തിരയുക

ഫ്രാന്‍സിസ് പാപ്പാ സന്ദേശം നല്‍കുന്നു.   ഫ്രാന്‍സിസ് പാപ്പാ സന്ദേശം നല്‍കുന്നു.  

"ക്രിസ്തു ജീവിക്കുന്നു”: മുതിർന്നവർ അനുഭവങ്ങളുടെ സംഭരണശാലകൾ

"Christus vivit" അഥവാ "ക്രിസ്തു ജീവിക്കുന്നു”എന്ന പ്രാൻസിസ് പാപ്പായുടെ അപ്പോസ്തോലിക പ്രബോധനത്തിന്റെ പതിനാറാം ഖണ്ഡികയെ അടിസ്ഥാനമാക്കിയ വിചിന്തനം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

അപ്പോസ്തോലിക പ്രബോധനം

അപ്പോസ്തോലിക പ്രബോധനമെന്നത് കത്തോലിക്കാ സഭയില്‍ മാര്‍പ്പാപ്പാ പ്രസിദ്ധികരിക്കുന്ന ഔദ്യോഗിക ലേഖനങ്ങളുടെ വിവിധതരത്തിലുളള പരമ്പരകളില്‍പ്പെടുന്ന ഒരു ലേഖനമാണ്. ഇവയുടെ പ്രാധാന്യ ശൃംഖലയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ചാക്രീക ലേഖനങ്ങള്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനമാണ് അപ്പോസ്തോലിക പ്രബോധനങ്ങള്‍ക്കുളളത്.

ഒന്നാം അദ്ധ്യായം

ഒന്നാം അദ്ധ്യായത്തിൽ യുവജനങ്ങളെ പറ്റി ദൈവവചനം എന്തു പറയുന്നുവെന്ന വിവരമാണുള്ളത്. ജോസഫ്, ഗദയോൻ, സാമുവേൽ, ദാവീദ്, സോളമൻ, റൂത്ത് എന്നിവരുടെ ജീവിത സാക്ഷ്യങ്ങളിലൂടെ പഴയ നിയമം യുവജനങ്ങൾക്ക് നൽകുന്ന സന്ദേശത്തെ കുറിച്ചും 'നിത്യയൗവനയുക്തനായ യേശു നമുക്ക് നിത്യ യൗവനം നൽകാൻ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞു കൊണ്ട് പുതിയ നിയമത്തിലെ യുവതയെക്കുറിച്ചുമുള്ള കാഴ്ച്ചപ്പാടുകളിലേക്ക് പാപ്പാ നമ്മെ കൂട്ടിക്കൊണ്ട് പോകുന്നു.

16. മുതിർന്നവർ അനുഭവങ്ങളുടെ സംഭരണശാലകൾ

എന്നിരുന്നാലും "കൂടുതൽ പ്രായമുള്ളവരുടെ അധികാരത്തെ സ്വീകരിക്കാൻ " (1പത്രോ 5:5) ചെറുപ്പക്കാർ നിർബന്ധിക്കപ്പെടുന്നു മുണ്ട്. മുതിർന്നവരോടു അഗാധമായ ആദരം കാണിക്കണമെന്ന് ബൈബിൾ ഒരിക്കലും ഊന്നിപ്പറയാതിരിക്കുന്നില്ല. എന്തെന്നാൽ അവർക്ക് അനുഭവസമ്പത്തുണ്ട്. അവർ വിജയവും പരാജയവും അറിയുന്നു. ജീവിതത്തിന്റെ സന്തോഷങ്ങളും പീഡനങ്ങളും അതിന്റെ സ്വപ്നങ്ങളും മോഹഭംഗങ്ങളും അറിഞ്ഞിട്ടുണ്ട്. അവരുടെ ഹൃദയത്തിൽ, നിശ്ശബ്ദതയിൽ അനുഭവങ്ങളുടെ ഒരു സംഭരണശാലയുണ്ട്. തെറ്റുകൾ ചെയ്യാതിരിക്കാനും തെറ്റായ വാഗ്ദാനങ്ങളിൽ വിശ്വസിക്കാതിരിക്കാനും അത് പഠിപ്പിക്കുന്നു.

ചില പരിധികളെ ബഹുമാനിക്കാനും, നമ്മുടെ പ്രചോദനങ്ങളുടെ മേൽ ആധിപത്യം പുലർത്താനും ഒരു പ്രാചീന സിദ്ധൻ നമ്മോടാവശ്യപ്പെടുന്നു: "ആത്മീയ നിയന്ത്രണമുള്ളവരായിരിക്കാൻ ചെറുപ്പക്കാരെ നിർബന്ധിക്കുക" (തീത്തോ.2: 6). പ്രായക്കൂടുതലുള്ളവരായതുകൊണ്ടോ മറ്റൊരു തലമുറയിൽപ്പെട്ടവരായതുകൊണ്ടോ മാത്രം മറ്റുള്ളവരെ  വിവേകമില്ലാതെ തള്ളിക്കളയുന്നതും യുവജനരാധന നടത്തുന്നതും സഹായകരമല്ല. തങ്ങളുടെ സംഭരണശാലയിൽ നിന്ന് പുതിയ വസ്തുക്കളും പഴയ വസ്തുക്കളും  പുറത്തെടുക്കാൻ ജ്ഞാനികൾക്ക് കഴിയുമെന്ന് യേശു നമ്മോടു പറയുന്നു (മത്താ 13:52) യൗവനമുള്ള ജ്ഞാനിയായ വ്യക്തി ഭാവിയോടു തുറവിയുള്ളവനാണ്. എന്നാലും മറ്റുള്ളവരുടെ അനുഭവത്തിൽ നിന്ന് എന്തെങ്കിലും പഠിക്കാൻ കഴിവുള്ളവനുമാണ്. (കടപ്പാട്. പിഒസി പ്രസിദ്ധീകരണം)

അറിവിന്റെ തലങ്ങളിലെ ഏറ്റം വിലയുള്ള ഒരു തലത്തെക്കുറിച്ച് പ്രതിബാധിക്കുകയാണ് പരിശുദ്ധ പിതാവ് ഇവിടെ. ബൈബിളിൽ പലയിടത്തും മുതിർന്നവരോടു കാണിക്കേണ്ട ആദരവിനെക്കുറിച്ച് പറയുന്നുണ്ട് ഇതിൽ ചിലതെല്ലാം ഫ്രാൻസിസ് പാപ്പാ ഉദ്ധരിക്കുന്നുമുണ്ട്. ഈ ആദരവിന്റെ അടിസ്ഥാനമെന്തെന്ന് പറയുകയാണ് പാപ്പാ ഈ ഖണ്ഡികയിൽ. എന്താണ് ഈ ആദരവിന്റെ ആസ്ഥാനം? അനുഭവങ്ങളാണ്. അറിവിന്റെ തലങ്ങളിൽ അനുഭവം നൽകുന്ന അറിവ് അമൂല്യമായതാണ്. അക്കാര്യത്തിൽ നമ്മെക്കാൾ മുതിർന്നവർ മുന്നിൽ തന്നെയാണ്.

ജീവിതം നൽകുന്ന പാഠം ജീവിച്ച് പഠിച്ചവരാണ് മുതിർന്നവർ. ഒരു പക്ഷേ ഇന്നത്തെയും തലമുറയുടെ അത്ര സാങ്കേതിക വിവരമോ ശാസ്ത്രീയ പ്രായോഗീഗതയോ അവർക്കുണ്ടായെന്ന് വരില്ല. എങ്കിലും അവരുടെ ജീവിതാനുഭവങ്ങളിലൂടെ, അവർ കടന്നു പോയ സന്തോഷ സന്താപ ദുരിതങ്ങളും, സ്വപ്നങ്ങും അവരുടെ മോഹഭംഗങ്ങളും ഒരുമിപ്പിക്കുന്ന ഒരു സംഭരണശാലയാണ് അവരിൽ ഉള്ളതെന്ന് പാപ്പാ ചൂണ്ടിക്കാണിക്കുന്നു.

ഇവയെ യുവാക്കളുടെ ജീവിതത്തിന് ഒരു പൈതൃകസ്വത്താണെന്ന് സൂചിപ്പിക്കുകയാണ് ഫ്രാൻസിസ് പാപ്പാ. ആ അനുഭവസമ്പത്ത് നമ്മെ പലതും പഠിപ്പിക്കുന്നു. നമ്മുടെ ജീവിതവഴിയിൽ തെറ്റിപ്പോകാതിരിക്കാനും, വാഗ്ദാനങ്ങളിലെ നന്മതിന്മകൾ തിരിച്ചറിയാനും, ചെറുപ്പത്തിന്റെ ചോരത്തിളപ്പിൽ നിയന്ത്രണവും ആത്മസംയമനം പാലിക്കുന്നതിനും, ചില പരിധികൾ നന്മയാണ് എന്ന് തിരിച്ചറിയുന്നതിനും.  അതിനാൽ മുതിർന്നവരിൽ  അവരുടെ അനുഭവസമ്പത്ത് അവരെ ആദരിക്കാനുള്ള അടിസ്ഥാനമായി പാപ്പാ കാണിക്കുന്നു.

05 June 2020, 16:12