തിരയുക

ഈശോ എന്നെഴുതിയ ചിത്രം. (പ്രതീകാത്മക ചിത്രം). ഈശോ എന്നെഴുതിയ ചിത്രം. (പ്രതീകാത്മക ചിത്രം). 

“ക്രിസ്തു ജീവിക്കുന്നു”: യേശുവുമായുള്ള സൗഹൃദം തകർക്കാൻ കഴിയില്ല

“Christus Vivit” അഥവാ “ക്രിസ്തു ജീവിക്കുന്നു” എന്ന ഫ്രാൻസിസ് പാപ്പായുടെ അപ്പോസ്തോലിക പ്രബോധനത്തിന്റെ 154ആം ഖണ്ഡികയെ അടിസ്ഥാനമാക്കിയ വിചിന്തനമാണ്.

സി. റൂബിനി സി.റ്റി.സി, വത്തിക്കാൻ ന്യൂസ്

ശബ്ദരേഖ

അപ്പോസ്തോലിക പ്രബോധനം

അപ്പോസ്തോലിക പ്രബോധനമെന്നത് കത്തോലിക്കാ സഭയില്‍ പാപ്പാ പ്രസിദ്ധീകരിക്കുന്ന ഔദ്യോഗിക ലേഖനങ്ങളുടെ വിവിധതരത്തിലുളള പരമ്പരകളിൽപ്പെടുന്ന ഒരു ലേഖനമാണ്. ഇവയുടെ പ്രാധാന്യ ശൃംഖലയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ചാക്രീക ലേഖനങ്ങള്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനമാണ് അപ്പോസ്തോലിക പ്രബോധനങ്ങള്‍ക്കുള്ളത്.

അഞ്ചാം അദ്ധ്യായം

അഞ്ചാം അദ്ധ്യായത്തിന്റെ  ശീർഷകം തന്നെ "യുവജനങ്ങളുടെ വഴികൾ'' എന്നാണ്. യുവത്വത്തിന്റെ ആകുലതയെയും ആകാംക്ഷയെയും ഉത്ക്കണ്ഠയെയും വിവരിക്കുമ്പോഴും ഫ്രാൻസിസ് പാപ്പാ യുവതയോടു നിർദ്ദേശിക്കുന്നത് "നിങ്ങളുടെ പ്രത്യാശകളേയും സ്വപ്നങ്ങളേയും പിന്തുടരാനാണ്.

154. യേശുവുമായുള്ള സൗഹൃദം തകർക്കാൻ കഴിയില്ല

യേശുവുമായുള്ള സൗഹൃദം തകർക്കപ്പെടാനാവുകയില്ല. അവിടുന്ന് നിശബ്ദനായിരിക്കുന്നുവെന്ന് നമുക്ക് തോന്നുന്ന സമയത്ത് പോലും ഒരിക്കലും അവിടുന്ന് നമ്മെ ഉപേക്ഷിക്കുന്നില്ല. നമുക്ക് അവിടുത്തെ ആവശ്യമായിരിക്കുമ്പോൾ അവിടുന്ന് തന്നെ തന്നെ നമുക്ക് വെളിപ്പെടുത്തും. (cf ജെറ.29:14). നാം എവിടെപ്പോയാലും അവിടുന്ന് നമ്മുടെ അരികിൽ കാണും (cf ജോഷ്വ1:9) അവിടുന്ന് ഒരിക്കലും തന്റെ ഉടമ്പടി ലംഘിക്കുന്നില്ല. തന്നെ ഉപേക്ഷിക്കരുതെന്ന് അവിടുന്ന് നമ്മോടു ആവശ്യപ്പെടുന്നു: “എന്നിൽ വസിക്കുവിൻ (യോഹ15:4). നമ്മൾ അകന്നു പോയാലും “അവിടുന്ന് വിശ്വസ്തനായി തുടരുന്നു. എന്തെന്നാൽ തന്നെത്തന്നെ നിഷേധിക്കാൻ അവിടുത്തേക്കു സാധ്യമല്ല.” (2 തിമോ2:13). (കടപ്പാട്. പി.ഒ. സി പ്രസീദ്ധീകരണം).

യേശുവുമായുള്ള ഫ്രണ്ട്ഷിപ് തകർക്കാൻ ആർക്കും കഴിയുകയില്ല. നാം അതിനു പരിശ്രമിച്ചാൽ പോലും യേശു നമ്മോടുള്ള കൂട്ട് തകർന്നു പോകാൻ  അനുവദിക്കില്ല. വാസ്തവത്തിൽ നമ്മെ വിട്ടിട്ട് പോകാൻ ദൈവത്തിനു കഴിയില്ല എന്ന് വേണം ചിന്തിക്കാൻ. അത് നമ്മുടെ മേന്മ കൊണ്ടല്ല മറിച് നമ്മോടുള്ള അവന്റെ വിശ്വസ്ഥത കൊണ്ടാണ്.  ഇത്രയും നാൾ ഈ ഭൂമിയിൽ ജീവിച്ച നമ്മുടെ ഈ ജീവിതത്തിൽ എത്ര എത്ര മനുഷ്യരെ നാം കണ്ടുമുട്ടിയുണ്ടാകാം. എത്ര എത്ര അനുഭങ്ങളിലൂടെ നാം കടന്നു പോയിട്ടുണ്ടാകാം.  പക്ഷേ കടന്ന് പോകാത്ത ഒരേ ഒരു ബന്ധം ക്രിസ്തു മാത്രമാണ്.

ഇന്ന് പരിചിന്തനം ചെയ്യുന്ന പാപ്പയുടെ പ്രബോധനത്തിൽ യേശുവുമായുള്ള സൗഹൃദത്തെ ഒരിക്കലും തകർക്കാൻ ആവുകയില്ല എന്ന് പറയുന്നു. നമ്മൾ ഒരുപക്ഷേ ഈ  സൗഹൃദം തകർത്താലും യേശുവിന്റെ സ്നേഹവും സൗഹൃദവും ഒരിക്കലും നമ്മിൽ നിന്നും എടുത്തുമാറ്റി കളയാൻ നമുക്കോ മറ്റുള്ളവർക്കോ സാധിക്കുകയില്ല എന്ന് പാപ്പാ പങ്കുവെക്കുന്നു. പലരും പറഞ്ഞു നാം കേട്ടിട്ടുണ്ട്. നമ്മളും പലവട്ടം പറഞ്ഞിട്ടുമുണ്ടാകാം. ദൈവം നമ്മുടെ പ്രാർത്ഥന കേട്ടിട്ടും ഉത്തരം നൽകുന്നില്ല എന്നും അവിടുന്ന് നമ്മുടെ കാര്യത്തിൽ നിശബ്ദനാണ് എന്നുമൊക്കെ. പക്ഷേ ദൈവം നമ്മുടെ കാര്യങ്ങളിൽ നിശബ്ദമാണോ? അവിടുന്ന് നമ്മെ വിട്ടു അകന്നു പോകുന്നുണ്ടോ? അവിടുത്തേക്ക് ഉത്തരം നൽകാൻ കഴിയാത്തതായി എന്തെങ്കിലുമുണ്ടോ? ലഘുകരിക്കാനാവാത്ത എന്തെങ്കിലും ഉണ്ടോ? നമ്മൾ ദൈവത്തെ ആവശ്യപ്പെടുമ്പോൾ അവിടുന്ന് ഉത്തരം നൽകണം എന്നതിനേക്കാൾ നമുക്ക് ദൈവത്തെ ആവശ്യമെന്ന് ദൈവത്തിന് തോന്നുമ്പോൾ അപ്രതീക്ഷിതമായ പല സംഭവങ്ങളിലൂടെ ദൈവം തന്നെ നമ്മുടെ ജീവിതത്തിലേക്ക് ഇറങ്ങിവരികയും തന്നെ വെളിപ്പെടുത്തുകയും ചെയ്യുന്നുണ്ട്. നമ്മോടു സ്നേഹത്തിൽ ഉടമ്പടി ചെയ്തവനാണ് ദൈവം.  ഒരിക്കലും തന്റെ ആ ഉടമ്പടി ലംഘിക്കാത്ത ദൈവം ഒരിക്കലും നമ്മെ  ഉപേക്ഷിക്കുന്നില്ല. നമ്മൾ അവിശ്വസ്ഥതരായിരുന്നാലും ദൈവം എപ്പോഴും നമ്മോടുള്ള ബന്ധത്തോടു വിശ്വസ്ഥനായിരിക്കുന്നു എന്ന് വിശുദ്ധ പൗലോസ് ശ്ലീഹ പറയുന്നുണ്ട്. അത് നമ്മുടെ ജീവിതത്തിൽ നിരന്തരം അനുഭവിക്കുന്നവരാണ് നാം.

യേശുവിന് നമ്മെ വിട്ടുപിരിഞ്ഞിരിക്കാൻ കഴിയുകയില്ല എന്നതിന് നിരവധി സംഭവങ്ങൾ ബൈബിളിൽ നമുക്ക് കാണാൻ കഴിയും. നാം അവന്റെ സൗഹൃദ വഴിയിൽ നിന്ന് അകന്നു പോയാലും സ്വന്തം ഇഷ്ടങ്ങൾ തേടി ധൂർത്തടിച്ച് വിട്ട് പോയാലും കാണാതെ പോയി ഒളിഞ്ഞിരുന്നാലും യേശു നമ്മെ തേടിയെത്തുന്നു. ഒന്ന് നന്നായിരുന്ന് ചിന്തിക്കുകയാണെങ്കിൽ ഇത്രമാത്രം ദൈവത്തിന്റെ സ്നേഹം കിട്ടാൻ, നാം വിളിക്കുമ്പോൾ ഉടൻ തന്നെ ഉത്തരം നൽകാൻ, നമ്മെ കാത്തിരിക്കാൻ മാത്രം നമുക്ക് എന്ത് മേന്മയാണ് ഉള്ളത്. നമ്മുടെ കൊള്ളരുതായ്മകൾക്കും തിന്മകൾക്കും മുമ്പിലും യേശു എന്ന ചൈതന്യം കരുണയായും കരുതലായും നമ്മെ പിന്തുടരുന്നുണ്ട്.

എത്ര ദൂരത്ത് പോയാലും ഏതു നാട്ടിൽ അലഞ്ഞാലും ചില വീട്ടു പൂക്കളുടെ ഗന്ധം കൂട്ടിനു ഉണ്ടാകുമെന്ന് ഒരു കവി പറയുന്നുണ്ട്. അതുപോലെതന്നെയാണ് നാം എവിടെയൊക്കെയായാലും  എന്തൊക്കെ ചെയ്താലും എങ്ങനെയൊക്കെ ജീവിച്ചാലും ദൈവത്തിന്റെ ഛായയും  സാദൃശ്യവും നമുക്ക് നൽകിയത് കൊണ്ടും യേശു തന്റെ രക്തംകൊണ്ട് നമ്മെ വിലയ്ക്ക് വാങ്ങിയത് കൊണ്ടും നമുക്ക് ദൈവത്തിന്റെ മണവും, യേശുവിന്റെ ചോരയുടെ ഗന്ധവും നാം ക്രിസ്തുവിന്റെതാണെന്ന സത്യം മറ്റുള്ളവരുടെ മുന്നിൽ നിൽക്കുമ്പോൾ നമ്മെ എപ്പോഴും വ്യത്യസ്തപ്പെടുത്തി കൊണ്ടിരിക്കും.

യേശു നമ്മിൽ നിന്നും അകന്നു പോയി എന്ന് നാം ചിന്തിക്കുമ്പോൾ പോലും നമ്മുടെ കൂടെ അടുത്തിരിക്കുന്നുവെന്ന് പാപ്പാ പറയുന്നു. ജീവിതത്തിൽ എത്ര വട്ടം നാമൊക്കെ നമ്മുടെ അനുദിന ജീവിതത്തെ സമ്മറിയാക്കി കുറിക്കുന്ന നമ്മുടെ ഡയറിയിൽ ദൈവം പോലും ഉപേക്ഷിച്ചത് പോലെ തോന്നിയെന്നൊക്കെ  എഴുതിട്ടുണ്ട്. ജീവിതത്തിന്റെ ട്രാജടികളിൽ നാം അറിഞ്ഞോ അറിയാതെയോ കുറിക്കുന്ന വാക്കുമാണത്. പക്ഷേ പിന്നീടുള്ള താളുകൾ നമ്മെ നോക്കി പറയും അന്ന് ദൈവം ഇങ്ങനെ ഒരു അനുഭവം നൽകിയില്ലായിരുന്നെങ്കിൽ ഇന്ന് എനിക്ക്  ഈ ഇടുങ്ങിയ വാതിലുകൾ കടക്കാൻ കഴിയില്ലായിരുന്നു എന്നൊക്കെ. നമ്മുടെ ജീവിതത്തിൽ എവിടെയോ വച്ച് ഇടയ്ക്കിടെ യേശുവിന്റെ സൗഹൃദത്തിന്റെ വാക്കുകൾ ചിതറിക്കപ്പെടുന്നു. അവിടുത്തെ സ്നേഹത്തിന്റെ ഭാഷയും നമ്മുടെ ഹൃദയത്തിന്റെ ഭാഷയും നമുക്ക് മനസ്സിലാകാതെ പോകുന്നത് കൊണ്ടാകാം വലപ്പോഴും യേശു നമ്മെ വിട്ടുപേക്ഷിച്ചെന്ന് നമുക്ക് തോന്നുന്നത്. അവന്റെ മനസ്സറിയുവാൻ മാത്രം നാമൊക്കെ വളർന്നിട്ടില്ല.

യേശുവിനു നമ്മോടുള്ള സൗഹൃദം ഒരിക്കലും അവസാനിക്കുന്നില്ല എന്നതിനു ജോനാഥ് കപ്പുചിൻ മനോഹരമായി പാദുകം എന്ന തന്റെ പുസ്തകത്തിൽ കുറിച്ചത് ഇങ്ങനെയാണ്. "33 വർഷങ്ങളുടെ വിപ്രവാസത്തിന് ശേഷം പരീക്ഷിണിതനായി യേശു സ്വർഗ്ഗത്തിന്റെ പടികൾ കയറി വന്നിരിക്കുന്നു. എന്നാൽ ഇറങ്ങി പോയതുപോലെ അല്ല ഇപ്പോൾ ആഗതനായിരിക്കുന്നത്. തികച്ചും വിരൂപനായി കൈകാലുകളിലും നെഞ്ചിലും ആഴമുള്ള മുറിവുകളുമായി ഒരുപാട് സഹിച്ച്  സങ്കടപ്പെട്ടുള്ള മടങ്ങി വരവായിരുന്നത്. ദൈവം ആധിയോടെ കാത്തിരിക്കുകയായിരുന്നു. ദൈവം കൈനീട്ടി അവന്റെ നെഞ്ചിലെ വ്രണ മുറിവിൽ ഒന്നു തൊട്ടു, അവിടെ രക്തം കിനിയുന്നുണ്ടായിരുന്നു. ചോരയുടെ നനവ് വിരലിൽ പുരണ്ടു ദൈവം ചോദിച്ചു. ഞാനിത് സുഖപ്പെടുത്തട്ടെ. വേണ്ട അവന്റെ ശബ്ദത്തിൽ ദുഃഖമുണ്ടായിരുന്നു. ഈ ശതവേദനയുമായി ജീവിക്കാനാണ് ഞാൻ വിധിക്കപ്പെട്ടിരിക്കുന്നത്. ദൈവം പറഞ്ഞു; ആ വിധിയിൽ നിന്ന് ഞാൻ നിന്നെ മോചിപ്പിക്കും. അരുത് പിതാവേ ഇത് ഒരിക്കലും ഉണങ്ങരുത് എന്നതാണ് എന്റെ ആഗ്രഹം  എന്ന് യേശു. കാരണം ദൈവം ആശങ്കപ്പെട്ടു. സ്നേഹത്തിന്റെ അടയാള മുദ്രയായതുകൊണ്ട്. എന്നിട്ട് ദൈവം തന്റെ പുത്രനെ ഒരു പുതിയ താരാട്ട് പാട്ട് പാടി തന്റെ നെഞ്ചോടു ചേർത്ത് വെച്ച് ആശ്വസിപ്പിക്കാൻ തുടങ്ങി. പതുക്കെ ഈശോ ശാന്തനായി കണ്ണുകളടച്ചു. ഏതോ ഒരു നിമിഷത്തിൽ നീണ്ട ഞെട്ടലോടെ അവൻ കണ്ണുകൾ തുറന്നു. പിതാവേ എനിക്ക് ഉറങ്ങാൻ ആവുന്നില്ല. കാരണം കണ്ണുകൾ അടയ്ക്കുമ്പോൾ  മനുഷ്യരുടെ കൂട്ടനിലവിളി ഉള്ളിൽ തെളിഞ്ഞു വരുന്നു. ബദ്ലഹേമിൽ എനിക്ക് വേണ്ടി വധിക്കപ്പെട്ട കുഞ്ഞുങ്ങളുടെ രോദനം ചെവികളിൽ മുഴങ്ങുന്നു. ശിരസ്സ് ചേദിക്കപ്പെട്ട സ്നാപകന്റെ ചുടുനിണം എന്റെ ഉറക്കം കെടുത്തുന്നു. നാർദീൻ സുഗന്ധ തൈലവുമായി വന്ന മറിയത്തിന്റെ മിഴിനീർ വീണ എന്റെ പാദം പൊള്ളുന്നു. നെഞ്ചിൽ മാനവരാശിയുടെ നെടുവീർപ്പുകൾ മുഴങ്ങുന്നത് ഞാൻ കേൾക്കുന്നു. നിറകണ്ണുകളോടെ വിങ്ങി പൊട്ടിയവൻ പറഞ്ഞു; ഇനി ഒരിക്കലും എനിക്ക് സ്വസ്ഥമായി ഉറങ്ങാൻ ആവില്ലെന്ന് തോന്നുന്നു. ദൈവത്തിന് സ്വയം നിയന്ത്രിക്കാനായില്ല. അവിടുന്നും കരഞ്ഞു. കുറെ നേരം ഇരുവരും കരഞ്ഞുകൊണ്ടേയിരുന്നു. ഒടുവിൽ അവൻ മുഖമുയർത്തി ചോദിച്ചു മകനെ ഇവർക്ക് വേണ്ടി ഞാൻ ഇനി എന്ത് ത്യാഗമാണ് ചെയ്യേണ്ടത്. ദീന വിലാപത്തോടെ യേശു പറഞ്ഞു. എനിക്ക് മടങ്ങണം. നിന്റെ താരാട്ടു പാട്ട് കേട്ട് ഉറങ്ങാൻ എനിക്ക് കൊതിയുണ്ട്. പുതു വീഞ്ഞു കുടിക്കാനുള്ള ദാഹം ഉണ്ട്. നിന്റെ നെഞ്ചിൽ ചേർന്ന് കിടക്കാൻ ആഗ്രഹം ഉണ്ട്. എന്നാൽ ഇപ്പോൾ എനിക്ക് സാധിക്കുമെന്ന് തോന്നുന്നില്ല. ഭൂമിയിലേക്ക് എനിക്ക് തിരിച്ചുപോയേ തീരൂ. മകനേ നീ എന്താണ് പറയുന്നത് ദൈവത്തിന്റെ ഉള്ളു കലങ്ങി, അശരണരായവരുടെ രോദനം എന്റെ കാതുകളിൽ മുഴങ്ങുന്നു. ഭൂമി മുഴുവൻ ആശ നഷ്ടപ്പെട്ടവരുടെ വിലാപങ്ങളാണ്. അവർ ഇങ്ങനെ ഗതികിട്ടാതെ സങ്കടപ്പെടുമ്പോൾ സ്വർഗ്ഗ സുഖങ്ങൾ എന്നെ മടുപ്പിക്കുന്നു. പിതാവേ എനിക്ക് വീണ്ടും അവരുടെ പക്കലേക്ക് പോകണം. യുഗാന്ത്യം വരെ എന്നും ഞാൻ അവരോടു കൂടെ ഉണ്ടായിരിക്കണമെന്ന എന്റെ വാഗ്ദാനം എനിക്ക് പാലിക്കണം. മകൻ സ്വർഗ്ഗത്തിന്റെ പടവുകൾ ഇറങ്ങുമ്പോൾ പിന്നിൽനിന്ന് ദൈവം യാത്രാമൊഴിയേകി. മകനേ! കാലത്തിന്റെ അവസാനം വരെ നിന്റെ വരവിനായി ഞാൻ കാത്തിരിക്കും."

ഇത് എഴുത്തുകാരന്റെ മനസ്സിൽ തോന്നിയ ചിന്തകൾ ആണെങ്കിലും ദൈവത്തിന്റെ മനസ്സ് മനുഷ്യരുടെ നേരെ ആണെന്ന യാഥാർത്ഥ്യം  ഉള്ളിൽ അനുസ്മരിപ്പിക്കുന്ന ചിന്തയാണത്. അതെ നമുക്ക് വേണ്ടി മനുഷ്യനായി പിറന്ന  യേശുവിന്  മനുഷ്യനെ വിട്ട് ഒരിക്കലും പിരിയാൻ ആവില്ല. അവന്റെ ഉടമ്പടി ഒരിക്കലും അവന് ലംഘിക്കാൻ കഴിയുകയില്ല.

നാം ജീവിക്കുന്ന ഈ ലോകത്തിൽ മതങ്ങൾ, ആചാരങ്ങൾ, പ്രഭാഷണങ്ങൾ, നിയമങ്ങൾ എല്ലാം പറയുന്നത് പുറത്തുള്ള ദൈവത്തെയാണ്. എന്നാൽ നമ്മുടെയുള്ളിലെ യേശു എന്ന ചൈതന്യത്തെ നാം എന്ന് തിരിച്ചറിയുന്നുവോ അപ്പോഴാണ് യേശുവെന്ന വ്യക്തി നമ്മുടെ ജീവിതത്തിന്റെ അനുഭവമായി തീരുകയുള്ളു. അതിന് അവനുമായി ഒരു friendship തുടങ്ങാം. ഒരിക്കലും മടുക്കാത്ത മടുപ്പിക്കാത്ത friend ആണവൻ.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

30 June 2022, 11:11