തിരയുക

വിശുദ്ധ ഇറേനിയൂസ് വിശുദ്ധ ഇറേനിയൂസ്  

ലിയോണിലെ വിശുദ്ധ ഇറേനിയൂസ് ഇനിമുതൽ വേദപാരംഗതൻ

ഫ്രാൻസിലെ ലിയോണിൽ ജീവിച്ച വിശുദ്ധ ഇറേനിയൂസിന് വേദപാരംഗതൻ എന്ന പദവി നൽകിക്കൊണ്ടുള്ള പരിശുദ്ധ പിതാവിന്റെ പ്രഖാപനം

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

തുർക്കിയിലുള്ള സ്മിർനെ എന്ന സ്ഥലത്ത് ക്രിസ്തുവർഷം 130-നും 140-നും ഇടയിൽ ജനിച്ച് ഫ്രാൻ‌സിലെ ലിയോൺ രൂപതയിലെ മെത്രാനായി ശുശ്രൂഷ ചെയ്‌ത്‌ ക്രിസ്തുവർഷം 202-ൽ മരിച്ച വിശുദ്ധ ഇറേനിയൂസിനെ വേദപാരംഗതനായി പാപ്പാ പ്രഖ്യാപിച്ചു. ജനുവരി 21-ന് നൽകിയ ഡിക്രി വഴിയാണ് പാപ്പാ ഈ പ്രഖ്യാപനം നടത്തിയത്.

"പൗരസ്ത്യദേശത്തുനിന്ന് വന്ന ലിയോണിലെ വിശുദ്ധ ഇറേനിയൂസ്, പാശ്ചാത്യദേശത്ത് എപ്പിസ്കോപ്പൽ ശുശ്രൂഷ നടത്തി: പൗരസ്ത്യ-പാശ്ചാത്യ ക്രിസ്ത്യാനികൾ തമ്മിലുള്ള ആത്മീയവും ദൈവശാസ്ത്രപരവുമായ പാലമായിരുന്നു അദ്ദേഹം. ദൈവത്തിൽനിന്നുവരികയും ഐക്യത്തിലേക്ക് വീണ്ടും സമന്വയിപ്പിച്ചുകൊണ്ട്, അനുരഞ്ജിപ്പിക്കുകയും ചെയ്യുന്ന സമാധാനത്തെയാണ് ഇറേനിയൂസ് എന്ന അദ്ദേഹത്തിന്റെ പേര് സൂചിപ്പിക്കുന്നത്. ഇക്കാരണങ്ങളാൽ, വിശുദ്ധരുടെ നാമകരണനടപടികൾക്കായുള്ള സംഘത്തിന്റെ അഭിപ്രായം സ്വീകരിച്ച ശേഷം, എന്റെ അപ്പസ്തോലികഅധികാരം ഉപയോഗിച്ച് “ഐക്യത്തിന്റെ വേദപാരംഗതൻ” എന്ന പേരിൽ വേദപാരംഗതനായി അദ്ദേഹത്തെ ഞാൻ പ്രഖ്യാപിക്കുന്നു" എന്നാണ് പാപ്പാ എഴുതിയത്.

"ഇങ്ങനെയുള്ള വലിയൊരു ഗുരുവിന്റെ വിശ്വാസതത്വങ്ങൾ, കർത്താവിന്റെ എല്ലാ ശിഷ്യന്മാരുടെയും വിശ്വാസയാത്രയ്ക്ക് പ്രോത്സാഹനമാകട്ടെ" എന്നും പാപ്പാ എഴുതി.

ജനുവരി 20-ന് ഫ്രാൻസിസ് പാപ്പായും കർദ്ദിനാൾ മർച്ചെല്ലോ സെമെറാറോയുമായുള്ള കൂടിക്കാഴ്ച്ചാവേളയിൽ, ലിയോണിന്റെ മെത്രാനായിരുന്ന വിശുദ്ധ ഇറേനിയൂസിന് സാർവ്വത്രിക വേദപാരംഗതൻ എന്ന പദവി നല്കുന്നതിനെക്കുറിച്ച്, വിശുദ്ധരുടെ നാമകരണനടപടികൾക്കായുള്ള വത്തിക്കാന്‍ സംഘത്തിന്റെ സമ്പൂർണ്ണസമ്മേളനത്തിലെ അംഗങ്ങളായ കർദ്ദിനാൾമാരും മെത്രാന്മാരും നൽകിയ സ്ഥിരീകരണ അഭിപ്രായം സ്വീകരിക്കാൻ കർദ്ദിനാൾ സെമെറാറോ പാപ്പായോട് അപേക്ഷിച്ചതിനെക്കുറിച്ച് വത്തിക്കാൻ ന്യൂസ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 January 2022, 17:53