തിരയുക

Vatican News
ഫ്രാൻസീസ് പാപ്പാ വത്തിക്കാനിൽ മദ്ധ്യാഹ്ന പ്രാർത്ഥനയ്ക്ക് ഒരുക്കമായി സന്ദേശം നല്കുന്നു, ഞായർ 18/04/2021 ഫ്രാൻസീസ് പാപ്പാ വത്തിക്കാനിൽ മദ്ധ്യാഹ്ന പ്രാർത്ഥനയ്ക്ക് ഒരുക്കമായി സന്ദേശം നല്കുന്നു, ഞായർ 18/04/2021 

നോക്കുക, സ്പർശിക്കുക, ഭക്ഷിക്കുക!

നമ്മുടെ വൈക്തികവും സാമൂഹ്യവുമായ ജീവിതത്തെ പ്രതിഫലിപ്പിക്കുന്ന സമൂർത്തങ്ങളായ ഈ മൂന്നു ക്രിയാപദങ്ങൾ ജീവിക്കുന്ന യേശുവുമായുള്ള ഒരു യഥാർത്ഥ കണ്ടുമുട്ടലിൻറെ ആനന്ദം പ്രദാനം ചെയ്യാൻ പ്രാപ്തങ്ങളാണ്, ഫ്രാൻസീസ് പാപ്പായുടെ മദ്ധ്യാഹ്ന പ്രാർത്ഥനാ വിചിന്തനം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഈ ഞായറാഴ്ച (18/04/21) ഫ്രാൻസീസ് പാപ്പാ പേപ്പൽ അരമനയിലെ പതിവു ജാലകത്തിങ്കൽ നിന്നാണ്  മദ്ധ്യാഹ്നപ്രാർത്ഥന നയിച്ചത്. വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിൽ വിശ്വാസികൾ ത്രികാലപ്രാർത്ഥനയ്ക്കായി ഒന്നു ചേരുന്നത്, കോവിദ് 19 രോഗ സംക്രമണം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി,  ഒഴിവാക്കി സമ്പർക്കമാദ്ധ്യമങ്ങളിലൂടെയായിരുന്നു പാപ്പാ കുറച്ചു നാളുകളായി ത്രികാലപ്രാർത്ഥനാസന്ദേശമേകുകയും പ്രാർത്ഥന ചെല്ലുകയും ചെയ്തിരുന്നന്നത്. പതിവുപോലെ റോമിലെ സമയം ഉച്ചയ്ക്ക് 12 മണിയ്ക്കുള്ള  പ്രാർത്ഥനയ്ക്കു മുമ്പ്, സാധാരണ ചെയ്യാറുള്ളതുപോലെ, ഫ്രാൻസീസ് പാപ്പാ ഒരു വിചിന്തനം നടത്തി.   ഈ ഞായറാഴ്ച (18/04/21) ലത്തീൻ റീത്തിൻറെ ആരാധനാക്രമമനുസരിച്ച് ദിവ്യബലിമദ്ധ്യേ വായിക്കപ്പെട്ട വിശുദ്ധഗ്രന്ഥഭാഗങ്ങളിൽ, ലൂക്കായുടെ സുവിശേഷം 24,35-48 വരെയുള്ള വാക്യങ്ങൾ, അതായത്, തങ്ങൾക്ക് ഉത്ഥിതൻ പ്രത്യക്ഷപ്പെട്ടതും അപ്പം വാഴ്ത്തി നല്കിയപ്പോൾ തങ്ങൾ അവിടത്തെ തിരിച്ചറിഞ്ഞതുമായ സംഭവങ്ങൾ എമ്മാവൂസിലേക്കു പോയ ശിഷ്യന്മാർ ജറുസലേമിലേക്ക് തിരിച്ചുവന്ന് ഇതര ശിഷ്യന്മാരോട് വിവരിച്ചുകൊണ്ടിരിക്കവെ ഉത്ഥിതൻ അവർക്കു പ്രത്യക്ഷനാകുന്ന സംഭവം, ആയിരുന്നു പാപ്പായുടെ പരിചിന്തനത്തിന് അവലംബം. 

ഇറ്റാലിയൻ ഭാഷയിലായിൽ പാപ്പാ നടത്തിയ പ്രഭാഷണം ഇപ്രകാരം പരിഭാഷപ്പെടുത്താം :

ശിഷ്യന്മാർക്ക് തൻറെ മുറിവുകൾ കാണിച്ചുകൊടുക്കുന്ന ഉത്ഥിതൻ

പ്രിയ സഹോദരീസഹോദരന്മാരേ ശുഭദിനം!

എമ്മാവൂസിലേക്കുള്ള വഴിയിലുടനീളം യേശുവിൻറെ വാക്കുകൾ വികാരാധീനരായി ശ്രവിക്കുകയും അവിടന്ന് “അപ്പം മുറിക്കവെ” (ലൂക്കാ 24,35)  അവിടത്തെ തിരിച്ചറിയുകയും ചെയ്ത രണ്ടുശിഷ്യന്മാരാൽ നയിക്കപ്പെട്ട്, നാം ഉയിർപ്പുകാലത്തിലെ മൂന്നാമത്തെതായ ഈ ഞായറാഴ്ച, ജറുസലേമിലെ മുകളിലത്തെ മുറിയിലേക്കു  തിരിച്ചു പോകുകയാണ്. ഉത്ഥിതനായ ക്രിസ്തു, ഇപ്പോൾ, മുകളിലത്തെ മുറിയിൽ സമ്മേളിച്ചിരിക്കുന്ന ശിഷ്യന്മാർക്കിടയിൽ പ്രത്യക്ഷപ്പെടുകയും അവരെ അഭിവാദ്യം ചെയ്യുകയും ചെയ്യുന്നു: "നിങ്ങൾക്ക് സമാധാനം!" (ലൂക്കാ 24,36). എന്നാൽ അവർ ഭയപ്പെടുകയും "ഭൂതത്തെയാണ് കാണുന്നത്" എന്ന് കരുതുകയും ചെയ്യുന്നു എന്ന് സുവിശേഷം പറയുന്നു (ലൂക്കാ 24,37) അപ്പോൾ യേശു തൻറെ ശരീരത്തിലെ മുറിവുകൾ കാണിച്ചുകൊണ്ട് പറയുന്നു: “നിങ്ങൾ എൻറെ   കൈകളും കാലുകളും – മുറിവുകൾ- കാണുക: ഇത് ഞാൻതന്നെയാണ്! എന്നെ തൊടുക” (ലൂക്കാ 24,39). അവരെ ബോധ്യപ്പെടുത്താൻ, അവിടന്ന് ഭക്ഷണം ചോദിക്കുകയും അമ്പരപ്പോടെ നോക്കിനില്ക്കുകയായിരുന്ന അവരുടെ മുന്നിൽ വച്ച് അത് ഭക്ഷിക്കുകയും ചെയ്യുന്നു (ലൂക്കാ 24:41-42).

സന്തോഷാധിക്യത്താൽ വിശ്വസിക്കാനാവാത്ത അവസ്ഥ

ഇവിടെ, ഈ വിവരണത്തിൽ ഒരു വിശദീകരണമുണ്ട്. സുവിശേഷം പറയുന്നു, അപ്പസ്തോലന്മാർ “സന്തോഷാധിക്യത്താൽ ഇപ്പോഴും വിശ്വസിച്ചില്ല” എന്ന്. അത് സത്യമാണെന്ന് വിശ്വസിക്കാൻ കഴിയാത്തവിധം ഉള്ളതായിരുന്നു അവരുടെ ആനന്ദം. രണ്ടാമത്തെതായൊരു സവിശേഷതയുമുണ്ട്: അവർ അന്ധാളിച്ചുപോയി, വിസ്മയഭരിതരായി; അവർ ആശ്ചര്യപ്പെട്ടു, കാരണം ദൈവവുമായുള്ള കണ്ടുമുട്ടൽ നിന്നെ എപ്പോഴും വിസ്മയിപ്പിക്കുന്നു: അത് ഉത്സാഹത്തിന് അതീതമാണ്, സന്തോഷത്തിന് അതീതമാണ്, ഇത് മറ്റൊരു തരം അനുഭവമാണ്. അവർ സന്തോഷചിത്തരായിരുന്നു, പക്ഷേ അത് അവരെ ചിന്തിപ്പിക്കുന്ന ഒരു സന്തോഷം ആയിരുന്നു: ഇല്ല, ഇത് യഥാർത്ഥമായിരിക്കാൻ വഴിയില്ല!..... ഇതാണ് ദൈവസാന്നിധ്യമുളവാക്കുന്ന വിസ്മയം. ഏറെ മനോഹരമായ ഈ മാനസികാവസ്ഥ മറക്കരുത്.

ത്രിവിധ ക്രിയാപദങ്ങൾ

ഒരർത്ഥത്തിൽ, നമ്മുടെ വൈക്തികവും സാമൂഹ്യവുമായ ജീവിതത്തെ പ്രതിഫലിപ്പിക്കുന്ന സമൂർത്തങ്ങളായ മൂന്നു ക്രിയാപദങ്ങൾ സവിശേഷതയായുള്ളതാണ് ഈ സുവിശേഷ ഭാഗം: നോക്കുക, സ്പർശിക്കുക, ഭക്ഷിക്കുക. ജീവിക്കുന്ന യേശുവുമായുള്ള ഒരു യഥാർത്ഥ കണ്ടുമുട്ടലിൻറെ ആനന്ദം പ്രദാനം ചെയ്യാൻ കഴിയുന്ന മൂന്ന് ക്രിയകൾ.

നോക്കുക

നോക്കുക. "എൻറെ കൈകളും കാലുകളും നോക്കൂ"- യേശു പറയുന്നു. നോക്കുകയെന്നത് വെറുതെ കാണുക മാത്രമല്ല, അതിലുപരിയായ ഒന്നാണ്, അതിൽ ഉദ്ദേശ്യവും ഇച്ഛയും ഉൾപ്പെടുന്നു. അതുകൊണ്ടുതന്നെ ഇത് സ്നേഹത്തിൻറെ ക്രിയകളിൽ ഒന്നാണ്. മാതാപിതാക്കൾ സ്വന്തം കുഞ്ഞിനെ നോക്കുന്നു, പ്രണയിതാക്കൾ പരസ്പരം നോക്കുന്നു; നല്ല ഭിഷഗ്വരൻ രോഗിയെ ശ്രദ്ധാപൂർവ്വം നോക്കുന്നു ... നോക്കുകയെന്നത് നിസ്സംഗതയ്‌ക്കെതിരായ, മറ്റുള്ളവരുടെ ബുദ്ധിമുട്ടുകൾക്കും കഷ്ടപ്പാടുകൾക്കും മുന്നിൽ മുഖം തിരിക്കാനുള്ള പ്രലോഭനത്തിനെതിരായ, ആദ്യ ചുവടുവയ്പ്പാണ്. നോക്കുക. ഞാൻ യേശുവിനെ കാണുകയാണോ അതോ നോക്കുകയാണോ?

സ്പർശിക്കുക

സ്പർശിക്കുക എന്നതാണ് രണ്ടാമത്തെ ക്രിയ. താൻ ഭൂതമല്ലെന്ന് മനസ്സിലാക്കുന്നതിന് തന്നെ തൊടാൻ അവിടന്ന് ശിഷ്യന്മാരെ ക്ഷണിക്കുന്നു, - എന്നെ തൊടുക!. യേശു അവരോടും നമ്മോടും സൂചിപ്പിക്കുന്നത് അവിടുന്നുമായും നമ്മുടെ സഹോദരങ്ങളുമായും ഉള്ള ബന്ധം "അകലത്തിൽ" തുടരാൻ കഴിയില്ല, അകന്നു നില്ക്കുന്നതായ ഒരു ക്രൈസ്തവികത ഇല്ല നോട്ടത്തിൻറെ തലത്തിൽ മാത്രം ഒതുങ്ങി നില്ക്കുന്ന ക്രിസ്തുമതം ഇല്ല എന്നാണ്. സ്നേഹം നോക്കലും ഒപ്പം സാമീപ്യവും ആവശ്യപ്പെടുന്നു, അത് സമ്പർക്കവും ജീവിതം പങ്കുവയ്ക്കലും ആവശ്യപ്പെടുന്നു. മരണാസന്നനായി വഴിയിൽ കിടന്നിരുന്ന മനുഷ്യനെ നോക്കുന്നതിൽ ഒതുങ്ങി നിന്നില്ല നല്ല സമറിയാക്കാരൻ: അയാൾ അവിടെ നിന്ന്, കുനിഞ്ഞ്, മുറിവുകളിൽ മരുന്നുപുരട്ടി, ആ വ്യക്തിയെ സ്പർശിച്ചു, കുതിരപ്പുറത്തേറ്റി സത്രത്തിൽ എത്തിച്ചു. യേശുവിനോടും അപ്രകാരം തന്നെയാണ് വർത്തിക്കേണ്ടത്: അവിടത്തെ സ്നേഹിക്കുകയെന്നാൽ ജീവിത കൂട്ടായ്മയിലാകുക, കൂട്ടായ്മയിൽ പ്രവേശിക്കുകയാണ്.

ഭുജിക്കുക

നാം മൂന്നാമത്തെ ക്രിയാപദത്തിലേക്കു കടക്കുകയാണ്. ഭക്ഷിക്കുക എന്ന പ്രവർത്തി നമ്മുടെ മാനവികതയെ അതിൻറെ ഏറ്റവും സ്വാഭാവിക ആവശ്യകതയിൽ, അതായത് ജീവൻ നിലനിർത്തുന്നതിന് ഭക്ഷിക്കണം എന്ന ആവശ്യകതയിൽ, ആവിഷ്ക്കരിക്കുന്നു. എന്നാൽ ഭക്ഷണം കഴിക്കുന്നത്, കുടുംബത്തോടോ സുഹൃത്തുക്കളോടോ ഒരുമിച്ച് ചെയ്യുമ്പോൾ അത് സ്നേഹത്തിൻറെയും പ്രകാശനമായി ഭവിക്കുന്നു, കൂട്ടായ്മയുടെ, ആഘോഷത്തിൻറെ ആവിഷ്ക്കാരമായി മാറുന്നു ...യേശു വിരുന്നിൻറെ ഈ മാനം  അനുഭവിക്കുന്നത് എത്ര തവണ സുവിശേഷങ്ങൾ നമുക്ക് കാണിച്ചു തരുന്നു! ഉത്ഥാനാനന്തരവും  ശിഷ്യന്മാരോടൊപ്പം. അങ്ങനെ, ദിവ്യകാരുണ്യ വിരുന്ന് ക്രൈസ്തവസമൂഹത്തിൻറെ പ്രതീകാത്മക ചിഹ്നമായി മാറിയിരിക്കുന്നു. ക്രിസ്തുവിൻറെ ശരീരം ഒരുമിച്ച്  ഭക്ഷിക്കുക: ഇതാണ് ക്രിസ്തീയ ജീവിതത്തിൻറെ കേന്ദ്രം.

യേ.ശു ജീവിക്കുന്നു

സഹോദരീ സഹോദരന്മാരേ, യേശു ഒരു "ഭൂതം" അല്ല, ജീവനുള്ള വ്യക്തിയാണ് എന്ന് ഈ സുവിശേഷ ഭാഗം പറയുന്നു. യേശു നമ്മുടെ ചാരത്തണയുമ്പോൾ,  അവിടന്നു നമ്മെ, സന്തോഷത്താൽ നിറയ്ക്കുന്നു, ദൈവിക സാന്നിധ്യത്തിനു മാത്രം പ്രദാനം ചെയ്യാൻ കഴിയുന്ന  വിസ്മയത്താൽ, വിശ്വസിക്കാനാവാത്തവിധം, നമ്മെ വിസ്മയത്തിലാഴ്ത്തുന്നു. എന്തെന്നാൽ യേശു ജീവിക്കുന്ന വ്യക്തിയാണ്. ക്രൈസ്തവരായിരിക്കുകയെന്നത്, സർവ്വോപരി, ഒരു സിദ്ധാന്തമോ ഒരു ധാർമ്മികാശയമോ അല്ല, അത് അവിടന്നുമായുള്ള, ഉത്ഥിതനായ കർത്താവുമായുള്ള ജീവസുറ്റ ബന്ധമാണ്:നാം അവനെ നോക്കുകയും, സ്പർശിക്കുകയും, അവിടുന്നിനാൽ പോഷിതരാകുകയും അവിടത്തെ സ്നേഹത്താൽ രൂപാന്തരപ്പെട്ട്  നമ്മൾ മറ്റുള്ളവരെ സഹോദരീസഹോദരങ്ങളായി കണ്ടുകൊണ്ട് അവരെ നോക്കുകയും തൊടുകയും ഭക്ഷണം നല്കുകയും ചെയ്യുന്നു. കൃപയുടെ ഈ അനുഭവം ജീവിക്കാൻ കന്യാമറിയം നമ്മെ സഹായിക്കട്ടെ.

ഈ വാക്കുകളെ തുടർന്ന് പാപ്പാ സ്വർല്ലോകരാജ്ഞീ ആനനന്ദിച്ചാലും എന്ന ഉയിർപ്പുകാല മരിയൻപ്രാർത്ഥന നയിക്കുകയും ആശീർവ്വാദം നല്കുകയും ചെയ്തു. 

സിസ്റ്റേഴ്സ്യൻ സന്ന്യാസികളായ ആറു നിണസാക്ഷികൾ വാഴ്ത്തപ്പെട്ടവർ

ശനിയാഴ്‌ച (17/04/21) ഇറ്റലിയിൽ കസമാരിയിലെ (Casamari) സിസ്റ്റേഴ്സ്യൻ സന്ന്യാസാശ്രമത്തിൽ സിമെയൊണെ കർദോണും 5 സഹസന്ന്യാസികളുമടക്കം 6 രക്തസാക്ഷികൾ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കപ്പെട്ടത് പാപ്പാ ആശീർവ്വാദാനന്തരം അനുസ്മരിച്ചു.

1799-ൽ നേപ്പിൾസിൽ നിന്നു പിന്മാറുകയായിരുന്ന ഫ്രഞ്ച് സൈനികർ പള്ളികളും ആശ്രമങ്ങളും കൊള്ളയടിച്ചപ്പോൾ, അവർ, ദിവ്യകാരുണ്യത്തെ നിന്ദിക്കുതിനെ വീരോചിതമായ ധീരതയോടെ ചെറുത്തുകൊണ്ട് സൗമ്യശീലരായ ഈ  ക്രിസ്തുശിഷ്യന്മാർ മരണം മരിക്കുകയായിരുന്നുവെന്ന് പാപ്പാ പറഞ്ഞു.

അവരുടെ മാതൃക ദൈവത്തോടു കൂടുതൽ വിശ്വസ്തരായിരിക്കുന്നതിന് പരിശ്രമിക്കാൻ നമുക്ക് പ്രചോദനമേകട്ടെയെന്ന് പാപ്പാ ആശംസിക്കുകയും    ഈ വിശ്വസ്തത സമൂഹത്തെ പരിവർത്തനം ചെയ്യാനും അതിനെ കൂടുതൽ നീതിയും സാഹോദര്യവും വാഴുന്നതാക്കി മാറ്റാനും പ്രാപ്തമാണെന്ന് ഉദ്ബോധിപ്പിക്കുകയും ചെയ്തു.

കിഴക്കെ ഉക്രൈനിലെ സംഘർഷാവസ്ഥയ്ക്ക് അറുതി വരുത്തണം

തുടർന്നു പാപ്പാ കിഴക്കെ ഉക്രയിനിൽ നിന്നെത്തുന്ന ആശങ്കാജനകമായ വാർത്തകളിൽ ഖേദം പ്രകടിപ്പിച്ചു.

വെടിനിറുത്തൽ ലംഘനങ്ങൾ അവിടെ ഇക്കഴിഞ്ഞ മാസങ്ങളിൽ വർദ്ധിച്ചിരിക്കയാണെന്നും സൈനിക ഇടപെടലുകൾ കൂടിവരുന്നത് ആശങ്കയോടെയാണ് താൻ കാണുന്നതെന്നും പാപ്പാ പറഞ്ഞു.

സംഘർഷാവസ്ഥ വർദ്ധമാനമാകുന്നത് ഒഴിവാക്കാനും മറിച്ച്, ഏറെ ആവശ്യമായിരിക്കുന്നതും അഭിലഷണീയവുമായ പരസ്പര വിശ്വാസവും അനുരഞ്ജനവും സമധാനവും പരിപോഷിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടാനും പാപ്പാ അഭ്യർത്ഥിച്ചു. 

ആ ജനത നേരിടുന്ന ഗുരുതരമായ മാനവികാവസ്ഥയെക്കുറിച്ചും സൂചിപ്പിച്ച പാപ്പാ  അവരോടുള്ള തൻറെ സാമീപ്യം വെളിപ്പെടുത്തി.

തിരുഹൃദയ കത്തോലിക്കാ സർവ്വകലാശാലാദിനം

ഇറ്റലിയിലെ തിരുഹൃദയ കത്തോലിക്കാ സർവ്വകലാശാലാദിനം ഈ ഞായാറാഴ്ച (18/04/21) ആചരിക്കപ്പെട്ടത് പാപ്പാ അനുസ്മരിച്ചു.

ഈ സർവ്വകാലാശാല ഒരു നൂറ്റാണ്ടായി പുതിയ തലമുറകളെ വാർത്തെടുക്കുന്നതിന് വിലയേറിയ സേവനം ചെയ്യുന്നുണ്ടെന്ന് പാപ്പാ പറഞ്ഞു. 

പ്രത്യാശാഭരിതമായ ഒരു ഭാവിയുടെ നായകന്മാരാകാൻ യുവതയെ  സഹായിക്കുകയെന്ന വിദ്യാഭ്യാസ ദൗത്യം തുടരാൻ കത്തോലിക്കാ സർവകലാശാലയ്ക്ക് കഴിയട്ടെയെന്ന് ആശംസിച്ച പാപ്പാ സർവ്വകലാശാലാ ജീവനക്കാർക്കും അദ്ധ്യാപകാദ്ധ്യേതാക്കൾക്കും ആശീർവ്വാദം നല്കുകയും ചെയ്തു.

സമാപനാഭിവാദ്യം

ത്രികാല പ്രാർത്ഥനയിൽ മാദ്ധ്യമങ്ങളിലൂടെ പങ്കുകൊണ്ട എല്ലാവർക്കും നല്ലൊരു ഞായർ ആശംസിക്കുകയും തനിക്കുവേണ്ടി പ്രാർത്ഥിക്കണമെന്ന അഭ്യർത്ഥന ആവർത്തിക്കുകയും ചെയ്ത പാപ്പാ എല്ലാവർക്കും നല്ലൊരു ഉച്ചവിരുന്നു നേരുകയും വീണ്ടും കാണാമെന്നു പറയുകയും ചെയ്തുകൊണ്ട് ത്രികാലപ്രാർത്ഥനാ പരിപാടി അവസാനിപ്പിച്ചു.

 

19 April 2021, 13:49

സ്വര്‍ല്ലോക രാജ്ഞീ! എന്ന ത്രികാലപ്രാര്‍ത്ഥന
 

ദൈവമാതാവിനെക്കുറിച്ചുള്ള 4 പ്രഭണിതങ്ങളില്‍ ഒന്നാണ് സ്വര്‍ല്ലോക രാജ്ഞീ! സ്വസ്തീ രാജ്ഞീ!, സ്വസ്തീ സ്വര്‍ല്ലോക റാണി, സ്വര്‍ല്ലോക രാജ്ഞിയേ, വാഴ്ക!, രക്ഷകന്നമ്മേ വാഴ്ക! എന്നിവയാണ് ലത്തീന്‍ ഭാഷയിലുള്ള വിഖ്യാതമായ 4 പ്രഭണിതങ്ങള്‍ (4 Marian Atiphons :Alma Redemptoris Mater,  l’Ave Regina Coelorum e il Salve Regina).

ത്രികാലപ്രാര്‍ത്ഥ സ്വര്‍ല്ലോക രാജ്ഞിയേ! എന്ന പ്രഭണിതം ഈസ്റ്റര്‍ കാലത്ത് കര്‍ത്താവിന്‍റെ മാലാഖ (Angelus Domini….) എന്ന പ്രാര്‍ത്ഥനയ്ക്ക് പകരമായി ആദ്യം ഉപയോഗിച്ചത് 1742-ല്‍ ബെനഡിക്ട് 14-Ɔമന്‍ പാപ്പായായിരുന്നു. ആ വര്‍ഷത്തെ ഈസ്റ്റര്‍ ഞായറാഴ്ചത്തെ ത്രികാലപ്രാര്‍ത്ഥന മുതല്‍ തുടര്‍ന്നുള്ള പെന്തക്കോസ്താ മഹോത്സവംവരെ സ്വര്‍ല്ലോക രാജ്ഞിയേ.. എന്ന പ്രഭണിതം ഉപയോഗത്തില്‍ കൊണ്ടുവന്നു. മരണത്തിന്മേലുള്ള ക്രിസ്തുവിന്‍റെ ആത്മീയവിജയം പ്രഘോഷിക്കുന്നതായിട്ടാണ് ഈ മാറ്റത്തെ പുണ്യശ്ലോകനായ പാപ്പാ വ്യാഖ്യാനിച്ചത്. പെസഹാക്കാലത്തെ ദിനങ്ങളില്‍ മൂന്നു നേരവും സ്വര്‍ല്ലോക രാജ്ഞിയേ! എന്ന പ്രാര്‍ത്ഥനചൊല്ലുന്ന പതിവിന് അങ്ങനെ തുടക്കമായി. ഇതുവഴി ആ ദിവസം മറിയത്തിലൂടെ ദൈവത്തിനു സമര്‍പ്പിക്കപ്പെടുന്നു.

അതിമനോഹരമായ ഈ ലത്തീന്‍ പ്രഭണിതത്തിന്‍റെ ഉത്ഭവം 6-Ɔο നൂറ്റാണ്ടിലേയ്ക്ക് നീളുന്നതാണെന്നതിന് ചരിത്രരേഖകളുണ്ട്. 13-Ɔο നൂറ്റാണ്ടിന്‍റെ മദ്ധ്യത്തില്‍ അത് ഫ്രാന്‍സിസ്ക്കന്‍ യാമപ്രാര്‍ത്ഥനയില്‍ ഇടംകണ്ടു. വിശ്വാസികള്‍ മറിയത്തെ വിളിച്ചപേക്ഷിക്കുന്ന 4 വരികളുള്ള ഈ ഹ്രസ്വപാര്‍ത്ഥനയുടെ ഒരോ വരിയുടെയും അന്ത്യത്തില്‍ “അലേലൂയ” എന്ന് പ്രഘോഷിക്കപ്പെടുന്നു. ക്രിസ്തുവിന്‍റെ ഉത്ഥാനത്തിലുള്ള ജയഭേരിയാണ് അല്ലേലൂയ പ്രഘോഷണം.

2015-ലെ ഈസ്റ്റര്‍ ഞായറാഴ്ചത്തെ ത്രികാലപ്രാര്‍ത്ഥന മദ്ധ്യേ സ്വര്‍ല്ലോക രാജ്ഞിയേ! എന്ന മേരിയന്‍ പ്രഭണതം ഉരുവിടുമ്പോള്‍ നമുക്ക് ഉണ്ടാകേണ്ട ആത്മീയഭാവത്തെയു മനസ്സിന്‍റെ തുറവിയെക്കുറിച്ചു പാപ്പാ ഫ്രാന്‍സിസ് വ്യാഖ്യാനിച്ചു.

ലോകത്തിനു മറിയം പ്രദാനംചെയ്ത രക്ഷകനായ ക്രിസ്തു, വാഗ്ദാനംചെയ്തതുപോലെ മരണാന്തരം ഉത്ഥാനംചെയ്തു, അതില്‍ സന്തോഷിക്കാമെന്ന് മറിയത്തെയാണ് പ്രാര്‍ത്ഥന അഭിസംബോധനചെയ്യുന്നത്. ഈ മാദ്ധ്യസ്ഥത്തിലുള്ള പ്രത്യാശ വിശ്വാസികള്‍ അലേലൂയ പ്രഘോഷണത്തിലൂടെ ഏറ്റുപറയുന്നു. അതായത് ക്രിസ്തുവിന്‍റെ ഉത്ഥാനത്തിലുള്ള പരിശുദ്ധ കന്യകാനാഥയുടെ ആനന്ദത്തില്‍ വിശ്വാസികള്‍ ഈ പ്രാര്‍ത്ഥനയിലൂടെ പങ്കുചേരുകയാണ്. ഇത് അമ്മയുടെ സന്തോഷത്തില്‍ മക്കള്‍ പങ്കുചേരുന്ന അനുഭവമാണെന്നാണ് പാപ്പാ ഫ്രാന്‍സിസ് വ്യാഖ്യാനിച്ചത്.

ഏറ്റവും ഒടുവിലത്തെ ത്രികാലപ്രാര്‍ത്ഥന

വായിച്ചു മനസ്സിലാക്കാന്‍ >