കുകൾ കൊണ്ടോ ഫേസ് ബുക്ക് പോസ്റ്റ് കൊണ്ടോ അല്ല. മറിച്ച് ഈ ചോദ്യം ചെയ്യലുകൾ കാണിച്ചുതരുന്ന സത്യത്തെ  യാഥാർത്ഥ്യമാക്കേണ്ട നമ്മുടെ ഉത്തമമായ ആധ്യാത്മിക ജീവിതത്തിലൂടെയാണ്.

അഗതികളിൽ തെളിയുന്ന ദൈവമുഖം

ഇന്ന് നാം പരിചിന്തനം ചെയ്യുന്ന ഖണ്ഡികയിൽ ദൈവത്തിന്റെ പ്രതിച്ഛായയും, പിതാവിന്റെ മക്കൾ എന്ന നിലയിൽ അവർക്കുള്ള മൂല്യവും മഹത്വവും നിഗൂഢമായ സൗന്ദര്യവും മറ്റുള്ളവരിൽ തിരിച്ചറിയുമ്പോൾ നമുക്ക് നിർവൃതി അനുഭവിക്കാൻ സാധിക്കുമെന്ന് ഫ്രാൻസിസ് പാപ്പാ പറയുന്നു.

മറ്റുള്ളവരിൽ നമുക്ക് എങ്ങനെയാണ് ദൈവത്തിന്റെ തിരുമുഖം കാണാൻ കഴിയുക. അതിന്  വിശക്കുന്നവനിലും, വിവേചനമനുഭവിക്കുന്നവനിലും,  ദരിദ്രനിലും, കുഷ്ഠരോഗിയിലും, രോഗിയിലും  വൃദ്ധനിലും, വിധവയിലും വേദനിക്കുന്ന മുഖത്തെ കണ്ട മദർ തെരേസ നമുക്ക് മാതൃകയാണ്. അവരിൽ ക്രിസ്തു വേദനിക്കുന്നു, ക്രിസ്തു തടവിലാക്കപ്പെടുന്നു, ക്രിസ്തു വിശപ്പനുഭവിക്കുന്നു,  ക്രിസ്തു ദാഹിക്കുന്നു, ക്രിസ്തു മുറിവേൽക്കുന്നു എന്ന് തിരിച്ചറിഞ്ഞവളാണ് അവൾ.  ഈ തിരിച്ചറിവ് നമുക്കുണ്ടോ എന്ന് ക്രിസ്തു നമ്മോടു ചോദിക്കുന്ന ഒരു ദിവസമാണ് അന്ത്യവിധിയുടെ ദിനം എന്ന് വിശുദ്ധ മത്തായിയുടെ സുവിശേഷത്തിൽ നാം കൃത്യമായി  വായിക്കുന്നു. അവിടെ ക്രിസ്തു മുന്നോട്ടുവയ്ക്കുന്ന കുറെ കാര്യങ്ങളുണ്ട്.

“അനന്തരം അവന്‍ തന്റെ ഇടത്തു ഭാഗത്തുള്ളവരോടു പറയും: എനിക്കു വിശന്നു; നിങ്ങള്‍ ആഹാരം തന്നില്ല. എനിക്കു ദാഹിച്ചു; നിങ്ങള്‍ കുടിക്കാന്‍ തന്നില്ല. ഞാന്‍ പരദേശിയായിരുന്നു; നിങ്ങള്‍ എന്നെ സ്വീകരിച്ചില്ല. ഞാന്‍ നഗ്നനായിരുന്നു; നിങ്ങള്‍ എന്നെ ഉടുപ്പിച്ചില്ല. രോഗാവസ്ഥയിലും കാരാഗൃഹത്തിലും ആയിരുന്നു; നിങ്ങള്‍ എന്നെ സന്‌ദര്‍ശിച്ചില്ല. അപ്പോള്‍ അവര്‍ ചോദിക്കും: കര്‍ത്താവേ, ഞങ്ങള്‍ നിന്നെ വിശക്കുന്നവനോ, ദാഹിക്കുന്നവനോ, പരദേശിയോ, നഗ്നനനോരോഗിയോ, കാരാഗൃഹത്തില്‍ കഴിയുന്നവനോ ആയി കണ്ടതും നിനക്കു ശുശ്രൂഷ ചെയ്യാതിരുന്നതും എപ്പോള്‍? അവന്‍ മറുപടി പറയും: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഈ ഏറ്റവും എളിയവരില്‍ ഒരുവന്‌ നിങ്ങള്‍ ഇതു ചെയ്യാതിരുന്നപ്പോള്‍ എനിക്കു തന്നെയാണു ചെയ്യാതിരുന്നത്‌.” (മത്തായി 25 : 41-46).

ഈ കാര്യങ്ങൾക്ക് കൃത്യമായി ഉത്തരം നൽകാൻ ഇപ്പോൾ മുതൽ  നാം തയ്യാറാകണം. പ്രത്യേകിച്ച് മറ്റുള്ളവരിൽ ദൈവത്തിന്റെ മുഖം കാണാൻ, അവന്റെ ഹൃദയം കാണാൻ നമുക്ക് സാധിക്കണം. നാം ഒരു സ്ഥാപനത്തിലോ,  ഒരു ഇടവകയിലോ ദൈവത്തിന്റെ പ്രതിപുരുഷൻ അല്ലെങ്കിൽ പ്രതിനിധി എന്ന നിലയിൽ പ്രവർത്തിക്കുമ്പോൾ മറ്റുള്ളവരോടു നാം എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്ന് ആത്മശോധന ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നമുക്ക് ദാനമായി ലഭിച്ചിരിക്കുന്ന ദൈവവിളിപോലും അധികാരത്തിനുള്ള അവകാശമായി കരുതിയാണോ നാം ജീവിക്കുന്നത്? നമ്മുടെ മുന്നിൽ വരുന്ന മനുഷ്യനെ ദൈവത്തിന്റെ കണ്ണുകളോടെ കാണാൻ നമുക്ക് സാധിക്കുന്നുണ്ടോ. പദവിയുടെയും പണത്തിന്റെയും പേരിൽ എത്രയെത്ര മനുഷ്യരെ നാം ദു:ഖിപ്പിച്ചു വിട്ടിട്ടുണ്ട്, അനീതിയും അസമത്വവും ആ മനുഷ്യന്റെ ചുമലിൽ വെച്ചുകൊടുത്തിട്ടുണ്ട്. ഇവിടെയൊക്കെ നഷ്ടപ്പെടുത്തുന്നത് വേദനിക്കുന്നവനിൽ തെളിയുന്ന ദൈവത്തിന്റെ പ്രതിരൂപമാണ്. യഥാർത്ഥത്തിൽ ദൈവത്തെയാണ് നാം നിഷേധിക്കുന്നത്. തന്റെ മുന്നിൽ കൈ നീട്ടി നിൽക്കുന്ന കരഞ്ഞുകൊണ്ടിരിക്കുന്ന മനുഷ്യന്റെ കണ്ണുനീർ കാണാതെ പോകുന്നത് ദൈവത്തിന്റെ സാദൃശ്യവും ഛായയും പതിഞ്ഞ മനുഷ്യനിലെ ദൈവത്തിനുനേരെയുള്ള തിരസ്കരണമാണ്.  ഇവിടെ പിതാവിന്റെ മക്കൾ എന്ന നിലയിൽ അവർക്ക് മൂല്യവും മഹത്വവും നിഗൂഢമായ സൗന്ദര്യവും ഉണ്ട് എന്ന് തിരിച്ചറിയുമ്പോൾ നമുക്ക് നിർവൃതി ലഭിക്കുന്നു എന്ന് പാപ്പാ പറയുന്നതിനെ മറക്കാതിരിക്കാം.

ക്രിസ്തുവിന്റെ ജീവിതത്തെ തന്നെ നമുക്ക് ഇതിന് ഉദാഹരണമാക്കാം. "കുറുനരികള്‍ക്കു മാളങ്ങളും ആകാശത്തിലെ പക്ഷികള്‍ക്കു കൂടുകളും ഉണ്ട്‌; മനുഷ്യപുത്രനു തലചായ്‌ക്കാന്‍ ഇടമില്ല."(ലൂക്കാ 9 : 58)  തോണിയുടെ അമരത്തും,  മരുഭൂമിയിലും, മലയിലും ഒക്കെയാണ് അവൻ തന്റെ ജീവിതത്തെ കഴിച്ചുകൂട്ടിയത്. ക്രിസ്തുവിനെ അനുഗമിക്കുന്ന നമുക്ക് ക്രിസ്തുവിന്റെ സംസ്കാരം അല്ലേ വേണ്ടത്. ക്രിസ്തുവിന്റെ പാരമ്പര്യമല്ലേ നാം അനുഷ്ഠിക്കേണ്ടത്. മറിച്ച്  സാഹചര്യങ്ങൾക്കനുസരിച്ച് ക്രിസ്തുവിന്റെ സംസ്കാരത്തെയും അവന്റെ പഠനത്തെയും ജീവിതശൈലിയെ തന്നെയും വളച്ചൊടിച്ച്  പ്രസംഗിക്കുന്ന, പ്രവർത്തിക്കുന്ന, ജീവിക്കുന്ന ഒരു ജീവിതശൈലി ആണോ നാം തിരഞ്ഞെടുത്തിരിക്കുന്നത്?

ജീവ൯ മറ്റുള്ളവരിലേക്ക്

മറ്റുള്ളവരിൽ ദൈവത്തിന്റെ മുഖം കണ്ടവരെല്ലാം  സന്തോഷത്തോടെ ജീവിച്ചു മരിച്ചതിന് സഭയിലും, സമൂഹത്തിലും നിരവധി  ഉദാഹരണങ്ങളുണ്ട്. എത്രയെത്ര മനുഷ്യരാണ് മറ്റുള്ളവരുടെ ജീവിതത്തെ പ്രതി സ്വന്തം സന്തോഷങ്ങളെ വേണ്ടെന്നു വയ്ക്കുന്നത്. നമ്മുടെ അയൽവക്കങ്ങളിൽ ഒക്കെ ജീവിക്കുന്ന ഇത്തരം മുത്തശ്ശീ - മുത്തച്ഛന്മാരെ നോക്കിയാണ് പാപ്പാ പറയുന്നത് അവരൊക്കെ വിശുദ്ധരാണെന്ന്. എന്തിന് നമ്മുടെ കുടുംബത്തിൽ നമ്മുടെ മാതാപിതാക്കളുടെ ജീവിതത്തെ നമുക്ക് എടുക്കാം. അവർ നമുക്ക് വേണ്ടി എത്രയെത്ര ത്യാഗങ്ങളാണ് ചെയ്യുന്നത്. അവരുടെ സ്വപ്നങ്ങൾ പണയം വച്ച് നമ്മുടെ സ്വപ്നങ്ങൾക്ക് കാവൽ ഇരിക്കുന്നതുകൊണ്ടാണ്. എത്രയെത്ര അമ്മമാരാണ് തങ്ങളുടെ വേദനയെ മറച്ചുപിടിച്ച്  മക്കളുടെ ജീവിതത്തിലെ  ചിരി കാണാൻ വേണ്ടി സ്വന്തം കണ്ണുനീരിനെ  ഹോമബലിയായി, നൈവേദ്യമായി അർപ്പിക്കുന്നത്. വിദ്യാലയങ്ങളിൽ എത്രയെത്ര അധ്യാപകരാണ് വിദ്യാർത്ഥികൾക്ക് വേണ്ടി തങ്ങളുടെ ജീവിതം ഉഴിഞ്ഞു വയ്ക്കുന്നത്.

ഇന്ന് പ്രകൃതിദുരന്തം, യുദ്ധം, സാമ്പത്തിക പ്രതിസന്ധി, രാഷ്ട്രീയ കലഹങ്ങൾ എന്നുവേണ്ട ജീവിതത്തിന്റെ നിലനില്പിന് വരെ അപകടം സംഭവിക്കുന്ന ഒരു ലോകത്തിൽ ജീവിക്കുന്ന മനുഷ്യർക്ക് വേണ്ടി തന്റെ രക്തത്തിന്റെയും ശരീരത്തിന്റെയും ഭാഗമല്ലാത്തവർക്ക് വേണ്ടി  എത്രയോ യുവജനങ്ങളാണ് ജീവിതത്തെ ബലിയായി നൽകി സമൂഹത്തിന്റെ നന്മയ്ക്ക് വേണ്ടി സ്വയം വിത്തായി വിതച്ചു കൊണ്ടിരിക്കുന്നത്. അവരോടു നാം സംസാരിച്ചാൽ അവർ വ്യക്തമായി പറയും അവരുടെ ജീവിതത്തിന്റെ ലക്ഷ്യം പൂർത്തീകരിക്കപ്പെടുന്നുവെന്നും അവരുടെ ജീവിതത്തിൽ ആർക്കും തകർക്കാനാവാത്ത ആനന്ദം ഉള്ളിൽ ഉണ്ടെന്നും. ഇതാണ് നമുക്ക് വേണ്ടത്. നമ്മുടെ ജീവിതം വെറുതെ ജീവിച്ച് നമുക്ക് വേണ്ടി മാത്രം ജീവിച്ച് കടന്നുപോയാൽ അതിന് യാതൊരു അർത്ഥവും സന്തോഷവും സംതൃപ്തിയും കണ്ടെത്തുവാൻ കഴിയുകയില്ല. സ്വർഗ്ഗത്തിലെ കണക്കുപുസ്തകം തുറക്കപ്പെടുമ്പോൾ സ്നേഹത്തിനും ത്യാഗത്തിനും നാം നൽകിയ, മറ്റുള്ളവരുടെ സന്തോഷത്തിനു വേണ്ടി നാം നൽകിയ നമ്മുടെ ത്യാഗത്തിന്റെ കണക്കുകളും ദൈവം ഒപ്പിട്ടെടുക്കും. പിതാവായ ദൈവം തന്റെ പുത്രനെ അയച്ചത് തന്നിലേക്ക് എല്ലാവരെയും ആകർഷിക്കാനും  ഒരേ കുടുംബം എന്നപോലെ ഒരുമിച്ച് ജീവിക്കാനും വേണ്ടിയുള്ള സാഹോദര്യ സ്നേഹത്തിന്റെയും ദൈവസ്നേഹത്തിന്റെയും സുഗന്ധം പരത്താനുമാണ്. തന്റെ ജീവൻ നൽകി സ്നേഹത്തെ വിശുദ്ധീകരിച്ച് ക്രിസ്തു അത് പൂർത്തിയാക്കി കൊണ്ടാണ് കടന്നുപോയത്. എന്നാൽ ഇന്ന് അവന്റെ പാതകൾ പിന്തുടരുന്ന നാം ക്രിസ്തുവിന്റെ യഥാർത്ഥ പാതകളാണോ പിന്തുടരുന്നത് എന്ന് വിചിന്തനം ചെയ്യാം. അങ്ങനെ അല്ലെങ്കിൽ നമ്മുടെ പാതകളെ ക്രമീകരിക്കാൻ സ്വർഗ്ഗത്തിൽ നിന്ന് ആത്മാവിനെ അയക്കണമേ എന്ന് നമുക്ക് പ്രാർത്ഥിക്കാം. അതിനായി പരിശ്രമിക്കാം.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 September 2022, 12:18