തിരയുക

ഉറച്ച തീരുമാനത്തോടെ സേവനത്തിന്റെ പാതയിൽ യേശുവിനെ പിഞ്ചെല്ലുക: ഫ്രാൻസിസ് പാപ്പാ

ജൂൺ 26 ഞായറാഴ്ച മദ്ധ്യാഹ്നനപ്രാർത്ഥനാവേളയിൽ ഫ്രാൻസീസ് പാപ്പാ പങ്കുവച്ച ചിന്തകളുടെ മലയാള പരിഭാഷ.
പാപ്പായുടെ പ്രഭാഷണത്തിന്റെ മലയാള പരിഭാഷയുടെ ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ജൂൺ 26-ആം തീയതി ഞായറാഴ്‌ച മദ്ധ്യാഹ്നത്തിൽ ഫ്രാൻസീസ് പാപ്പാ, വത്തിക്കാനിൽ ഞായാറാഴ്ചകളിൽ പതിവുള്ള പൊതുവായ ത്രികാലപ്രാർത്ഥന നയിച്ചു. ഇതിൽ പങ്കുകൊള്ളുന്നതിന് വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ ചത്വരത്തിനകത്തും പുറത്തുമായി ഇറ്റലിക്കാരും മറ്റു രാജ്യക്കാരുമായിരുന്ന ആയിരക്കണക്കിന് വിശ്വാസികൾ സന്നിഹിതരായിരുന്നു. “കർത്താവിൻറെ മാലാഖ” എന്ന ത്രികാലജപപ്രാർത്ഥന നയിക്കുന്നതിനായി പാപ്പാ, റോമിലെ സമയം ഉച്ചയ്ക്ക് 12 മണിക്ക്, ഇന്ത്യയിലെ സമയം ഉച്ചകഴിഞ്ഞ് 3.30-ന്, പതിവുപോലെ, അപ്പസ്തോലിക കൊട്ടാരത്തിന്റെ ജാലകത്തിങ്കൽ എത്തിയപ്പോൾ തീർത്ഥാടകരും സന്ദർശകരുമായെത്തിയ ജനസമൂഹം ആനന്ദാരവങ്ങൾ ഉയർത്തി. ലത്തീൻ ആരാധനാക്രമപ്രകാരം ഈ ഞായറാഴ്ചയിലെ വിശുദ്ധബലിമധ്യേ വായിക്കപ്പെട്ട, വിശുദ്ധ ലൂക്കായുടെ സുവിശേഷം ഒൻപതാം അദ്ധ്യായം അൻപത്തിയൊന്നു മുതൽ അറുപത്തിരണ്ടു വരെയുള്ള വാക്യങ്ങളിൽ, യേശു ഉറച്ച തീരുമാനത്തോടെ, പിതാവിന്റെ ഹിതം നിറവേറ്റാനായി, തന്റെ ശിഷ്യന്മാർക്കൊപ്പം ജെറുസലേമിലേക്ക് പോകുന്നതും, വഴിമധ്യേ സമരിയക്കാരുടെ ഗ്രാമത്തിൽ തിരസ്കരിക്കപ്പെടുന്നതുമായ ഭാഗം ഉൾക്കൊള്ളുന്ന തിരുവചനങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു പാപ്പാ ത്രികാലജപപ്രാർത്ഥനയോടനുബന്ധിച്ചുള്ള തന്റെ പ്രഭാഷണം നടത്തിയത്.

ഉറച്ച തീരുമാനത്തോടെയുള്ള യാത്ര

പ്രിയ സഹോദരീ സഹോദരന്മാരേ, ശുഭദിനം!

ആരാധനാക്രമമനുസരിച്ചുള്ള ഈ ഞായറാഴ്ചത്തെ സുവിശേഷം നമ്മോട് ഒരു വഴിത്തിരിവിനെക്കുറിച്ചാണ് സംസാരിക്കുന്നത്. അത് ഇപ്രകാരമാണ്: "തന്റെ ആരോഹണത്തിന്റെ ദിവസങ്ങൾ പൂർത്തിയായിക്കൊണ്ടിരിക്കവേ, അവൻ ജെറുസലേമിലേക്ക് പോകാൻ ഉറച്ചു" (ലൂക്കാ 9:51). അവസാനത്തേതായതിനാൽ, പ്രത്യേകമായ ഒരു തീരുമാനം ആവശ്യമായ, വിശുദ്ധ നഗരത്തിലേക്കുള്ള മഹത്തായ യാത്ര ആരംഭിക്കുന്നത് ഇങ്ങനെയാണ്. ഇനിയും വളരെ ലൗകികമായ ആവേശം നിറഞ്ഞ ശിഷ്യന്മാർ, ഗുരു വിജയത്തിലേക്ക് പോകുമെന്ന് സ്വപ്നം കാണുന്നു; എന്നാൽ അതേസമയം, ജറുസലേമിൽ തന്നെ കാത്തിരിക്കുന്നത് തിരസ്കരണവും മരണവുമാണെന്ന് യേശുവിന് അറിയാം (cf. Lk 9: 22.43b-45); ഒരുപാട് സഹിക്കേണ്ടിവരുമെന്ന് അവനറിയാം; അതുകൊണ്ടുതന്നെ ഉറച്ച ഒരു തീരുമാനം ആവശ്യമാണ്. അങ്ങനെ യേശു ഉറച്ച ചുവടുവയ്പ്പോടെ ജെറുസലേമിലേക്ക് പോകുന്നു. യേശുവിന്റെ ശിഷ്യന്മാരാകാൻ ആഗ്രഹിക്കുന്നുവേണ്ടികിൽ നാമും എടുക്കേണ്ട തീരുമാനം തന്നെയാണിത്. ഈ തീരുമാനത്തിൽ എന്താണ് അടങ്ങിയിരിക്കുന്നത്? എന്തുകൊണ്ട് നാം യേശുവിന്റെ ശരിക്കുമുള്ള, ശരിയായ തീരുമാനമെടുത്ത ശിഷ്യന്മാരാകണം? അല്ലാതെ, ഞാൻ കണ്ടുമുട്ടിയ ഒരു വൃദ്ധ പറഞ്ഞതുപോലെ, ക്രൈസ്തവരുടെ ഗന്ധം മാത്രമുള്ള (rosewater Christians), നാമമാത്ര ക്രിസ്ത്യാനികളാകാതിരിക്കണം?   അങ്ങനെയല്ല, നാം ഉറച്ച തീരുമാനമെടുത്ത ക്രിസ്ത്യാനികൾ ആയിരിക്കണം. ലൂക്കാ സുവിശേഷകൻ വിവരിക്കുന്ന സംഭവം ഇക്കാര്യം മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്നു.

പ്രതികാരവും സ്നേഹവും

അവൻ യാത്രയിലായിരുന്നപ്പോൾ, യേശു ശത്രുനഗരമായിരുന്ന ജെറുസലേമിലേക്കാണ് പോകുന്നതെന്നറിഞ്ഞ, സമരിയക്കാരുടെ ഒരു ഗ്രാമം അവനെ സ്വീകരിച്ചില്ല. ഇതിൽ രോക്ഷാകുലരായ യാക്കോബ്, യോഹന്നാൻ അപ്പസ്തോലന്മാർ, സ്വർഗ്ഗത്തിൽനിന്ന് തീയിറക്കി ആ ജനതയെ ശിക്ഷിക്കാൻ യേശുവിനോട് ഉപദേശിക്കുന്നു. യേശു ആ ഉപദേശം സ്വീകരിക്കുന്നില്ലെന്ന് മാത്രമല്ല, ഇരു സഹോദരന്മാരെയും ശാസിക്കുകയും ചെയ്തു. പ്രതികാരം ചെയ്യാനുള്ള തങ്ങളുടെ ആഗ്രഹത്തിൽ അവനെയും പങ്കുചേർക്കാൻ അവർ ആഗ്രഹിക്കുന്നു, എന്നാൽ അവൻ അതിന് വഴിപ്പെടുന്നില്ല (cf. vv. 52-55). അവൻ ഈ ഭൂമിയിൽ മറ്റൊരു അഗ്നി കൊണ്ടുവരാനാണ് വന്നത് (cf. Lk 12:49), അത് പിതാവിന്റെ കരുണാർദ്രമായ സ്നേഹമാണ്. ഈയൊരു അഗ്നിയെ വളർത്താൻ, ക്ഷമയും, സ്ഥിരതയും, പശ്ചാത്താപത്തിന്റെ മനോഭാവവും ആവശ്യമാണ്.

നന്മകൾ സ്വീകരിക്കുന്നയിടങ്ങൾ തേടുക

യാക്കോബും യോഹന്നാനും, കോപത്താൽ നയിക്കപ്പെടുവാൻ തങ്ങളെത്തന്നെ വിട്ടുകൊടുക്കുന്നു. ത്യാഗപൂർവ്വം നന്മകൾ ചെയ്യുമ്പോഴും, സ്വാഗതം ചെയ്യപ്പെടുന്നതിന് പകരം അടഞ്ഞ വാതിൽ കണ്ടെത്തുമ്പോൾ, ഇത് നമുക്കും സംഭവിക്കുന്നു. അപ്പോൾ നമുക്കും കോപം വരികയും, സ്വർഗ്ഗത്തിന്റെ ശിക്ഷകൾ വരുമെന്ന് ഭീഷണിപ്പെടുത്തി ദൈവത്തെപ്പോലും അതിൽ ഉൾപ്പെടുത്താനും നാം ശ്രമിക്കുന്നു. എന്നാൽ യേശു, കോപത്തിന്റെ വഴിയല്ല, മുന്നോട്ടുപോകുവാനുള്ള ഉറച്ച തീരുമാനത്തിന്റെ മറ്റൊരു വഴിയെ സഞ്ചരിക്കുന്നു. ഈ തീരുമാനം, കാഠിന്യത്തിൽനിന്ന് അകന്ന്, ശാന്തത, അക്ഷമത, ദീർഘക്ഷമത, എന്നിവയെ സൂചിപ്പിക്കുന്നതും, നന്മ ചെയ്യുന്നതിനുള്ള പ്രതിബദ്ധതയിൽനിന്ന് അല്പം പോലും അയവില്ലാത്തതുമാണ്. ഇപ്രകാരം ആയിരിക്കുന്നത്, ബലഹീനതയെ അല്ല, മറിച്ച്, ആന്തരികമായ വലിയ ഒരു ശക്തിയെയാണ് സൂചിപ്പിക്കുന്നത്. എതിർപ്പുകളുണ്ടാകുമ്പോൾ, കോപത്താൽ നയിക്കപ്പെടുവാൻ നമ്മെത്തന്നെ വിട്ടുകൊടുക്കുന്നത് എളുപ്പമാണ്, അത് ജന്മവാസനയാണ്. പകരം, സുവിശേഷത്തിൽ പറയുന്നതുപോലെ, മറ്റൊരു ഗ്രാമത്തിലേക്ക് യാത്ര തുടങ്ങുന്ന യേശുവിനെപ്പോലെ, സ്വയം നിയന്ത്രിക്കുക എന്നതാണ് ബുദ്ധിമുട്ടുള്ളത് (വാ. 56). നമ്മുടെ മുന്നിൽ തിരസ്കാരങ്ങൾ കാണുമ്പോൾ, കുറ്റപ്പെടുത്തുന്നതിനുപകരം, മറ്റിടങ്ങളിൽ നന്മകൾ ചെയ്യുന്നതിലേക്ക് നാം തിരിയണം എന്നാണ് ഇതിനർത്ഥം. അങ്ങനെ, പ്രശാന്തതയുള്ള, ചെയ്ത നന്മകളിൽ സന്തോഷമുള്ള, മനുഷ്യരുടെ അംഗീകാരങ്ങൾ തേടാത്ത വ്യക്തികളായിരിക്കുവാൻ യേശു നമ്മെ സഹായിക്കുന്നു.

മറ്റുള്ളവരുടെ അംഗീകാരം തേടാതിരിക്കുക

ഇനി നമുക്ക് സ്വയം ചോദിക്കാം: നമ്മൾ എവിടെയെത്തി? നമ്മൾ എവിടെയാണ്? എതിർപ്പുകളുടെയും തെറ്റിദ്ധാരണകളുടെയും മുന്നിൽ, നാം കർത്താവിലേക്ക് തിരിയുന്നുണ്ടോ? നന്മ ചെയ്യുന്നതിൽ അവന്റെ സ്ഥൈര്യത്തിനായി നാം അവനോട് അപേക്ഷിക്കുന്നുണ്ടോ? അതോ, കൈയടികളിൽ നാം അംഗീകാരങ്ങൾ തേടുകയും, അവ കേൾക്കാത്തപ്പോൾ പാരുഷ്യമുള്ളവരും, നീരസമുള്ളവരുമായി നാം മാറുന്നുണ്ടോ? എത്രയോ തവണ, ഏറെക്കുറെ ബോധപൂർവ്വം, കൈയ്യടികൾ, മറ്റുള്ളവരുടെ അംഗീകാരം നാം തേടുന്നു? കൈയടിക്ക് വേണ്ടി നമ്മൾ ഏതെങ്കിലും കാര്യം ചെയ്യുന്നുണ്ടോ? എങ്കിൽ, അത് ശരിയല്ല. സേവനത്തിനായി നാം നന്മ ചെയ്യണം, കൈയടി തേടരുത്. ഒരു നല്ല കാര്യത്തിനുവേണ്ടിയുള്ള നീതിബോധമാണ് നമ്മുടെ തീക്ഷ്ണതയ്ക്ക് കാരണമെന്ന് ചിലപ്പോൾ  കരുതിയേക്കാം, എന്നാൽ വാസ്തവത്തിൽ അത് പലപ്പോഴും അഹങ്കാരത്തിനൊപ്പം, ബലഹീനതയും അതിസംവേദകത്വവും അക്ഷമയും ചേർന്നതാണ്. അതിനാൽ, യേശുവിനോട്, അവനെപ്പോലെ ആയിത്തീരാനും, സേവനത്തിന്റെ ഈ പാതയിൽ ഉറച്ച തീരുമാനത്തോടെ അവനെ അനുഗമിക്കാനും ഉള്ള ശക്തിക്കായി നമുക്ക് അപേക്ഷിക്കാം. ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോഴും, നമ്മൾ നമ്മെത്തന്നെ നന്മയ്ക്കായി വ്യയം ചെയ്യുകയും, മറ്റുള്ളവർ അത് മനസ്സിലാക്കാതിരിക്കുകയും, അതിലുപരി നമ്മെ അസ്വീകാര്യരാക്കുകയും ചെയ്യുമ്പോഴും പ്രതികാരബുദ്ധി ഉള്ളവരാകാതിരിക്കാനും, അസഹിഷ്ണുതയുള്ളവരാകാതിരിക്കാനും വേണ്ടി നമുക്ക് അപേക്ഷിക്കാം. നിശ്ശബ്ദരായിരിക്കുകയും, മുന്നോട്ട് പോവുകയും ചെയ്യാം.

അവസാനം വരെ സ്നേഹത്തിൽ തുടരാനുള്ള യേശുവിന്റെ ഉറച്ച തീരുമാനം നമ്മുടേതായി ഏറ്റെടുക്കുവാൻ കന്യകാമറിയം നമ്മെ സഹായിക്കട്ടെ.

ഈ വാക്കുകളെ തുടർന്ന് മാർപ്പാപ്പാ ത്രികാലജപപ്രാർത്ഥന നയിക്കുകയും ആശീർവ്വാദം നല്കുകയും ചെയ്തു.

എക്വഡോറിൽ തുടരുന്ന അക്രമങ്ങൾ

ആശീർവാദത്തിനു ശേഷം തന്റെ വാക്കുകൾ തുടർന്ന പാപ്പാ, എക്വഡോറിലെ സ്ഥിതിയെ പരാമർശിച്ചുകൊണ്ട്, അവിടെ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങൾ ആശങ്കയോടെയാണ് താൻ പിന്തുടരുന്നതെന്ന് പറഞ്ഞു. എക്വഡോറിലെ ജനതയോട് സാമീപ്യം പ്രഖ്യാപിച്ച പാപ്പാ, അക്രമവും തീവ്രനിലപാടുകളും ഉപേക്ഷിക്കാൻ എല്ലാ ആളുകളോടും ആഹ്വാനം ചെയ്തു. പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്കും ദരിദ്രർക്കും പ്രത്യേക ശ്രദ്ധ നൽകിക്കൊണ്ട്, എന്നാൽ എല്ലാവരുടെയും അവകാശങ്ങളെയും, രാജ്യത്തെ സ്ഥാപനങ്ങളെയും മാനിച്ചുകൊണ്ട്, പരസ്പര സംഭാഷണത്തിലൂടെ മാത്രമേ സാമൂഹിക സമാധാനം കണ്ടെത്താനാകൂ എന്ന് ഉദ്‌ബോധിപ്പിച്ച പാപ്പാ, കഴിയുന്നതും വേഗം അത് സാധ്യമാകട്ടെയെന്നാണ് താൻ ആഗ്രഹിക്കുന്നത് എന്നും കൂട്ടിച്ചേർത്തു.

ഹെയ്തിയിൽ കൊല്ലപ്പെട്ട സി. ലൂയിസ ദെൽ ഓർത്തോ

ഹെയ്തി തലസ്ഥാനമായ പോർട്ട് ഓഫ് പ്രിൻസിൽ ജൂൺ 25 ശനിയാഴ്ച കൊല്ലപ്പെട്ട, സി. ലൂയിസ ദെൽ ഓർത്തോയുടെ കുടുംബാംഗങ്ങൾക്കും, സാഹസന്ന്യാസിനിമാർക്കും, തന്റെ സാമീപ്യം അറിയിച്ച പാപ്പാ, കഴിഞ്ഞ ഇരുപതു വർഷങ്ങളായി അവിടുത്തെ തെരുവുകുട്ടികളുടെ സേവനത്തിനായാണ് സിസ്റ്റർ തന്റെ ജീവിതം അർപ്പിച്ചിരുന്നതെന്ന് ഓർമ്മിച്ചു. ചാൾസ് ദേ ഫൂക്കോ സ്ഥാപിച്ച സുവിശേഷത്തിന്റെ ചെറിയ സഹോദരിമാർ എന്ന സന്ന്യാസസഭംഗമായിരുന്ന സി. ലൂയിസയുടെ ആത്മാവിനെ ദൈവത്തിന് ഭരമേല്പിച്ച പാപ്പാ, ഹെയ്തിയിലെ ജനതയ്ക്കുവേണ്ടി, പ്രത്യേകിച്ച് കുട്ടികൾക്കുവേണ്ടി പ്രാർത്ഥിക്കുകയും, അവർക്ക് സമാധാനപരമായ ഒരു ഭാവി ഉണ്ടാകട്ടെയെന്ന് ആശംസിക്കുകയും ചെയ്തു. മറ്റുള്ളവർക്ക് വേണ്ടി നൽകിയ രക്തസാക്ഷിത്വമായിരുന്നു സിസ്റ്റർ ലൂയീസയുടെ ജീവിതമെന്ന് പാപ്പാ പറഞ്ഞു.

പൊതു സമൂഹം

ചത്വരത്തിൽ എത്തിയ എല്ലാവരെയും, പ്രത്യേകിച്ച് ഇറ്റലി, അർജന്റീന, പോർച്ചുഗൽ, ഫ്രാൻസ്, ഓസ്ട്രിയ എന്നിവിടങ്ങളിൽനിന്നും, മറ്റു രാജ്യങ്ങളിൽനിന്നും എത്തിയ തീർത്ഥാടകരെയും പാപ്പാ അഭിസംബോധന ചെയ്തു.

ഉക്രൈൻ യുദ്ധം

ഉക്രൈനിലെ പതാകയുമായി നിന്ന ആളുകളെക്കുറിച്ച് പറയവേ, ഉക്രൈനിൽ തുടരുന്ന ബോംബാക്രമണങ്ങളെ പാപ്പാ വീണ്ടും അപലപിച്ചു. ഇത്, ജനതകളുടെ മരണത്തിനും, നാശത്തിനും, കഷ്ടപ്പാടുകൾക്കും കാരണമാകുന്നുവെന്ന് പാപ്പാ പറഞ്ഞു. യുദ്ധത്തിൽ തകർന്നിരിക്കുന്ന ആ ജനതയെ നമുക്ക് മറക്കാതിരിക്കാമെന്നും, അവർക്കായി പ്രാർത്ഥിക്കാമെന്നും പാപ്പാ ഓർമ്മിപ്പിച്ചു.

എല്ലാവർക്കും ഒരിക്കൽക്കൂടി നല്ലൊരു ഞായറാഴ്ച ആശംസിച്ച പാപ്പാ, തനിക്കുവേണ്ടി പ്രാർത്ഥനകൾ ആവശ്യപ്പെടുകയും, വീണ്ടും കാണാമെന്ന വാക്കുകളോടെ അപ്പസ്തോലികകൊട്ടാരത്തിന്റെ ജനാലയ്ക്കൽനിന്ന് പിൻവാങ്ങുകയും ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 June 2022, 13:13

ത്രികാലപ്രാര്‍ത്ഥന - ദിവസത്തിൽ മൂന്നു പ്രാവശ്യം ജപിക്കുന്ന സഭയുടെ ഔദ്യോഗിക പ്രാർത്ഥനയാണിത്. സനാതനമായ രക്ഷാകര രഹ്യമാണ് ഇതിന്‍റെ ഉള്ളടക്കം. രാവിലെ
6 മണിക്കും, മദ്ധ്യാഹ്നം 12 മണിക്കും, വൈകുന്നേരം 6 മണിക്കും ദേവാലയമണി മുഴങ്ങുമ്പോഴാണ് ഇത് ഉരുവിടുന്നത്.  

കര്‍ത്താവിന്‍റെ മാലാഖ... എന്നു തുടങ്ങുന്ന ത്രികാലജപം സാധാരണകാലങ്ങളില്‍ ചൊല്ലുമ്പോള്‍ പെസഹാക്കാലത്ത് സ്വര്‍ല്ലോക രാജ്ഞിയേ... എന്ന പ്രാര്‍ത്ഥനയുമാണ് ചൊല്ലുന്നത്. പ്രാര്‍ത്ഥനയുടെ ഇടയ്ക്ക് ചൊല്ലുന്ന നന്മനിറഞ്ഞ മറിയമേ, എന്ന ജപം ക്രിസ്തുവിന്‍റെ രക്ഷാകര ചരിത്രത്തില്‍ മറിയത്തിനുള്ള പങ്ക് വിളിച്ചോതുന്നു. ത്രിത്വസ്തുതിയോടെയാണ് ത്രികാലപ്രാര്‍ത്ഥന അവസാനിക്കുന്നത്.


പൊതുവെ എല്ലാ ഞായറാഴ്ചകളിലും സവിശേഷദിനങ്ങളിലും മദ്ധ്യാഹ്നത്തിലാണ് “ആഞ്ചെലൂസ്…” എന്ന ശീര്‍ഷകത്തില്‍ പാപ്പായുടെ സാന്നിദ്ധ്യത്തില്‍ ത്രികാലപ്രാ‍ര്‍ത്ഥന നടത്തപ്പെടുന്നത്. ഞായറാഴ്ചകളില്‍ മദ്ധ്യാഹ്നം കൃത്യം 12 മണിക്ക് വത്തിക്കാനിലെ അപ്പസ്തോലിക അരമനയുടെ മൂന്നാംനിലയുടെ രണ്ടാം ജാലകത്തില്‍ പ്രത്യക്ഷപ്പെട്ട്, താഴെ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ സമ്മേളിച്ചിരിക്കുന്ന തീര്‍ത്ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കുമൊപ്പം പാപ്പാ ത്രികാലപ്രാര്‍ത്ഥന ചൊല്ലുന്ന പതിവിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.

ഏറ്റവും ഒടുവിലത്തെ ത്രികാലപ്രാര്‍ത്ഥന

വായിച്ചു മനസ്സിലാക്കാന്‍ >