തിരയുക

ഉത്ഥിതനും മേരി മഗ്ദലനെയും... ഉത്ഥിതനും മേരി മഗ്ദലനെയും... 

ക്രിസ്തു ജീവിക്കുന്നു: ക്രിസ്തു നിങ്ങളെ വിളിക്കുന്നു

"ക്രിസ്തുസ് വിവിത്" എന്ന പ്രാൻസിസ് പാപ്പായുടെ അപ്പോസ്തോലിക പ്രബോധനത്തിന്‍റെ 1-4 വരെയുള്ള ഭാഗങ്ങളെ അടിസ്ഥാനമാക്കിയ വിചിന്തനം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

1. ക്രിസ്തു ജീവിക്കുന്നു!

ക്രിസ്തു ജീവിക്കുന്നു! അവിടുന്ന് നമ്മുടെ പ്രത്യാശയാണ്. വിസ്മയനീയമായ രീതിയിൽ അവിടന്ന് നമ്മുടെ ലോകത്തിന് യുവത്വം പ്രദാനം ചെയ്യുന്നു. അവിടന്ന് തൊടുന്നതെല്ലാം യൗവനമുള്ളതും, പുതിയതും, ജീവൻ നിറഞ്ഞതുമാകുന്നു. അതുകൊണ്ട് ഓരോ യുവ ക്രൈസ്തവനോടും ഞാൻ പറയാൻ ആഗ്രഹിക്കുന്ന ആദ്യ വാക്കുകൾ ഇവയാണ്: ക്രിസ്തു ജീവിക്കുന്നു. നിങ്ങൾ ജീവനുള്ളവരായിരിക്കാൻ അവിടുന്ന് ആഗ്രഹിക്കുന്നു!

നിത്യ യുവാവായ ക്രിസ്തു ഭൂമിയിൽ യുവത്വം പ്രദാനം ചെയ്യുന്നുവെന്ന് ആരംഭിച്ചു കൊണ്ട് ക്രിസ്തു യുവത്വത്തിന്‍റെ നന്മയോടും, ശക്തിയോടും നമ്മിൽ ജീവിക്കുന്നുവെന്ന് പാപ്പാ പ്രബോധിപ്പിക്കുന്നു. ക്രിസ്തു തൊടുന്നതെല്ലാം യൗവനമുള്ളതും, പുതുമ നിറഞ്ഞതും ജീവന്‍റെ തുടിപ്പുള്ളതാണെന്ന് പാപ്പാ നമ്മെ ഓർമ്മിപ്പിക്കുന്നു. എങ്ങനെയാണ് ക്രിസ്തു തൊടുന്നതെല്ലാം   യൗവനമുള്ളതായി രൂപപ്പെടുന്നത്? റൂമി എന്ന സാധകൻ പറയുന്നത് "ക്രിസ്തു പറഞ്ഞതും, ചെയ്തതുമലല്ല അത്ഭുതം.കിസ്തു തന്നെയാണ് അത്ഭുതമെന്നാണ്." ക്രിസ്തുവെന്ന അത്ഭുതത്തിന്‍റെ കൃപയെന്നത് ഈ യൗവനം തന്നെയാണ്. പുതിയ സ്നേഹം, പുതുവീഞ്ഞ്, പുതുജീവൻ ഇങ്ങനെ ക്രിസ്തുവിന്‍റെ പുതുമയിൽ പങ്കുചേരുമ്പോൾ ക്രിസ്തു പ്രദാനം ചെയ്യുന്ന യുവത്വത്തിലേക്ക് നമുക്ക് പ്രവേശിക്കാനാകും. അവിടെ ക്രിസ്തു മരിച്ചവനായിട്ടല്ല ഉത്ഥിതനായി നമ്മുടെ ജീവിതതീരത്ത് പ്രാതൽ ഒരുക്കി കാത്തിരിക്കുന്ന യുവാവായ ക്രിസ്തുവിനെ നമുക്ക് കണ്ടെത്താൻ കഴിയും.

2. ക്രിസ്തു നിങ്ങളെ വിളിക്കുന്നു

അവിടുന്ന് നിങ്ങളിലുണ്ട്. അവിടുന്ന് നിങ്ങളോടു കൂടെയുണ്ട്. അവിടുന്ന് ഒരിക്കലും നിങ്ങളെ ഉപേക്ഷിക്കുകയില്ല. നിങ്ങൾ എത്ര അകലെ ചുറ്റിത്തിരിഞ്ഞാലും, ഉത്ഥിതനായ അവിടുന്ന് എപ്പോഴും അവിടെയുണ്ട്. അവിടന്ന് നിങ്ങളെ വിളിക്കുന്നു. തന്നിലേക്ക് തിരിച്ചുവരാനും പുതുതായി തുടങ്ങാനും അവിടുന്ന് നിങ്ങളെ കാത്തിരിക്കുന്നു. യുവ ജനങ്ങളെ, നിങ്ങൾ ദുഃഖംകൊണ്ടോ, വിരോധംകൊണ്ടോ, ഭയംകൊണ്ടോ, സംശയം കൊണ്ടോ വാർദ്ധക്യത്തിലേക്ക് നീങ്ങുമ്പോൾ ശക്തിയും പ്രത്യാശയും വീണ്ടെടുക്കാൻ അവിടുന്ന് എപ്പോഴും അവിടെ ഉണ്ടായിരിക്കും.

നാം എത്ര അകന്നാലും അത്രത്തോളം നമ്മുടെ അടുത്തിരിക്കുന്നവനാണ് ക്രിസ്തു .ദൈവം തന്നെ നമ്മോടു ചോദിക്കുന്നു." അടുത്തിരിക്കുമ്പോൾ മാത്രമാണോ; അകലെയായിരിക്കുമ്പോഴും ഞാൻ നിങ്ങളുടെ ദൈവമല്ലേ?എന്ന്.  അതേ, എത്ര അകന്നാലും നമ്മെ വിടാതെ പിന്തുടരുന്ന സ്വർഗ്ഗത്തിലെ വേട്ട പട്ടിയാണെന്ന് ഫ്രാൻസിസ് തോംസൺ എന്ന കവി പറയുന്നത് പോലെ ദൈവം നമ്മെ ഒരിക്കലും ഉപേക്ഷിക്കുകയില്ലെന്ന് പാപ്പാ നമ്മെ  ഓർമ്മിപ്പിക്കുന്നു. യുവജനങ്ങളെ എന്ന് അഭിസംബോധന ചെയ്തു കൊണ്ട് ദുഃഖം ,വിരോധം, ഭയം, സംശയം എന്നിവ മൂലം വാർദ്ധ്യക്യത്തിലേക്ക് നീങ്ങുമ്പോൾ പ്രത്യാശ നൽകുന്ന ശക്തിയായി നമ്മുടെ ജീവിത സായാഹ്നത്തിലും ക്രിസ്തു ജീവിക്കുന്നവനായി നമ്മോടൊപ്പമുണ്ടാക്കുമെന്ന് പാപ്പാ പറയുന്നു.

3. യുവജനത്തെക്കുറിച്ചും യുവജനത്തിനു വേണ്ടിയും ചിന്തിക്കാം

എല്ലാ ക്രൈസ്തവ യുവജനങ്ങൾക്കുമായി ഈ അപ്പോസ്തലീകാ ഹ്വാനം വലിയ വാത്സല്യത്തോടെ ഞാൻ നൽകുന്നു. നമ്മുടെ വിശ്വാസത്തിൽ നിന്നു ജനിക്കുന്ന ചില ഉത്തമ ബോധ്യങ്ങളെക്കുറിച്ച് നിങ്ങളെ ഓർമ്മിപ്പിക്കാനും അതേ സമയം വിശുദ്ധിയിലും നിങ്ങളുടെ വ്യക്തിപരമായ ദൈവവിളിയോടുള്ള സമർപ്പണത്തിലും നിങ്ങളെ പ്രോൽസാഹിപ്പിക്കാനും ഉദ്ദേശിക്കുന്നു. എന്നാൽ ഇത് സിനഡ് പ്രക്രിയയുടെ ഒരു ഭാഗം കൂടിയാകയാൽ ഈ സന്ദേശം മുഴുവൻ ദൈവജനത്തിനും കൂടി, അജപാലകർക്കും വിശ്വാസികൾക്കും ഒന്നുപോലെ നൽകുന്നു. എന്തെന്നാൽ നമ്മൾ എല്ലാവരും യുവജനത്തെക്കുറിച്ചും യുവജനത്തിനു വേണ്ടിയും ചിന്തിക്കാൻ വെല്ലുവിളിക്കപ്പെടുകയും, നിർബന്ധിക്കപ്പെടുകയും ചെയ്യുന്നു. തത്ഫലമായി, ഞാൻ ചിലയിടങ്ങളിൽ യുവജനത്തോടു നേരിട്ടു സംസാരിക്കും; മറ്റു സ്ഥലങ്ങളിൽ സഭയുടെ തിരിച്ചറിയലിനുവേണ്ടിയുള്ള കൂടുതൽ പൊതുവായ ചിന്തകൾ നിർദ്ദേശിക്കും.

വളരെ പൈതൃകമായ വാൽസല്യത്തോടെയാണ് പാപ്പ ഇവിടെ യുവജനങ്ങളെ സമീപിക്കുന്നത്. രണ്ടു കാര്യങ്ങളാണ് ഇവിടെ പാപ്പാ അവരോടു തന്‍റെ ഉദ്ദേശത്തെക്കുറിച്ചു പറയുന്നത്. യുവജനങ്ങളാണ് സഭയുടെ വർത്തമാനവും ഭാവിയും എന്ന് പരിപൂർണ്ണ വിശ്വാസമുള്ള ഫ്രാൻസിസ് പാപ്പാ വിശ്വാസത്തിൽ നിന്ന് ഉയരുന്ന ഉത്തമ ബോധ്യങ്ങളെ അവരെ ഓർപ്പിക്കുകയാണ് തന്‍റെ പ്രഥമലക്ഷ്യമെന്ന് പാപ്പാ അറിയിക്കുന്നു. അതേ സമയം വിശുദ്ധിയുടെ സന്തോഷവും, അതിന്‍റെ അസാധാരണ  സാധാരണത്വത്തെക്കുറിച്ചെഴുതിയ പാപ്പാ വിശുദ്ധിയെയും അതിലേക്കുള്ള വ്യക്തിപരമായ വിളിയെയും സമർപ്പണത്തെയും കുറിച്ചു കൂടി അവരെ ഓർമിപ്പിക്കാൻ വേണ്ടിയാണ് ഈ പ്രബോധനം എന്നും കൂട്ടിച്ചേർക്കുന്നു. എന്നാൽ യുവാക്കളെ മാത്രമല്ല തന്‍റെ പ്രബോധനത്തിന്‍റെ ലക്ഷ്യം വയ്കുക.  മുഴുവൻ ദൈവജനവും, അജപാലകരും ഉൾപ്പെട്ട വിശ്വാസ സമൂഹം ഒന്നാകെ തന്‍റെ ലക്ഷ്യമാണ് എന്ന് എഴുതുന്നു. കാരണം ഇത് സഭയുടെ തന്നെ വെല്ലുവിളിയാണ്.  സഭയിലെ യുവ ജനങ്ങളെ   മുഖ്യധാരയിൽ കൊണ്ടുവരാനുള്ള വെല്ലുവിളിയിൽ സകലരും കൈകോർക്കേണ്ടതിന് ആവശ്യകത തിരിച്ചറിച്ചറിഞ്ഞ് അംഗീകരിക്കയാണ് പരിശുദ്ധ പിതാവ്. അതിനാൽ  മുഖ്യമായി യുവാക്കളോടു നേരിട്ട് സംസാരിക്കുമ്പോഴും ചിലയിടങ്ങളിൽ സഭയോടു് പൊതുവായായിരിക്കുക എന്നും പാപ്പാ പറയുന്നു

കഴിഞ്ഞവർഷത്തെ സിനഡിലുണ്ടായ പരിചിന്തനങ്ങളുടെയും സംഭാഷണങ്ങളുടേയും സമ്പന്നതയാൽ പ്രചോദിക്കപ്പെടാൻ ഞാൻ എന്നെത്തന്നെ അനുവദിച്ചു. ആ സംഭാവനകൾ എല്ലാം ഇവിടെ ഉൾപ്പെടുത്താൻ എനിക്ക് സാധ്യമല്ല. അവയെല്ലാം അവസാനത്തെ രേഖയില്‍ നിങ്ങൾക്ക് വായിക്കാം. ഏറ്റവും ശ്രദ്ധേയമെന്ന് ഞാൻ പരിഗണിച്ച നിർദ്ദേശങ്ങൾ സംഗ്രഹിക്കാൻ ഈ എഴുത്ത് എഴുതുമ്പോൾ ഞാൻ പരിശ്രമിച്ചിട്ടുണ്ട്. ഇങ്ങനെ, തങ്ങളുടെ അഭിപ്രായം സിനഡിനെ അറിയിച്ച ലോകമെങ്ങുമുള്ള വിശ്വാസികളുടെ പതിനായിരക്കണക്കിന് ശബ്ദങ്ങളുടെ  പ്രതിധ്വനിയായിരിക്കും എന്‍റെ വാക്കുകൾ. വിശ്വാസികളല്ലാത്തവരും എന്നാലും ചിന്ത പങ്കുവയ്ക്കാൻ ആഗ്രഹിച്ചവരുമായ യുവജനങ്ങളും പുതിയ ചോദ്യങ്ങൾ ചോദിക്കാൻ എന്നെ പ്രേരിപ്പിച്ച പ്രശ്നങ്ങൾ ഉന്നയിച്ചിട്ടുണ്ട്.

ഈ ഖണ്ഡികയിൽ പാപ്പാ എല്ലാ യുവജനങ്ങളെയും, വിശ്വസികളല്ലാത്തവരെയും പാപ്പാ അനുസ്മരിക്കുന്നു.  അവർ തങ്ങളുടെ ചിന്തകൾ പങ്കു വയ്ക്കാൻ ആഗ്രഹിച്ചവരും തന്നെ പുതിയ ചോദ്യങ്ങൾ ചോദിക്കുവാൻ പ്രേരിപ്പിച്ചവരായി പാപ്പാ അവരെ അനുസ്മരിക്കുന്നു. യുവജനങ്ങൾക്കായുള്ള സിനഡിൽ ഏറ്റവും പ്രധാനപ്പെട്ടതായി പാപ്പായ്ക്ക് ബോധ്യമായ നിർദേശങ്ങൾ ഈ പ്രബോധനത്തിൽ പങ്കുവയ്ക്കാൻ പാപ്പാ പരിശ്രമിച്ചിട്ടുള്ളതായി പറയുന്നു. സഭയുടെ ഭാവിയും വർത്തമാനവും യുവജനങ്ങൾ എന്ന് പറഞ്ഞ പാപ്പാ പിതൃ വാത്സല്യത്തോടെയാണ് ഈ പ്രബോധനം യുവജനങ്ങൾക്കും, സഭാ മക്കൾക്കും സമർപ്പിക്കുന്നത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 April 2020, 10:59