തിരയുക

പാപ്പാ: ഔപചാരികതയിൽ നിപതിക്കുന്ന മതാത്മതയെക്കുറിച്ച് !

ഫ്രാൻസീസ് പാപ്പായുടെ പ്രതിവാരപൊതുദർശന ചിന്തകൾ- പൗലോസപ്പോസ്തലൻ ഗലാത്യക്കാർക്കെഴുതിയ ലേഖനത്തിലെ പ്രബോധനങ്ങൾ.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഫ്രാന്‍സീസ് പാപ്പാ, ഈ ബുധനാഴ്ചയും (01/09/2021) വത്തിക്കാനില്‍ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ സമീപത്തുള്ള അതിവിശാലമായ പോൾ ആറാമൻ ശാലയിൽ വച്ച് പ്രതിവാരപൊതുദര്‍ശനം അനുവദിച്ചു. വിവിധ രാജ്യക്കാരും ഭാഷാക്കാരുമായിരുന്ന നിരവധി തീര്‍ത്ഥാടകരും സന്ദര്‍ശകരും ഈ ശാലയിൽ സന്നിഹിതരായിരുന്നു. ശാലയിൽ പ്രവേശിച്ച പാപ്പായെ ജനങ്ങൾ കരഘോഷത്തോടെ വരവേറ്റു. എല്ലാവരെയും അഭിവാദ്യം ചെയ്ത പാപ്പാ, റോമിലെ സമയം രാവിലെ ഏതാണ്ട് 09.30 ആയപ്പോള്‍, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1 മണിയോടെ, ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന്  വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു. വായനയെത്തുടർന്ന് ജനങ്ങളെ സംബോധനചെയ്ത പാപ്പാ, പൗലോസപ്പോസ്തലന്‍ ഗലാത്തിയക്കാര്‍ക്കെഴുതിയ ലേഖനത്തിലെ ആശയങ്ങളെ അധികരിച്ച് താൻ നടത്തിപ്പോരുന്ന പ്രബോധന പരമ്പര തുടർന്നു.

പാപ്പാ ഇറ്റാലിയന്‍ ഭാഷയില്‍ നടത്തിയ പ്രഭാഷണത്തിൻറെ പരിഭാഷ:

വി.പൗലോസ് ഗലാത്യക്കാർക്കേകുന്ന അപകടസൂചന  

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം!

വിശുദ്ധ പൗലോസ് ഗലാത്യർക്കെഴുതിയ ലേഖനത്തിൻറെ വിശകലനം നാം തുടരുകയാണ്.  ഇത് ഒരു പുതിയ കാര്യമല്ല,  ഇത് എൻറെതായൊരു വിശദീകരണമാണ്: നാം വിശകലനം ചെയ്യുന്നത് ഗലാത്യരുമായുള്ള വളരെ ഗുരുതരമായ ഒരു വിയോജിപ്പിൽ വിശുദ്ധ പൗലോസ് പറയുന്ന കാര്യമാണ്. അത് ദൈവവചനം കൂടിയാണ്, കാരണം അത് ബൈബിളിൽ പ്രവേശിച്ചിരിക്കുന്നു. ഇതാരും കണ്ടുപിടിച്ച കാര്യങ്ങളല്ല: ഇല്ല. ആ കാലത്ത് സംഭവിച്ചതാണ്, അത് ആവർത്തിക്കപ്പെടാം. വാസ്തവത്തിൽ അത് ചരിത്രത്തിൽ ആവർത്തിക്കപ്പെട്ടതായി നാം കണ്ടു. ഇത് പൗലോസ് ഗലാത്യർക്കെഴുതിയ കത്തിൽ ആവിഷ്ക്കരിച്ചിരിക്കുന്ന ദൈവവചനത്തെക്കുറിച്ചുള്ള പ്രബോധനം ആണ്: മറ്റൊന്നുമല്ല. ഇത് എപ്പോഴും നിങ്ങളുടെ മുന്നിൽ ഉണ്ടായിരിക്കണം. സുവിശേഷം സ്വീകരിച്ചുകൊണ്ട് തങ്ങൾ സഞ്ചരിക്കാൻ ആരംഭിച്ച പാത ഉപേക്ഷിക്കുന്നത് എത്ര അപകടകരമാണെന്ന് ഗലാത്തിയയിലെ ആദ്യ ക്രൈസ്തവരെ പൗലോസപ്പോസ്തലൻ കാണിച്ചുകൊടുക്കുന്നത് മുൻ പ്രബോധനങ്ങളിൽ നാം കാണുകയുണ്ടായി. ഔപചാരികതയിൽ നിപതിക്കുകയും അവർക്ക് ലഭിച്ച പുതിയ ഔന്നത്യം തിരസ്ക്കരിക്കുകയും ചെയ്യുന്നതാണ്, വാസ്തവത്തിൽ, ഈ അപകടസാദ്ധ്യത. ഇത് കാപട്യത്തിലേക്കു നയിക്കുന്ന ഒരു പ്രലോഭനമാണ്. നാം  ഇപ്പോൾ വായിച്ചു കേട്ട ഭാഗം ആ കത്തിൻറെ രണ്ടാം ഭാഗത്തിന് തുടക്കം കുറിക്കുന്നു. ഇതുവരെ, പൗലോസ് സ്വന്തം ജീവിതത്തെയും വിളിയെയുംക്കുറിച്ചാണ്, അതായത്, ദൈവകൃപ തൻറെ അസ്തിത്വത്തെ പൂർണ്ണമായും സുവിശേഷ സേവനത്തിനുള്ളതാക്കിക്കൊണ്ട് പരിവർത്തനം ചെയ്തിനെപ്പറിയാണ് സംസാരിച്ചത്. ഈ ഘട്ടത്തിൽ, അദ്ദേഹം ഗലാത്യരെ നേരിട്ട് സംബോധന ചെയ്യുന്നു: അവർ തിരഞ്ഞെടുത്തവയും, അവരുടെ വരപ്രസാദജീവിതാനുഭവത്തെ നിഷ്ഫലമാക്കിയേക്കാവുന്ന ഇപ്പോഴത്തെ അവസ്ഥയും അപ്പോസ്തലൻ അവരുടെ മുന്നിൽ വയ്ക്കുന്നു.

നേടിയ ക്രിസ്തുവിശ്വാസം അറിയാതെ നഷ്ടപ്പെടുത്തുന്നവർ

അപ്പോസ്തലൻ ഗലാത്യരെ സംബോധന ചെയ്യുന്നതിനുപയോഗിക്കുന്ന പ്രയോഗങ്ങൾ തീർച്ചയായും അത്ര സൗഹാർദ്ദപരങ്ങളല്ല. മറ്റ് കത്തുകളിൽ "സഹോദരങ്ങൾ" അല്ലെങ്കിൽ "പ്രിയപ്പെട്ടവർ" എന്നീ പ്രയോഗങ്ങൾ കണ്ടെത്തുക എളുപ്പമാണ്, ഇവിടെ അതില്ല. പൊതുവായ രീതിയിൽ "ഗലാത്യർ" എന്ന് പറയുന്നു,  രണ്ടുതവണ അവരെ "വിഡ്ഢികൾ" എന്ന് സംബോധനചെയ്യുന്നുണ്ട്. അവൻ അങ്ങനെ ചെയ്യുന്നത് അവർ ബുദ്ധിമതികളല്ലാത്തതിനാലല്ല, മറിച്ച്, അവർ അത്യാവേശത്തോടെ സ്വീകരിച്ച ക്രിസ്തുവിശ്വാസം മിക്കവാറും അവരറിയാതെ തന്നെ, അവർക്ക് നഷ്ടപ്പെടുന്ന അപകടമുള്ളതുകൊണ്ടാണ്. ക്രിസ്തുവിൻറെ പുതുമയുടെ സൗന്ദര്യമായ അമൂല്യ നിധി നഷ്ടപ്പെടുന്ന അപകടം അവർ തിരിച്ചറിയാത്തതിനാൽ അവർ വിഡ്ഢികളാണ്. അപ്പോസ്തലൻറെ ആശ്ചര്യവും സങ്കടവും സുവ്യക്തമാണ്. അപ്രതീക്ഷിതമായ ആ ഒരു നിമിഷം വരെ സാതന്ത്ര്യം നേടാനുള്ള സാദ്ധ്യത പ്രദാനം ചെയ്ത, താൻ നടത്തിയ ആദ്യ വിളംബരം ഓർക്കാൻ അദ്ദേഹം ആ ക്രിസ്ത്യാനികൾക്ക് പ്രചോദനം പകരുന്നത് തിക്തതയില്ലാതെയല്ല.

ഔപചാരികാചരണത്തിൽ അധിഷ്ഠിതമായ മതാത്മകതയുടെ പൊള്ളത്തരം

അപ്പോസ്തലൻ ഗലാത്യരോട് അവരുടെ മനസ്സാക്ഷിയെ പിടിച്ചുകുലുക്കുക എന്ന ലക്ഷ്യത്തോടെ ചില ചോദ്യങ്ങൾ ചോദിക്കുന്നു. ഇതൊക്കെ വാചാടോപപരമായ ചോദ്യങ്ങളാണ്, കാരണം സുവിശേഷ പ്രഘോഷണത്തിലൂടെ ലഭിച്ച കൃപയുടെ ഫലമായാണ് തങ്ങൾ ക്രിസ്തുവിശ്വാസത്തിലെത്തിച്ചേർന്നതെന്ന് ഗലാത്യക്കാർക്ക് നന്നായി അറിയാം. പൗലോസിൽ നിന്ന് അവർ കേട്ട വചനം, യേശുവിൻറെ മരണത്തിലും പുനരുത്ഥാനത്തിലും പൂർണ്ണമായി ആവിഷ്കൃതമായ ദൈവസ്നേഹത്തിൽ കേന്ദ്രീകൃതമായിരുന്നു. പൗലോസ് തൻറെ പ്രസംഗത്തിൽ പലതവണ അവരോട് ആവർത്തിച്ചതിനേക്കാൾ കൂടുതൽ ബോധ്യപ്പെടുത്തുന്ന ഒരു പ്രയോഗം കണ്ടെത്താൻ കഴിയില്ല: "ഇനിമേൽ ഞാനല്ല ജീവിക്കുന്നത്, ക്രിസ്തുവാണ് എന്നിൽ ജീവിക്കുന്നത്. എൻറെ ഇപ്പോഴത്തെ ഐഹികജീവിതം, എന്നെ സ്നേഹിക്കുകയും എനിക്കുവേണ്ടി തന്നെത്തന്നെ ബലിയർപ്പിക്കുകയും ചെയ്ത ദൈവപുത്രനിൽ വിശ്വസിച്ചുകൊണ്ടുള്ള ജീവിതമാണ്" (ഗലാത്യർ 2:20). ക്രൂശിതനായ ക്രിസ്തുവിനെ അല്ലാതെ മറ്റൊന്നും അറിയാൻ അവൻ ആഗ്രഹിച്ചില്ല (1 കോറിന്തോസ് 2:2). ഗലാത്യക്കാർ മറ്റു കാര്യങ്ങളാൽ വ്യതിചലിച്ചു പോകാൻ സ്വയം അനുവദിക്കാതെ ഈ സംഭവമാണ് വീക്ഷിക്കേണ്ടത്. ചുരുക്കത്തിൽ, ക്രിസ്ത്യാനികൾ അപകടത്തെക്കുറിച്ച് അവബോധമുള്ളവരാകുന്നതിനും നിയമങ്ങളുടെ കർശന പാലനത്തിൽ മാത്രം അധിഷ്ഠിതമായ  ഒരു മതാത്മകതയിലേക്ക് ആനയിക്കുന്ന  ചൂളംവിളിയിൽ വശീകൃതരാകതിരിക്കുന്നതിനും അവരെ നിയന്ത്രിച്ചു നിർത്തുക എന്നതാണ് പൗലോസിൻറെ ഉദ്ദേശ്യം.

പൗലോസപ്പോസ്തലനെ മനസ്സിലാക്കുന്ന ഗലാത്യർ 

മറുവശത്ത്, ഗലാത്യർ അപ്പോസ്തലൻ എന്താണ് സൂചിപ്പിക്കുന്നതെന്ന് നന്നായി മനസ്സിലാക്കി. സമൂഹത്തിൽ പരിശുദ്ധാത്മാവിൻറെ പ്രവർത്തനം അവർ തീർച്ചയായും അനുഭവിച്ചറിഞ്ഞു: മറ്റു സഭകളിലെന്നപോലെ, അവരുടെ ഇടയിലും ദാനധർമ്മവും വിവിധങ്ങളായ സിദ്ധികളും പ്രകടമായി. നിയന്ത്രണത്തിലായിരുന്ന  അവർ അനുഭവിച്ചത് ആത്മാവിൻറെ പുതുമയുടെ ഫലമാണെന്ന് പ്രത്യുത്തരിക്കാൻ അവർ നിർബന്ധിതരായി. അവരുടെ വിശ്വാസത്തിലേക്കുള്ള ആഗമനത്തിൻറെ ആരംഭത്തിൽ, അതിനാൽ, മനുഷ്യരല്ല പ്രത്യുത, ദൈവമാണ് മുൻകൈ എടുത്തത്. പരിശുദ്ധാത്മാവ് ആയിരുന്നു അവരുടെ അനുഭവത്തിൻറെ നായകൻ; സ്വന്തം പ്രവർത്തിക്കൾക്ക് പ്രാഥമ്യം നല്കുന്നതിന് പരിശുദ്ധൂരൂപിയെ ഇപ്പോൾ രണ്ടാമത്തെ തട്ടിലാക്കുന്നത് ബുദ്ധിശൂന്യമായി ഭവിക്കുമായിരുന്നു. വിശുദ്ധിയുടെ ഉത്ഭവം പരിശുദ്ധാരൂപിയിൽ നിന്നാണ്. അത് യേശുവിൻറെ പരിത്രാണ കർമ്മത്തിൻറെ സൗജന്യ ഫലമാണ്. അത് നമുക്കു നീതികരണം നല്കുന്നു.

നമ്മുടെ വിശ്വാസജീവിതം ഏതു തലത്തിലാണ്?

അങ്ങനെ, വിശുദ്ധ പൗലോസ്, നമ്മെയും, നമ്മൾ എങ്ങനെയാണ് വിശ്വാസം ജീവിക്കുന്നതെന്ന് ചിന്തിക്കാൻ ക്ഷണിക്കുന്നു. ക്രൂശിക്കപ്പെടുകയും ഉയിർത്തെഴുന്നേൽക്കുകയും ചെയ്തവനായ ക്രിസ്തുവിന്റെ സ്നേഹം നമ്മുടെ രക്ഷയുടെ ഉറവിടമായി നമ്മുടെ ദൈനംദിന ജീവിതത്തിൻറെ കേന്ദ്രത്തിലുണ്ടോ, അതോ നമ്മുടെ മനസ്സാക്ഷിയെ അലട്ടാതിരിക്കുന്നതിന് ചില മതപരമായ ഔപചാരികതയിൽ നാം തൃപ്തിയടയുകയാണോ? നമ്മൾ എങ്ങനെയാണ് വിശ്വാസം ജീവിക്കുന്നത്? അമൂല്യമായ നിധിയോട്, ക്രിസ്തുവിൻറെ പുതുമയുടെ സൗന്ദര്യത്തോട് നാം ഒട്ടിനില്ക്കുകയാണോ, അതോ, അവിടത്തെക്കാളാധികമായി, ഇപ്പോൾ നമ്മെ ആകർഷിക്കുന്നതും എന്നാൽ പിന്നീട് ആന്തരിക ശൂന്യത വരുത്തുന്നതുമായ എന്തെങ്കിലും നാം ഇഷ്ടപ്പെടുന്നുണ്ടോ? ക്ഷണികത പലപ്പോഴും നമ്മുടെ ദിനങ്ങളുടെ വാതിലിൽ മുട്ടുന്നു, പക്ഷേ ഇത് ഒരു സങ്കടകരമായ മിഥ്യയാണ്, ഇത് നമ്മെ ഉപരിപ്ലവതയിലേക്ക് തള്ളിയിടുകയും ജീവിതത്തിന് യഥാർത്ഥ അർത്ഥം നല്കുന്നത് എന്താണെന്ന് തിരിച്ചറിയുന്നതിൽ നിന്ന് നമ്മെ തടയുകയും ചെയ്യുന്നു. എന്നിരുന്നാലും, സഹോദരീസഹോദരന്മാരെ, നാം അകലാൻ പ്രലോഭിപ്പിക്കപ്പെടുമ്പോഴും, ദൈവം ഇപ്പോഴും തൻറെ ദാനങ്ങൾ ചൊരിഞ്ഞുകൊണ്ടിരിക്കുന്നു എന്ന ഉറപ്പോടെ നമുക്കു നിലകൊള്ളാം. ചരിത്രത്തിലെന്നും, ഇന്നും, ഗലാത്യരോട് സാമ്യമുള്ള കാര്യങ്ങൾ സംഭവിക്കുന്നു, ഗലാത്യർക്ക് സംഭവിച്ചത് ആവർത്തിക്കപ്പെടുന്നു. ഇന്നും ചില ആളുകൾ നമ്മുടെ ചെവി ചൂടുപിടിപ്പിക്കാൻ വന്നുകൊണ്ട് പറയുന്നു: "ഇല്ല, വിശുദ്ധി ഈ പ്രമാണങ്ങളിലാണ്, ഈ കാര്യങ്ങളിലാണ്  നിങ്ങൾ ഇത് ചെയ്യണം" എന്ന്.  ക്രിസ്തുവിൻറെ വീണ്ടെടുപ്പ് നമുക്ക് നൽകുന്ന ആത്മാവിലുള്ള സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്ന കടുത്ത മതാത്മകതയിലേക്ക് അവർ നമ്മെ നയിക്കുകയും ചെയ്യുന്നു. അവർ മുന്നോട്ടുവയ്ക്കുന്ന കാർക്കശ്യത്തെക്കുറിച്ച് ജാഗ്രതയുള്ളവരായിരിക്കുക: ശ്രദ്ധിക്കുക. കാരണം, എല്ലാ കാഠിന്യത്തിനും പിന്നിൽ മോശമായ എന്തോ ഉണ്ട്, ദൈവാരൂപി ഇല്ല. ഈ കാരണത്താൽ, നമ്മുടെ ആത്മീയ ജീവിതത്തെ പിന്നോട്ടു നയിക്കുന്നതായ മൗലികവാദപരമായ ഇത്തരം നിർദ്ദേശങ്ങൾ ശ്രദ്ധിക്കാതിരിക്കാനും യേശുവിൻറെ പെസഹാവിളിയിൽ മുന്നേറാനും ഈ ലേഖനം നമ്മെ സഹായിക്കും. ഇതാണ് അപ്പസ്തോലൻ ഗലാത്യരോട് ആവർത്തിക്കുന്നത്, പിതാവ് "ആത്മാവിനെ സമൃദ്ധമായി നൽകുകയും നിങ്ങളുടെ ഇടയിൽ അത്ഭുതങ്ങൾ പ്രവർത്തിക്കുകയും ചെയ്യുന്നു" (3,5). അവൻ വർത്തമാനകാലത്തിലാണ് സംസാരിക്കുന്നത്, "പിതാവ് ആത്മാവിനെ സമൃദ്ധമായി നൽകി " എന്നല്ല നല്കുന്നു എന്നാണ് പറയുന്നത്. "പ്രവർത്തിച്ചു" എന്ന് പറയുന്നില്ല, ഇല്ല: "പ്രവർത്തിക്കുന്നു" എന്നാണ്. കാരണം, ദൈവത്തിൻറെ പ്രവർത്തനങ്ങൾക്ക് നിരവധി തടസ്സങ്ങൾ സൃഷ്ടിക്കാൻ നമുക്ക് കഴിയുമായിരുന്നിട്ടും നമ്മുടെ പാപങ്ങൾ ഉണ്ടായിരുന്നിട്ടും അവിടന്ന് നമ്മെ കൈവിടുകയില്ല, മറിച്ച് അവിടന്ന് കരുണാർദ്ര സ്നേഹത്തോടെ നമ്മോടൊപ്പം നിലനിൽക്കുന്നു. ദൈവം എപ്പോഴും അവിടത്തെ നന്മയാൽ നമ്മുടെ ചാരെയുണ്ട്. തൻറെ മകൻ തിരികെ വരുന്നുണ്ടോ എന്നറിയാൻ എല്ലാ ദിവസവും മട്ടുപ്പാവിൽ കയറിനോക്കുന്ന പിതാവിനെ പോലെയാണ്: നമ്മെ സ്നേഹിക്കുന്നതിൽ പിതാവ് ഒരിക്കലും മടുക്കുന്നില്ല. ഈ യാഥാർത്ഥ്യത്തെക്കുറിച്ച് എല്ലായ്പ്പോഴും അവബോധമുള്ളവരായിരിക്കാനും ക്രിസ്തുവിൻറെ പുനരുത്ഥാനത്തിൽ നിന്ന് വളരെ അകന്നു നിൽക്കുന്ന കൃത്രിമ താപസ ജീവിതം വാഗ്ദാനം ചെയ്യുന്ന മൗലികവാദികളെ തുരത്താനുമുള്ള ജ്ഞാനം നമുക്ക് അപേക്ഷിക്കാം. വിരക്തജീവിതം ആവശ്യമാണ്, എന്നാൽ അത് കൃത്രിമമായിരിക്കരുത് വിവേകമാർന്നതായിരിക്കണം. നന്ദി

ഈ വാക്കുകളെ തുടര്‍ന്ന് പാപ്പായുടെ, ഇറ്റാലിയന്‍ ഭാഷയിലായിരുന്ന, പ്രഭാഷണത്തിന്‍റെ സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ അഭിവാദ്യം ചെയ്യുകയും ചെയ്തു.

നമ്മുടെ പൊതുഭവനത്തിനായി പ്രാർത്ഥിക്കുക

സെപ്റ്റമ്പർ 1-ന് സൃഷ്ടിയുടെ പരിപാലനത്തിനായുള്ള ലോക പ്രാർത്ഥനാദിനം ആചരിക്കുന്നതും, വിശുദ്ധ ഫ്രാൻസീസ് അസ്സീസിയുടെ തിരുന്നാൾ ദിനമായ ഒക്ടോബർ നാലുവരെ നീളുന്ന സൃഷ്ടിയുടെ സമയത്തിൻറെ ആചരണത്തിന്  തുടക്കമാകുന്നതും പാപ്പാ അനുസ്മരിച്ചു.

“സകലർക്കും ഒരു ഭവനമോ? ദൈവഭവനത്തിൻറെ നവീകരണം” എന്ന പ്രമേയമാണ് ഈ ആചരണത്തിനായി സ്വീകരിച്ചിരിക്കുന്നതെന്ന് അനുസ്മരിച്ച പാപ്പാ, കോൺസ്റ്റൻറിനോപ്പിളിലെ എക്യുമെനിക്കൽ പാത്രിയർക്കീസ് ​​ബർത്തലോമിയോയും ആംഗ്ലിക്കൻ സഭാകൂട്ടായ്മയുടെ തലവനായ കാൻറർബറി ആർച്ച് ബിഷപ്പ് ജസ്റ്റിൻ വെൽബിയും താനും ചേർന്ന് തയ്യാറാക്കിയ ഒരു സന്ദേശം, അടുത്ത ദിവസങ്ങളിൽ പ്രസിദ്ധീകരിക്കുമെന്നും വെളിപ്പെടുത്തി.

രൂക്ഷമായ ആഗോളപ്രതിസന്ധിയുടെതായ ഈ കാലഘട്ടത്തിൽ നമ്മുടെ പൊതുഭവനത്തിനു വേണ്ടി ഭിന്ന ക്രൈസ്തവ വിഭാഗങ്ങളിലെ സഹോദരീസഹോദരന്മാർക്കൊപ്പം പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യാൻ  പാപ്പാ എല്ലാവരെയും ക്ഷണിച്ചു.

പൊതുദർശനപരിപാടിയുടെ അവസാനം പാപ്പാ പതിവുപോലെ, പ്രായാധിക്യത്തിലെത്തിയവർ, രോഗികൾ, യുവജനങ്ങൾ, നവദമ്പതികൾ എന്നിവരെ അഭിവാദ്യം ചെയ്തു.തുടർന്ന് പാപ്പാ എല്ലാവർക്കും തൻറെ അപ്പൊസ്തോലികാശീർവ്വാദം നല്കി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 September 2021, 13:38

ഏറ്റവും അടുത്ത പൊതുകൂടിക്കാഴ്ച

വായിച്ചു മനസ്സിലാക്കാന്‍ >