തിരയുക

ഫ്രാൻസീസ് പാപ്പാ ഓശാനത്തിരുന്നാൾ ദിവ്യപൂജാർപ്പണ വേളയിൽ, വത്തിക്കാനിൽ, വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ, 28/03/2021 ഫ്രാൻസീസ് പാപ്പാ ഓശാനത്തിരുന്നാൾ ദിവ്യപൂജാർപ്പണ വേളയിൽ, വത്തിക്കാനിൽ, വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ, 28/03/2021 

അപരൻറെ കഷ്ടതകൾക്കു മുന്നിൽ നമ്മുടെ ഹൃദയം അനുകമ്പയാൽ ചലിക്കണം!

ഓശാനത്തിരുന്നാൾ ദിനത്തിൽ ഫ്രാൻസീസ് പാപ്പാ നല്കിയ മദ്ധ്യാഹ്ന പ്രാർത്ഥനാ സന്ദേശം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

കോവിദ് മഹാമാരി തടയുന്നതിനുള്ള നിയന്ത്രണങ്ങൾ നിലനില്ക്കുന്നതിനാൽ, തുടർച്ചയായി രണ്ടാം വർഷവും ഓശാനഞായർ തിരുക്കർമ്മങ്ങൾ വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ നയിച്ച ഫ്രാൻസീസ് പാപ്പാ വിശുദ്ധ കുർബ്ബാനയുടെ അവസാനം ബസിലിക്കയിൽ നിന്നാണ് മദ്ധ്യാഹ്നപ്രാർത്ഥന ചൊല്ലിയത് ഈ ഞായറാഴ്ച (28/03/21). ത്രികാലപ്രാർത്ഥനയ്ക്കു മുമ്പ് പാപ്പാ, സാധാരണ ചെയ്യാറുള്ളതുപോലെ ഒരു വിചിന്തനം നടത്തി. പാപ്പാ ഇറ്റാലിയൻ ഭാഷയിൽ ഇപ്രകാരം പറഞ്ഞു:

കോവിദ് മഹാമാരിയുടെ കനത്ത പ്രഹരമേറ്റ ലോകം

പ്രിയ സഹോദരീസഹോദരന്മാരേ, 

നാം വിശുദ്ധവാരത്തിൽ പ്രവേശിച്ചിരിക്കയാണ്. പകർച്ചവ്യാധിയുടെ കാലത്ത് നമ്മൾ വിശുദ്ധവാരം ആചരിക്കുന്നത് ഇത് രണ്ടാമത്തെ തവണയാണ്. കഴിഞ്ഞ വർഷം നാം അസ്വസ്തരായിരുന്നെങ്കിൽ ഇക്കൊല്ലം നമ്മൾ  കൂടുതൽ പരീക്ഷണവിധേയരായിരിക്കയാണ്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുന്നു.

കുരിശുമായി യേശുവിൻറെ ഇടപെടൽ

ചരിത്രപരവും സാമൂഹികവുമായ ഈ സാഹചര്യത്തിൽ ദൈവം എന്താണ് ചെയ്യുന്നത്? അവിടന്ന് കുരിശ് ചുമക്കുന്നു. യേശു കുരിശ് വഹിക്കുന്നു, അതായത്, ഈ യാഥാർത്ഥ്യം ഉൾക്കൊള്ളുന്ന തിന്മയുടെ ഭാരം, ശാരീരികവും മാനസികവും എല്ലാറ്റിനുമുപരിയായി ആത്മീയവുമായ തിന്മ അവിടന്ന് സ്വയം ചുമക്കുന്നു. കാരണം ദുഷ്ടൻ അവിശ്വാസം, നിരാശ, കലഹം എന്നിവ വിതയ്ക്കുന്നതിന് ഈ പ്രതിസന്ധികളെ  പ്രയോജനപ്പെടുത്തുന്നു.

വിശ്വാസ വിളക്ക് ജ്വലിപ്പിച്ചു നിറുത്തുന്ന മറിയത്തിൻറെ മാതൃക

അപ്പോൾ നമ്മളോ? നാം എന്തു ചെയ്യണം? യേശുവിൻറെ അമ്മയും അവിടത്തെ ആദ്യ ശിഷ്യയുമായ കന്യാമറിയം അത് നമുക്ക് കാണിച്ചുതരുന്നു. അവൾ മകനെ അനുഗമിച്ചു.  കഷ്ടപ്പാട്, അന്ധകാരം, പരിഭ്രാന്തി എന്നിവയിൽ തൻറെ പങ്ക് അവൾ സ്വയം ഏറ്റെടുക്കുകയും വിശ്വാസത്തിൻറെ വിളക്ക് ഹൃദയത്തിൽ ജ്വലിപ്പിച്ചുനിറുത്തിക്കൊണ്ട് സഹനത്തിൻറെ സരണിയിലൂടെ സഞ്ചരിക്കുകയും ചെയ്തു. ദൈവകൃപയാൽ നമുക്കും ഈ യാത്ര ചെയ്യാൻ കഴിയും. അനുദിന കുരിശിൻറെ വഴിയിൽ നമ്മൾ ബുദ്ധിമുട്ടനുഭവിക്കുന്ന അനേകം സഹോദരീസഹോദരന്മാരെ കണ്ടുമുട്ടുന്നു: നാം വെറുതെ കടന്നുപോകരുത്, നമ്മുടെ ഹൃദയം അനുകമ്പയാൽ ചലിക്കണം, നാം അവരുടെ ചാരത്തായിരിക്കണം. ഇങ്ങനെ സംഭവിക്കുമ്പോൾ, സിറേനിയക്കാരനെ (ശിമയോൻ) പോലെ, നമ്മളും ചിന്തിച്ചേക്കാം: “എന്തുകൊണ്ട് ഞാൻതന്നെ?”. എന്നാൽ പിന്നീട് നാം കണ്ടെത്തും നമ്മൾ അയോഗ്യരായിരുന്നിട്ടും നമുക്ക് ലഭിച്ച ദാനം.

അക്രമത്തിനിരകളായവർക്കായി പ്രാർത്ഥന

അക്രമത്തിന് ഇരകളായ എല്ലാവർക്കും, പ്രത്യേകിച്ച്, ഇന്തോനേഷ്യയിൽ മക്കാസ്സർ (Makassar) കത്തീദ്രലിനു മുന്നിൽ ഇന്ന് (28/03/21) രാവിലെ നടന്ന ആക്രമണത്തിന് ഇരകളായവർക്ക് വേണ്ടി നമുക്ക് പ്രാർത്ഥിക്കാം.

വിശ്വാസസരണിയിൽ സദാ നമുക്കു മുന്നേ പോകുന്ന പരിശുദ്ധ അമ്മ നമ്മെ സഹായിക്കട്ടെ.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 March 2021, 13:58

ത്രികാലപ്രാര്‍ത്ഥന - ദിവസത്തിൽ മൂന്നു പ്രാവശ്യം ജപിക്കുന്ന സഭയുടെ ഔദ്യോഗിക പ്രാർത്ഥനയാണിത്. സനാതനമായ രക്ഷാകര രഹ്യമാണ് ഇതിന്‍റെ ഉള്ളടക്കം. രാവിലെ
6 മണിക്കും, മദ്ധ്യാഹ്നം 12 മണിക്കും, വൈകുന്നേരം 6 മണിക്കും ദേവാലയമണി മുഴങ്ങുമ്പോഴാണ് ഇത് ഉരുവിടുന്നത്.  

കര്‍ത്താവിന്‍റെ മാലാഖ... എന്നു തുടങ്ങുന്ന ത്രികാലജപം സാധാരണകാലങ്ങളില്‍ ചൊല്ലുമ്പോള്‍ പെസഹാക്കാലത്ത് സ്വര്‍ല്ലോക രാജ്ഞിയേ... എന്ന പ്രാര്‍ത്ഥനയുമാണ് ചൊല്ലുന്നത്. പ്രാര്‍ത്ഥനയുടെ ഇടയ്ക്ക് ചൊല്ലുന്ന നന്മനിറഞ്ഞ മറിയമേ, എന്ന ജപം ക്രിസ്തുവിന്‍റെ രക്ഷാകര ചരിത്രത്തില്‍ മറിയത്തിനുള്ള പങ്ക് വിളിച്ചോതുന്നു. ത്രിത്വസ്തുതിയോടെയാണ് ത്രികാലപ്രാര്‍ത്ഥന അവസാനിക്കുന്നത്.


പൊതുവെ എല്ലാ ഞായറാഴ്ചകളിലും സവിശേഷദിനങ്ങളിലും മദ്ധ്യാഹ്നത്തിലാണ് “ആഞ്ചെലൂസ്…” എന്ന ശീര്‍ഷകത്തില്‍ പാപ്പായുടെ സാന്നിദ്ധ്യത്തില്‍ ത്രികാലപ്രാ‍ര്‍ത്ഥന നടത്തപ്പെടുന്നത്. ഞായറാഴ്ചകളില്‍ മദ്ധ്യാഹ്നം കൃത്യം 12 മണിക്ക് വത്തിക്കാനിലെ അപ്പസ്തോലിക അരമനയുടെ മൂന്നാംനിലയുടെ രണ്ടാം ജാലകത്തില്‍ പ്രത്യക്ഷപ്പെട്ട്, താഴെ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ സമ്മേളിച്ചിരിക്കുന്ന തീര്‍ത്ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കുമൊപ്പം പാപ്പാ ത്രികാലപ്രാര്‍ത്ഥന ചൊല്ലുന്ന പതിവിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.

ഏറ്റവും ഒടുവിലത്തെ ത്രികാലപ്രാര്‍ത്ഥന

വായിച്ചു മനസ്സിലാക്കാന്‍ >