തിരയുക

വാർദ്ധക്യത്തിൻറെ വിശ്വസ്തതയും വിശ്വാസത്തിൻറെ പൂജ്യതയും!

ഫ്രാൻസീസ് പാപ്പായുടെ പ്രതിവാര പൊതുദർശനം: വൃദ്ധനായ എലെയാസറിൻറെ വിശ്വാസ സ്ഥൈര്യം പ്രദാനം ചെയ്യുന്ന പാഠം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

കാൽമുട്ട് വേദനയനുഭവിക്കുന്ന ഫ്രാൻസീസ് പാപ്പായ്ക്ക് വിശ്രമം ശുപാർശ ചെയ്തിരിക്കയാണെങ്കിലും പാപ്പാ ഈ ബുധനാഴ്ചയും (04/05/22) പ്രതിവാര പൊതുകൂടിക്കാഴ്ച മുടക്കിയില്ല.  വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണം തന്നെയായിരുന്നു ഇത്തവണയും പൊതുദർശന വേദി. തന്നെ എല്ലാവർക്കും കാണത്തക്കരീതിയിൽ സുരക്ഷാക്രമീകരണങ്ങളോടെ സജ്ജമാക്കിയിരിക്കുന്ന വെളുത്ത തുറന്ന വാഹനത്തിൽ പാപ്പാ ചത്വരത്തിൽ പ്രവേശിച്ചപ്പോൾ അവിടെ സന്നിഹിതരായിരുന്ന വിവിധ രാജ്യക്കാരായിരുന്ന തീർത്ഥാടകരുടെയും സന്ദർശകരുടെയും കരഘോഷവും ആനന്ദാരവങ്ങളും ഉയർന്നു. എല്ലാവരെയും അഭിവാദ്യം ചെയ്തുകൊണ്ട് അവർക്കിടയിലൂടെ വാഹനത്തിൽ നീങ്ങിയ പാപ്പാ, കാൽമുട്ടു വേദനമൂലം, വാഹനത്തിൽ ഇരുന്നുകൊണ്ട്, ജനസഞ്ചയത്തെ വലം വെയ്ക്കുകയും അവർക്ക് അഭിവാദനമർപ്പിക്കുകയും ചെയ്ത ശേഷം പ്രസംഗവേദിയിലെത്തി. റോമിലെ സമയം രാവിലെ ഏതാണ്ട് 9.00 മണിയോടുകൂടി, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 12.30, കഴിഞ്ഞപ്പോൾ പാപ്പാ ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന്  വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു. തദ്ദനന്തരം പാപ്പാ, പൊതുകൂടിക്കാഴ്ചാ വേളയിൽ താൻ വാർദ്ധക്യത്തെ അധികരിച്ച് നടത്തിപ്പോരുന്ന പ്രബോധന പരമ്പര തുടർന്നു.  പഴയനിയമത്തിലെ ഏലെയാസർ  ആയിരുന്ന പാപ്പാ ഇറ്റാലിയന്‍ ഭാഷയില്‍ നടത്തിയ വിചിന്തനത്തിലെ പ്രധാന കഥാപാത്രം.

പാപ്പായുടെ പ്രഭാഷണം :

വോദപുസ്കത്തിലെ വൃദ്ധനായ കഥാപാത്രം, ഏലെയാസർ

 പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം!

വാർദ്ധക്യത്തെക്കുറിച്ചുള്ള പ്രബോധന സരണിയിൽ ഇന്നു നമ്മൾ കണ്ടുമുട്ടുന്നത്, അന്തിയോക്കസ് എപ്പിഫാനസിൻറെ പീഡനകാലത്ത് ജീവിച്ചിരുന്ന എലെയാസാർ എന്ന ബൈബിൾ കഥാപാത്രത്തെയാണ്. വാർദ്ധക്യത്തിൻറെ വിശ്വസ്തതയും വിശ്വാസത്തിൻറെ മഹത്വവും തമ്മിലുള്ള സവിശേഷ ബന്ധത്തിൻറെ സാക്ഷ്യം അദ്ദേഹം നൽകുന്നു. വിശ്വാസത്തിൻറെ സ്ഥിരത, പ്രഖ്യാപനം, ചെറുത്തുനിൽപ്പ് എന്നിവയെക്കുറിച്ചു മാത്രമല്ല, കൃത്യമായി, വിശ്വാസത്തിൻറെ പൂജ്യതയെക്കുറിച്ച് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. വിശ്വാസത്തിൻറെ മഹത്വം കാലാകാലങ്ങളിൽ ഭരണാധികാരികളുടെ സംസ്കാരത്തിൻറെ, അക്രമാസക്തം പോലുമായ, സമ്മർദ്ദത്തിന് വിധേയമാണ്, അതിനെ ഒരു കണ്ടെത്തപ്പെട്ട പുരാവസ്തുവായി, പുരാതന അന്ധവിശ്വാസമായി, കാലഹരണപ്പെട്ട കടുംപിടുത്തമായി കണക്കാക്കി തരംതാഴ്ത്താൻ ശ്രമിക്കുന്നു.

എലെയാസറിൻറെ അചഞ്ചല വിശ്വാസം

നമ്മൾ വായിച്ചുകേട്ട ബൈബിൾ വിവരണത്തിൽ, ഒരു ഭാഗം,  വിഗ്രഹങ്ങൾക്ക് ബലിയർപ്പിക്കപ്പെട്ട മാംസം കഴിക്കാൻ യഹൂദർ രാജ കൽപ്പനയാൽ  നിർബന്ധിതരായ സംഭവം അവതരിപ്പിക്കുന്നു. എല്ലാവരും വളരെയധികം ബഹുമാനിച്ചിരുന്ന വൃദ്ധനായ എലെയാസറിൻറെ ഊഴമായപ്പോൾ, രാജാവിൻറെ ഉദ്യോഗസ്ഥർ അദ്ദേഹത്തോട് അഭിനയിക്കാൻ ഉപദേശിക്കുന്നു, അതായത്,  യഥാർത്ഥത്തിൽ മാംസം കഴിക്കാതെ തിന്നുന്നതായി നടിക്കുക. അങ്ങനെ എലെയാസറിന് രക്ഷിപ്പെടാമായിരുന്നുവെന്നും അവരുടെ അനുകമ്പയുടെയും വാത്സല്യത്തിൻറെയുമായ ഈ പ്രവർത്തിയെ അദ്ദേഹം സൗഹൃദത്തിൻറെ പേരിൽ സ്വീകരിക്കുമായിരുന്നുവെന്നും അവർ കരുതി. ഇത് ചെറുതും, നിസ്സാരവുമായ ഒരു കാര്യമാണെന്ന്, സർവ്വോപരി,  അവർ നിർബന്ധിച്ചുകൊണ്ടിരുന്നു.

വിശ്വാസം നാട്യമാകരുത്

എലെയാസറിൻറെ പ്രശാന്തവും ഉറച്ചതുമായ പ്രതികരണം നമ്മെ സപ്ർശിക്കുന്ന ഒരു വിഷയത്തിൻറെ ഉത്തതോലനം ആയിഭവിക്കുന്നു. കേന്ദ്ര ബിന്ദു ഇതാണ്:  ഒരു പിടി ദിനങ്ങൾ നേടുന്നതിന്, വാർദ്ധക്യത്തിൽ വിശ്വാസത്തെ അനാദരിക്കുന്നത്, ആ വിശ്വാസം യുവജനതയ്ക്ക്, വരാനിരിക്കുന്ന മുഴുവൻ തലമുറകൾക്ക്, കൈമാറേണ്ട പൈതൃകവുമായി, തുലനം ചെയ്യാനാവില്ല. ഒരു ജീവിതകാലം മുഴുവൻ സ്വന്തം വിശ്വാസത്തിനനുസൃതം ജീവിച്ച ഒരു വൃദ്ധൻ, ആ വിശ്വാസം തൻറെ ഉള്ളിൽ കാത്തുസൂക്ഷിക്കാൻ കഴിയുമെന്ന് ചിന്തിച്ചുകൊണ്ട്, ഇപ്പോൾ,  നിരാകരിക്കുന്നതായി നടിക്കുകയും വിശ്വാസം മുഴുവനും ഒരു നാട്യമായിരുന്നു, ഉപേക്ഷിക്കാവുന്ന പുറംചട്ടയായിരുന്നു എന്നു കരുതാൻ പുതിയ തലമുറയെ തള്ളിവിടുകയാണ്. എന്നാൽ അത് അങ്ങനെയല്ല എന്ന് എലെയാസർ പറയുന്നു. ഇത്തരം പെരുമാറ്റം ദൈവത്തിനു മുന്നിൽ പോലും വിശ്വാസത്തെ മാനിക്കുന്നില്ല. ഈ ബാഹ്യ നിസ്സാരവൽക്കരണത്തിൻറെ ഫലം യുവതയുടെ ആന്തരികതയ്ക്ക് വിനാശകരമായിരിക്കും.

വിശ്വാസ സാക്ഷ്യത്തിൻറെ പകരംവയ്ക്കാനാവത്ത വേദി: വാർദ്ധക്യം

വാർദ്ധക്യം തന്നെയാണ്, ഈ സാക്ഷ്യത്തിൻറെ നിർണ്ണായകവും പകരം വയ്ക്കാനാകാത്തതുമായ ഇടമായി ഇവിടെ ആവിഷ്കൃതമാകുന്നത്. പ്രായാധിക്യം ചെന്നയാൾ സ്വന്തം ബലഹീനാവസ്ഥ നിമിത്തം, വിശ്വാസാനുഷ്ഠാനം അപ്രസക്തമായി കണക്കാക്കാൻ സമ്മതിച്ചാൽ അയാൾ  വിശ്വാസത്തിന് ജീവിതവുമായി യഥാർത്ഥ ബന്ധമില്ലെന്ന് യുവാക്കളെ വിശ്വസിപ്പിക്കുകയായിരിക്കും ചെയ്യുക. അവയൊന്നും ജീവിതത്തിന് അത്ര പ്രധാന്യമുള്ളതല്ല എന്നതിനാൽ, ആവശ്യമെങ്കിൽ, അനുകരിക്കാനോ മറച്ചുവയ്ക്കാനൊ കഴിയുന്ന ഒരു പറ്റം ചേഷ്ടകളായി, തുടക്കം മുതൽ തന്നെ അവർക്ക് തോന്നും.

ജ്ഞാനവാദത്തിൻറെ സ്വാധീനം

ആദ്യ നൂറ്റാണ്ടുകളിൽ ക്രിസ്തുമതത്തിന് നേരിടേണ്ടിവന്ന വളരെ ശക്തവും ആകർഷണീയവുമായ കെണിയായിരുന്ന വിശ്വാസവിരുദ്ധമായ പുരാതന ജ്ഞാനവാദം, ഇത് ഇങ്ങനെ സിദ്ധാന്തവൽക്കരിച്ചു: വിശ്വാസം ഒരു ആത്മീയതയാണ്, അനുഷ്ഠാനമല്ല; ഒരു മാനസിക ശക്തിയാണ്, ജീവിത രൂപമല്ല. വിശ്വാസ വിശ്വസ്തതയും വിശ്വാസാദരവും, ഈ പാഷണ്ഡതയനുസരിച്ച്, ജീവിതത്തിൻറെ അനുഷ്ഠാനങ്ങളും സമൂഹത്തിൻറെ വ്യവസ്ഥാപനങ്ങളും, ശരീരത്തിൻറെ പ്രതീകങ്ങളുമായി ഒരു ബന്ധവുമില്ല. ഈ വീക്ഷണത്തിൻറെ പ്രലോഭനം ശക്തമാണ്, കാരണം അത് അതിൻറെതായ ശൈലിയിൽ, ഒരു അവിതർക്കിത സത്യത്തെ വ്യാഖ്യാനിക്കുന്നു: വിശ്വാസത്തെ ഒരിക്കലും ഒരു കൂട്ടം ഭക്ഷ്യ നിയമങ്ങളിലേക്കോ സാമൂഹിക ആചാരങ്ങളിലേക്കോ ചുരുക്കാൻ കഴിയില്ല. കാരണം, ക്രിസ്‌തീയ വിശ്വാസം യാഥാർത്ഥ്യമാണ്, ക്രിസ്‌തീയ വിശ്വാസം വിശ്വാസപ്രമാണം ഉരുവിടൽ മാത്രമല്ല: അത് വിശ്വാസം അനുഭവിക്കുകയും വിശ്വാസം ശ്രവിക്കുകയും വിശ്വാസമുളവാക്കുകയും ചെയ്യുന്നു. കരവേലയാണ്. മറിച്ച്,  ജ്ഞാനവാദ നിർദ്ദേശം നാട്യത്തിൻറെതാണ്. എന്നാൽ പ്രധാന കാര്യം നിങ്ങളുടെ ഉള്ളിൽ ആത്മീയതയുണ്ടായിരിക്കണം, അതിനുശേഷം നിങ്ങൾക്ക് ആവശ്യമുള്ളത് ചെയ്യാം എന്നതാണ്. ഇത് ക്രൈസ്തവികമല്ല. ജ്ഞാനവാദികളുടെ ആദ്യത്തെ പാഷണ്ഡതയാണിത്, അത് ഇവിടെ, ആത്മീയതയുടെ പല കേന്ദ്രങ്ങളിലും ഇപ്പോൾ വളരെ പരിഷ്കൃതമായ ഒന്നാണ്. വിശ്വാസം മറ്റൊന്നാണ്. ഈ സത്യത്തിൻറെ ജ്ഞാനവാദപരമായ സമൂലവൽക്കരണം, ക്രിസ്തീയ വിശ്വാസത്തിൻറെ യാഥാർത്ഥ്യത്തെ അസാധുവാക്കുന്നു എന്നതാണ് പ്രശ്നം. ഒപ്പം സമൂഹത്തിൻറെ ജീവിതത്തിൽ ദൈവത്തിൻറെ മൂർത്തമായ അടയാളങ്ങൾ കാണിക്കുകയും ശാരീരീക പ്രവർത്തികളിലൂടെ മനസ്സിൻറെ വൈലക്ഷ്യങ്ങളെ ചെറുക്കുകയും ചെയ്യുന്ന ഈ ജനത്തിൻറെ സാക്ഷ്യത്തെയും അത് ശൂന്യമാക്കുന്നു.  

വിശ്വാസാചരം ചൈതന്യരഹിത ബാഹ്യാനുഷ്ഠാനമാകുന്ന അപകടം 

ഈ കാലത്തെ മതപരമായ വ്യതിയാനങ്ങളിൽ ഒന്നായ ജ്ഞാന പ്രലോഭനം - നമുക്ക് – പാഷണ്ഡത എന്ന വാക്ക് ഉപയോഗിക്കാം, എല്ലായ്പ്പോഴും എന്നുമുണ്ട്. നമ്മുടെ സമൂഹത്തിലെയും നമ്മുടെ സംസ്കാരത്തിലെയും പല പ്രവണതകളിലും, വിശ്വാസാചാരം നിഷേധാത്മകമായ രൂപത്തിന് വിധേയമാകുന്നു, ചിലപ്പോൾ സാംസ്കാരിക വിരോധാഭാസത്തിൻറെ രൂപത്തിൽ, ചിലപ്പോൾ നിഗൂഢമായ പാർശ്വവൽക്കരണത്തിൽ. യേശുവിൻറെ കാലത്തുമുണ്ടായിരുന്ന ഈ ജ്ഞാനവാദികളെ സംബന്ധിച്ചിടത്തോളം വിശ്വാസാനുഷ്ഠാനം പഴകിയ അവശിഷ്ടവും ഗോപ്യമായ അന്ധവിശ്വാസവുമെന്ന പോലെ, ഉപയോഗശൂന്യവും അതിലുപരി, ദോഷകരവുമായ ബാഹ്യാചാരമായിരുന്നു. അത് പഴകിയ അവശിഷ്ടമായി, വേഷംമാറിയ അന്ധവിശ്വാസമായി കണക്കാക്കപ്പെടുന്നു. ചുരുക്കിപ്പറഞ്ഞാൽ,  വൃദ്ധജനത്തിൻറെ ഒരു കാര്യം ആയിരുന്നു. ഈ വിവേകശൂന്യമായ വിമർശനം യുവതലമുറയിൽ ചെലുത്തുന്ന സമ്മർദ്ദം ശക്തമാണ്. തീർച്ചയായും, വിശ്വാസാനുഷ്ഠാനം ചൈതന്യരഹിത ബാഹ്യരൂപമായി മാറാമെന്ന് നമുക്കറിയാം, ഇത് മറ്റൊരു അപകടമാണ്, വൈരുദ്ധ്യമാണ്, അല്ലേ? അത് സത്യമാണോ, അല്ലയോ? എന്നാൽ അതിൽ തന്നെ അത് അങ്ങനെയല്ല. ഒരുപക്ഷേ അത് നമ്മെ, വൃദ്ധരെ സംബന്ധിച്ച - ഇവിടെ വളരെ പ്രധാനപ്പെട്ട ഒരു ദൗത്യം ആണ്: വിശ്വാസത്തിന് അതിൻറെ പൂജ്യത വീണ്ടെടുത്തു നല്കുക. എലെയാസറിൻറെ സാക്ഷ്യത്തോടു ചേർന്നു നിൽക്കുക. അവസാനം വരെ. വിശ്വാസാഭ്യാസം നമ്മുടെ ബലഹീനതയുടെ പ്രതീകമല്ല, മറിച്ച് അതിൻറെ ശക്തിയുടെ അടയാളമാണ്. നമ്മൾ ഇപ്പോൾ കുട്ടികളല്ല. നമ്മൾ കർത്താവിൻറെ പാതയിൽ പാദമൂന്നിയപ്പോൾ അത് ഒരു നേരമ്പോക്കായിരുന്നില്ല.

നമ്മുടെ ജീവിതത്തെ മാറ്റി മറിക്കുന്ന വിശ്വാസം  

വിശ്വാസം അവസാനം വരെ ആദരവും പൂജ്യതയും അർഹിക്കുന്നു: അത് നമ്മുടെ ജീവിതത്തെ മാറ്റിമറിച്ചു, നമ്മുടെ മനസ്സിനെ ശുദ്ധീകരിച്ചു, ദൈവത്തോടുള്ള ആരാധനയും അയൽക്കാരോടുള്ള സ്നേഹവും നമ്മെ പഠിപ്പിച്ചു. ഇത് എല്ലാവർക്കും ഒരു അനുഗ്രഹമാണ്! എന്നാൽ വിശ്വാസം പൂർണ്ണമാണ് ഭാഗികമല്ല. നമ്മളും എലെയാസറിനെപ്പോലെ തന്നെ, ഒരു പിടി ശാന്തമായ ദിനങ്ങൾക്കു വേണ്ടി വിശ്വാസത്തെ വില്ക്കുകയില്ല. അവൻ അവസാനം വരെ സ്ഥിരത പുലർത്തി. അവൻ അങ്ങനെ രക്തസാക്ഷിത്വത്തിലേക്ക് പോകുന്നു, അങ്ങനെ അല്ലേ? വിശ്വസിക്കുക എന്നത് "പ്രായമായ ആളുകളുടെ " കാര്യമല്ലെന്ന് നമ്മുടെ വാർദ്ധക്യത്തിൽ, മുഴുവൻ താഴ്മയിലും ഉറപ്പിലും നമ്മൾ തെളിയിക്കും. ഇല്ല. ഇത് ജീവിതത്തിൻറെ ഒരു കാര്യമാണ്. സകലവും നവീകരിക്കുന്ന പരിശുദ്ധാത്മാവിൽ വിശ്വസിക്കുക, അവിടന്ന് സന്തോഷത്തോടെ നമ്മെ സഹായിക്കും.

യുവതയെ നോക്കുക

പ്രായാധിക്യത്തിലെത്തിയ പ്രിയ സഹോദരീസഹോദരന്മാരേ, ദയവായി, നമുക്ക് ചെറുപ്പക്കാരെ നോക്കാം: അവർ നമ്മെ നോക്കുന്നു. അത് മറക്കരുത്. "കുട്ടികൾ നമ്മെ നിരീക്ഷിക്കുന്നു" എന്ന മനോഹരമായ യുദ്ധാനന്തര സിനിമയെക്കുറിച്ച് ഞാൻ ഓർമ്മിക്കുന്നു. യുവാക്കളുടെ കാര്യത്തിലും നമുക്ക് ഇതുതന്നെ പറയാം: ചെറുപ്പക്കാർ നമ്മെ നോക്കുന്നു, നമ്മുടെ സ്ഥൈര്യത്തിന് അവർക്കായി മനോഹരമായ ജീവിത പാത തുറക്കാൻ സാധിക്കും. മറിച്ച്, കാപട്യമാകട്ടെ വളരെയധികം ദോഷം ചെയ്യും. നമുക്ക് പരസ്പരം പ്രാർത്ഥിക്കാം. വൃദ്ധജനത്തെയാകമാനം ദൈവം അനുഗ്രഹിക്കട്ടെ. നന്ദി.

സമാപനാഭിവാദ്യവും ആശീർവ്വാദവും

 ഈ വാക്കുകളെ തുടര്‍ന്ന് പാപ്പായുടെ, ഇറ്റാലിയന്‍ ഭാഷയിലായിരുന്ന, പ്രഭാഷണത്തിന്‍റെ സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ അഭിവാദ്യം ചെയ്യുകയും ചെയ്തു.

പൊതുദർശനപരിപാടിയുടെ അവസാനഭാഗത്ത് പാപ്പാ,  പ്രായാധിക്യത്തിലെത്തിയവർ, രോഗികൾ, യുവജനങ്ങൾ, നവദമ്പതികൾ എന്നിവരെ, പതിവുപോലെ, അഭിവാദ്യം ചെയ്തു.

പരിശുദ്ധ കന്യകാമറിയത്തിന് പ്രതിഷ്ഠിതമായ മാസത്തിൻറെ ആരംഭത്തിലാണ് നമ്മൾ എന്നത് അനുസ്മരിച്ച പാപ്പാ പുത്രസഹജമായ വിശ്വാസത്തോടുകൂടി യേശുവിൻറെ അമ്മയെ വണങ്ങാനും പ്രാർത്ഥനയുടെയും ആത്മീയ ജീവിതത്തിൻറെയും ഗുരുനാഥയായി അവളെ നോക്കാനും എല്ലാവരെയും ക്ഷണിച്ചു. തുടർന്ന് ലത്തീൻഭാഷയിൽ സ്വർഗ്ഗസ്ഥനായ പിതാവേ എന്ന കർത്തൃപ്രാർത്ഥന ആലപിക്കപ്പെട്ടതിനു ശേഷം, പാപ്പാ,  എല്ലാവർക്കും തൻറെ അപ്പൊസ്തോലികാശീർവ്വാദം നല്കി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

04 May 2022, 12:48

ഏറ്റവും അടുത്ത പൊതുകൂടിക്കാഴ്ച

വായിച്ചു മനസ്സിലാക്കാന്‍ >