തിരയുക

നമ്മെ ദൈവമക്കളാക്കുന്ന വിശ്വാസവും സമത്വ സാക്ഷാൽക്കാരവും!

ഫ്രാൻസീസ് പാപ്പായുടെ പ്രതിവാര പൊതുദർശന പ്രഭാഷണം: നാമെല്ലാവരും ക്രിസ്തുവിൽ ദൈവമക്കളും തുല്യരുമാണ്. എന്നാൽ ഇന്നും അസമത്വവും അടിമത്തവും ലിംഗവിവേചനവും നിലനില്ക്കുന്നു. പുരുഷന്മാർക്കു ലഭിക്കുന്ന അതേ അവസരം സ്ത്രീകൾക്ക് നിഷേധിക്കപ്പെടുന്നു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

റോമിൽ സൂര്യതാപത്തിന് ശമനം കണ്ടുതുടങ്ങിയിരിക്കുന്ന ദിനങ്ങളാണെങ്കിലും ഫ്രാന്‍സീസ് പാപ്പാ വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ തുറസ്സായ അങ്കണത്തിനു പകരം ഈ ബുധനാഴ്ചയും (08/09/2021) വത്തിക്കാനില്‍ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ സമീപത്തുള്ള അതിവിശാലമായ പോൾ ആറാമൻ ശാലയിൽ വച്ചാണ് പ്രതിവാരപൊതുദര്‍ശനം അനുവദിച്ചത്. വിവിധ രാജ്യക്കാരും ഭാഷാക്കാരുമായിരുന്ന നിരവധി തീര്‍ത്ഥാടകരും സന്ദര്‍ശകരും ഈ ശാലയിൽ സന്നിഹിതരായിരുന്നു. ശാലയിൽ പ്രവേശിച്ച പാപ്പായെ ജനങ്ങൾ സസന്തോഷം ഹർഷാരവമോടെ വരവേറ്റു. എല്ലാവരെയും അഭിവാദ്യം ചെയ്ത പാപ്പാ, റോമിലെ സമയം രാവിലെ ഏതാണ്ട് 09.30 ആയപ്പോള്‍, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1 മണിയോടെ, ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന്  വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു.

വിശുദ്ധ പൗലോസ് ഗലാത്തിയക്കാർക്കെഴുതിയ ലേഖനം : 3,26-29

യേശുക്രിസ്തുവിലുള്ള വിശ്വാസംവഴി നിങ്ങളെല്ലാം ദൈവമക്കളാണ്. ക്രിസ്തുവിനോട് ഐക്യപ്പെടാൻവേണ്ടി സ്നാനം സ്വീകരിച്ചിരിക്കുന്ന നിങ്ങളെല്ലാവരും ക്രിസ്തുവിനെ ധരിച്ചിരിക്കുന്നു. യഹൂദനെന്നോ ഗ്രീക്കുകാരനെന്നോ അടിമയെന്നോ സ്വതന്ത്രനെന്നോ പുരുഷനെന്നോ സ്ത്രീയെന്നോ വിത്യാസമില്ല; നിങ്ങളെല്ലാവരും യേശുക്രിസ്തുവിൽ ഒന്നാണ്. നിങ്ങൾ ക്രിസ്തുവിനുള്ളവരാണെങ്കിൽ അബ്രഹാത്തിൻറെ സന്തതികളാണ്; വാഗ്ദാനമനുസരിച്ചുള്ള അവകാശികളുമാണ്

ഈ വായനയെത്തുടർന്ന് ജനങ്ങളെ സംബോധനചെയ്ത പാപ്പാ, പൗലോസപ്പോസ്തലന്‍ ഗലാത്തിയക്കാര്‍ക്കെഴുതിയ ലേഖനത്തിലെ ആശയങ്ങളെ അധികരിച്ച് താൻ നടത്തിപ്പോരുന്ന പ്രബോധന പരമ്പരയിൽ എട്ടാമത്തേതായി നാം ദൈവമക്കൾ ആണെന്ന ആശയം വിശകലനം ചെയ്തു.

ഇറ്റാലിയന്‍ ഭാഷയില്‍ ആയിരുന്നന പാപ്പായുടെ  പ്രഭാഷണം  ഇപ്രകാരം പരിഭാഷപ്പെടുത്താം:

വെളിപാടിൻറെ നവീനത-ദൈവപുത്രത്വം

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം!

നമ്മൾ വിശ്വാസത്തെ, നമ്മുടെ വിശ്വാസത്തെ അധികരിച്ചുള്ള അഗാധമനനം, വിശുദ്ധ പൗലോസ് ഗലാത്യക്കാർക്കെഴുതിയ കത്തിൻറെ വെളിച്ചത്തിൽ തുടരുകയാണ്. ദൈവം ആ ക്രൈസ്തവരെ അറിയിച്ച വെളിപാടിൻറെ പുതുമ വിസ്മരിക്കാതിരിക്കുന്നതിന്   അപ്പോസ്തലൻ അവരെ നിർബന്ധിക്കുന്നു. സുവിശേഷകനായ യോഹന്നാനോടുള്ള (1 യോഹന്നാൻ 3:1-2) പൂർണ്ണ ഐക്യത്തിൽ, പൗലോസ് ഊന്നിപ്പറയുന്നത് യേശുക്രിസ്തുവിലുള്ള വിശ്വാസം നമ്മെ യഥാർത്ഥത്തിൽ ദൈവമക്കളും അവിടത്തെ അവകാശികളുമാകാൻ അനുവദിച്ചിരിക്കുന്നു എന്നാണ്. ക്രിസ്ത്യാനികളായ നമ്മളാകട്ടെ നാം ദൈവത്തിൻറെ മക്കളാണെന്ന ഈ യാഥാർത്ഥ്യം പലപ്പോഴും നിസ്സാരമായി കാണുന്നു. മറിച്ച്, നമുക്ക് ലഭിച്ച മഹത്തായ ദാനം ഉപരി അവബോധത്തോടെ ജീവക്കുന്നതിനായി, നാം ദൈവമക്കളായിത്തീർന്ന നിമിഷം, നമ്മുടെ മാമ്മോദീസാ സദാ കൃതജ്ഞതയോടെ സ്മരണയിൽ സൂക്ഷിക്കുന്നത് നല്ലതാണ്. ഞാൻ ഇങ്ങനെ ചോദിച്ചാലും സ്വന്തം മോമ്മോദീസാ തീയതി നിങ്ങളിൽ ആർക്കൊക്കെ അറിയാം? അധികം പേരൊന്നും കൈ പൊക്കിയില്ല. നാം രക്ഷിക്കപ്പെട്ട, നാം ദൈവമക്കളായിത്തീർന്ന തീയതിയാണത്.

മാമ്മോദീസായിലൂടെ ക്രിസ്തുവിശ്വാസത്തിലേക്ക്, അങ്ങനെ ദൈവപുത്രത്വത്തിലേക്ക്

വാസ്തവത്തിൽ, ഒരിക്കൽ, യേശുക്രിസ്തുവിലുള്ള "വിശ്വാസം സമാഗതമായി"ക്കഴിഞ്ഞാൽ (ഗലാത്തിയർ: 3,25), ദൈവിക പുത്രത്വത്തിലേക്ക് നയിക്കുന്ന മൗലികമായ പുതിയ ഒരവസ്ഥ സംജാതമാക്കപ്പെടുന്നു. പൗലോസ് പരാമർശിക്കുന്ന പുത്രത്വം ഇനിമുതൽ, ഏക സ്രഷ്ടാവിൻറെ പുത്രന്മാരും  പുത്രിമാരുമെന്ന നിലയിലുള്ള  സകല സ്ത്രീപുരുഷന്മാരെയും  ആശ്ലേഷിക്കുന്ന പൊതുവായ ഒന്നല്ല. "ക്രിസ്തുവിൽ" (ഗലാത്തിയർ:3,26) ദൈവമക്കളാകാൻ വിശ്വാസം നമ്മെ അനുവദിക്കുന്നുവെന്ന് നാം ഇപ്പോൾ വായിച്ചുകേട്ട ഭാഗത്തിൽ അദ്ദേഹം പ്രഖ്യാപിക്കുന്നുണ്ട്. ഈ "ക്രിസ്തുവിൽ" എന്നതാണ് വ്യതിരിക്തത. തൻറെ മനുഷ്യാവതാരത്തോടെ അവിടന്ന് നമ്മുടെ സഹോദരനായിത്തീർന്നു, തൻറെ മരണവും പുനരുത്ഥാനവും വഴി അവിടന്ന് നമ്മെ പിതാവുമായി അനുരഞ്ജിതരാക്കി. ക്രിസ്തുവിനെ വിശ്വാസത്തിൽ സ്വീകരിക്കുന്നവൻ മാമ്മോദീസാ വഴി അവിടന്നിനാലും പുത്രമാഹാത്മ്യത്താലും "ആവരണം ചെയ്യപ്പെടുന്നു" (ഗലാത്തിയർ: 3,27).

യേശുഹസ്യത്തിൽ നമ്മെ പങ്കുചേർക്കുന്ന ജ്ഞാനസ്നാനം 

വിശുദ്ധ പൗലോസ് തൻറെ കത്തുകളിൽ പലവുരു മാമ്മോദീസായെക്കുറിച്ച് പരാമർശിക്കുന്നു. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം, ജ്ഞാനസ്നാനം സ്വീകരിക്കുന്നത് യേശുരഹസ്യത്തിൽ ഫലപ്രദവും യഥാർത്ഥവുമായ വിധത്തിൽ പങ്കുചേരുന്നതിന് സമാനമാണ്. നാം ക്രിസ്തുവിനോടുകൂടെ ജീവിക്കേണ്ടതിന്, നാം മാമ്മോദീസായിൽ, അവിടത്തോടൊപ്പം  മരിക്കുകയും സംസ്കരിക്കപ്പെടുകയും ചെയ്തുവെന്നു പോലും റോമാക്കാർക്കുള്ള കത്തിൽ അദ്ദേഹം പറയുന്നു (റോമാ, 6:3-14). അതിനാൽ, ജ്ഞാനസ്നാനം വെറുമൊരു ബാഹ്യ ആചാരമല്ല. അത് സ്വീകരിക്കുന്നവർ ഏറ്റവും അഗാധമായി രൂപാന്തരപ്പെടുകയും ഒരു പുതിയ ജീവിതം സ്വന്തമാക്കുകയും ചെയ്യുന്നു, അത് ദൈവോന്മുഖരാകാനും "അബ്ബാ, പിതാവ്" എന്ന് അവിടത്തെ വിളിക്കാനും അനുവദിക്കുന്നു ( ഗലാത്തിയർ,4:6).

വർഗ്ഗ,മത വ്യത്യാസങ്ങളെ ഉല്ലംഘിക്കുന്ന പുതു സ്വത്വം 

മാമ്മോദീസാ വഴി സ്വീകരിക്കുന്നത്  വർഗ്ഗ-മത തലത്തിലുള്ള വ്യത്യാസങ്ങളെ മറികടക്കുന്ന ഒരു പുതിയ സ്വത്വമാണെന്ന് അപ്പോസ്തലൻ വളരെ ധൈര്യത്തോടെ പ്രഖ്യാപിക്കുന്നു: "യഹൂദനോ ഗ്രീക്കുകാരനോ ഇല്ല"; കൂടാതെ സാമൂഹികമായതലത്തിലാകട്ടെ: "അടിമയോ സ്വതന്ത്രനോ ഇല്ല; ആണും പെണ്ണും ഇല്ല"(ഗലാത്തിയർ,3:28). ഈ പദപ്രയോഗങ്ങളിൽ അന്തർലീനമായിരിക്കുന്ന വിപ്ലവകരമായ മൂല്യം ഉൾക്കൊള്ളാതെ നാം അത് വളരെ വേഗത്തിൽ വായിക്കുന്നു. ക്രിസ്തുവിൽ "യഹൂദനോ ഗ്രീക്കുകാരനോ ഇല്ല" എന്ന് ഗലാത്യക്കാർക്ക് എഴുതുന്നത്, പൗലോസിനെ സംബന്ധിച്ചിടത്തോളം, വംശീയ-മത മേഖലയിലെ ആധികാരിക അട്ടിമറിക്ക് തുല്യമാണ്. യഹൂദൻ, തിരഞ്ഞെടുക്കപ്പെട്ട ജനത്തിൽ ഉൾപ്പെടുന്നു എന്ന വസ്തുതയാൽത്തന്നെ, പുറജാതീയരെക്കാൾ (റോമ 2:17-20) സവിശേഷാവകാശങ്ങൾ ഉള്ളവരായിരുന്നു. ഇത്, പൗലോസ് തന്നെ സ്ഥിരീകരിക്കുന്നു (റോമാ,9:4-5). അതിനാൽ, അപ്പോസ്തലൻറെ ഈ പുതിയ പ്രബോധനം ഒരു പാഷണ്ഡതയായി തോന്നുന്നതിൽ അതിശയിക്കാനില്ല. "സ്വതന്ത്രരും", "അടിമകളും" തമ്മിലുള്ളതായ രണ്ടാമത്തെതായ സമാനത പോലും ക്ഷോഭജനക പരിപ്രേഷ്യത്തിന് വഴി തുറക്കുന്നു. പുരാതന സമൂഹത്തിൽ, അടിമകളും സ്വതന്ത്ര പൗരന്മാരും തമ്മിലുള്ള വ്യത്യാസം അത്യന്താപേക്ഷിതമായിരുന്നു. സ്വതന്ത്ര പൗരന്മാർ എല്ലാ അവകാശങ്ങളും ആസ്വദിച്ചു, അതേസമയം അടിമകളുടെ മാനവാന്തസ്സ് പോലും അംഗീകരിക്കപ്പെട്ടിരുന്നില്ല. ഇന്നും അടിമത്തം ഉണ്ട്. നാം അവരുടെ മാനവാന്തസ്സ് നിഷേധിക്കുകയാണ്. അങ്ങനെ, ഒടുവിൽ, അക്കാലഘട്ടത്തിലെ വിപ്ലവകരമായ, ഇന്നും പുനഃസ്ഥിരീകരിക്കേണ്ട സ്ത്രീപുരുഷ സമത്വം പ്രഖ്യാപിച്ചുകൊണ്ട്, ക്രിസ്തുവിലുള്ള സമത്വത്താൽ, രണ്ട് ലിംഗങ്ങൾ തമ്മിലുള്ള സാമൂഹിക വ്യത്യാസത്തെ മറികടന്നു. സ്ത്രീകളെ നിന്ദിക്കുന്ന വാക്കുകൾ നാം എത്രതവണ കേൾക്കുന്നു.... ഇന്നും സ്ത്രീകൾ അടിമകളാക്കപ്പെടുന്നു. പുരുഷന്മാക്കുള്ള അതേ അവസരങ്ങൾ സ്ത്രീകൾക്ക് ലഭിക്കുന്നില്ല. പൗലോസിൻറെ വാക്കുകൾ നാം വായിക്കണം: യേശുക്രിസ്തുവിൽ നാം തുല്യരാണ്.  

സ്നാനമേറ്റവരുടെ ഐക്യംവും സമത്വവും

നമുക്ക് കാണാൻ കഴിയുന്നതുപോലെ, ഏതവസ്ഥയിലുള്ളവരായിരുന്നാലും ശരി, സ്‌നാനമേറ്റവർക്കിടയിൽ നിലനിൽക്കുന്ന അഗാധമായ ഐക്യം പൗലോസ് പ്രഖ്യാപിക്കുന്നു,  കാരണം അവരോരോരുത്തരും ക്രിസ്തുവിൽ ഒരു പുതിയ സൃഷ്ടിയാണ്. ദൈവമക്കളായിരിക്കുന്നതിനാലുള്ള ഔന്നത്യാനന്തരം രണ്ടാം സ്ഥാനമാണ് എല്ലാ വിത്യാസങ്ങൾക്കുമുള്ളത്. ദൈവം തൻറെ സ്നേഹത്താൽ യഥാർത്ഥവും സത്താപരവുമായ സമത്വം സാക്ഷാത്ക്കരിക്കുന്നു.

ദൈവമക്കൾക്കടുത്ത ജീവിതം നയിക്കാൻ വിളിക്കപ്പെട്ടവർ

ആകയാൽ, ദൈവവുമായുള്ള പുത്രത്വത്തിൽ  മൗലികാവിഷ്കാരം കണ്ടെത്തുന്ന ഒരു പുതിയ ജീവിതം ഉപരി രചനാത്മകമായി നയിക്കാൻ നാം വിളിക്കപ്പെട്ടിരിക്കുന്നു. ക്രിസ്തുവിൽ ചേർക്കപ്പെട്ടിരിക്കുന്നതിനാൽ നാം ദൈവമക്കളായിരിക്കുന്നതിൻറെ, പരസ്പരം സഹോദരീസഹോദരങ്ങൾ ആയിരിക്കുന്നതിനൻറെ  മനോഹാരിത വീണ്ടും കണ്ടെത്തുക ഇന്ന് നമുക്കും നിർണ്ണായകമാണ്. വേർതിരിവിന് കാരണമാകുന്ന വ്യത്യാസങ്ങളും വൈരുദ്ധ്യങ്ങളും ക്രിസ്തുവിൽ വിശ്വാസികളായിരിക്കുന്നവരിൽ കുടിയിരിക്കാൻ പാടില്ല. മറിച്ച്, മാനവരാശിയുടെ മുഴുവൻ ഐക്യത്തിനുള്ള ആഹ്വാനം സമൂർത്തവും സുവ്യക്തവുമാക്കുകയാണ് നമ്മുടെ വിളി. ( CONC. ECUM. VAT. II, Const. Lumen gentium, 1). പലപ്പോഴും വിവേചനം സൃഷ്ടിച്ചുകൊണ്ട് ജനങ്ങൾക്കിടയിൽ വിത്യാസങ്ങളെ തീവ്രതരമാക്കുന്ന യാതൊന്നിനും, ക്രിസ്തുവിൽ പൂർത്തിയാക്കപ്പെട്ട പരിത്രാണത്തിൻറെ ശക്തിയാൽ, ദൈവമുമ്പാകെ പ്രസക്തിയില്ല. പരിശുദ്ധാത്മാവ് കാട്ടിത്തരുന്ന ഐക്യത്തിൻറെ പാത പിന്തുടർന്ന് പ്രവർത്തിക്കുന്ന വിശ്വാസമാണ് പ്രധാനം. ഈ പാതയിലൂടെ നിശ്ചയദാർഢ്യത്തോടെ നടക്കുക എന്നതാണ് നമ്മുടെ ഉത്തരവാദിത്വം. ഈസമത്വം, യേശു പ്രവർത്തിച്ച വീണ്ടെടുപ്പ് താങ്ങായുള്ളതും അതിനാൽ സാദ്ധ്യമായതുമാണ്. ഉണ്ടാക്കിയതാണ്, മറക്കരുത്: നിങ്ങൾ വീട്ടിൽ തിരികെയെത്തുമ്പോൾ സ്വയം ചോദിക്കുക:"ഞാൻ എപ്പോഴാണ് സ്നാനമേറ്റത്? എന്ന്. അത് എപ്പോഴും ആ തീയതി മനസ്സിൽ ഉണ്ടായിരിക്കുന്നതിനാണ്.  തീയതിയെത്തുമ്പോൾ അത് ആഘോഷിക്കാൻ സാധിക്കും. നന്ദി.

പ്രഭാഷണനാന്തര അഭിവാദ്യങ്ങൾ

ഈ വാക്കുകളെ തുടര്‍ന്ന് പാപ്പായുടെ, ഇറ്റാലിയന്‍ ഭാഷയിലായിരുന്ന, പ്രഭാഷണത്തിന്‍റെ സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ അഭിവാദ്യം ചെയ്യുകയും ചെയ്തു.

എത്യോപ്യയിലെ ജനങ്ങൾക്ക് പാപ്പായുടെ ആശംസകൾ 

സെപ്റ്റമ്പർ 11-ന് ആഫ്രിക്കൻ നാടായ എത്യോപ്യ പുതുവത്സരം ആഘോഷിക്കുന്നതിനെക്കുറിച്ച് സൂചിപ്പിച്ച പാപ്പാ അന്നാട്ടുകാർക്കെല്ലാവർക്കും, പ്രത്യേകിച്ച് സംഘർഷംവും അതിൻറെ അനന്തരഫലമായ ദുരിതവും മൂലം യാതനകളനുഭവിക്കുന്നവർക്കും അഭിവാദ്യമർപ്പിച്ചു. ഈ കാലം സമാധാനത്തിനായുള്ള പൊതുവായ അഭിവാഞ്ഛ ശ്രവിക്കപ്പെടുന്നതിനുള്ള സാഹോദര്യത്തിൻറെയും ഐക്യദാർഢ്യത്തിൻറെയും സമയമായിരിക്കട്ടെയെന്ന് പാപ്പാ ആശംസിച്ചു.

സമാപനാഭിവാദ്യവും ആശീർവ്വാദവും

പൊതുദർശനപരിപാടിയുടെ അവസാനം പാപ്പാ പതിവുപോലെ, പ്രായാധിക്യത്തിലെത്തിയവർ, രോഗികൾ, യുവജനങ്ങൾ, നവദമ്പതികൾ എന്നിവരെ അഭിവാദ്യം ചെയ്തു. പരിശുദ്ധകന്യകാമറിയത്തിൻറെ പിറവിത്തിരുന്നാൾ അനുവർഷം സെപ്റ്റമ്പർ 8-ന് തിരുസഭ ആചരിക്കുന്നത് അനുസ്മരിച്ച പാപ്പാ ഈ തിരുന്നാൾ നമ്മെ ഓർമ്മിപ്പിക്കുന്നത് ദൈവം അവിടത്തെ വാഗ്ദാനങ്ങളിൽ വിശ്വസ്തനാണെന്നും ഏറ്റം പരിശുദ്ധയായ മറിയത്തിലൂടെ നമ്മുടെ ഇടയിൽ വസിക്കാൻ അവിടന്ന് തിരുമസ്സായി എന്നുമാണെന്ന് പ്രസ്താവിച്ചു.

തുടർന്ന് പാപ്പാ എല്ലാവർക്കും തൻറെ അപ്പൊസ്തോലികാശീർവ്വാദം നല്കി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 September 2021, 17:30

ഏറ്റവും അടുത്ത പൊതുകൂടിക്കാഴ്ച

വായിച്ചു മനസ്സിലാക്കാന്‍ >