തിരയുക

യുവജന ശക്തി... യുവജന ശക്തി... 

"ക്രിസ്തു ജീവിക്കുന്നു” -പഴയ നിയമത്തിലെ യുവജനങ്ങൾ

"ക്രിസ്തുസ് വിവിത്" അഥവാ "ക്രിസ്തു ജീവിക്കുന്നു”എന്ന പ്രാൻസിസ് പാപ്പായുടെ അപ്പോസ്തോലിക പ്രബോധനത്തിന്‍റെ 5-7 വരെയുള്ള ഭാഗങ്ങളെ അടിസ്ഥാനമാക്കിയ വിചിന്തനം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

അപ്പോസ്തോലിക പ്രബോധനം

അപ്പോസ്തോലിക പ്രബോധനമെന്നത് കത്തോലിക്കാ സഭയില്‍ മാര്‍പ്പാപ്പാ പ്രസിദ്ധികരിക്കുന്ന ഔദ്യോഗിക ലേഖനങ്ങളുടെ വിവിധതരത്തിലുളള പരമ്പരകളില്‍പ്പെടുന്ന ഒരു ലേഖനമാണ്. ഇവയുടെ പ്രാധാന്യ ശൃംഖലയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ചാക്രീക ലേഖനങ്ങള്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനമാണ് അപ്പോസ്തോലിക പ്രബോധനങ്ങള്‍ക്കുളളത്.

ഒന്നാം അദ്ധ്യായം

ഒന്നാം അദ്ധ്യായത്തിൽ യുവജനങ്ങളെ പറ്റി ദൈവവചനം എന്തു പറയുന്നുവെന്ന വിവരമാണുള്ളത്. ജോസഫ്, ഗദയോൻ, സാമുവേൽ, ദാവീദ്, സോളമൻ, റൂത്ത് എന്നിവരുടെ ജീവിത സാക്ഷ്യങ്ങളിലൂടെ പഴയ നിയമം യുവജനങ്ങൾക്ക് നൽകുന്ന സന്ദേശത്തെ കുറിച്ചും 'നിത്യയൗവനയുക്തനായ യേശു നമുക്ക് നിത്യ യൗവനം നൽകാൻ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞു കൊണ്ട് പുതിയ നിയമത്തിലെ യുവതയെക്കുറിച്ചുമുള്ള കാഴ്ചപ്പാടുകളിലേക്ക് പാപ്പാ നമ്മെ കൂട്ടിക്കൊണ്ട് പോകുന്നു.

5. വിശുദ്ധ ലിഖിതങ്ങളിലെ യുവജനങ്ങൾ

വിശുദ്ധ ലിഖിതങ്ങളിലെ സമ്പത്ത് നമുക്ക് പരിശോധിക്കാം. കാരണം അവ പലപ്പോഴും യുവജനങ്ങളെ പറ്റിയും കർത്താവ് അവരെ കണ്ടുമുട്ടാൻ എങ്ങനെ അടുത്തു ചെല്ലുന്നുവെന്നും സംസാരിക്കുന്നു.

ദൈവം യുവജനങ്ങളെ അന്വേഷിച്ചു കണ്ടെത്തുന്നുവെന്ന് പഠിപ്പിക്കാൻ ദൈവം തിരഞ്ഞെടുത്തവരെ കുറിച്ച് വിശുദ്ധ ഗ്രന്ഥത്തിൽ പരാമർശിച്ചിരിക്കുന്ന ചില വ്യക്തിത്വങ്ങളെ പാപ്പാ ഇവിടെ സൂചിപ്പിക്കുന്നു. പഴയനിയമത്തിലും, പുതിയ നിയമത്തിലും ദൈവത്തിനു വേണ്ടിയും ദൈവ ജനത്തിന് വേണ്ടിയും പ്രവർത്തിക്കുവാൻ ദൈവം തിരഞ്ഞെടുത്ത യുവജനങ്ങൾ തങ്ങളുടെ ദൗത്യം അനുകൂലവും പ്രതികൂലവുമായ സാഹചര്യങ്ങളിൽ പോലും പൂർത്തീകരിച്ചെന്നും അവരുടെ ജീവിതത്തിലും വീഴ്ച്ചകൾ സംഭവിച്ചിട്ടും അവർ ഉണർന്നെഴുറ്റെന്നും പാപ്പാ പ്രബോധിപ്പിച്ചു കൊണ്ട് അവരുടെ ജീവിതത്തിൽ നിന്നും പഠിക്കുവാൻ എല്ലാ യുവജനങ്ങളെയും പാപ്പാ ക്ഷണിക്കുന്നു. 

പഴയ നിയമത്തിൽ ജോസഫ്

6. യുവജനം ഉയർന്ന തോതിൽ പരിഗണിക്കപ്പെടാതിരുന്ന ഒരു കാലഘട്ടത്തിൽ ദൈവം അവരെ വ്യത്യസ്ഥ രീതിയിൽ കാണുന്നുവെന്ന് ചില പാഠങ്ങൾ വ്യക്തമാക്കുന്നു. ഉദാഹരണമായി ജോസഫ് ആ കുടുംബത്തിലെ ഏറ്റവും എളിയവരിൽ ഒരാളായിരുന്നു (cf.ഉൽപ്പ.37:2-3) എന്നിട്ടും ദൈവം അവനെ സ്വപ്നത്തിൽ വലിയ കാര്യങ്ങൾ കാണിച്ചു. ഏതാണ്ട് ഇരുപതു വയസ്സായപ്പോൾ സുപ്രധാന കാര്യങ്ങളിൽ അവൻ സഹോദരങ്ങളെക്കാളും ശോഭിച്ചു.(cf.ഉൽപ്പ.37-47)

യാക്കോബിന്‍റെ മക്കളിൽ ഏറ്റവും ചെറിയവനായിരുന്ന ജോസഫിനെ ദൈവം സ്വപ്നങ്ങളിലൂടെ തന്‍റെ പദ്ധതി വെളിപ്പെടുത്തി കൊടുത്തു. വെറും ഇരുപതു വയസ്സുള്ളപ്പോൾ ജോസഫ് തന്‍റെ ജ്യേഷ്ഠ സഹോദരന്മാരേക്കാൾ വലിയവനായി ഉയർത്തപ്പെടുന്നത് ദൈവത്തിന്‍റെ ഇടപെടലുകളിലൂടെയാണ്. ഈജിപ്ത്ത്  രാജ്യത്തിന്‍റെ മുഴുവൻ അധിപനാക്കി ദൈവം ജോസഫിനെ ഉയർത്തിയതിന് മുമ്പ് യുവാവായ ജോസഫ് കടന്നു പോയ കഠിന വഴികളിൽ ദൈവം മാത്രമായിരുന്നു അവനെ നയിച്ചത്. സ്വന്തം സഹോദരന്മാരുടെ അസൂയ അവനെതിരെ വധശ്രമത്തിന് പോലും കാരണമാക്കി. അനാഥനായി പൊട്ടകിണറ്റിൽ കിടന്നു കരഞ്ഞതും, അടിമയായി വിൽക്കപ്പെട്ടതും, അന്യായമായി കുറ്റം ചുമത്തി തടവറയിൽ കഴിഞ്ഞതും, അവസാനം രാജ്യത്തിന്‍റെ അധിപനായതും, ജോസഫിനെ കുറിച്ചുള്ള ദൈവത്തിന്‍റെ നിഗൂഢമായ പദ്ധതിയുടെ ഭാഗമായിരുന്നു. ദൈവം ഓരോരുത്തർക്കും സംരക്ഷണത്തിനായി, ജീവിതത്തിന്‍റെ നിലനിൽപ്പിനായി ഒരു ആയുധം സമ്മാനിക്കറുണ്ട്. ജോസഫിന്‍റെ ആയുധമായിരുന്നു സ്വപ്നങ്ങളെ കുറിച്ച് വ്യാഖ്യാനം നൽകാനുള്ള കഴിവ്. ദൈവം നൽകിയ ഈ ആയുധത്തെ വിശ്വസ്ഥതയോടെ നിര്വ്വഹിച്ചപ്പോൾ യുവാവായ ജോസഫിന്‍റെ ജീവിതം സമൃദ്ധിയുടെ നീർച്ചാലുകളുടെ അരികെ നട്ട വൃക്ഷം പോലെ ഹരിതമായിരുന്നു. ആ വൃക്ഷത്തിന്‍റെ ചുവട്ടിൽ അതിന്‍റെ വേരറുത്തു നീക്കാൻ ശ്രമിച്ചവർ പോലും വിശ്രമത്തിനെത്തുകയും അതിൽ നിന്നും ഫലം ഭക്ഷിക്കുകയും ചെയ്തു. പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന എല്ലാ യുവജനങ്ങൾക്കും ജോസഫ് എന്ന യുവാവ് പ്രകാശം നൽകുന്നു.

ഇന്ന് ലോകം തെറ്റ്ദ്ധരിക്കുന്ന അനേകം യുവജനങ്ങളുണ്ട്. അവരുടെ ബാഹ്യമായ പ്രകടനങ്ങളും, പദപ്രയോഗങ്ങളും, അവർ ധരിക്കുന്ന വേഷങ്ങൾ പോലും സമൂഹം തെറ്റായി കാണുന്നു. മുടി നീട്ടി വളർത്തുന്ന യുവാവിനെ കുറിച്ച് സ്വന്തം അമ്മയ്ക്ക് പോലും അത്ര നല്ല അഭിപ്രായം ഉണ്ടായിരുന്നില്ല കാൻസർ രോഗിയായ ഒരമ്മയ്‌ക്ക്‌ മുടി മകൻ ദാനം ചെയ്യുന്നത് വരെ. പലരുടെയും മരണത്തെ വൈകിപ്പിക്കാൻ രക്തദാനം നിർവ്വഹിച്ചു വൈകി വീട്ടിലെത്തുന്ന യുവാവിന്‍റെ നന്മ വീട്ടുകാർ തിരിച്ചറിയുന്നതും വൈകിയാണ്. എന്നാലും അത്ഭുതങ്ങൾ  പ്രവർത്തിച്ചിട്ടും അറിയപ്പെടാത്ത കുരിശടികൾ പോലെ ഇവർ അങ്ങനെ കടന്നു പോകുന്നു. അത്കൊണ്ടാണ് ഫ്രാൻസിസ് പാപ്പാ യുവജനങ്ങളുടെ ശബ്ദത്തിനു സഭ ചെവികൊടുക്കണമെന്ന് ആഹ്വാനം ചെയ്യുന്നത്.

7. യുവജനത്തിന്‍റെ നിഷ്കളങ്കത ഗിദയോൻ

മധുരം പുരട്ടിയ യാഥാർത്ഥ്യങ്ങളുമായി പൊരുത്തപ്പെടാത്ത യുവജനത്തിന്‍റെ നിഷ്കളങ്കത ഗിദയോനിൽ നാം കണ്ടുമുട്ടുന്നു. കർത്താവ് അവനോടു കൂടെയുണ്ടെന്ന് പറഞ്ഞപ്പോൾ അവൻ മറുപടി പറഞ്ഞു: "പക്ഷേ, കർത്താവു നമ്മോടു കൂടെ ഉണ്ടെങ്കിൽ ഇതെല്ലാം നമുക്ക് എന്തുകൊണ്ട് സംഭവിച്ചു?'' (ന്യായാധി.6:14)

“ഇസ്രായേല്‍ജനം കര്‍ത്താവിന്‍റെ മുന്‍പില്‍ തിന്മ ചെയ്‌തു. കര്‍ത്താവ്‌ അവരെ ഏഴു വര്‍ഷത്തേക്ക്‌ മിദിയാന്‍കാരുടെകൈയില്‍ ഏല്‍പ്പിച്ചുകൊടുത്തു.അന്നൊരിക്കല്‍ കര്‍ത്താവിന്‍റെ ദൂതന്‍ ഓഫ്രായില്‍വന്ന്‌ അബിയേസര്‍ വംശജനായ യോവാഷിന്‍റെ ഓക്കുമരത്തിന്‍കീഴില്‍ ഇരുന്നു. യോവാഷിന്‍റെ പുത്രന്‍ ഗിദെയോന്‍ മിദിയാന്‍കാര്‍ കാണാതിരിക്കാന്‍വേണ്ടി മുന്തിരിച്ചക്കില്‍ ഗോതമ്പു മെതിക്കുകയായിരുന്നു. കര്‍ത്താവിന്‍റെ ദൂതന്‍ അവനു പ്രത്യക്ഷപ്പെട്ടു പറഞ്ഞു: ധീരനും ശക്തനുമായ മനുഷ്യാ, കര്‍ത്താവ്‌ നിന്നോടുകൂടെ. ഗിദെയോന്‍ ചോദിച്ചു: പ്രഭോ, കര്‍ത്താവ്‌ ഞങ്ങളോടുകൂടെ ഉണ്ടെങ്കില്‍ എന്തുകൊണ്ടാണ്‌ ഇതെല്ലാം ഞങ്ങള്‍ക്കു സംഭവിക്കുന്നത്‌? ഈജിപ്‌തില്‍ നിന്നു കര്‍ത്താവ്‌ ഞങ്ങളെ കൊണ്ടുവന്നില്ലയോ എന്നു പറഞ്ഞുകൊണ്ട്‌ ഞങ്ങളുടെ പൂര്‍വ്വീകന്മാര്‍ വിവരിച്ചുതന്ന അവിടുത്തെ അത്ഭുത പ്രവൃത്തികള്‍ എവിടെ? എന്നാല്‍, ഇപ്പോള്‍ കര്‍ത്താവ്‌ ഞങ്ങളെ ഉപേക്ഷിച്ച്‌ മിദിയാന്‍കാരുടെ കൈയില്‍ ഏല്‍പ്പിച്ചിരിക്കുന്നു. കര്‍ത്താവ്‌ അവന്‍റെ നേരേ തിരിഞ്ഞു പറഞ്ഞു: നിന്‍റെ സര്‍വ്വശക്തിയോടും കൂടെ പോയി ഇസ്രായേല്യരെ മിദിയാന്‍കാരുടെ കൈയില്‍നിന്നു മോചിപ്പിക്കുക. ഞാനാണ്‌ നിന്നെ അയയ്‌ക്കുന്നത്‌.

ഗിദെയോന്‍ പറഞ്ഞു: അയ്യോ, കര്‍ത്താവേ! ഇസ്രായേലിനെ രക്ഷിക്കാന്‍ എനിക്കെങ്ങനെ കഴിയും? മനാസ്സെയുടെ ഗോത്രത്തില്‍ എന്‍റെ  വംശം ഏറ്റവും ദുര്‍ബ്ബലമാണ്‌. എന്‍റെ കുടുംബത്തില്‍ ഏറ്റവും നിസ്സാരനുമാണ്‌ ഞാന്‍. കര്‍ത്താവ്‌ അവനോടു പറഞ്ഞു: ഞാന്‍ നിന്നോടുകൂടെ ഉണ്ടായിരിക്കും. ഒറ്റയാളെയെന്നപോലെ മിദിയാന്‍കാരെ നീ നിഗ്രഹിക്കും. അവന്‍ പറഞ്ഞു: അവിടുന്ന്‌ എന്നില്‍ സംപ്രീതനാണെങ്കില്‍, അവിടുന്നാണ്‌ എന്നോടു സംസാരിക്കുന്നത്‌ എന്നതിന്‌ ഒരടയാളം തരണം.  ഞാന്‍ തിരിച്ചു വരുന്നതുവരെ അങ്ങ്‌ ഇവിടെനിന്നുപോകരുതേ! ഞാന്‍ എന്‍റെ കാഴ്‌ച്ച തിരുമുമ്പില്‍ കൊണ്ടുവരട്ടെ. അവിടുന്നു പറഞ്ഞു: നീ തിരിച്ചു വരുന്നതുവരെ ഞാന്‍ കാത്തിരിക്കാം. ഗിദെയോന്‍ വീട്ടില്‍പ്പോയി ഒരാട്ടിന്‍കുട്ടിയെ പാകം ചെയ്‌തു. ഒരു ഏഫാ മാവുകൊണ്ട്‌ പുളിപ്പില്ലാത്ത അപ്പവും ഉണ്ടാക്കി. മാംസം ഒരു കുട്ടയിലും, ചാറ്‌ ഒരു പാത്രത്തിലും ആക്കി ഓക്കുമരത്തിന്‍ കീഴില്‍ കൊണ്ടുവന്ന്‌ അവനു കാഴ്‌ച്ചവച്ചു.

ദൈവദൂതന്‍ പറഞ്ഞു: ഇറച്ചിയും പുളിപ്പില്ലാത്ത അപ്പവും എടുത്ത്‌ ഈ പാറമേല്‍ വയ്‌ക്കുക, ചാറ്‌ അതിന്‍മേല്‍ ഒഴിക്കുക. അവന്‍ അങ്ങനെ ചെയ്‌തു. അപ്പോള്‍ കര്‍ത്താവിന്‍റെ ദൂതന്‍ കൈയിലിരുന്ന വടിയുടെ അഗ്രംകൊണ്ട്‌ ഇറച്ചിയും പുളിപ്പില്ലാത്ത അപ്പവും തൊട്ടു. പാറയില്‍നിന്ന്‌ തീ ഉയര്‍ന്ന്‌ മാംസവും അപ്പവും ദഹിപ്പിച്ചു. ദൂതന്‍ അവന്‍റെ ദൃഷ്ടിയില്‍നിന്നു മറഞ്ഞു.

അത്‌ കര്‍ത്താവിന്‍റെ ദൂതനായിരുന്നുവെന്ന്‌ ഗിദെയോന്‌ അപ്പോള്‍ മനസ്സിലായി; അവന്‍ പറഞ്ഞു:ദൈവമായ കര്‍ത്താവേ, ഇതാ, ഞാന്‍ കര്‍ത്താവിന്‍റെ ദൂതനെ മുഖത്തോടു മുഖം കണ്ടിരിക്കുന്നു. കര്‍ത്താവ്‌ പറഞ്ഞു: സമാധാനമായിരിക്കുക, ഭയപ്പെടേണ്ടാ, നീ മരിക്കുകയില്ല. ആ രാത്രി കര്‍ത്താവ്‌ അവനോടു കല്‍പ്പിച്ചു: അവന്‍ ഉണ്ടാക്കിയിട്ടുള്ള ബാലിന്‍റെ യാഗ പീഠം ഇടിച്ചു നിരത്തുകയും അതിന്‍റെ സമീപത്തുള്ള അഷേരാ പ്രതിഷ്‌ഠവെട്ടി വീഴ്‌ത്തുകയും ചെയ്യുക.

ഗിദെയോന്‍ വേലക്കാരില്‍ പത്തുപേരെയും കൂട്ടി, പോയി കര്‍ത്താവ്‌ പറഞ്ഞതുപോലെ ചെയ്‌തു. കര്‍ത്താവിന്‍റെ ആത്മാവ് ഗിദെയോനില്‍ ആവസിച്ചു. ഗിദെയോന്‍ ദൈവത്തോടു ചോദിച്ചു: അങ്ങു പറഞ്ഞതുപോലെ ഇസ്രായേലിനെ എന്‍റെ കൈയാല്‍ അങ്ങ്‌ വീണ്ടെടുക്കുമെങ്കില്‍ ഇതാ, ആട്ടിന്‍രോമം കൊണ്ടുള്ള ഒരു വസ്‌ത്രം ഞാന്‍ കളത്തില്‍ വിരിക്കുന്നു. അതില്‍ മാത്രം മഞ്ഞു കാണപ്പെടുകയും കളം മുഴുവന്‍ ഉണങ്ങിയിരിക്കുകയും ചെയ്‌താല്‍, അങ്ങു പറഞ്ഞതുപോലെ എന്‍റെ കൈകൊണ്ട്‌ ഇസ്രായേലിനെ അങ്ങു വീണ്ടെടുക്കുമെന്ന്‌ ഞാന്‍ മനസ്സിലാക്കും. അങ്ങനെ തന്നെ സംഭവിച്ചു. അതിരാവിലെ അവന്‍ എഴുന്നേറ്റ്‌ വസ്‌ത്രം പിഴിഞ്ഞ്‌ ഒരു പാത്രം നിറയെ വെള്ളമെടുത്തു.

അപ്പോള്‍ ഗിദെയോന്‍ ദൈവത്തോടു പറഞ്ഞു: അങ്ങയുടെ കോപം എന്‍റെ നേരേ ജ്വലിക്കരുതേ! ഒരിക്കല്‍കൂടി ഞാന്‍ പറഞ്ഞുകൊള്ളട്ടെ! ഒരു പ്രാവശ്യംകൂടി രോമവസ്‌ത്രംകൊണ്ട്‌ ഞാന്‍ പരീക്ഷണം നടത്തട്ടെ. അത്‌ ഉണങ്ങിയും നിലം മുഴുവനും മഞ്ഞുതുള്ളി വീണതായും കാണട്ടെ. ദൈവം ആ രാത്രിയില്‍ അങ്ങനെതന്നെ ചെയ്‌തു. വസ്‌ത്രം മാത്രം ഉണങ്ങിയും നിലം മുഴുവനും മഞ്ഞുകൊണ്ട്‌ നനഞ്ഞുമിരുന്നു. (ന്യായാ.6:1-40) മിദിയാന്‍ ഇസ്രായേലിനു കീഴടങ്ങി. വീണ്ടും തലയുയര്‍ത്താന്‍ അവര്‍ക്കു കഴിഞ്ഞില്ല. ഗിദയോന്‍റെ കാലത്ത്‌ നാല്‍പ്പതു വര്‍ഷം ദേശത്ത്‌ ശാന്തിയുണ്ടായി." (ന്യായാ.8:27-28).

ദൈവത്തോടു തന്‍റെ ബലഹീനതയെ ഏറ്റുപറയുകയും, നിഷ്കളങ്കമായി ചോദ്യം ചോദിക്കുകയും ദൈവത്തിൽ നിന്നുള്ള ഉറപ്പ് ലഭിച്ചയുടൻ ദൈവം തന്നോടാവശ്യപ്പെട്ട കാര്യങ്ങൾ നിർവ്വഹിക്കുന്ന ഒരു യുവാവിനെയാണ് ഗിദയോനിൽ നാം കാണുന്നത്. അത് കൊണ്ടാണ് പാപ്പാ മധുരം പുരട്ടിയ യാഥാർത്ഥ്യങ്ങളുമായി പൊരുത്തപ്പെടാത്ത യുവജനത്തിന്‍റെ നിഷ്കളങ്കത ഗിദയോനിൽ നാം കണ്ടുമുട്ടുന്നു എന്ന് ചൂണ്ടിക്കാണിക്കുന്നത്. യുവജനങ്ങളുടെ ചോദ്യത്തിനു ഉത്തരം നൽകുവാൻ  ഇന്നത്തെ ലോകത്തിനു ഉത്തവാദിത്വമുണ്ട്. ലോകത്തിൽ നടക്കുന്ന സംഭവങ്ങൾ യുവജന ഹൃദയങ്ങളിൽ അനേകം ചോദ്യങ്ങളെ ജനിപ്പിക്കുമ്പോൾ അവയുടെ ഉത്തരത്തിന്‍റെ ഉറവിടം മുതിർന്നവരുടെ കരങ്ങളിലാണ്. പലപ്പോഴും അവരുടെ ചിന്തകളെ വിസ്മരിക്കുന്നതാണ് പതിവെങ്കിലും ഉത്തരം കണ്ടെത്തും വരെ അവരുടെ അന്വേഷണങ്ങൾ തുടർന്ന് കൊണ്ടേയിരിക്കുന്നു. ഗെദയോനും ദൈവത്തിന്‍റെ ദൂതനോടു സംശയത്തിന് ഉത്തരം തേടുന്നുണ്ട്. ദൈവത്തിനു യുവജനങ്ങളിൽ പ്രതീക്ഷയുണ്ട്. ഒരു ജനത്തെ രക്ഷിക്കാൻ മറ്റൊരു സൈന്യത്തോടു യുദ്ധം ചെയ്യാൻ മാത്രം കഴിവുള്ളവരെ ദൈവം മരത്തണലിൽ ആരും കാണാതെ ഭയന്നിരിക്കാൻ ഒളിച്ചിരിക്കാൻ അനുവദിക്കുകയില്ല. നമ്മുടെ ബലഹീനതകളിൽ നിന്നും ദൈവം നമ്മെ ബലപ്പെടുത്തുന്നു എന്ന് ഓരോ യുവാവും, യുവതിയും അറിയണമെന്ന സൂചനയും ഗെദയോന്‍റെ ജീവിതം നമുക്ക് കാണിച്ചു തരുന്നു. അതുകൊണ്ട് അത്ഭുതപ്പെടുത്തുന്ന, നമ്മെ കൊണ്ട് സാധിക്കുമോ എന്ന് ചിന്തിപ്പിക്കുന്ന വെല്ലുവിളികളുടെ മുന്നിൽ ദൈവത്തിന്‍റെ ശക്തമായ കരുത്തുള്ള കരബലത്തിൽ നമ്മെ സമർപ്പിച്ച് യുവത്വത്തിന്‍റെ നന്മകളെ ലോകത്തിനു നൽകാൻ നമുക്ക് പരിശ്രമിക്കാം.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 April 2020, 13:54