പരസേവനോന്മുഖാഹ്വാനവുമായി പാപ്പായുടെ വീഡിയൊ സന്ദേശം!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
അപരൻറെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് സേവനം ചെയ്യുകയും ഈ ലോകത്തിൽ നാം ഒറ്റയ്ക്കല്ലെന്ന് മനസ്സിലാക്കുകയും ചെയ്യണമെന്ന് മാർപ്പാപ്പാ ഓർമ്മിപ്പിക്കുന്നു.
തൻറെ ജന്മനാടായ അർജന്തീനയിൽ കൊമൊദോറൊ ദി റിബദാബിയ രൂപത, ഇൻറർനെറ്റ് സംവിധാനത്തിൻറെ സഹായത്തോടെ സംഘടിപ്പിച്ച, “സാമൂഹ്യ സേവനത്തിലേക്കുള്ള മാറ്റം” എന്ന പ്രമേയം സ്വീകരിച്ചിരുന്ന, നാലാം ആദ്ധ്യാത്മിക പരിശീലന പരിപാടിക്ക് വെള്ളിയാഴ്ച (24/07/20) നല്കിയ വീഡിയൊ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ ഉദ്ബോധനമുള്ളത്.
പ്രാദേശിക സഭ ഈ വീഡിയൊ സന്ദേശം യൂട്യൂബ് ചാനലിലൂടെ പരസ്യപ്പെടുത്തിയിരുന്നു.
ഈ പരിശീലന പരിപാടിയുടെ വിചിന്തന പ്രമേയം ചിന്തോദ്ദീപകമാണെന്ന് പറയുന്ന പാപ്പാ അപരനെ സേവിക്കണമെന്നും ഈ ലോകത്തിൽ ഒരുവൻ തനിച്ചല്ലയെന്നും, മറ്റുള്ളവരുടെ ആവശ്യങ്ങൾ, ഭൗതികവും ആത്മീയവുമായ ആവശ്യങ്ങൾ, കണ്ടറിഞ്ഞ് നിറവേറ്റിക്കൊടുക്കണമെന്നും മനസ്സിലാക്കണം എന്നാണ് ഈ പ്രമേയം അർത്ഥമാക്കുന്നതെന്ന് വിശദീകരിക്കുന്നു.
പേരില്ലാത്ത നല്ല സമറയാക്കാരനാകാൻ യേശു നമ്മോട് ആവശ്യപ്പെടുന്നുവെന്ന് പാപ്പാ ഓർമ്മപ്പെടുത്തുന്നു.
ഹൃദയത്തുടിപ്പ് നിലനിറുത്തുകയും നല്ലവണ്ണം കാണുകയും ചെയ്യാനല്ലാതെ മറ്റൊന്നും താൻ ആവശ്യപ്പെടുന്നില്ല എന്നു പറയുന്ന പാപ്പാ ബാക്കിയെല്ലാം താനേ വരും എന്ന പ്രത്യാശ പകരുന്നു.