തിരയുക

പൊതുജന കൂടികാഴ്ചയിൽ പകർത്തിയ ചിത്രം... പൊതുജന കൂടികാഴ്ചയിൽ പകർത്തിയ ചിത്രം... 

“ക്രിസ്തു ജീവിക്കുന്നു” :സന്തോഷത്തെ ഒരു ചാരുകസേരയായി തെറ്റിദ്ധരിക്കരുത്

“Christus Vivit” അഥവാ “ക്രിസ്തു ജീവിക്കുന്നു” എന്ന ഫ്രാൻസിസ് പാപ്പായുടെ അപ്പോസ്തോലിക പ്രബോധനത്തിന്റെ 143ആം ഖണ്ഡികയെ അടിസ്ഥാനമാക്കിയ വിചിന്തനം.

സി. റൂബിനി സി.റ്റി.സി, വത്തിക്കാൻ ന്യൂസ്

അപ്പോസ്തോലിക പ്രബോധനം

ശബ്ദരേഖ

അപ്പോസ്തോലിക പ്രബോധനമെന്നത് കത്തോലിക്കാ സഭയില്‍ പാപ്പാ പ്രസിദ്ധീകരിക്കുന്ന ഔദ്യോഗിക ലേഖനങ്ങളുടെ വിവിധതരത്തിലുളള പരമ്പരകളിൽപ്പെടുന്ന ഒരു ലേഖനമാണ്. ഇവയുടെ പ്രാധാന്യ ശൃംഖലയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ചാക്രീകലേഖനങ്ങള്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനമാണ് അപ്പോസ്തോലിക പ്രബോധനങ്ങള്‍ക്കുള്ളത്.

അഞ്ചാം അദ്ധ്യായം

അഞ്ചാം അദ്ധ്യായത്തിന്റെ  ശീർഷകം തന്നെ “യുവജനങ്ങളുടെ വഴികൾ” എന്നാണ്. യുവത്വത്തിന്റെ ആകുലതയെയും ആകാംക്ഷയെയും ഉത്ക്കണ്ഠയെയും വിവരിക്കുമ്പോഴും ഫ്രാൻസിസ് പാപ്പാ യുവതയോടു നിർദ്ദേശിക്കുന്നത് "നിങ്ങളുടെ പ്രത്യാശകളേയും സ്വപ്നങ്ങളേയും പിന്തുടരാനാണ്.

143. പ്രിയ യുവജനമേ, നിങ്ങളുടെ യൗവനത്തിന്റെ  ഈ വർഷങ്ങൾ ഏറ്റം ഉപയോഗപ്രദമായി വിനിയോഗിക്കുക. ഒരു മുകപ്പിൽ നിന്ന്‌ കാണുന്നത് പോലെ ജീവിതത്തെ നിരീക്ഷിക്കരുത്. സന്തോഷത്തെ ഒരു ചാരുകസേരയായി തെറ്റിദ്ധരിക്കരുത്. നിങ്ങളുടെ ജീവിതം ഒരു അണിയറയുടെ പിന്നിൽ നയിക്കുകയും അരുത്. എന്ത് ചെയ്താലും ഉപേക്ഷിക്കപ്പെട്ട വാഹനം പോലുള്ള  ദുഃഖകരമായ കാഴ്ചയായി തീരരുത്. അരിക് ചേർത്ത് ഒതുക്കി നിർത്തിയ കാറുകൾ ആകരുത്.  മറിച്  സ്വതന്ത്രമായി സ്വപ്നം കാണുകയും നല്ല തീരുമാനങ്ങൾ എടുക്കുകയും ചെയ്യുക. തെറ്റുപറ്റാൻ  സാധ്യതകൾ ഉണ്ടാകാമെങ്കിലും അപകടസാധ്യതകളെ നേരിടുക. ബോധം കെടുത്തപ്പെട്ടതു പോലെ ജീവിതത്തിലൂടെ കടന്നു പോകുകയോ വിനോദ സഞ്ചാരികളെ പോലെ ലോകത്തെ സമീപിക്കുകയോ അരുത്. കോലാഹലം സൃഷ്ടിക്കുക! നൂതന മമ്മികളാകാതിരിക്കാൻ നിങ്ങളെ തളർത്തുന്ന ഭയങ്ങളെ വലിച്ചെറിയുക. ജീവിക്കുക. നിങ്ങളുടെ ജീവിതത്തിന് അതിന്റെ ഏറ്റവും നല്ലത് നൽകുക. നിങ്ങളുടെ കൂടുകളുടെ വാതിൽ തുറന്നു  പുറത്തിറങ്ങി പറക്കുക! ദയവായി  അകാല വിരമിക്കൽ എടുക്കരുത്. (സ്വതന്ത്ര പരിഭാഷ)

മുകപ്പിൽ നിന്ന്‌ കാണുന്നത് പോലെ ജീവിതത്തെ നിരീക്ഷിക്കരുത്

നിങ്ങളുടെ ജീവിതത്തെ ഒരു തിരശ്ശീലയുടെ പിന്നിൽ നയിക്കരുത് എന്ന് പാപ്പാ യുവജനങ്ങളോടു പറയുന്നു. നമ്മെ എത്ര പ്രചോദിപ്പിക്കുകയും വെല്ലുവിളിക്കുകയും ചെയ്യുന്ന ഒരു ആഹ്വാനമാണിത്.  മുകപ്പിൽ നിന്ന് നോക്കുന്ന ജീവിതം നയിക്കരുതെന്ന് പാപ്പാ യുവജനങ്ങളോടു ആവശ്യപ്പെടുന്നു. ഇതിന്റെ അർത്ഥം എന്താണ്?  ജീവിതവുമായി ഒരു ബന്ധവുമില്ലാതെ വെറും വിദൂര നിരീക്ഷകരായി പോകുന്ന പങ്കാളിത്തമില്ലാത്ത ജീവിതം എന്നല്ലേ അത് അർത്ഥമാക്കുന്നത്.  സമൂഹത്തിൽ എന്ത് സംഭവിച്ചാലും അത് എന്നെ തൊടുന്നില്ല, ബാധിക്കുന്നില്ല. നമ്മൾ പത്രങ്ങളിൽ, സാമൂഹ്യ മാധ്യമങ്ങളിൽ വായിച്ചു കേൾക്കാറില്ലേ ആരും സഹായിക്കാൻ വന്നില്ല. അപകട സ്ഥലത്തു യുവാവ്  ചോര വാർന്നു മരിച്ചു. ബസ് യാത്രക്കാർ നോക്കി  നിൽക്കെ വൃദ്ധ ബസ്സിൽ നിന്നും വീണു മരിച്ചു എന്നൊക്കെ?

നന്മ ചെയ്യാൻ പറ്റിയ സാഹചര്യമുണ്ടായിരുന്നിട്ടും സഹായം നിഷേധിക്കുന്നത് തിന്മ തന്നെയാണ്. ഉപേക്ഷയാൽ ചെയ്ത പാപങ്ങളുടെ ഗണത്തിൽ നമുക്കതിനെ ചേർക്കാം. അതിനു നല്ല ഉദാഹരണം ബൈബിളിൽ തന്നെ കാണാം. ധനവാന്റെയും ലാസറിന്റെയും ഉപമയിൽ ക്രിസ്തു പഠിപ്പിക്കുന്ന പാഠം  കണ്മുന്നിൽ ദുരിതങ്ങളെ കണ്ടിട്ടും അതിൽ ഒന്നും ഇടപെടാത്തവർക്കു നഷ്ടമാകുന്ന സ്വർഗ്ഗരാജ്യത്തെ കുറിച്ചാണ്.

മനുഷ്യർ തങ്ങളെ തന്നെ ഒളിച്ചു വയ്ക്കുന്നു. ചില മുഖപടലങ്ങളുടെ പിന്നിൽ. അങ്ങനെ ചെയ്യുന്നതിന്റെ കാരണം സ്വാർത്ഥത കൊണ്ടുണ്ടാകാം. എന്റെ വീട്, എന്റെ കുടുംബം, എന്റെ ജീവിതം ഇങ്ങനെ എല്ലാം 'നമ്മിൽ' നിന്നും 'എന്നി' ലേക്ക്‌ ചുരുക്കപ്പെട്ടിരിക്കുന്ന ഈ ലോകത്തിൽ അപരനെ കുറിച്ചുള്ള ധാരണ ഇല്ലാതെ ജീവിക്കുമ്പോൾ ഉപമയിലെ ധനവാനെ പോലെ നമ്മുടെ മുറ്റത്തു തണുപ്പിലുറങ്ങുന്നവന്റെ വിറവലിന്റെ ഞരക്കമോ, ഉമ്മറപ്പടിയിൽ ഒരു നേരം അന്നത്തിനു വേണ്ടി കരയുന്നവന്റെ കണ്ണുനീരിന്റെ ചൂടോ നമ്മെ അലട്ടുകയില്ല. സഹജീവികളോടു ഇങ്ങനെ നിസ്സംഗതാ മനോഭാവം പുലർത്തുന്ന സമൂഹത്തെ മനസ്സിൽ കണ്ടു കൊണ്ടാണ് ഇന്നിന്റേയും നാളയുടെയും വാഗ്ദാനങ്ങളായ യുവജനത്തോടു മുകപ്പിൽ നിന്ന് ജീവിതം നയിക്കരുത് എന്ന് പാപ്പാ  ആഹ്വാനം ചെയ്യുന്നത്.

സുരക്ഷിതത്വത്തിന്റെ മലമുകൾ കോട്ടകളിൽ നിന്നും സേവനത്തിന്റെ താഴ്വാരങ്ങളിലേക്കു ക്രിസ്തു വിളിക്കുന്നുണ്ട്. മൂന്നു കൂടാരങ്ങൾ പണിതു അവിടെ സ്ഥിരതാമസക്കാരാക്കാൻ ഇഷ്ടപ്പെടുന്ന ശിഷ്യ മനസ്സിനെ നന്നായി മനസ്സിലാക്കിയ ഗുരു പറയുന്നത് ലോകം മുഴുവനിലും കടന്നു ചെന്ന് സുവിശേഷം പ്രഘോഷിക്കാനാണ്. മുകപ്പിൽ നിന്ന് നോക്കുമ്പോൾ താഴെ നിൽക്കുന്നവന്റെ മനസ്സിന്റെ കണ്ണാടിയായ മുഖത്തിൽ തെളിയുന്ന ജീവിതാനുഭവങ്ങളുടെ അക്ഷരങ്ങൾ അത്ര വ്യക്തമായി വായിക്കാൻ കഴിയുകയില്ലെന്നു വരാം. അത്കൊണ്ട് ഈ സമൂഹത്തിന്റെ മനസ്സറിയാൻ താഴത്തെ നിലയിലേക്ക് നാം ഇറങ്ങി വരണം. അങ്ങകലെ നടക്കുന്ന യുദ്ധവും, പ്രകൃതി ദുരന്തങ്ങളും, മനുഷ്യാന്തസ്സു നഷ്ടപ്പെടുന്നവന്റെ വേദനയും എന്റെ ജീവിതത്തിലും ഞാൻ ഉൾക്കൊള്ളണം. എന്നെയും സ്പർശിക്കണം. എന്റെ ജീവിതത്തെയും ബാധിക്കണം. എങ്കിൽ മാത്രമേ നാമൊരു സമൂഹജീവി എന്ന് നമുക്ക് പറയാനാവൂ.

സന്തോഷത്തെ ഒരു ചാരുകസേരയായി തെറ്റിദ്ധരിക്കരുത്

ചാരുകസേര - വളരെ സുഖകരമായ ഒരു വിശ്രമ സ്ഥലമാണ്. നമുക്ക് ഇരിക്കാൻ തോന്നും. നമുക്കു ഇഷ്ടമുള്ള രീതിയിൽ ജീവിതം മുന്നോട്ടു പോകയാണെങ്കിൽ സന്തോഷമാണ് എന്ന് നാം വിചാരിക്കുന്നു. യഥാർത്ഥത്തിൽ നമ്മുടെ സദ്കർമ്മങ്ങളുടെ  ഫലമായിരിക്കണം നമ്മുടെ സന്തോഷം.  അത് കൊണ്ടാണ് പാപ്പാ ഇരുന്നു വിശ്രമിക്കാനുള്ള ഒരു സാധനമാണ് സന്തോഷം എന്ന് ആശയകുഴപ്പത്തിലാകരുതെന്നു  യുവജനങ്ങളോടു പറയുന്നത്. നമ്മുടെ ജീവിതത്തിൽ നമ്മെ സുഖിപ്പിക്കുന്ന പലതും നമുക്ക് ശാശ്വതമായ സന്തോഷം നൽകുന്നവയായിരിക്കണമെന്നില്ല. താത്കാലികമായി സന്തോഷം നൽകി കൊണ്ട് നമ്മുടെ ജീവിതത്തെ അപകടത്തിലാക്കുന്ന ചില ചാരുകസേരകളെ നാം വളരെ സൂക്ഷമായി തന്നെ സമീപിക്കേണ്ടതായിട്ടുണ്ട്.

"ആഗ്രഹിച്ചതെല്ലാം തരാതെ ദൈവം എന്നെ പറ്റിച്ചപ്പോൾ തന്നതിൽ സന്തോഷം കണ്ടെത്തി ദൈവത്തെ ഞാൻ പറ്റിച്ചു" എന്ന് ആരോ എഴുതി. ആഗ്രഹിച്ചിട്ടും ലഭിക്കാതെ പോയവയെ കുറിച്ച് ചാരുകസേരകളിൽ ഇരുന്നു സന്തോഷത്തെ കുറിച്ച് കിനാവ് കാണുന്നതിനേക്കാൾ  "പ്രവർത്തനം എല്ലായ്പ്പോഴും സന്തോഷം നൽകിയില്ലായിരിക്കാം. എന്നാൽ പ്രവർത്തനമില്ലാതെ സന്തോഷമില്ല" എന്ന്  ബെഞ്ചമിൻ  ഡിസ്രേലി പറഞ്ഞത് പോലെ നല്ല പ്രവർത്തികൾ ചെയ്തു നമ്മുക്ക് നമ്മുടെയും മറ്റുള്ളവരുടെയും ജീവിതത്തെ സന്തോഷിപ്പിക്കാൻ കഴിയും. നമ്മെ സുഖിപ്പിക്കുന്നതല്ല സന്തോഷം. നമ്മെ വെല്ലുവിളിച്ചു നമ്മെ വിജയത്തിലേക്ക് നയിക്കുന്നതാണ് സന്തോഷം.

അണിയറയുടെ പിന്നിൽ ഒളിഞ്ഞിരിക്കരുത് പുറത്തു വന്നു മുൻനിരയിൽ നായകരായിരിക്കാനാണ് യുവജനങ്ങളെ പാപ്പാ ആഹ്വാനം ചെയ്യുന്നത്. തിരശ്ശീലയുടെ പിന്നിൽ നിൽക്കുമ്പോൾ നമുക്ക് ആക്റ്റീവ് പാർട്ടിസിപ്പന്റ് ആക്കാൻ കഴിയുകയില്ല. ജീവിതത്തിന്റെ നായക സ്ഥാനമെടുക്കാതെ അണിയറയിൽ മാത്രം ഒതുങ്ങി നിൽക്കേണ്ടവരല്ല യുവജനങ്ങൾ. ജീവിതത്തിന്റെ പരുക്കൻ അനുഭവങ്ങളിലൂടെ കടന്നു പോകുന്നവർക്ക് മാത്രമേ ജീവിതത്തെ സ്വയം മെരുക്കിയെടുക്കാൻ കഴിയുകയുളളു. നമ്മുടെ ജീവിതത്തിൽ എല്ലാ കഴിവുകളെയും നാം പുറത്തു കൊണ്ടുവരണം. അണിയറയിൽ മറഞ്ഞിരിക്കുന്നവർക്കു കാരണങ്ങൾ പലതുണ്ടാകും. ചില മുറിവുകൾ, ലോകം നൽകുന്ന ആക്ഷേപങ്ങൾ, അവഹേളനങ്ങൾ, കുറ്റപ്പെടുത്തലുകൾ, വേർതിരിവുകൾ, ധൈര്യക്കുറവുകൾ ഇവയെല്ലാം നമ്മെ നമ്മിൽ  നിന്നും പുറത്തു വരാൻ തടസ്സം നിൽക്കുന്ന മതിലുകളാകാം. എന്നാൽ ഈ മതിലുകൾ പൊട്ടിച്ചു നാം പുറത്തു വരണം. നമുക്ക് ആകാശം പോലെ വിശാലമായ വലിയ ഒരു ലോകമുണ്ട്. നമുക്ക് മാത്രം സമ്മാനിക്കാൻ കഴിയുന സംഭാവനകൾ ഉണ്ട്. നമുക്ക് മാത്രം പാടാൻ കഴിയുന്ന സംഗീതമുണ്ട്. നമുക്ക് മാത്രം നൽകാനുള്ള സന്ദേശം ഉണ്ട്. നമ്മുടെ മാത്രം സ്പർശനം ആവശ്യമുള്ള മനസ്സുകളുണ്ട്. നാം പകരുന്ന സൗഖ്യത്തെ  കാത്തിരിക്കുന്ന ജീവനുകളുണ്ട്. അതുകൊണ്ടു നമ്മുടെ നിഴൽ അല്ല നമ്മുടെ സാന്നിധ്യമാണ് അവിടെ എത്തേണ്ടത്. അതുകൊണ്ടു നമ്മെ മറയ്ക്കുന്ന തിരശ്ശീലകൾ നീക്കി നമുക്ക് നമ്മെ വെളിപ്പെടുത്താൻ, ദൈവം സൃഷ്ടിച്ച നമ്മെ വെളിപ്പെടുത്താൻ സമയമായി.   

അരിക് ചേർത്ത് ഒതുക്കി നിർത്തിയ കാറുകൾ ആകരുത്

മെയിൻ റോഡിൽ വണ്ടി ഇറക്കിവിടാതെ ഒതുക്കി പാർക് ചെയ്തിരുന്നാൽ  വാഹനം  തുരുമ്പെടുക്കും. നമ്മുടെ വാഹനം  ഓടിക്കാതെ അതിലിരുന്ന്  മറ്റുള്ളവരെ  നാം നോക്കിയിരിക്കും. മറ്റുള്ളവരുടെ പോക്ക് കണ്ടു കുറ്റം പറഞ്ഞിരിക്കാം, നെടുവീർപ്പിടാം, അല്ലെങ്കിൽ സങ്കടപ്പെട്ടിരിക്കാം. കാറും, ഇന്ധനവും, ഡ്രൈവിംഗ് ലൈസൻസും ഉണ്ടായിരുന്നിട്ടും നമ്മുടെ വാഹനം നാം ഓടിക്കാതിരുന്നാൽ  വാഹനം നശിച്ചുപോകുന്നതുപോലെ നമ്മുടെ ജീവിതത്തെ നാം ഉപയോഗിക്കാതിരുന്നാൽ നമുക്ക് പോലും നമ്മെ ഉപയോഗപ്പെടുത്താൻ കഴിയാതെ പോകും. അങ്ങനെ വന്നാൽ അത് വിൽക്കാൻ പോലും കഴിയുകയില്ല. നമ്മുടെ ജീവിതത്തിനു ഒരു മുല്യവും ഉണ്ടാകില്ല. വിലകെട്ട ജീവിതമെന്നു മറ്റുള്ളവർ നമ്മെ മാറ്റി നിറുത്തും. നിരാശയും, ഏകാന്തതയും മാത്രം അവശേഷിക്കും. അകാല വാർധ്യക്യം പ്രാപിച്ചു ആർക്കും ഉപയോഗപ്രദമാകാതെ മണ്ണിൽ നാം അടിഞ്ഞു തീരും. എന്നാൽ  പാപ്പാ പറയുന്നത് പോലെ സ്വതന്ത്രമായി സ്വപ്നം കാണാൻ നമുക്ക് കഴിയുകയാണെങ്കിൽ നമ്മുടെ ജീവിതത്തെ നമുക്ക് തന്നെ നിറമുള്ള മനോഹര ചിത്രമാക്കാൻ കഴിയും. മറ്റുള്ളവരല്ല നമ്മുടെ ജീവിതത്തിന്റെ ഗ്രാഫ് വരയ്ക്കേണ്ടത്. ദൈവം തന്ന ജീവിതത്തിന്റെ നിയോഗത്തിലേക്ക് എത്തി ചേരാൻ നാം തന്നെയാണ് നമ്മെ പ്രചോദിപ്പിക്കേണ്ടത്. എങ്ങനെ വേണമെങ്കിലും  ജീവിക്കാൻ ആഗ്രഹിക്കാതെ ഇങ്ങനെ  ജീവികണമെന്ന ദൃഡനിശ്ചയത്തോടെ ജീവിക്കാൻ നമ്മെ നാം പഠിപ്പിക്കണം. അപ്പോൾ ഏതു കാറ്റിലും മഴയിലും ഉലയാതെ നമ്മുടെ ലക്ഷ്യത്തിൽ എത്താൻ നമുക്ക് കഴിയും.  ജീവിതത്തിൽ  ഏറ്റവും നല്ലതു കൊടുക്കാൻ, നല്ല സംഭാവനകൾ  കൊടുക്കാൻ നമുക്ക് കഴിയട്ടെ. അതിനു  നമ്മുടെ ഭയം വെടിയുക,  നമ്മുടെ സുരക്ഷിതത്വത്തിന്റെ കൂടു വിട്ടിറങ്ങുക, പറക്കുക, ഓടുന്ന വാഹനത്തിനു മാത്രമേ സ്വരമുണ്ടാകുകയുള്ളു. അല്ലെങ്കിൽ മരണം പോലെ നിശ്ചലമാകും ജീവിതം. അത് കൊണ്ട് നമ്മുടെ ജീവിതത്തിന്റെ നല്ല കാലഘട്ടമായ യൗവനത്തെ  ജീവിച്ചു നമുക്കു കടന്നു പോകാം. തോറ്റു കൊടുക്കില്ല എന്ന  മനസ്സും,  എന്തെങ്കിലും ഈ ഭൂമിക്കു നൽകണമെന്ന ഉറപ്പും, ലക്ഷ്യത്തിലേക്കുള്ള അധ്വാനവും നമ്മെ വെറുതെ ഇരിക്കാൻ അനുവദിക്കുകയില്ല. അത് കൊണ്ട് നമ്മുടെ ജീവിതത്തെ കുറിച്ച് നമുക്ക് നിറയെ സ്വപ്നങ്ങൾ കാണണം. കാണുന്ന സ്വപ്നത്തെ നന്മയ്ക്കായി വിനിയോഗിക്കാം. അതിനായി നമ്മെ തന്നെ സമർപ്പിക്കാം.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

28 April 2022, 12:10