തിരയുക

പിതൃ വാത്സല്യത്തോടെ പാപ്പാ. പിതൃ വാത്സല്യത്തോടെ പാപ്പാ. 

“ക്രിസ്തു ജീവിക്കുന്നു”: ക്രിസ്തു നമ്മുടെ മേൽ ചൊരിയുന്ന അതെ സ്നേഹത്താൽ നമുക്ക് അവിടുത്തെ സ്നേഹിക്കാം

“Christus Vivit” അഥവാ “ക്രിസ്തു ജീവിക്കുന്നു” എന്ന ഫ്രാൻസിസ് പാപ്പായുടെ അപ്പോസ്തോലിക പ്രബോധനത്തിന്റെ 153ആം ഖണ്ഡികയെ അടിസ്ഥാനമാക്കിയ വിചിന്തനമാണ്.

സി. റൂബിനി സി.റ്റി.സി, വത്തിക്കാൻ ന്യൂസ്

ശബ്ദരേഖ

അപ്പോസ്തോലിക പ്രബോധനം

അപ്പോസ്തോലിക പ്രബോധനമെന്നത് കത്തോലിക്കാ സഭയില്‍ പാപ്പാ പ്രസിദ്ധീകരിക്കുന്ന ഔദ്യോഗിക ലേഖനങ്ങളുടെ വിവിധതരത്തിലുളള പരമ്പരകളിൽപ്പെടുന്ന ഒരു ലേഖനമാണ്. ഇവയുടെ പ്രാധാന്യ ശൃംഖലയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ചാക്രീക ലേഖനങ്ങള്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനമാണ് അപ്പോസ്തോലിക പ്രബോധനങ്ങള്‍ക്കുള്ളത്.

അഞ്ചാം അദ്ധ്യായം

അഞ്ചാം അദ്ധ്യായത്തിന്റെ  ശീർഷകം തന്നെ "യുവജനങ്ങളുടെ വഴികൾ'' എന്നാണ്. യുവത്വത്തിന്റെ ആകുലതയെയും ആകാംക്ഷയെയും ഉത്ക്കണ്ഠയെയും വിവരിക്കുമ്പോഴും ഫ്രാൻസിസ് പാപ്പാ യുവതയോടു നിർദ്ദേശിക്കുന്നത് "നിങ്ങളുടെ പ്രത്യാശകളേയും സ്വപ്നങ്ങളേയും പിന്തുടരാനാണ്.

153. സൗഹൃദം വളരെ പ്രധാനപ്പെട്ടതാണ്. അതുകൊണ്ടാണ് യേശു തന്നെ തന്നെ സ്നേഹിതൻ എന്ന് വിശേഷിപ്പിച്ചത്. ഞാൻ ഇനിമേൽ നിങ്ങളെ ദാസരെന്ന് വിളിക്കുകയില്ല. എന്നാൽ ഞാൻ നിങ്ങളെ സ്നേഹിതന്മാർ എന്നു വിളിക്കുന്നു. (യോഹ.15:15). അവന്റെ കൃപയുടെ ദാനത്താൽ, നാം അവന്റെ സുഹൃത്തുക്കളായി മാറുന്ന തരത്തിൽ ഉയർത്തപ്പെടുന്നു. ക്രിസ്തു നമ്മുടെ മേൽ ചൊരിയുന്ന അതെ സ്നേഹത്താൽ നമുക്ക് അവിടുത്തെ സ്നേഹിക്കാം. മറ്റുള്ളവരുമായി അവിടുത്തെ സ്നേഹം പങ്കുവയ്ക്കാം. അവിടുന്ന് സ്ഥാപിച്ച സ്നേഹിതരുടെ സമൂഹത്തിൽ അവരും സ്ഥാനം കണ്ടെത്തും എന്ന പ്രത്യാശയോടെ അങ്ങനെ ചെയ്യാം. അവിടുന്ന് ഉത്ഥിത ജീവിതത്തിന്റെ സമ്പൂർണ്ണ  സൗഭാഗ്യം അനുഭവിക്കുന്നവനാണ്. അവിടുത്തെ സന്ദേശം പ്രകാശവും സർവ്വോപരി അവിടുത്തെ സ്നേഹവും കൊണ്ട് അവിടുത്തെ രാജ്യം ഈ ലോകത്തിൽ പടുത്തുയർത്താൻ നമുക്ക് ഉദാരതയോടെ പ്രവർത്തിക്കാൻ കഴിയും. (cf. യോഹന്നാൻ 15:16). യേശു അവരെ തന്റെ സുഹൃത്തുക്കളാകാൻ വിളിക്കുന്നത് ശിഷ്യന്മാർ കേട്ടു. അവരെ സമ്മർദ്ദത്തിലാക്കാതെ, സൗമ്യമായി അവരുടെ സ്വാതന്ത്ര്യത്തെ ആകർഷിക്കുന്ന ഒരു ക്ഷണമായിരുന്നു അത്. “വന്ന് കാണുക,” യേശു അവരോടു പറഞ്ഞു; അതിനാൽ "അവർ ചെന്ന് അവൻ എവിടെയാണ് താമസിക്കുന്നതെന്ന് കണ്ടു, അന്ന് അവർ അവനോടൊപ്പം താമസിച്ചു" (യോഹ1:39).  അപ്രതീക്ഷിതവും ഹൃദയസ്പർശിയുമായ ആ കണ്ടുമുട്ടലിനുശേഷം അവർ എല്ലാം ഉപേക്ഷിച്ച് അവിടുത്തെ അനുഗമിച്ചു.

ക്രിസ്തു നമ്മുടെ മേൽ ചൊരിയുന്ന അതേ സ്നേഹത്താൽ നമുക്ക് അവിടുത്തെ സ്നേഹിക്കാം.

ജീവിതത്തിൽ സ്നേഹിക്കപ്പെടാത്തവരായിട്ടാരുമുണ്ടാവില്ല സ്നേഹിക്കാത്തവരുമായിട്ടാരുമുണ്ടാവില്ല. മനുഷ്യരെയും മൃഗങ്ങളെയും പക്ഷികളെയും സ്ഥലങ്ങളെയും വ്യത്യസ്തമായ വാസനകളെയും മനുഷ്യർ സ്നേഹിക്കുന്നു. അവയാൽ  സ്നേഹിക്കപ്പെടുകയും ചെയുന്നു. മനുഷ്യന്റെ എല്ലാ സ്നേഹത്തിന്റെയും പിന്നിൽ ഒരു നിയോഗം ഉണ്ടായിരിക്കും. അത് നൽകാനാണെങ്കിലും സ്വീകരിക്കാനാണെങ്കിലും അങ്ങനെ തന്നെയാണ്. എന്നാൽ ദൈവത്തിനു മാത്രം അങ്ങനെയൊന്നുമില്ല. അവൻ സ്നേഹിക്കുന്നത് സ്നേഹിക്കുന്നത് പോലെ തന്നെയാണ്. സ്നേഹത്തെ ഇത്രമാത്രം ആഘോഷിച്ച, ആസ്വദിച്ച, ഞാൻ സ്നേഹമാണ് എന്ന് വിളിക്കപ്പെടാൻ  ആഗ്രഹിക്കുന്ന, ദൈവത്തിന്റെ മുന്നിലാണ് നാം ജീവിക്കുന്നത്. അതുകൊണ്ടാണ് ഈ ദൈവം സ്നേഹിച്ചു കൊണ്ട് ജീവൻ നൽകിയത്. ജീവൻ നൽകി സ്നേഹത്തെ നിർവ്വചിച്ചത്.

ഈ ലോകത്തിൽ ദൈവത്തെ പോലെ മറ്റാർക്കും നമ്മെ സ്നേഹിക്കാനാവില്ല.

ദൈവ സ്നേഹത്തിന്റെ മാംസാവതാരമായിരുന്നു യേശു. അത് പഴയ നിയമത്തിലും പുതിയ നിയമത്തിലും വിവരിക്കുന്ന ദൈവ സ്നേഹത്തിന്റെ നിരവധി സംഭവങ്ങളിലൂടെ നമുക്ക് കാണാൻ കഴിയും. വളരെ സുന്ദരമായ വഴിയിലൂടെ ദൈവം തന്നെ തന്റെ സ്നേഹത്തെ വെളിപ്പെടുത്തുന്നു. പെറ്റമ്മയ്ക്ക് തന്റെ കുഞ്ഞിനെ മറക്കാനാകുമോ? മുലകുടിക്കുന്ന കുഞ്ഞിനോടു അമ്മ കരുണ കാണിക്കാതിരിക്കുമോ? എന്ന ചോദ്യം ഉയർത്തിക്കൊണ്ട് ഒരുപക്ഷേ അമ്മ തന്റെ കുഞ്ഞിനെ മറന്നാലും ഞാൻ ഒരിക്കലും നിന്നെ മറക്കുകയില്ല എന്ന് പറയുന്ന അമ്മ ദൈവത്തെ ജെറമിയാ പ്രവാചകന്റെ അധരങ്ങളിൽ നിന്നുയരുന്ന വാക്കുകളിൽ നമുക്ക് കാണാൻ കഴിയും. അമ്മയെപ്പോലെ അമ്മയെക്കാൾ ഏറെ എങ്ങനെ സ്നേഹിക്കാൻ ആകും. സ്വന്തം ജീവൻ നൽകി ജീവിതം പങ്കുവയ്ക്കുവാനും, നമ്മെ ഊട്ടാനും, ഉറക്കാനും, നല്ല വഴികൾ പഠിപ്പിക്കാനും, സംരക്ഷിക്കാനും, അധ്വാനിക്കാനും, ആസ്വദിക്കാനും ദൈവത്തിന് കഴിയുമോ? അങ്ങനെ കഴിഞ്ഞിട്ടുണ്ടെന്നും അങ്ങനെ സ്നേഹിക്കാൻ മാത്രമേ ദൈവത്തിന് കഴിയുമെന്നും വിശുദ്ധ ഗ്രന്ഥത്തിൽ നമുക്ക് വായിക്കാനാകും.

പിതാവായ ദൈവത്തിന്റെ സ്നേഹകരങ്ങൾ കൊണ്ട് സൃഷ്ടിക്കപ്പെട്ട മനുഷ്യ൯

ആകാശവും ഭൂമിയും സൃഷ്ടിച്ച ദൈവത്തിന് ഒരു വാക്കു കൊണ്ട് മനുഷ്യനെ സൃഷ്ടിക്കാമായിരുന്നു. എന്നാൽ സ്നേഹത്തിന്റെ കരങ്ങൾ കൊണ്ട് മെനഞ്ഞ് അവിടുന്ന് തന്റെ സ്വന്തം ഛായയിലും സാദൃശ്യത്തിലുമാണ് മനുഷ്യനെ സൃഷ്ടിച്ചത്. അവന് വസിക്കാൻ പറുദീസ തന്നെ തീർക്കുന്ന ദൈവം. ഒരുപാട് സ്വപ്നങ്ങളോടെ മനുഷ്യനെ സമീപിക്കുന്ന ദൈവത്തിന് നേരെ പാപം ചെയ്ത് അകന്നു പോയിട്ടും ഈജിപ്തിന്റെ അടിമത്ത ഭൂമിയിൽ വീണുടയുന്ന തന്റെ ജനത്തിന്റെ കണ്ണുനീർത്തുള്ളികൾ കണ്ട് മനം ഇടിയുകയും അവരുടെ രോദനങ്ങളുടെ ശബ്ദം തന്റെ കർണ്ണപുടങ്ങളെ നോവിക്കുന്നു എന്ന് പറഞ്ഞ് അവർക്ക് മുന്നേ അഗ്നി സ്തംഭമായും മേഘതൂണായും കൂടെ നടക്കുന്ന ദൈവത്തിന്റെ സ്നേഹത്തെയും നാം വായിക്കുന്നുണ്ട്.

താൻ തിരഞ്ഞെടുത്ത ജനം തന്നിൽ നിന്ന് എത്രയോവട്ടം അകന്നു പോയിട്ടും അന്യദൈവങ്ങളെ ആരാധിച്ചിട്ടും  സ്നേഹം മാത്രമായ ദൈവത്തിന് എന്തുകൊണ്ടോ അവരെ ഉപേക്ഷിച്ചു പോകാൻ കഴിഞ്ഞില്ല. എന്നിട്ടും ആകാശം തുറന്ന് മന്ന നൽകിയും പാറ പിളർത്ത് ജലം നൽകിയും തേനും പാലും ഒഴുകുന്ന ദേശത്തേക്കു തന്റെ ജനത്തെ കൊണ്ടെത്തിച്ചു.

ദൈവസ്നേഹത്തിന് ലഭിച്ച തിരിച്ചടികൾ

ഈ ലോകത്തിൽ ഏറ്റവും വലിയ നോവ് എന്താണെന്നറിയാമോ? അത് നമ്മുടെ ആത്മാർത്ഥമായ സ്നേഹത്തിന് ലഭിക്കുന്ന വഞ്ചനയുടെ തിരിച്ചടികളാണ്. നാം സ്നേഹിക്കുന്നവർ നമുക്ക് നൽകുന്ന ചെറിയ നോവ് പോലും നമ്മെ വല്ലാതെ നോവിക്കും. എന്നാൽ ഞാൻ നിങ്ങളുടെ ദൈവവും നിങ്ങൾ എന്റെ ജനവും ആയിരിക്കും എന്ന് പറഞ്ഞ ദൈവത്തിന്റെ മനസ്സ് അറിയാൻ മടി കാണിച്ച, ദൈവത്തിൽനിന്നും കുതറി ഓടിപ്പോയ ജനത്തെ നോക്കി ദൈവം പ്രവാചകൻവഴി ഒരു സങ്കട കവിത പറയുന്നുണ്ട് അത് ഇങ്ങനെയാണ്.

“"ആകാശങ്ങളേ ശ്രവിക്കുക, ഭൂതലമേ ശ്രദ്ധിക്കുക, കര്‍ത്താവ്‌ അരുൾച്ചെയ്യുന്നു: ഞാന്‍ മക്കളെ പോറ്റിവളര്‍ത്തി; എന്നാല്‍, അവര്‍ എന്നോടു കലഹിച്ചു. കാള അതിന്റെ ഉടമസ്ഥനെ അറിയുന്നു; കഴുത അതിന്റെ യജമാനന്റെ തൊഴുത്തും. എന്നാല്‍, ഇസ്രായേല്‍ ഗ്രഹിക്കുന്നില്ല; എന്റെ ജനം മനസ്സിലാക്കുന്നില്ല. തിന്മ നിറഞ്ഞരാജ്യം, അനീതിയുടെ ഭാരം വഹിക്കുന്ന ജനം, ദുഷ്‌കര്‍മ്മികളുടെ സന്തതി, ദുര്‍മാര്‍ഗ്ഗികളായ മക്കള്‍! അവര്‍ കര്‍ത്താവിനെ പരിത്യജിക്കുകയും ഇസ്രായേലിന്റെ പരിശുദ്ധനെ നിന്ദിക്കുകയും ചെയ്‌തു. അവര്‍ എന്നില്‍ നിന്നു തീര്‍ത്തും അകന്നുപോയി." (ഏശ1:2-4).”

ദൈവത്തിന്റെ ഈ സങ്കടം നമ്മുടെ ചങ്കുലയ്ക്കുന്ന വിലാപം ആയിത്തീരുന്നു. ഇത്രയൊക്കെ ആയിട്ടും ദൈവം താൻ സ്നേഹിക്കുന്ന ആരെയും ഉപേക്ഷിക്കുന്നില്ല. ആവർത്തിച്ച് ആവർത്തിച്ച് ചോദിക്കുന്നുണ്ട്. ഞാൻ നിന്നെ നല്ല മുന്തിരി ആയിട്ടാണല്ലോ നട്ടത് പിന്നെ കാട്ടുമുന്തിരിയുടെ ഫലം നൽകുന്നത് എന്തിന്. സ്നേഹം തിരസ്കരിക്കപ്പെട്ടപ്പോൾ ദൈവം പോലും മനം ഇടറി വിലപിക്കുന്നു. അതുകൊണ്ടുതന്നെയാണ് തന്റെ പുത്രനെ നൽകി ദൈവം തന്റെ മക്കളെ വിട്ടുകൊടുക്കാതെ അവസാനംവരെ സംരക്ഷിച്ചതും സംരക്ഷിക്കുന്നതും. നാം മുമ്പ് വിചിന്തനം ചെയ്തിട്ടുള്ളത് പോലെ ഈ ദൈവ സ്നേഹത്തെ സൗഹൃദത്തിന്റെ തലത്തിലേക്കാണ് യേശു കൊണ്ടുവരുന്നത്.

ഈശോയുടെ സ്നേഹം

ഈശോ നല്ല ഒരു ചങ്ങാതിയായിരുന്നു അവന്റെ ശിഷ്യർക്ക്.  പന്ത്രണ്ട് പേരുടെയും ഉറ്റ സുഹൃത്തായിരുന്നു. ഈശോയ്ക്കും ഈ പന്ത്രണ്ട് പേരും വളരെ പ്രിയപ്പെട്ടവരായിരുന്നു. തന്റെ സുഹൃത്തുക്കളുടെ മുന്നിൽ ഈശോ സ്വയം ഒരു നദിയായി ഒഴുകി. അവരുടെ വിണ്ടു കീറിയ ജീവിത മേഖലകളിൽ അവൻ തന്റെ സൗഹൃദത്തിന്റെ സ്നേഹം ഒഴിച്ച് അവയെ നിറച്ചു. മറ്റുള്ളവരുടെ ആക്ഷേപ വാക്കുകളുടെ മുന്നിൽ അവരെ വിട്ടുകൊടുക്കാതെ സംരക്ഷിച്ച സുഹൃത്തായിരുന്നവൻ. വീണപ്പോഴും ഇടറിയപ്പോഴും വിട്ടുപേക്ഷിക്കാത്ത സുഹൃത്ത്, അപ്പത്തിന് വേണ്ടിയും, അധികാരത്തിന് വേണ്ടിയും കൂട്ടുകാർ  മുറവിളിച്ചപ്പോൾ അരയിൽ കച്ചകെട്ടി സൗഹൃദത്തിന്റെ കാൽപാദങ്ങൾ കഴുകി സൗഹൃദത്തിന് ഒരു പുതിയ മുഖം നൽകിയ സുഹൃത്തായിരുന്നു ഈശോ. തന്റെ തന്നെ കൂട്ട്കാരിൽ ഒരാൾ മുപ്പത് വെള്ളി  നാണയത്തിന് തന്നെ ഒറ്റിക്കൊടുക്കുമെന്നറിഞ്ഞിട്ടും അയാൾക്കും തന്റെ അത്താഴ മേശയിൽ ഇരിക്കാൻ അവസരം നൽകിയ സുഹൃത്ത്‌, എപ്പോഴും കൂടെ കൊണ്ട് നടന്ന ചങ്ങാതി തന്നെ അറിയില്ല എന്ന് മൂന്ന് തവണ തള്ളി പറഞ്ഞിട്ടും വേദനയുടെ ചങ്കിൽ നിന്നും ചെറിയ ഒരു നോട്ടം കൊണ്ട് പോലും അയാളെ മുറിപ്പെടുത്താതെ തന്റെ സൗഹൃദത്തിന്റെ കണ്ണികൾ വിട്ട് പോകാതിരിക്കാൻ വീണ്ടും പ്രാതൽ ഒരുക്കി സ്നേഹിച്ച സുഹൃത്ത്. തള്ളി  പറഞ്ഞതിന്റെ പൊള്ളലേറ്റിട്ടും അങ്ങനെയായിരിക്കാൻ പാടില്ല എന്ന വാശിയോടെ തന്നെ അയാൾ സ്നേഹിക്കുന്നുവെന്ന് ആവർത്തിച്ച് പറയുവോളം അവസരം നൽകിയ സുഹൃത്തിനെ നമുക്ക് യേശുവിൽ കാണാൻ കഴിയും. അതും പോരാഞ്ഞിട്ട് തന്റെ ചങ്ങാതികൾ ആരും ഒറ്റയാകാൻ പാടില്ല എന്ന ആഗ്രഹത്തോടെ തന്റെ വാഗ്ദാനമായ ആത്മാവിനെ അവരുടെ മേലയച്ച് അവരെ ശക്തിപ്പെടുത്തി അവരുടെ പേരുകൾ ലോകമഖിലം അറിയിക്കുവാൻ തിരുമനസ്സായ സുഹൃത്ത്. ഈ സുഹൃത്തിനെ നാം സ്വന്തമാക്കണമെന്ന് പാപ്പാ ആഗ്രഹിക്കുന്നു. കാരണം ഈശോയുടെ സൗഹൃദം അനുഭവിച്ചറിഞ്ഞ ഒരാൾക്കും തന്റെ സുഹൃത്തിനെ സ്വന്തം ലാഭത്തിനായി വിനിയോഗിക്കാനോ, നോവിക്കാനോ, ചതിക്കാനോ കഴിയില്ല, മറിച്ച് യേശുവിനെപ്പോലെ സൗഹൃദത്തിന്റെ ആഴങ്ങളിൽ സ്വന്തം ജീവൻ പോലും അർപ്പിക്കാൻ മടികാണിക്കില്ല.

ക്രിസ്തു നമ്മുടെ മേൽ ചൊരിയുന്ന അതേ സ്നേഹത്താൽ നമുക്ക് അവിടുത്തെ സ്നേഹിക്കാം എന്ന് പാപ്പാ വെളിപ്പെടുത്തുന്നു. ക്രിസ്തു എങ്ങനെയാണ് നമ്മെ സ്നേഹിച്ചത്. ഒരു പക്ഷപാതവുമില്ലാതെ സകലരേയും സൗഹൃദത്തിൽ നിറുത്തുന്ന സ്നേഹമായിരുന്നത്. ദരിദ്രനും ധനികനും അവന്റെ മുന്നിൽ ഒന്നാണ്. സക്കേവൂസിനെയും ചുങ്കക്കാരൻ മത്തായിയെയും അവൻ വിളിച്ചു. രണ്ടുപേർക്കും സ്നേഹം നൽകി രണ്ടുപേരോടും ക്ഷമിച്ചു. ഒറ്റുകാരനെയും ഒറ്റയാക്കില്ല. കൂട്ട് നിൽക്കുമെന്ന് പറഞ്ഞവൻ അറിയില്ലെന്ന് പറഞ്ഞിട്ടും അവരെയും ഒരുപോലെ സ്നേഹിച്ചു. തള്ളിപ്പറഞ്ഞവനെയും തന്നെ തഴഞ്ഞവരെയും തന്നെ തകർക്കാൻ ശ്രമിച്ച് കുരുക്കൾ നീക്കിയ എല്ലാവരെയും ഒരേപോലെ സ്നേഹിച്ചു.  ഈ സ്നേഹമാണ് നാം ക്രിസ്തുവിന് തിരികെ നൽകേണ്ടത്.

പ്രതികൂലസാഹചര്യങ്ങളിൽ അവനെ വിട്ടു പിരിയാത്ത സ്നേഹം. പ്രതിബന്ധങ്ങളുടെ കൂട്ടിൽ ആയിരിക്കുമ്പോഴും അവനെ വിട്ട്കൊടുക്കാത്ത സ്നേഹം. സമൂഹത്തിന്റെ പിന്നാമ്പുറങ്ങളിൽ കഴിയുന്നവരെ മുൻനിരയിൽ കൊണ്ടെത്തിക്കുന്ന സ്നേഹം. വിശുദ്ധിയും നന്മയും ഒരേപോലെ കാണാൻ പഠിപ്പിക്കുന്ന സ്നേഹം. തനിക്കുനേരെ ഉയരുന്ന ആരോപണങ്ങളിൽ പോലും  അക്രമിക്കാതെ പിതാവ് ഏൽപ്പിച്ച ആരെയും നഷ്ടപ്പെടുത്താതെ തിരികെ ഏൽപ്പിക്കുന്ന സ്നേഹം. ഇങ്ങനെ സ്നേഹിച്ച് ഈശോയുമായുള്ള വ്യക്തിബന്ധത്തിൽ വളരാ൯ പരിശ്രമിക്കാം.

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 June 2022, 11:28