തിരയുക

ഫ്രാൻസിസ് പാപ്പായും കർദ്ദിനാൾ സെമെറാറോയും - ഫയൽ ചിത്രം ഫ്രാൻസിസ് പാപ്പായും കർദ്ദിനാൾ സെമെറാറോയും - ഫയൽ ചിത്രം 

വിശുദ്ധ ഇറേനിയൂസും ദൈവദാസരും: വത്തിക്കാൻ

2022 ജനുവരി 20-ന് വിശുദ്ധരുടെ നാമകരണനടപടികൾക്കായുള്ള വത്തിക്കാന്‍ സംഘത്തിൽനിന്ന് നൽകപ്പെട്ട നൽകപ്പെട്ട ഡിക്രികളുടെ പ്രഖ്യാപനം

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ലിയോണിലെ വിശുദ്ധ ഇറേനിയൂസ് വേദപാരംഗതനായി പ്രഖ്യാപിക്കപ്പെടാനുള്ള സാദ്ധ്യതകൾ തെളിയുന്നു. വിശുദ്ധരുടെ നാമകരണനടപടികൾക്കായുള്ള വത്തിക്കാന്‍ സംഘത്തിന്റെ അദ്ധ്യക്ഷൻ കർദ്ദിനാൾ മർച്ചെല്ലോ സെമെറാറോയ്ക്ക് ഫ്രാൻസിസ് പാപ്പാ അനുവദിച്ച ഒരു കൂടിക്കാഴ്ചയിൽ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരാമർശിക്കപ്പെട്ടു. അതേസമയം പുതുതായി മൂന്ന് ദൈവദാസരുടെ വീരോചിതപുണ്യങ്ങൾ അംഗീകരിക്കുന്ന പ്രഖ്യാപനങ്ങൾ നടത്തുവാൻ പാപ്പാ വിശുദ്ധരുടെ നാമകരണനടപടികൾക്കായുള്ള വത്തിക്കാന്‍ സംഘത്തിന്റെ അധ്യക്ഷനെ ചുമതലപ്പെടുത്തി.

വിശുദ്ധ ഇറനെയൂസ്

ഫ്രാൻസിസ് പാപ്പായും കർദ്ദിനാൾ മർച്ചെല്ലോ സെമെറാറോയുമായുള്ള കൂടിക്കാഴ്ച്ചാവേളയിൽ, ലിയോണിന്റെ മെത്രാനായിരുന്ന വിശുദ്ധ ഇറേനിയൂസിന് വേദപാരംഗതൻ എന്ന പദവി നല്കുന്നതിനെക്കുറിച്ച്, വിശുദ്ധരുടെ നാമകരണനടപടികൾക്കായുള്ള വത്തിക്കാന്‍ സംഘത്തിന്റെ സമ്പൂർണ്ണസമ്മേളനത്തിലെ അംഗങ്ങളായ കർദ്ദിനാൾമാരും മെത്രാന്മാരും നൽകിയ സ്ഥിരീകരണ അഭിപ്രായം സ്വീകരിക്കാൻ കർദ്ദിനാൾ സെമെറാറോ പാപ്പായോട് അപേക്ഷിച്ചു. ഇന്നത്തെ തുർക്കിയിലുള്ള സ്മിർനെ എന്ന സ്ഥലത്ത് ക്രിസ്തുവർഷം 130-നും 140-നും ഇടയിൽ ജനിച്ച വിശുദ്ധ ഇറേനിയൂസ്, ഫ്രാൻ‌സിലെ ലിയോൺ രൂപതയിലെ മെത്രാനായിരുന്നു. അതെ നഗരത്തിൽ വച്ച് ക്രിസ്തുവർഷം 202-ലാണ് വിശുദ്ധൻ മരിച്ചത്.

ധന്യർ

ഇറ്റലിക്കാരനായ മൂന്ന് ദൈവദാസരുടെ വീരോചിതപുണ്യങ്ങൾ അംഗീകരിക്കുന്ന ഡിക്രികൾ പുറത്തിറക്കാൻ ഫ്രാൻസിസ് പാപ്പാ അനുമതി നൽകി.

ദൈവദാസൻ ഫ്രാൻചെസ്കോ സവേരിയോ തോപ്പി.

ഫ്രാൻസിസ്കൻ സഭയിലെ (OFM) അംഗവും, ജപമാലയുടെ പരിശുദ്ധ കന്യകയുടെ നാമധേയത്തിലുള്ള പോംപേയ് തീർത്ഥാടനകേന്ദ്രത്തിന്റെ പ്രെലേറ്റുമായിരുന്നു ദൈവദാസൻ ഫ്രാൻചെസ്കോ സവേരിയോ തോപ്പി. 1925 ജൂൺ മാസം 26 ന് ഇറ്റലിയിലെ ബ്രൂഷ്യാനോ എന്ന സ്ഥലത്ത് ജനിച്ച ഇദ്ദേഹം 2007 ഏപ്രിൽ 2-ന് ഇറ്റലിയിലെ തന്നെ നോളയിൽ വച്ചാണ് മരണമടഞ്ഞത്.

ദൈവദാസി മരിയ തെരേസ ദേ വിൻചെൻതി

തിരുഹൃദയങ്ങളുടെ കൊച്ചുവേലക്കാർ എന്ന സഭാസ്ഥാപകയായിരുന്നു ദൈവദാസി മരിയ തെരേസ ദേ വിൻചെൻതി (റഫായേല). ഇറ്റലിയിലെ ആക്രി എന്ന സ്ഥലത്ത് 1872 മെയ് ഒന്നിന് ജനിച്ച ദൈവദാസി മരിയ തെരേസ 1936 നവംബർ 23-ന് അതെ നഗരത്തിൽവച്ചാണ് മരിച്ചത്.

ദൈവദാസി ഗബ്രിയേല ബോർഗരീനോ

ഉപവിയുടെ മക്കളുടെ സഭ എന്ന സംന്യാസസഭംഗമായിരുന്നു ദൈവദാസി ഗബ്രിയേല ബോർഗരീനോ (തെരേസ). ഇറ്റലിയിലെ ബോവെസ് എന്ന സ്ഥലത്ത് 1880 സെപ്റ്റംബർ 2-ന് ജനിച്ച ദൈവദാസ ഗബ്രിയേല ഇറ്റലിയിലെതന്നെ ലുസെർന എന്ന സ്ഥലത്തു വച്ച് 1949 ജനുവരി ഒന്നിനാണ് മരിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 January 2022, 17:58