തിരയുക

യേശു ജനങ്ങള്‍ക്കൊപ്പം... യേശു ജനങ്ങള്‍ക്കൊപ്പം... 

"ക്രിസ്തു ജീവിക്കുന്നു”: കുടുംബത്തോടു ബന്ധപ്പെട്ടിരുന്ന യേശു

"Christus vivit" അഥവാ "ക്രിസ്തു ജീവിക്കുന്നു”എന്ന പ്രാൻസിസ് പാപ്പായുടെ അപ്പോസ്തോലിക പ്രബോധനത്തിന്‍റെ 29 ആം ഖണ്ഡികയെ അടിസ്ഥാനമാക്കിയ വിചിന്തനം.

സി.റൂബിനി സി.റ്റി.സി , വത്തിക്കാന്‍ ന്യൂസ്

അപ്പോസ്തോലിക പ്രബോധനം

അപ്പോസ്തോലിക പ്രബോധനമെന്നത് കത്തോലിക്കാ സഭയില്‍ മാര്‍പ്പാപ്പാ പ്രസിദ്ധികരിക്കുന്ന ഔദ്യോഗിക ലേഖനങ്ങളുടെ വിവിധതരത്തിലുളള പരമ്പരകളില്‍പ്പെടുന്ന ഒരു ലേഖനമാണ്. ഇവയുടെ പ്രാധാന്യ ശൃംഖലയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ചാക്രീക ലേഖനങ്ങള്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനമാണ് അപ്പോസ്തോലിക പ്രബോധനങ്ങള്‍ക്കുളളത്.

രണ്ടാം അദ്ധ്യായം

യേശുവിന്‍റെ യൗവനം 'കൃപാവര പൂർണ്ണത' കൈവരിക്കാനുള്ള "പരിശീലന''ത്തിന്‍റെ  കാലഘട്ടമായിരുന്നു എന്ന് രണ്ടാമത്തെ അദ്ധ്യായത്തിൽ പറയുന്നു. "യാത്ര ചെയ്യുന്ന വലിയ ഒരു സമൂഹ''ത്തിന്‍റെ ഭാഗമായി യേശു വളർന്നുവെന്ന കണ്ടെത്തലും ഇവിടെ ദർശിക്കാൻ കഴിയും. വാഗ്ദാനത്തിന്‍റെ വാഹകയായി മാറിയ പരിശുദ്ധ അമ്മയെ യുവതികൾക്കായുള്ള മാതൃകയായി ഇവിടെ ചൂണ്ടിക്കാണിക്കുന്നുമുണ്ട്. സ്വന്തം ജീവിതം ദൈവത്തിനു സമർപ്പിച്ച യുവ വിശുദ്ധരുടെ നിരയിലേക്ക് കണ്ണോടിച്ചു കൊണ്ടാണ് രണ്ടാമത്തെ അദ്ധ്യായം അവസാനിക്കുന്നത്.

29.സമൂഹത്തിന്‍റെ ഒരു ഭാഗമായിരുന്ന തിരുകുടുംബത്തില്‍ വളർന്ന യേശു

യഥാർത്ഥത്തിൽ “മറിയത്തോടും ജോസഫിനോടുമുള്ള ഇടുങ്ങിയ, ശ്വാസം മുട്ടിക്കുന്ന ബന്ധത്തിലല്ല യേശു വളർന്നത്. കൂടുതൽ വിസ്തൃതമായ കുടുംബത്തോടും, മാതാപിതാക്കളുടെ ബന്ധുക്കളോടും, അവരുടെ സുഹൃത്തുക്കളോടുമുള്ള  പരസ്പര ബന്ധത്തിൽ ആണ് വളർന്നത്”,  അതുകൊണ്ട് അവിടുന്ന് ജറുസലേമിലേക്കുള്ള  തീർഥാടനത്തിൽ നിന്ന് തിരിച്ചുപോരുമ്പോൾ മാതാപിതാക്കൾ കരുതി, പന്ത്രണ്ട് വയസ്സുള്ള ആ ആൺകുട്ടി  (ലൂക്കാ .2:42 ) ജനക്കൂട്ടത്തിൽ ചുറ്റിതിരിയുകയാണെന്ന്. "ഒരു ദിവസം മുഴുവനും കണ്ടില്ലെങ്കിലും അവൻ യാത്രക്കാരുടെ കൂടെ കാണും എന്ന് കരുതി അവർ ഒരു ദിവസത്തെ വഴി പിന്നിട്ടു". (ലൂക്കാ  2:44). യേശു മറ്റുള്ളവരുടെ കൂടെ കൂടി മറ്റു യുവാക്കളുടെ കൂടെ തമാശകൾ പറഞ്ഞ് പ്രായമായവർ പറയുന്ന കഥകൾ കേട്ടു കൊണ്ട് സംഘത്തിൽപ്പെട്ടവരുടെ സുഖദുഃഖങ്ങളിൽ പങ്കു ചേർന്ന് കഴിയുകയാണെന്ന് അവർ കരുതിയെന്നത്  തീർച്ചയാണ്. യഥാർത്ഥത്തിൽ ഈ സംഘത്തെ വിവരിക്കാൻ ലൂക്കാ  ഉപയോഗിക്കുന്ന ഗ്രീക്ക് പദം"സിനോദിയ " എന്നാണ്. അത് യാത്ര ചെയ്യുന്ന വലിയ ഒരു സമൂഹത്തെ സൂചിപ്പിക്കുന്നു എന്നത്  വ്യക്തമാണ്. ഈ  സമൂഹത്തിന്‍റെ ഒരു ഭാഗമാണ് തിരുകുടുംബം. മാതാപിതാക്കളുടെ ആത്മവിശ്വാസം കൊണ്ട് യേശുവിനു  സ്വതന്ത്രമായി സഞ്ചരിക്കാൻ മറ്റുള്ളവരോടു കൂടെ യാത്ര ചെയ്യാൻ പഠിക്കാനും സാധിച്ചു.(കടപ്പാട്.പി.ഒ.സി പ്രസിദ്ധീകരണം).

കുടുംബത്തോടു ബന്ധപ്പെട്ടിരുന്ന യേശു

യേശു തന്‍റെ യൗവനത്തിൽ  മറ്റുള്ളവരിൽ നിന്ന് അകന്ന് കഴിഞ്ഞിരുന്ന ഒരു വ്യക്തിത്വത്തിനുടമയായിരുന്നില്ല എന്നും ദൈവപിതാവിനോടെന്ന പോലെ തന്നെ യേശു സ്വന്തം കുടുംബത്തോടും ബന്ധപ്പെട്ടിരുന്നു എന്നും കഴിഞ്ഞ ഖണ്ഡികയിൽ ഫ്രാൻസിസ് പാപ്പാ നമ്മെ ഉദ്ബോധിപ്പിച്ചു. ഇന്ന് നമ്മൾ പരിചിന്തനം ചെയ്യുന്ന ഖണ്ഡികയിൽ ഫ്രാൻസിസ് പാപ്പാ യേശുവിന്‍റെ യൗവനകാലം ദൈവത്തോടും കുടുംബത്തോടും മാത്രമായിരുന്നില്ല  എന്ന് വിവരിക്കുന്നു.  മറ്റുള്ളവരെയെല്ലാം ഒഴിവാക്കി മറിയത്തോടും യൗസേപ്പിനോടും   മാത്രമായ ഒരു ബന്ധമായിരുന്നില്ല യേശുവിന്‍റെ ജീവിതം. ഏതൊരു സാധാരണ യുവാവിനെപ്പോലെ യേശുവിനും കുടംബത്തിലെ സഹോദരീ സഹോദരന്മാരും  കൂട്ടുകാരുമുണ്ടായിരുന്നു. അവരോടൊപ്പം കളിച്ചും, തമാശ പറഞ്ഞും,  സംസാരിച്ചും സമയം ചിലവഴിക്കാൻ യേശുവിന് കഴിയുമായിരുന്നു. ഇങ്ങനെ നമുക്ക് അനുമാനിക്കാൻ കഴിയുന്നത് ജെറൂസലേമിലേക്കുള്ള തീർത്ഥാടനത്തിന് ശേഷം തിരിച്ചു വരുന്ന യാത്രയിൽ, യേശുവിന്‍റെ  മാതാപിതാക്കളുടെ കൂടെ യേശു ഇല്ലായിരിന്നിട്ടും അവര്‍ ശാന്തരായായിരുന്നു. ഒരു മുഴുവൻ ദിവസവും യേശുവിനെ കണ്ടിരുന്നില്ല എന്നും അവർ അന്വേഷിക്കാതിരുന്നത് മറ്റുള്ളവരുമായുള്ള യേശുവിന്‍റെ സമ്പർക്കത്തിന്‍റെയും, സൗഹൃദത്തിന്‍റെയും സ്വഭാവം മാതാപിതാക്കൾക്ക് അറിയാമായിരുന്നത് കൊണ്ടുമാണെന്ന് ഫ്രാൻസിസ് പാപ്പാ ഇവിടെ പറയുന്നു. ഈ യാത്രയിൽ പലവട്ടം മറ്റുള്ളവരുടെയടുത്തേക്ക് പോകുകയും വരികയും ചെയ്തിട്ടുണ്ടാവണം. തീർത്ഥാടക സംഘത്തിന്‍റെ യാത്രയിലെ കാര്യങ്ങളിൽ അവൻ പങ്കുപറ്റുകയും ഒന്നു ചേർന്ന് പ്രവർത്തിക്കുകയും ചെയ്തിരുന്നു. അതിനാൽ തന്നെ യേശുവിന്‍റെ പ്രവർത്തനം കൊണ്ട് മാതാപിതാക്കൾക്ക് ഉറപ്പ് നൽകുന്ന രീതിയായിരുന്നു എന്ന് വിശ്വാസിക്കാം. അവന്‍റെ മാതാപിതാക്കൾ അവനിലർപ്പിച്ച വിശ്വാസം യേശുവിനെ മറ്റുള്ളവരുമായി സ്വതന്ത്ര്യത്തോടെ ഇടപഴകാനും മറ്റുള്ളവരുമൊത്ത് ഒരുമിച്ച് യാത്ര ചെയ്യാനും പഠിപ്പിക്കുന്നു. ഇവിടെ ലൂക്കാ സുവിശേഷകൻ ഉപയോഗിക്കുന്ന ഗ്രീക്ക് പദം പരിശുദ്ധ പിതാവ് നമ്മുടെ മുന്നിൽ വയ്ക്കുന്നുണ്ട്. അത് 'synodia' എന്ന വാക്കാണ്. കൂട്ടായ്മയിലുള്ള ഒരു യാത്ര എന്ന്  അതിനെ വിവർത്തനം ചെയ്താൽ ഫ്രാൻസിസ് പാപ്പയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ടതെന്ന് കരുതാവുന്ന ഒരു സംജ്ഞയാണത്. യാത്രയും കൂട്ടായ്മയും.

ക്രിസ്തീയ ജീവിതം: ഒരുമിച്ചുള്ള ഒരു യാത്ര

ക്രിസ്തീയ ജീവിതത്തെ ഒരുമിച്ചുള്ള ഒരു യാത്രയായി പാപ്പാ വിശദീകരിച്ചിട്ടുണ്ട്. കൂട്ടായ്മയിലൂടെയുള്ള ഒരു യാത്ര നമ്മെ ഒത്തിരി കാര്യങ്ങൾ പഠിപ്പിക്കും. സ്വയം അറിയാനും, മറ്റുള്ളവരെ മനസ്സിലാക്കാനും, തളർച്ചയിൽ താങ്ങാകാനും, വീഴ്ച്ചയിൽ കരം പിടിക്കാനും, പങ്കുവയ്ക്കാനും, സ്വീകരിക്കാനുമുള്ള ഒരു യാത്രയുടെ കൂട്ടായ്മ. ക്രിസ്തീയ ജീവിതം ഒരു തീർത്ഥാടനമാണെന്ന് സഭ പഠിപ്പിക്കുമ്പോൾ യേശുവിന്‍റെ ബാല യൗവനകാല ജീവിതം ഒരു തീർത്ഥാടനത്തിന്‍റെ പശ്ചാത്തലത്തിൽ വിശദീകരിച്ച് കൊണ്ട് ഒരു തീർത്ഥാടനത്തിന് ഇറങ്ങി പുറപ്പെടാന്‍ പാപ്പാ നമ്മോടു പറയാനുദ്ദേശിക്കുന്നു. ഇവിടെ  സ്വാർത്ഥതയിൽ മറ്റുള്ളവരിൽ നിന്നകന്ന് സ്വയം ഉൾവലിയുന്ന സ്വഭാവത്തെയല്ല, നമുക്ക് മാതൃകയായി നല്‍കുന്നത്. മറിച്ച് എല്ലാവരോടും കൂടെ ഒന്നിച്ച് സഞ്ചരിച്ച് ജീവിതാനുഭവങ്ങളിൽ നിന്ന് പഠിച്ചു വളരുന്ന യുവാവായ യേശുവിനെയാണ് മാതൃകയാക്കാന്‍ ആഹ്വാനം ചെയ്യുന്നത്. യുവജന സിനഡിന്‍റെ പ്രബോധനമാണെങ്കിലും ഇതിന്  സാർവ്വലൗകീകത പകരുന്ന ഒരു സത്യമാണ് സിനോദിയ " എന്ന പദം വഴി പാപ്പാ നമുക്ക് നൽകുന്നത്. ഈ ഭൂമിയിൽ തീർത്ഥാടകരായ നാം ഉൾവലിയാതെ ബന്ധങ്ങളെ മുറുകെ പിടിക്കാം. ദൈവത്തോടും, മാതാപിതാക്കളോടും, സഹോദരീ സഹോദരരോടും, കൂട്ടുകാരോടും, സഹയാത്രീകരോടുമുള്ള ബന്ധത്തിൽ നിന്ന് സ്വയം അറിയാനും മറ്റുള്ളവ പഠിക്കാനും മുന്നോട്ടുള്ള യാത്ര സുഖകരമാക്കാനും നമുക്ക് പരിശ്രമിക്കാം.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 August 2020, 10:59