തിരയുക

അപ്പോസ്തോലിക അരമനയിലെ ലൈബ്രറിയില്‍ വച്ച്  പാപ്പാ  നല്‍കിയ  ത്രികാല പ്രാര്‍ത്ഥനാ സന്ദേശത്തിന്‍റെ  തത്സമയ സംപ്രേഷണം... അപ്പോസ്തോലിക അരമനയിലെ ലൈബ്രറിയില്‍ വച്ച് പാപ്പാ നല്‍കിയ ത്രികാല പ്രാര്‍ത്ഥനാ സന്ദേശത്തിന്‍റെ തത്സമയ സംപ്രേഷണം...  

സാക്ഷികളായിരിക്കുക എന്നത് നാം അർഹിക്കാത്ത ദാനമാണ്

വത്തിക്കാനില്‍ മാര്‍ച്ച് എട്ടാം തിയതി ഫ്രാന്‍സിസ് പാപ്പാ നല്‍കിയ ത്രികാല പ്രാര്‍ത്ഥനാ സന്ദേശം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍  ന്യൂസ്

കൊറോണ വൈറസ് വ്യാപനത്തെ പ്രതിരോധിക്കുവാനുള്ള മുൻകരുതലായി മാര്‍ച്ച് എട്ടാം തിയതി ഞായറാഴ്ച്ച,പരിശുദ്ധ പിതാവ് അപ്പോസ്തോലിക അരമനയിലെ ലൈബ്രറിയില്‍ വച്ചാണ് ത്രികാല പ്രാര്‍ത്ഥനാ സന്ദേശം നല്‍കിയത്.

പ്രിയ സഹോദരി സഹോദരങ്ങളേ, ശുഭദിനാശംസകള്‍!

നോമ്പുകാലത്തെ രണ്ടാം ഞായറാഴ്ചയിലെ സുവിശേഷം (മത്താ.17: 9-9) യേശുവിന്‍റെ രൂപാന്തരീകരണത്തെ കുറിച്ച് സംസാരിക്കുന്നു.അവിടുന്ന് കഷ്ടത അനുഭവിക്കുകയും, മരിക്കുകയും, വീണ്ടും ഉയിർത്തെഴുന്നേൽക്കുകയും ചെയ്യും എന്ന രഹസ്യത്തെ പൂർണ്ണമായി മനസ്സിലാക്കി കൊടുക്കാൻ യേശു പത്രോസിനെയും, യാക്കോബിനെയും, യോഹന്നാനെയും കൂട്ടിക്കൊണ്ടു ദൈവാക്യൈത്തിന്‍റെ പ്രതീകമായ ഒരു ഉയർന്ന മലയിലേക്കേ് പോയി.തന്നെ കാത്തിരിക്കുന്ന പീഡാസഹനത്തെയും, മരണത്തെയും, പുനരുത്ഥാനത്തെയും കുറിച്ച് യേശു അവരോടു സംസാരിച്ചു തുടങ്ങിയിരുന്നുവെങ്കിലും അവർക്ക് ആ ദര്‍ശനത്തെ സ്വീകരിക്കാൻ കഴിഞ്ഞില്ല. ഇക്കാരണത്താൽ, മലമുകളിത്തിലെത്തിയപ്പോൾ, യേശു പ്രാർത്ഥനയിൽ മുഴുകുകയും മൂന്ന് ശിഷ്യന്മാരുടെ മുമ്പാകെ രൂപാന്തരപ്പെടുകയും ചെയ്യുന്നു: “അവന്‍റെ മുഖം സൂര്യനെപ്പോലെ വെട്ടിതിളങ്ങി,  അവന്‍റെ വസ്ത്രം പ്രകാശംപോലെ ധവളമായി” (വാക്യം2).

മൂന്നു ശിഷ്യന്മാരും വിളിക്കപ്പെട്ടത് രൂപാന്തരീകരണം എന്ന അത്ഭുതകരമായ സംഭവത്തിലൂടെ  യേശുവിൽ മഹത്വത്തോടെ പ്രകാശിക്കുന്ന ദൈവപുത്രനെ തിരിച്ചറിയാനായിരുന്നു. അങ്ങനെ, അവർ തങ്ങളുടെ ഗുരുവിന്‍റെ അറിവിൽ വളരുകയും,  മാനുഷീക വീക്ഷണത്തില്‍ നിന്ന് നോക്കുമ്പോള്‍ അവിടുത്തെ കുറിച്ചുള്ള പൂര്‍ണ്ണമായ യാഥാർത്ഥ്യം പ്രകടമാകുന്നത് മനസ്സിലാക്കാന്‍ കഴിയുകയില്ലെന്നും  തിരിച്ചറിയുകയും, യേശുവിന്‍റെ മരണാനന്തര ജീവിതവും, ദൈവിക മാനവും അവരുടെ കണ്ണുകളുടെ മുന്നില്‍ വെളിപ്പെടുത്തപ്പെടുകയും ചെയ്യുന്നു.

"മേഘത്തിൽ നിന്ന് ഒരു സ്വരമുണ്ടായി: ഇവൻ എന്‍റെ പ്രിയപുത്രൻ, ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു.  ഇവന്‍റെ വാക്കു ശ്രവിക്കുവിൻ" (വാക്യം5). എന്ന് ജോര്‍ദ്ദാനില്‍ വച്ച് യേശുവിന്‍റെ ജ്ഞാസ്നാന ദിനത്തിൽ വെളിപ്പെടുത്തിയതിനെ സ്ഥിരീകരിക്കുകയും, യേശുവിനെ ശ്രവിക്കാനും, അനുഗമിക്കാനും ശിഷ്യന്മാരെ ക്ഷണിക്കുകയും ചെയ്യുന്നത് സ്വർഗ്ഗീയപിതാവാണ്.

പന്ത്രണ്ടുപേരുടെ ഇടയില്‍ നിന്നും പത്രോസിനെയും, യാക്കോബിനെയും, യോഹന്നാനെയും തന്നോടൊപ്പം മലമുകളിലേക്ക് കൊണ്ടുപോകാൻ യേശു തിരഞ്ഞെടുത്തുവെന്ന് വചനം ഊന്നി പറയുന്നു.  രൂപാന്തരീകരണത്തിന് സാക്ഷ്യം വഹിക്കാനുള്ള  ഭാഗ്യം  അവർക്കായി യേശു  നീക്കിവച്ചിരുന്നു. എന്നിട്ടും യേശുവിന്‍റെ പീഡനാനുഭവ സമയത്ത് പത്രോസ് അവനെ തള്ളിപ്പറയുകയും,യാകോബ്, യോഹന്നാന്‍ എന്നീ രണ്ടു സഹോദരന്മാർ ദൈവരാജ്യത്തിൽ അവർക്കു പ്രഥമസ്ഥാനം ലഭിക്കാൻ ആവശ്യപ്പെടുകയും, ചെയ്യുന്നു. (മത്താ 20,20-23). എന്നിരുന്നാലും, യേശു തിരഞ്ഞെടുക്കുന്നത് നമ്മുടെ മാനദണ്ഡങ്ങൾക്കനുസരിച്ചല്ല, മറിച്ച് അവന്‍റെ സ്നേഹത്തിന്‍റെ പദ്ധതി പ്രകാരമാണ്. ഇത് ഒരു സൗജന്യമായതും, നിരുപാധികമായ തിരഞ്ഞെടുപ്പും,  സ്വതന്ത്രവും, തിരികെ ഒന്നും ആവശ്യപ്പെടാത്ത ദിവ്യമായ സൗഹൃദമാണ്. ആ മൂന്നു ശിഷ്യന്മാരെ യേശു വിളിച്ചതുപോലെ, ഇന്നും തനിക്ക് സാക്ഷ്യം വഹിക്കാനായി ചിലരെ തന്നോടു ചേര്‍ത്തു നില്‍ക്കാനായി വിളിക്കുന്നു.

സാക്ഷികളായിരിക്കുക എന്നത് നാം അർഹിക്കാത്ത ഒരു ദാനമാണ്: നമുക്ക് അപര്യാപ്തമായി തോന്നാം.  പക്ഷേ നമ്മുടെ കഴിവില്ലായ്മയെ ഒഴികഴിവായി കണക്കാക്കാനാവില്ല. നാം താബോർ മലമുകളിലേക്ക് പോകുകയോ, യേശുവിന്‍റെ മുഖം സൂര്യനെപ്പോലെ തിളങ്ങുന്നത് നാം കണ്ണുകൊണ്ട് കാണുകയോ ചെയ്തിട്ടില്ലെങ്കിലും രക്ഷയുടെ സുവിശേഷവും, വിശ്വാസവും നമുക്കു നൽകപ്പെട്ടിരിക്കുന്നു. യേശുവിനെ കണ്ടുമുട്ടിയതിന്‍റെ സന്തോഷം നാം പലവിധത്തിൽ അനുഭവിച്ചിട്ടുമുണ്ട്.  

യേശു നമ്മോടു പറയുന്നു: “എഴുന്നേല്‍ക്കുക ഭയപ്പെടേണ്ട” (മത്താ17, 7).  സ്വാർത്ഥതയും അത്യാഗ്രഹവും കൊണ്ട് അടയാളപ്പെടുത്തിയ ഈ ലോകത്തിൽ, അനുദിനമുണ്ടാകുന്ന ആകുലതകളാകുന്ന മേഘപടലങ്ങള്‍ ദൈവത്തിന്‍റെ വെളിച്ചത്തെ നമ്മില്‍ നിന്നുമകറ്റുന്നു. എനിക്ക് പ്രാർത്ഥിക്കാൻ സമയമില്ല, ഇടവകയിൽ ശുശ്രൂഷ ചെയ്യാനോ, മറ്റുള്ളവരുടെ അപേക്ഷകള്‍ക്ക് ഉത്തരം നല്‍കാനോ എനിക്ക് കഴിയുന്നില്ല…എന്ന് നാം പലപ്പോഴും പറയുന്നു. എന്നാൽ നമ്മുടെ കഴിവ് കൊണ്ടല്ലാതെ ആത്മാവിന്‍റെ ദാനത്താൽ മാമ്മോദീസായിലൂടെയും, സ്ഥൈര്യലേപനത്തിലൂടെയും ദൈവം നമ്മെ  തന്‍റെ സാക്ഷികളാക്കി എന്ന കാര്യം നാം മറക്കരുത്.

മാനസാന്തരത്തിന്‍റെ പാതയിൽ ദൃഢനിശ്ചയത്തോടെ സഞ്ചരിക്കാൻ നമ്മില്‍ നിന്നും ഒഴിച്ചു കൂടാനാവാത്ത ആത്മാവിനോടുള്ള വിധേയത്വം  ഈ നോമ്പ് കാലത്തില്‍ കന്യകാമറിയം  നമുക്ക് നൽകട്ടെ. ഈ വാക്കുകളിൽ പാപ്പാ തന്‍റെ പ്രഭാഷണം ഉപസംഹരിച്ചു.

08 March 2020, 12:51