തിരയുക

ഫ്രാന്‍സിസ് പാപ്പാ പനാമയിൽ വചന സന്ദേശം നല്‍കുന്നു...  ഫ്രാന്‍സിസ് പാപ്പാ പനാമയിൽ വചന സന്ദേശം നല്‍കുന്നു...  

"ക്രിസ്തു ജീവിക്കുന്നു”:ഹൃദയത്തിന്റെ യുവത്വം

"Christus vivit" അഥവാ "ക്രിസ്തു ജീവിക്കുന്നു”എന്ന പ്രാൻസിസ് പാപ്പായുടെ അപ്പോസ്തോലിക പ്രബോധനത്തിന്റെ പതിമൂന്നാം ഖണ്ഡികയെ അടിസ്ഥാനമാക്കിയ വിചിന്തനം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

അപ്പോസ്തോലിക പ്രബോധനം

അപ്പോസ്തോലിക പ്രബോധനമെന്നത് കത്തോലിക്കാ സഭയില്‍ മാര്‍പ്പാപ്പാ പ്രസിദ്ധികരിക്കുന്ന ഔദ്യോഗിക ലേഖനങ്ങളുടെ വിവിധതരത്തിലുളള പരമ്പരകളില്‍പ്പെടുന്ന ഒരു ലേഖനമാണ്. ഇവയുടെ പ്രാധാന്യ ശൃംഖലയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ചാക്രീക ലേഖനങ്ങള്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനമാണ് അപ്പോസ്തോലിക പ്രബോധനങ്ങള്‍ക്കുളളത്.

ഒന്നാം അദ്ധ്യായം

ഒന്നാം അദ്ധ്യായത്തിൽ യുവജനങ്ങളെ പറ്റി ദൈവവചനം എന്തു പറയുന്നുവെന്ന വിവരമാണുള്ളത്. ജോസഫ്, ഗദയോൻ, സാമുവേൽ, ദാവീദ്, സോളമൻ, റൂത്ത് എന്നിവരുടെ ജീവിത സാക്ഷ്യങ്ങളിലൂടെ പഴയ നിയമം യുവജനങ്ങൾക്ക് നൽകുന്ന സന്ദേശത്തെ കുറിച്ചും 'നിത്യയൗവനയുക്തനായ യേശു നമുക്ക് നിത്യ യൗവനം നൽകാൻ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞു കൊണ്ട് പുതിയ നിയമത്തിലെ യുവതയെക്കുറിച്ചുമുള്ള കാഴ്ച്ചപ്പാടുകളിലേക്ക് പാപ്പാ നമ്മെ കൂട്ടിക്കൊണ്ട് പോകുന്നു.

13. നിത്യയൗവനമുള്ള യേശു നമുക്ക് നിത്യയൗവനമുള്ള ഹൃദയം നൽകാൻ ആഗ്രഹിക്കുന്നു. ദൈവവചനം നമ്മോടു ഇങ്ങനെ ആവശ്യപ്പെടുന്നു: "നിങ്ങൾ പുളിപ്പില്ലാത്ത പുതിയ മാവ് ആകേണ്ടതിന് പഴയ പുളിപ്പ് നീക്കിക്കളയുവിൻ" (1 കൊറി.5:7).

"പഴയ മനുഷ്യനെ" ഉരിഞ്ഞ് കളഞ്ഞ് യുവത്വമുള്ള മനുഷ്യനെ ധരിക്കുവാൻ പൗലോസ് ശ്ലീഹാ നമ്മെ ക്ഷണിക്കുന്നു.(കൊളോ 3:9 -10). “നവീകരിക്കപ്പെട്ട് കൊണ്ടിരിക്കുന്ന”(വാക്യം 10) ആ യൗവനത്തെ ധരിക്കുകയെന്നതിന്റെ അർത്ഥം വിശദ്ധീകരിച്ചുകൊണ്ട് ഇങ്ങനെ പറയുന്നു: സഹതാപം, കാരുണ്യം, വിനയം, സൗമ്യത, ക്ഷമ, എന്നിവ ധരിക്കുവിൻ. ഒരാൾക്ക് മറ്റൊരാളോടു പരിഭവമുണ്ടായാൽ പരസ്പരം ക്ഷമിച്ച് സഹിഷ്ണുതയോടെ വർദ്ധിക്കുവിൻ”. .(കൊളോ 3:12-13). ഒറ്റവാക്കിൽ പറഞ്ഞാൽ യൗവ്വനം എന്നതിന്റെ അർത്ഥം സ്നേഹിക്കാൻ കഴിവുള്ള ഹൃദയം ഉണ്ടായിരിക്കുക എന്നതാണ്. മറ്റുള്ളവരിൽ നിന്നും നമ്മെ അകറ്റി നിർത്തുന്നത് എന്തും ആത്മാവിന്റെ വാർദ്ധക്യത്തിലേക്ക് നയിക്കും. അതുകൊണ്ട് അദ്ദേഹം ഇങ്ങനെ ഉപസംഹരിക്കുന്നു " സർവ്വോപരി എല്ലാറ്റിനും കൂട്ടിയിണക്കി പരിപൂർണ്ണമായ ഐക്യത്തിൽ ബന്ധിക്കുന്ന സ്നേഹം പരിശീലിക്കുവിൻ” (കൊളോ 3:14).

ഹൃദയത്തിന്റെ യുവത്വത്തെക്കുറിച്ചാണ് പാപ്പാ ഈ ഭാഗത്ത് സംസാരിക്കുന്നത്. യുവത്വത്തിന്റെ പ്രത്യേകതകൾ പലപ്പോഴും നമ്മെ അൽഭുതപ്പെടുത്തുന്നതാണ്. അപാരമായ ഇച്ഛാശക്തിയും പ്രസരിപ്പും നിറഞ്ഞ യുവത്വവും അതിന്റെ നന്മകളും സഭയുടെ മുന്നിരയിലേക്ക് കൊണ്ടുവരാനായി പരിശ്രമിച്ച യൂവജന സിനഡിന്റെ ഈ പ്രബോധനം യുവത്വത്തെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നത് യേശുവിനെക്കുറിച്ച് തന്നെയാണ്. യേശു നൽകുന്ന വരമായി പരിശുദ്ധ പിതാവ് യുവജനങ്ങൾക്ക് മുന്നിൽ കൊണ്ടുവരുന്നത് നിത്യയൗവനമുള്ള ഹൃദയത്തെക്കുറിച്ചാണ് വിശുദ്ധ പൗലോസ് അപ്പോസ്തലനെ ഉദ്ധരിച്ച് പുതിയ മനുഷ്യനാകാനും  ജീവിതത്തിലെ പുളിപ്പുകളും, പഴയതഴക്കങ്ങളും ഉരിഞ്ഞു മാറ്റാനും ആവശ്യപ്പെടുന്ന പാപ്പാ പുതുതായി നമ്മിൽ രൂപപ്പെടുത്തേണ്ട ഹൃദയം യുവത്വപൂർണ്ണമാകാൻ ആവശ്യമായവയെയും ചൂണ്ടിക്കാണിക്കുകയാണ്. യുവത്വം സ്നേഹത്തിന്റെ വസന്തകാലമാണ്. അതിന്റെ നിറവായിരുന്നു യേശുനാഥൻ. ജീവൻ പോലും ബലികഴിക്കാൻ അവനെ പ്രേരിപ്പിച്ച ആ സ്നേഹത്തിന്റെ യുവത്വത്തിലേക്ക് വരുവാൻ വിളിക്കുകയാണ് ഫ്രാൻസിന് പാപ്പാ. പ്രത്യേകമായി യുവാക്കൾക്ക് വേണ്ടിയുള്ളതാണെങ്കിലും   ഇത് സാർവ്വത്രിക സഭയ്ക്ക് മുഴുവനായി നൽകുന്ന പ്രബോധനം എന്ന നിലയിൽ സകലർക്കുമായുള്ള ആഹ്വാനമാണ് ഈ യുവത്വമുള്ള മനുഷ്യനെ ധരിക്കുവാനായി പാപ്പാ നടത്തുന്നത്.

ഹൃദയത്തിൽ യുവത്വം കൈവരിക്കുക എന്ന് പറഞ്ഞാൽ എന്താണെന്നും വിശദീകരിക്കുന്നുണ്ടിവിടെ. സഹതാപം, കാരുണ്യം, വിനയം, സൗമ്യത, ക്ഷമ,  സഹിഷ്ണുത എന്നിവ  ധരിക്കുക എന്ന് പാപ്പാ പറയുമ്പോൾ യഥാർത്ഥത്തിൽ സ്നേഹം എന്തെന്ന് വിശദീകരിക്കുകയാണ് പരിശുദ്ധ പിതാവ് ചെയ്യുന്നത് . യഥാർത്ഥ സ്നേഹത്തെ മനസ്സിലാക്കാൻ നമ്മുടെ സ്നേഹ ബന്ധങ്ങളിൽ ഈ കാര്യങ്ങൾ അടങ്ങിയിട്ടുണ്ടോ എന്ന് പരിശോധിച്ചാൽ മാത്രം മതിയാവും. ഇവയെല്ലാം നമ്മിൽ പുളിച്ചുതുടങ്ങിയെങ്കിൽ അവ ഉരിഞ്ഞ് മാറ്റേണ്ട സമയമായി എന്ന് നമ്മൾ അറിയണം. ഇന്നത്തെ ലോകത്തിൽ ഏറ്റവും കൂടുതൽ ചൂഷണം ചെയ്യപ്പെടുന്ന വികാരമാണല്ലോ സ്നേഹം. ഇവിടെയാണ് യുവത്വമുള്ള ഹൃദയത്തിൽ സത്യമായ സ്നേഹത്തിന്റെ സൗന്ദര്യം വെളിപ്പെടുത്തുന്ന പുണ്യങ്ങളെ പാപ്പാ ചൂണ്ടിക്കാണിക്കുന്നത് . ഒന്ന് കൂടി ആഴത്തിലേക്ക് ധ്യാനിച്ചാൽ അവ യേശുവിന്റെ സ്നേഹ ജീവിതത്തിന്റെ അടയാളങ്ങളായിരുന്നു എന്ന് കാണാം. അത് കൊണ്ട് തന്നെ യേശുവിനോടു അനുരൂപരാകുവാനുള്ള ഒരു ആഹ്വാനമായി തന്നെ വേണം ഇതിനെ കണക്കാക്കാൻ.

ഈ ഭാഗത്ത് എന്നെ ആകർഷിച്ച മറ്റൊരു ചിന്ത ആത്മീയ വാർദ്ധക്യത്തെക്കുറിച്ച് പാപ്പാ എഴുതുന്നതാണ്." മറ്റുള്ളവരിൽ നിന്ന് നമ്മെ അകറ്റി നിറുത്തുന്നതെന്തും "  നമ്മെ ആത്മീയ വാർദ്ധക്യത്തിൽ എത്തിക്കും.  ഇത് ആത്മീയ യുവത്വവും ആത്മീയവാർദ്ധക്യവും തമ്മിലുള്ള  വൈരുദ്ധ്യത്തെ വരച്ചുകാട്ടുന്നു. സ്നേഹം യൗവനത്തിന്റെ മുഖമാണെങ്കിൽ അതിന്റെ മനോഹാരിത സഹതാപം, കാരുണ്യം, വിനയം, സൗമ്യത, ക്ഷമ,  സഹിഷ്ണുത എന്നിവയിലാണെങ്കിൽ ഇവ നമ്മെ ഒരിക്കലും മറ്റുള്ളവരിൽ നിന്ന് അകറ്റി നിറുത്തുകയില്ല. സ്വാർത്ഥത നിറയുമ്പോഴാണ് എല്ലാം സ്വന്തമാക്കണമെന്നും മറ്റുള്ളവരുമായുള്ള ഇടപഴലുകൾ നഷ്ടക്കണക്കുകളാവുന്നതും മതിലുകൾ കെട്ടി വളച്ചു പിടിക്കുന്നതും. എല്ലാം ലാഭങ്ങൾ മാത്രം നോക്കിയുള്ള വെറും വ്യാപാരങ്ങളാക്കി മാറ്റുന്ന ഇന്നത്തെ കമ്പോള മനസ്ഥിതി സ്നേഹ ബന്ധങ്ങളിലും എത്തിപ്പെടുമ്പോഴാണ് സ്വയം ഒറ്റപ്പെടാനും ഒറ്റപ്പെടുത്താനുമൊക്കെയുള്ള പ്രവണതകൾ നമ്മിൽ വന്നു ചേരുക.

അതു കൊണ്ട് ഹൃദയത്തിൽ യുവത്വം കാത്തുസൂക്ഷിക്കാൻ പാപ്പാ ആവശ്യപ്പെടുമ്പോൾ ആരെയും ഒഴിവാക്കാതെ ഹൃദയത്തിന്റെ  നിത്യയൗവനം കാക്കുന്ന യേശുവിന്റെ അതേ യൗവനത്തിലേക്കുള്ള വിളിയാണ് പാപ്പാ നമ്മെ ഓർമ്മിപ്പിക്കുന്നത്. പാപിയും രോഗിയും സമൂഹം തള്ളിക്കളഞ്ഞവരും ഒരുമിക്കുന്ന ഹൃദയത്തിന്റെ യൗവനം കൈവരിക്കാൻ ആവശ്യപ്പെടുന്ന പാപ്പാ അതു കൊണ്ടാണ് ഇങ്ങനെ കൂട്ടിച്ചേർക്കുന്നത് "സര്‍വ്വോപരി, എല്ലാറ്റിനെയും കൂട്ടിയിണക്കി പരിപൂര്‍ണ്ണമായ ഐക്യത്തില്‍ ബന്ധിക്കുന്ന സ്നേഹം പരിശീലിക്കുവിന്‍. (കൊളോ 3 : 14).

സ്നേഹം ഒരു കൂട്ടിയിണക്കലാണ്. പാപ്പയുടെ ഭാഷയിൽ പറഞ്ഞാൽ പാലങ്ങൾ നിർമ്മിക്കുകയാണ്. അതിൽ ഒന്നും മാറ്റി നിറുത്തപ്പെടുന്നില്ല. പരിപൂർണ്ണമായ ഐക്യം സാധ്യമാക്കുന്ന സ്നേഹത്തിന്, ഹൃദയത്തിന്റെ യൗവനത്തിന്, ആത്മീയ വാർദ്ധക്യത്തിൽ നിന്ന് മോചനം നേടാൻ  സഹതാപം, കാരുണ്യം, വിനയം, സൗമ്യത, ക്ഷമ,  സഹിഷ്ണുത എന്നിവ അനിവാര്യമാണ്. നമ്മുടെ ബന്ധങ്ങളിൽ ഇവ നമുക്ക് പരിശീലിക്കാം. ഹൃദയത്തിൽ യുവത്വം കൈവരിക്കാം.

 

22 May 2020, 16:37