തിരയുക

ഫ്രാൻസീസ് പാപ്പാ ത്രികാലപ്രാർത്ഥനാ വേളയിൽ 14/03/2021 ഫ്രാൻസീസ് പാപ്പാ ത്രികാലപ്രാർത്ഥനാ വേളയിൽ 14/03/2021 

വെളിച്ചം നമ്മെ സൽക്കർമ്മങ്ങളിലേക്കു നയിക്കുന്നു, പാപ്പാ!

ദൈവത്തിൻറെ അനന്തസ്നേഹത്തിലേക്ക്, ആർദ്രതയും നന്മയും നിറഞ്ഞ അവിടത്തെ കാരുണ്യത്തിലേക്ക്, അവിടത്തെ പാപമോചനത്തിലേക്ക് നമ്മുടെ ഹൃദയങ്ങൾ തുറക്കേണ്ടതിന് നമ്മൾ നമ്മുടെ മനഃസാക്ഷിയിൽ വെളിച്ചത്തെ സ്വീകരിക്കണം, ഫ്രാൻസീസ് പാപ്പായുടെ മദ്ധ്യാഹ്ന പ്രാർത്ഥനാ സന്ദേശം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഈ ഞായറാഴ്ചയും (14/03/21) ഫ്രാൻസീസ് പാപ്പാ വിശ്വാസികളുടെ നേരിട്ടുള്ള പങ്കാളിത്തത്തോടെയാണ്  മദ്ധ്യാഹ്നപ്രാർത്ഥന നയിച്ചത്. കോവിദ് 19 രോഗ സംക്രമണം അതിവേഗം വർദ്ധമാനമായിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ ഇറ്റലി ഏതാണ്ട് പൂർണ്ണമായും അപകടമേഖലയായി മാറിയിരിക്കയാണ്. ആകയാൽ മാർച്ച് 15-മുതൽ ഏപ്രിൽ 6 വരെ സഞ്ചാരസ്വാതന്ത്ര്യത്തിനുവരെ കടിഞ്ഞാണിട്ടിരിക്കുന്ന കർശന നിയന്ത്രണങ്ങളിലേക്ക് ഇറ്റലി കടക്കുന്നതിനു മുമ്പ് പാപ്പാ നയിച്ച അവസാനത്തേതായിരുന്ന പൊതുവായ ത്രികാലപ്രാർത്ഥനയിൽ പങ്കുകൊള്ളുന്നതിന് വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിൽ  നിരവധി വിശ്വാസികൾ സമ്മേളിച്ചിരുന്നു. പതിവുപോലെ റോമിലെ സമയം ഉച്ചയ്ക്ക് 12 മണിയോടെ ഫ്രാൻസീസ് പാപ്പാ, പേപ്പൽ ഭവനത്തിലെ ജാലകത്തിങ്കൽ പ്രത്യക്ഷനായപ്പോൾ അവരുടെ കരഘോ ഷവും ആനന്ദാരവവും ഉയർന്നു.  പ്രാർത്ഥനയ്ക്കു മുമ്പ് പാപ്പാ, സാധാരണ ചെയ്യാറുള്ളതുപോലെ ഒരു വിചിന്തനം നടത്തി.   ഈ ഞായറാഴ്ച (14/02/21) ലത്തീൻ റീത്തിൻറെ ആരാധനാക്രമമനുസരിച്ച് ദിവ്യബലിമദ്ധ്യേ വായിക്കപ്പെട്ട വിശുദ്ധഗ്രന്ഥഭാഗങ്ങളിൽ, പ്രധാനമായും യോഹന്നാൻറെ  സുവിശേഷം 3,14-21 വരെയുള്ള വാക്യങ്ങൾ, അതായത്, മോശ മരുഭൂമിയിൽ സർപ്പത്തെ ഉയർത്തിയതു പോലെ, യേശുവിൽ വിശ്വസിക്കുന്നവന് നിത്യജീവൻ ഉണ്ടാകേണ്ടതിന് അവിടന്നും ഉയർത്തപ്പെടേണ്ടിയിരിക്കുന്നുവെന്ന് വ്യക്തമാക്കുന്ന വാക്കുകൾ ആയിരുന്നു പാപ്പായുടെ പരിചിന്തനത്തിന് അവലംബം.

പാപ്പാ ഇറ്റാലിയൻ ഭാഷയിൽ നടത്തിയ പ്രഭാഷണത്തിൻറെ പരിഭാഷ:

മാനവരക്ഷയ്ക്കായി തൻറെ ഏകജാതനെ നല്കുന്ന ദൈവം

പ്രിയ സഹോദരീസഹോദരന്മാരേ!

നോമ്പുകാലത്തിലെ ഈ നാലാം ഞായറാഴ്ച വിശുദ്ധ കുർബ്ബാന ആരംഭിക്കുന്നത് ഈ ക്ഷണത്തോടെയാണ്: "ജറുസലേമേ, ആനന്ദിക്കുക ..." (ഏശയ്യ 66,10). ഈ സന്തോഷത്തിൻറെ കാരണം എന്താണ്? ഈ സമ്പൂർണ്ണ നോമ്പുകാലത്ത്, ഈ ആനന്ദത്തിനു കാരണം എന്താണ്? ഇന്നത്തെ സുവിശേഷം അത് നമ്മോട് പറയുന്നു: "തൻറെ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കുന്നതിനുവേണ്ടി, ദൈവം, തൻറെ ഏകജാതനെ നല്കാൻ തക്കവിധം അത്രമാത്രം ലോകത്തെ സ്നേഹിച്ചു" (യോഹന്നാൻ 3:16). ഈ സന്തോഷകരമായ സന്ദേശം ക്രിസ്തീയ വിശ്വാസത്തിൻറെ ഹൃദയമാണ്: ദുർബ്ബലവും പാപം പേറുന്നതുമായ മനുഷ്യരാശിക്കുള്ള പുത്രദാനത്തിൽ ദൈവസ്നേഹം അതിൻറെ ഉച്ചകോടിയിലെത്തുന്നു. ദൈവം സ്വപുത്രനെ നമുക്ക്, നമുക്കെല്ലാവർക്കും നൽകി.

ദൈവപുത്രൻറെ ത്രിമാനങ്ങൾ

യേശുവും നിക്കോദേമോസും തമ്മിലുള്ള നിശാസംഭാഷണത്തിൽ ആവിഷ്കൃതമാകുന്നത് ഇതാണ്, അതേ സുവിശേഷത്താളിലെ ഒരു ഭാഗത്ത് ഇതിൻറെ വിവരണമുണ്ട് (യോഹന്നാൻ 3:14-21). ലോകത്തെ അധികാരത്താൽ വിധിക്കുന്ന ശക്തനായ ഒരു  മനുഷ്യനായിരിക്കും മിശിഹായെന്ന ധാരണയോടുകുടി, ഇസ്രായേൽ ജനതയിലെ ഏതൊരു അംഗത്തെയും പോലെ നിക്കോദേമോസും അവിടത്തെ പാർത്തിരിക്കുകയായിരുന്നു. എന്നാൽ യേശുവാകട്ടെ മൂന്നു മാനങ്ങളോടുകൂടി സ്വയം അവതരിപ്പിച്ചുകൊണ്ട്  ഈ പ്രതീക്ഷയെ പ്രതിസന്ധിയിലാക്കുന്നു: ക്രൂശിൽ ഉയർത്തപ്പെടുന്ന മനുഷ്യപുത്രൻ; രക്ഷ പ്രദാനം ചെയ്യുന്നതിന് ലോകത്തിലേക്കയക്കപ്പെട്ട ദൈവപുത്രൻ; സത്യത്തെ പിന്തുടരുന്നവരെ നുണയെ പിന്തുടരുന്നവരിൽ നിന്ന് വേർതിരിക്കുന്ന വെളിച്ചം എന്നിവയാണവ. ഈ മൂന്ന് വശങ്ങൾ നാം കാണുന്നു: മനുഷ്യപുത്രൻ, ദൈവപുത്രൻ, പ്രകാശം.

യേശു: മനുഷ്യപുത്രൻ

യേശു, സർവ്വോപരി, മനുഷ്യപുത്രനായി സ്വയം അവതരിപ്പിക്കുന്നു (വാക്യം 14-15). ജനത്തിനു നേർക്ക് വിഷസർപ്പങ്ങളുടെ ആക്രമണമുണ്ടായപ്പോൾ മോശ ദൈവേഷ്ടപ്രകാരം മരുഭൂമിയിൽ വെങ്കല സർപ്പത്തിൻറെ രൂപം ഉയർത്തിയ സംഭവവിവരണത്തെ സൂചിപ്പിക്കുന്നതാണ് ഈ വാചകം (സംഖ്യാപുസ്തം 21,4-9), സർപ്പദംശനമേറ്റവർ വെങ്കല സർപ്പത്തിലേക്ക് നോക്കിയാൽ സുഖം പ്രാപിച്ചിരുന്നു. അതുപോലെ, യേശു ക്രൂശിൽ ഉയർത്തപ്പെടുകയും അവനിൽ വിശ്വസിക്കുന്നവൻ പാപസൗഖ്യം നേടുകയും ജീവിക്കുകയും ചെയ്യുന്നു.

യേശു: ദൈവപുത്രൻ

രണ്ടാമത്തെ മാനം ദൈവപുത്രൻറെതാണ് (വാക്യം 16-18). പിതാവായ ദൈവം സ്വസുത്രനെ "നല്കത്തക്കവിധം" മനുഷ്യരെ സ്നേഹിക്കുന്നു: മനുഷ്യാവതാരത്തിൽ അവിടന്ന് പുത്രനെ ദാനം ചെയ്തു, ആ പുത്രനെ മരണത്തിനു വിട്ടുകൊടുക്കുന്നതിലും അവിടന്ന് ഈ ദാനം നിർവ്വഹിക്കുന്നു. ദൈവത്തിൻറെ ദാനത്തിൻറെ ഉദ്ദേശ്യം മനുഷ്യരുടെ നിത്യജീവനാണ്: വാസ്തവത്തിൽ ദൈവം സ്വപുത്രനെ ലോകത്തിലേക്ക് അയയ്ക്കുന്നത് ലോകത്തെ ശിക്ഷയ്ക്ക് വിധിക്കാനല്ല, മറിച്ച് യേശുവിലൂടെ ലോകം രക്ഷപ്രാപിക്കുന്നതിനാണ്. യേശുവിൻറെത് പരിത്രാണ ദൗത്യമാണ്, സകലർക്കും വേണ്ടിയുള്ള രക്ഷാദൗത്യം.

യേശു: പ്രകാശം

യേശു സ്വയം നല്കുന്ന മൂന്നാമത്തെ പേര് "വെളിച്ചം" ആണ് (വാക്യം 19-21). സുവിശേഷം പറയുന്നു: "വെളിച്ചം ലോകത്തിലേക്ക് വന്നു, പക്ഷേ മനുഷ്യർ പ്രകാശത്തെക്കാൾ അന്ധകാരത്തെ സ്നേഹിച്ചു" (വാക്യം 19). യേശുവിൻറെ ലോകത്തിലേക്കുള്ള വരവ് ഒരു തിരഞ്ഞെടുപ്പിന് കാരണമാകുന്നു: ഇരുട്ടിനെ തിരഞ്ഞെടുക്കുന്നവൻ ശിക്ഷാവിധി നേരിടന്നു, വെളിച്ചം തിരഞ്ഞെടുക്കുന്നവന് രക്ഷയുടെ ന്യായവിധി ഉണ്ടാകും. ഓരോരുത്തരുടെയും സ്വതന്ത്ര തിരഞ്ഞെടുപ്പിൻറെ അനന്തരഫലമാണ് എല്ലായ്പ്പോഴും ന്യായവിധി: തിന്മ ചെയ്യുന്നവൻ ഇരുട്ടിനെ അന്വേഷിക്കുന്നു, തിന്മ എപ്പോഴും മറഞ്ഞിരിക്കുന്നു, സ്വയം മൂടുന്നു. സത്യം പ്രവർത്തിക്കുന്നവൻ, അതായത്, നല്ല കാര്യങ്ങൾ ചെയ്യുന്നവൻ, വെളിച്ചത്തിലേക്ക് വരുന്നു, ജീവിത പാതകളെ പ്രകാശിപ്പിക്കുന്നു. വെളിച്ചത്തിൽ നടക്കുന്നവന്, വെളിച്ചത്തെ സമീപിക്കുന്നവന് സൽപ്രവൃത്തികളല്ലാതെ മറ്റൊന്നും  ചെയ്യാനാവില്ല. വെളിച്ചം നമ്മെ സൽക്കർമ്മങ്ങളിലേക്കു നയിക്കുന്നു. നോമ്പുകാലത്ത് കൂടുതൽ പ്രതിബദ്ധതയോടെ ഇത് ചെയ്യാൻ നാം വിളിക്കപ്പെടുന്നു: ദൈവത്തിൻറെ അനന്തസ്നേഹത്തിലേക്ക്, ആർദ്രതയും നന്മയും നിറഞ്ഞ അവിടത്തെ കാരുണ്യത്തിലേക്ക്, അവിടത്തെ പാപമോചനത്തിലേക്ക് നമ്മുടെ ഹൃദയങ്ങൾ തുറക്കേണ്ടതിന് നമ്മൾ  നമ്മുടെ മനഃസാക്ഷിയിൽ വെളിച്ചത്തെ സ്വീകരിക്കണം. നാം സദാ, താഴ്‌മയോടെ മാപ്പപേക്ഷിച്ചാൽ ദൈവം എപ്പോഴും പൊറുക്കുന്നുവെന്ന കാര്യം മറക്കരുത്. ക്ഷമ ചോദിച്ചാൽ മാത്രം മതി, അവിടന്ന് മാപ്പേകുന്നു. അങ്ങനെ, നാം യഥാർത്ഥ സന്തോഷം കണ്ടെത്തുകയും പുനരുജ്ജീവിപ്പിക്കുകയും ജീവൻ പ്രദാനംചെയ്യുകയും ചെയ്യുന്ന ദൈവത്തിൻറെ പാപമോചനത്തിൽ നമുക്ക് സന്തോഷിക്കാൻ കഴിയുകയും ചെയ്യും.

യേശു നമുക്കേകുന്ന പ്രതിസന്ധി

യേശുവിനാൽ പ്രതിസന്ധിയിലാക്കപ്പെടുന്നതിന് നമ്മെത്തന്നെ അനുവദിക്കുന്നതിന്  ഭയമില്ലാതിരിക്കാൻ ഏറ്റം പരിശുദ്ധയായ മറിയം നമ്മെ സഹായിക്കട്ടെ. ഇത് ആരോഗ്യകരമായ ഒരു പ്രതിസന്ധിയാണ്, അത് നമ്മുടെ സുഖപ്രാപ്തിക്കുള്ളതാണ്, നമ്മുടെ സന്തോഷം പൂർണ്ണമാകുന്നതിനുള്ളതാണ്.

ഈ വാക്കുകളെ തുടർന്ന് പാപ്പാ ത്രികാലപ്രാർത്ഥന നയിക്കുകയും ആശീർവ്വാദം നല്കുകയും ചെയ്തു. 

സിറിയൻ യുദ്ധത്തിന് ഒരു ദശകം

സംഘർഷവേദിയായ സിറിയയിൽ സായുധപോരാട്ടം തുടങ്ങിയിട്ട്  പത്തുവർഷം പിന്നിടുന്നത്,  ആശീർവ്വാദാനന്തരം പാപ്പാ അനുസ്മരിക്കുകയും അന്നാടിൻറെ സമാധാനത്തിനായുള്ള അഭ്യർത്ഥന നവീകരിക്കുകയും ചെയ്തു.

നമ്മുടെ ഈ കാലഘട്ടത്തിലെ ഏറ്റവും ഗുരുതരമായ മാനുഷിക ദുരന്തങ്ങളിലൊന്നിന് കാരണമായ രക്തരൂക്ഷിത സംഘർഷം സിറിയയിൽ ആരംഭിച്ചിട്ട് ഒരു പതിറ്റാണ്ട് പിന്നിടുന്നത് പാപ്പാ അനുസ്മരിച്ചു.

ഈ സായുധ പോരാട്ടത്തിൽ അസംഖ്യം ആളുകൾ മരിച്ചുവീഴുകയും പരിക്കേല്ക്കുകയുംദശലക്ഷക്കണക്കിനാളുകൾ അഭയാർത്ഥികളായിത്തീരുകയും ചെയ്തുവെന്ന് പാപ്പാ പറഞ്ഞു. ആയിരക്കണക്കിന് ആളുകളെ കാണതാവുകയും സിറിയിലെ ജനങ്ങൾക്ക്, പ്രത്യേകിച്ച്, കുട്ടികൾ, സ്ത്രീകൾ, പ്രായമായവർ തുടങ്ങിയ ഏറ്റവും ദുർബ്ബലരായവർക്ക് നാശങ്ങളും, എല്ലാത്തരം അക്രമങ്ങളും വലിയ കഷ്ടപ്പാടുകളും അനുഭവിക്കേണ്ടിവരികയും ചെയ്തുവെന്നും പാപ്പാ അനുസ്മരിച്ചു. തളർന്നവശരായ ജനങ്ങൾക്കു മുന്നിൽ പ്രത്യാശാകിരണം തെളിയുന്നതിനായി പ്രവർത്തിക്കാനുള്ള സന്മനസ്സിൻറെ അടയാളം കാട്ടുന്നതിന് പാപ്പാ സംഘർഷത്തിലേർപ്പെട്ടിരിക്കുന്നവരോടുള്ള തൻറെ ഹൃദയംഗമായ അഭ്യർത്ഥന ആവർത്തിച്ചു. സംഘർഷത്തിലേർപ്പെട്ടിരിക്കുന്നവർ ആയുധം താഴെവയ്ക്കുന്നതോടെ, സാമൂഹ്യ തന്തുക്കൾ വീണ്ടും കൂട്ടിയോജിപ്പിക്കാനും സമൂഹത്തിൻറെ പുനർനിർമ്മിതി ആരംഭിക്കാനും സമ്പദ്ഘടനയെ പുനരുജ്ജീവിക്കാനും സാധിക്കും വിധം നിർണ്ണായകവും നവീകൃതവും രചനാത്മകവും ബലവത്തുമായ ഒരു പരിശ്രമം അന്താരാഷ്ട്രസമൂഹത്തിൻറെ ഭാഗത്തുനിന്നുണ്ടാകുമെന്ന പ്രത്യാശയും പാപ്പാ പ്രകടിപ്പിച്ചു. പീഡിതമായ പ്രിയപ്പെട്ട സിറിയയുടെ യാതനകൾ വിസ്മരിക്കപ്പെടാതിരിക്കുന്നതിനും നമ്മുടെ ഐക്യദാർഢ്യം പ്രത്യാശയെ പുനരുജ്ജീവിപ്പിക്കുന്നതിനും വേണ്ടി പ്രാർത്ഥിക്കാൻ പാപ്പാ എല്ലാവരെയും ക്ഷണിച്ചു. 

തുടർന്ന് പാപ്പാ സിറിയയ്ക്കുവേണ്ടി നന്മനിറഞ്ഞ മറിയമെ എന്ന പ്രാർത്ഥന ചൊല്ലി പരിശുദ്ധ കന്യകാമറിയത്തിൻറെ മാദ്ധ്യസ്ഥ്യം യാചിച്ചു.

“അമോരിസ് ലെത്തീസിയ” കുടുംബവത്സരം” 

 അടുത്ത വെള്ളിയാഴ്ച (19/03/21) വിശുദ്ധ യൗസേപ്പിതാവിൻറെ തിരുന്നാൾ ദിനത്തിൽ “അമോരിസ് ലെത്തീസിയ” കുടുംബവത്സരം” (Amoris Laetitia Family Year)  ആരംഭിക്കുന്നതിനെക്കുറിച്ചു പാപ്പാ ത്രികാലപ്രാർത്ഥനാവേളയിൽ സൂചിപ്പിച്ചു.

കുടുംബസ്നേഹത്തിൽ വളരുന്നതിനുള്ള സവിശേഷ വർഷമാണിതെന്ന് പാപ്പാ പറഞ്ഞു. കുടുംബത്തെ സഭയുടെയും സമൂഹത്തിൻറെയും ശ്രദ്ധാകേന്ദ്രമാക്കി മാറ്റുന്നതിനുള്ള നവീകൃതവും സൃഷ്ടിപരവുമായ ഒരു അജപാലന സംരംഭത്തിന് പാപ്പാ ആഹ്വാനം ചെയ്തു. ഓരോ കുടുംബത്തിനും സ്വന്തം ഭവനത്തിൽ നസ്രത്തിലെ തിരുക്കുടുംബത്തിൻറെ സജീവ സാന്നിദ്ധ്യം അനുഭവപ്പെടുന്നതിനായി താൻ പ്രാർത്ഥിക്കുന്നുവെന്ന് പാപ്പാ വെളിപ്പെടുത്തി.

നസ്രത്തിലെ തിരുക്കുടുംബം നമ്മുടെ ചെറു ഗാർഹിക സമൂഹങ്ങളെ ആത്മാർത്ഥവും ഉദാരവുമായ സ്നേഹം കൊണ്ട് നിറയ്ക്കുകയും, പരീക്ഷണങ്ങളിലും ബുദ്ധിമുട്ടുകളിലും പോലും, സന്തോഷത്തിൻറെ ഉറവിടമാക്കി മാറ്റുകയും ചെയ്യട്ടെയെന്ന് പാപ്പാ ആശംസിച്ചു.

സമാപനാഭിവാദ്യങ്ങൾ

ചത്വരത്തിൽ സന്നിഹിതരായിരുന്ന ബാസ്‌ക്കറ്റ്ബോൾ കളിക്കാരായ ആൺകുട്ടികളെയും പെൺകുട്ടികളെയും അവരുടെ കുടുംബങ്ങളെയും  പരിശീലകരെും പാപ്പാ അഭിവാദ്യം ചെയ്യുകയും അവർക്ക് പ്രചോദനം പകരുകയും ചെയ്തു. റോമാക്കാരായ വിശ്വാസികളെയും മറ്റു തീർത്ഥാടകരെയും പ്രത്യേകിച്ച് ഫിലിപ്പീൻസിൽ ക്രിസ്തുവിശ്വാസം എത്തിച്ചേർന്നതിൻറെ അഞ്ഞൂറാം വാർഷികം ആചരിക്കുന്ന അന്നാട്ടുകാരെയും പാപ്പാ അഭിവാദ്യം ചെയ്യുകയും സുവിശേഷാനന്ദത്തിലുള്ള ഒരു മുന്നേറ്റം ആശംസിക്കുകയും ചെയ്തു.  

എല്ലാവർക്കും നല്ലൊരു ഞായർ ആശംസിച്ച പാപ്പാ  തനിക്കുവേണ്ടി പ്രാർത്ഥിക്കാൻ മറക്കരുതെന്ന പതിവഭ്യർത്ഥന നവീകരിക്കുകയും നല്ല ഒരു ഉച്ചവിരുന്നു നേരുകയും, വീണ്ടും കാണാം എന്ന് പറയുകയും ചെയ്തുകൊണ്ട്    ത്രികാലപ്രാർത്ഥനാപരിപാടി അവസാനിപ്പിക്കുകയും ജാലകത്തിങ്കൽ നിന്ന് പിൻവാങ്ങുകയും ചെയ്തു. 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 March 2021, 14:43

ത്രികാലപ്രാര്‍ത്ഥന - ദിവസത്തിൽ മൂന്നു പ്രാവശ്യം ജപിക്കുന്ന സഭയുടെ ഔദ്യോഗിക പ്രാർത്ഥനയാണിത്. സനാതനമായ രക്ഷാകര രഹ്യമാണ് ഇതിന്‍റെ ഉള്ളടക്കം. രാവിലെ
6 മണിക്കും, മദ്ധ്യാഹ്നം 12 മണിക്കും, വൈകുന്നേരം 6 മണിക്കും ദേവാലയമണി മുഴങ്ങുമ്പോഴാണ് ഇത് ഉരുവിടുന്നത്.  

കര്‍ത്താവിന്‍റെ മാലാഖ... എന്നു തുടങ്ങുന്ന ത്രികാലജപം സാധാരണകാലങ്ങളില്‍ ചൊല്ലുമ്പോള്‍ പെസഹാക്കാലത്ത് സ്വര്‍ല്ലോക രാജ്ഞിയേ... എന്ന പ്രാര്‍ത്ഥനയുമാണ് ചൊല്ലുന്നത്. പ്രാര്‍ത്ഥനയുടെ ഇടയ്ക്ക് ചൊല്ലുന്ന നന്മനിറഞ്ഞ മറിയമേ, എന്ന ജപം ക്രിസ്തുവിന്‍റെ രക്ഷാകര ചരിത്രത്തില്‍ മറിയത്തിനുള്ള പങ്ക് വിളിച്ചോതുന്നു. ത്രിത്വസ്തുതിയോടെയാണ് ത്രികാലപ്രാര്‍ത്ഥന അവസാനിക്കുന്നത്.


പൊതുവെ എല്ലാ ഞായറാഴ്ചകളിലും സവിശേഷദിനങ്ങളിലും മദ്ധ്യാഹ്നത്തിലാണ് “ആഞ്ചെലൂസ്…” എന്ന ശീര്‍ഷകത്തില്‍ പാപ്പായുടെ സാന്നിദ്ധ്യത്തില്‍ ത്രികാലപ്രാ‍ര്‍ത്ഥന നടത്തപ്പെടുന്നത്. ഞായറാഴ്ചകളില്‍ മദ്ധ്യാഹ്നം കൃത്യം 12 മണിക്ക് വത്തിക്കാനിലെ അപ്പസ്തോലിക അരമനയുടെ മൂന്നാംനിലയുടെ രണ്ടാം ജാലകത്തില്‍ പ്രത്യക്ഷപ്പെട്ട്, താഴെ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ സമ്മേളിച്ചിരിക്കുന്ന തീര്‍ത്ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കുമൊപ്പം പാപ്പാ ത്രികാലപ്രാര്‍ത്ഥന ചൊല്ലുന്ന പതിവിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.

ഏറ്റവും ഒടുവിലത്തെ ത്രികാലപ്രാര്‍ത്ഥന

വായിച്ചു മനസ്സിലാക്കാന്‍ >