തിരയുക

പ്രാന്തങ്ങളിൽ, അരികുകളിൽ നിന്നാഗതനാകുന്ന വിശുദ്ധ യൗസേപ്പ്!

ദൈവിക പരിപാലനയിൽ പൂർണ്ണ വിശ്വാസമർപ്പിച്ച വിശുദ്ധ യൗസേപ്പിതാവിനെ അധികരിച്ച് ഒരു പ്രബോധന പരമ്പര, ഫ്രാൻസീസ് പാപ്പായുടെ പ്രതിവാര പൊതുദർശന പ്രഭാഷണം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

പതിവുപോലെ, ഈ ബുധനാഴ്ച (17/11/2021) ഫ്രാൻസീസ് പാപ്പാ വത്തിക്കാനിൽ പ്രതിവാരപൊതുദര്‍ശനം അനുവദിച്ചു. കൂടിക്കാഴ്ചാവേദി, മുൻ ആഴ്ചകളിലെപ്പോലെ തന്നെ, വത്തിക്കാനിൽ  വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ സമീപത്തുള്ള പോൾ ആറാമൻ ശാല ആയിരുന്നു. വിവിധ രാജ്യക്കാരും ഭാഷാക്കാരുമായിരുന്ന നിരവധി തീര്‍ത്ഥാടകരും സന്ദര്‍ശകരും അവിടെ സന്നിഹിതരായിരുന്നു. ശാലയിൽ പ്രവേശിച്ച പാപ്പായെ ജനങ്ങൾ ആനന്ദരവങ്ങളോടും കരഘോഷത്തോടുംകൂടി വരവേറ്റു. എല്ലാവരെയും അഭിവാദ്യം ചെയ്ത പാപ്പാ, റോമിലെ സമയം രാവിലെ ഏതാണ്ട് 09.30 ആയപ്പോള്‍, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 2 മണിയോടെ, ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന്  വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു.

“ബെത്ലഹേം-എഫ്രാത്താ, യൂദയാഭവനങ്ങളിൽ നീ ചെറുതാണെങ്കിലും ഇസ്രായേലിനെ ഭരിക്കേണ്ടവൻ എനിക്കായി നിന്നിൽനിന്നു പുറപ്പെടും;…..  അതിനാൽ, ഈറ്റുനോവെടുത്തവൾ പ്രസവിക്കുന്നതുവരെ അവൻ അവരെ പരിത്യജിക്കും. പിന്നീട് അവൻറെ സഹോദരരിൽ അവശേഷിക്കുന്നവർ ഇസ്രായേൽ ജനത്തിലേക്കു മടങ്ങിവരും.4 കർത്താവിൻറെ ശക്തിയോടെ തൻറെ ദൈവമായ കർത്താവിൻറെ മഹത്വത്തോടെ, അവൻ വന്ന് തൻറെ ആടുകളെ മേയിക്കും……. അവൻ നമ്മുടെ സമാധാനമായിരിക്കും.” മിക്കാ 5:2-3,4

ഈ വായനയെത്തുടർന്ന് പാപ്പാ,  ജനങ്ങളെ സംബോധനചെയ്തു. പൗലോസപ്പോസ്തലന്‍ ഗലാത്തിയക്കാര്‍ക്കെഴുതിയ ലേഖനത്തിലെ ആശയങ്ങളെ അധികരിച്ച് താൻ നടത്തിപ്പോന്നിരുന്ന പ്രബോധന പരമ്പര കഴിഞ്ഞയാഴ്ച അവസാനിപ്പിച്ച പാപ്പാ, ഇപ്പോൾ നാം വിശുദ്ധ യൗസേപ്പിതാവിന് പ്രതിഷ്ഠിതമായ ഒരു വർഷം ആചരിക്കുന്ന പശ്ചാത്തലത്തിൽ, പരിശുദ്ധ കന്യകാമറിയത്തിൻറെ ആ വിരക്ത കാന്തനെ അധികരിച്ച് ഒരു പ്രബോധന പരമ്പരയ്ക്ക് തുടക്കംകുറിച്ചു ഈ ബുധനാഴ്ച.

പാപ്പായുടെ പ്രഭാഷണത്തിൻറെ പരിഭാഷ:

വഴികാട്ടിയായ വിശുദ്ധ യൗസേപ്പ്

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം!

വാഴ്ത്തപ്പെട്ട ഒമ്പതാം പീയൂസ്, 1870 ഡിസംബർ 8-ന്, വിശുദ്ധ യൗസേപ്പിനെ, സാർവ്വത്രിക സഭയുടെ സ്വർഗ്ഗീയ സംരക്ഷകനായി  പ്രഖ്യാപിച്ചു. ആ സംഭവത്തിന് 150 വർഷങ്ങൾക്ക് ശേഷം, നമ്മൾ വിശുദ്ധ യൗസേപ്പിന് സമർപ്പിതമായ സവിശേഷ വത്സരം ആചരിക്കുകയാണ്. ആ വിശുദ്ധനെക്കുറിച്ചുള്ള ഏതാനും ചിന്തകൾ, ഞാൻ, അപ്പൊസ്തോലിക ലേഖനമായ “പാത്രിസ് കോർദെയിൽ”  (Patris corde) ഉൾക്കൊള്ളിച്ചിട്ടുണ്ട്. വിവിധ ഘടകങ്ങളുള്ള ആഗോള പ്രതിസന്ധിയാൽ മുദ്രിതമായിരിക്കുന്ന ഈ കാലത്തെന്നപോലെ ഒരിക്കലും, അദ്ദേഹത്തിന്, നമുക്ക് താങ്ങും സമാശ്വാസവും വഴികാട്ടിയുമാകാൻ കഴിയില്ല. ഇക്കാരണത്താൽ, ആ വിശുദ്ധനെ അധികരിച്ച് ഒരു പ്രബോധന പരമ്പര ആരംഭിക്കാൻ ഞാൻ തീരുമാനിച്ചു. അദ്ദേഹത്തിൻറെ മാതൃകയാലും സാക്ഷ്യത്താലും നാം പ്രബുദ്ധരാക്കപ്പെടുന്നതിന് നമ്മെത്തനെ അനുവദിക്കുന്നതിന് നമുക്കു കൂടുതൽ സഹായകമാകും അതെന്ന് ഞാൻ പ്രത്യാശിക്കുന്നു. ഏതാനും ആഴ്ചകൾ നമ്മൾ സംസാരിക്കുക വിശുദ്ധ യൗസേപ്പിനെക്കുറിച്ചായിരിക്കും.

ജോസഫ് എന്ന നാമം , അഗാധത്തിൽ നിന്ന് ഉയരത്തിലെത്തിയവൻ..... 

ജോസഫ് എന്ന പേരുള്ള പത്തിലധികം കഥാപാത്രങ്ങൾ ബൈബിളിലുണ്ട്. ഇവരിൽ ഏറ്റവും മുഖ്യൻ യാക്കോബിൻറെയും റാഹേലിൻറെയും മകനാണ്.  വിഭിന്നങ്ങളായ സാഹചര്യങ്ങളിലൂടെ, അവൻ, ഒരു അടിമ എന്നതിൽ നിന്ന്, ഫറവോൻ കഴിഞ്ഞാൽ, ഈജിപ്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ടാമത്തെ വ്യക്തിയായി മാറുന്നു (ഉല്പത്തി 37-50). ഹീബ്രു ഭാഷയിൽ ജോസഫ് എന്ന പേരിൻറെ അർത്ഥം "ദൈവം വർദ്ധിപ്പിക്കട്ടെ, ദൈവം വളർത്തട്ടെ" എന്നാണ്. ഇത് ഒരു ആശംസയാണ്, ദൈവത്തിൻറെ പരിപാലനയിലുള്ള വിശ്വാസത്തിൽ അധിഷ്ഠിതമായ ഒരു അനുഗ്രഹമാണ്, പ്രത്യേകിച്ച് ഫലപുഷ്ടിയെയും കുട്ടികളുടെ വളർച്ചയെയും സൂചിപ്പിക്കുന്നതാണിത്. തീർച്ചയായും, ഈ പേര് തന്നെ നസ്രത്തിലെ ജോസഫിൻറെ വ്യക്തിത്വത്തിൻറെ കാതലായ ഒരു വശം നമുക്ക് കാണിച്ചുതരുന്നു. അവൻ ദൈവത്തിൽ, അവിടത്തെ കരുതലിൽ പൂർണ്ണ വിശ്വാസമുള്ള ഒരു മനുഷ്യനാണ്. സുവിശേഷം വിവരിക്കുന്ന അവൻറെ ഓരോ പ്രവൃത്തിയും, ദൈവം "വളർത്തുന്നു", ദൈവം "വർദ്ധിപ്പിക്കുന്നു", ദൈവം "കൂട്ടിച്ചേർക്കുന്നു", അതായത് തൻറെ പരിത്രാണ പദ്ധതി നടപ്പിലാക്കാൻ ദൈവം വഴികാണുന്നു എന്ന ഉറപ്പിനാൽ പ്രചോദിതമാണ്. ഇതിൽ, നസ്രത്തിലെ ജോസഫ്, ഈജിപ്തിലെ ജോസഫിനോട് വളരെയേറെ സാമ്യമുള്ളവനാണ്.

ബെത്‌ലഹേമും നസ്രത്തും കാട്ടിത്തരുന്ന യൗസേപ്പ് 

ജോസഫിനെ പരാമർശിക്കുന്ന പ്രധാന ഭൂമിശാസ്ത്രപരമായ പരാമർശങ്ങളും അപ്രകാരമാണ്: അദ്ദേഹത്തിൻറെ രൂപം നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നതിന് ബെത്‌ലഹേമും നസ്രത്തും ഒരു പ്രധാന പങ്ക് വഹിക്കുന്നു.

പഴയനിയമത്തിൽ ബെത്‌ലഹേം നഗരത്തെ, ആ പ്രദേശത്ത് ആധിപത്യമുറപ്പിച്ച ഗോത്രം നിമിത്തം, ബെത്ത് ലെഹെം (Beth Lechem) "അപ്പത്തിൻറെ ഭവനം", അല്ലെങ്കിൽ എഫ്രാത്ത എന്നാണ് വിളിക്കുന്നത്. എന്നാൽ, നേരെമറിച്ച്, അറബിയിൽ, ഈ പേരിൻറെ അർത്ഥം "മാംസത്തിൻറെ വീട്" എന്നാണ്. അതിനു കാരണം, ഒരു പക്ഷേ ആ പ്രദേശത്ത് ധാരാളം ചെമ്മരിയാടുകളുടെയും കോലാടുകളുടെയും കൂട്ടങ്ങൾ ഉണ്ടായിരുന്നതായിരിക്കാം. വാസ്തവത്തിൽ, യേശു ജനിച്ചപ്പോൾ ഇടയന്മാർ ആ സംഭവത്തിൻറെ ആദ്യ സാക്ഷികളായി ഭവിച്ചത് യാദൃശ്ചികമല്ല (ലൂക്കാ 2,8-20). യേശുസംഭവ വെളിച്ചത്തിൽ, അപ്പത്തെയും മാംസത്തെയും കുറിച്ചുള്ള ഈ സൂചനകൾ ദിവ്യകാരുണ്യ രഹസ്യത്തിലേക്കു ആനയിക്കുന്നു: യേശു സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങിവന്ന ജീവനുള്ള അപ്പമാണ് (യോഹന്നാൻ 6:51). തന്നെക്കുറിച്ച് അവിടന്നു തന്നെ പറയും: "എൻറെ മാംസം ഭക്ഷിക്കുകയും എൻറെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവന് നിത്യജീവൻ ഉണ്ട്" (യോഹ 6:54).

ബെത്‌ലഹേമിൻറെ ചെറുമ 

ബൈബിളിൽ ബെത്‌ലഹേമിനെ കുറിച്ച് ഉല്പത്തി പുസ്തകം മുതൽ  നിരവധി തവണ പരാമർശിച്ചിട്ടുണ്ട്. ചെറുതും എന്നാൽ അതിശയകരവുമായ റൂത്തിൻറെ പുസ്തകത്തിൽ വിവരിച്ചിരിക്കുന്ന റൂത്തിൻറെയും നവോമിയുടെയും കഥയും ബെത്‌ലഹേമുമായി ബന്ധപ്പെട്ടിരിക്കുന്നു. റൂത്ത്, ഓബേദ് എന്നൊരു മകനെ പ്രസവിച്ചു, അവനിൽ നിന്ന് ദാവീദ് രാജാവിൻറെ പിതാവായ ജെസ്സെ ജനിച്ചു. യേശുവിൻറെ നിയമാനുസൃത പിതാവായ യോസേഫ് ദാവീദിൻറെ സന്തതിപരമ്പരയിൽ നിന്നുള്ളവനാണ്. പിന്നെ, മീക്കാ പ്രവാചകൻ ബേത്‌ലഹേമിനെക്കുറിച്ച് വലിയ കാര്യങ്ങൾ പ്രവചിച്ചിരിക്കുന്നു: "എഫ്രാത്തിലെ ബേത്‌ലഹേമേ, നീ യൂദായുടെ ഗ്രാമങ്ങൾക്കിയിടയിൽ ആയിരിക്കത്തക്കവിധം ചെറുതാണെങ്കിലും, ഇസ്രായേലിനെ ഭരിക്കേണ്ടവൻ എനിക്കുവേണ്ടി നിന്നിൽ നിന്ന് പുറപ്പെടും" (മിക്കാ 5,1). സുവിശേഷകനായ മത്തായി, പിന്നീട്, ഈ പ്രവചനം ആവർത്തിക്കുകയും അതിൻറെ സുവ്യക്ത സാക്ഷാത്ക്കാരമായി അതിനെ യേശുവിൻറെ കഥയുമായി ബന്ധിപ്പിക്കുകയും ചെയ്യുന്നു.

ദൈവപുത്രൻറെ അവതാര വേദി

വാസ്തവത്തിൽ, ദൈവപുത്രൻ ജറുസലേമിനെ തൻറെ അവതാര വേദിയായി തിരഞ്ഞെടുക്കുന്നില്ല, മറിച്ച്, ദിനവൃത്താന്തങ്ങളുടെയും അക്കാലത്തെ അധികാരത്തിൻറെയും കോലാഹലങ്ങളിൽ നിന്ന് വളരെ അകലെയായ, രണ്ട് പ്രാന്തഗ്രാമങ്ങളായ ബേത്‌ലഹേമും നസറെത്തുമാണ് തിരഞ്ഞെടുക്കുന്നത്. എന്നിരുന്നാലും, ജറുസലേം കർത്താവിന് ഇഷ്ടപ്പെട്ട നഗരമായിരുന്നു (ഏശയ്യാ 62,1-12), "വിശുദ്ധ നഗരം" (Dn 3,28), പാർക്കാൻ ദൈവം തിരഞ്ഞെടുത്ത ഇടം (cf. Zc 3,2; Ps 132,13). ). ഇവിടെ, വാസ്തവത്തിൽ, നിയമജ്ഞരും, ശാസ്ത്രിമാരും, പരീശന്മാരും, പ്രധാന പുരോഹിതന്മാരും, ജനപ്രമാണിമാരും താമസിച്ചിരുന്നു (cf.Lk 2:46; Mt 15,1; Mk 3,22; Jn 1,19; Mt. 26,3).

പ്രാന്തങ്ങളും അതിരുകളും

അതുകൊണ്ടാണ് ബെത്‌ലഹേമിൻറെയും നസ്രത്തിൻറെയും തിരഞ്ഞെടുപ്പ് നമ്മോട് പറയുന്നത്, പ്രാന്തപ്രദേശവും അതിരും ദൈവത്തിന് പ്രീതികരമാണെന്ന്. യേശു ജറുസലേമിലല്ല, മറിച്ച് ഒരു പ്രാന്തപ്രദേശത്തിലാണ് ജനിക്കുന്നത്. അവിടെ യൗസേപ്പിനെപ്പോലെ, ആശാരിപ്പണി ചെയ്ത് 30 വർഷം ജീവിച്ചു. യേശുവിന്, പ്രാന്തപ്രദേശങ്ങളും അരികുകളും പ്രിയങ്കരങ്ങളാണ്. ഈ യാഥാർത്ഥ്യത്തെ ഗൗരവമായിട്ടെടുക്കാതിരിക്കുന്നത്, ഭൂമിശാസ്ത്രപരവും അസ്തിത്വപരവുമായ കാര്യങ്ങളിൽ ആവിഷ്കൃതമായിക്കൊണ്ടിരിക്കുന്ന സുവിശേഷത്തെയും ദൈവത്തിൻറെ പ്രവൃത്തിയെയും ഗൗരവമായി കാണാതിരിക്കുന്നതിന് തുല്യമാണ്. കർത്താവ് എല്ലായ്പ്പോഴും പ്രാന്തങ്ങളിൽ മറഞ്ഞിരുന്നുകൊണ്ട് പ്രവർത്തിക്കുന്നു. നമ്മുടെ ആത്മാവിലും. നമ്മുടെ ആത്മാവിൻറെയും വികാരങ്ങളുടെയും അരികുകളിലും.  യേശു പാപികളെ അന്വേഷിച്ചു പോകുന്നു, അവരുടെ വീടുകളിൽ പ്രവേശിക്കുന്നു, അവരോട് സംസാരിക്കുന്നു, അവരെ മാനസാന്തരത്തിലേക്കു വിളിക്കുന്നു.

പ്രാന്തങ്ങളിൽ നിന്നു തുടങ്ങേണ്ട സുവിശേഷ പ്രഘോഷണം

ഇക്കാര്യത്തിൽ, അക്കാലത്തെ സമൂഹം നമ്മുടേതിൽ നിന്ന് എറെ വിഭിന്നമായിരുന്നില്ല. ഇന്നും കേന്ദ്രവും പ്രാന്തപ്രദേശവുമുണ്ട്. പ്രാന്തപ്രദേശങ്ങളിൽ നിന്നു തുടങ്ങി സുവിശേഷം പ്രഘോഷിക്കാനാണ് താൻ വിളിക്കപ്പെട്ടിരിക്കുന്നതെന്ന് സഭയ്ക്ക് അറിയാം. നസ്രത്തിൽ നിന്നുള്ള ഒരു മരപ്പണിക്കാരനും തനിക്ക് വിവാഹ വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്ന യുവതിയെയും തന്നെയും സംബന്ധിച്ച ദൈവിക പദ്ധതിയിൽ വിശ്വാസമർപ്പിച്ചവനുമായ  ജോസഫ്, ലോകം ബോധപൂർവം അവഗണിക്കുന്നവയിൽ സഭയുടെ നോട്ടം ഉറപ്പിക്കണമെന്ന് ഓർമ്മിപ്പിക്കുന്നു. മറ്റുള്ളവർ ഉപേക്ഷിക്കുന്നതിനെ വിലമതിക്കാൻ അവൻ നമ്മെ ഓരോരുത്തരെയും ഓർമ്മപ്പെടുത്തുന്നു. ഈ അർത്ഥത്തിൽ, അവൻ തീർച്ചയായും സത്താപരമായവയുടെ ഒരു യജമാനനാണ്: യഥാർത്ഥത്തിൽ മൂല്യമുള്ളത് നമ്മുടെ ശ്രദ്ധ ആകർഷിക്കുന്നില്ലെന്നും എന്നാൽ അതു കണ്ടെത്തുകയും വിലമതിക്കുകയും ചെയ്യേണ്ടതിന്  ക്ഷമയോടുകൂടിയ വിവേചനബുദ്ധി ആവശ്യമാണെന്നും നമ്മെ ഓർമ്മിപ്പിക്കുന്നു. ആകമാനസഭ ഈ നോട്ടം, സത്താപരമായതിനെ വിവേചിച്ചറിയാനും വിലമതിക്കാനുമുള്ള കഴിവ്, വീണ്ടെടുക്കുന്നതിന് നമുക്ക് വിശുദ്ധ യൗസേപ്പിനോട് അപേക്ഷിക്കാം. നമുക്ക് ബെത്‌ലഹേമിൽ നിന്ന് പുനരാരംഭിക്കാം, നമുക്ക് നസ്രത്തിൽ നിന്ന് വീണ്ടും തുടങ്ങാം. ലോകത്തിലെ ഏറ്റവും വിസ്മരിക്കപ്പെട്ട ഭൂമിശാസ്ത്രപരമായ പ്രാന്തപ്രദേശങ്ങളിൽ ജീവിക്കുന്നവരോ അല്ലെങ്കിൽ അസ്തിത്വപരമായ പാർശ്വവൽക്കരണത്തിൻറെ സാഹചര്യങ്ങളിൽ കഴിയുന്നവരോ ആയ എല്ലാ സ്ത്രീപുരുഷന്മാർക്കും ഒരു സന്ദേശം അയയ്ക്കാൻ ഞാൻ ഇന്ന് ആഗ്രഹിക്കുന്നു. നിങ്ങൾക്കുറ്റുനോക്കാൻ കഴിയുന്ന ഒരു സാക്ഷിയെയും സംരക്ഷകനെയും വിശുദ്ധ യൗസേപ്പിതാവിൽ കണ്ടെത്താൻ നിങ്ങൾക്കു സാധിക്കട്ടെ.

വിശുദ്ധ യൗസേപ്പിൻറെ മാദ്ധ്യസ്ഥ്യം തേടാം

നമുക്ക് അവനോട് ഇപ്രകാരം പ്രാർത്ഥിക്കാം, വീട്ടിലിരുന്ന്, എന്നാൽ ഹൃദയത്തിൽ നിന്ന്:

വിശുദ്ധ യൗസേപ്പേ, സദാ ദൈവത്തിൽ ആശ്രയിക്കുകയും ദൈവപരിപാലനയാൽ നയിക്കപ്പെട്ട് നിൻറെ തിരഞ്ഞടുപ്പുകൾ നടത്തുകയും ചെയ്ത നീ, ഞങ്ങളെ, ഞങ്ങളുടെ പദ്ധതികളെ ആശ്രയിക്കാതിരിക്കാനും, ദൈവത്തിൻറെ സ്നേഹപദ്ധതിയിൽ ഔത്സുക്യമുള്ളവരായിരിക്കാനും പഠിപ്പിക്കേണമേ.

പ്രാന്തപ്രദേശങ്ങളിൽ നിന്ന് വരുന്നവനേ, ഞങ്ങളുടെ വീക്ഷണം മാറ്റാനും ലോകം തള്ളിക്കളയുന്നതും അരികിലേക്കുമാറ്റുന്നതുമായവയ്ക്ക് മുൻഗണന നൽകാനും ഞങ്ങളെ സഹായിക്കൂ. ഏകാന്തത അനുഭവിക്കുന്നവരെ ആശ്വസിപ്പിക്കുകയും ജീവനും മാനവാന്തസ്സും സംരക്ഷിക്കാൻ  നിശബ്ദമായി പരിശ്രമിക്കുന്നവരെ തുണയ്ക്കുകയും ചെയ്യേണമേ. ആമേൻ.

സമാപനാഭിവാദ്യങ്ങളും ആശീർവ്വാദവും

പാപ്പായുടെ, ഇറ്റാലിയന്‍ ഭാഷയിലായിരുന്ന, മുഖ്യപ്രഭാഷണം അവസാനച്ചപ്പോൾ അതിന്‍റെ സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ അഭിവാദ്യം ചെയ്യുകയും ചെയ്തു.

ലൈംഗികപീഢനത്തിന് ഇരകളായവർക്കു വേണ്ടിയുള്ള പ്രാർത്ഥനാദിനാചരണം ഇറ്റലിയിൽ

പീഡനത്തിന് ഇരകളായവർക്കും അതിനെ അതിജീവിച്ചവർക്കും വേണ്ടിയുള്ള പ്രഥമ പ്രാർത്ഥനാ ദിനം ഈ പതിനെട്ടാം തീയതി (18/11/21) വ്യാഴാഴ്ച ഇറ്റലിയിൽ, പ്രാദേശിക കത്തോലിക്കാ മെത്രാൻസംഘത്തിൻറെ ആഭിമുഖ്യത്തിൽ ആചരിക്കുന്നതും പാപ്പാ അനുസ്മരിച്ചു.

പീഢനത്തിന് ഇരകളായവരുടെ മാനുഷികവും ആത്മീയവുമായ വീണ്ടെടുപ്പിൻറെ സരണിയെ പിന്തുണയ്ക്കുന്നതിനുള്ള പരിചിന്തനത്തിനും ബോധവൽക്കരണത്തിനും പ്രാർത്ഥനയ്ക്കുമുള്ള അവസരമായി ഈ ദിനാചരണം ഭവിക്കുമെന്ന പ്രത്യാശ പാപ്പാ പ്രകടിപ്പിച്ചു.

തങ്ങൾക്കു ഭരമേല്പിക്കപ്പെട്ടിരിക്കുന്ന കൗമാരക്കാരെയും കുട്ടികളെയും  സംരക്ഷിക്കുകയും ആദരിക്കുകയും ചെയ്യുകയെന്നത് കുടുംബം, ഇടവക, വിദ്യാലയം, വിനോദ, കായിക വേദികൾ എന്നിവിടങ്ങളിൽ ശിക്ഷണമേകാൻ ഉത്തരവാദിത്വമുള്ളവരുടെ അനിവാര്യ കടമയാണെന്ന് പാപ്പാ ഓമ്മിപ്പിച്ചു. ഇവിടങ്ങളിലാണ് പിഢനങ്ങൾ കൂടുതലും നടക്കുന്നതെന്ന വസ്തുതയും പാപ്പാ ചൂണ്ടിക്കാട്ടി.

ബോർഗൊ വാൽബെല്ലൂണയിൽ ആശങ്കാകുലരായ തൊഴിലാളികൾ

ഉത്തരപൂർവ്വ ഇറ്റലിയിലെ ബോർഗൊ വാൽബെല്ലൂണയിൽ ആശങ്കാകുലരായ തൊഴിലാളികളിവിഭാഗത്തെ അനുസ്മരിച്ച പാപ്പാ തൻറെ സാമീപ്യം അറിയിച്ചു. അവരുടെയും അതു പോലെതന്നെ നിരവധി കുടുംബങ്ങളെ ദുരിതത്തിലാഴ്ത്തുന്ന ഇത്തരം പ്രശ്നങ്ങൾക്കു മുന്നിൽ ലാഭത്തിൻറെയല്ല, പ്രത്യുത സന്തുലിതവും ഐക്യദാർഢ്യപരവുമായ പങ്കുവയ്ക്കലിൻറെ യുക്തി പ്രബലപ്പെടണമെന്ന് പാപ്പാ അഭ്യർത്ഥിച്ചു. 

തൊഴിൽപരമായ എതൊരു പ്രശ്നത്തിൻറെയും കേന്ദ്രസ്ഥാനത്ത് പ്രിതിഷ്ഠിക്കപ്പെടേണ്ടത് വ്യക്തിയും അവൻറെ അന്തസ്സുമാണെന്ന് പാപ്പാ പറഞ്ഞു. അന്നം നേടാൻ കഴിയാതെവരുമ്പോൾ ഒരുവൻറെ ഔന്നത്യം നഷ്ടപ്പെടുന്നുവെന്നും പാപ്പാ കൂട്ടിച്ചേർത്തു. തൊഴിൽപരമായ പ്രശ്നങ്ങൾ അനുഭവിക്കുന്ന എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കാൻ പാപ്പാ ക്ഷണിക്കുകയും ചെയ്തു.

സമാപനം

പൊതുദർശനപരിപാടിയുടെ അവസാനം പാപ്പാ പതിവുപോലെ, പ്രായാധിക്യത്തിലെത്തിയവർ, രോഗികൾ, യുവജനങ്ങൾ, നവദമ്പതികൾ എന്നിവരെ അഭിവാദ്യം ചെയ്തു.

അനുവർഷം നവമ്പർ 17-ന് ഹങ്കറിയിലെ വിശുദ്ധ എലിസബത്തിൻറെ തിരുന്നാൾ തിരുസഭ ആചരിക്കുന്നത് പാപ്പാ അനുസ്മരിച്ചു.

ആഴമേറിയ വിശ്വാസത്തിൻറെയും ജ്വിക്കുന്ന ഉപവിയുടെയും ഉടമയായിരുന്ന ഈ പുണ്യവതിയുടെ മാതൃകയും മാദ്ധ്യസ്ഥ്യവും, പാവപ്പെട്ടവരും ആവശ്യത്തിലിരിക്കുന്നവരുമായി തുറന്ന ഹൃദയത്തോടുകൂടി കൂടിക്കാഴ്ചനടത്തിക്കൊണ്ട് സുകൃതജീവിതം നയിക്കാൻ എല്ലാവരെയും സഹായിക്കട്ടെയെന്ന് പാപ്പാ ആശംസിച്ചു.

ഈ വാക്കുകളെ തുടർന്ന് പാപ്പാ എല്ലാവർക്കും തൻറെ അപ്പൊസ്തോലികാശീർവ്വാദം നല്കി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 November 2021, 12:43

ഏറ്റവും അടുത്ത പൊതുകൂടിക്കാഴ്ച

വായിച്ചു മനസ്സിലാക്കാന്‍ >