തിരയുക

ഫ്രാന്‍സിസ് പാപ്പാ ത്രികാല പ്രാര്‍ത്ഥനയ്ക്ക് ശേഷം അപ്പോസ്തോലിക ആശീര്‍വ്വാദം നല്‍കുന്നു. ഫ്രാന്‍സിസ് പാപ്പാ ത്രികാല പ്രാര്‍ത്ഥനയ്ക്ക് ശേഷം അപ്പോസ്തോലിക ആശീര്‍വ്വാദം നല്‍കുന്നു.  

നമ്മുടെ അന്ധകാരത്തെ പ്രകാശിപ്പിക്കുന്ന പ്രകാശമാണ് ക്രിസ്തു

“പ്രകാശം സ്വീകരിച്ചാൽ മാത്രം പോരാ” നമ്മുടെ ജീവിതകാലം മുഴുവൻ അത് നമ്മില്‍ പ്രകടമാക്കുന്നതിന് നാം “പ്രകാശമായിരിക്കണം”.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍  ന്യൂസ്

വത്തിക്കാനില്‍ മാര്‍ച്ച് 22ആം തിയതി ഫ്രാന്‍സിസ് പാപ്പാ നയിച്ച ത്രികാല പ്രാര്‍ത്ഥനാ പരിപാടിയുടെ സംഗ്രഹം.

കൊറോണ വൈറസ് ബാധ സംബന്ധിച്ച സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി ഈ ആഴ്ചത്തെ പാപ്പായുടെ ത്രികാല പ്രാര്‍ത്ഥന പരിപാടി തത്സമയം മാധ്യമങ്ങളിലൂടെ മാത്രം ലഭ്യമാക്കുകയാണുണ്ടായത്. മാര്‍ച്ച് 22ആം തിയതി ഞായറാഴ്ച്ച, പരിശുദ്ധ പിതാവ് ഞായറാഴ്ച അപ്പോസ്തോലിക ഗ്രന്ഥശാലയിൽ വച്ചാണ് ത്രികാല പ്രാര്‍ത്ഥനാ സന്ദേശം നല്‍കിയത്. നമ്മുടെ അന്ധകാരത്തെ പ്രകാശിപ്പിക്കുന്ന വെളിച്ചമാണ് ക്രിസ്തു ത്രികാല പ്രാര്‍ത്ഥന അര്‍പ്പിക്കുന്നതിനുമുമ്പ്, ഫ്രാൻസിസ് മാർപാപ്പാ പ്രകാശം എന്ന പ്രമേയത്തെയും വിശ്വാസമെന്ന ദാനത്തെയും കുറിച്ച് പ്രബോധിപ്പിച്ചു. “പ്രകാശം സ്വീകരിച്ചാൽ മാത്രം പോരാ” നമ്മുടെ ജീവിതകാലം മുഴുവൻ അത് നമ്മില്‍ പ്രകടമാക്കുന്നതിന് നാം “പ്രകാശമായിരിക്കണം”.

ലോകത്തിന്‍റെ പ്രകാശം

തപസ്സു കാലത്തിന്‍റെ നാലാം ഞായറാഴ്ചയുടെ സുവിശേഷം യോഹന്നാൻ.9:1-41വരെയുള്ള തിരുവചനമാണ്. ഈ സുവിശേഷ ഭാഗത്തെഅടിസ്ഥാനമാക്കിയാണ് പാപ്പാ ത്രികാല പ്രാർത്ഥനയ്ക്ക് മുമ്പ് സന്ദേശം നൽകിയത്. ജന്മനാ അന്ധനായ മനുഷ്യന് ക്രിസ്തു കാഴ്ച്ച നൽകുന്ന ഭാഗമാണ് വിശുദ്ധ യോഹന്നാൻ സുവിശേഷകൻ വിവരിക്കുന്ന്തെന്ന് ചൂണ്ടിക്കാണിച്ച പാപ്പാ ഇന്നത്തെ ആരാധനാ ക്രമത്തിലെ  കേന്ദ്രമായിരിക്കുന്നത് പ്രകാശം എന്ന പ്രമേയമാണെന്ന് വെളിപ്പെടുത്തി. അന്ധന് കാഴ്ച്ച നൽകുന്ന അത്ഭുതത്തിലൂടെ യേശു ലോകത്തിന്‍റെ പ്രകാശമാണെന്ന് സ്ഥിരീകരിക്കുന്നുവെന്ന് വിശദീകരിച്ച പാപ്പാ നമ്മുടെ അന്ധകാരത്തെ പ്രകാശിപ്പിക്കുന്ന പ്രകാശമാണ് ക്രിസ്തുവെന്ന് ഓർമ്മപ്പെടുത്തി. ഈ പ്രകാശം ശാരീരികവും ആത്മീയവുമായ രണ്ട് തലങ്ങളിൽ നമ്മെ പ്രകാശിപ്പിക്കുന്നു. അന്ധനായ വ്യക്തിക്ക് ആദ്യം ശാരീരികമായ കാഴ്ച്ചയും തുടർന്ന് മനുഷ്യ പുത്രനായ യേശുവിൽ വിശ്വസിക്കാനുള്ള ആത്മീയ ദാനവും ലഭിക്കുന്നു. യേശു പ്രവർത്തിച്ച അത്ഭുതങ്ങൾ കൗതുകാത്മ കമായ ആംഗ്യങ്ങൾ അല്ല. മറിച്ച് ആന്തരിക  പരിവർത്തനത്തിന്‍റെ യാത്രയിലൂടെ അവ വിശ്വാസത്തിലേക്ക് നയിക്കുന്നു.

വിശ്വാസത്തിന്‍റെ പ്രകാശം

ഫരിസേയരും, നിയമജ്ഞരും യേശു പ്രവർത്തിച്ച അത്ഭുതത്തെ അംഗീകരിക്കാൻ വിസമ്മതിക്കുന്നു. അവർ യേശു സുഖപ്പെടുത്തിയ അന്ധനായ മനുഷ്യനെ ചോദ്യം ചെയ്യുന്നു. എന്നാൽ “ഞാൻ അന്ധനായിരുന്നു; ഇപ്പോൾ ഞാൻ കാണുന്നു” എന്ന ലളിതമായ പ്രസ്താവനയിലൂടെ അയാൾ അവരെ ആശയക്കുഴപ്പത്തിലാക്കുന്നു. ക്രമേണ തന്‍റെ അന്ധമായ കണ്ണുകളെ കാഴ്ചയിലേക്ക് തുറന്നവന്‍റെ വ്യക്തിത്വത്തെ തിരിച്ചറിയുകയും, അവനിലുള്ള വിശ്വാസത്തെ ഏറ്റുപറയുകയും ചെയ്യുന്നു. സൗഖ്യം പ്രാപിച്ച ആ മനുഷ്യൻ യേശു, ദൈവത്തിൽ നിന്നുള്ള വനാണെന്ന് തിരിച്ചറിയുകയും യേശുവിനെ മിശിഹായായി സ്വീകരിക്കുകയും അവന്‍റെ മുന്നിൽ സാഷ്ടാംഗം പ്രണാമം ചെയ്യുകയും ചെയ്യുന്നു.

ജീവിതം പുതിയ പ്രകാശത്തിൽ...

അന്ധനായിരുന്ന മനുഷ്യന് ലഭിച്ച അനുഭവം നമുക്കും ഉണ്ടാകട്ടെയെന്ന്  ആശംസിച്ച പാപ്പാ വിശ്വാസത്തിന്‍റെ വെളിച്ചത്തിൽ അന്ധനായിരുന്ന മനുഷ്യന്‍ തന്‍റെ പുതിയ വ്യക്തിത്വത്തെ കണ്ടെത്തുന്നുവെന്ന് ചൂണ്ടിക്കാണിച്ചു. അന്ധതയിൽ നിന്നും സൗഖ്യം നേടിയ മനുഷ്യൻ തന്‍റെ ജീവിതത്തെയും, തനിക്കു ചുറ്റുമുള്ള ലോകത്തെയും ഒരു പുതിയ പ്രകാശത്തിൽ കാണുന്നു. ഇനി അന്ധതയ്ക്കും മുൻവിധിക്കും അടിമയല്ല. പാപ്പാ വ്യക്തമാക്കി.

പ്രകാശമായി മാറണം

സൗഖ്യം പ്രാപിച്ച അന്ധൻ ഇപ്പോൾ ശരീരത്തെയും ആത്മാവിനെയും കണ്ണുകളാൽ കാണുന്നുവെന്ന് ഓർമ്മപ്പെടുത്തിയ പാപ്പാ പ്രകാശം സ്വീകരിച്ചാൽ മാത്രം പോരാ നാം പ്രകാശമായിത്തീരണം എന്ന് ആഹ്വാനം ചെയ്തു. നമ്മുടെ ജീവിത കാലം മുഴുവൻ ദിവ്യ പ്രകാശത്തെ പ്രകാശനം ചെയ്യുന്നതിന് ആ പ്രകാശം സ്വീകരിക്കാൻ നാം വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് പാപ്പാ പ്രബോധിപ്പിച്ചു.

ഏറ്റവും പരിശുദ്ധയായ കന്യാമറിയംസുവിശേഷത്തിലെ അന്ധനായ മനുഷ്യനെ അനുകരിക്കാൻ നമ്മെ സഹായിക്കട്ടെ! അങ്ങനെ നമുക്ക് ക്രിസ്തുവിന്‍റെ പ്രകാശത്തില്‍ നിറയുവാനും, രക്ഷയുടെ പാതയിൽ യേശുവോടൊത്തു യാത്ര ആരംഭിക്കാനും കഴിയും.‌‌ ഈ വാക്കുകളിൽ പാപ്പാ തന്‍റെ പ്രഭാഷണം ഉപസംഹരിച്ചു.

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 March 2020, 15:33