തിരയുക

 റൂത്തും ബോവാസും... റൂത്തും ബോവാസും... 

ക്രിസ്തു ജീവിക്കുന്നു:യഹൂദ പെൺകുട്ടിയും, റൂത്തും

"Christus vivit" അഥവാ "ക്രിസ്തു ജീവിക്കുന്നു”എന്ന പ്രാൻസിസ് പാപ്പായുടെ അപ്പോസ്തോലിക പ്രബോധനത്തിന്റെ പതിനൊന്നാം ഖണ്ഡികയെ അടിസ്ഥാനമാക്കിയ വിചിന്തനം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

അപ്പോസ്തോലിക പ്രബോധനം

അപ്പോസ്തോലിക പ്രബോധനമെന്നത് കത്തോലിക്കാ സഭയില്‍ മാര്‍പ്പാപ്പാ പ്രസിദ്ധികരിക്കുന്ന ഔദ്യോഗിക ലേഖനങ്ങളുടെ വിവിധതരത്തിലുളള പരമ്പരകളില്‍പ്പെടുന്ന ഒരു ലേഖനമാണ്. ഇവയുടെ പ്രാധാന്യ ശൃംഖലയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ചാക്രീക ലേഖനങ്ങള്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനമാണ് അപ്പോസ്തോലിക പ്രബോധനങ്ങള്‍ക്കുളളത്.

ഒന്നാം അദ്ധ്യായം

ഒന്നാം അദ്ധ്യായത്തിൽ യുവജനങ്ങളെ പറ്റി ദൈവവചനം എന്തു പറയുന്നുവെന്ന വിവരമാണുള്ളത്. ജോസഫ്, ഗദയോൻ, സാമുവേൽ, ദാവീദ്, സോളമൻ, റൂത്ത് എന്നിവരുടെ ജീവിത സാക്ഷ്യങ്ങളിലൂടെ പഴയ നിയമം യുവജനങ്ങൾക്ക് നൽകുന്ന സന്ദേശത്തെ കുറിച്ചും 'നിത്യയൗവനയുക്തനായ യേശു നമുക്ക് നിത്യ യൗവനം നൽകാൻ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞു കൊണ്ട് പുതിയ നിയമത്തിലെ യുവതയെക്കുറിച്ചുമുള്ള കാഴ്ച്ചപ്പാടുകളിലേക്ക് പാപ്പാ നമ്മെ കൂട്ടിക്കൊണ്ട് പോകുന്നു.

11.  വിദേശീയനായ നാമാൻ എന്ന സൈന്യാധിപന്റെ  ദാസിയായിരുന്ന ഒരു യഹൂദ പെൺകുട്ടി വിശ്വാസത്തോടെ അയാളുമായി ഇടപെടുകയും അയാളുടെ രോഗം സുഖപ്പെടുകയും ചെയ്തു ( cf. 2 രാജാ 5:2-6). യുവതിയായ റൂത്ത് വിശ്വസ്ഥതയ്ക്കു മാതൃകയായിരുന്നു. അവൾ ക്ലേശങ്ങൾ സഹിക്കേണ്ടി വന്നിട്ടും ശ്വശ്രുവിന്റെയടുത്തു താമസിച്ചു.(cf റൂത്ത് 1:1-18). എന്നാലും ജീവിതത്തിൽ മുന്നേറാൻ അവൾ ധീരത കാണിച്ചു ( റൂത്ത് 4:1-17).

ഇന്ന് നാം വിചിന്തനം ചെയ്യുന്ന ക്രിസ്തു ജീവിക്കുന്നു എന്ന  ഫ്രാൻസിസ് പാപ്പായുടെ പ്രബോധനത്തിന്റെ പതിനൊന്നാം ഖണ്ഡികയിൽ തന്റെ യജമാനന്റെ കുഷ്ഠം മാറാൻ ഉപായം പറഞ്ഞു കൊടുക്കുന്ന ഒരു യഹൂദ പെൺകുട്ടിയെ കുറിച്ചും, ഭർത്താവു മരിച്ചിട്ടും ഭർതൃ മാതാവിനോപ്പം കഴിഞ്ഞ നന്മ നിറഞ്ഞ യുവതിയായ റൂത്തിനെ കുറിച്ചുമാണ്. ഈ രണ്ടു യുവതികളെ കുറിച്ച് നമ്മോടു പറഞ്ഞു കൊണ്ട് യുവത്വത്തിന്റെ നന്മകളിലെ വ്യത്യസ്ഥമായ സൗന്ദര്യത്തെ കുറിച്ച് പരിശുദ്ധ പിതാവ് നമ്മെ ഓർമ്മിപ്പിക്കുന്നു.

യഹൂദ പെൺകുട്ടി

“സിറിയാരാജാവിന്റെ സൈന്യാധിപനായിരുന്നു നാമാന്‍. രാജാവിന്‌ അവനോടു പ്രീതിയും ബഹുമാനവുമായിരുന്നു. കാരണം, അവന്‍ മുഖാന്തരം കര്‍ത്താവ്‌ സിറിയായ്‌ക്കു വിജയം നല്‍കി. ധീരനും പരാക്രമിയുമായിരുന്നെങ്കിലും അവന്‍ കുഷ്‌ഠരോഗിയായിരുന്നു. ഇസ്രായേലിനെ ആക്രമിച്ചപ്പോള്‍ സിറിയാക്കാര്‍ ഒരു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയിരുന്നു. അവള്‍ നാമാന്റെ ഭാര്യയുടെ പരിചാരികയായി. അവള്‍ തന്റെ യജമാനത്തിയോടു പറഞ്ഞു: എന്റെ യജമാനന്‍ സമരിയായിലെ പ്രവാചകന്റെ അടുത്തായിരുന്നെങ്കില്‍! അവന്‍ യജമാനന്റെ കുഷ്‌ഠം മാറ്റുമായിരുന്നു. ഇസ്രായേല്‍ക്കാരി പെണ്‍കുട്ടി പറഞ്ഞവിവരം നാമാന്‍ രാജാവിനെ അറിയിച്ചു. നാമാന്‍ രഥങ്ങളും കുതിരകളുമായി എലീഷായുടെ വീട്ടുപടിക്കല്‍ എത്തി. എലീഷാ ദൂതനെ അയച്ച്‌ അവനോടു പറഞ്ഞു: നീ ജോര്‍ദാനില്‍ പോയി ഏഴു പ്രാവശ്യം കുളിക്കുക; നീ ശുദ്ധനായി, ശരീരം പൂര്‍വ്വസ്ഥിതിയെ പ്രാപിക്കും. അങ്ങനെ, ദൈവപുരുഷന്റെ വാക്കനുസരിച്ച്‌ അവന്‍ ജോര്‍ദാനിലിറങ്ങി ഏഴുപ്രാവശ്യം മുങ്ങി. അവന്‍ സുഖം പ്രാപിച്ചു; ശരീരം ശിശുവിന്റെതു പോലെയായി. അവന്‍ ഭൃത്യന്‍മാരോടൊത്ത്‌ ദൈവപുരുഷന്റെ അടുത്തു തിരിച്ചുചെന്നു പറഞ്ഞു: ഭൂമിയില്‍ ഇസ്രായേലിന്റെതല്ലാതെ മറ്റൊരു ദൈവമില്ലെന്ന്‌ ഞാന്‍ ഇപ്പോള്‍ അറിയുന്നു“(2രാജാ 5 :1-15)

സിറിയാക്കാർ ഇസ്രയേലിനെ ആക്രമിച്ചപ്പോൾ തട്ടി കൊണ്ട് വന്ന പെൺകുട്ടിയാണ് നാമാൻ എന്ന സൈന്യാധിപന് കുഷ്ഠത്തിൽ നിന്നും സൗഖ്യം ലഭിക്കാൻ കാരണമാകുന്നത്. അവളുടെ ആ പ്രവർത്തിയിലൂടെ ഇസ്രായേലിന്റെ ദൈവമാണ് സത്യ ദൈവം എന്ന് നാമാൻ തിരിച്ചറിയുകയും അന്യ ദേവന്മാരെ ആരാധിച്ചതിൽ അനുതപിക്കുകയും ചെയ്യുന്നു. സ്വന്തം ഭവനത്തെയും, ചാർച്ചക്കാരെയും കാണാനാവാത്ത സങ്കടങ്ങളിലൂടെയും, അടിമത്തത്തിന്റെ കയപ്പനുഭവങ്ങളിലൂടെ കടന്നു പോകുമ്പോഴും ആ പെൺകുട്ടി തന്റെ ദൈവത്തിന്റെ ശക്തിയെയും മഹത്വത്തെയും അനുഭവിക്കുന്നു. ആ അനുഭവമാണ് അവളെ അങ്ങനെ പറയാൻ പ്രേരിപ്പിക്കുന്നത്. ഏതു സാഹചര്യത്തിൽ  നാമായിരുന്നാലും  വിശ്വാസത്തിന്റെ വെളിച്ചം കെട്ടുപോകാതിരിക്കുവാൻ നമുക്ക് കഴിയുമെന്ന് ഈ പെൺകുട്ടിയുടെ  ജീവിതം നമ്മെ ഓർമ്മിപ്പിക്കുന്നു. അടുത്തിരിക്കുമ്പോൾ മാത്രമല്ല അകലെയായിരിക്കുമ്പോഴും ഞാൻ നിങ്ങളുടെ ദൈവമല്ലേ എന്ന ദൈവത്തിന്റെ വചനം ഇവിടെ അന്വർത്ഥമാക്കപ്പെടുന്നു. ദൈവത്തോടു അവൾ തന്നെ സിറിയായിൽ നിന്നും  തന്റെ ജനത്തിന്റെടുത്ത് തിരികെ അയക്കാൻ പ്രാർത്ഥിച്ചുവെന്ന് വചനം രേഖപ്പെടുത്തുന്നില്ല. പക്ഷെ അവൾ  ദൈവത്തിന്റെ പ്രവാചകനെ കുറിച്ച് പറഞ്ഞ് ഇസ്രായേലിന്റെ ദൈവത്തിന്റെ ശക്തി കാണിച്ചു കൊടുക്കുന്നു.  നമ്മുടെ ജീവിതത്തിലും പ്രത്യേകിച്ച് നമ്മുടെ യുവത്വത്തിൽ നാം എത്ര മാത്രം നമ്മുടെ ദൈവത്തിനു സാക്ഷ്യം നൽകിയിരിക്കുന്നു. മരണത്തിന്റെ ഇരുളടഞ്ഞ താഴ് വരകളിലൂടെ നാം നടന്നാലും ശക്തനായ ദൈവം നമ്മോടൊപ്പമുണ്ടെന്ന വിശ്വാസം നമ്മിലുണ്ടോ എന്ന് ആത്മശോധന ചെയ്യാനുള്ള വിളിയെ കുറിച്ച് ഈ ഖണ്ഡികയിൽ പാപ്പാ വ്യക്തമാക്കിത്തരുന്നു.  

റൂത്ത്

യഹൂദ വംശചയല്ലാത്തവളും മൊവാബ്യയുമായ റൂത്തിന്റെ പേരിൽ പഴയനിയമത്തിലെ ഒരുപുസ്തകം അറിയപ്പെടുക അസാധാരണമാണ്. സുകൃതിനിയും വിശ്വസ്ഥയുമായ റൂത്തിനെ ഇസ്രയേലിന്റെ ദൈവമായ കർത്താവു സമൃദ്ധമായി അനുഗ്രഹിച്ചു. റൂത്തിന്റെ ഭർത്താവു ഒരു ഇസ്രായേൽക്കാരനായിരുന്നു. റൂത്ത് തന്റെ ഭർത്താവും, വിധവയായ അമ്മായിയമ്മ നവോമിയും ഒരുമിച്ചു മൊവാബിൽ വസിക്കുമ്പോൾ ഭർത്താവു മരിച്ചു. നവോമി ജെറുസലേമിലേക്കുത്തിരിച്ചു പോന്നപ്പോൾ റൂത്ത് തന്റെ ഭർത്താവിന്റെ ദൈവത്തോടും അമ്മായിയമ്മയോടും വിശ്വസ്ഥത പുലർത്തി കൊണ്ട് അവളോടൊപ്പം ജെറുസലേമിലേക്കു പോന്നു. ദൈവം അവളെ അനുഗ്രഹിച്ചു. വിശ്വസ്ഥതയ്ക്കു അവൾ ഒരു മാതൃകയായി തീർന്നു. അവിടെ അവൾ മരിച്ചു പോയ തന്റെ ഭർത്താവിന്റെ ബന്ധുവും സമ്പന്നനുമായ ബോവസിന്റെ ഭാര്യയായി.

വിശ്വസ്ഥതയ്ക്കു മാതൃകയായി തീർന്ന  ഒരു യുവവിധവയെ കുറിച്ചാണ് പാപ്പാ ഇവിടെ സൂചിപ്പിക്കുന്നത്. ഭർത്താവു മരിച്ചിട്ടും തന്റെ മാതാപിതാക്കളോടും ചാർച്ചക്കാരോടും കൂടെ ചെല്ലാതെ തന്റെ ഭർതൃ ഗ്രഹത്തിൽ തന്നെ വിധവയായി ജീവിക്കുവാൻ റൂത്ത് ഇഷ്ടപ്പെടുന്നു. വാർദ്ധ്യക്യത്തിൽ ആയിരിക്കുന്ന തന്റെ അമ്മായിയമ്മയെ ഉപേക്ഷിക്കാതെ അവളെ സംരക്ഷിക്കുവാൻ അദ്ധ്വാനിക്കുകയും ചെയ്യുന്നു.

“ബോവാസ്‌ പറഞ്ഞു: ഭര്‍ത്താവിന്റെ മരണത്തിനുശേഷം നീ അമ്മായിയമ്മയ്‌ക്കുവേണ്ടി ചെയ്‌തതും മാതാപിതാക്കളെയും സ്വദേശത്തെയും വിട്ട്‌ അപരിചിതരായ ജനത്തിന്റെ ഇടയില്‍ വന്നതുമെല്ലാം എനിക്ക്‌ അറിയാം. നിന്റെ പ്രവർത്തികൾക്ക് കർത്താവു പ്രതിഫലം നൽകും. നീ അഭയം പ്രാപിച്ചിരിക്കുന്ന ഇസ്രായേലിന്റെ ദൈവമായ കർത്താവു നിന്നെ സമൃദ്ധമായി അനുഗ്രഹിക്കും"(റൂത്ത്‌ 4 :11-12) വിശ്വസ്ഥതയ്ക്ക് ദൈവം വലിയ വില ന ല്‍കുന്നവനാണ്. റൂത്തിന്റെ വിശ്വസ്ഥതയ്ക്കു ദൈവം നൽകിയ സമ്മാനമാണ് ഓബദ്‌. അവളുടെ നന്മയെ കുറിച്ച് ഇസ്രായേല്‍ സ്ത്രീകള്‍ പറയുന്നു: “നിന്നെ സ്നേഹിക്കുന്നവളും ഏഴു പുത്രന്മാരെക്കാള്‍ വിലപ്പെട്ടവളുമായ നിന്റെ മരുമകളാണ്‌ അവനെ പ്രസവിച്ചത്‌. അയല്‍ക്കാരായ സ്‌ത്രീകള്‍, നവോമിക്ക്‌ ഒരു പുത്രന്‍ ജനിച്ചിരിക്കുന്നു എന്നു പറഞ്ഞ്‌ ഓബദ്‌ എന്ന്‌ അവനു പേരിട്ടു. അവന്‍ ദാവീദിന്റെ പിതാവായ ജെസ്സെയുടെ പിതാവാണ്‌”(റൂത്ത്‌ 4 :15-17) അത് വഴി അവളുടെ പേര് ദാവിന്റെ പിതാക്കന്മാരുടെ പട്ടികയിലും യേശുവിന്റെ വംശാവലിയിലും ഉൾപ്പെട്ടു. ദൈവത്തിന്റെ രക്ഷാകര പദ്ധതി സാർവ്വത്രീകമാണ് എന്നതിന്റെ സൂചന ഇതുവഴി നമുക്കു ലഭിക്കുന്നു. കുടുംബ ജീവിതത്തിലേക്ക് പ്രവേശിക്കാനിരിക്കുന്ന, പ്രവേശിച്ച എല്ലാ യുവതികൾക്കും റൂത്ത് നല്ല മാതൃകയാണ്. വിനയവും വിശ്വസ്ഥതയും ജീവിതത്തിലുണ്ടെങ്കിൽ നമ്മുടെ ചിന്തയ്ക്കതീതമായ അത്ഭുതങ്ങൾ നമ്മുടെ ജീവിതത്തിൽ ദൈവം വർഷിക്കുമെന്ന് റൂത്തിന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 May 2020, 11:49