"ക്രിസ്തു ജീവിക്കുന്നു”ഉൾവലിയലല്ല, പുറപ്പെടലാണ് ദൗത്യം
സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
അപ്പോസ്തോലിക പ്രബോധനം
അപ്പോസ്തോലിക പ്രബോധനമെന്നത് കത്തോലിക്കാ സഭയില്‍ മാര്‍പ്പാപ്പാ പ്രസിദ്ധികരിക്കുന്ന ഔദ്യോഗിക ലേഖനങ്ങളുടെ വിവിധതരത്തിലുളള പരമ്പരകളില്‍പ്പെടുന്ന ഒരു ലേഖനമാണ്. ഇവയുടെ പ്രാധാന്യ ശൃംഖലയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ചാക്രീക ലേഖനങ്ങള്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനമാണ് അപ്പോസ്തോലിക പ്രബോധനങ്ങള്‍ക്കുളളത്.
രണ്ടാം അദ്ധ്യായം
യേശുവിന്റെ യൗവനം 'കൃപാവര പൂർണ്ണത' കൈവരിക്കാനുള്ള "പരിശീലന''ത്തിന്റെ കാലഘട്ടമായിരുന്നു എന്ന് രണ്ടാമത്തെ അദ്ധ്യായത്തിൽ പറയുന്നു. "യാത്ര ചെയ്യുന്ന വലിയ ഒരു സമൂഹ''ത്തിന്റെ ഭാഗമായി യേശു വളർന്നുവെന്ന കണ്ടെത്തലും ഇവിടെ ദർശിക്കാൻ കഴിയും. വാഗ്ദാനത്തിന്റെ വാഹകയായി മാറിയ പരിശുദ്ധ അമ്മയെ യുവതികൾക്കായുള്ള മാതൃകയായി ഇവിടെ ചൂണ്ടിക്കാണിക്കുന്നുമുണ്ട്. സ്വന്തം ജീവിതംദൈവത്തിനു സമർപ്പിച്ച യുവ വിശുദ്ധരുടെ നിരയിലേക്ക് കണ്ണോടിച്ചു കൊണ്ടാണ് രണ്ടാമത്തെ അദ്ധ്യായം അവസാനിക്കുന്നത്.
30. യേശുവിന്റെ യൗവനം നമ്മെ പഠിപ്പിക്കുന്നു
വളർന്നുവരുകയും, ജീവിത ദൗത്യം ഏറ്റെടുക്കാൻ തയ്യാറാവുകയും ചെയ്യുന്ന എല്ലാ യുവാക്കൾക്കും യേശുവിന്റെ ജീവിതത്തിന്റെ വശങ്ങൾ പ്രചോദനം നൽകുന്നുണ്ട്. ഇതിൽ താഴെ പറയുന്നവ ഉൾക്കൊള്ളുന്നു: നിത്യപിതാവിനോടുള്ള ബന്ധത്തിൽ വളരുക, കുടുംബത്തിന്റെയും, ജനങ്ങളുടെയും ഭാഗമെന്ന അവബോധത്തിലും പരിശുദ്ധാത്മാവിനാൽ നിറയാനുള്ള തുറവിയിലും വളരുക. ദൈവം നൽകുന്ന ദൗത്യം, വ്യക്തിപരമായ വിളി എന്നിവ നിർവ്വഹിക്കാൻ നയിക്കപ്പെടുക. യുവജനങ്ങൾക്കുള്ള അജപാലന പ്രവർത്തനത്തിൽ ഇതിൽ ഒന്നും അവഗണിക്കാൻ പാടില്ല. യുവജനത്തെ അവരുടെ കുടുംബങ്ങളിൽ നിന്നും, കൂടുതൽ വലിയ സമൂഹത്തിൽനിന്നും ഒറ്റപ്പെടുത്തുകയോ അവരെ തിരഞ്ഞെടുക്കപ്പെട്ട കുറച്ചു പേരായി, എല്ലാം മാലിന്യത്തിൽ നിന്നും സംരക്ഷിക്കപ്പെട്ട വരായി തീർക്കുകയോ ചെയ്യരുത്. പിന്നെയോ അവരെ ശക്തിപ്പെടുത്താൻ കഴിയുന്ന പദ്ധതികൾ നമുക്കുണ്ടാകണം. അവരോടൊപ്പം സഞ്ചരിക്കണം. മറ്റുള്ളവരുമായി ഇടപെടാൻ, ഉദാരമായ സേവനത്തിൽ, ദൗത്യത്തിൽ ഏർപ്പെടാൻ അവരെ നിർബന്ധിക്കണം. (കടപ്പാട്.പി.ഒ.സി പ്രസിദ്ധീകരണം).
ഉൾവലിയലല്ല, പുറപ്പെടലാണ് ദൗത്യം
കഴിഞ്ഞ ഖണ്ഡികകളിൽ യേശുവിന്റെ യുവത്വത്തിന്റെ പ്രത്യേകതകളെ നമ്മുടെ മുന്നിൽ നിരത്തുകയായിരുന്നു ഫ്രാൻസിസ് പാപ്പാ. സുവിശേഷങ്ങളിൽ അധികം വിവരിക്കാത്ത യേശുവിന്റെ ബാല്യകാലവും, യുവത്വവും പരിശുദ്ധ പിതാവിന്റെ കണ്ണിലൂടെ കാണുമ്പോൾ യുവാക്കൾക്ക് മാതൃകയാകുന്ന ഒരു ജീവിതമായി നമ്മുടെ മുന്നിൽ തെളിയുന്നു. നേരത്തെ വിവരിച്ച യേശുവിന്റെ കുടുംബത്തിലുള്ള ജീവിതവും ദൈവ പിതാവിനോടുള്ള ബന്ധവും, കുടുംബ ബന്ധങ്ങളും, സാമൂഹ്യബന്ധങ്ങളും തന്റെ പ്രേഷിത ഭൗത്യത്തിനായി ഒരുക്കുന്ന പരിശുദ്ധാത്മാവിന്റെ നിറസാന്നിധ്യവും യുവജനങ്ങൾക്ക് ഒരു പാഠമാണെന്ന് മുപ്പതാമത്തെ ഖണ്ഡികയിൽ പാപ്പാ പറഞ്ഞു വയ്ക്കുന്നു. ദൈവ പിതാവിനോടുള്ള ബന്ധത്തിലുള്ള വളർച്ചയും, കുടുംബത്തിന്റെയും, ഒരു ജനവിഭാഗത്തിന്റെയും ഭാഗമാണ് എന്ന ബോധ്യവും, പരിശുദ്ധാത്മാവിൽ നിറഞ്ഞ് ദൈവം തരുന്ന ദൗത്യം ഏറ്റെടുക്കാനുള്ള സന്മനസ്സും ഫ്രാൻസിസ് പാപ്പാ വിവരിക്കുന്നു.
ഒരു തരത്തിൽ യേശുവിന്റെ യുവത്വത്തിലേക്ക് നമ്മുടെ ശ്രദ്ധ തിരിച്ചത് - നമ്മുടെ വ്യക്തിപരമായ വിളിയെക്കുറിച്ച് ഒരു അവബോധം വരുത്തുവാനാണെന്ന് വേണമെങ്കിൽ പറയാം. നമ്മുടെ ജീവിതത്തിന്റെ ഭാഗമാകേണ്ട ഘടകങ്ങളാണ് ഇവയെല്ലാം. ഒരു ക്രിസ്തു ശിഷ്യൻ യേശുവിനെ അനുകരിക്കുന്നവനാണ്. തന്റെ യൗവനത്തിൽ, ദൈവഹിതം നിറവേറ്റാനുള്ള യേശുവിന്റെ രൂപീകരണ പ്രക്രിയയിൽ അവൻ കളയാതെ സൂക്ഷിച്ച ബന്ധങ്ങൾ - നമ്മുടെ ക്രിസ്തീയ പ്രേഷിതത്വത്തിനും ഏറ്റം പ്രധാനപ്പെട്ടതാണ് എന്ന് പരിശുദ്ധ പിതാവ് ഓർമ്മിപ്പിക്കുന്നു. നമ്മുടെ ക്രിസ്തു ശിഷ്യത്വത്തിന്റെ ആഴം അറിയാൻ നാം എത്രമാത്രം ഈ ബന്ധങ്ങളിലൂടെ രൂപീകൃതരായി എന്ന് മാത്രം പരിശോധിച്ചാൽ മതിയാകുമെന്ന ഓർമ്മപ്പെടുത്തലും കാണാം. അതു കൊണ്ട് തന്നെയാണ് പരിശുദ്ധ പിതാവ് മുപ്പതാം ഖണ്ഡികയുടെ അവസാനത്തിൽ യുവജനങ്ങൾക്കായുള്ള അജപാലന ദൗത്യത്തിൽ അവരുടെ രൂപീകരണത്തിന് ഏൽപ്പിക്കപ്പെട്ടവർ ഈ ബന്ധങ്ങളെ ഒന്നും അവഗണിക്കരുതെന്നും, അവരെ കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നും അകറ്റി നിറുത്തുന്ന ഒന്നാകരുതെന്നും പ്രബോധിപ്പിക്കുന്നു. ഇത് അവരെ ഒരുതരം അശുദ്ധമാകാതെ സംരക്ഷിക്കപ്പെടേണ്ട "തിരഞ്ഞെടുക്കപ്പെട്ട പ്രത്യേക വർഗ്ഗ" മാക്കും. യഥാർത്ഥത്തിലുള്ള യുവജനസംരംഭങ്ങൾ യുവജനങ്ങളുടെ ദൗത്യത്തിൽ അവരെ മറ്റുള്ളവരിലേക്കെത്തിക്കാനും, കണ്ടുമുട്ടിക്കാനും, അവരോടൊപ്പം ഔദാര്യതയോടെസേവനം ചെയ്യാനും യുവാക്കളെ ശക്തിപ്പെടുത്താൻ അനുയാത്രചെയ്യുന്നവയാവണം എന്ന് ഫ്രാൻസിസ് പാപ്പാ ചൂണ്ടിക്കാണിക്കുന്നു. ഉൾവലിയലല്ല, പുറപ്പെടലാണ് ദൗത്യം. അതിന് നമ്മുടെ ദൈവത്തോടുള്ള ബന്ധവും, കുടുംബ സമൂഹബന്ധങ്ങളും, എല്ലാം പരിശോധിച്ച് ശുദ്ധീകരിച്ച് സഹായകനായി കൂടെ നടക്കുന്ന പരിശുദ്ധാത്മാവിനോടുള്ള ബന്ധവും, യേശുവിനെന്ന പോലെ നമുക്കോരോരുത്തർക്കും പ്രധാനപ്പെട്ടത് തന്നെ എന്ന് പരിശുദ്ധ പിതാവ് പ്രബോധിപ്പിക്കുന്നു.
31. യുവജനങ്ങൾക്ക് യേശുവിൽ തങ്ങളെ തന്നെ കാണാൻ കഴിയണം
യുവജനങ്ങളെ യേശു നിങ്ങളെ അകലെ നിന്നോ പുറത്തുനിന്നോ അല്ല പഠിപ്പിക്കുന്നത്. നിങ്ങളുടെ യൗവനത്തിൽ നിന്നുകൊണ്ടാണ്, നിങ്ങളുമായി പങ്കുവയ്ക്കുന്ന യൗവനത്തിൽ നിന്നുകൊണ്ടാണ് അവിടുന്ന് പഠിപ്പിക്കുന്നത്. സുവിശേഷത്തിൽ അവതരിപ്പിക്കപ്പെട്ട യുവാവായ യേശുവിനെ പറ്റി ധ്യാനിക്കുക എന്നത് നിങ്ങളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട കാര്യമാണ്. എന്തെന്നാൽ അവിടുന്ന് യഥാർത്ഥത്തിൽ നിങ്ങളിലൊരാളായിരുന്നു. നിങ്ങളുടെ ഈ ഹൃദയങ്ങളുടെ അനേകം സവിശേഷതകളിൽ പങ്കുചേരുന്നുണ്ടായിരുന്നു. ഉദാഹരണമായി താഴെ പറയുന്നതിൽ ഇത് നാം കാണുന്നു. "യേശുവിന് നിത്യ പിതാവിൽ വ്യവസ്ഥാതീതമായ വിശ്വാസം ഉണ്ടായിരുന്നു. അവിടുന്ന് തന്റെ ശിഷ്യന്മാരുമാള്ള സൗഹൃദം സൂക്ഷിച്ചു; വിഷമസ്ഥിതിയുടെ നിമിഷങ്ങളിൽ പോലും അവരോടുള്ള വിശ്വസ്ഥതയിൽ കഴിഞ്ഞു. ഏറ്റവും ദുർബ്ബലരോട് അവിടുന്ന് അഗാധമായ സഹതാപം പ്രകടിപ്പിച്ചു. പ്രത്യേകിച്ച് ദരിദ്രരും, രോഗികളും, പാപികളും, ഒഴിവാക്കപ്പെട്ടില്ല. തന്റെ കാലഘട്ടത്തിലെ മതപരവും രാഷ്ട്രപരവുമായ അധികാരികളെ നേരിടാൻ വേണ്ടത്ര ധീരത അവിടുത്തേക്ക് ഉണ്ടായിരുന്നു. തെറ്റിദ്ധരിക്കപ്പെടുകയും, പരിത്യജിക്കപ്പെടുകയുംചെയ്യുക എന്ന് തോന്നുക എന്നത് എന്താണെന്ന് അവിടുന്ന് അറിഞ്ഞു. അവിടുന്ന് പീഡനത്തെ കുറിച്ചുള്ള ഭയം അനുഭവിച്ചു. പീഡാസഹനത്തിന്റെ ദൗർബ്ബല്യം അറിഞ്ഞു. അവിടുന്ന് ഭാവിയിലേക്ക് നോക്കി. പിതാവിന്റെ സുരക്ഷിത കരങ്ങളിൽ പരിശുദ്ധാത്മാവിന്റെ ശക്തിയിൽ സ്വയം സമർപ്പിച്ചു .എല്ലാചെറുപ്പക്കാർക്കുംയേശുവിൽ തങ്ങളെ തന്നെ കാണാൻ കഴിയും.(കടപ്പാട്.പി.ഒ.സി പ്രസിദ്ധീകരണം).
യുവജനങ്ങളിൽ യുവാവായി, യുവഹൃദയസ്പന്ദനം പേറി നടന്ന യേശുവിന്റെ ജീവിതം യുവജനങ്ങൾക്ക് മാതൃക
യുവജനങ്ങളെ യേശു പഠിപ്പിക്കുന്നത് അകലെ നിന്നു കൊണ്ടോ, പുറത്തു നിന്നു കൊണ്ടോ അല്ല എന്ന് ഈ ഖണ്ഡികയുടെ തുടക്കത്തിൽ തന്നെ ഫ്രാൻസിസ് പാപ്പാ എഴുതുന്ന ചിന്ത യഥാർത്ഥത്തിൽ മനോഹരമാണ്. നമ്മോടു ഒരുതരത്തിലും ബന്ധമില്ലാത്ത ഒരാൾ നമ്മുടെ അനുഭവങ്ങളെ അറിയാത്ത ഒരാൾ നൽകുന്ന ജീവിത തത്വവിചാരങ്ങളെ അംഗീകരിക്കാൻ പ്രത്യേകിച്ച് യുവാക്കൾക്ക് ബുദ്ധിമുട്ടാകും. എന്നാൽ യേശു തന്റെതന്നെ യുവത്വം ജീവിച്ച വിധം വഴി സ്വന്തം ജീവിതം പങ്കുവച്ച് കൊണ്ട് പഠിപ്പിക്കുന്നു എന്ന ചിന്തയും അതിനാൽ തന്നെ യുവാവായ യേശുവിനെ സുവിശേഷങ്ങൾ പങ്കുവയ്ക്കുന്നവ വായിച്ച് ധ്യാനിക്കാനാണ് പരിശുദ്ധ പിതാവിന്റെ ആഹ്വാനം.
യുവജനങ്ങളിൽ യുവാവായി, യുവഹൃദയസ്പന്ദനം പേറി നടന്ന യേശുവിന്റെ ജീവിതം ധ്യാനിച്ച് മാതൃകയാക്കാനാണ് പാപ്പാ പറയുന്നത്. സിനഡിന്റെ അവസാനം പ്രസിദ്ധീകരിച്ച പത്രികയിലെ 63 ആം ഖണ്ഡികയാണ് പരിശുദ്ധ പിതാവ് ഇവിടെ ഉദ്ധരിക്കുന്നത്. അതിൽ യുവാവായ യേശുവിനെ കുറിച്ച് പറയുന്നത് അവന്റെ പിതാവിലുള്ള ഉപാധികളില്ലാത്ത വിശ്വാസവും, പ്രതിസന്ധികളിലും വിശ്വസ്ഥത പുലർത്തിയ ശിഷ്യരുമായുള്ള സൗഹൃദവും, ദുർബ്ബലരോടുള്ള, വളരെ പ്രത്യേകമായി ദരിദ്രർ, രോഗികൾ, പാപികൾ, പുറംതള്ളപ്പെട്ടവർ തുടങ്ങിയവരോടുള്ള ആഴമായ അനുകമ്പയെക്കുറിച്ചും പറയുന്നുണ്ട്. മാത്രമല്ല അന്നത്തെ മത രാഷ്ട്രീയ അധികാരികളെ അഭിമുഖീകരിച്ച യേശുവിന്റെ ധൈര്യവും, തെറ്റിദ്ധരിക്കപ്പെട്ട് പുറം തള്ളപ്പെടുന്നതിന്റെ വേദനയും എന്തെന്ന് യേശുവിനറിയാമായിരുന്നു. യേശു സഹനത്തിന്റെ വേദനയിലൂടെയും, ബലഹീനതയിലൂടെയും കടന്നുപോയി. എന്നാൽ ഭാവിയിലേക്ക് കണ്ണ് നട്ട് പരിശുദ്ധാത്മാവിന്റെ ശക്തിയാൽ പിതാവിന്റെ സുരക്ഷിത കരങ്ങളിൽ തന്നെത്തന്നെ വിശ്വസിച്ചേല്പിച്ചവനാണ് യേശു. ഇങ്ങനെയുള്ള യേശുവിൽ തങ്ങളെ തന്നെ കണ്ടെത്താൻ ഏത് യുവാവിനും യുവതിക്കും കഴിയും. യഥാർത്ഥത്തിൽ ഫ്രാൻസിസ് പാപ്പയുടെ ഈ ആഹ്വാനം വായിക്കുന്ന ഏത് വ്യക്തിക്കും തന്റെ ജീവിതത്തിന്റെ പ്രതിഫലനം യേശുവിൽ കണ്ടെത്താൻ കഴിയുന്നില്ലേ? സുവിശേഷങ്ങളിൽ വിവരിക്കുന്ന യേശുവിന്റെ ജീവിതത്തെ നമുക്ക് ധ്യാനിക്കാം, തന്റെ ജീവിതബന്ധങ്ങളിലൂടെ അവൻ നടത്തിയ വളർച്ചയെ അനുകരിക്കാം. ബലഹീനരോടും സമൂഹത്തിലെ പുറം തള്ളിയവരോടും അവൻ എടുത്ത നിലപാടുകളെ സ്വാംശീകരിക്കാം.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: