തിരയുക

യുക്രെയ്നു വേണ്ടി പ്രാർത്ഥിക്കുന്ന യുവതി യുക്രെയ്നു വേണ്ടി പ്രാർത്ഥിക്കുന്ന യുവതി 

“ക്രിസ്തു ജീവിക്കുന്നു”: യുവജനമേ, നിങ്ങളിൽ നിന്ന് പുറത്തു കടക്കുക

“Christus Vivit” അഥവാ “ക്രിസ്തു ജീവിക്കുന്നു” എന്ന ഫ്രാൻസിസ് പാപ്പായുടെ അപ്പോസ്തോലിക പ്രബോധനത്തിന്റെ 141ആം ഖണ്ഡികയെ അടിസ്ഥാനമാക്കിയ വിചിന്തനം.

സി. റൂബിനി സി.റ്റി.സി, വത്തിക്കാൻ ന്യൂസ്

അപ്പോസ്തോലിക പ്രബോധനം

അപ്പോസ്തോലിക പ്രബോധനമെന്നത് കത്തോലിക്കാ സഭയില്‍ പാപ്പാ പ്രസിദ്ധീകരിക്കുന്ന ഔദ്യോഗിക ലേഖനങ്ങളുടെ വിവിധതരത്തിലുളള പരമ്പരകളിൽപ്പെടുന്ന ഒരു ലേഖനമാണ്. ഇവയുടെ പ്രാധാന്യ ശൃംഖലയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ചാക്രീക ലേഖനങ്ങള്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനമാണ് അപ്പോസ്തോലിക പ്രബോധനങ്ങള്‍ക്കുള്ളത്.

ശബ്ദരേഖ

അഞ്ചാം അദ്ധ്യായം

അഞ്ചാം അദ്ധ്യായത്തിന്റെ  ശീർഷകം തന്നെ "യുവജനങ്ങളുടെ വഴികൾ'' എന്നാണ്. യുവത്വത്തിന്റെ  ആകുലതയെയും ആകാംക്ഷയെയും ഉത്ക്കണ്ഠയെയും വിവരിക്കുമ്പോഴും ഫ്രാൻസിസ് പാപ്പാ യുവതയോടു നിർദ്ദേശിക്കുന്നത് "നിങ്ങളുടെ പ്രത്യാശകളേയും സ്വപ്നങ്ങളേയും പിന്തുടരാനാണ്.

141. എന്നാൽ തീരുമാനങ്ങളെ പ്രചോദിപ്പിക്കുന്ന സ്വപ്നങ്ങൾക്കെതിരായി പരാതിപ്പെടാനോ ഉപേക്ഷിക്കാനോ ഉള്ള പ്രലോഭനം എപ്പോഴും ഉണ്ടായിരിക്കും. ഈ വിഷയം “വിലാപത്തിന്റെ ദേവത”യെ ആരാധിക്കുന്നവർക്ക് വിടാം. അവൾ ഒരു മിഥ്യാ ദേവതയാണ്. അവൾ നിന്നെ തെറ്റായ പാതയിലൂടെ നടത്തുന്നു. എല്ലാം നിശ്ചലമായി തോന്നുമ്പോൾ, വ്യക്തിപരമായ പ്രശ്നങ്ങൾ നമ്മെ ശല്യപ്പെടുത്തുമ്പോൾ സാമൂഹിക പ്രശ്നങ്ങൾക്ക് ശരിയായ പ്രത്യൂത്തരങ്ങൾ ഇല്ലാതാകുമ്പോൾ, തോൽവി സമ്മതിക്കുക എന്നത് നല്ല കാര്യമല്ല.

യേശുവാണ് വഴി. യേശുവിനെ നിന്റെ വഞ്ചിയിലേക്ക് സ്വാഗതം ചെയ്യുക. ആഴത്തിലേക്ക് വലയെറിയുക. നാം ജീവിതത്തെ കാണുന്ന രീതിയെ അവിടുന്ന് മാറ്റി മറിക്കുന്നു. യേശുവിലുള്ള വിശ്വാസം കൂടുതൽ വലിയ പ്രത്യാശയിലേക്ക് നയിക്കുന്നു. നമ്മുടെ ഗുണങ്ങളെയും സാമർത്ഥ്യങ്ങളെയും അടിസ്ഥാനപ്പെടുത്താതെ ദൈവവചനത്തിനും അതിൽ നിന്ന് വരുന്ന വിളിയിലും അടിസ്ഥാനപ്പെടുത്തിയ ഒരു സുനിശ്ചിതത്വത്തിലേക്ക് നയിക്കുന്നു. ആവശ്യത്തിലധികം മാനുഷിക കണക്കുകൂട്ടലുകൾ നടത്താതെ, നിന്റെ സുരക്ഷിതത്വത്തെ വെല്ലുവിളിക്കുന്ന കാര്യങ്ങളെപ്പറ്റി ആകുലപ്പെടാതെ ആഴത്തിലേക്ക് എറിയുക. നിങ്ങളിൽ നിന്ന് പുറത്തുകടക്കുക. (കടപ്പാട്. പി.ഒ. സി പ്രസീദ്ധീകരണം).

യേശുവിനെ നിന്റെ വഞ്ചിയിലേക്ക് സ്വാഗതം ചെയ്യുക

ജീവിതം വഴിമുട്ടി നിൽക്കുമ്പോൾ തോറ്റു കൊടുക്കാൻ ഇഷ്ടപ്പെടാത്തവരും തോറ്റുപോയവരുമുണ്ടാകാം. എത്രയെത്ര നഷ്ടങ്ങളുടെ സഞ്ചിതഭാവത്തെ വിളിക്കേണ്ട പേരാണ് ജീവിതം എന്ന് വായിച്ചതോർക്കുന്നു. നമ്മുടെ ജീവിത വഴിത്താരയിൽ എത്രയോ മനുഷ്യർ പൊരുതി വിജയിച്ചിരിക്കുന്നു. അതേപോലെ എത്രയോ പേർ പരാജയത്തിന്റെ മുന്നിൽ മുട്ടുമടക്കി ആത്മഹത്യകളിൽ അഭയം കണ്ടെത്തിയിരിക്കുന്നു. ജീവിതത്തെ ഒരേ കോണിൽ നിന്ന് തന്നെ നോക്കാതെ പല വശങ്ങളിൽ നിന്ന്  വീക്ഷിച്ചാൽ മാത്രമേ അതിന്റെ മുഴുവൻ മനോഹാരിതയും കണ്ടെത്താനാവൂ. ഒരു പക്ഷേ അങ്ങനെ നമ്മുടെ ജീവിതത്തിന് ചില മാറ്റങ്ങൾ സംഭവിച്ചേക്കാം. ആ മാറ്റങ്ങൾ നമ്മെ ഉന്നത നേട്ടങ്ങളിലേക്ക് എത്തിചേക്കാം.

ഇന്ന് നാം വിചിന്തനം ചെയ്യുന്ന ഖണ്ഡികയിൽ "എല്ലാം നിശ്ചലമായി തോന്നുമ്പോൾ  വ്യക്തിപരമായ പ്രശ്നങ്ങൾ നമ്മെ ശല്യപ്പെടുത്തുമ്പോൾ, സാമൂഹിക പ്രശ്നങ്ങൾക്ക് ശരിയായ പ്രത്യൂത്തരങ്ങൾ ഇല്ലാതാകുമ്പോൾ തോൽവി സമ്മതിക്കുകയെന്നത് നല്ല കാര്യമല്ല. യേശുവാണ് വഴി. അവനെ നിന്റെ വഞ്ചിയിലേക്ക് സ്വീകരിക്കുക” എന്ന് പാപ്പാ പറയുന്നു. യേശുവിനെ നമ്മുടെ ജീവിതത്തോണിയിലേക്ക് സ്വീകരിക്കുക എന്നത് ഒരു വെല്ലുവിളിയും വിളിയുമാണ്. യേശു നമ്മുടെ വഞ്ചിയിൽ ഉണ്ടെങ്കിൽ നമുക്ക് പ്രക്ഷുബ്ധമായ കടലിലൂടെയല്ലാതെ യാത്ര ചെയ്യാൻ കഴിയുകയില്ല എന്നതാണ് വെല്ലുവിളി. എന്നാൽ ആടിയുലയുന്ന തോണിയെ അധഃപതിക്കാൻ അവൻ അനുവദിക്കില്ല എന്നതാണ് അവൻ നൽകുന്ന ഉറപ്പ്.

ശിഷ്യരുടെ തോണി ആടിയുലയുന്ന നേരത്ത് ക്രിസ്തു തോണിയിൽ തന്നെ ഉണ്ടായിരുന്നു. കാറ്റിന്റെ വേഗതയും കടലിന്റെ ഭീകരതയും തോണിയുടെ ഇളകി മറിയലും അവൻ അറിഞ്ഞു കൊണ്ട് തന്നെയാണ് തോണിയുടെ അമരത്ത്  ശാന്തനായി ഉറങ്ങിയത്. എന്നിട്ടും ശിഷ്യർ  ഭയപ്പെട്ടത് കാറ്റിനേയും കടലിനെയുമാണ്. എന്നാൽ കാറ്റും, കടലും പോലും ഭയപ്പെടുന്ന ഒരുവനാണ് തങ്ങളുടെ കൂടെയുള്ളതെന്ന കാര്യമാണ് അവർ മറന്നു പോയത്. അത് കൊണ്ടാണ് ക്രിസ്തു ഉണ്ടെങ്കിൽ നമുക്ക് വെല്ലുവിളികൾ കൂടുതലുണ്ടാകും എന്ന് സൂചിപ്പിച്ചത്. ചില സമയങ്ങളിൽ  നമുക്കാവശ്യമില്ല എന്നു കരുതിയാലും ദൈവം നമ്മുടെ ജീവിതത്തിൽ വലിഞ്ഞു കേറും. ചില സമയങ്ങളിൽ നാം അവനെ വലിച്ചു കേറ്റണം. അവൻ നമ്മോടൊപ്പമുള്ളപ്പോൾ നമ്മുടെ ജീവിതത്തിന്റെ ഗ്രാഫും സഞ്ചാരവും വളരെ സുന്ദരമായി വരച്ചു തീർക്കും. അപ്പോൾ പരാജയങ്ങൾ തടവിലാക്കുന്ന ഓരോ മതിലും ശക്തനായ ദൈവത്തിന്റെ കരത്തിന്റെ കീഴിൽ നിന്ന് തകർത്തെറിയാൻ കഴിയും.

ബൈബിൾ നഷ്ടങ്ങളുടെ കുറെ കഥകൾ നമ്മോടു പങ്കുവയ്ക്കുന്നു. കാണാതെ പോയ ആടിന്റെ കഥ അതിലൊന്നാണ്. എത്ര പെട്ടന്നാണ്  കൂടെയുണ്ടായിരുന്ന  ഇടയനെയും കൂട്ടുകാരെയും  വിട്ടു ആട് കൂട്ടം തെറ്റി പോയത്. മനപ്പൂർവ്വം തെറ്റി പിരിഞ്ഞ് പോയതോ അല്ലെങ്കിൽ  അറിയാതെ വഴി തെറ്റി പോയതോ എന്നറിയില്ല. എങ്കിലും ഇഷ്ടപ്പെട്ടതിലൊന്ന് നഷ്ടപ്പെട്ടപ്പോൾ ഇടയൻ മറ്റുള്ള തൊണ്ണൂറ്റൊമ്പതിനെയും നഷ്ടപ്പെടുമോയെന്നോർക്കാതെ നഷ്ടപ്പെട്ട ഒന്നിനെ തിരഞ്ഞു പോകുന്നു. ജീവിതത്തിന്റെ നഷ്ടങ്ങളെ പരാജയം എന്ന പേര് നൽകി നിരാശയെന്ന പെട്ടിയിൽ അടച്ചാൽ പിന്നെ നമുക്ക് നഷ്ടമായത് എന്നും നഷ്ടമായത് തന്നെയായിരിക്കും. അങ്ങനെ നഷ്ടം സംഭവിക്കാതിരിക്കാൻ യേശുവിനെ നമ്മുടെ ജീവിതത്തിൽ കൊണ്ടുവരണം. എങ്കിലേ നഷ്ടങ്ങൾക്ക് അർത്ഥം കണ്ടെത്താൻ കഴിയൂ.

പൂർണ്ണതയിലേക്കുള്ള പ്രയാണത്തിൽ കൊഴിച്ചിലുകൾ സ്വാഭാവീകം തന്നെയല്ലേ. കാണാതെ പോയ മകനും, കാണാതെ പോയ നാണയവും ഒക്കെ നഷ്ടപ്പെട്ടു പോയതിനെ രക്ഷാകരമായി തിരികെ വീണ്ടെടുക്കുന്നതിന്റെ കഥകളാണ് നമ്മോടു പറയുക. നഷ്ടപ്പെട്ടതിനെ തിരികെ പിടിക്കുക എന്നതിന്റെ അർത്ഥം കളഞ്ഞു പോയ നന്മയുടെയും, വിശ്വാസത്തിന്റെയും, പ്രത്യാശയുടെയും മൂല്യങ്ങളെ തിരികെ പിടിക്കുക എന്ന് തന്നെയാണ്.

ആഴത്തിലേക്ക് വലയെറിയുക

ആഴത്തിലേക്ക്  വലയിറക്കാൻ പറയുന്നത് യേശുവിന്റെ ശൈലിയാണ്. ഒരാൾ നിരാശയിൽ കഴിയുമ്പോൾ, വഴിമുട്ടി നിൽകുമ്പോൾ യേശു പറയുന്നു ആഴത്തിലേക്ക് വലയിടുക. നമ്മുടെ ജീവിതത്തെ കുറച്ചു കൂടി ആഴത്തിൽ ഇറക്കുന്നത് നല്ലതായിരിക്കും. കാരണം നമ്മുടെ ജീവിത മൂല്യങ്ങളെ മറ്റുള്ളവർ പെട്ടെന്ന് പറിച്ചെറിയുമ്പോൾ വീണ്ടും തളിർക്കാ൯ നമ്മുടെ വേരുകൾ ആഴത്തിൽ ഇറക്കപ്പെട്ടിരിക്കണം. ഇന്ന് ആഴമില്ലാത്ത സ്നേഹബന്ധങ്ങളും, ആഴമില്ലാത്ത വിശ്വാസവും, ആഴമില്ലാത്ത അർപ്പണവുമെല്ലാം മനുഷ്യ ജീവിതത്തെ വല്ലാതെ വീർപ്പു മുട്ടിക്കുന്നത് നാം അനുഭവിക്കുന്നവരാണ്.

യേശുവിന്റെ ഹൃദയത്തിന്റെ ആഴത്തിലേക്ക് തങ്ങളുടെ ജീവിതത്തെ ഇറക്കിയ ഒരു പാട് വ്യക്തികൾ ഉണ്ട്. അവരിൽ ഒരാളാണ് മഗ്ദലേനകാരി മറിയം. അവളുടെ സ്നേഹത്തിന്റെ ആഴം ക്രിസ്തുവിനെ പോലും ഒരുപക്ഷെ അത്ഭതപ്പെടുത്തിയേക്കാം. തന്റെ ഒപ്പം യാത്രകളിലും, മരുഭൂമിയിലും, അത്ഭുതങ്ങളുടെ മലമുകളിലും കൂടെനിന്നവരോടു ക്രിസ്തുവിനു  ആഴത്തിലേക്ക് വലയെറിയുക എന്ന് പറയേണ്ടി വന്നു. എന്നാൽ അവളുടെ സ്നേഹത്തെ ലോകത്തിന്റെ മുന്നിൽ ചൂണ്ടികാണിച്ചു കൊണ്ട് യേശു പറഞ്ഞു എവിടെയൊക്കെ സുവിശേഷം പ്രഘോഷിക്കപ്പെടുന്നുണ്ടോ അവിടെയൊക്കെ മഗ്ദലേനക്കാരി മറിയവും സുവിശേഷമാക്കപ്പെടും എന്ന്. കാരണം കരുണയെഴുതിയ മൗനവും നിലത്തു കോരിയിട്ട വരകളും കൊണ്ട് തന്റെ ജീവനെ തിരികെ തന്ന ദൈവത്തിന്റെ ഹൃദയത്തിന്റെ ആഴത്തിലാണ് അവൾ തന്റെ ജീവിതത്തെ, സ്വപ്നങ്ങളെ, മൂല്യത്തെ, വിശ്വാസത്തെ ഇറക്കിയത്. ആഴങ്ങളുടെ ശാന്തതയിൽ ധ്യാനിക്കപ്പെടേണ്ട ജീവിതമാകണം നമ്മുടേത്. അപ്പോഴാണ് നാം സ്വീകരിക്കുന്ന നിലപാടുകൾക്കും എടുക്കുന്ന തീരുമാനങ്ങൾക്കും, ചെയ്യുന്ന കർമ്മങ്ങൾക്കും നന്മയുടെ വെളിച്ചമുണ്ടാകുന്നത്.

നിങ്ങളിൽ നിന്ന് പുറത്തു കടക്കുക

"കണക്കു സൂക്ഷിക്കാത്ത, ധനികനാകാൻ ശ്രമിക്കാത്ത, നഷ്ടം സംഭവിക്കുമോ എന്ന ഭയമില്ലാത്ത, സ്വന്തം വ്യക്തിത്വത്തെ കുറിച്ച് ഭയമില്ലാത്ത ഒരുവനുണ്ടെങ്കിൽ അവനാണ് സ്വതന്ത്രൻ " എന്ന് റൂമി പറയുന്നു.

ഉറച്ച നിലപാടുകളോടെ ഈ സമൂഹത്തിന്റെ നന്മയ്ക്കായി ഒരാൾ  സ്വയം വെട്ടിത്തുറന്ന വഴിയിലൂടെ തന്നെ മുന്നോട്ടു പോകണമെങ്കിൽ അയാൾ അയാളിൽ നിന്ന് തന്നെ പുറത്തു വരേണ്ടിയിരിക്കുന്നു. ഇങ്ങനെ പുറത്തു വരണമെങ്കിൽ ദുരഭിമാനത്തിന്റെ, മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന ആശങ്കയുടെ, മായാസ്വപ്നങ്ങളുടെ കൂട്ടിൽ നിന്നും സ്വതന്ത്രമായി നാം പുറത്തു വരണം.

തന്റെ പിതാവിന്റെ ഹിതം നിറവേറ്റാൻ വന്ന യേശു ജെറുസലേം ദേവാലയത്തിൽ  തന്നെ തങ്ങിയപ്പോൾ അവനെ അന്വേഷിച്ചെത്തിയ മറിയത്തോടും യൗസേപ്പിനോടും പിതാവിന്റെ കാര്യങ്ങളിൽ താൻ വ്യാപൃതനാണ് എന്ന അവന്റെ മറുപടിയാണ് നമ്മെ നമ്മിൽ നിന്നും പുറത്തു കടക്കാൻ പ്രേരിപ്പിക്കേണ്ട ഏറ്റവും നല്ല ഉദാഹരണമായി തോന്നുന്നത്. ബന്ധങ്ങൾ ബന്ധനങ്ങളല്ല സ്വാതന്ത്ര്യമാണ് പകരേണ്ടത്. യേശുവിലുള്ള വിശ്വാസം നമ്മെ സ്വാതന്ത്ര്യത്തിന്റെ പ്രത്യാശയിലേക്ക് നയിക്കുന്നുണ്ട്. ഇന്നത്തെ സമൂഹം പ്രത്യേകിച്ച് യുവജനങ്ങൾ ചില കെട്ടുപാടുകളുടെ കുഴികളിലും, കൂടുകളിലും തടവിലാക്കപ്പെട്ടിരിക്കുന്നു. രാഷ്ട്രീയവും, പ്രത്യയശാസ്ത്രങ്ങളും, മതമൗലീകവാദവും എല്ലാം യുവജനങ്ങളെ അവരുടെ സ്വന്തം കഴിവുകളെയും ഊർജ്ജത്തെയും ശരിയായ വിധത്തിൽ വിനിയോഗിക്കാനോ, ഉപയോഗിക്കാനോ അനുവദിക്കാതെ തടസ്സം നിൽക്കുന്നവയായി മാറിക്കൊണ്ടിരിക്കുന്നു. ഒരു ആദർശത്തിന്റെ പേരിൽ, രാഷ്ട്രീയ പാർട്ടിയുടെ പേരിൽ, മതഭ്രാന്തിന്റെ പേരിൽ ഇന്ന് എത്ര എത്ര യുവജനങ്ങളാണ് കുരുതികൊടുക്കേണ്ടി വരുന്നത്. സ്വയം ചിന്തിക്കാൻ, സ്വയം തീരുമാനമെടുക്കാൻ, സ്വയം ജീവിക്കാൻ പോലും കഴിയാത്ത അല്ലെങ്കിൽ അങ്ങനെ ജീവിക്കാൻ അനുവദിക്കാത്ത സമൂഹത്തിൽ തങ്ങളുടെ ജീവിതത്തെ കുറച്ചു കൂടി മാറ്റി ചിന്തിക്കാൻ നമുക്ക് സ്വയം പുറത്തു വരാൻ കഴിയണം. യേശുവിന്റെ സ്വാതന്ത്ര്യത്തിലേക്ക് കടക്കാൻ കഴിയണം.

യേശു നമ്മുടെ ജീവിതത്തെ മാറ്റി മറിക്കുന്നു

ഏതു ജീവിതത്തെയും മാറ്റി മറിക്കാൻ കഴിയുന്ന അനുഭവമാണ് ക്രിസ്തു. കാരണം തന്റെ ജീവിതത്തിന്റെ ഓരോ സംഭവങ്ങളിലും എന്തിനു മരണത്തെ പോലും അതിജീവിച്ചു ഇന്നും ജീവനുള്ളവനായിരിക്കുന്ന ഏകദൈവം അവൻ മാത്രമാണ്. ഓരോർത്തരുടേയും ജീവിതത്തിൽ അവരുടെ  ജീവിതത്തെ മാറ്റിമറിച്ച  ഏതെങ്കിലും ഒരു അനുഭവം ഉണ്ടാകാം. ആ അനുഭവം നമ്മെ നന്മയുടെയോ തിന്മയുടെയോ പാതയിൽ നയിച്ചെന്നിരിക്കാം. എന്നാൽ ക്രിസ്തു നമ്മുടെ ജീവിതത്തെ മാറ്റി മറിക്കുന്നത് മനുഷ്യ ഇടപെടലുകൾ പോലെയല്ല. നമ്മുടെ ജീവിതത്തിലെ അവന്റെ വരവ് നമ്മെ പൂർണ്ണതയിലേക്കാണ് നയിക്കുന്നത്. ഓട്ടപാത്രങ്ങൾ പോലെയാണ് നാമെങ്കിൽ ആ പാത്രത്തിലെ പഴുതുകളിലൂടെ ഒഴുക്കുന്ന ജലത്തുള്ളികൾ കൊണ്ട് വഴിയിലെ പുല്ലിനെയും വഴിയരികിലെ പൂക്കളെയും ഹരിതമായി നിർത്താൻ അവനു കഴിയും. മരുഭൂമി പോലെ ഉണങ്ങി വരണ്ടതാണ് ജീവിതമെങ്കിൽ കൃപയുടെ മഴപെയ്ത്ത് നൽകി വളക്കൂറുള്ള മണ്ണാക്കി മാറ്റാനും യേശുവിനു കഴിയും. അവനോടു കലഹിച്ചാലും, അവനെ കുരിശിൽ തറച്ചാലും, വിലാപുറത്തു ആഞ്ഞ് കുത്തിയാലും നിന്റെ അന്ധതയെ മാറ്റാൻ അവനു കഴിയും. ആക്ഷേപിച്ച് അവനെ ഇല്ലാതാകാൻ നോക്കുമ്പോഴും, നമുക്ക് വേണ്ടി കരുണയ്ക്കായി പ്രാർത്ഥിച്ചു വീണ്ടും സ്വർഗ്ഗരാജ്യത്തിൽ ഇരിപ്പിടം നൽകാ൯ അവന് കഴിയും. ജീവിതം കുറേ കൂടി ബോധപൂർവ്വമാകുമ്പോൾ ക്രിസ്തു നമ്മുടെ ജീവിതത്തിൽ വന്നു കയറുന്നതും നമ്മുടെ ജീവിതത്തെ മാറ്റി മറിക്കുന്നതും നമുക്ക് ഉറപ്പായി തിരിച്ചറിയാൻ കഴിയും. നീയെവിടെയാണ് എന്ന ചോദ്യത്തിനു നീയെവിടെയായിരിക്കേണ്ടതാണ് എന്ന ഒരു ധ്വനികൂടെയുണ്ട്. സത്യത്തിൽ നാമായിരിക്കേണ്ട നമ്മുടെ ഇരിപ്പിടത്തെ നമുക്ക് തരാ൯ ദൈവം നമ്മുടെ ജീവിതത്തിൽ പ്രവേശിക്കണം. അവന്റെ പ്രവേശനവും പ്രവർത്തനവും നമ്മെയും നമ്മുടെ ജീവിതത്തെയും മാറ്റി മറിക്കും.

വാർദ്ധക്യം പുത്ര സൗഭാഗ്യം നൽകി അബ്രഹാമിന്റെ ജീവിതത്തെ മാറ്റിമറിച്ച ദൈവം, പൊട്ട കിണറ്റിൽ ഉപേക്ഷിക്കപ്പെട്ട ജോസഫിന്റെ ജീവിതത്തിൽ അത്ഭുതങ്ങൾ സൃഷ്ടിച്ച ദൈവം, വിക്കനായ മോശയെ  ഇസ്രായേൽ ജനത്തിന്റെ നേതാവാക്കി മാറ്റിയ ദൈവം, വിധവയായ യൂദിത്തിന്റെ ജീവിതത്തിലൂടെ രക്ഷ കൊണ്ട് വന്ന ദൈവം, ബാലനായ ദാനിയേലിന്റെ ആത്മാവിനെ ഉണർത്തി നിർമ്മലയായ സൂസന്നയുടെ ജീവിതത്തെ മാറ്റി മറിച്ച ദൈവം, തന്റെ പുത്രനിലൂടെ പൗലോസിന്റെയും, പത്രോസിന്റെയും, മഗ്ദലെനാ മറിയത്തിന്റെയും, സക്കേവൂസിന്റെയും  ജീവിതത്തെ മാറ്റി മറിച്ചു. ആ ദൈവം നമ്മുടെ ജീവിതത്തെയയും മാറ്റി മറിക്കാൻ വരുന്നു. പൂർണ്ണമായി തുറന്നു കൊടുക്കാം. നമ്മുടെ വഞ്ചിയിലേറ്റാം. അവനിൽ ആഴത്തിൽ വലയിറക്കാം.

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 April 2022, 11:28