തിരയുക

Vatican News
ഉത്ഥിതനായി ജീവിക്കുന്ന ക്രിസ്തു... ഉത്ഥിതനായി ജീവിക്കുന്ന ക്രിസ്തു... 

ക്രിസ്തു ജീവിക്കുന്നു: യുവ പ്രവാചകനും, യുവരാജാവും

"ക്രിസ്തുസ് വിവിത്" എന്ന പ്രാൻസിസ് പാപ്പായുടെ അപ്പോസ്തോലിക പ്രബോധനത്തിന്‍റെ 8-9 വരെയുള്ള ഭാഗങ്ങളെ അടിസ്ഥാനമാക്കിയ വിചിന്തനം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

അപ്പോസ്തോലിക പ്രബോധനം

അപ്പോസ്തോലിക പ്രബോധനമെന്നത് കത്തോലിക്കാ സഭയില്‍ മാര്‍പ്പാപ്പാ പ്രസിദ്ധികരിക്കുന്ന ഔദ്യോഗിക ലേഖനങ്ങളുടെ വിവിധതരത്തിലുളള പരമ്പരകളില്‍പ്പെടുന്ന ഒരു ലേഖനമാണ്. ഇവയുടെ പ്രാധാന്യ ശൃംഖലയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ചാക്രീക ലേഖനങ്ങള്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനമാണ് അപ്പോസ്തോലിക പ്രബോധനങ്ങള്‍ക്കുളളത്.

ഒന്നാം അദ്ധ്യായം

ഒന്നാം അദ്ധ്യായത്തിൽ യുവജനങ്ങളെ പറ്റി ദൈവവചനം എന്തു പറയുന്നുവെന്ന വിവരമാണുള്ളത്. ജോസഫ്, ഗദയോൻ, സാമുവേൽ, ദാവീദ്, സോളമൻ, റൂത്ത് എന്നിവരുടെ ജീവിത സാക്ഷ്യങ്ങളിലൂടെ പഴയ നിയമം യുവജനങ്ങൾക്ക് നൽകുന്ന സന്ദേശത്തെ കുറിച്ചും 'നിത്യയൗവനയുക്തനായ യേശു നമുക്ക് നിത്യ യൗവനം നൽകാൻ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞു കൊണ്ട് പുതിയ നിയമത്തിലെ യുവതയെക്കുറിച്ചുമുള്ള കാഴ്ച്ചപ്പാടുകളിലേക്ക് പാപ്പാ നമ്മെ കൂട്ടിക്കൊണ്ട് പോകുന്നു.

സാമുവൽ പ്രവാചകൻ

8. സാമുവേൽ ഒരു കൊച്ചു കുട്ടിയായിരുന്നു. എന്നാലും കർത്താവ് അവനോടു സംസാരിച്ചു. പക്വമതിയായ ഒരാളുടെ ഉപദേശമനുസരിച്ച് അവൻ ദൈവത്തിന്റെ വിളി കേൾക്കാൻ ഹൃദയം തുറന്നു. "കർത്താവെ, പറയുക; എന്തെന്നാൽ അങ്ങയുടെ ദാസൻ ശ്രവിക്കുന്നു" (1സാമു.3:9-10). അതിന്റെ ഫലമായി അദ്ദേഹം തന്റെ രാജ്യത്തിന്റെ ചരിത്രത്തിലെ നിർണ്ണായക നിമിഷങ്ങളിൽ ഇടപെട്ട മഹാ പ്രവാചകനായി തീർന്നു. സാവൂൾ രാജാവും, ദൗത്യം ഏറ്റെടുക്കാൻ കർത്താവു വിളിച്ചപ്പോൾ യുവാവായിരിരുന്നു (cf.1സാമു.9:2)

പഴയ നിയമത്തിൽ ഇസ്രായേൽ ജനത്തിന്റെ ജീവ ചരിത്രത്തിൽ നിന്നും ഒരിക്കലും മായ്ക്കാനാവാത്ത ഒരു പ്രവാചകനായിരുന്നു സാമുവൽ. സാമുവലിന്റെ ജനനം തന്നെ പ്രാർത്ഥനയുടെ ബലത്തിൽ നിന്നും, ദൈവത്തിന്റെ കാരുണ്യത്തിൽ നിന്നും സംഭവിച്ചതായിരുന്നു. അവന്റെ അമ്മയായ ഹന്നായുടെ പ്രാർത്ഥനയുടെ കാത്തിരിപ്പിന്റെ ഫലമായിരുന്നു സാമുവൽ പ്രവാചകൻ. കുഞ്ഞുനാൾ മുതൽ ദൈവ സാനിധ്യത്തിൽ ഉറങ്ങുകയും, ഉണരുകയും അനുഗ്രഹം ലഭിച്ച സാമുവൽ ദൈവത്തിന്റെ സ്വരം കേട്ട് അവസാനം ആ സ്വരത്തെ ദൈവ ജനത്തിന്റെ മുന്നിൽ പ്രഘോഷിക്കുവാൻ വിളിക്കപ്പെടുന്നു.

സാമുവൽ സത്യസന്ധനും ദൈവത്തിന്റെ മുന്നിൽ വിനീതനും ആയിരുന്നു. ദൈവത്തിന്റെ മനസ്സറിഞ്ഞ പ്രവാചകൻ. ദൈവത്തിന്റെ മുന്നിൽ മാത്രം ശിരസ്സ് നമിച്ച പ്രവാചകൻ. “സാമുവൽ വളർന്നുവന്നു. കർത്താവ് അവനോടു കൂടെ ഉണ്ടായിരുന്നു. അവന്റെ വാക്കുകളിൽ ഒന്നും വ്യർത്ഥമാകാൻ അവിടുന്ന് ഇടവരുത്തിയില്ല“(1സാമു.3:19). യുവാവായിരിക്കുമ്പോൾ പ്രവാചകനായി ദൈവം അവനെ നിയോഗിച്ചപ്പോൾ തന്റെ ജീവിതാന്ത്യം വരെ ദൈവ ജനത്തോടു പറയാൻ ആവശ്യപ്പെട്ടത് മാത്രമാണ് സാമുവൽ പ്രവചിച്ചിരുന്നത്. സാവൂളിനെ രാജാവാക്കിയതിൽ  ഖേദിക്കുന്നു എന്ന് ദൈവം അവനോടു പറഞ്ഞപ്പോൾ രാത്രിമുഴുവൻ ദൈവത്തോടു സാമുവൽ കരഞ്ഞപേക്ഷിച്ചു. ദൈവ മനസ്സിന്റെ നോവറിഞ്ഞ സാമുവൽ പ്രഭാതത്തിനു മുമ്പേ ഉണർന്ന് സാവുളിനെ കാണാൻ എഴുന്നേറ്റ് ചെന്ന് “എന്തുകൊണ്ട്  കർത്താവിനെ അനുസരിക്കാതിരുന്നതെന്നും, കവർച്ച വസ്തുക്കളുടെ മേൽ ചാടിവീണെന്തിനാണ്” (1സാമു. 15:18) എന്ന് ഭയപ്പെടാതെ രാജാവിനോടു ചോദ്യം ചെയ്യുന്നു.

 ദൈവമാണ് നമ്മെ തിരഞ്ഞെടുത്തത്. ദൈവത്തിന്റെ മനസ്സറിയുന്ന യുവജനമായിരിക്കണമെന്ന് ദൈവം നമ്മിൽ നിന്നും ആഗ്രഹിക്കുന്നു. ഏത് ഉന്നത വ്യക്തിയാണെങ്കിലും ദൈവത്തിന് നിരക്കാത്ത പ്രവർത്തി ചെയ്യുമ്പോൾ അത് നമുക്ക് ബോധ്യപ്പെടുമ്പോൾ ദൈവം നമ്മോടു അതിനെതിരെ ശബ്ദം ഉയർത്താൻ പ്രേരിപ്പിക്കു മ്പോൾ  ദൈവത്തിന്റെ പക്ഷത്തുനിന്ന് നീതിയും സത്യവും നടപ്പിലാക്കാനുള്ള പ്രവാചക ദൗത്യം നമുക്കോരോർത്തർക്കും ഉണ്ടെന്ന ഓർമ്മപ്പെടുത്തലാണ് സാമുവൽ പ്രവാചകന്റെ ജീവിതം നമ്മോടു പറഞ്ഞു തരുന്നത്. ഔദാര്യമായി ലഭിച്ച അധികാരം, സമ്പത്ത്, കഴിവ്, സൽപേര് ഇവയെ പ്രതി, ജനത്തെ പ്രീതിപ്പെടുത്താൻ ദൈവ നീതിയെ കൈകഴുകുന്ന പീലാത്തോസ് പോലെയാണോ നാമെന്ന് പരിചിന്തനം ചെയ്യാം. യുവാവായ ക്രിസ്തുവിനെ അനുഗമിക്കുന്ന നമുക്ക് സത്യത്തിനു വേണ്ടിയുള്ള സമർപ്പണം ഏറ്റവും അത്യന്താപേക്ഷിതമാണ്. അതിനെ ഓർമ്മപ്പെടുത്തുന്നതാണ് പാപ്പയുടെ “ക്രിസ്തു വിവിത് “എന്ന ഈ പ്രബോധനം.

9. ദാവീദ് രാജാവ്

ദാവീദ് രാജാവ് ഒരു കൊച്ചു കുട്ടിയായിരുന്നപ്പോൾത്തന്നെ തിരഞ്ഞെടുക്കപ്പെട്ടവനാണ് . സാമുവേൽ പ്രവാചകൻ ഇസ്രായേലിന്റെ ഭാവി രാജാവിനെ അന്വേഷിച്ചപ്പോൾ ജെസ്സെ തന്റെ പുതന്മാരെ സ്ഥാനാർത്ഥികളാക്കി നൽകി. അവർ കൂടുതൽ പ്രായമുള്ളവരും അനുഭവജ്ഞാനമുള്ളവരുമായിരുന്നു. എന്നാൽ പ്രവാചകൻ പറഞ്ഞു, തിരഞ്ഞെടുക്കപ്പെട്ടവൻ യുവാവായ ദാവീദാണെന്ന്. ദാവീദ് ആടുകളെ മേയ്ക്കുകയായിരുന്നു. (cf. 1 സാമു 16: 6-13). " മനുഷ്യൻ ബാഹ്യ രൂപത്തിലേക്ക് നോക്കുന്നു എന്നാൽ കർത്താവ് ഹൃദയത്തെ നോക്കുന്നു" (വാക്യം. 7 ). യുവജനത്തിന്റെ മഹത്വം ശാരീരിക ശക്തിയിലോ മറ്റുള്ളവർ നൽകുന്ന മതിപ്പു ചിഹ്നത്തിലോ അല്ല; ഹൃദയത്തിലാണ് നിലകൊള്ളുന്നത്.

ഇടയനായിരുന്ന ദാവീദിനെ ഇസ്രയേലിന്റെ അതിശക്തനായ രാജാവായി ദൈവം അഭിഷേകം ചെയ്യുന്നു. ജെസ്സെയുടെ എട്ടു മക്കളിൽ ശക്തന്മാരായ മൂത്ത മക്കളെ തിരഞ്ഞെടുക്കാതെ എട്ടാമത്തെ മകനായിരുന്ന ദാവീദിനെ ദൈവം ബാലനായിരുന്നപ്പോൾ തന്നെ ഇസ്രായേൽ ജനത്തിന് രാജാവായി അഭിഷേകം ചെയ്യുന്നു. ദൈവം സാമുവലിനോടു പറയുന്നത് “മനുഷ്യൻ കാണുന്നതല്ല കർത്താവ് കാണുന്നത്. മനുഷ്യൻ ബാഹ്യ രൂപത്തിൽ ശ്രദ്ധിക്കുന്നു. കർത്താവാകട്ടെ ഹൃദയ ഭാവത്തിലും(1സാമു.16:7).

ഈ പ്രബോധനത്തിൽ പാപ്പാ യുവജനങ്ങളെ ഓർമ്മപ്പെടുത്തുന്നു; യുവത്വത്തിന്റെ മഹത്വം ഹൃദയത്തിലാണ്. മറ്റുള്ളവരുടെ പ്രശംസയിൽ അല്ല. ബാലനായിരുന്നപ്പോൾ രാജാവായി അഭിഷേകം ചെയ്യപ്പെട്ട ദാവീദ് ശക്തനായ ഗോലിയാത്തിനോടു യുദ്ധം ചെയ്യാമെന്ന് പറഞ്ഞപ്പോൾ അവനെ നേരിടാൻ നീ ശക്തനല്ല എന്നും, നീ ചെറുപ്പമല്ലേയെന്നും സാവുൾ ചോദിച്ചപ്പോൾ തന്റെ ആടുകളെ രക്ഷിക്കാൻ സിംഹത്തിന്റെയും, കരടിയുടെയും മുന്നിൽ യുദ്ധം ചെയ്യേണ്ടി വന്നപ്പോൾ അവയിൽ നിന്നും തന്നെ രക്ഷിച്ച ദൈവം, ഗോലിയാത്തിൽ  നിന്നും തന്നെ രക്ഷിക്കും എന്ന് പറഞ്ഞു ദൈവത്തിൽ തന്റെ യുവത്വത്തിന്റെ ബലത്തെ സമർപ്പിച്ച്, യുദ്ധം ചെയ്ത് വിജയിക്കുന്നു. ദാവീദിന്റെ ജീവിതത്തിലും വിജയങ്ങൾ എന്നപോലെ തന്നെ ഇടർച്ചകളും വീഴ്ച്ചകളും നിരവധി സംഭവിച്ചിട്ടുണ്ട്. എങ്കിലും ദാവീദ് ദൈവത്തിന് ഇഷ്ടപ്പെട്ട യുവാവായിരുന്നു. വീണവരെയും, വീഴ്ത്തിയവരെയും തള്ളിപ്പറയാതെ തനിക്കെതിരായി ശാപവാക്കുകൾ ഉരുവിട്ടവനോടു പോലും  ക്ഷമ നൽകിയ രാജാവായിരുന്നു ദാവീദ്. പാപ്പാ പറയുന്നതുപോലെ യുവത്വത്തിന്റെ മഹത്വം ഹൃദയത്തിലാണ് പ്രശോഭിക്കുന്നത്. മറ്റുള്ളവരുടെ വാക്കുകളിലും, ആശംസയിലും, അംഗീകാരത്തിലും, അപകീർത്തിയിലുമല്ല. ദൈവത്തിനു വേണ്ടി ജീവിക്കുന്നു, അതിനെ പ്രതി ജീവിതം സമർപ്പിക്കുന്നു. ഇതിനേക്കാൾ സുന്ദരമായ മറ്റെന്താണ് ഈ ഭൂമിയിലുള്ളത്. ദാവീദിനെ പോലെ യുവത്വത്തിന്റെ മഹത്വത്തെ ദൈവത്തിന്റെ മുന്നിൽ ആരാധനയ്ക്കായി അർപ്പിക്കുമ്പോൾ നമ്മുടെ യുവത്വത്തിൽ ചെയ്യുന്ന നന്മകളിൽ നിന്നും സുകൃതങ്ങളുടെ മുളകൾ ദൈവം പുറപ്പെടുവിക്കും.

24 April 2020, 11:07