തിരയുക

ഫ്രാൻസിസ് പാപ്പയുടെ 'ക്രിസ്തു ജീവിക്കുന്നു ' (ക്രിസ്തുസ് വിവിത്) എന്ന അപ്പോസ്തോലിക ആഹ്വാനം ഫ്രാൻസിസ് പാപ്പയുടെ 'ക്രിസ്തു ജീവിക്കുന്നു ' (ക്രിസ്തുസ് വിവിത്) എന്ന അപ്പോസ്തോലിക ആഹ്വാനം 

ക്രിസ്തു ജീവിക്കുന്നു!

ഫ്രാൻസിസ് പാപ്പാ യുവജനങ്ങൾക്ക് നല്കിയ അപ്പോസ്തോലീക ആഹ്വാനം .

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

"ക്രിസ്തു ജീവിക്കുന്നു!  അവിടുന്ന് നമ്മുടെ പ്രത്യാശയാണ് നിങ്ങൾ ജീവനുള്ളവരായിരിക്കാൻ അവിടുന്ന് ആഗ്രഹിക്കുന്നു!" എന്ന വാക്കുകളിലൂടെയാണ് ഫ്രാൻസിസ് പാപ്പാ യുവജനങ്ങൾക്ക് വേണ്ടിയുള്ള തന്‍റെ അപ്പോസ്തോലീക ആഹ്വാനം ആരംഭിക്കുന്നത്. 2018 ഒക്ടോബർ  മൂന്നു മുതൽ മുതൽ 28 വരെ  വത്തിക്കാനിൽ നടന്ന യുവജന സിനഡിന്‍റെ പശ്ചാത്തലത്തിൽ വേണം ഫ്രാൻസിസ് പാപ്പയുടെ 'ക്രിസ്തു ജീവിക്കുന്നു ' (ക്രിസ്തുസ് വിവിത്) എന്ന അപ്പോസ്തോലിക ആഹ്വാനത്തെ വീക്ഷിക്കാൻ.

2019 മാർച്ച് 25ന് പരിശുദ്ധ കന്യകാമറിയത്തിന്‍റെ മംഗളവാർത്താ തിരുനാൾ ദിനത്തിൽ ലൊറെറ്റോയിലെ  തിരുകുടുംബ ദേവാലയത്തിൽ വച്ചാണ് ഈ സിനഡാന്തര രേഖയിൽ പാപ്പാ ഒപ്പുവച്ചത്. '' യുവജനത്തിനും മുഴുവൻ ദൈവജനത്തിനു" മെന്നാണ് ഈ രേഖയിലെ സംബോധന. ഈ അപ്പോസ്തോലീക രേഖയിൽ ഒമ്പത് അദ്ധ്യായങ്ങളാണുള്ളത്. 299 ഖണ്ഡികകളും, 164 അടിക്കുറിപ്പുകളുമുണ്ട്.

ഒന്നാം അദ്ധ്യായത്തിൽ യുവജനങ്ങളെ പറ്റി ദൈവവചനം എന്തു പറയുന്നുവെന്ന വിവരമാണുള്ളത്. ജോസഫ്, ഗദയോൻ, സാമുവേൽ, ദാവീദ്, സോളമൻ, റൂത്ത് എന്നിവരുടെ ജീവിത സാക്ഷ്യങ്ങളിലൂടെ പഴയ നിയമം യുവജനങ്ങൾക്ക് നൽകുന്ന സന്ദേശത്തെ കുറിച്ചും 'നിത്യയൗവനയുക്തനായ യേശു നമുക്ക് നിത്യ യൗവനം നൽകാൻ ആഗ്രഹിക്കുന്നു' എന്നു പറഞ്ഞു കൊണ്ട് പുതിയ നിയമത്തിലെ യുവതയെക്കുറിച്ചുമുള്ള കാഴ്ചപ്പാടുകളിലേക്ക് പാപ്പാ നമ്മെ കൂട്ടിക്കൊണ്ട് പോകുന്നു.

യേശുവിന്‍റെ യൗവനം 'കൃപാവര പൂർണ്ണത' കൈവരിക്കാനുള്ള "പരിശീലന'' ത്തിന്‍റെ  കാലഘട്ടമായിരുന്നു എന്ന് രണ്ടാമത്തെ അദ്ധ്യായത്തിൽ പറയുന്നു. "യാത്ര ചെയ്യുന്ന വലിയ ഒരു സമൂഹ '' ത്തിന്‍റെ ഭാഗമായി യേശു വളർന്നുവെന്ന കണ്ടെത്തലും ഇവിടെ ദർശിക്കാൻ കഴിയും. വാഗ്ദാനത്തിന്‍റെ വാഹകയായി മാറിയ പരിശുദ്ധ അമ്മയെ യുവതികൾക്കായുള്ള മാതൃകയായി ഇവിടെ ചൂണ്ടിക്കാണിക്കുന്നുമുണ്ട്. സ്വന്തം ജീവിതം ദൈവത്തിനു സമർപ്പിച്ച യുവ വിശുദ്ധരുടെ നിരയിലേക്ക് കണ്ണോടിച്ചു കൊണ്ടാണ് രണ്ടാമത്തെ അദ്ധ്യായം അവസാനിക്കുന്നത്.

മൂന്നാമത്തെ അദ്ധ്യായം ഇന്നത്തെ യുവജനങ്ങളുടെ അവസ്ഥ വിവരിക്കുന്നു: അനേകം യുവജനങ്ങൾ പ്രത്യയശാസ്ത്രങ്ങളാൽ പിടിക്കപ്പെടുന്നു. മറ്റുള്ളവരെ നശിപ്പിക്കാനോ ഭയപ്പെടുത്താനോ പരിഹസിക്കാനോ അവരെ ഉപയോഗിക്കുന്നു. അവരിൽ അനേകർ വ്യക്തി പ്രാധാന്യവാദികളായി തീരുന്നു. മറ്റുള്ളവരോടു ശത്രുതയോ അവിശ്വസ്ഥതയോ കാണിക്കുന്നു. അവർ അങ്ങനെ രാഷ്ടീയ ഗ്രൂപ്പുകളുടേയും സാമ്പത്തിക ശക്തികളുടേയും മൃഗീയവും നാശോന്മുഖവുമായ തന്ത്രങ്ങൾക്ക് എളുപ്പമുള്ള ലക്ഷ്യമായി തീരുന്നു. കുടിയേറ്റക്കാരുടെ നിസ്സഹായത, ദുരുപയോഗിക്കപ്പെട്ട ഇരകൾ എന്നിങ്ങനെയുള്ള കറുത്ത പാടുകൾക്ക് മദ്ധ്യേയും '' തന്‍റെ സഭയെ ഒരിക്കലും ഉപേക്ഷിക്കാത്ത കർത്താവായ യേശുവിലേക്ക് " ഈ അദ്ധ്യായം വിരൽ ചൂണ്ടുന്നു.

നാലാമത്തെ അദ്ധ്യായം ആരംഭിക്കുന്നതുതന്നെ സ്നേഹമാകുന്ന ദൈവം നിങ്ങളെ സ്നേഹിക്കുന്നു എന്ന് യുവജനങ്ങൾക്ക് ഉറപ്പു നൽകിക്കൊണ്ടാണ്.  ഉത്ഥിതനായ ക്രിസ്തുവിന്‍റെ ഹൃദയം നിറയ്ക്കുന്ന പരിശുദ്ധാത്മാവ്, നിങ്ങളുടെ (യുവജനങ്ങളുടെ) ജീവിതത്തിലേക്ക് ഒഴുകുകയാണെന്ന് പാപ്പാ പറയുന്നു.

അഞ്ചാം അദ്ധ്യായത്തിന്‍റെ ശീർഷകം തന്നെ "യുവാക്കളുടെ വഴികൾ'' എന്നാണ്. യുവത്വത്തിന്‍റെ ആകുലതയെയും ആകാംക്ഷയെയും ഉത്ക്കണ്ഠയെയും വിവരിക്കുമ്പോഴും ഫ്രാൻസിസ് പാപ്പാ യുവതയോടു നിർദ്ദേശിക്കുന്നത് "നിങ്ങളുടെ പ്രത്യാശകളേയും സ്വപ്നങ്ങളേയും പിൻതുടരാനാണ്.''

ആറാമത്തെ അദ്ധ്യായം "നമ്മെ പിന്താങ്ങാനും ഭൂമിയിൽ ഉറപ്പിച്ചു നിറുത്താനും ശക്തിയുള്ള വേരുകളില്ലെങ്കിൽ നമുക്ക് വളരാൻ സാധിക്കുകയില്ല; ഒട്ടിനിൽക്കാൻ, പിടിച്ചു നിൽക്കാൻ, ഒന്നുമില്ലെങ്കിൽ പറിച്ചു ദൂരെ കളയാൻ എളുപ്പമാണെന്ന '' വെല്ലുവിളിയാർന്ന സാഹചര്യം വിവരിക്കുന്നു. ചെറുപ്പക്കാരും പ്രായമായവരും ഒന്നിച്ചു യാത്ര ചെയ്താൽ നമുക്ക് വർത്തമാനകാലത്തിൽ വേരുറപ്പിച്ചു നിൽക്കാൻ കഴിയുമെന്നു പാപ്പാ പറയുന്നതിനോടൊപ്പം അതേ അദ്ധ്യായത്തിൽ ജോയേൽ പ്രവാചകന്‍റെ അതിമനോഹരമായ ദർശനങ്ങളും (ജോയേൽ 2:28) പങ്കുവയ്ക്കുന്നു.

ഏഴാമത്തെ അദ്ധ്യായം യുവജന ശുശ്രൂഷയെക്കുറിച്ചാണ്. ആമുഖമായി യുവജന ശുശ്രൂഷയ്ക്ക് പ്രധാനമായി രണ്ട് സഹ ഗമന മാർഗ്ഗങ്ങൾ - എത്തിച്ചേരലും, വളർച്ചയും - ഉണ്ടെന്ന് വിശദീകരിച്ചു കൊണ്ട് ഓരോ വ്യക്തിയും 'വീട് ' നിർമ്മിക്കാനുള്ള കല്ലാണെന്ന തിരിച്ചറിവിലേക്കും എപ്പോഴും മിഷനറിമാരായിരിക്കുകയെന്ന സ്നേഹ ബോധ്യങ്ങളിലേക്കു നയിക്കാൻ കഴിയുന്ന "ജനകീയമായ'' യുവജന ശുശ്രൂഷയുടെ സാധ്യതകളിലേക്കും പാപ്പാ വിരൽ ചൂണ്ടുന്നു. ഇതിനായി " യുവജനങ്ങളുടെ കൂടെ സഞ്ചരിക്കുന്ന സമൂഹ'' മായി നാം മാറണമെന്ന് പാപ്പാ ആഗ്രഹിക്കുന്നു.

എട്ടാമത്തെ അദ്ധ്യായം ' വിളി'യെക്കുറിച്ചാണ്. യേശു നമുക്ക് നൽകുന്ന ജീവിതം ഒരു പ്രണയകഥയാണെന്നും, ആ പ്രണയ കഥയിൽ ഭാഗമാകാനുള്ള ക്ഷണമാണതെന്നും, പാപ്പാ ഈ അദ്ധ്യായത്തിൽ വിശദീകരിക്കുന്നുണ്ട്. "ഞാൻ ഈ ഭൂമിയിൽ ഒരു ദൗത്യമാണ്. അതു കൊണ്ടാണ്, ഞാൻ ഈ ലോകത്തിലായിരിക്കുന്നത്" എന്ന് ഓരോ വ്യക്തിയും ചിന്തിക്കണം. 'മറ്റുള്ളവർക്കു വേണ്ടി ആയിരിക്കൽ' എന്നതിന്‍റെ പൂർണ്ണതയാണ് സ്നേഹവും കുടുംബവും. വിളി തിരിച്ചറിയുമ്പോൾ, അത് ഏതു രൂപത്തിലായാലും, ആ വിളി ദൈവത്തിൽ നിന്നുള്ള വിളിയാണെന്നു തിരിച്ചറിയുകയും അനുസരിക്കുകയും ചെയ്താൽ നിങ്ങൾ സമ്പൂർണ്ണമായ സാഫല്യം കണ്ടെത്തുകയായി- പാപ്പാ പറയുന്നു.

അവസാനത്തെ അദ്ധ്യായം വിവേചിച്ചറിയലിനെക്കുറിച്ചു വിശദീകരിക്കുന്നു. ഇതിനായി മനസ്സാക്ഷിയെ പരിശീലിപ്പിക്കണം; രൂപപ്പെടുത്തണം. ശ്രവിക്കാനുള്ള തുറവിയിൽ നിന്നാണ് പ്രാർത്ഥനാപൂർവകമായ തിരിച്ചറിയൽ സംഭവിക്കുന്നത്. വിളി സമ്മാനമാണെങ്കിലും അത് ത്യാഗം ആവശ്യപ്പെടുന്നുണ്ട്. ശ്രദ്ധിച്ചു കേൾക്കുന്നുവെന്നതിന്‍റെ പ്രതിപ്രവർത്തനമാണ് കൂടെ പോകൽ അഥവാ സഹഗമിക്കൽ. ശ്രദ്ധിച്ചു കേൾക്കലിന് ആവശ്യമായ മൂന്നു തരം സംവേദനങ്ങളെക്കുറിച്ച് രേഖയിൽ പറയുന്നു.'' ഈ ഓട്ടം ഓടുമ്പോൾ, പരിശുദ്ധാത്മാവ് നിങ്ങളെ നിർബ്ബന്ധിച്ചു കൊണ്ടിരിക്കട്ടെ. സഭയ്ക്ക് നിങ്ങളുടെ ശക്തിയും ഉൾക്കാഴ്ച്ചകളും വിശ്വാസവും ആവശ്യമാണ്... നാം ഇനിയും എത്തിച്ചേരാത്തിടത്ത് നിങ്ങൾ എത്തിച്ചേരുമ്പോൾ ഞങ്ങളെ കാത്തിരിക്കാനുള്ള ക്ഷമയുണ്ടായിരിക്കുക" എന്ന ഉപസംഹാരത്തോടും യുവജനങ്ങളെ പരിശുദ്ധ അമ്മയുടെ സംരക്ഷണത്തിന് ഭരമേൽപ്പിച്ചു കൊണ്ടും പാപ്പാ ഉപസംഹരിക്കുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 April 2020, 12:36