തിരയുക

എൻറെ വിശ്വാസത്തിന് നിദാനം എന്ത്? - പാപ്പായുടെ ത്രികാലജപ സന്ദേശം!

നമ്മുടെ ആവശ്യങ്ങളെയല്ല, പ്രത്യുത, ദൈവത്തെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിക്കുന്നതാണ് പക്വമായ വിശ്വാസം. പശിയടക്കാൻ ദൈവത്തെ തേടുകയും ഭക്ഷിച്ചു തൃപ്തരാകുമ്പോൾ അവിടത്തെ വിസ്മരിക്കുകയും ചെയ്യുന്നതാണോ നമ്മുടെ വിശ്വാസം?

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഈ ഞായറാഴ്ചയും (01/08/21) ഫ്രാൻസീസ് പാപ്പാ പതിവുപോലെ വത്തിക്കാനിൽ മദ്ധ്യാഹ്നപ്രാർത്ഥന നയിച്ചു. ഈ ത്രികാല പ്രാർത്ഥനയിൽ പങ്കുകൊള്ളുന്നതിന് വിവിധ രാജ്യക്കാരായിരുന്ന നിരവധി വിശ്വാസികൾ വിശുദ്ധ പത്രോസിൻറെ നാമത്തിലുള്ള ബസിലിക്കയുടെ അങ്കണത്തിൽ സന്നിഹിതരായിരുന്നു. വേനൽക്കാലം കടുത്തിരിക്കുന്നതിനാൽ അർക്കാംശുക്കളിൽ നിന്ന് രക്ഷനേടുന്നതിന് ചിലർ കുടകളെയും മറ്റു ചിലർ തൊപ്പികളെയും ശരണം പ്രാപിച്ചിരിക്കുന്നതും കാണാമായിരുന്നു. പാപ്പാ  റോമിലെ സമയം ഉച്ചയ്ക്ക് 12 മണിയ്ക്ക് ത്രികാല പ്രാർത്ഥന നയിക്കുന്നതിനായി ആ സമയത്തിന് അല്പം മുമ്പ്, അരമനയുടെ പതിവു ജാലകത്തിങ്കൽ പ്രത്യക്ഷനായപ്പോൾ ജനസഞ്ചയത്തിൻറെ ആനന്ദരവങ്ങൾ ഉയർന്നു.  പ്രാർത്ഥനയ്ക്കു മുമ്പ്, പാപ്പാ സാധാരണ ചെയ്യാറുള്ളതുപോലെ, ഒരു വിചിന്തനം നടത്തി. ഈ ഞായറാഴ്ച (01/08/21) ലത്തീൻ റീത്തിൻറെ ആരാധനാക്രമമനുസരിച്ച് ദിവ്യബലിമദ്ധ്യേ വായിക്കപ്പെട്ട വിശുദ്ധഗ്രന്ഥഭാഗങ്ങളിൽ, യോഹന്നാൻറെ സുവിശേഷം 6,24-35 വരെയുള്ള  വാക്യങ്ങൾ, അതായത്, താൻ ജീവൻറെ അപ്പമാണെന്നും ഈ അപ്പം ഭക്ഷിക്കുന്നവന് ഒരിക്കലും വിശക്കുകയില്ലെന്നും, തന്നിൽ വിശ്വസിക്കുന്നവന് ഒരിക്കലും ദാഹിക്കുകയില്ലെന്നും യേശു ജനസഞ്ചയത്തോടു പറയുന്ന സുവിശേഷ സംഭവം ആയിരുന്നു പാപ്പായുടെ പരിചിന്തനത്തിന് അവലംബം. പാപ്പാ ഇറ്റാലിയൻ ഭാഷയിൽ  നടത്തിയ വിചിന്തനത്തിൻറെ മലയാള പരിഭാഷ :

അത്ഭുതപ്രവർത്തികളുടെ ബാഹ്യമാനത്തിൽ നിന്നു പോകുമ്പോൾ.....

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം!

ഇന്നത്തെ ആരാധനാക്രമത്തിലെ (യോഹന്നാൻ 6: 24-35) സുവിശേഷത്തിൻറെ പ്രാരംഭ ഭാഗം അവതരിപ്പിക്കുന്നത് ഏതാനും വള്ളങ്ങൾ കഫർണാമിലേക്ക് നീങ്ങുന്ന രംഗമാണ്: ജനക്കൂട്ടം യേശുവിനെ അന്വേഷിച്ചു പോകുന്നു. അത് വളരെ നല്ല കാര്യമാണെന്ന് നമുക്ക് തോന്നിയേക്കാം, എന്നാൽ,  ദൈവത്തെ അന്വേഷിച്ചാൽ മാത്രം പോരായെന്നും നമ്മൾ അവിടത്തെ അന്വേഷിക്കുന്നത് എന്തുകൊണ്ടാണ് എന്ന് നാം സ്വയം ചോദിക്കണമെന്നും സുവിശേഷം നമ്മെ പഠിപ്പിക്കുന്നു. വാസ്തവത്തിൽ, യേശു തറപ്പിച്ചു പറയുന്നു: " അടയാളങ്ങൾ കണ്ടതുകൊണ്ടല്ല, അപ്പം ഭക്ഷിച്ചു തൃപ്തരായതുകൊണ്ടാണ് നിങ്ങൾ എന്നെ അന്വേഷിക്കുന്നത് " (യോഹന്നാൻ 6:26). വാസ്തവത്തിൽ, യേശു അപ്പം വർദ്ധിപ്പിച്ച അത്ഭുതത്തിന് ജനങ്ങൾ സാക്ഷ്യം വഹിച്ചുവെങ്കിലും, ആ പ്രവൃത്തിയുടെ പൊരുൾ അവർ ഗ്രഹിച്ചില്ല: അവർ അത്ഭുതത്തിൻറെ ബാഹ്യമാനത്തിൽ ഒതുങ്ങി നിന്നു, ഭൗതികമായ അപ്പത്തിൽ അവർ നിന്നുപോയി: കൂടുതൽ മുന്നോട്ട് പോകാതെ, അതിൻറെ അർത്ഥത്തിലേക്ക് കടക്കാതെ അവർ അവിടെ നിശ്ചലരായി.

ദൈവാന്വേഷണം എന്തുകൊണ്ട്?

ആകയാൽ, നമുക്കെല്ലാവർക്കും നമ്മോടുതന്നെ ചോദിക്കാവുന്ന ആദ്യത്തെ ചോദ്യം ഇതാ: എന്തുകൊണ്ടാണ് നമ്മൾ കർത്താവിനെ അന്വേഷിക്കുന്നത്? ഞാൻ എന്തുകൊണ്ട് കർത്താവിനെ അന്വേഷിക്കുന്നു? എൻറെ വിശ്വാസത്തിൻറെ, നമ്മുടെ വിശ്വാസത്തിൻറെ കാരണങ്ങൾ എന്തൊക്കെയാണ്? നാം ഇത് തിരിച്ചറിയേണ്ടതുണ്ട്, കാരണം നമുക്ക് ജീവിതത്തിൽ ഉണ്ടാകുന്ന നിരവധി പ്രലോഭനങ്ങൾക്കിടയിൽ, വിഗ്രഹാരാധന പ്രലോഭനം എന്ന് വിളിക്കാവുന്ന ഒരു പ്രലോഭനം ഉണ്ട്. നമ്മുടെ സ്വന്തം ഉപയോഗത്തിനും ഉപഭോഗത്തിനും, പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുമായി ദൈവത്തെ തേടാനും,  നമ്മുടെ താല്പര്യങ്ങൾക്കനുസാരം നമുക്കു തനിച്ചു നേടാൻ കഴിയാത്തവ തന്നതിന് ദൈവത്തോടു നന്ദിയുള്ളവരായിരിക്കാനും നാം പ്രേരിതരാകുന്നു. എന്നാൽ ഇത്തരത്തിലുള്ള വിശ്വാസം ഉപരിപ്ലവമാണ്, അത്ഭുതാധിഷ്ഠിതമായി നില്ക്കുന്ന വിശ്വാസം എന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നു: നാം വിശപ്പടക്കാൻ ദൈവത്തെ തേടുന്നു, എന്നാൽ നാം തൃപ്തരാകുമ്പോൾ അവിടത്തെ വിസ്മരിക്കുന്നു. ഈ അപക്വമായ വിശ്വാസത്തിൻറെ കേന്ദ്രത്തിൽ ദൈവമില്ല, നമ്മുടെ ആവശ്യങ്ങളാണുള്ളത്. ഞാൻ നമ്മുടെ താൽപ്പര്യങ്ങളെക്കുറിച്ചും മറ്റു പല കാര്യങ്ങളെക്കുറിച്ചും ചിന്തിക്കുകയാണ് ... നമ്മുടെ ആവശ്യങ്ങൾ ദൈവത്തിൻറെ ഹൃദയത്തിനു മുന്നിൽ അവതരിപ്പിക്കുന്നത് യുക്തമാണ്, എന്നാൽ നമ്മുടെ പ്രതീക്ഷകൾക്കതീതമായ രീതിയിൽ പ്രവർത്തിക്കുന്ന കർത്താവ്, സർവ്വോപരി, നമ്മോടൊപ്പം സ്നേഹബന്ധത്തിൽ ജീവിക്കാൻ ആഗ്രഹിക്കുന്നു. യഥാർത്ഥ സ്നേഹം നിസ്സ്വാർത്ഥമാണ്, അത് സൗജന്യമാണ്: പകരം ഒരു ആനുകൂല്യം ലഭിക്കാൻ അല്ല സ്നേഹിക്കുന്നത്! അങ്ങനെയുള്ളത് സ്വാർത്ഥ താൽപ്പര്യമാണ്; ജീവിതത്തിൽ പലപ്പോഴും നമ്മൾ സ്വാർത്ഥതാൽപ്പര്യങ്ങൾ ഉള്ളവരാണ്.

നമ്മുടെ ആവശ്യങ്ങളെ ഉല്ലംഘിച്ചു നില്ക്കുന്ന വിശ്വാസം 

ജനക്കൂട്ടം യേശുവിനോട് ചോദിക്കുന്ന രണ്ടാമത്തെ ചോദ്യം നമുക്കു സഹായകരമാകും: "ദൈവഹിതാനുസാരം പ്രവർത്തിക്കുന്നവരാകാൻ എന്തു ചെയ്യണം?" (യോഹന്നാൻ 6:28). യേശുവിനാൽ പ്രകോപിതരായി ആളുകൾ പറയുന്നത് പോലെയാണ് ഇത്: “നമ്മുടെ ദൈവാന്വേഷണം നമുക്ക് എങ്ങനെ ശുദ്ധീകരിക്കാനാകും? സ്വന്തം ആവശ്യങ്ങളെക്കുറിച്ച് മാത്രം ചിന്തിക്കുന്ന ഒരു മാന്ത്രിക വിശ്വാസത്തിൽ നിന്ന് ദൈവത്തിന് പ്രീതികരമായ ഒരു വിശ്വാസത്തിലേക്ക് എങ്ങനെ കടക്കും?". യേശു വഴി കാണിച്ചുതരുന്നു: പിതാവ് അയച്ചവനെ, അതായത്, അവിടത്തെ തന്നെ, യേശുവിനെ, സ്വാഗതം ചെയ്യുകയാണ് ദൈവവേല എന്ന് അവിടന്ന് മറുപടി നൽകുന്നു. അത് മതപരമായ ആചാരങ്ങൾ കൂട്ടിച്ചേർക്കുകയോ പ്രത്യേക നിയമങ്ങൾ പാലിക്കുകയോ അല്ല; യേശുവിനെ സ്വീകരിക്കുക, അവനെ ജീവിതത്തിൽ സ്വാഗതം ചെയ്യുക, യേശുവിനോടൊത്ത് ഒരു പ്രണയകഥ ജീവിക്കുക. അവിടന്നായിരിക്കും നമ്മുടെ വിശ്വാസത്തെ ശുദ്ധീകരിക്കുക. നമുക്കു തനിച്ച് അത് സാധിക്കില്ല. എന്നാൽ കർത്താവ് നമ്മോട് സ്നേഹ ബന്ധം പുലർത്താൻ ആഗ്രഹിക്കുന്നു: നമ്മൾ സ്വീകരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവയ്ക്ക് മുമ്പേ സ്നേഹിക്കാൻ അവിടന്നുണ്ട്. അവിടന്നുമായുള്ള ബന്ധം താൽപ്പര്യത്തിൻറെയും കണക്കുകൂട്ടലിൻറെയും യുക്തിക്ക് അതീതമാണ്.

യേശുവിനെ അപ്പമായി സ്വീകരിക്കുക, സൗജന്യമായി സ്നേഹിക്കുക

ദൈവത്തെ സംബന്ധിച്ചിടത്തോളം ഇത് സത്യമാണ്, അതുപോലെതന്നെ, നമ്മുടെ മാനുഷികവും സാമൂഹികവുമായ ബന്ധങ്ങളിലും ഇത് വാസ്തവമാണ്: സർവ്വോപരി നമ്മുടെ ആവശ്യപൂരണം തേടുമ്പോൾ, നാം ആളുകളെ കരുക്കളാക്കുകയും നമ്മുടെ ലക്ഷ്യപ്രാപ്തിക്കായി സാഹചര്യങ്ങളെ ചൂഷണം ചെയ്യുകയും ചെയ്യുന്ന അപകട സാധ്യതയുണ്ട്. ആളുകൾ ഇങ്ങനെ പറയുന്നത് നമ്മൾ എത്ര തവണ കേട്ടിട്ടുണ്ട്: "അയാൾ ആളുകളെ ഉപയോഗിക്കുകയും തുടർന്ന് അവരെ വിസ്മരിക്കുകയും ചെയ്യുന്നു". സ്വന്തം ലാഭത്തിനായി ആളുകളെ ഉപയോഗിക്കുക: ഇത് വളരെ മോശമാണ്. വ്യക്തികളെയല്ല പകരം താൽപ്പര്യങ്ങളെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിക്കുന്ന ഒരു സമൂഹം ജീവിതം പ്രദാനം ചെയ്യില്ല. സുവിശേഷത്തിൻറെ ക്ഷണം ഇതാണ്: നമ്മുടെ പശിയടക്കുന്ന ഭൗതികമായ അപ്പത്തെക്കുറിച്ച് മാത്രം ആകുലരാകുന്നതിനു പകരം നമുക്ക് യേശുവിനെ ജീവൻറ അപ്പമായി സ്വീകരിക്കാം, അവനുമായുള്ള നമ്മുടെ സൗഹൃദത്തിൽ നിന്ന് ആരംഭിച്ച്, നമുക്ക് പരസ്പരം സ്നേഹിക്കാൻ പഠിക്കാം. സൗജന്യമായി, കണക്കുകൂട്ടലുകളില്ലാതെ. സൗജന്യവും കണക്കുകൂട്ടലുകൾ ഇല്ലാത്തതുമായ സ്നേഹം,  ആളുകളെ ചൂഷണം ചെയ്യാത്തതും സൗജന്യവും ഉദാരവും മാഹത്മ്യമേറിയതുമായ സ്നേഹം.

പരിശുദ്ധ അമ്മ

ദൈവവുമായുള്ള ഏറ്റവും മനോഹരമായ പ്രണയകഥ ജീവിച്ച പരിശുദ്ധകന്യകയോട്, അവളുടെ പുത്രനുമായുള്ള കൂടിക്കാഴ്ച്ചയ്ക്കായി നമ്മെത്തന്നെ തുറന്നിടാനുള്ള കൃപ നല്കുന്നതിനായി നമുക്കിപ്പോൾ പ്രാർത്ഥിക്കാം.

ഈ വാക്കുകളെ തുടർന്ന് പാപ്പാ കര്‍ത്താവിന്‍റെ മാലാഖ എന്നാരംഭിക്കുന്ന പ്രാർത്ഥന നയിക്കുകയും ആശീർവ്വാദം നല്കുകയും ചെയ്തു.

സമാപനാഭിവാദ്യങ്ങൾ

ആശീർവ്വാദനാന്തരം പാപ്പാ, റോമാ നഗരത്തിലെ വിശ്വാസികളെയും  വിവിധ രാജ്യങ്ങളിൽ നിന്നെത്തിയ തീർത്ഥാടകരെയും, പ്രത്യേകിച്ച് യുവതീയുവാക്കളെ അഭിവാദ്യം ചെയ്തു.

വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ ചത്വരത്തിൽ പെറുക്കാരായ വിശ്വാസികൾ ദേശീയ പതാക വീശി നില്ക്കുന്നതു കണ്ട പാപ്പാ അവർക്ക് പുതിയൊരു പ്രസിഡൻറിനെ ലഭിച്ചിരിക്കുന്നതിലുള്ള തൻറെ സന്തോഷം അറിയിക്കുകയും അന്നാടിനെ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്തു.  

ത്രികാലപ്രാര്‍ത്ഥനാപരിപാടിയുടെ അവസാനം പാപ്പാ എല്ലാവർക്കും നല്ലൊരു ഞായറും ശാന്തമായ ആഗസ്റ്റ് മാസവും നേർന്നു.ഉഷ്ണം കൂടുതലാണെങ്കിലും ഈ മാസം പ്രശാന്തമായിരിക്കട്ടെയെന്ന് പാപ്പാ ആശംസിച്ചു. തുടർന്ന്, തനിക്കുവേണ്ടി പ്രാർത്ഥിക്കാൻ മറക്കരുതെന്ന പതിവ് അഭ്യർത്ഥന നവീകരിച്ച പാപ്പാ എല്ലാവ‍ര്‍ക്കും നല്ലൊരു ഉച്ചവിരുന്നു നേരുകയും വീണ്ടും കാണാമെന്നു പറയുകയും ചെയ്തുകൊണ്ട് സുസ്മേരവദനനായി കൈകൾ വീശി ജാലകത്തിങ്കൽ നിന്നു പിൻവാങ്ങി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 August 2021, 11:20

ത്രികാലപ്രാര്‍ത്ഥന - ദിവസത്തിൽ മൂന്നു പ്രാവശ്യം ജപിക്കുന്ന സഭയുടെ ഔദ്യോഗിക പ്രാർത്ഥനയാണിത്. സനാതനമായ രക്ഷാകര രഹ്യമാണ് ഇതിന്‍റെ ഉള്ളടക്കം. രാവിലെ
6 മണിക്കും, മദ്ധ്യാഹ്നം 12 മണിക്കും, വൈകുന്നേരം 6 മണിക്കും ദേവാലയമണി മുഴങ്ങുമ്പോഴാണ് ഇത് ഉരുവിടുന്നത്.  

കര്‍ത്താവിന്‍റെ മാലാഖ... എന്നു തുടങ്ങുന്ന ത്രികാലജപം സാധാരണകാലങ്ങളില്‍ ചൊല്ലുമ്പോള്‍ പെസഹാക്കാലത്ത് സ്വര്‍ല്ലോക രാജ്ഞിയേ... എന്ന പ്രാര്‍ത്ഥനയുമാണ് ചൊല്ലുന്നത്. പ്രാര്‍ത്ഥനയുടെ ഇടയ്ക്ക് ചൊല്ലുന്ന നന്മനിറഞ്ഞ മറിയമേ, എന്ന ജപം ക്രിസ്തുവിന്‍റെ രക്ഷാകര ചരിത്രത്തില്‍ മറിയത്തിനുള്ള പങ്ക് വിളിച്ചോതുന്നു. ത്രിത്വസ്തുതിയോടെയാണ് ത്രികാലപ്രാര്‍ത്ഥന അവസാനിക്കുന്നത്.


പൊതുവെ എല്ലാ ഞായറാഴ്ചകളിലും സവിശേഷദിനങ്ങളിലും മദ്ധ്യാഹ്നത്തിലാണ് “ആഞ്ചെലൂസ്…” എന്ന ശീര്‍ഷകത്തില്‍ പാപ്പായുടെ സാന്നിദ്ധ്യത്തില്‍ ത്രികാലപ്രാ‍ര്‍ത്ഥന നടത്തപ്പെടുന്നത്. ഞായറാഴ്ചകളില്‍ മദ്ധ്യാഹ്നം കൃത്യം 12 മണിക്ക് വത്തിക്കാനിലെ അപ്പസ്തോലിക അരമനയുടെ മൂന്നാംനിലയുടെ രണ്ടാം ജാലകത്തില്‍ പ്രത്യക്ഷപ്പെട്ട്, താഴെ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ സമ്മേളിച്ചിരിക്കുന്ന തീര്‍ത്ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കുമൊപ്പം പാപ്പാ ത്രികാലപ്രാര്‍ത്ഥന ചൊല്ലുന്ന പതിവിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.

ഏറ്റവും ഒടുവിലത്തെ ത്രികാലപ്രാര്‍ത്ഥന

വായിച്ചു മനസ്സിലാക്കാന്‍ >