തിരയുക

അപരന് പ്രാധാന്യമേകുന്ന പരിശുദ്ധ ത്രിത്വത്തെ നമ്മുടെ മാതൃകയാക്കാം: ഫാൻസിസ്‌ പാപ്പാ

പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ ദിനത്തിലെ മദ്ധ്യാഹ്നനപ്രാർത്ഥനാവേളയിൽ ഫ്രാൻസീസ് പാപ്പാ പങ്കുവച്ച ചിന്തകൾ.
പാപ്പായുടെ പ്രഭാഷണത്തിന്റെ മലയാള പരിഭാഷയുടെ ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ ആയിരുന്ന ഈ ഞായറാഴ്‌ച (12/06/22) മദ്ധ്യാഹ്നത്തിൽ ഫ്രാൻസീസ് പാപ്പാ വത്തിക്കാനിൽ ഞായാറാഴ്ചകളിൽ പതിവുള്ള പൊതുവായ ത്രികാലപ്രാർത്ഥന നയിച്ചു. ഇതിൽ പങ്കുചേരാനും, ആശീർവാദം നേടുവാനുമായി, തീർത്ഥാടകരും സന്ദർശകരുമായ ആയിരക്കണക്കിന് ആളുകളാണ് ഇറ്റലിയുടെ പല ഭാഗങ്ങളിൽനിന്നും, വിവിധ രാജ്യങ്ങളിൽനിന്നും വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ നാമധേയത്തിലുള്ള ബസലിക്കയുടെ മുന്നിലെ വലിയ ചത്വരത്തിൽ എത്തിച്ചേർന്നത്. “കർത്താവിൻറെ മാലാഖ” എന്ന ത്രികാലജപപ്രാർത്ഥന നയിക്കുന്നതിനായി പാപ്പാ, റോമിലെ സമയം ഉച്ചയ്ക്ക് 12 മണിക്ക്, ഇന്ത്യയിലെ സമയം ഉച്ചകഴിഞ്ഞ് 3.30-ന്, പതിവുപോലെ, അപ്പസ്തോലിക കൊട്ടാരത്തിന്റെ ജാലകത്തിങ്കൽ എത്തിയപ്പോൾ ജനസമൂഹം ആനന്ദാരവങ്ങൾ ഉയർത്തി. ലത്തീൻ ആരാധനക്രമമനുസരിച്ച് ത്രിത്വത്തിന്റെ തിരുനാൾ ദിനത്തിൽ വിശുദ്ധബലിമധ്യേ വായിക്കപ്പെട്ട, വിശുദ്ധ യോഹന്നാൻറെ സുവിശേഷം പതിനാറാം അദ്ധ്യായം, 12 മുതൽ 15 വരെയുള്ള  വാക്യങ്ങളിൽ, വരുവാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് പഠിപ്പിക്കുന്ന പരിശുദ്ധാത്മാവിനെക്കുറിച്ചും, ത്രിത്വയ്ക ദൈവവത്തെക്കുറിച്ചുമുള്ള, ക്രിസ്തുവചനങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു പാപ്പാ ത്രികാലജപപ്രാർത്ഥനയോടനുബന്ധിച്ചുള്ള തന്റെ പ്രഭാഷണം നടത്തിയത്.

പ്രിയ സഹോദരീ സഹോദരന്മാരേ, ശുഭദിനം, ശുഭ ഞായർ!

അപരോന്മുഖമായ പരിശുദ്ധ ത്രിത്വം

ഇന്ന് പരമപരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളാണ്. ഇന്നത്തെ തിരുനാളിന്റെ സുവിശേഷത്തിൽ, യേശു മറ്റ് രണ്ട് ദൈവിക വ്യക്തികളായ പിതാവിനെയും പരിശുദ്ധാത്മാവിനെയും നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നു. ആത്മാവിനെക്കുറിച്ച് അവൻ പറയുന്നു: "അവൻ സ്വന്തമായതല്ല, മറിച്ച് എന്റേതായുള്ളത് എടുത്ത് നിങ്ങളോട് അറിയിക്കും." തുടർന്ന്, പിതാവിനെക്കുറിച്ച് സംസാരിക്കുമ്പോൾ അവൻ പറയുന്നു: "പിതാവിനുള്ളതെല്ലാം എന്റേതാണ്" (യോഹന്നാൻ 16: 14-15). പരിശുദ്ധാത്മാവ് തന്നെക്കുറിച്ചല്ല:, മറിച്ച് യേശുവിനെ അറിയിക്കുകയും പിതാവിനെ വെളിപ്പെടുത്തുകയും ചെയ്യുന്നു എന്ന് നമുക്ക് നിരീക്ഷിക്കാനാകും. കൂടാതെ, എല്ലാറ്റിന്റെയും ഉത്ഭവം അവനായതിനാൽത്തന്നെ, എല്ലാം സ്വന്തമായുള്ള പിതാവ്, പുത്രന് തനിക്കുള്ളതെല്ലാം നൽകുന്നുവെന്നും നമുക്ക് കാണാനാകും: അവൻ തനിക്കായി ഒന്നും മാറ്റിവയ്ക്കാതെ, തന്നെത്തന്നെ പൂർണ്ണമായും പുത്രന് നൽകുന്നു. അതായത്, പരിശുദ്ധാത്മാവ് തന്നെക്കുറിച്ചല്ല, യേശുവിനെക്കുറിച്ചാണ്, മറ്റുള്ളവരെക്കുറിച്ചാണ് സംസാരിക്കുന്നത്. പിതാവ് തന്നെത്തന്നെ നൽകുകയല്ല, പുത്രനെ നൽകുന്നു. ഇത് തുറന്ന ഉദാരതയാണ്, ഒരാൾ മറ്റൊരാളിലേക്ക് തുറന്നിരിക്കുന്നു.

സ്വാർത്ഥതയുടെ മനോഭാവം

ഇനി നമുക്ക് നമ്മിലേക്കും, നാം പറയുന്നവയെക്കുറിച്ചും, നമ്മുടേതായിരിക്കുന്നവയെക്കുറിച്ചും നോക്കാം. നാം സംസാരിക്കുമ്പോൾ ആളുകൾ നമ്മളെക്കുറിച്ച് നന്നായി പറയണമെന്ന് നാം ആഗ്രഹിക്കുന്നു, പലപ്പോഴും നമ്മൾ നമ്മളെക്കുറിച്ചും നമ്മൾ ചെയ്യുന്ന കാര്യങ്ങളെക്കുറിച്ചും മാത്രമാണ് സംസാരിക്കുന്നത്. അതും എത്ര തവണ! "ഞാൻ ഇത് ചെയ്തു, അത് ചെയ്തു...", "എനിക്ക് ഈ പ്രശ്നം ഉണ്ടായിരുന്നു ...". എപ്പോഴും ഇങ്ങനെയാണ് നമ്മൾ പറയുക. മറ്റുള്ളവരെക്കുറിച്ച് അറിയിച്ചുകൊണ്ട് സംസാരിക്കുന്ന പരിശുദ്ധാത്മാവിനോടും, പിതാവിനോടും, പുത്രനോടും താരതമ്യം ചെയ്യുമ്പോൾ എന്തൊരു വ്യത്യാസമാണുള്ളത്! ഇനി, നമുക്ക് സ്വന്തമായുള്ള കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോൾ, അവയെക്കുറിച്ച് നാം എത്ര അമിതശ്രദ്ധാലുക്കളാണ്, എത്ര വിഷമിച്ചാണ് അത് നാം മറ്റുള്ളവരുമായി, അതും, അത്യാവശ്യമായ കാര്യങ്ങൾ ഇല്ലാത്തവരുമായി പോലും പങ്കിടുന്നത്. വാക്കാൽ പറയുമ്പോൾ ഇത് എളുപ്പമാണ്, പക്ഷെ പ്രവർത്തിപദത്തിലേക്ക് വരുമ്പോൾ ഏറെ ബുദ്ധിമുട്ടാണ്.

ത്രിത്വം ഉയർത്തുന്ന ചോദ്യങ്ങൾ

ഈയൊരർത്ഥത്തിൽ, പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ ആഘോഷിക്കുന്നത് ദൈവശാസ്ത്രപരമായ വെറും ഒരു പ്രവർത്തിയായല്ല, മറിച്ച് നമ്മുടെ ജീവിതരീതിയുടെ ഒരു വിപ്ലവമായാണ്. തനിക്കുവേണ്ടിയല്ലാതെ, തുടർച്ചയായ ബന്ധത്തിലും സമ്പർക്കത്തിലും, ഒരാൾ മറ്റൊരാൾക്കുവേണ്ടി ജീവിക്കുന്ന ത്രിത്വയ്കദൈവം, മറ്റുള്ളവരോടൊപ്പവും മറ്റുള്ളവർക്കു വേണ്ടിയും ജീവിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു. തുറന്ന വ്യക്തികളായി. നമ്മുടെ ജീവിതം നാം വിശ്വസിക്കുന്ന ദൈവത്തെ പ്രതിഫലിപ്പിക്കുന്നുണ്ടോ എന്ന് ഇന്ന് നമുക്ക് സ്വയം ചോദിക്കാം: പിതാവിലും പുത്രനിലും പരിശുദ്ധാത്മാവിലുമുള്ള വിശ്വാസം ഏറ്റുപറയുന്ന ഞാൻ, എനിക്ക് ജീവിക്കാനായി, മറ്റുള്ളവരെ ആവശ്യമുണ്ടോ, മറ്റുള്ളവർക്ക് ഞാൻ എന്നെത്തന്നെ നൽകേണ്ട ആവശ്യമുണ്ടോ, മറ്റുള്ളവരെ ഞാൻ സേവിക്കേണ്ട ആവശ്യമുണ്ടോ? അത് ഞാൻ വാക്കുകളാലാണോ അതോ ജീവിതം കൊണ്ടാണോ ഉറപ്പിക്കുന്നത്?

ദൈവസ്നേഹം പ്രവൃത്തികളിൽ

ത്രിയേകദൈവത്തെ, പ്രിയ സഹോദരീ സഹോദരന്മാരേ, വാക്കുകളേക്കാൾ പ്രവൃത്തികൾ കൊണ്ട് ആണ് കാണിക്കേണ്ടത്. ജീവന്റെ സൃഷ്ടികർത്താവായ ദൈവത്തെ, പുസ്തകങ്ങളേക്കാൾ കൂടുതലായി ജീവന്റെ സാക്ഷ്യത്തിലൂടെയാണ് മറ്റുള്ളവരിലേക്ക് പകർന്നു കൊടുക്കേണ്ടത്. യോഹന്നാൻ സുവിശേഷകൻ എഴുതിയതുപോലെ, "സ്നേഹമായ" (1 യോഹന്നാൻ 4:16) അവൻ, സ്നേഹത്തിലൂടെ സ്വയം വെളിപ്പെടുത്തുന്നു. നാം കണ്ടുമുട്ടിയ നല്ല, ഉദാരമനസ്കരായ, സൗമ്യരായ ആളുകളെക്കുറിച്ച് നമുക്ക് ചിന്തിക്കാം: അവരുടെ ചിന്താരീതിയും പ്രവർത്തനരീതിയും ഓർക്കുന്നതിലൂടെ, ദൈവസ്നേഹത്തിന്റെ ഒരു ചെറിയ പ്രതിഫലനം നമുക്ക് ലഭിക്കും. ഇനി, സ്നേഹിക്കുക എന്നതിന്റെ അർത്ഥമെന്താണ്? മറ്റുള്ളവരെ ഇഷ്ടപ്പെടുകയും നല്ല പ്രവർത്തികൾ ചെയ്യുകയും മാത്രമല്ല, അതിനു മുൻപായി, അവരെ അടിസ്ഥാനപരമായി, സ്വീകരിക്കുക, മറ്റുള്ളവരോട് തുറന്നവരായിക്കുക, മറ്റുള്ളവർക്ക് സ്ഥാനം നൽകുക, മറ്റുള്ളവർക്ക് ഇടം നൽകുക. വേരിൽത്തന്നെ സ്നേഹിക്കുക എന്നാണ് ഇതിനർത്ഥം.

കുരിശുവരയും ജീവിതവും

ഇക്കാര്യം നന്നായി മനസ്സിലാക്കാൻവേണ്ടി, കുരിശിന്റെ അടയാളം വരയ്ക്കുമ്പോഴെല്ലാം നാം പറയുന്ന ദൈവിക വ്യക്തികളുടെ പേരുകളെക്കുറിച്ച് ചിന്തിക്കാം: ഓരോ നാമത്തിലും മറ്റൊരാളുടെ സാന്നിധ്യം ഉണ്ട്. ഉദാഹരണത്തിന്, പുത്രനില്ലാതെ പിതാവ് അങ്ങനെയായിരിക്കില്ല; അതുപോലെ, എപ്പോഴും, പിതാവിന്റെ പുത്രനായല്ലാതെ, പുത്രനെക്കുറിച്ച് മാത്രമായി കരുതാൻ കഴിയില്ല. പരിശുദ്ധാത്മാവാകട്ടെ, പിതാവിന്റെയും പുത്രന്റെയും ആത്മാവാണ്. ചുരുക്കത്തിൽ, മറ്റൊരാളില്ലാതെ ഒറ്റയ്ക്കായിരിക്കാൻ കഴിയില്ലെന്ന് ത്രിത്വം നമ്മെ പഠിപ്പിക്കുന്നു. നമ്മൾ ദ്വീപുകളല്ല, തുറന്ന മനുഷ്യരായി, മറ്റുള്ളവരെക്കൊണ്ട് ആവശ്യമുള്ളവരും, മറ്റുള്ളവരെ സഹായിക്കാൻ ആവശ്യമുള്ളവരുമായ ആളുകളായി, ദൈവത്തിന്റെ പ്രതിച്ഛായയിൽ ജീവിക്കാൻ വേണ്ടിയാണ് നാം ഈ ലോകത്ത് ആയിരിക്കുന്നത്. അതിനാൽ, നമുക്ക് ഈ അവസാന ചോദ്യം സ്വയം ചോദിക്കാം: ദൈനംദിന ജീവിതത്തിൽ ഞാനും ത്രിത്വത്തിന്റെ പ്രതിഫലനമാണോ? എല്ലാ ദിവസവും ഞാൻ വരയ്ക്കുന്ന കുരിശടയാളം - പിതാവും പുത്രനും പരിശുദ്ധാത്മാവും -, നമ്മൾ എല്ലാ ദിവസവും വരയ്ക്കുന്ന ആ കുരിശിന്റെ അടയാളം, അതിൽത്തന്നെ ഒതുങ്ങുന്ന അർത്ഥമുള്ള ഒരു അടയാളമായി തുടരുന്നോ അതോ, അത് എന്റെ സംസാരത്തിന്റെയും, ബന്ധപ്പെടലിന്റെയും, പ്രതികരിക്കുന്നതിന്റെയും, വിലയിരുത്തുന്നതിന്റെയും ക്ഷമിക്കുന്നതിന്റെയും രീതികളെ സ്വാധീനിക്കുന്നുണ്ടോ?

പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യം

പിതാവിന്റെ മകളും, പുത്രന്റെ അമ്മയും, പരിശുദ്ധാത്മാവിന്റെ മണവാട്ടിയുമായ മാതാവ്, സ്നേഹമാകുന്ന ദൈവത്തിന്റെ രഹസ്യാത്മകതയെ സ്വീകരിക്കാനും, ജീവിതത്തിൽ സാക്ഷ്യം വഹിക്കാനും നമ്മെ സഹായിക്കട്ടെ.

ഈ വാക്കുകളെ തുടർന്ന് മാർപ്പാപ്പാ ത്രികാലജപപ്രാർത്ഥന നയിക്കുകയും ആശീർവ്വാദം നല്കുകയും ചെയ്തു.

രക്തസാക്ഷികളും ക്രൈസ്തവവിശ്വാസവും

ആശീർവ്വാദാനന്തരം എല്ലാവരെയും വീണ്ടും അഭിവാദ്യം ചെയ്ത പാപ്പാ ജൂൺ 11 ഞായറാഴ്ച പോളണ്ടിലെ ബ്രെസ്ലാവിയയിൽ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കപ്പെട്ട പത്ത് സംന്ന്യാസിനിമാരെക്കുറിച്ച് പരാമർശിച്ചു. രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനകാലത്ത്, ക്രൈസ്തവവിശ്വാസത്തോടുള്ള എതിർപ്പ് കാരണം, കൊല്ലപ്പെട്ട പാസ്‌ക്വലീന യാൻ മറ്റ് ഒൻപത് സാഹാരക്തസാക്ഷികൾ എന്നിവർ, തങ്ങൾ നേരിട്ടേക്കാവുന്ന അപകടത്തെക്കുറിച്ച് അറിഞ്ഞിട്ടും, തങ്ങൾ ശുശ്രൂഷ ചെയ്തിരുന്ന വയോധികരും രോഗികളുമായി ആളുകളുടെ ഒപ്പം തുടരുകയായിരുന്നു എന്ന് അനുസ്മരിച്ചു. ഈ പത്ത് രക്തസാക്ഷികൾ നൽകുന്ന ക്രിസ്തുവിനോടുള്ള വിശ്വസ്തതയുടെ ജീവിതസാക്ഷ്യം, നമ്മെയെല്ലാവരെയും, പ്രത്യേകിച്ച്, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വിശ്വാസത്തിനുവേണ്ടി പീഢയാനുഭവിക്കുന്ന ക്രൈസ്തവരെ, സുവിശേഷത്തിന് ധൈര്യപൂർവ്വം സാക്ഷ്യം വഹിക്കാൻ സഹായിക്കട്ടെയെന്ന് പാപ്പാ ആശംസിച്ചു.

കോംഗോ, തെക്കൻ സുഡാൻ അപ്പസ്തോലികയാത്രകൾ

ജൂലൈ മാസത്തിന്റെ ആരംഭത്തിൽ താൻ സന്ദർശിക്കേണ്ടിയിരുന്ന കോംഗോ, തെക്കൻ സുഡാൻ രാജ്യങ്ങളിലെ ജനങ്ങളെയും അധികാരികളെയുമാണ് പാപ്പാ തുടർന്ന് അഭിസംബോധന ചെയ്തത്. തന്റെ കാലിലെ പ്രശ്നങ്ങൾ കാരണം ഈ യാത്രകൾ മാറ്റിവയ്‌ക്കേണ്ടിവന്നതിൽ പാപ്പാ ഖേദം പ്രകടിപ്പിക്കുകയും ക്ഷമ ചോദിക്കുകയും ചെയ്തു. ദൈവത്തിന്റെയും, ചികിത്സയുടെയും സഹായത്തോടെ കഴിയുന്നതും വേഗം അവർക്കരികിലേക്ക് പോകാമെന്ന പ്രത്യാശയും പാപ്പാ പ്രകടിപ്പിച്ചു.

ബാലവേലവിരുദ്ധദിനം

തുടർന്ന് ഞായറാഴ്ച ആചരിക്കപ്പെട്ട ബാലവേലവിരുദ്ധദിനത്തെക്കുറിച്ച് പാപ്പാ സംസാരിച്ചു. കുട്ടികളുടെ മൗലികാവകാശങ്ങൾ നഷ്ടപ്പെടാതിരിക്കാനും, നിർബന്ധപൂർവ്വം ജോലി ചെയ്യിക്കപ്പെടാതിരിക്കാനുംവേണ്ടി നമുക്ക് പരിശ്രമിക്കാമെന്നും, ഈയൊരു വിപത്തിനെ ഇല്ലാതാക്കാമെന്നും പാപ്പാ ഉദ്‌ബോധിപ്പിച്ചു. കുട്ടികൾ ജോലിക്കായി ചൂഷണം ചെയ്യപ്പെടുന്നത് എല്ലാവരുടെയും മുന്നിൽ ഒരു വെല്ലുവിളിയായി തുടരുന്നുവെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

ഉക്രൈൻ ജനതയും യുദ്ധക്കെടുതികളും

യുദ്ധത്തിൽ ദുരിതമനുഭവിക്കുന്ന ഉക്രേനിയൻ ജനതയെക്കുറിച്ചുള്ള ചിന്ത എപ്പോഴും തന്റെ ഹൃദയത്തിൽ സജീവമാണെന്ന് പറഞ്ഞ പാപ്പാ, സമയം കടന്നുപോകുന്നതിനൊപ്പം, നമ്മുടെ ഹൃദയങ്ങൾ തണുത്തുറഞ്ഞുപോകരുതെന്നും, അടിച്ചമർത്തപ്പെടുന്ന ആ ജനതയ്ക്കായുള്ള നമ്മുടെ ആശങ്ക മറന്നുപോകരുതെന്നും ഓർമ്മിപ്പിച്ചു. ഈയൊരു അവസ്ഥയുമായി നാം താദാത്മ്യം ചെയ്തു മുന്നോട്ട് പോകരുതെന്നോർമ്മിപ്പിച്ച പാപ്പാ, സമാധാനത്തിനായി പ്രാർത്ഥിക്കുകയും, പോരാടുകയും ചെയ്യാമെന്നും ആഹ്വാനം ചെയ്തു.

വിവിധ സമൂഹങ്ങൾ

റോമക്കാരും, ഇറ്റലിയുടെ മറ്റു ഭാഗങ്ങളിൽനിന്നും, മറ്റു രാജ്യങ്ങളിൽനിന്നും വന്ന തീർത്ഥാടകരെ അഭിസംബോധന ചെയ്ത പാപ്പാ, സ്പെയിൻ, പോളണ്ട് എന്നിവിടങ്ങളിൽനിന്ന് വന്ന ആളുകളെ പ്രത്യേകമായി പരാമർശിച്ചു. വിവിധ സ്ഥാപനങ്ങളിൽനിന്ന് വന്ന ആളുകളെ, പ്രത്യേകിച്ച്, AVIS എന്ന രക്തദാനസംഘത്തെ സംബോധനചെയ്ത പാപ്പാ, അവർ ചെയ്യുന്നത് ഐക്യത്തിന്റെ ശ്രേഷ്ഠമായ പ്രവൃത്തിയാണെന്ന് എടുത്തുപറഞ്ഞു.

എല്ലാവർക്കും ഒരിക്കൽക്കൂടി നല്ലൊരു ഞായറാഴ്ച ആശംസിച്ച പാപ്പാ, തനിക്കുവേണ്ടി പ്രാർത്ഥനകൾ ആവശ്യപ്പെടുകയും, വീണ്ടും കാണാമെന്ന വാക്കുകളോടെ അപ്പസ്തോലികകൊട്ടാരത്തിന്റെ ജനാലയ്ക്കൽനിന്ന് പിൻവാങ്ങുകയും ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 June 2022, 13:25

ത്രികാലപ്രാര്‍ത്ഥന - ദിവസത്തിൽ മൂന്നു പ്രാവശ്യം ജപിക്കുന്ന സഭയുടെ ഔദ്യോഗിക പ്രാർത്ഥനയാണിത്. സനാതനമായ രക്ഷാകര രഹ്യമാണ് ഇതിന്‍റെ ഉള്ളടക്കം. രാവിലെ
6 മണിക്കും, മദ്ധ്യാഹ്നം 12 മണിക്കും, വൈകുന്നേരം 6 മണിക്കും ദേവാലയമണി മുഴങ്ങുമ്പോഴാണ് ഇത് ഉരുവിടുന്നത്.  

കര്‍ത്താവിന്‍റെ മാലാഖ... എന്നു തുടങ്ങുന്ന ത്രികാലജപം സാധാരണകാലങ്ങളില്‍ ചൊല്ലുമ്പോള്‍ പെസഹാക്കാലത്ത് സ്വര്‍ല്ലോക രാജ്ഞിയേ... എന്ന പ്രാര്‍ത്ഥനയുമാണ് ചൊല്ലുന്നത്. പ്രാര്‍ത്ഥനയുടെ ഇടയ്ക്ക് ചൊല്ലുന്ന നന്മനിറഞ്ഞ മറിയമേ, എന്ന ജപം ക്രിസ്തുവിന്‍റെ രക്ഷാകര ചരിത്രത്തില്‍ മറിയത്തിനുള്ള പങ്ക് വിളിച്ചോതുന്നു. ത്രിത്വസ്തുതിയോടെയാണ് ത്രികാലപ്രാര്‍ത്ഥന അവസാനിക്കുന്നത്.


പൊതുവെ എല്ലാ ഞായറാഴ്ചകളിലും സവിശേഷദിനങ്ങളിലും മദ്ധ്യാഹ്നത്തിലാണ് “ആഞ്ചെലൂസ്…” എന്ന ശീര്‍ഷകത്തില്‍ പാപ്പായുടെ സാന്നിദ്ധ്യത്തില്‍ ത്രികാലപ്രാ‍ര്‍ത്ഥന നടത്തപ്പെടുന്നത്. ഞായറാഴ്ചകളില്‍ മദ്ധ്യാഹ്നം കൃത്യം 12 മണിക്ക് വത്തിക്കാനിലെ അപ്പസ്തോലിക അരമനയുടെ മൂന്നാംനിലയുടെ രണ്ടാം ജാലകത്തില്‍ പ്രത്യക്ഷപ്പെട്ട്, താഴെ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ സമ്മേളിച്ചിരിക്കുന്ന തീര്‍ത്ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കുമൊപ്പം പാപ്പാ ത്രികാലപ്രാര്‍ത്ഥന ചൊല്ലുന്ന പതിവിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.

ഏറ്റവും ഒടുവിലത്തെ ത്രികാലപ്രാര്‍ത്ഥന

വായിച്ചു മനസ്സിലാക്കാന്‍ >