തിരയുക

ഫ്രാൻസീസ് പാപ്പാ, വത്തിക്കാനിൽ പേപ്പൽ ഭവനത്തിലെ ഗ്രന്ഥശാലയിൽ നിന്ന്, പ്രതിവാരപൊതുദർശന സന്ദേശം നല്കുന്നു,ബുധൻ 21/04/2021 ഫ്രാൻസീസ് പാപ്പാ, വത്തിക്കാനിൽ പേപ്പൽ ഭവനത്തിലെ ഗ്രന്ഥശാലയിൽ നിന്ന്, പ്രതിവാരപൊതുദർശന സന്ദേശം നല്കുന്നു,ബുധൻ 21/04/2021 

പ്രാർത്ഥന: ദൈവവുമായുള്ള സംഭാഷണം!

ഫ്രാൻസീസ് പാപ്പായുടെ പൊതുദർശന പ്രഭാഷണം:വാചിക പ്രാർത്ഥനയാൽ ദൈവവവുമായി സംഭാഷണത്തിലേർപ്പെടുന്ന വിശ്വാസി. അധരം കൊണ്ടുള്ള പ്രാർത്ഥനയെ നാം പുച്ഛിച്ചു തള്ളരുത്.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഭാരതമുൾപ്പടെ ലോകരാഷ്ട്രങ്ങൾ കൊറോണാ വൈറസ് എന്ന ഭീകരനെ തളയ്ക്കുന്നതിനുള്ള പോരാട്ടാത്തിലാണ്. ഇറ്റലിയും കോവിദ് 19 പകർച്ചവ്യാധി തടയുന്നതിനുള്ള നടപടികൾ തുടരുന്നു. ആകയാൽ,  ഈ ബുധനാഴ്ചയും (21/04/21)ഫ്രാൻസീസ് പാപ്പാ, വത്തിക്കാനിൽ, പതിവുപോലെ, പ്രതിവാര പൊതുദർശനം, തീർത്ഥാടകരുടെയും സന്ദർശകരുടെയും നേരിട്ടുള്ള പങ്കാളിത്തം ഒഴിവാക്കി ദൃശ്യശ്രാവ്യമാദ്ധ്യമങ്ങളിലൂടെയാണ് അനുവദിച്ചത്. പേപ്പൽ ഭവനത്തിലെ സ്വകാര്യ ഗ്രന്ഥശാലയിൽ നിന്ന് ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശന പരിപാടിക്ക് തുടക്കം കുറിച്ച പാപ്പാ വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണം നടന്നതിനെതുടർന്ന് തൻറെ സന്ദേശം നല്കി. 

പാപ്പായുടെ പ്രഭാഷണം:

പ്രാർത്ഥന ദൈവവുമായുള്ള സംഭാഷണം

പ്രിയ സഹോദരീസഹോദരന്മാരേ, സുപ്രഭാതം!

പ്രാർത്ഥന ദൈവവുമായുള്ള സംഭാഷണമാണ്; എല്ലാ സൃഷ്ടികളും ഒരർത്ഥത്തിൽ ദൈവവുമായി "സംവദിക്കുന്നു". മനുഷ്യവ്യക്തിയിൽ, പ്രാർത്ഥന വചനവും, അപേക്ഷയും, ഗാനവും, കവിതയുമായി ഭവിക്കുന്നു ... ദൈവവചനം മാംസമായിത്തീർന്നു, ഓരോ മനുഷ്യൻറെയും മാംസത്തിൽ ഈ വചനം പ്രാർത്ഥനയിലൂടെ ദൈവത്തിലേക്ക് മടങ്ങുന്നു.

നമ്മെ നയിക്കുന്ന വചനം

വാക്കുകൾ നമ്മുടെ സൃഷ്ടികളാണ്, എന്നാൽ അവ നമ്മുടെ അമ്മമാരുമാണ്, ഒരു പരിധിവരെ അവ നമ്മെ രൂപപ്പെടുത്തുന്നു. ഒരു പ്രാർത്ഥനയിലെ  വാക്കുകൾ നമ്മെ  ഇരുണ്ട താഴ്‌വര സുരക്ഷിതമായി താണ്ടാൻ   പ്രാപ്തരാക്കുകയും ജലസമൃദ്ധമായ പച്ച പുൽത്തകിടികളിലേക്ക് നയിക്കുകയും, സങ്കീർത്തനം നമ്മെ ചൊല്ലാൻ പഠിപ്പിക്കുന്നതുപോലെ, ശത്രുവിൻറെ കൺമുന്നിൽ നമുക്കായി വിരുന്നൊരുക്കുകയും ചെയ്യുന്നു (സങ്കീ. 23). വാക്കുകൾ വികാരങ്ങളിൽ നിന്ന് പിറവിയെടുക്കുന്നു, എന്നാൽ മറിച്ചും സംഭവിക്കുന്നു: വാക്കുകൾ വികാരങ്ങളെ രൂപപ്പെടുത്തുന്നു. എല്ലാം വചനത്തിൻറെ വെളിച്ചത്തിൽ വരുന്നുവെന്നും മാനുഷികമായ യാതൊന്നും ഒഴിവാക്കുകയും നീക്കം ചെയ്യുകയും ചെയ്തിട്ടില്ല എന്നും ഉറപ്പുവരുത്താൻ  ബൈബിൾ മനുഷ്യനെ അഭ്യസിപ്പിക്കുന്നു. എല്ലാറ്റിനുമുപരിയായി, മൂടിവയ്ക്കുകയും നമ്മുടെ ഉള്ളിൽ അടച്ചിടുകയും ചെയ്താൽ വേദന അപകടകരമായി ഭവിക്കും.... നമ്മുടെ ഉള്ളിൽ അടിച്ചിടുന്ന വേദനയ്ക്ക് സ്വയം ആവിഷ്ക്കരിക്കാനും ബഹിർഗ്ഗമിക്കാനും കഴിയില്ല. അത് ആത്മാവിനെ വിഷലിപ്തമാക്കും; അത് മാരകമാണ്.

അധമ വികാരങ്ങളെ നിർവ്വീര്യമാക്കുന്ന വചനം

ഇക്കാരണത്താലാണ് ചിലപ്പോൾ ധീരമായ വാക്കുകളുപയോഗിച്ചു പോലും പ്രാർത്ഥിക്കാൻ തിരുലിഖിതം നമ്മെ പഠിപ്പിക്കുന്നത്. വിശുദ്ധ ഗ്രന്ഥകാരന്മാർ മനുഷ്യനെക്കുറിച്ച് വ്യാമോഹിപ്പിക്കാൻ ആഗ്രഹിക്കുന്നില്ല: അവൻറെ ഹൃദയത്തിൽ അത്ര ശ്രേഷ്ഠതരമല്ലാത്ത വികാരങ്ങളും  വിദ്വേഷം പോലും കുടികൊള്ളുന്നുവെന്ന് അവർക്കറിയാം. നമ്മളാരും വിശുദ്ധരായി ജനിക്കുന്നില്ല, മോശം വികാരങ്ങൾ നമ്മുടെ ഹൃദയത്തിൻറെ വാതിലിൽ മുട്ടുമ്പോൾ പ്രാർത്ഥനയിലൂടെയും ദൈവവചനങ്ങളിലൂടെയും അവയെ നിർവ്വീര്യമാക്കാൻ നമുക്ക് കഴിയണം. സങ്കീർത്തനങ്ങളിൽ ശത്രുക്കൾക്കെതിരായ കഠിനമായ പ്രയോഗങ്ങളും നാം കാണുന്നു - ആദ്ധ്യാത്മിക നിയന്താക്കൾ പഠിപ്പിക്കുന്ന ഈ പദപ്രയോഗങ്ങൾ പിശാചിനെയും നമ്മുടെ പാപങ്ങളെയും ദ്യോതിപ്പിക്കുന്നവയാണ്; എന്നിരുന്നാലും അവ മാനവയാഥാർത്ഥ്യത്തിലടങ്ങിയതും തിരുവെഴുത്തുകളുടെ തീരത്ത് അവസാനിച്ചതുമായ വാക്കുകളാണ്. അധമ വികാരങ്ങളെ നിരുപദ്രവകരങ്ങളാക്കുകയും ഹാനികരമാകാതിരിക്കാൻ അവയെ ചാലുതിരിച്ചുവിടുകയും ചെയ്യാൻ, അക്രമത്തിനു മുന്നിൽ വാക്കുകൾ ഇല്ലായിരുന്നുവെങ്കിൽ ലോകം പൂർണ്ണമായും അതിൽ മുങ്ങുമെന്ന് അവ സാക്ഷ്യപ്പെടുത്തുന്നു.

അധരങ്ങൾ ഉരുവിടുന്ന പ്രാർത്ഥന

മനുഷ്യൻറെ ആദ്യ പ്രാർത്ഥന എല്ലായ്പ്പോഴും ഒരു വാചിക കഥനമാണ്. എല്ലായ്പ്പോഴും ആദ്യം ചലിക്കുന്നത് അധരങ്ങളാണ്. പ്രാർത്ഥിക്കുകയെന്നത് വചനാവർത്തനമല്ല എന്ന് നമുക്കെല്ലാവർക്കും അറിയാമെങ്കിലും, ഏറ്റവും സുരക്ഷിതവും എല്ലായ്പ്പോഴും പരിശീലിക്കാൻ സാധ്യവുമായത് വാചിക പ്രാർത്ഥനയാണ്. മറിച്ച്, വികാരങ്ങൾ എത്ര ശ്രേഷ്ഠമാണെങ്കിലും അവ എല്ലായ്പ്പോഴും അസ്ഥിരങ്ങളാണ്: അവ വന്നും പോയുമിരിക്കും, നമ്മെ വിട്ടു പോകുന്നു. മാത്രമല്ല, പ്രാർത്ഥനയുടെ കൃപ പോലും പ്രവചനാതീതമാണ്: ചില നിമിഷങ്ങളിൽ സാന്ത്വനങ്ങൾ സമൃദ്ധമാകുന്നു, എന്നാൽ അവ ഇരുണ്ട ദിവസങ്ങളിൽ പൂർണ്ണമായും ബാഷ്പീകരിക്കപ്പെടുന്നതായി പ്രതീതമാകുന്നു. ഹൃദയത്തിൻറെ പ്രാർത്ഥന നിഗൂഢവും ചില സമയങ്ങളിൽ മറഞ്ഞിരിക്കുന്നതുമാണ്. മറിച്ച്, മന്ത്രിക്കുകയൊ, സമൂഹമായി ചൊല്ലുകയൊ ചെയ്യുന്ന അധരംകൊണ്ടുള്ള പ്രാർത്ഥന,  സദാ സാധ്യമാണ്, ഒരു കൈത്തൊഴിൽ പോലെ ആവശ്യമാണ്. കത്തോലിക്കാസഭയുടെ മതബോധനം പറയുന്നു: “ക്രിസ്തീയ ജീവിതത്തിലെ ഒഴിച്ചുകൂടാനാവാത്ത ഘടകമാണ് വാചിക പ്രാർത്ഥന. ഗൂരുവിൻറെ നിശബ്ദ പ്രാർത്ഥനയിൽ ആകൃഷ്ടരായ ശിഷ്യന്മാരെ, അവിടന്ന് ഒരു വാചിക പ്രാർത്ഥന പഠിപ്പിക്കുന്നു: സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ "(2701).

മുത്തശ്ശീമുത്തശ്ശന്മാരുടെ പ്രാർത്ഥന

തങ്ങൾ കുഞ്ഞുങ്ങളായിരിക്കുമ്പോൾ പഠിച്ച പ്രാർത്ഥനകൾ, ദേവാലയം മന്ത്രണങ്ങളാൽ മുഖരിതമാകത്തക്കവിധം, ഒരു പക്ഷേ തങ്ങളുടെ കേൾവിക്കുറവു മൂലമായിരിക്കാം, പാതി ശബ്ദത്തിൽ ചൊല്ലുന്ന വൃദ്ധജനത്തിൻറെ വിനയം നമുക്കെല്ലാവർക്കും ഉണ്ടാകണം. ആ പ്രാർത്ഥന നിശബ്ദതയ്ക്ക് ഭംഗം വരുത്തുന്നില്ല, മറിച്ച്, ഒരിക്കലും വീഴ്ചവരുത്താതെ ജീവിതകാലം മുഴുവൻ അഭ്യസിച്ച പ്രാർത്ഥിക്കുക എന്ന കടമയോടുള്ള വിശ്വസ്തതയ്ക്ക് സാക്ഷ്യം വഹിക്കുന്നു. ഈ എളിയ പ്രാർഥനകളാൽ ഈ അപേക്ഷകർ പലപ്പോഴും ഇടവകകളുടെ മഹാ മദ്ധ്യസ്ഥരായിത്തീരുന്നു: കൂടുതൽ ആളുകൾക്ക് തണലേകുന്നതിന് വർഷം തോറും ശാഖകൾ വിശാലമായി വിരിക്കുന്ന ഓക്കു മരങ്ങൾ പോലെയാണാവർ. അവർ ചൊല്ലിയ പ്രാർത്ഥനകളോട് അവരുടെ ഹൃദയം എപ്പോൾ, എത്രമാത്രം ഐക്യപ്പെട്ടിരുന്നുവെന്ന് ദൈവത്തിന് മാത്രമേ അറിയൂ: തീർച്ചയായും ഈ ആളുകൾക്കും രാത്രികളെയും ശൂന്യതയുടെ നിമിഷങ്ങളെയും അഭിമുഖീകരിക്കേണ്ടിവന്നിട്ടുണ്ട്. എന്നാൽ ഒരാൾക്ക് എപ്പോഴും വാചിക പ്രാർത്ഥനയോട് വിശ്വസ്തത പുലർത്താനാകും.

ക്രിസ്തീയ സുകൃതജപങ്ങൾ

“യേശുക്രിസ്തുവേ, ദൈവസുതാ, കർത്താവേ, പാപികളായ ഞങ്ങളിൽ കനിയണമേ” (കത്തോലിക്കാസഭയുടെ മതബോധനം CCC, 2616; 2667)  എന്ന പ്രാർത്ഥന അനന്തമായി ആവർത്തിച്ചുകൊണ്ട് പ്രാർത്ഥിക്കുകയെന്ന കല അഭ്യസിച്ച റഷ്യക്കാരനായ ഒരു തീർത്ഥാടകനെക്കുറിച്ച് വിഖ്യാതമായ ഒരു ആദ്ധ്യാത്മിക കൃതി പരാമർശിക്കുന്നുണ്ട്. അവൻ ആ പ്രാർത്ഥന ആവർത്തിക്കുക മാത്രമായിരുന്നു ചെയ്തത്. ആ തീർത്ഥാടകൻറെ ആ സ്ഥൈര്യത്തിൽ നിന്ന് നമെല്ലാവരും പഠിക്കേണ്ടതുണ്ട്. അവൻറെ ജീവിതത്തിൽ കൃപ ലഭിക്കുമെങ്കിൽ, ഇവിടെ, നമ്മുടെ ഇടയിൽ ദൈവരാജ്യത്തിൻറെ സാന്നിധ്യം മനസ്സിലാക്കാത്തക്ക ഊഷ്മളമായ ഒരു ദിനം പ്രാർത്ഥന സംജാതമാക്കുമെങ്കിൽ, അവൻറെ നോട്ടം ഒരു കുട്ടിയുടേതുപോലെയായി മാറുകയാണെങ്കിൽ, അതിനു കാരണം ക്രിസ്തീയ സുകൃതജപങ്ങളുടെ ആവർത്തനമാണെന്ന് അദ്ദേഹം ഊന്നിപ്പറയുന്നു. ക്രമേണ അത് അവൻറെ ശ്വാസത്തിൻറെ ഭാഗമായിത്തീരുന്നു. റഷ്യൻ തീർത്ഥാടകൻറെ കഥ മനോഹരമാണ്. എല്ലാവർക്കും സംലഭ്യമായ ഒരു കൃതിയാണത്. അതു വായിക്കാൻ ഞാൻ എല്ലാവരെയും ശുപാർശ ചെയ്യുന്നു. എന്താണ് വാചിക പ്രാർത്ഥനയെന്ന് മനസ്സിലാക്കാൻ അതു സഹായിക്കും.

അധരം കൊണ്ടുള്ള പ്രാർത്ഥനയെ അവമതിക്കരുത്

അതിനാൽ, അധരംകൊണ്ടുള്ള പ്രാർത്ഥനയെ നാം പുച്ഛിക്കരുത്. ആരെങ്കിലും ഇങ്ങനെ പറയാം: “ഓ, ഇത് കുട്ടികൾക്കുള്ളതാണ്, വിവരമില്ലാത്തവർക്കുള്ളതാണ്; ഞാൻ ദൈവത്തിൻറെ ആഗമനത്തിനായി, മാനസിക പ്രാർത്ഥന, ധ്യാനം, ആന്തരിക ശൂന്യത എന്നിവ തേടുകയാണ്”. ദയവായി, വാചിക പ്രാർത്ഥനയെ പുച്ഛിക്കുന്ന ഗർവ്വിൽ നാം നിപതിക്കരുത്. യേശു നമ്മെ പഠിപ്പിച്ച സാധാരണക്കാരുടെ  പ്രാർത്ഥന ഇതാണ്: സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ…... നാം ഉച്ചരിക്കുന്ന വാക്കുകൾ നമ്മെ കൈപിടിച്ചു നടത്തുന്നു; ചില നിമിഷങ്ങളിൽ അവ വീണ്ടും സ്വാദ് പകരുകയും നിദ്രാലസ ഹൃദയങ്ങൾക്ക് നവോന്മേഷമേകുകയും ചെയ്യുന്നു: വിസ്മൃതമായ നമ്മുടെ വികാരങ്ങളെ അവ വീണ്ടുമുണർത്തുകയും ദൈവാനുഭവത്തിലേക്ക് നമ്മെ കൈപിടിച്ചാനയിക്കുകയും ചെയ്യുന്നു. സർവ്വോപരി, അവ മാത്രമാണ് ദൈവം കേൾക്കാൻ ആഗ്രഹിക്കുന്ന ചോദ്യങ്ങളെ അവിടത്തെ പക്കലെത്തിക്കുന്നത്. യേശു നമ്മെ മൂടൽമഞ്ഞിൽ ഉപേക്ഷിക്കുകയല്ല ചെയ്തത്. അവിടന്ന് നമ്മോടു പറഞ്ഞു: “നിങ്ങൾ ഇപ്രകാരം പ്രാർത്ഥിക്കുവിൻ!” അവിടന്ന്  സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്ന പ്രാർത്ഥന പഠിപ്പിക്കുകയും ചെയ്തു (മത്തായി 6: 9). നന്ദി

സമാപനാഭിവാദ്യവും ആശീർവ്വാദവും

ഈ വാക്കുകളെ തുടര്‍ന്ന് പാപ്പായുടെ, ഇറ്റാലിയന്‍ഭാഷയിലായിരുന്ന, പ്രഭാഷണത്തിന്‍റെ  സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ഭാഷയില്‍ അഭിവാദ്യം ചെയ്യുകയും ചെയ്തു. പൊതുദർശന പ്രഭാഷണത്തിൻറെ അവസാനം പതിവുപോലെ, വൃദ്ധജനത്തെയും, യുവജനത്തെയും, രോഗികൾ, നവദമ്പതികൾ എന്നിവരെയും സംബോധന ചെയ്തതിനെ തുടർന്ന് കർത്തൃപ്രാർത്ഥനാനന്തരം, പാപ്പാ, ദൃശ്യശ്രാവ്യ മദ്ധ്യമങ്ങളിലൂടെ പൊതുദർശന പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും ആശീർവ്വാദം നല്കി.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 April 2021, 14:12

ഏറ്റവും അടുത്ത പൊതുകൂടിക്കാഴ്ച

വായിച്ചു മനസ്സിലാക്കാന്‍ >