തിരയുക

Vatican News

പാപ്പാ:അടച്ചുപൂട്ടൽ ക്രൈസ്തവ സമൂഹത്തെ ഭിന്നിപ്പിൻറെ വേദിയാക്കുന്നു!

ഫ്രാൻസീസ് പാപ്പായുടെ ത്രികാലജപം സന്ദേശം: "ആളുകളെ ശിഷ്ടരും ദുഷ്ടരുമായി തരം തിരിക്കുന്നതിനു പകരം നാമെല്ലാവരും നമ്മുടെ ഹൃദയങ്ങളെ നിരീക്ഷിക്കാൻ വിളിക്കപ്പെട്ടിരിക്കുന്ന".

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഈ ഞായറാഴ്ചയും (26/09/21) ഫ്രാൻസീസ് പാപ്പാ വത്തിക്കാനിൽ നയിച്ച മദ്ധ്യാഹ്നപ്രാർത്ഥനയിൽ വിവിധ രാജ്യക്കാരായിരുന്ന നിരവധി വിശ്വാസികൾ പങ്കുകൊണ്ടു. പാപ്പാ  റോമിലെ സമയം ഉച്ചയ്ക്ക് 12 മണിയ്ക്ക് ത്രികാല പ്രാർത്ഥന നയിക്കുന്നതിനായി, ആ സമയത്തിന് അല്പം മുമ്പ്, അരമനയുടെ പതിവു ജാലകത്തിങ്കൽ പ്രത്യക്ഷനായപ്പോൾ, വിശുദ്ധ പത്രോസിൻറെ നാമത്തിലുള്ള ബസിലിക്കയുടെ അങ്കണത്തിൽ സന്നിഹിതരായിരുന്ന ജനസഞ്ചയത്തിൻറെ കരഘോഷവും ആനന്ദരവങ്ങളും ഉയർന്നു. പ്രാർത്ഥനയ്ക്കു മുമ്പ്, പാപ്പാ സാധാരണ ചെയ്യാറുള്ളതുപോലെ നടത്തിയ വിചിന്തനം, ഈ ഞായറാഴ്ച (26/09/21) ദിവ്യബലി മദ്ധ്യേ വായിക്കപ്പെട്ട ദൈവവചന ഭാഗങ്ങളിൽ, മർക്കോസിൻറെ സുവിശേഷം അദ്ധ്യായം 9,38-43  വരെയും 45,47,48-ഉം  വാക്യങ്ങൾ, അതായത്, തൻറെ നാമത്തിൽ നന്മ ചെയ്യുന്നവന് പ്രതിഫലം സുനിശ്ചിതമാണെന്നും ഇടർച്ചയ്ക്ക് കാരണമാകരുതെന്നും യേശു, യോഹന്നാനുമായുള്ള സംഭാഷണ വേളയിൽ ഓർമ്മിപ്പിക്കുന്ന സുവിശേഷഭാഗം അവലംബമാക്കിയുള്ളതായിരുന്നു.

പാപ്പാ ഇറ്റാലിയൻ ഭാഷയിൽ നടത്തിയ വിചിന്തനത്തിൻറെ പരിഭാഷ:

യേശുവും യോഹന്നാനും തമ്മിലുള്ള ചെറു സംഭാഷണം - നന്മചെയ്യുന്നവർക്ക് വിഘ്നം സൃഷ്ടിക്കരുത് 

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം!

ഇന്നത്തെ ആരാധനാക്രമത്തിലെ സുവിശേഷഭാഗം യേശുവും ശിഷ്യഗണത്തെ പ്രതിനിധാനം ചെയ്തുകൊണ്ട്  അപ്പോസ്തലൻ യോഹന്നാനും തമ്മിൽ നടത്തുന്ന ഒരു ഹ്രസ്വ സംഭാഷണത്തെക്കുറിച്ച് നമ്മോട് പറയുന്നു. ഒരു മനുഷ്യൻ കർത്താവിൻറെ നാമത്തിൽ ഭൂതോച്ചാടനം നടത്തുന്നത് അവർ കണ്ടു, പക്ഷേ അവൻ അവരുടെ കൂട്ടത്തിലുൾപ്പെടാത്തവനായിരുന്നതിനാൽ അവർ അവനെ തടഞ്ഞു. ഈ അവസരത്തിൽ യേശു അവരോടു പറയുന്നത് നന്മയ്ക്കായി പ്രവർത്തിക്കുന്നവരെ തടയരുത് എന്നാണ്, കാരണം അവർ ദൈവത്തിൻറെ പദ്ധതി സാക്ഷാത്കരിക്കുന്നതിന് സംഭാവന ചെയ്യുന്നു (മർക്കോസ് 9: 38-41). എന്നിട്ട് അവിടന്ന് മുന്നറിയിപ്പ് നൽകുന്നു: ആളുകളെ ശിഷ്ടരും ദുഷ്ടരുമായി തരം തിരിക്കുന്നതിനു പകരം നാമെല്ലാവരും നമ്മുടെ ഹൃദയങ്ങളെ നിരീക്ഷിക്കാൻ വിളിക്കപ്പെട്ടിരിക്കുന്നു, അത് നമ്മൾ തിന്മയ്ക്ക് അധീനരാകാതിരിക്കാനും മറ്റുള്ളവർക്ക് ഇടർച്ച വരുത്താതിരിക്കാനുമാണ് (മർക്കോസ് 9,42-45.47-48).

അടച്ചുപൂട്ടൽ പ്രലോഭനത്തിൻറെ തിക്ത ഫലം

ചുരുക്കത്തിൽ, യേശുവിൻറെ വാക്കുകൾ ഒരു പ്രലോഭനത്തെ അനാവരണം ചെയ്യുകയും ഒരു ഉദ്ബോധനം നൽകുകയും ചെയ്യുന്നു. അടച്ചുപൂട്ടലാണ് ഈ പ്രലോഭനം. തങ്ങളുടെ കൂട്ടത്തിലുള്ളവനല്ല എന്ന ഒറ്റക്കാരണം കൊണ്ടു മാത്രം ഒരുവൻറെ സൽപ്രവൃത്തിയ്ക്ക് തടയിടാൻ ശിഷ്യന്മാർ ആഗ്രഹിക്കുന്നു. "യേശുവിൻറെ മേൽ തങ്ങൾക്കു മാത്രമാണ് അവകാശങ്ങൾ" ഉള്ളതെന്നും ദൈവരാജ്യത്തിനായി പ്രവർത്തിക്കാൻ അധികാരമുള്ളവർ തങ്ങൾ മാത്രമാണെന്നും അവർ കരുതുന്നു. ഇപ്രകാരം അവർ തങ്ങൾ പ്രിയപ്പെട്ടവരാണെന്ന തോന്നലിൽ ചെന്നെത്തുകയും മറ്റുള്ളവരോടു ശത്രുത പുലർത്തത്തക്കവിധം അവരെ അന്യരായി കണക്കാക്കുകയും ചെയ്യുന്നു. സഹോദരീസഹോദരന്മാരേ, ഓരോ അടച്ചുപൂട്ടലും, വാസ്തവത്തിൽ, നമ്മെപ്പോലെ ചിന്തിക്കാത്തവരെ അകറ്റി നിർത്തുകയാണ് ചെയ്യുന്നത്. ഇതാണ് ചരിത്രത്തിലെ നിരവധി വലിയ തിന്മകളുടെ, പലപ്പോഴും സ്വേച്ഛാധിപത്യങ്ങൾക്ക് ജന്മമേകിയ പരമാധിപത്യം, വിഭിന്നരായവർക്കെതിരായ നിരവധി അക്രമങ്ങൾ എന്നിവയുടെ കാരണമെന്ന് നമുക്കറിയാം.

ജാഗരൂകരാകുക, വിഭജകനായ സാത്താൻ തന്ത്രങ്ങൾ മെനയുന്നു

എന്നാൽ സഭയിലും അടച്ചുപൂട്ടലിനെക്കുറിച്ച് ജാഗ്രത ആവശ്യമാണ്. കാരണം, വിഭജകനായ സാത്താൻ- സാത്താൻ എന്ന പദത്തിൻറെ അർത്ഥംതന്നെ വിഭജനം നടത്തുന്നവൻ എന്നാണ് - ആളുകളെ വിഭജിക്കുകയും ഒഴിവാക്കുകയും ചെയ്യുന്നതിന് വേണ്ടി  എപ്പോഴും സംശയം ജനിപ്പിക്കുന്നു. ഇതിനായി സാത്താൻ തന്ത്രപൂർവ്വം ശ്രമിക്കുന്നു,  പിശാചിനെത്തന്നെ പുറത്താക്കിയവരെപ്പോലും പുറന്തള്ളുന്നതിന് തുനിയുന്ന ശിഷ്യന്മാർക്ക് സംഭവിച്ചതു പോലെ ഇത് സംഭവിക്കാം! ചിലപ്പോൾ നമുക്കും ഇതു സംഭവിക്കുന്നു, എളിമയുള്ളവരും തുറന്ന സമൂഹങ്ങളുമാകുന്നതിനുപകരം, "പ്രമുഖർ" എന്ന പ്രതീതി നൽകാനും മറ്റുള്ളവരെ അകറ്റി നിർത്താനും നാം ശ്രമിക്കും; എല്ലാവരുമൊത്തു ചരിക്കാൻ ശ്രമിക്കുന്നതിനുപകരം, അപരനെ വിധിക്കുകയും ഒഴിവാക്കുകയും ചെയ്യുന്നതിനുമായി, നാം നമ്മുടെ "വിശ്വാസിയുടെതായ അധികാരപത്രം" കാണിക്കുന്നു: "ഞാൻ ഒരു വിശ്വാസിയാണ്", "ഞാൻ കത്തോലിക്കനാണ്", "ഞാൻ ഈ സമിതിയിൽ, മറ്റൊരു സമിതിയിൽപ്പെട്ടവനാണ്..."; മറ്റുള്ള പാവങ്ങൾ അങ്ങനെയല്ല. അപരനെ വിധിക്കുന്നതിനും ഒഴിവാക്കുന്നതിനുമായി ഇത് ചെയ്യുന്നത് കഷ്ടമാണ്. വിധിക്കാനും തരംതിരിക്കാനുമുള്ള പ്രലോഭനത്തെ മറികടക്കാനുള്ള കൃപ നമുക്കപേക്ഷിക്കാം, കൂടാതെ കൂട്ടിലടച്ചിടുന്ന മനോഭാവത്തിൽ നിന്ന് "നല്ല"തെന്നു കരുതുന്ന ചെറുസമൂഹത്തിൽ അസൂയതോന്നത്തക്കവിധം നമ്മെത്തന്നെ കാത്തുസൂക്ഷിക്കുന്നതിൽ നിന്ന് ദൈവം നമ്മെ രക്ഷിക്കുന്നതിനായി നമുക്കു പ്രാർത്ഥിക്കാം: ആരും നുഴഞ്ഞുകയറാതിരിക്കുന്നതിന് പുരോഹിതൻ തൻറെ ഏറ്റം വിശ്വസ്തരോടൊപ്പവും, അജപാലനപ്രവർത്തകർ പരസ്പരവും, പ്രസ്ഥാനങ്ങളും സമിതികളും അവയുടെ തനതായ സിദ്ധികളിലും അടച്ചിടുന്നു, കാര്യങ്ങൾ അങ്ങനെ പോകുന്നു. അടച്ചുപൂട്ടൽ. ഇതെല്ലാം ക്രിസ്തീയ സമൂഹങ്ങളെ കൂട്ടായ്മയുടെയല്ല ഭിന്നതയുടെ ഇടങ്ങളാക്കുന്നു, പരിശുദ്ധാത്മാവ് അടച്ചുപൂട്ടലുകൾ ആഗ്രഹിക്കുന്നില്ല; തുറവാണ്, എല്ലാവർക്കും ഇടമുള്ള സ്വാഗതം ചെയ്യുന്ന സമൂഹങ്ങളാണ്  ഈ  അരൂപി അഭിലഷിക്കുന്നത്.

വിധിക്കാതിരിക്കുക

പിന്നെ സുവിശേഷത്തിൽ യേശുവിൻറെ ഉദ്ബോധനം ഉണ്ട്: സകലത്തെയും സകലരെയും വിധിക്കുന്നതിനുപകരം, നമുക്ക് നമ്മെക്കുറിച്ചുതന്നെ ജാഗ്രതയുള്ളവരായിരിക്കാം! വാസ്തവത്തിൽ, ഇവിടെയുള്ള അപകടം, നാം മറ്റുള്ളവരോട് വിട്ടുവീഴ്ചയില്ലാത്തവരും എന്നാൽ  നമ്മോടുതന്നെ സഹിഷ്ണുത പുലർത്തുന്നവരുമാകുന്നതാണ്. തിന്മയുമായി ഉടമ്പടിയിലേർപ്പെടാതിരിക്കുന്നതിന് ഹൃദയസ്പർശിയായ രംഗങ്ങളാൽ യേശു നമ്മെ ഉപദേശിക്കുന്നു: "നിന്നിൽ എന്തെങ്കിലും ഇടർച്ചയ്ക്ക് കാരണമാകുന്നുവെങ്കിൽ, അത് വെട്ടിക്കളയുക!" (മർക്കോസ് 9,43-48). എന്തെങ്കിലും നിങ്ങളെ വേദനിപ്പിക്കുന്നുവെങ്കിൽ, അത് മുറിച്ചുമാറ്റുക! "എന്തെങ്കിലും ഇടർച്ചയ്ക്ക് കാരണമാകുന്നുവെങ്കിൽ, ഒരുനിമിഷം നില്ക്കുക, അതിനെക്കുറിച്ച് ചിന്തിക്കുക, കുറച്ചുകൂടി മെച്ചപ്പെടുക ..."എന്നല്ല അവിടന്ന് പറയുന്നത്. ഇല്ല: “മുറിച്ചുകളയുക! ഉടനെതന്നെ!". യേശു ഇതിൽ മൗലികതയുള്ളവനാണ്, നിർബ്ബന്ധം പിടിക്കുന്നവനാണ്, എന്നാൽ അത് നമ്മുടെ നന്മ ഉദ്ദേശിച്ചാണ്, ഒരു സമർത്ഥനായ വൈദ്യനെപ്പോലെ. ഓരോ വെട്ടിമാറ്റലും, ഓരോ വെട്ടിയൊതുക്കലും, നന്നായി വളരാനും സ്നേഹത്തിൽ ഫലം കായ്ക്കാനുമാണ്. അതിനാൽ നമുക്ക് നമ്മോടുതന്നെ ചോദിക്കാം: സുവിശേഷത്തിന് വിരുദ്ധമായി എന്നിലുള്ളത് എന്താണ്? എൻറെ ജീവിതത്തിൽ നിന്ന് ഞാൻ വെട്ടിനീക്കണമെന്ന് യേശു ആഗ്രഹിക്കുന്നതെന്താണ്?

പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥ്യം തേടുക

മറ്റുള്ളവരെ സ്വാഗതം ചെയ്യുന്നതിനും നമ്മെക്കുറിച്ച് ജാഗരൂകരായിരിക്കുന്നതിനും നമ്മെ സഹായിക്കാൻ അമലോത്ഭവ കന്യകയോട് നമുക്ക് പ്രാർത്ഥിക്കാം.

ഈ വാക്കുകളെ തുടർന്ന് പാപ്പാ കര്‍ത്താവിന്‍റെ മാലാഖ എന്നാരംഭിക്കുന്ന പ്രാർത്ഥന നയിക്കുകയും ആശീർവ്വാദം നല്കുകയും ചെയ്തു.

കുടിയേറ്റക്കാരുടെയും അഭയാർത്ഥികളുടെയും പ്രതീക്ഷയ്ക്കെതിരെ വാതിൽ കൊട്ടിയടയ്ക്കരുത്

ഈ ഞായറാഴ്‌ച, കുടിയേറ്റക്കാരുടെയും അഭയാർഥികളുടെയും ലോക ദിനം ആചരിക്കപ്പെട്ടതും  "എന്നും ഉപരിവലിയ നമ്മിലേക്ക്" എന്ന പ്രമേയം അത് സ്വീകരിച്ചിരുന്നതും പാപ്പാ ആശീർവ്വാദാനന്തരം അനുസ്മരിച്ചു.

മുൻവിധിയും ഭയവുമില്ലാതെ ഏറ്റം ദുർബ്ബലരെ, അതായത്, കുടിയേറ്റക്കാർ, അഭയാർത്ഥികൾ, കുടിയൊഴിപ്പിക്കപ്പെട്ടവർ, മനുഷ്യക്കടത്തിനിരകളായവർ, പരിത്യക്തർ തുടങ്ങിയവരെ ചേർത്തുനിർത്തി, ഒത്തൊരുമിച്ച് നടക്കേണ്ടത് ആവശ്യമാണ് എന്ന് പാപ്പാ പറഞ്ഞു. ആരെയും ഒഴിവാക്കാത്തതും എല്ലാവരെയും കൂടുതൽ ഉൾക്കൊള്ളുന്നതുമായ ലോകം കെട്ടിപ്പടുക്കാൻ നാം വിളിക്കപ്പെട്ടിരിക്കുന്നുവെന്നും പാപ്പാ ഓർമ്മിപ്പിച്ചു. 

കുടിയേറ്റക്കാർ നിറഞ്ഞ വള്ളത്തെ അവതരിപ്പിക്കുന്ന ഒരു സ്മാരകം വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ ചത്വരത്തിൽ തീർത്തിരിക്കുന്നതിനെക്കുറിച്ച് പരാമർശിച്ചുകൊണ്ട് പാപ്പാ ചത്വരം വിടുന്നതിനു മുമ്പ് അത് എല്ലാവരും കാണണമെന്നു പറഞ്ഞു. ആ വള്ളത്തിൽ കാണുന്ന കുടിയേറ്റക്കാരുടെ നോട്ടത്തിൽ ശ്രദ്ധിക്കാനും ഇന്ന് ജീവിതം പുനരാരംഭിക്കാൻ ശ്രമിക്കുന്ന ഓരോ കുടിയേറ്റക്കാരനിലും ഉള്ള പ്രതീക്ഷയുടെ ആ നോട്ടം ഉൾക്കൊള്ളാനും പാപ്പാ എല്ലാവരെയും ക്ഷണിച്ചു. അവരുടെ പ്രതീക്ഷയ്ക്കു നേരെ നാം വാതിലുകൾ കൊട്ടിയടയ്ക്കരുതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

ല പാൽമ ദ്വീപിലെ അഗ്നിപർവ്വത സ്ഫോടനം

കാനറി ദ്വീപുസമൂഹത്തിലെ  ല പാൽമ ദ്വീപിലെ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചതിൻറെ അനന്തരഫലമായി ദുരിതം അനുഭവിക്കുന്നവരോടുള്ള, പ്രത്യേകിച്ച്, പാർപ്പിടങ്ങൾ വിട്ടുപോകേണ്ടിവന്നവരോടുള്ള, തൻറെ സാമീപ്യവും ഐക്യദാർഢ്യവും പാപ്പാ പ്രകടിപ്പിച്ചു. ദുരിതമനുഭവിക്കുന്നവർക്കും ദുരിതാശ്വാസപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്കും വേണ്ടി പാപ്പാ ആ ദ്വീപിൽ വണങ്ങപ്പെടുന്ന മഞ്ഞുമാതാവിനോട് പ്രാർത്ഥിക്കുകയും ചെയ്തു.

നവവാഴ്ത്തപ്പെട്ട രക്തസാക്ഷി ജൊവാന്നി ഫൊർണസീനി

രക്തസാക്ഷിയായ വൈദികൻ ജൊവാന്നി ഫൊർണസീനിയെ ഈ ഞായറാഴ്ച (26/09/21) ഇറ്റലിയിലെ ബൊളോഞ്ഞയിൽ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ച തിരുക്കർമ്മത്തെക്കുറിച്ചും അനുസ്മരിച്ച പാപ്പാ, ഉപവിയിൽ തീക്ഷ്ണമതിയും ഇടവകവികാരിയുമായിരുന്ന അദ്ദേഹം രണ്ടാം ലോകമഹായുദ്ധകാല ദുരന്തത്തിൽ അജഗണത്തെ കൈവിട്ടു കളഞ്ഞില്ലയെന്നും  രക്തം ചിന്തിപ്പോലും അവരെ സംരക്ഷിച്ചുവെന്നും പ്രസ്താവിച്ചു. ജീവിതപരീക്ഷണങ്ങളെ ധീരതയോടെ നേരിടാൻ നവവാഴ്ത്തപ്പെട്ടവൻറെ വീരോചിത സാക്ഷ്യം നമ്മെ സഹായിക്കട്ടെയെന്ന് പാപ്പാ ആശംസിച്ചു.

സമാപനാഭിവാദ്യം

ത്രികാലപ്രാര്‍ത്ഥനാപരിപാടിയുടെ അവസാനം പാപ്പാ എല്ലാവർക്കും നല്ലൊരു ഞായർ ആശംസിച്ചു. തനിക്കുവേണ്ടി പ്രാർത്ഥിക്കാൻ മറക്കരുതെന്ന പതിവ് അഭ്യർത്ഥന നവീകരിച്ച പാപ്പാ എല്ലാവ‍ര്‍ക്കും നല്ലൊരു ഉച്ചവിരുന്നു നേരുകയും വീണ്ടും കാണാമെന്നു പറയുകയും ചെയ്തുകൊണ്ട് സുസ്മേരവദനനായി കൈകൾ വീശി ജാലകത്തിങ്കൽ നിന്നു പിൻവാങ്ങി.

27 September 2021, 12:23

ത്രികാലപ്രാര്‍ത്ഥന - ദിവസത്തിൽ മൂന്നു പ്രാവശ്യം ജപിക്കുന്ന സഭയുടെ ഔദ്യോഗിക പ്രാർത്ഥനയാണിത്. സനാതനമായ രക്ഷാകര രഹ്യമാണ് ഇതിന്‍റെ ഉള്ളടക്കം. രാവിലെ
6 മണിക്കും, മദ്ധ്യാഹ്നം 12 മണിക്കും, വൈകുന്നേരം 6 മണിക്കും ദേവാലയമണി മുഴങ്ങുമ്പോഴാണ് ഇത് ഉരുവിടുന്നത്.  

കര്‍ത്താവിന്‍റെ മാലാഖ... എന്നു തുടങ്ങുന്ന ത്രികാലജപം സാധാരണകാലങ്ങളില്‍ ചൊല്ലുമ്പോള്‍ പെസഹാക്കാലത്ത് സ്വര്‍ല്ലോക രാജ്ഞിയേ... എന്ന പ്രാര്‍ത്ഥനയുമാണ് ചൊല്ലുന്നത്. പ്രാര്‍ത്ഥനയുടെ ഇടയ്ക്ക് ചൊല്ലുന്ന നന്മനിറഞ്ഞ മറിയമേ, എന്ന ജപം ക്രിസ്തുവിന്‍റെ രക്ഷാകര ചരിത്രത്തില്‍ മറിയത്തിനുള്ള പങ്ക് വിളിച്ചോതുന്നു. ത്രിത്വസ്തുതിയോടെയാണ് ത്രികാലപ്രാര്‍ത്ഥന അവസാനിക്കുന്നത്.


പൊതുവെ എല്ലാ ഞായറാഴ്ചകളിലും സവിശേഷദിനങ്ങളിലും മദ്ധ്യാഹ്നത്തിലാണ് “ആഞ്ചെലൂസ്…” എന്ന ശീര്‍ഷകത്തില്‍ പാപ്പായുടെ സാന്നിദ്ധ്യത്തില്‍ ത്രികാലപ്രാ‍ര്‍ത്ഥന നടത്തപ്പെടുന്നത്. ഞായറാഴ്ചകളില്‍ മദ്ധ്യാഹ്നം കൃത്യം 12 മണിക്ക് വത്തിക്കാനിലെ അപ്പസ്തോലിക അരമനയുടെ മൂന്നാംനിലയുടെ രണ്ടാം ജാലകത്തില്‍ പ്രത്യക്ഷപ്പെട്ട്, താഴെ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ സമ്മേളിച്ചിരിക്കുന്ന തീര്‍ത്ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കുമൊപ്പം പാപ്പാ ത്രികാലപ്രാര്‍ത്ഥന ചൊല്ലുന്ന പതിവിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.

ഏറ്റവും ഒടുവിലത്തെ ത്രികാലപ്രാര്‍ത്ഥന

വായിച്ചു മനസ്സിലാക്കാന്‍ >