തിരയുക

നിസ്സാരതയിൽ വിരിയുന്ന ദൈവിക അത്ഭുതം- ത്രികാലജപ സന്ദേശം!

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

റോമിൽ താപമാപനിയിൽ സൂചിക 33 സെൽഷ്യസ് വരെ ഉയരുകയും ഇടയ്ക്കിടെ മൂടൽ അനുഭവപ്പെടുകയും ചെയ്ത ഈ ഞായറാഴ്ച (25/07/21) ഫ്രാൻസീസ് പാപ്പാ പതിവുപോലെ വത്തിക്കാനിൽ മദ്ധ്യാഹ്നപ്രാർത്ഥന നയിച്ചു. ഈ ത്രികാല പ്രാർത്ഥനയിൽ പങ്കുകൊള്ളുന്നതിന് വിവിധ രാജ്യക്കാരായിരുന്ന നിരവധി വിശ്വാസികൾ വിശുദ്ധ പത്രോസിൻറെ നാമത്തിലുള്ള ബസിലിക്കയുടെ അങ്കണത്തിൽ സന്നിഹിതരായിരുന്നു. അന്ന് ആചരിച്ച, മുത്തശ്ശീമുത്തച്ഛന്മാർക്കും വയോധികർക്കും വേണ്ടിയുള്ള പ്രഥമ ആഗോള ദിനത്തോടനുബന്ധിച്ച് വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ, നവസുവിശേഷവത്ക്കരണത്തിനായുള്ള പൊന്തിഫിക്കൽ സമിതിയുടെ അദ്ധ്യക്ഷൻ ആർച്ച്ബിഷപ്പ് റീനൊ ഫിസിക്കേല്ല അർപ്പിച്ച ദിവ്യബലിയിൽ പങ്കെടുത്ത മുത്തശ്ശീമുത്തശ്ശന്മാരുൾപ്പടെയുള്ളവരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. പാപ്പാ  റോമിലെ സമയം ഉച്ചയ്ക്ക് 12 മണിയ്ക്ക് ത്രികാല പ്രാർത്ഥന നയിക്കുന്നതിനായി ആ സമയത്തിന് അല്പം മുമ്പ്, അരമനയുടെ പതിവു ജാലകത്തിങ്കൽ പ്രത്യക്ഷനായപ്പോൾ ജനസഞ്ചയത്തിൻറെ ആനന്ദരവങ്ങൾ ഉയർന്നു.                        

പ്രാർത്ഥനയ്ക്കു മുമ്പ്, പാപ്പാ സാധാരണ ചെയ്യാറുള്ളതുപോലെ, ഒരു വിചിന്തനം നടത്തി. ഈ ഞായറാഴ്ച (25/07/21) ലത്തീൻ റീത്തിൻറെ ആരാധനാക്രമമനുസരിച്ച് ദിവ്യബലിമദ്ധ്യേ വായിക്കപ്പെട്ട വിശുദ്ധഗ്രന്ഥഭാഗങ്ങളിൽ, യോഹന്നാൻറെ സുവിശേഷം 6,1-15 വരെയുള്ള  വാക്യങ്ങൾ, അതായത്, തൻറെ അടുത്തേക്കു വന്ന അയ്യായിരത്തോളമുണ്ടായിരുന്ന ജനതതിക്ക്, മിച്ചം വരത്തക്കവിധം, അഞ്ചപ്പവും രണ്ടു മീനും അത്ഭുതകരമായി വർദ്ധിപ്പിച്ച് നല്കുന്ന സുവിശേഷ സംഭവം ആയിരുന്നു പാപ്പായുടെ പരിചിന്തനത്തിന് അവലംബം.

പാപ്പാ ഇറ്റാലിയൻ ഭാഷയിൽ നൽകിയ സന്ദേശം ഇപ്രകാരം പരിഭാഷപ്പെടുത്താം:

അപ്പവും മീനും വർദ്ധിപ്പിക്കുന്ന അത്ഭുതം എപ്രകാരം സഭവിക്കുന്നു? 

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം!

യേശുവിനെ ശ്രവിക്കാനെത്തിയ അയ്യായിരത്തോളം പേരുടെ വിശപ്പടക്കുന്നതിന് അവിടന്ന് അപ്പവും മീനും വർദ്ധിപ്പിച്ച വിഖ്യാതമായ സംഭbമാണ് ഈ ഞായറാഴ്ചത്തെ ദിവ്യബലിയിലെ സുവിശേഷം അവതരിപ്പിക്കുന്നത് (യോഹന്നാൻ 6,1-15). ഈ അത്ഭുതം എങ്ങനെ സംഭവിക്കുന്നു എന്നത് രസകരമാണ്: യേശു ഇല്ലായ്മയിൽ നിന്ന് അപ്പവും മീനും സൃഷ്ടിക്കുന്നില്ല, അങ്ങനെയല്ല ചെയ്യുന്നത്, മറിച്ച്, ശിഷ്യന്മാർ തൻറെ പക്കലേക്കു കൊണ്ടുവന്നവ ഉപയോഗിച്ചാണ് അവിടന്ന് അത്ഭുതം ചെയ്യുന്നത്. അവരിലൊരാൾ പറയുന്നു: "അഞ്ച് ബാർലി അപ്പവും രണ്ട് മീനും ഉള്ള ഒരു ആൺകുട്ടി ഇവിടെയുണ്ട്; എന്നാൽ ഇത്രയധികം ആളുകൾക്ക് അത് എന്തുണ്ട്? (വാക്യം 9). അത് കുറവാണ്, അത് ഒന്നുമല്ല, പക്ഷേ യേശുവിന് അത് മതി.

പങ്കുവയ്ക്കാനുള്ള ക്ഷണം നമുക്കും 

ഇനി ആ ബാലൻറെ സ്ഥാനത്ത് നമ്മളാണെന്നു ചിന്തിക്കാം. അവന് ഭക്ഷിക്കാനുള്ളവയെല്ലാം പങ്കുവെക്കാൻ ശിഷ്യന്മാർ അവനോട് ആവശ്യപ്പെടുന്നു. ഇത് വിവേകശൂന്യമായ ഒരു നിർദ്ദേശമാണെന്ന് തോന്നുന്നു, അതിലുപരി, അന്യായമാണ്. കാരണം ഒരു വ്യക്തി, പ്രത്യേകിച്ച്, ഒരു ബാലൻ, വീട്ടിൽ നിന്ന് കൊണ്ടുവന്നവ അവന് നിഷേധിക്കുകയാണ് അത്. അവ അവനുവേണ്ടി കൈവശം വയ്ക്കാനുള്ള അവകാശം അവനില്ലേ? എല്ലാവരേയും പോറ്റാൻ അപര്യാപ്തമായവ  ഒരുവനിൽ നിന്ന്  എടുത്തുമാറ്റുന്നത് എന്തിനാണ്? മാനുഷിക വീക്ഷണത്തിൽ ഇത് യുക്തിഹീനമാണ്. എന്നാൽ ദൈവത്തിന് അങ്ങനെയല്ല. മറിച്ച്  ആ ചെറിയ സൗജന്യ ദാനത്തിന് നന്ദി, അത് വീരോചിതമാണ്. അതുകൊണ്ട് യേശുവിന് എല്ലാവരെയും പോറ്റാൻ കഴിയും. നമുക്കെല്ലാവർക്കും ഇതൊരു വലിയ  പാഠമാണ്. നാം അവിടത്തെ മുന്നിൽ വയ്ക്കുന്ന  ആ അല്പ വസ്തു കൊണ്ട്  കർത്താവിന് ഒത്തിരിയെറെ കാര്യങ്ങൾ ചെയ്യാനാകും എന്ന് അത് നമ്മോടോതുന്നു. എല്ലാ ദിവസവും നമ്മോട് ഇങ്ങനെ സ്വയം ചോദിക്കുന്നത് നന്നായിരിക്കും: "ഞാൻ ഇന്ന് യേശുവിന് എന്താണ് നല്കുക?". നമ്മുടെ പ്രാർത്ഥനയിലൂടെ, മറ്റുള്ളവർക്കുവേണ്ടിയുള്ള നമ്മുടെ ഉപവിപ്രവർത്തിയിലൂടെ, എന്തിന് അവിടത്തെ കാരുണ്യത്തിന് നാം സമർപ്പിക്കുന്ന നമ്മുടെ ദുരിതത്താൽപ്പോലും ഏറെ ചെയ്യാൻ അവിടത്തേക്കു കഴിയും. യേശുവിനുള്ള നമ്മുടെ നിസ്സാര കാര്യങ്ങൾ കൊണ്ട് അവിടന്ന അത്ഭുതങ്ങൾ പ്രവർത്തിക്കുന്നു. അപ്രകാരം പ്രവർത്തിക്കാൻ ദൈവം ഇഷ്ടപ്പെടുന്നു: ചെറിയവയിൽ നിന്നും സൗജന്യമായവയിൽ നിന്നും അവിടന്ന് വലിയ കാര്യങ്ങൾ ചെയ്യുന്നു.

ചെറുമയും സൗജന്യ ദാനവും

ബൈബിളിലെ എല്ലാ മഹാ കഥാപാത്രങ്ങളും -  അബ്രഹാം മുതൽ മറിയം വരെയും ഇന്നത്തെ ആൺകുട്ടി വരെയും ഉള്ള എല്ലാവരും, ചെറുമയുടെയും ദാനം ചെയ്യലിൻറെയും ഈ യുക്തികാട്ടിത്തരുന്നു. ദാനത്തിൻറെ യുക്തി നമ്മുടേതിൽ നിന്ന് വളരെ വ്യത്യസ്തമാണ്. നമുക്കുള്ളത് ശേഖരിച്ചുവയ്ക്കാനും വർദ്ധിപ്പിക്കാനും നാം ശ്രമിക്കുന്നു; എന്നാൽ, യേശുവാകട്ടെ, ദാനം ചെയ്യാനും കുറച്ചുകൊണ്ടുവരാനും ആവശ്യപ്പെടുന്നു. കൂടുതലാക്കാനാണ് നാം ഇഷ്ടപ്പെടുന്നത്, സങ്കലനമാണ് നമുക്കിഷ്ടം; എന്നാൽ കിഴിക്കലാണ് യേശുവിന് പ്രിയം, മറ്റുള്ളവർക്ക് നൽകാനായി എന്തെങ്കിലും നീക്കി വയ്ക്കൽ. നമുക്കായി പെരുപ്പിക്കാൻ നമ്മൾ ആഗ്രഹിക്കുന്നു; നാം മറ്റുള്ളവർക്കായി പങ്കിടുമ്പോൾ, മറ്റുള്ളവരുമൊത്ത് പങ്കുവയ്ക്കുമ്പോൾ യേശു സംപ്രീതനാകുന്നു. സുവിശേഷങ്ങളിൽ അവതരിപ്പിച്ചിരിക്കുന്ന അപ്പം വർദ്ധിപ്പിക്കൽ സംഭവവിവരണങ്ങളിൽ ഒരിക്കലും “പെരുപ്പിക്കുക” എന്ന ക്രിയാപദം പ്രത്യക്ഷപ്പെടുന്നില്ല എന്നത് കൗതുകകരമാണ്. വാസ്തവത്തിൽ പെരുപ്പിക്കലിന് വിപരീതമായ “മുറിക്കുക”, “നൽകുക”, “വിതരണം ചെയ്യുക” (യോഹന്നാൻ 6,11; മത്തായി 14,19; മർക്കോസ് 6,41; ലൂക്കാ 9,16) എന്നീ ക്രിയകളാണ് ഉപയോഗിച്ചിരിക്കുന്നത്. എന്നാൽ "പെരുക്കുക" എന്ന ക്രിയ ഉപയോഗിക്കുന്നില്ല. അഹങ്കാരത്തിനും അധികാരത്തിനും നിമിത്തമാകുന്ന പെരുപ്പിക്കലല്ല, പ്രത്യുത, സ്നേഹത്തെ സംവർദ്ധകമാക്കുകയും  അത്ഭുതങ്ങൾ പ്രവർത്തിക്കാൻ ദൈവത്തെ അനുവദിക്കുകയും ചെയ്യുന്ന മുറിക്കലും പങ്കുവയ്ക്കലും ആണ് യഥാർത്ഥ അത്ഭുതം എന്നും യേശു പറയുകയാണ്. പങ്കുവയക്കാൻ നമുക്ക് കൂടുതൽ ശ്രമിക്കാം, യേശു നമ്മെ പഠിപ്പിക്കുന്ന ഈ പാത നമുക്കു പരീക്ഷിച്ചു നോക്കാം.

പ്രശ്നപരിഹൃതിക്ക് പങ്കുവയ്ക്കൽ അനിവാര്യം 

ഇന്നും, വസ്തുവകകൾ  അനേകമടങ്ങാക്കൽ ന്യായമായ പങ്കിടലിൻറെ അഭാവത്തിൽ പ്രശ്നങ്ങൾ പരിഹരിക്കുന്നില്ല. കുട്ടികളെ പ്രത്യേകമായി  ബാധിക്കുന്നു പട്ടിണി ദുരന്തത്തെക്കുറിച്ച് ഓർമ്മ വരുന്നു. ലോകത്തിൽ അനുദിനം, അഞ്ച് വയസ്സിന് താഴെയുള്ള ഏഴായിരത്തോളം കുട്ടികൾ പോഷകാഹാരക്കുറവുമായി ബന്ധപ്പെട്ട കാരണങ്ങളാൽ മരിക്കുന്നുവെന്ന് ഔദ്യോഗിക കണക്കുകൾ കാണിക്കുന്നു - കാരണം അവർക്ക് ജീവസന്ധാരണത്തിന് ആവശ്യമായവയില്ല. ഇതുപോലുള്ള ഉതപ്പുകൾക്കു മുന്നിൽ, യേശു നമുക്ക്, നാമരഹിതനും നമ്മെയല്ലാം പ്രതിനിധാനം ചെയ്യുന്നവനുമായ, ആ ബാലന്, ഒരു പക്ഷേ, ലഭിച്ചതു പോലുള്ള ഒരു ക്ഷണമേകുന്നു : "ധൈര്യമുള്ളവനായിരിക്കുക, നിൻറെ കൈവശം കുറച്ചു  മാത്രമുള്ള നിൻറെ കഴിവുകളും സാധനങ്ങളും ദാനം ചെയ്യുക, യേശുവിൻറെയും സഹോദരന്മാരുടെയും ആവശ്യത്തിനായി വച്ചുകൊടുക്കുക. ഭയപ്പെടേണ്ട, ഒന്നും നഷ്ടപ്പെടുകയില്ല, കാരണം, നീ പങ്കുവയ്ക്കുമ്പോൾ ദൈവം വർദ്ധിപ്പിക്കുന്നു. അപര്യാപ്തനാണെന്നുള്ള തെറ്റായ വിനയം ദൂരെയെറിയുക, ആത്മവിശ്വാസം പുലർത്തുക.  സ്നേഹത്തിൽ വിശ്വസിക്കുക, സേവനത്തിൻറെ കരുത്തിൽ വിശ്വസിക്കുക, സൗജന്യദാനത്തിൻറെ ശക്തിയിൽ വിശ്വസിക്കുക ".

പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥ്യം

കേട്ടുകേൾവി പോലുമില്ലാത്ത ദൈവിക നീർദ്ദേശത്തിന് "ഉവ്വ്" എന്ന് ഉത്തരം നൽകിയ കന്യാമറിയം, കർത്താവിൻറ ക്ഷണങ്ങൾക്കും മറ്റുള്ളവരുടെ ആവശ്യങ്ങൾക്കും ഹൃദയം തുറന്നിടാൻ നമ്മെ സഹായിക്കട്ടെ.

ഈ വാക്കുകളെ തുടർന്ന് പാപ്പാ കര്‍ത്താവിന്‍റെ മാലാഖ എന്നാരംഭിക്കുന്ന പ്രാർത്ഥന നയിക്കുകയും ആശീർവ്വാദം നല്കുകയും ചെയ്തു.

ആശീർവ്വാദാനന്തര അഭിവാദ്യങ്ങൾ-മുത്തശ്ശീമുത്തച്ഛന്മാർക്കും വയോധികർക്കും വേണ്ടിയുള്ള പ്രഥമ ആഗോള ദിനം

ആശീർവ്വാദനാന്തരം പാപ്പാ,  മുത്തശ്ശീമുത്തച്ഛന്മാർക്കും വയോധികർക്കും വേണ്ടിയുള്ള പ്രഥമ ആഗോള ദിനം ഈ ഞായറാഴ്ച (25/07/21) ആചരിച്ചതിനോടനുബന്ധിച്ച് അർപ്പിക്കപ്പെട്ട ദിവ്യബലിയെക്കുറിച്ച് അനുസ്മരിക്കുകയും സഭയുടെ എറ്റം മനോഹരമായ മുഖച്ഛായകളിലൊന്ന് ഒത്തൊരുമിച്ച് ആവിഷ്ക്കരിക്കുകയും തലമുറകൾ തമ്മിലുള്ള ഉടമ്പടി കാട്ടിത്തരുകയും ചെയ്ത എല്ലാ മുത്തശ്ശീമുത്തച്ഛന്മാരെയും അവരുടെ പേരക്കുട്ടികളെയും യുവതീയുവാക്കളെയും പ്രായാധിക്യത്തിലെത്തിയവരെയും കരഘോഷത്തോടെ അഭിവാദ്യം ചെയ്യാൻ എല്ലാവരെയും ക്ഷണിക്കുകയും ചെയ്തു.

എല്ലാ സമൂഹങ്ങളിലും ഈ ദിനം ആഘോഷിക്കാനും മുത്തശ്ശിമാരെയും പ്രായമായവരെയും, വിശിഷ്യ, ഏറ്റവും കൂടുതൽ ഏകാന്തത അനുഭവിക്കുന്നവരെ, സന്ദർശിക്കാനുമുള്ള തൻറെ ക്ഷണം ആവർത്തിച്ച പാപ്പാ “ഞാൻ എന്നും നിങ്ങളോടുകൂടെ ഉണ്ടായിരിക്കും” എന്ന യേശുവിൻറെ വാഗ്ദാനം പ്രചോദനമായുള്ള തൻറെ സന്ദേശം അവർക്ക് കൈമാറണമെന്ന് ഓർമ്മിപ്പിച്ചു.

ഈ ജീവിതദശയുടെ വിളിക്കുത്തരമേകാനും ഈ വലിച്ചെറിയൽ സംസ്ക്കാരത്തിൽ പ്രത്യേകിച്ച്, മുത്തശ്ശിമാരുടെയും പ്രായമേറിയവരുടെയും സാന്നിദ്ധ്യത്തിൻറെ മൂല്യം സമൂഹത്തെ കാണിക്കാനും, പ്രായത്തിൽ മുന്നിട്ടു നില്ക്കുന്നവരായ തങ്ങളെ സഹായിക്കണമെന്ന് പാപ്പാ കർത്താവിനോട് പ്രാർത്ഥിച്ചു.

മുത്തശ്ശീമുത്തശ്ശന്മാർക്ക് ചെറുപ്പക്കാരെയും ചെറുപ്പക്കാർക്ക് മുത്തശ്ശീമുത്തച്ഛന്മാരെയും ആവശ്യമാണ്: അവർ സംഭാഷണത്തിലേർപ്പെടണം കണ്ടുമുട്ടണം! വളർന്നുവരുന്ന വൃക്ഷത്തിന് കരുത്ത് പകരുന്ന ചരിത്രത്തിൻറെ ജീവരസം മുത്തശ്ശീമുത്തച്ഛന്മാർക്ക് ഉണ്ട്. എനിക്കോർമ്മ വരുന്നു, - ഇത് ഞാൻ ഒരിക്കൽ ഉദ്ധരിച്ചതായി തോന്നുന്നു - ഒരു കവിയുടെ ഏതാനും വാക്കുകൾ: "ഒരു വൃക്ഷത്തിൽ പൂത്തുനിൽക്കുന്നതെല്ലാം കുഴിച്ചിട്ടതിൽ നിന്നാണ് വരുന്നത്". ചെറുപ്പക്കാരും മുത്തശ്ശീമുത്തച്ഛന്മാരും തമ്മിലുള്ള സംഭാഷണത്തിൻറെ അഭാവത്തിൽ ചരിത്രം മുന്നോട്ട് പോകില്ല, ജീവിതം മുന്നേറില്ല: ഇത് പുനരാരംഭിക്കേണ്ട ആവശ്യമുണ്ട്, ഇത് നമ്മുടെ സംസ്കാരത്തിന് ഒരു വെല്ലുവിളിയാണ്. ചെറുപ്പക്കാരെ നോക്കി സ്വപ്നം കാണാൻ മുത്തശ്ശീമുത്തച്ഛന്മാർക്ക് അവകാശമുണ്ട്, ഒപ്പം മുത്തശ്ശീമുത്തച്ഛന്മാരിൽ നിന്ന് ജീവരസം എടുക്കുന്നതിലൂടെ പ്രവചന ധീരതയ്ക്ക് യുവജനത്തിന് അവകാശമുണ്ട്. ദയവായി നിങ്ങൾ ഇത് ചെയ്യുക: മുത്തശ്ശിമാരെ സന്ദർശിക്കുക, സംഭാഷണത്തിലേർപ്പെടുക, കുശലാന്വേഷണങ്ങൾ നടത്തുക. അത് എല്ലാവർക്കും സന്തോഷകരമായിരിക്കും, പാപ്പാ പറഞ്ഞു.

ചൈനയിൽ പ്രളയ ദുരന്തം - പാപ്പായുടെ പ്രാർത്ഥന

ഈ വാക്കുകളെ തുടർന്ന് പാപ്പാ, ഇക്കഴിഞ്ഞ ദിനങ്ങളിൽ ചൈനയിലെ ഷെങ്ഷൂ നഗരത്തിലും ഹെനാൻ പ്രവിശ്യയിലും പേമാരിമൂലമുണ്ടായ ജലപ്രളയ ദുരന്തത്തെക്കുറിച്ചു അനുസ്മരിച്ചു

ഈ ദുരന്തത്തിനിരകളായവർക്കും അവരുടെ കുടുംബങ്ങൾക്കും വേണ്ടി പ്രാർത്ഥന ഉറപ്പു നല്കിയ പാപ്പാ ഈ പ്രകൃതി വിപത്തു മൂലം യാതനകളനുഭവിക്കുന്ന എല്ലാവരോടുമുള്ള തൻറെ സാമിപ്യവും ഐക്യദാർഢ്യവും പ്രകടിപ്പിക്കുകയും ചെയ്തു.

ടോക്കിയൊ ഒളിമ്പിക് മേള

മുപ്പത്തിരണ്ടാം ഒളിമ്പിക്സ് മാമാങ്കം വെള്ളിയാഴ്ച (23/07/21) ജപ്പാനിലെ ടോക്കിയോയിൽ ആരംഭിച്ചത് പാപ്പാ അനുസ്മരിച്ചു.

പകർച്ചവ്യാധിയുടെ ഈ സമയത്ത്, ഈ കായികമത്സരങ്ങൾ പ്രതീക്ഷയുടെയും, ആരോഗ്യകരമായ മത്സരത്തിൻറെ കൊടിക്കീഴിൽ, സാർവത്രിക സാഹോദര്യത്തിൻറെയും അടയാളമായി ഭവിക്കട്ടെ എന്ന് പാപ്പാ ആശംസിച്ചു.

സമാപനാഭിവാദ്യം

ത്രികാലപ്രാര്‍ത്ഥനാപരിപാടിയുടെ അവസാനം പാപ്പാ ചത്വരത്തിൽ സന്നിഹിതരായിരുന്ന തീർത്ഥാടകരെയും മുത്തശ്ശീമുത്തച്ഛന്മാരെയും വിവധ വിഭാഗങ്ങളെയും പ്രത്യേകം അഭിവാദ്യം ചെയ്യുകയും എല്ലാവർക്കും നല്ലൊരു ഞായർ ആശംസിക്കുകയും തനിക്കുവേണ്ടി പ്രാർത്ഥിക്കാൻ മറക്കരുതെന്ന പതിവ് അഭ്യർത്ഥന നവീകരിക്കുകയും ചെയ്തു. തു‌ട‍ര്‍ന്ന് പാപ്പാ എല്ലാവ‍ര്‍ക്കും നല്ലൊരു ഉച്ചവിരുന്നു നേരുകയും വീണ്ടും കാണാമെന്നു പറയുകയും ചെയ്തുകൊണ്ട് ജാലകത്തിങ്കൽ നിന്നു പിൻവാങ്ങി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 July 2021, 12:31

ത്രികാലപ്രാര്‍ത്ഥന - ദിവസത്തിൽ മൂന്നു പ്രാവശ്യം ജപിക്കുന്ന സഭയുടെ ഔദ്യോഗിക പ്രാർത്ഥനയാണിത്. സനാതനമായ രക്ഷാകര രഹ്യമാണ് ഇതിന്‍റെ ഉള്ളടക്കം. രാവിലെ
6 മണിക്കും, മദ്ധ്യാഹ്നം 12 മണിക്കും, വൈകുന്നേരം 6 മണിക്കും ദേവാലയമണി മുഴങ്ങുമ്പോഴാണ് ഇത് ഉരുവിടുന്നത്.  

കര്‍ത്താവിന്‍റെ മാലാഖ... എന്നു തുടങ്ങുന്ന ത്രികാലജപം സാധാരണകാലങ്ങളില്‍ ചൊല്ലുമ്പോള്‍ പെസഹാക്കാലത്ത് സ്വര്‍ല്ലോക രാജ്ഞിയേ... എന്ന പ്രാര്‍ത്ഥനയുമാണ് ചൊല്ലുന്നത്. പ്രാര്‍ത്ഥനയുടെ ഇടയ്ക്ക് ചൊല്ലുന്ന നന്മനിറഞ്ഞ മറിയമേ, എന്ന ജപം ക്രിസ്തുവിന്‍റെ രക്ഷാകര ചരിത്രത്തില്‍ മറിയത്തിനുള്ള പങ്ക് വിളിച്ചോതുന്നു. ത്രിത്വസ്തുതിയോടെയാണ് ത്രികാലപ്രാര്‍ത്ഥന അവസാനിക്കുന്നത്.


പൊതുവെ എല്ലാ ഞായറാഴ്ചകളിലും സവിശേഷദിനങ്ങളിലും മദ്ധ്യാഹ്നത്തിലാണ് “ആഞ്ചെലൂസ്…” എന്ന ശീര്‍ഷകത്തില്‍ പാപ്പായുടെ സാന്നിദ്ധ്യത്തില്‍ ത്രികാലപ്രാ‍ര്‍ത്ഥന നടത്തപ്പെടുന്നത്. ഞായറാഴ്ചകളില്‍ മദ്ധ്യാഹ്നം കൃത്യം 12 മണിക്ക് വത്തിക്കാനിലെ അപ്പസ്തോലിക അരമനയുടെ മൂന്നാംനിലയുടെ രണ്ടാം ജാലകത്തില്‍ പ്രത്യക്ഷപ്പെട്ട്, താഴെ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ സമ്മേളിച്ചിരിക്കുന്ന തീര്‍ത്ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കുമൊപ്പം പാപ്പാ ത്രികാലപ്രാര്‍ത്ഥന ചൊല്ലുന്ന പതിവിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.

ഏറ്റവും ഒടുവിലത്തെ ത്രികാലപ്രാര്‍ത്ഥന

വായിച്ചു മനസ്സിലാക്കാന്‍ >