“ക്രിസ്തു ജീവിക്കുന്നു”: നമ്മുടെ സങ്കടങ്ങളിൽ കുടുങ്ങിക്കിടക്കരുത്
സി. റൂബിനി സി.റ്റി.സി, വത്തിക്കാൻ ന്യൂസ്
അപ്പോസ്തോലിക പ്രബോധനം
അപ്പോസ്തോലിക പ്രബോധനമെന്നത് കത്തോലിക്കാ സഭയില്‍ പാപ്പാ പ്രസിദ്ധീകരിക്കുന്ന ഔദ്യോഗിക ലേഖനങ്ങളുടെ വിവിധതരത്തിലുളള പരമ്പരകളിൽപ്പെടുന്ന ഒരു ലേഖനമാണ്. ഇവയുടെ പ്രാധാന്യ ശൃംഖലയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ചാക്രീക ലേഖനങ്ങള്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനമാണ് അപ്പോസ്തോലിക പ്രബോധനങ്ങള്‍ക്കുള്ളത്.
അഞ്ചാം അദ്ധ്യായം
അഞ്ചാം അദ്ധ്യായത്തിന്റെ ശീർഷകം തന്നെ "യുവജനങ്ങളുടെ വഴികൾ'' എന്നാണ്. യുവത്വത്തിന്റെ ആകുലതയെയും ആകാംക്ഷയെയും ഉത്ക്കണ്ഠയെയും വിവരിക്കുമ്പോഴും ഫ്രാൻസിസ് പാപ്പാ യുവതയോടു നിർദ്ദേശിക്കുന്നത് അവരുടെ പ്രത്യാശകളേയും സ്വപ്നങ്ങളേയും പിന്തുടരാനാണ്.
166. നമ്മൾ തമ്മിൽ തന്നെ നമ്മുടെ പ്രശ്നങ്ങളിലും ദ്രോഹങ്ങളിലും സങ്കടങ്ങളിലും നിലകൊള്ളാൻ പ്രലോഭിപ്പിക്കപ്പെടുന്നതിനാൽ നമ്മുടെ യൗവന പൂർണ്ണമായ ഊർജ്ജം, സ്വപ്നങ്ങൾ, ആവേശം എന്നിവ തളർന്നു വീഴുന്ന സന്ദർഭങ്ങൾ ഉണ്ടാകും. ഇത് നിങ്ങൾക്ക് സംഭവിക്കാതിരിക്കട്ടെ. നിങ്ങൾക്ക് അകാല വാർധക്യം ബാധിക്കരുത്. ഓരോ പ്രായത്തിനും അതിന്റെ സൗന്ദര്യമുണ്ട്. നമ്മുടെ യൗവനത്തിന്റെ നാളുകൾ പങ്കുവയ്ക്കപ്പെട്ട ആശയങ്ങളാലും പ്രത്യാശകളാലും സ്വപ്നങ്ങളാലും ഒന്നിച്ച് ധ്യാനിക്കാനാവുന്ന വലിയ ചക്രവാളങ്ങളാലും മുദ്രിരതമായിരിക്കണം. (കടപ്പാട്. പി.ഒ. സി പ്രസീദ്ധീകരണം).
ഈ ഖണ്ഡികയിൽ പാപ്പാ രണ്ടു പ്രധാനപ്പെട്ട കാര്യങ്ങളെ കുറിച്ച് യുവജനങ്ങളോടു പങ്കുവെക്കുന്നു. ഒന്നാമതായി നമ്മുടെ സങ്കടങ്ങളിൽ തന്നെ കുടുങ്ങിക്കിടക്കാനുള്ള പ്രലോഭനം ഉണ്ടാകും. അത് നമ്മുടെ ഊർജ്ജത്തെയും സ്വപ്നങ്ങളെയും ആവേശത്തെയും തകർത്തുകളയും എന്ന് ഓർമ്മിപ്പിക്കുന്നു. രണ്ടാമതായി പാപ്പാ പറയുന്നത് അകാല വാർദ്ധക്യം ബാധിക്കരുത് എന്നാണ്. ഓരോ പ്രായത്തിനും അതിന്റെ സൗന്ദര്യമുണ്ട് എന്നും ഓർമിപ്പിക്കുന്നു.
നമ്മുടെ സങ്കടങ്ങളിൽ കുടുങ്ങിക്കിടക്കരുത്
നാം വിചിന്തനം ചെയ്തുകൊണ്ടിരിക്കുന്ന ഈ അപ്പോസ്തോലിക പ്രബോധനത്തിന്റെ അഞ്ചാം അദ്ധ്യായത്തിന്റെ ആദ്യഭാഗത്ത് ഫ്രാൻസിസ് പാപ്പാ യുവജനങ്ങൾക്ക് വളരെയേറെ ശക്തിയുണ്ടെന്ന് പറഞ്ഞിട്ടുണ്ട്. യൗവനമെന്ന കൃപയുടെ ജീവിത ഘട്ടത്തിൽ ചെറിയ ചെറിയ കൈപ്പിന്റെപാനപാത്രങ്ങൾ കണ്ട് ഭയന്നും, വിറച്ചും, ജീവിതം അവസാനിപ്പിക്കാൻ സ്വയം തീരുമാനിക്കുന്ന അപകടങ്ങളിൽ പെടാവുന്ന യുവജനങ്ങൾക്ക് പോരാടി വിജയിച്ച അനേകം യുവവിശുദ്ധരുടെ ജീവിതങ്ങളെ മാതൃകയായി ഈ അപ്പോസ്തോലിക പ്രബോധനത്തിന്റെ രണ്ടാം അദ്ധ്യായത്തിൽ ചൂണ്ടികാണിച്ചു കൊണ്ട് ഒരിക്കൽകൂടി യുവജനങ്ങളെ ഉണർവ്വോടെ ജീവിക്കാനും സഞ്ചരിക്കാനും പാപ്പാ പ്രേരിപ്പിക്കുന്നു.
സ്വന്തം ജീവിതത്തിന് വേണ്ടി, സമൂഹത്തിന് വേണ്ടി, സഭയ്ക്ക് വേണ്ടി ഈ ലോകത്തിനു വേണ്ടി സ്വപ്നം കാണാൻ, ജീവിക്കാൻ പാപ്പാ യുവജനങ്ങളെ ക്ഷണിക്കുന്നു. അത് കൊണ്ടാണ് യൗവനത്തെ വിലമതിക്കാനും യൗവനകാലഘട്ടത്തെ മൂല്യമേറിയ നിമിഷമായി കാണാനും പാപ്പാ ആവശ്യപ്പെടുന്നത്.
ഈ ലോകത്തിൽ സങ്കടങ്ങൾ ഇല്ലാത്തവരായി ആരുമില്ല. എല്ലാ സങ്കടങ്ങളെയും ഓരോ നിമിഷവും അതിജീവിച്ചു കൊണ്ടാണ് അടുത്ത നിമിഷത്തിലേക്ക് കടന്നു പോയികൊണ്ടിരിക്കുന്നത്. നമ്മുടെ ജീവിതത്തിൽ മാറിമാറി വരുന്ന സങ്കടങ്ങളും സന്തോഷവും ഒക്കെ ഒരിക്കലും നിത്യമായി നിലനിൽക്കുന്നതല്ല. രാവും പകലും പോലെ അവ മാറിക്കൊണ്ടാണിരിക്കുന്നത്. ജീവിതത്തിൽ രാവുമാത്രമെന്ന് ചിന്തിക്കുന്നത് വലിയ ഭോഷത്വം തന്നെയാണ്. എല്ലാറ്റിനും ഒരു കാലം എന്ന് ബൈബിൾ തന്നെ നമ്മെ ഓർമ്മിപ്പിക്കുന്നുണ്ടല്ലോ. വിരിഞ്ഞ് മറ്റുള്ളവർക്ക് സുഗന്ധം പരത്തി, മറ്റുള്ളവരുടെ നയനങ്ങളെ പ്രകാശിപ്പിച്ച്, കൗതുകം ഉണർത്തി, നിൽക്കുന്ന പൂവിന് നിത്യവസന്തം ആഗ്രഹിക്കാം. എന്നാൽ അതിനും ഒരു കാലദൈർഘ്യം ഉണ്ടല്ലോ. നമ്മുടെ ജീവിതത്തിൽ നമ്മെ ഒരുപാട് സന്തോഷിപ്പിക്കുന്ന ചിത്രശലഭത്തിന്റെ ആയുസ്സും എത്ര ക്ഷണികമാണ്. എങ്കിലും ജീവിച്ചിരിക്കുന്നിടത്തോളം കാലം മറ്റുള്ളവർക്ക് സന്തോഷം നൽകി അത് കടന്നു പോകുന്നു. ഇതുപോലെ തന്നെയാണ് നമ്മുടെ ജീവിതവും. പ്രശ്നങ്ങളും, ദുരിതങ്ങളും, സങ്കടങ്ങളും നമ്മുടെ ജീവിതത്തിൽ മാറിമാറി വരുമ്പോഴും നാം അതിൽ മാത്രം കേന്ദ്രീകരിച്ചിരിക്കുകയാണെങ്കിൽ നമുക്ക് ഒരു ചുവടു പോലും മുന്നോട്ടുവയ്ക്കാൻ കഴിയുകയില്ല. ഓരോ ജീവിതത്തിന്റെയും നിയോഗം എന്താണെന്ന് മനസ്സിലാക്കി അതിന്റെ ലക്ഷ്യത്തെ മുന്നിൽ കണ്ട് നീങ്ങുമ്പോഴാണ് ജീവിക്കാൻ നമുക്ക് പ്രേരണ ലഭിക്കുന്നത്. മറ്റുള്ളവരെയും ജീവിതം കൊണ്ട് നമുക്ക് പ്രചോദിപ്പിക്കാൻ കഴിയുന്നത്.
ഇന്ന് ഒരുപാട് യുവജനങ്ങൾ തങ്ങൾ കടന്നുവന്ന പാതകളിലെ ദുഃഖങ്ങളെയും സങ്കടങ്ങളെയും സാഹസികതകളാക്കി മാറ്റി ജീവിതത്തിൽ വിജയം നേടിയിട്ടുണ്ട്. യുവത്വത്തിൽ നാം കാണുന്ന സ്വപ്നങ്ങളാണ് നമ്മെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത്. ഒരേ വാതിലിലൂടെ കയറുന്ന ആരും അതുപോലെ തന്നെ പുറത്തിറങ്ങുന്നില്ല. വാതിൽ ഒന്നാണെങ്കിലും വഴി ഒന്നാണെങ്കിലും നമ്മുടെ ചലനങ്ങളും, വരവും പോക്കും, സഞ്ചാരവും എല്ലാം വ്യത്യസ്തമായി മാറുന്നു. അതുകൊണ്ടുതന്നെയാണ് ജീവിതത്തിന്റെ സ്ഥായിയായ ഭാവമായി നമ്മുടെ ദുഃഖങ്ങളെയും സങ്കടങ്ങളെയും നാം മാറ്റരുതെന്ന് പാപ്പാ പറയുന്നത്.
ഈ ലോകത്തിൽ ജീവിക്കാൻ അനേകം മാർഗ്ഗങ്ങളുണ്ട്. ഒരു പക്ഷേ സന്ദർഭങ്ങൾ നമ്മെ തേടി വരുമ്പോൾ അവയെ യഥാവിധി ഉപയോഗിക്കുവാൻ നമുക്ക് കഴിയുന്നില്ലെങ്കിൽ നമുക്ക് എത്ര സാഹചര്യങ്ങൾ ലഭിച്ചാലും, സന്ദർഭങ്ങൾ ലഭിച്ചാലും ഒരു നന്മയുമുണ്ടാകുകയില്ല. മറിച്ച് സന്ദർഭങ്ങൾ ഉണ്ടായി കൊണ്ടേയിരിക്കും. അവയിൽ പരാജയം സംഭവിക്കുമ്പോൾ നാം നിരാശയിലേക്ക് വീണു പോയേക്കാം. നമ്മെ തളർത്താനും തകർക്കാനും അനേകം സാഹചര്യങ്ങൾ നമ്മുടെ ചുറ്റിലും ഉണ്ടാകുമ്പോഴും നമ്മുടെ ഉള്ളിലുള്ള ഇച്ഛാശക്തിയും, ആത്മവിശ്വാസവും നമ്മെ മുന്നോട്ടുപോകാൻ പ്രേരിപ്പിക്കണം. അങ്ങനെ നമ്മുടെ മനസ്സിനെ നാം പരിശീലിപ്പിക്കണം. നമ്മുടെ ജീവിതത്തിന്റെ ഗ്രാഫും, ചിത്രവും വർണ്ണവും തീർക്കാ൯ എല്ലാം നമ്മുടെ കൈകളിൽ ദൈവം തന്നിട്ടുണ്ട്. അതിനുള്ള സംപൂർണ്ണ സ്വാതന്ത്ര്യവും. എന്നാൽ ജീവിതത്തിൽ സങ്കടങ്ങൾ പല വഴിക്കു വരാം. ചിലവ നാം സ്വയം വരുത്തിവയ്ക്കുന്നതും മറ്റു ചിലവ മറ്റുള്ളവരാൽ നമ്മുടെ മേൽ വന്നു ചേരുന്നവയുമാകാം. എന്തുതന്നെയായാലും ജീവിതത്തിന്റെ ഈ നിമിഷങ്ങളെ വെല്ലുവിളികളായി കാണാൻ നാം പരിശ്രമിക്കണം. അങ്ങനെ കണ്ടവരൊക്കെ ഇന്ന് ലോകത്തൊ അത്ഭുതപ്പെടുത്തികൊണ്ടേയിരിക്കുന്നു. അവരെ അങ്ങനെയാക്കിത്തീർത്തത് അവരുടെ സ്വപ്നങ്ങൾ തന്നെയാണ്.
നമുക്ക് സ്വപ്നങ്ങൾ കാണാൻ കഴിയണം. സ്വപ്നങ്ങൾ കണ്ടാൽ മാത്രമേ നമുക്ക് ഈ ലോകത്തിന് എന്തെങ്കിലും സമ്മാനിക്കുവാനും, ജീവിതത്തെ അർത്ഥപൂർണ്ണമാക്കാനും കഴിയുകയുള്ളൂ. സ്വപ്നങ്ങൾ ഇല്ലാത്ത ജീവിതം ഒരു തടവറ തന്നെയാണ്. അവിടെ നമുക്ക് സ്വാതന്ത്ര്യമില്ല. പറക്കാ൯ ചിറകുകളില്ല. മുന്നോട്ടുള്ള വഴികളുമില്ല. എന്നാൽ സ്വപ്നങ്ങളെ പിടിച്ചുയരുന്ന മനസ്സുണ്ടെങ്കിൽ നമ്മുടെ ഉള്ളിലെ ചിന്തകൾക്ക് വെളിച്ചമുണ്ടാകും. തീരുമാനങ്ങൾ ഉണ്ടാകും. അധ്വാനിക്കാൻ ഉണർവ്വുണ്ടാകും. ഫലവും. ആ ഫലം ഒരുപക്ഷേ നമുക്ക് വേണ്ടി മാത്രമായിരിക്കുകയില്ല, നമ്മെ ചുറ്റിയിരിക്കുന്ന, നാം ആയിരിക്കുന്ന ഈ ലോകത്തെക്കൂടി ദീപ്തമാക്കുന്നതാവും. അങ്ങനെ തങ്ങളുടെ ജീവിതം ദീപ്തമാക്കിയ ഒരുപാട് പേരാണ് ഇന്ന് നാം അനുഭവിക്കുന്ന പല സൗഭാഗ്യങ്ങൾക്കും കാരണമായത്. പരാജയത്തെ അതിജീവിച്ചവരുടെ ജീവിതം ജീവിതവിജയത്തെക്കുറിച്ച് നമുക്ക് പറഞ്ഞു തരുന്നു. ഓരോ പരാജയത്തിലും കുടുങ്ങിപ്പോയിരുന്നെങ്കിൽ ഒരുപക്ഷേ അവർക്ക് വിജയത്തിന്റെ രുചി ആസ്വദിക്കാൻ കഴിമായിരുന്നില്ല. ഇന്നീ ലോകം ഇതുപോലെയാകുമായിരുന്നില്ല.
നമ്മുടെ ജീവിതവും ഇരുളിലൂടെ കടന്നു പോകുമ്പോൾ നമുക്ക് ഒരു പ്രത്യാശ വേണം, സ്വപ്നങ്ങൾ വേണം, എല്ലാറ്റിനെയും അതിജീവിക്കുവാനും, എല്ലാം കടന്നുപോകും എന്ന് ചിന്തിക്കുവാനുമുള്ള ഒരു കരുത്ത് നമ്മുടെ ഉള്ളിൽ തന്നെ നാം രൂപപ്പെടുത്തണം. മറ്റുള്ളവർ നമ്മെ ഉപദേശിക്കാം, സന്ദർഭങ്ങൾ നീട്ടിത്തരാം. സാഹചര്യങ്ങൾ ഉണ്ടാക്കിതരാം. പക്ഷേ നാം അതിനെ യഥാവിധി ഉപയോഗിക്കാൻ മനസ്സാകുന്നില്ലെങ്കിൽ നമ്മുടെ പരാജയത്തിന്റെ സൃഷ്ടാവ് നാം തന്നെയായിരിക്കും.
എവിടെയാണ് നാം തകർക്കപ്പെടുന്നത്, തോറ്റു കൊടുക്കുന്നത്, നമ്മുടെ ഇല്ലായ്മയെ കുറിച്ച് ആവശ്യത്തിൽ കൂടുതൽ നാം അവബോധമുള്ളവരാകുമ്പോഴാണ്. ദൈവം നമുക്ക് മുന്നിൽ വയ്ക്കുന്ന അനന്ത സാധ്യതകളെ കണ്ടെത്താൻ കഴിഞ്ഞാൽ അവിടെനിന്ന് നമ്മുടെ വിജയത്തിന്റെ മാർഗ്ഗം കണ്ടെത്താനും അത് പ്രാവർത്തികമാക്കാനും പരിശ്രമിക്കുമ്പോൾ നമുക്ക് വിജയം അന്യമാവുകയില്ല.
നമ്മെ നിരുത്സാഹപ്പെടുത്തുവാനും നമ്മെ തകർക്കുവാനും ഒരുപാട് സാഹചര്യങ്ങൾ നമുക്കു ചുറ്റുമുണ്ട്. ഒരുപക്ഷേ പ്രിയപ്പെട്ടവരെന്ന് നമ്മുടെ മുന്നിൽ നന്മ ചമയുന്ന പലരും നമ്മുടെ നന്മയെയോ, വളർച്ചയെയോ ആഗ്രഹിക്കാത്തവരായിരിക്കാം. ഈ തിരിച്ചറിവുകൾ നമ്മെ കൂടുതൽ ശക്തിയോടെ ദൈവത്തിലേക്കാണ് അടുപ്പിക്കേണ്ടത്. നിരാശയിലേക്കല്ല. അതുകൊണ്ടാണ് പാപ്പാ പറയുന്നത് ഇങ്ങനെയുള്ള സാഹചര്യങ്ങൾ മനുഷ്യജീവിതത്തിൽ പ്രത്യേകിച്ച് യുവജനങ്ങളുടെ ജീവിതത്തിൽ ഉണ്ടാകാതിരിക്കുകയില്ല. അവ ഉണ്ടെങ്കിലും നമ്മുടെ ആത്മവിശ്വാസം കൊണ്ടും, ഊർജ്ജം കൊണ്ടും, സ്വപ്നങ്ങളും ആവേശവും തളർന്നു പോകാതെ കൂടുതൽ ഊർജ്ജസ്വലരായി മുന്നേറാൻ ആവശ്യപ്പെടുന്നത്.
രണ്ടാമതായി പാപ്പാ പറയുന്നത് അകാല വാർദ്ധക്യം ബാധിക്കരുതെന്നും ഓരോ പ്രായത്തിനും അതിന്റെ സൗന്ദര്യം ഉണ്ട് എന്നുമാണ്. ജീവിതത്തിന്റെ ഏറ്റവും സുന്ദരമായ ഒരു കാലഘട്ടമാണ് യൗവനക്കാലം. അവിടെ ഒരു വ്യക്തി തന്റെ ഭാവിജീവിതത്തിന് വേണ്ട എല്ലാ നന്മകളും സുകൃതങ്ങളും നേട്ടങ്ങളും നേടിയെടുക്കുവാൻ അടിസ്ഥാനമിടുന്ന ഒരു കാലഘട്ടമാണ്. പാപ്പാ പറയുന്നതുപോലെ സമൂഹത്തിന്റെ ഇന്നുകളും, നാളെയുമായി തങ്ങളെ തന്നെ രൂപപ്പെടുത്തേണ്ട കാലഘട്ടം. ഈ കാലഘട്ടത്തിൽ നമുക്ക് സ്വപ്നങ്ങൾ ഇല്ലെങ്കിൽ, ജീവിക്കാൻ ആവേശമില്ലെങ്കിൽ ലക്ഷ്യങ്ങളില്ലെങ്കിൽ നമ്മുടെ ജീവിതത്തെ അകാല വാർദ്ധക്യത്തിലേക്ക് നാം തന്നെ തള്ളി വിടുകയാണ് ചെയ്യുന്നത്. വെല്ലുവിളികളെ നേരിടാൻ ഒരു പ്രത്യേക ആവേശം ഉള്ളിൽ നിറയുന്ന കാലഘട്ടമാണ് യൗവ്വനം. യുവജനങ്ങൾ എപ്പോഴും സ്വന്തമായ വഴിവെട്ടാൻ ആഗ്രഹിക്കുന്നവരാണ്. കാരണം അതിൽ ഒരു പുളകിതാനുഭവമുണ്ട്. കൂടാതെ യുവത്വത്തിന്റെ ഉണർവ്വും പുത്തൻ അനുഭവങ്ങൾക്കായുള്ള അന്വേഷണത്വരയും നിറഞ്ഞ യൗവനകാലത്ത് വേറിട്ട വഴികളിൽ സഞ്ചരിക്കുക എന്നത് ഒരു ഹരമാണ്. ഉപയോഗിക്കാത്ത ആയുധം തുരുമ്പെടുക്കുന്നത് പോലെ യൗവനത്തെ ശരിയായി ഉപയോഗിച്ചില്ലെങ്കിൽ യുവജനങ്ങളെ അകാല വാർധക്യം ബാധിക്കും. ആ ബാധ ഏൽക്കാതിരിക്കാ൯ ഉണർവ്വോടെ ജീവിക്കാ൯ കഴിയണം.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: