തിരയുക

മരപ്പണിക്കാരനായ  യൗസേപ്പിതാവിന്‍റെ  കൂടെ തൊഴില്‍ ചെയ്യുന്ന യേശു... മരപ്പണിക്കാരനായ യൗസേപ്പിതാവിന്‍റെ കൂടെ തൊഴില്‍ ചെയ്യുന്ന യേശു... 

കുടുംബത്തിന്‍റെയും, തന്‍റെ ജനതയുടെയും ജീവിതത്തിൽ പൂർണ്ണമായി പങ്കുചേർന്ന യുവാവായ യേശു

"Christus vivit" അഥവാ "ക്രിസ്തു ജീവിക്കുന്നു”എന്ന പ്രാൻസിസ് പാപ്പായുടെ അപ്പോസ്തോലിക പ്രബോധനത്തിന്‍റെ 28ആം ഖണ്ഡികയെ അടിസ്ഥാനമാക്കിയ വിചിന്തനം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍  ന്യൂസ്

അപ്പോസ്തോലിക പ്രബോധനം

അപ്പോസ്തോലിക പ്രബോധനമെന്നത് കത്തോലിക്കാ സഭയില്‍ മാര്‍പ്പാപ്പാ പ്രസിദ്ധികരിക്കുന്ന ഔദ്യോഗിക ലേഖനങ്ങളുടെ വിവിധതരത്തിലുളള പരമ്പരകളില്‍പ്പെടുന്ന ഒരു ലേഖനമാണ്. ഇവയുടെ പ്രാധാന്യ ശൃംഖലയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ചാക്രീക ലേഖനങ്ങള്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനമാണ് അപ്പോസ്തോലിക പ്രബോധനങ്ങള്‍ക്കുളളത്.  

രണ്ടാം അദ്ധ്യായം

യേശുവിന്‍റെ യൗവനം 'കൃപാവര പൂർണ്ണത' കൈവരിക്കാനുള്ള "പരിശീലന''ത്തിന്‍റെ  കാലഘട്ടമായിരുന്നു എന്ന് രണ്ടാമത്തെ അദ്ധ്യായത്തിൽ പറയുന്നു. "യാത്ര ചെയ്യുന്ന വലിയ ഒരു സമൂഹ''ത്തിന്‍റെ ഭാഗമായി യേശു വളർന്നുവെന്ന കണ്ടെത്തലും ഇവിടെ ദർശിക്കാൻ കഴിയും. വാഗ്ദാനത്തിന്‍റെ വാഹകയായി മാറിയ പരിശുദ്ധ അമ്മയെ യുവതികൾക്കായുള്ള മാതൃകയായി ഇവിടെ ചൂണ്ടിക്കാണിക്കുന്നുമുണ്ട്. സ്വന്തം ജീവിതംദൈവത്തിനു സമർപ്പിച്ച യുവ വിശുദ്ധരുടെ നിരയിലേക്ക് കണ്ണോടിച്ചു കൊണ്ടാണ് രണ്ടാമത്തെ അദ്ധ്യായം അവസാനിക്കുന്നത്.

28. മരപ്പണിക്കാരനായ പിതാവിന്‍റെ പകരക്കാരനായ യേശു

കൗമാരത്തിലും യൗവ്വനത്തിലും യേശുവിനു  അവിടുത്തെ പിതാവിനോടുള്ള സ്നേഹം പ്രിയപുത്രനുള്ള  സ്നേഹമായിരുന്നു. പിതാവിലേക്ക് ആകൃഷ്ടനായി അവിടത്തെ കാര്യങ്ങളിൽ തൽപ്പരനായി യേശു വളർന്നുവന്നു. "ഞാൻ എന്‍റെ പിതാവിന്‍റെ കാര്യങ്ങളിൽ വ്യാപൃതനായിരിക്കണമെന്നത് നിങ്ങൾ അറിയുന്നില്ലേ? "(cf.ലൂക്കാ 2:49). എന്നാലും മാറി നിൽക്കുന്ന കൗമാരക്കാരനോ, തന്നിൽ തന്നെ മുഴുകി കഴിയുന്ന യുവാവോ  ആയിരുന്നു എന്ന് ചിന്തിക്കരുത്. തന്‍റെ കുടുംബത്തിന്‍റെയും തന്‍റെ ജനതയുടെയും ജീവിതത്തിൽ പൂർണ്ണമായി പങ്കുചേർന്ന  ഒരു യുവാവിനുള്ള  ബന്ധങ്ങളായിരുന്നു അവിടുത്തേത്. അവിടുന്ന് പിതാവിന്‍റെ തൊഴിൽ പഠിക്കുകയും പിന്നീട് ഒരു മരപ്പണിക്കാരനായ പിതാവിന്‍റെ പകരക്കാരനാവുകയും ചെയ്തു. സുവിശേഷത്തിൽ ഒരിടത്ത് യേശുവിനെ "മരപ്പണിക്കാരന്‍റെ പുത്രൻ "(മത്താ13:15) എന്നും മറ്റൊരിടത്ത് "കേവലം മരപ്പണിക്കാരൻ"  ( മർക്കോ6:3) എന്നും വിളിച്ചിട്ടുണ്ട്. മറ്റുള്ളവരോടു സ്വാഭാവികമായി ബന്ധപ്പെടുന്ന തന്‍റെ പട്ടണത്തിലെ ഒരുചെറുപ്പക്കാരനായിരുന്നു യേശു എന്ന് ഈ വിവരണം കാണിക്കുന്നു. അസാധാരണക്കാരനോ മറ്റുള്ളവരിൽ നിന്നും മാറ്റിനിർത്തപ്പെട്ടവനോ ആണെന്ന് ആരും കരുതിയില്ല. ഇതേ കാരണത്താൽ യേശു പ്രസംഗിക്കാൻ തുടങ്ങിയപ്പോൾ അവിടുത്തേക്ക് ഈ ജ്ഞാനം എവിടെനിന്ന് കിട്ടി എന്ന് ആളുകൾക്ക് സങ്കൽപ്പിക്കാൻ കഴിഞ്ഞില്ല: "ഇത് ജോസഫിന്‍റെ മകനല്ലേ?"(ലൂക്കാ.4:22). (കടപ്പാട്.പി.ഒ.സി പ്രസിദ്ധീകരണം).

ദൈവപിതാവിന്‍റെ കാര്യങ്ങളിൽ വ്യാപൃതനായി വളർന്ന യേശു

ഈ ഖണ്ഡികയിൽ ഒരു കൗമാരക്കാരനും യുവാവും എന്ന നിലയിൽ യേശുവിന്‍റെ ജീവിതത്തെ ഫ്രാൻസിസ് പാപ്പാ  വിശകലനം ചെയ്യുന്നു. യേശുവിന്‍റെ ബന്ധങ്ങളിലൂടെയാണ് പരിശുദ്ധ പിതാവ് ഇത് വിശദീകരിക്കാൻ ശ്രമിക്കുന്നത്. സ്വർഗ്ഗസ്ഥനായ പിതാവുമായുള്ള ബന്ധത്തെക്കുറിച്ചാണ് ഏറ്റവും ആദ്യം പ്രതിപാദിക്കുന്നത്.ദൈവപിതാവുമായുള്ള യേശുവിന്‍റെ ബന്ധം ഒരു പ്രിയപുത്രന്‍റെതാണ് എന്ന് പറയുമ്പോൾ യഥാർത്ഥത്തിൽ നമ്മുടെ മനസ്സിൽ മുഴങ്ങുന്ന പ്രതിധ്വനി മത്തായിയുടെ സുവിശേഷത്തിൽ യേശുവിന്‍റെ ജ്ഞാനസ്നാന നേരത്ത് “ഇവൻ എന്‍റെ പ്രിയപുത്രൻ” (മത്താ 3,17) എന്ന് ശ്രവിച്ച സ്വരമാണ്. യേശു പിതാവിന്‍റെ പ്രിയപുത്രനായി തന്നെ ജീവിച്ച് പിതാവിന്‍റെ കാര്യങ്ങളിൽ വ്യാപൃതനായി വളർന്നു വന്നു. തന്നെ അന്വേഷിച്ച് വിഷമിച്ച മാതാപിതാക്കളായ മറിയത്തോടും, യൗസേപ്പിനോടും “നിങ്ങള്‍ എന്തിനാണ്‌ എന്നെ അന്വേഷിച്ചത്‌? ഞാന്‍ എന്‍റെ പിതാവിന്‍റെ കാര്യങ്ങളില്‍ വ്യാപൃതനായിരിക്കേണ്ടതാണെന്ന്‌ നിങ്ങള്‍ അറിയുന്നില്ലേ?” (ലൂക്കാ 2:49) എന്ന് ഓർമ്മപ്പെടുത്തി ഇക്കാര്യം സൂചിപ്പിക്കാനും യേശു മറന്നില്ല. ഇങ്ങനെയൊക്കെയാണെങ്കിലും, പിതാവിന്‍റെ കാര്യങ്ങളിൽ വ്യാപൃതനായി വളർന്ന യേശു ഒരിക്കലും ഉൾവലിഞ്ഞ ഒരു ചെറുപ്പക്കാരനായിരുന്നില്ല എന്ന് പരിശുദ്ധ പിതാവ് നമ്മെ ഓർമ്മിപ്പിക്കുന്നു.

വിശുദ്ധ യൗസേപ്പിന്‍റെ തൊഴിൽശാലയിൽ മരപ്പണി പഠിച്ച യേശു

സ്വർഗ്ഗസ്ഥനായ പിതാവിന് പ്രിയപുത്രനായിരുന്നതു പോലെ തന്നെ തന്‍റെ ഭൗമീക മാതാപിതാക്കൾക്കും യേശു പ്രിയപുത്രനായിരുന്നു. കുടുംബത്തിലെ ജീവിതത്തിൽ മുഴുവനായി മുഴുകിയ യേശു തന്‍റെ പിതാവായ യൗസേപ്പിന്‍റെ തൊഴിൽശാലയിൽ പിതാവിനോടൊപ്പം മരപ്പണി പഠിക്കുകയും, പിതാവിനെ സഹായിക്കുകയും, ഒരു മരപ്പണിക്കാരനായി പിന്നീട് പിതാവിന് പകരക്കാരനാവുകയും ചെയ്തു. ഇതിന് തെളിവായി ഫ്രാൻസിസ് പാപ്പാ 'മരപ്പണിക്കാരന്‍റെ മകനെന്നു 'യേശുവിനെ മത്തായിയുടെ സുവിശേഷത്തിൽ (13,55) വിളിക്കുന്നതും, മർക്കോസിന്‍റെ സുവിശേഷത്തിൽ യേശുവിനെ മരപ്പണിക്കാരൻ (6,3) എന്ന് വിളിക്കുന്നതും ഉദ്ധരിക്കുന്നു.  

യേശുവിന്‍റെ യൗവനകാല ജീവിതം ഏതൊരു സാധാരണ യുവാവിനേയും പോലെ തന്നെയായിരുന്നു. അവന്‍റെ ബന്ധങ്ങളിൽ നിന്ന് വളരെ സാധാരണക്കാരനായ ഒരുചെറുപ്പക്കാരനെപ്പോലെ വീട്ടിലും നാട്ടിലും അറിയപ്പെട്ടിരുന്നു. കുടുംബത്തൊഴിൽ പഠിച്ച് പിതാവിനോടൊപ്പം ജോലി ചെയ്ത് ജീവിതം മുന്നോട്ടു കൊണ്ടു പോകുന്ന ഒരുചെറുപ്പക്കാരൻ. അവനിൽ ഒന്നും അസാധാരണമായവയുണ്ടായിരുന്നില്ല, ആരും അവനെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്ഥനായോ ഒറ്റയാനായോ കണ്ടിരുന്നില്ല. അതുകൊണ്ടാണ് അവരൊക്കെ യേശു പ്രസംഗിക്കാൻ തുടങ്ങി, അവന്‍റെ പ്രസംഗം കേട്ടപ്പോൾ അത്ഭുതപ്പെട്ടു പോയത്. മരപ്പണിക്കാരൻ യൗസേപ്പിന്‍റെ പുത്രന് ഈ വിജ്ഞാനം എവിടെ നിന്ന് കിട്ടിയെന്ന്! "ഇവന്‍ ആ തച്ചന്‍റെ മകനല്ലേ? മറിയമല്ലേ ഇവന്‍റെ  അമ്മ? യാക്കോബ്‌, ജോസഫ്‌, ശിമയോന്‍, യൂദാസ്‌ എന്നിവരല്ലേ ഇവന്‍റെ സഹോദരന്മാര്‍? ഇവന്‍റെ സഹോദരിമാരെല്ലാം നമ്മുടെ കൂട്ടത്തിലുണ്ടല്ലോ? പിന്നെ ഇവന്‌ ഇതെല്ലാം എവിടെനിന്ന്‌? (മത്തായി 13 : 55-56) എന്ന് ചോദിച്ച് വിസ്മയരായത്.

ബന്ധങ്ങളില്‍ വളരാന്‍ മാതൃക നല്‍കുന്ന യേശു

വളരെ സൂക്ഷ്മമായ ഒരു വായന നടത്തിയാൽ ഈ ഖണ്ഡികയിൽ ഫ്രാൻസിസ് പാപ്പാ  യൗവനം ജീവിക്കുമ്പോൾ അത്യാവശ്യം വേണ്ട ബന്ധങ്ങളെക്കുറിച്ച് യുവാക്കളോടു പറയാൻ ഉദ്ദേശിക്കുന്നത് വ്യക്തമാകും.  ബന്ധങ്ങളിൽ, അവയുടെ വളർച്ചയിൽ നാം മാതൃകയാക്കേണ്ട യേശുവിനെ ദൈവപിതാവിന്‍റെയും, മാതാപിതാക്കളുടേയും  പ്രിയപുത്രനും, തന്‍റെ സഹോദരീ സഹോദരന്മാരോടും സമീപവാസികളിലും നിന്ന് അകലം പാലിക്കാത്ത തന്‍റെ അസാധാരണത്വം സാധാരണത്വത്തിൽ ജീവിച്ച ഒരു യുവാവായി പാപ്പാ ചൂണ്ടിക്കാണിക്കുന്നു.

ദൈവവും,മാതാപിതാക്കളും,സമൂഹവും

ഒരു യുവാവിന്‍റെ രൂപീകരണ പ്രക്രിയയിൽ വളരെ പ്രധാനപ്പെട്ട മൂന്ന് ഘടകങ്ങൾ ബന്ധങ്ങളുടെ രൂപത്തിൽ പറഞ്ഞു വയ്ക്കുകയാണ് പാപ്പാ. ദൈവവും, മാതാപിതാക്കളും, സമൂഹവും. ഈ മൂന്നു തലങ്ങളിലുമുള്ള  നമ്മുടെ ആരോഗ്യപരമായ ബന്ധം നമ്മെ നമ്മുടെ യഥാർത്ഥ വിളിയെ തിരിച്ചറിയാനും ആ ദൗത്യത്തിനായി ഇറങ്ങി പുറപ്പെടുവാനും സഹായിക്കും. അതു മാത്രമല്ല നമ്മുടെ ദൗത്യനിർവ്വഹണ യാത്രയ്ക്കിടയിൽ വന്നുപോയേക്കാവുന്ന ബുദ്ധിമുട്ടുകളിൽ കുരിശിന്‍റെ ചുവട്ടിലെ അമ്മയുടെ സാന്നിധ്യംപോലെ, താൻ സ്നേഹിച്ച ശിഷ്യന്‍റെ സാമീപ്യം പോലെ ശക്തി പകരുന്ന സാന്നിധ്യമായും ഇവ നിലനിൽക്കും.  

ഈ ഖണ്ഡികയിലെ പാപ്പായുടെ വിവരണങ്ങളിൽ യേശുവിനെക്കുറിച്ച് എഴുതുന്ന ഒരു വരി പ്രത്യേകം ശ്രദ്ധയർഹിക്കുന്നു.  '...മാറി നിൽക്കുന്ന കൗമാരക്കാരനോ, തന്നിൽ തന്നെ മുഴുകി കഴിയുന്ന യുവാവോ ആയിരുന്നു എന്ന് ചിന്തിക്കരുത്.' തന്‍റെ പ്രത്യേകതകളെ തിരിച്ചറിയുമ്പോഴും യേശു ഒരിക്കലും മറ്റുള്ളവരിൽ നിന്ന് ഉൾവലിഞ്ഞില്ല, തന്നിലേക്ക് തന്നെ ഒതുങ്ങിയില്ല. നമുക്ക് ഈ മാതൃക സ്വീകരിക്കാം. നമ്മുടെ വളർച്ചയിൽ, രൂപീകരണ പ്രക്രിയയിൽ  ബന്ധങ്ങൾക്കുള്ള പ്രത്യേകിച്ച് ദൈവത്തോടും, മാതാപിതാക്കളോടും ,സമൂഹത്തോടുള്ള ബന്ധങ്ങളിൽ നിന്ന് പരിപോഷണത്തിനുള്ളവ സ്വീകരിക്കാം. ഉൾവലിയാതെ കുടുംബ, സമൂഹ ജീവിത സാഹചര്യങ്ങളിൽ പങ്കുചേരാം. നമ്മുടെ ദൗത്യം നിർവ്വഹിക്കാൻ ദൈവവുമായുള്ള ബന്ധത്തെ അനുദിനം പ്രിയപുത്രന്‍റെതു പോലെ ആഴപ്പെടുത്താം.

31 July 2020, 11:23