“ക്രിസ്തു ജീവിക്കുന്നു” : ഇന്നിന്റെ സന്തോഷങ്ങൾ നഷ്ടപ്പെടുത്തരുത്
സി. റൂബിനി സി.റ്റി.സി, വത്തിക്കാൻ ന്യൂസ്
അപ്പോസ്തോലിക പ്രബോധനം
അപ്പോസ്തോലിക പ്രബോധനമെന്നത് കത്തോലിക്കാ സഭയില്‍ പാപ്പാ പ്രസിദ്ധീകരിക്കുന്ന ഔദ്യോഗിക ലേഖനങ്ങളുടെ വിവിധതരത്തിലുളള പരമ്പരകളിൽപ്പെടുന്ന ഒരു ലേഖനമാണ്. ഇവയുടെ പ്രാധാന്യ ശൃംഖലയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ചാക്രീക ലേഖനങ്ങള്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനമാണ് അപ്പോസ്തോലിക പ്രബോധനങ്ങള്‍ക്കുള്ളത്.
അഞ്ചാം അദ്ധ്യായം
അഞ്ചാം അദ്ധ്യായത്തിന്റെ ശീർഷകം തന്നെ "യുവജനങ്ങളുടെ വഴികൾ'' എന്നാണ്. യുവത്വത്തിന്റെ ആകുലതയെയും ആകാംക്ഷയെയും ഉത്ക്കണ്ഠയെയും വിവരിക്കുമ്പോഴും ഫ്രാൻസിസ് പാപ്പാ യുവതയോടു നിർദ്ദേശിക്കുന്നത് "നിങ്ങളുടെ പ്രത്യാശകളേയും സ്വപ്നങ്ങളേയും പിന്തുടരാനാണ്.
144 . ജീവിതത്തിനും അനുഭവത്തിനും വേണ്ടിയുള്ള ദാഹം
യുവജനങ്ങൾ ഭാവിയിലേക്കും അതിന്റെ വാഗ്ദാനത്തിലേക്കും ആകർഷിക്കപ്പെടുമ്പോൾ അവർക്കു ശക്തമായ ഒരാഗ്രഹം കൂടിയുണ്ട്. വർത്തമാനകാല നിമിഷം അനുഭവിക്കാൻ ജീവിതം നൽകുന്ന അവസരങ്ങൾ ഏറ്റവും നന്നായി ഉരുപയോഗിക്കാൻ. നമ്മുടെ ലോകം സൗന്ദര്യം കൊണ്ട് നിറഞ്ഞതാണ്! ദൈവത്തിന്റെ അനേകം ദാനങ്ങളെ നമുക്ക് എങ്ങനെ അവഗണിക്കാനാവും? (കടപ്പാട്. പി.ഒ. സി പ്രസീദ്ധീകരണം).
145. അനേകർ ചിന്തിക്കുന്നതിന് വിപരീതമായി പൂർണ്ണതയാർന്ന ജീവിതത്തിനു വേണ്ടിയുള്ള ഈ ആഗ്രഹങ്ങളെ കർത്താവു വീർപ്പു മുട്ടിക്കുന്നില്ല. നാം പഴയ നിയമത്തിലെ ജ്ഞാനിയുടെ വാക്കുകൾ ഓർക്കുന്നത് നന്നായിരിക്കും. "എന്റെ മകനേ, നിന്റെ മാർഗ്ഗമനുസ്സരിച്ചു നിന്നോടു തന്നെ നന്നായി പെരുമാറുക. കർത്താവിനു യോഗ്യമായ കാഴ്ചകൾ സമർപ്പിക്കുകയും ചെയ്യുക. ഇന്നിന്റെ സന്തോഷങ്ങൾ നഷ്ടപ്പെടുത്തരുത്. നിനക്ക് അർഹമായ സന്തോഷത്തിന്റെ ഓഹരി വേണ്ടെന്നു വയ്ക്കരുത്. (പ്രഭാ.14:11,14). നീ സന്തോഷവാൻ ആയിരിക്കണമെന്ന് നിന്നെ സ്നേഹിക്കുന്ന യഥാർത്ഥ ദൈവം ആഗ്രഹിക്കുന്നു. ഇക്കാരണത്താൽ ബൈബിളിൽ യുവജനങ്ങൾക്കുള്ള ഈ ഉപദേശ ശകലവും കാണാം: "യുവാവേ, യുവത്വത്തിൽ നീ സന്തോഷിക്കുക. യൗവനത്തിന്റെ നാളുകളിൽ നിന്റെ ഹൃദയം നിന്നെ ആനന്ദിപ്പിക്കട്ടെ... മനസ്സിൽ നിന്ന് ആകുലത അകറ്റുക"(സഭാ11:9 -10). എന്തെന്നാൽ, " നമ്മുടെ സന്തോഷത്തിനു ആവശ്യമായതെല്ലാം ദൈവം സമൃദ്ധമായി നമുക്ക് നൽകുന്നു. (1തിമോ 6 :7). (കടപ്പാട്. പി.ഒ. സി പ്രസീദ്ധീകരണം).
ജീവിക്കാനും അനുഭവിക്കുവാനുമുള്ള ദാഹം
യുവതലമുറയാണ് ഏതൊരു സമൂഹത്തിന്റെ ഭാവി എന്നത് വ്യാപകമായ ബോധ്യം തന്നെയാണ്. സഭാ സമൂഹത്തെ സംബന്ധിച്ചും ഇക്കാര്യത്തിൽ മറിച്ചൊരഭിപ്രായമില്ല. അതിനാൽ സഭയുടെ യുവത്വം നിലനിറുത്താൻ യുവജന ഹൃദയങ്ങൾ സഭയോടു ഒപ്പമുണ്ടാവണം. നമ്മൾ വിചിന്തനം ചെയ്തു വന്ന നാലാമത്തെ അദ്ധ്യായത്തിൽ യുവത്വത്തിന്റെ വഴികളെക്കുറിച്ചാണ് പാപ്പാ സംസാരിച്ചു വന്നത്. സ്വപ്നങ്ങൾ താലോലിക്കുന്ന ജീവിതത്തിന്റെ ഏറ്റം സജീവമായ ഒരു കാലഘട്ടമാണ് അത്. അതിനാൽ ജീവിത സാക്ഷാൽക്കാരം എന്ന ഭാവിയെക്കുറിച്ചുള്ള ചിന്തകൾ യൗവനത്തിൽ സാധാരണമാണ്.
പലപ്പോഴും ജീവിതത്തിന്റെ ഈ പ്രത്യേക സമയത്ത് സഭയോടും വിശ്വാസത്തോടുമുള്ള സമീപനം ഒരകൽച്ചയ്ക്ക് കാരണമാകുന്നുണ്ട്. അത് അവരെ ആകർഷിക്കാൻ തക്കതായ പലതും സഭയിലെ സാഹചര്യങ്ങളിൽ അവർക്ക് കണ്ടെത്താൻ കഴിയാത്തതോ, വിശ്വാസവും സഭയും മുന്നോട്ടുവയ്ക്കുന്ന മൂല്യങ്ങളും ചെറുപ്പത്തിന്റെ ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളും, യുവത്വം ജീവിക്കാനും ആസ്വദിക്കാനും അനുഭവിക്കുവാനുമുള്ള ആഗ്രഹങ്ങളുമായുള്ള ചേർച്ചയില്ലായ്മ മൂലമോ സംഘർഷങ്ങൾ മൂലമോ ആണെന്നു പറയാം.
ജീവിതം ജീവിക്കാനും ആസ്വദിക്കാനുള്ള യുവത്വത്തിന്റെ ആഗ്രഹം തെറ്റാണോ? ദൈവം അതിന് എതിരാണോ? സഭ അതിന് ഒരു വിലങ്ങുതടിയാണോ? ഒരു പക്ഷേ തെറ്റിദ്ധാരണകളും തെറ്റായ രീതിയിലെ വിശദീകരണങ്ങളും ഇങ്ങനെ ഒരു ചിന്ത സമൂഹത്തിലും അതിൽ നിന്ന് യുവജനങ്ങളിലേക്കും പകർന്നിട്ടുണ്ടാവാം എന്നു വേണം വിശ്വസിക്കുവാൻ. ഇവിടെയാണ് ഫ്രാൻസിസ് പാപ്പാ വളരെ കൃത്യമായ ഇടപെടലുകൾ നടത്തുന്നത്.
സഭയുടെ ഭാവിയാണ് യുവതലമുറ എന്ന വിശ്വാസത്തോടൊപ്പം യുവജന സിനഡിനോടനുബന്ധിച്ച് ഫ്രാൻസിസ് പാപ്പാ കൂട്ടിച്ചേർത്ത മനോഹരമായ ഒരു യാഥാർത്ഥ്യമാണ് അവർ "ഇന്നുകൾ " കൂടിയാണ് എന്നത്. യുവജനം സഭയുടെ ഭാവി മാത്രമല്ല - അവർ സഭയുടെ വർത്തമാനം കൂടിയാണ്. ഇതാണ് സുവിശേഷം. അതിനാൽ അവരുടെ ജീവിതത്തിന്റെ ഇന്നുകൾ വളരെ പ്രാധാന്യമർഹിക്കുന്നതാണ്. ഭാവിയെക്കുറിച്ചും അതിന്റെ ശോഭനമായ വാഗ്ദാനങ്ങളും യുവജനങ്ങളെ ആകർഷിക്കുന്നതു പോലെ അവരിൽ അവരുടെ വർത്തമാനകാലവും അതു നൽകുന്ന അവസരങ്ങളും ഉപയോഗപ്പെടുത്താനും അവരിൽ ശക്തമായ ആഗ്രഹം ഉണ്ടെന്ന സത്യത്തെ പാപ്പാ വളരെ കൃത്യമായി പങ്കു വയ്ക്കുന്നു.
തീർച്ചയായും നമ്മുടെയൊക്കെ ഭാവിയിൽ വളരെയധികം സ്വാധീനം ചെലത്തുന്ന ഒന്നാണ് നമ്മുടെ ഭൂതകാലവും വർത്തമാനവും. ഭൂതകാലത്തിലെ അനുഭവങ്ങളിൽ നിന്ന് പഠിച്ച് വർത്തമാനകാലം ജീവിക്കാതെ എങ്ങനെയാണ് നാം ഭാവിയെ രൂപീകരിക്കുക എന്നത് ആർക്കും പിടികിട്ടുന്ന ഒരു കാര്യം തന്നെയാണ്. അതിനാൽ ഇന്നുകളെയും അവനൽകുന്ന അവസരങ്ങളെയും പ്രയോജനപ്പെടുത്തുക എന്നത് തെറ്റായ ഒന്നായി പാപ്പാ വ്യാഖ്യാനിക്കുന്നില്ല.
ഫ്രാൻസിസ് പാപ്പായെ സംബന്ധിച്ച് നമുക്കു ചുറ്റും ദൈവത്തിന്റെ മനോഹരമുഖങ്ങളാണ് ദൈവം സൃഷ്ടിച്ചിട്ടുള്ളത്. അവയിലൂടെ സ്രഷ്ടാവിലേക്കും അവന്റെ സ്നേഹത്തിലേക്കും മിഴി തുറക്കുക എന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമല്ല. അതു കൊണ്ടാണ് ഇന്ന് നാം വിചിന്തനം ചെയ്യുന്ന ഖണ്ഡികയിൽ നമ്മുടെ ലോകം സൗന്ദര്യത്താൽ നിറഞ്ഞതാണെന്നും ദൈവത്തിന്റെ ഈ ദാനങ്ങളെ തരംതാഴ്ത്തിക്കാണരുതെന്നും പ്രത്യേകം ഓർമ്മിപ്പിക്കുന്നത്. ജീവിതം നമ്മുടെ മുന്നിൽ വച്ചു നീട്ടുന്ന നന്മകൾ നിഷേധിക്കണമെന്ന് ഒരിക്കലും ദൈവം ആഗ്രഹിക്കുന്നില്ല എന്നും അവ ദൈവത്തിന്റെ നന്മയുടെ സൗജന്യ വിതരണമാണെന്നും അത് ഉപയോഗപ്പെടുത്തുകയും ആസ്വദിക്കുകയും ചെയ്യുന്നത് എല്ലാം മനോഹരമാക്കി സൃഷ്ടിച്ച ദൈവത്തിന്റെ മഹത്വം മനസ്സിലാക്കുന്നതിനുള്ള വഴിയാണെന്നുമല്ലേ ഒരു തരത്തിൽ ഫ്രാൻസിസ് പാപ്പാ യുവജനങ്ങളോടു പറയാൻ ഉദ്ദേശിക്കുന്നത്? നമ്മുടെ വർത്തമാനം ജീവിക്കുക എന്നത് ഒരു പക്ഷേ ഒരു ദൈവകൽപന തന്നെയാണെന്നുമുള്ള സൂചനകളില്ലേ ആ വരികൾക്കിടയിൽ ? അതുകൊണ്ടാണ് നമുക്കു ചുറ്റുമുള്ള ലോകത്തിൽ മനോഹരമായി വിതറിയിട്ട ദൈവത്തിന്റെ സമ്മാനങ്ങളെ നിസ്സാരവൽക്കരിക്കരുതെന്ന് ഫ്രാൻസിസ് പാപ്പാ എഴുതുന്നത്.
പലരും ചിന്തിക്കുന്നതു പോലെ നമ്മുടെ ജീവിത സന്തോഷത്തിനുള്ള ആഗ്രഹത്തെ അടിച്ചമർത്തുന്നവനല്ല ദൈവം എന്നതിന് ഊന്നൽ കൊടുക്കുകയാണ് ഇവിടെ ഫ്രാൻസിസ് പാപ്പാ. സന്തോഷം പുണ്യത്തിന് എതിരല്ല എന്നും. ഈ ബോധ്യത്തെ ശക്തിപ്പെടുത്താൻ പരിശുദ്ധ പിതാവ് പഴയനിയമഗ്രന്ഥങ്ങളിലൂടെയും പുതിയ നിയമ പുസ്തങ്ങളിലൂടെയും ഒരു സഞ്ചാരവും നടത്തുന്നുണ്ട്. നിനക്ക് തന്നിട്ടുള്ള മാർഗ്ഗങ്ങൾ അനുസരിച്ച് സ്വയം നന്നായി പരിപാലിക്കുവാനും ഇന്നിന്റെ സന്തോഷങ്ങള്‍ നഷ്‌ടപ്പെടുത്തരുതെന്നും; അര്‍ഹമായ സന്തോഷത്തിന്റെ ഓഹരി വേണ്ടെന്നു വയ്‌ക്കരുത് എന്നുമുള്ള പ്രഭാഷകന്റെ വാക്കുകൾകൊണ്ട് ഫ്രാൻസിസ് പാപ്പാ യുവജനങ്ങളെ ഉണർത്തുകയും ധൈര്യപ്പെടുത്തുകയും ചെയ്യുന്നു.
"യുവാവേ,യുവത്വത്തില്‍ നീ സന്തോഷിക്കുക, യൗവനത്തിന്റെ നാളുകളില്‍ നിന്റെ ഹൃദയം നിന്നെ ആന്ദിപ്പിക്കട്ടെ; ഹൃദയത്തിന്റെ പ്രേരണകളെയും കണ്ണിന്റെ അഭിലാഷങ്ങളെയും പിന്‍ചെല്ലുക…മനസ്സില്‍ നിന്ന് ആകുലത അകറ്റുക." (സഭാപ്രസംഗകന്‍11: 9-10) എന്ന വാക്യങ്ങളോടു നമ്മുടെ സന്തോഷത്തിനാവശ്യമായതെല്ലാം വളരെ സമൃദ്ധമായി ദൈവം നൽകുന്നു എന്ന തിമോത്തിയുടെ ലേഖനത്തിൽ നിന്നുള്ള വചനവും പരിശുദ്ധ പിതാവ് ചേർത്തു വയ്ക്കുന്നു.
ഭാവിയെക്കുറിച്ചുള്ള ആകാംക്ഷയിലും ആകുലതയിലും ജീവിതത്തിന്റെ വർത്തമാനം നശിപ്പിക്കരുത് എന്ന് പറഞ്ഞു വയ്ക്കുകയാണ് ഫ്രാൻസിസ് പാപ്പാ. നമ്മെ സ്നേഹിക്കുന്ന ദൈവത്തിന് നമ്മുടെ സന്തോഷം വിലപ്പെട്ടതാണ്. അതിനാൽ അർഹമായ സന്തോഷം തേടുന്നതിൽ തെറ്റില്ല എന്ന് പാപ്പാ പറഞ്ഞു വയ്ക്കുന്നു. ദൈവം നൽകുന്ന നന്മകളെ അവജ്ഞയോടെ കാണാതിരിക്കുകയെന്നാൽ നമുക്ക് ചുറ്റും ദൈവം വിരിച്ചിട്ട മനോഹരമായ നന്മകളെ നമ്മുടെ ഇന്നിന്റെ സന്തോഷങ്ങൾക്കായി വിനിയോഗിക്കുക എന്നു തന്നെയാണർത്ഥം. നമുക്ക് നൽകുന്ന സമ്മാനങ്ങൾ എടുത്തു ഉപയോഗിക്കുമ്പോഴാണ് ദാതാവായ ദൈവത്തിന് സന്തോഷവും മഹത്വവും ഉണ്ടാവുക.
ഇന്ന് നാം വിചിന്തനം ചെയ്ത ഖണ്ഡികയിൽ ജീവിതം ജീവിക്കാനും അനുഭവങ്ങളിലൂടെ കടന്നു പോകാനുമുള്ള ആഗ്രഹങ്ങളിലുള്ള ദൈവഹിതം അറിയാനും അവയ്ക്കനുസരിച്ച് ജീവിതം ജീവിക്കാനും പാപ്പാ യുവജനങ്ങള ആഹ്വാനം ചെയ്യുകയാണ്. നമ്മെ സ്നേഹിക്കുന്ന ദൈവം നമ്മുടെ സന്തോഷം ആഗ്രഹിക്കുന്ന ദൈവമാണെന്നും അതിനാൽ ജീവിത സാക്ഷാൽക്കാരത്തിനുള്ള ആഗ്രഹം ഹനിക്കരുതെന്നും പാപ്പാ ആഹ്വാനം ചെയ്യുന്നു. പലപ്പോഴും നാമെല്ലാം ഇന്നലെകളിൽ കുടുങ്ങി നാളെകളിൽ വീർപ്പുമുട്ടി ഇന്നിന്റെ സന്തോഷങ്ങൾ വിസ്മരിച്ചു ജീവിക്കുന്നവരാണ്. നമുക്ക് ഭൂതകാലത്തെ നന്ദിയോടെ ഓർക്കാം, വർത്തമാനകാലം ആവേശത്തോടെ ജീവിക്കുകയും ആത്മവിശ്വാസത്തോടെ ഭാവിയിലേക്ക് നോക്കുകയും ചെയ്യാം എന്നാണ് വി. ജോൺ പോൾ രണ്ടാമനും പറഞ്ഞിട്ടുള്ളത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: