തിരയുക

ദൈവത്തിന്‍റെ മുന്നിൽ മിഴിപൂട്ടി, കരം കൂപ്പി, നന്ദിപൂര്‍വ്വമുള്ള പ്രാര്‍ത്ഥന ദൈവത്തിന്‍റെ മുന്നിൽ മിഴിപൂട്ടി, കരം കൂപ്പി, നന്ദിപൂര്‍വ്വമുള്ള പ്രാര്‍ത്ഥന 

വിശുദ്ധിയിലേക്കുളള വിളി: കർത്താവിന്‍റെ സന്നിധിയിൽ ശാന്തരാകാം.

“GAUDETE ET EXSULTATE” അഥവാ “ആനന്ദിച്ചാഹ്ലാദിക്കുവിൻ” എന്ന ഫ്രാന്‍സിസ്‍ പാപ്പായുടെ അപ്പോസ്തോലിക പ്രബോധനത്തിന്‍റെ നാലാം അദ്ധ്യായത്തിലെ 151-153 വരെയുള്ള ഭാഗങ്ങളെ കുറിച്ചുളള വിചിന്തനം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

അപ്പോസ്തോലിക പ്രബോധനം

അപ്പോസ്തോലിക പ്രബോധനമെന്നത് കത്തോലിക്കാ സഭയില്‍ മാര്‍പ്പാപ്പാ പ്രസിദ്ധികരിക്കുന്ന ഔദ്യോഗിക ലേഖനങ്ങളുടെ വിവിധതരത്തിലുളള പരമ്പരകളില്‍പ്പെടുന്ന ഒരു ലേഖനമാണ്. ഇവയുടെ പ്രാധാന്യ ശൃംഖലയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ചാക്രീക ലേഖനങ്ങള്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനമാണ് അപ്പോസ്തോലിക പ്രബോധനങ്ങള്‍ക്കുളളത്.

നാലാമദ്ധ്യായം:  ഇന്നത്തെ ലോകത്തിലെ വിശുദ്ധിയുടെ അടയാളങ്ങൾ

വിശുദ്ധിയുടെ അടയാളങ്ങൾ എന്തൊക്കെയെന്ന് പാപ്പാ ഇവിടെ കാണിച്ചുതരുന്നു. സ്ഥിരോൽസാഹവും, ക്ഷമയും, ശാന്തതയും, സന്തോഷവും, രസികത്വവും തുടങ്ങി അപ്പോസ്തലീകമായ ധൈര്യവും, സമൂഹ ജീവിതവും, നിരന്തരമായ പ്രാർത്ഥനയും വിശുദ്ധിയുടെ പ്രകടഭാവങ്ങളായി മാർപാപ്പാ ചൂണ്ടിക്കാണിക്കുന്നു.

നാലാമത്തെ അദ്ധ്യായം ദൈവസ്നേഹത്തിന്‍റെയും സഹോദരസ്നേഹത്തിന്‍റെയും 5 മഹാ സാക്ഷ്യങ്ങൾ വരച്ചുകാണിക്കുന്നു. അഞ്ച് സമകാലിന രൂപങ്ങളാണനവ. എന്തെന്നാൽ വിശുദ്ധിക്ക് ഓരോ കാലഘട്ടത്തിലും വ്യത്യസ്ഥമായ രൂപങ്ങളുണ്ട്. അപ്പോസ്തോലിക പ്രബോധനം ഇക്കാത്തിലെ വിശുദ്ധിയുടെ രൂപങ്ങളാണ് തേടുന്നത് ഇന്നത്തെ സംസ്കാരത്തിന്‍റെ പരിമിതികളും, അപകടങ്ങളും വച്ച് പലപ്പോഴും അക്രമാസക്തമായ മനസ്സിനെ പതറിക്കുകയും ദുർബ്ബലപ്പെടുത്തുകയും ചെയ്യുന്ന ആകുലതാബോധം, നിഷേധാത്മകതയും,  മുഖപ്രസാദമില്ലാത്ത അവസ്ഥയും, ഉപഭോക്തൃ സംസ്കാരം വളർത്തുന്ന സ്വയംപര്യാപ്തതയും ഇക്കാലത്തെ ആത്മീയ വിപണിയിൽ ഭരണം നടത്തുന്ന വ്യക്തിനിഷ്ഠതയും ദൈവവുമായി ഒരു ബന്ധവുമില്ലാത്ത വിലകുറഞ്ഞ ആത്മീയതയുടെ എല്ലാ രൂപങ്ങളും ഇവിടെ നിർദ്ദേശിക്കപ്പെടുന്ന  അ‍ഞ്ച് അടയാളങ്ങളായി കണകാക്കപ്പെടുന്നു.

വിശുദ്ധനായ ഒരു വ്യക്തി ആനന്ദത്തോടെ ജീവിക്കുന്നു. അദ്ദേഹത്തിന് ഒരു നർമ്മബോധവും ഉണ്ടാവും. വിശുദ്ധി എന്നാൽ കാപട്യമില്ലായ്മയാണ്. അപ്പോസ്തോലിക ധീരതയാണ്. തുനിയാനും പരീക്ഷിക്കുവാനും മുൻകൈ എടുക്കുവാനും നവ്യമായതിലേക്ക് നീങ്ങുവാനുമുള്ള ശേഷിയാണ്. അവസാനമായി വിശുദ്ധി എന്നത് കർത്താവിലേക്ക് നോക്കുവാൻ സ്വയം അനുവദിച്ചും അവിടത്തെ സ്നേഹത്തിന്‍റെ ഊഷ്മളതയാലും ആർദ്രതയാലും പരിപോഷിപ്പിക്കപ്പെടുന്നതിന് അനുവദിച്ചും നിശബ്ദതയിൽ നടത്തുന്ന പ്രാർത്ഥനയാണ്. വിശുദ്ധി എന്നത് കർത്താവിനാല്‍ അവിടുത്തെ അരൂപിയുടെ ശക്തിയാൽ രൂപാന്തരപ്പെടുത്തപ്പെടുന്നതിനുമുള്ള വിട്ടുകൊടുക്കലാണ്.

കർത്താവിന്‍റെ സന്നിധിയിൽ ശാന്തരാകണം

151. ഇത് നമ്മൾ ഓർക്കണം: “മരിക്കുകയും ദാനം ചെയ്യുകയും ചെയ്ത യേശുവിന്‍റെ മുഖം ധ്യാനിച്ച് അനുഭവിക്കൽ, ജീവിതത്തിന്‍റെ ബുദ്ധിമുട്ടുകളാൽ തകർക്കപ്പെട്ടതാണെങ്കിലും പാപത്താൽ കലുഷിതമാണെങ്കിൽ തന്നെയും, നമ്മുടെ മനുഷ്യത്വത്തെ പുനരുദ്ധരിക്കുന്നു. ക്രിസ്തുവിന്‍റെ മുഖത്തിന്‍റെ ശക്തിയെ നമ്മൾ നിസ്സാരവൽക്കരിക്കരുത്. ” അതുകൊണ്ട് നിങ്ങളോടു ഞാൻ ചോദിക്കട്ടെ: കർത്താവിന്‍റെ സന്നിധിയിൽ നിങ്ങളെത്തന്നെ ശാന്തമായി നിലനിർത്തുന്ന നിമിഷങ്ങൾ ഉണ്ടോ? ശാന്തമായി അവിടുന്നുമായി സമയം ചിലവഴിക്കുന്നുണ്ടോ? അവിടുത്തെ നോട്ടത്തിൽ നിങ്ങൾ ചൂടുപിടിക്കുന്നു ണ്ടോ? അവിടുത്തെ അഗ്നി നിങ്ങളുടെ ഹൃദയത്തെ കത്തിജ്വലിക്കുന്നുണ്ടോ? നിങ്ങളെ തന്നെ അവിടുത്തെ സ്നേഹത്തിലും മനസ്സലിവിനാലും ചൂട് പിടിപ്പിക്കുന്നില്ലെങ്കിൽ നിങ്ങൾ ജ്വലിക്കുകയില്ല. അങ്ങനെയല്ലെങ്കിൽ മറ്റുള്ളവരുടെ ഹൃദയങ്ങളെ നിങ്ങളുടെ വാക്കുകളാലും, സാക്ഷ്യങ്ങളാലും ജ്വലിപ്പിക്കുവാൻ നിങ്ങൾക്ക് എങ്ങനെ കഴിയും? കർത്താവിന്‍റെ മുഖത്തു നോക്കിയിട്ട് നിങ്ങൾക്ക് സൗഖ്യം പ്രാപിക്കാനും രൂപാന്തരപ്പെടാനും കഴിയുന്നില്ല എന്നു തോന്നിയാൽ കർത്താവിന്‍റെ ഹൃദയത്തിലേക്ക് അവിടുത്തെ തിരുമുറിവിലേക്ക് പ്രവേശിക്കുക: എന്തെന്നാൽ അതാണ് ദൈവകാരുണ്യത്തിന്‍റെ പ്രഭവസ്ഥാനം.

ദൈവത്തിന്‍റെ തിരുസന്നിധിയിലിരുന്ന് ഹൃദയത്തെ ജ്വലിപ്പിക്കാൻ അനുവദിച്ചില്ലെങ്കിൽ നമുക്കു മറ്റുള്ളവരുടെ ജീവിതത്തിൽ പ്രകാശം നല്‍കുവാൻ കഴിയുകയില്ല എന്ന് പാപ്പാ നമ്മെ ഓർമ്മിപ്പിക്കുന്നു. ക്രിസ്തു മുഖത്തിന്‍റെ ശക്തിയെ നിസ്സാരവല്‍‍രിക്കരുത് എന്ന് പറയുന്ന പാപ്പാ കർത്താവിന്‍റെ മുഖത്തെ ദർശിച്ചിട്ടും സൗഖ്യവും രൂപാന്തരവും പ്രാപിക്കാൻ കഴിയുന്നില്ലെന്ന് തോന്നിയാൽ ദൈവകാരുണ്യത്തിന്‍റെ പ്രഭവസ്ഥാനമായ തിരുഹൃദയത്തിലേക്കും തിരുമുറിവിലേക്കും പ്രവേശിക്കണമെന്ന്  നമ്മെ ഉദ്ബോധിപ്പിക്കുന്നു. ബെർണാർഡിന്‍റെ വാക്കുകളെ ഉദ്ധരിച്ചു കൊണ്ട് ക്രിസ്തുവിനോടു ചേർന്നു നില്‍ക്കണമെന്ന് ആവശ്യപ്പെടുന്നു. അതിനു ശാന്തമായി ദൈവത്തിന്‍റെ സന്നിധിയിലായിരിക്കാൻ നാം സമയം കണ്ടെത്തണമെന്നും പാപ്പാ നിർദ്ദേശിക്കുന്നു. സംഘര്‍ഷങ്ങള്‍ നിറഞ്ഞ ലോകത്തിൽ എങ്ങനെയാണ് നമുക്ക് ശാന്തമായിരിക്കാൻ കഴിയുന്നത്. വ്യക്തി ജീവിതത്തിലും, കുടുംബത്തിലും, സമൂഹത്തിലും, രാഷ്ട്രങ്ങൾ തമ്മിലും, ലോകം മുഴുവനിലും സംഘര്‍ഷങ്ങള്‍ നിറഞ്ഞു നില്‍ക്കുന്നു. ഈ സംഘർഷങ്ങള്‍ അവസാനിക്കണമെങ്കിൽ നമ്മള്‍ ദൈവസന്നിധിയിൽ ശാന്തമാക്കാന്‍ തയ്യാറാകണം. നമ്മുടെ ജീവിതത്തിൽ ഏകാന്തമായ ഒരിടവും, ഒരു നേരവും ആവശ്യമാണ്. കാരണം നമുക്ക് നമ്മെ കുറിച്ചറിയാനും നമ്മിലെ ഇരുട്ടിനെ കണ്ടെത്തി പ്രകാശിപ്പിക്കാനും ഈ തനിച്ചിരിക്കല്‍ നമ്മെ സഹായിക്കുന്നു. സൃഷ്ടിയുടെ ആരംഭം മുതൽ ഏകാന്തമായ അവസ്ഥയിലാണ്  സൃഷ്ടികൾക്ക് ദൈവം ജന്മം കൊടുത്തത്. ദൈവത്തിന്‍റെ സ്വരം വ്യക്തമായി ശ്രവിക്കുവാൻ ഏകാന്തത സഹായിക്കുന്നു. അബ്രഹാം,യാക്കോബ്,ഇസഹാക്ക് എന്നീ പൂർവ്വപിതാക്കന്മാരുടെ ജീവിതം മുതൽ ഇന്നുവരെയും ദൈവം ഓരോ മനുഷ്യരെ കുറിച്ചുള്ള തന്‍റെ പദ്ധതി വെളിപ്പെടുത്തുന്നത് അവർ തനിച്ചിരിക്കുമ്പോഴാണ്. മോശ ശക്തനായ നേതാവായിരുന്നു. ഇസ്രായേൽ ജനം മുഴുവനെയും വാഗ്ദത്ത ഭൂമിയായ കാനാൻ ദേശത്തേയ്ക്ക് നയിക്കുമ്പോൾ അദ്ദേഹം കടന്നുപോയ കഠിന വഴികളിൽ അദ്ദേഹത്തിന് ബലം നൽകിയത് ഏകാന്തതയിൽ ദൈവത്തോടൊപ്പമുള്ള സംഭാഷണമായിരുന്നു. പ്രവാചകന്മാർക്ക് ദൈവം തന്‍റെ വിളി മനസ്സിലാക്കി കൊടുത്തതും ഏകാന്തതയിലായിരുന്നു. നമുക്കും ദൈവത്തിന്‍റെ മുമ്പില്‍ തനിച്ചായിരിക്കാം. അപ്പോള്‍ ദൈവം തന്നെത്തന്നെ നമുക്ക് വെളിപ്പെടുത്തും. ആ വെളിപാടുകളിൽ നമുക്ക് നമ്മെ തിരിച്ചറിയാൻ കഴിയും. ആ തിരിച്ചറിവിൽ നിന്ന് നമുക്ക് ക്രിസ്തു ആഗ്രഹിക്കുന്ന രീതിയിൽ ക്രിസ്തുവിനെ നൽകുവാൻ കഴിയും. അതുകൊണ്ടാണ് പാപ്പാ പറയുന്നത് ക്രിസ്തുവിന്‍റെ തിരുമുഖത്തേക്ക് നോക്കാതെ അവിടുത്തെ കരുണയുടെ നയനങ്ങളിൽ ശ്രദ്ധിക്കാതെ നമ്മുടെ പ്രവർത്തനമേഖലകളിൽ മറ്റുള്ളവരോടു നമുക്ക് കരുണ കാണിക്കാന്‍ കഴിയുകയില്ല എന്ന്. 

നിരന്തരം പ്രാർത്ഥിക്കുന്ന വ്യക്തി ലോകത്തെ നിരസിക്കുന്നില്ല

152. പ്രാർത്ഥനാനിർഭരമായ നിശബ്ദതയെ ഒരുതരം പലായനമായോ, നമ്മുടെ ചുറ്റുമുള്ള ലോകത്തെ തിരസ്ക്കരിക്കലായോ ഒരിക്കലും നാം കണക്കാക്കരുത് എന്ന് ഞാൻ ആവശ്യപ്പെടുന്നു.നിരന്തരം പ്രാർത്ഥിച്ചിരുന്ന റഷ്യൻ തീർത്ഥാടകൻ തനിക്കുചുറ്റും നടന്നുകൊണ്ടിരുന്നവയിൽനിന്നും പ്രാർത്ഥന തന്നെ മാറ്റി നിർത്തിയിട്ടില്ല. എല്ലാവരും എന്നോടു ദയ കാട്ടി; “എല്ലാവരും എന്നെ സ്നേഹിച്ചു എന്ന് അനുഭവം ഉണ്ടായി. എന്‍റെ തന്നെ ആത്മാവിൽ ആനന്ദവും ആശ്വാസവും അനുഭവിച്ചു എന്ന് മാത്രമല്ല പുറത്തുള്ള ലോകം മുഴുവനും മനോഹാരിതയും ആനന്ദവും നിറഞ്ഞതായി എനിക്ക് അനുഭവപ്പെട്ടു.” എന്ന് വെളിപ്പെടുത്തി.

നിരന്തരം പ്രാർത്ഥിക്കുന്ന വ്യക്തി ലോകത്തെ നിരസിക്കുന്നില്ല എന്ന് വ്യക്തമാക്കുന്നതിന് റഷ്യൻ തീർത്ഥാടകന്‍റെ ജീവിത അനുഭവത്തെ പാപ്പാ ഇവിടെ ഉദ്ധരിക്കുന്നു. The Way of Pilgrim എന്ന പുസ്തകത്തിന്‍റെ ഗ്രന്ഥകാരൻ പറയുന്നത് പ്രാർത്ഥനയിൽ നിരതനായിരിക്കുമ്പോഴും, ലോകത്തെക്കുറിച്ചും, ചുറ്റുപാടുകളെ കുറിച്ചും അദ്ദേഹം അജ്ഞനായിരുന്നില്ല എന്നും, ലോകത്തിൽ നിന്നും നന്മയും സഹായവും അദ്ദേഹത്തിനു ലഭിച്ചു എന്നുമാണ്. പ്രാർത്ഥന ഒരു യാത്രയാണ്. പ്രാർത്ഥനയിൽ നാം നമ്മുടെ ചുറ്റുപാടുകളെയും, ഈ ലോകത്തെയും, ഇവിടെ നടക്കുന്ന അനീതികളെയും കാണാതെ പോകരുത്. അങ്ങനെ കാണാതെ പോകുന്ന പ്രാർത്ഥനയെ ലോകത്തില്‍ നിന്നുള്ള ഒളിച്ചോട്ടമെന്ന് വിളിക്കാം. എന്നാൽ യഥാർത്ഥ പ്രാർത്ഥനാരൂപി എന്നത് നമുക്ക് ചുറ്റുമുള്ള ലോകത്തോടും, ജീവിക്കുന്ന മനുഷ്യരോടും ബന്ധപ്പെട്ടിരിക്കുന്നു.

No man is an Island  എന്ന ചിന്ത അര്‍ത്ഥമാക്കുനന്ത് ഈ ഭൂമിയിൽ പിറന്നു വീഴുന്ന ഒരു കുഞ്ഞിനും ഒറ്റയ്ക്ക് ഒരു ദ്വീപായി ജീവിക്കാൻ കഴിയുകയില്ല എന്നാണ്. പ്രാർത്ഥന എന്നത് സമൂഹമായി ബന്ധപ്പെട്ടിരിക്കുന്നു. ക്രിസ്തു പ്രാർത്ഥിക്കുവാൻ ചെന്നത് ഏകാന്തമായ സ്ഥലത്തായിരുന്നു. അവിടെ പിതാവുമായി സംഭാഷണം നടത്തിയതും, പ്രാർത്ഥിച്ചതും ലോകത്തിന്‍റെ സമാധാനത്തിനു വേണ്ടിയും, ശിഷ്യന്മാരുടെ ഐക്യത്തിനുവേണ്ടിയുമായിരുന്നു. അതുപോലെ നമ്മുടെ പ്രേക്ഷിതമേഖലകളിൽ നാമായിരിക്കുമ്പോൾ നാം കണ്ടുമുട്ടുന്ന വ്യക്തികൾക്ക് വേണ്ടിയും, ഈ ലോകത്തിലെ ദുരിതങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിക്കാന്‍ നാം കടപ്പെട്ടിരിക്കുന്നു.

ദൈവദാനത്തിൽ പ്രാർത്ഥന പരിപോഷിപ്പിക്കപ്പെടുന്നു

153. ചരിത്രം ഒരിക്കലും അപ്രത്യക്ഷമാകുകയില്ല. നമ്മില്‍ സന്നിഹിതവും പ്രവർത്തനക്ഷമവുമാക്കുന്ന ദൈവത്തിന്‍റെ ദാനത്തിൽ പ്രാർത്ഥന പരിപോഷിപ്പിക്കപ്പെടുന്നതിനാൽ അതെപ്പോഴും അനുസ്മരണത്താൽ മുദ്രിതമായിരിക്കണം. ദൈവത്തിന്‍റെ പ്രവർത്തികളുടെ ഓർമ്മ ദൈവവും അവിടുത്തെ ജനതയും തമ്മിലുള്ള ഉടമ്പടിയുടെ അനുഭവത്തിന് അനിവാര്യമാണ്. ദൈവം ചരിത്രത്തിലേക്ക് പ്രവേശിക്കാൻ ആഗ്രഹിച്ചു. അതുകൊണ്ട് നമ്മുടെ പ്രാർത്ഥനാ സ്മരണകളുമായി കെട്ടുപിണഞ്ഞു കിടക്കുന്നു. അവിടുത്തെ ആവിഷ്കൃത വചനത്തിൽ മാത്രമല്ല നാം തിരിഞ്ഞു നോക്കുന്നത്; പിന്നെയോ നമ്മുടെ ജീവിതങ്ങളിലും മറ്റുള്ളവരുടെ ജീവിതങ്ങളിലും അവിടുത്തെ സഭയിലും കർത്താവ് ചെയ്തിട്ടുള്ള എല്ലാ കാര്യങ്ങളിലുമാണ്. ഇതാണ് വിശുദ്ധ ഇഗ്നേഷ്യസ് ലെയോള “സ്നേഹം പ്രാപിക്കാൻ തന്‍റെ ധ്യാന ദർശനം” എന്ന  ഗ്രന്ഥത്തിൽ “കൃതജ്ഞതാപൂർണ്ണസ്മരണ” എന്ന് പരാമർശിക്കുന്നത്. കർത്താവിൽ നിന്നും നമ്മൾ പ്രാപിച്ച അനുഗ്രഹങ്ങളെ കുറിച്ച് ചിന്തയുള്ളവരായിരിക്കണമെന്ന് അദ്ദേഹം നമ്മോടു ആവശ്യപ്പെടുന്നു. പ്രാർത്ഥിക്കുമ്പോൾ നിങ്ങളുടെ തന്നെ ചരിത്രത്തെക്കുറിച്ച് ചിന്തിക്കുക; അവിടെ നിങ്ങൾ ധാരാളം കാരുണ്യം കണ്ടെത്തും. കർത്താവ് എപ്പോഴും നിങ്ങളെ കുറിച്ച് ജാഗ്രതയുള്ളവനാണെന്നും നിങ്ങളെ ഒരിക്കലും മറക്കുകയില്ലെന്നുമുള്ള നിങ്ങളുടെ ബോധ്യം ഇത് വർദ്ധിപ്പിക്കും. അതുകൊണ്ട്, നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും ചെറിയ വിശദാംശങ്ങളിലും വെളിച്ചംവീശാൻ അവിടുത്തോട പേക്ഷിക്കുന്നത് അർത്ഥവത്താണ്; എന്നാൽ അവിടുന്ന് അവയെല്ലാം കാണുന്നു.

പ്രാർത്ഥിക്കുമ്പോൾ നമുക്ക് ദൈവത്തിന്‍റെ നിസ്സീമമായ കരുണയെ കണ്ടെത്താൻ കഴിയുമെന്ന് പാപ്പാ പറയുന്നു. ജീവിതത്തിൽ കടന്നു വന്ന ചുവടുകളെ ഒന്ന് തിരിഞ്ഞു നോക്കുമ്പോൾ വ്യക്തമായി ദൈവത്തിന്‍റെ പരിപാലനയെ കാണുവാൻ കഴിയും. മരണത്തിന്‍റെ ഇരുൾ വീണ താഴ്വരയിലൂടെ നടന്നപ്പോഴും, കല്ലും, മുള്ളും നിറഞ്ഞ വഴികളിൽ ചരിച്ചപ്പോഴും എപ്പോഴും നമ്മെ വിടാതെ പിന്തുടരുന്ന ദൈവത്തിന്‍റെ അദൃശ്യവും നിഗൂഢവുമായ വഴികളെ കണ്ടെത്തുവാൻ കഴിയും. അങ്ങനെ നാം കണ്ടെത്തുമ്പോള്‍ ദൈവത്തിന്‍റെ മുന്നിൽ മിഴിപൂട്ടി, കരം കൂപ്പി, നന്ദി എന്നല്ലാതെ മറ്റൊന്നും നമുക്ക് പറയുവാൻ കഴിയുകയില്ല. നാം നമ്മുടെ ജീവിതത്തിൽ മാത്രമല്ല മറ്റുള്ളവരുടെ ജീവിതത്തിലും, സമൂഹത്തിലും, സഭയിലും, ലോകം മുഴുവനിലും ദൈവം ചൊരിഞ്ഞ അനുഗ്രഹങ്ങൾക്ക് നന്ദിയുള്ളവരായിരിക്കും.

നാം ജീവിച്ചതും ജീവിക്കുന്നതും ജീവിക്കേണ്ടതുമായ ജീവിതം ദൈവത്തിന്‍റെ കരുണയാല്‍ മുദ്രിതമാക്കപ്പെട്ടതാണ്. അതുകൊണ്ടു തന്നെ അതെപ്പോഴും ദൈവസ്മരണയിൽ  സ്നാനം ചെയ്യപ്പെടണം. ദൈവത്തെ എപ്പോഴും ഓർക്കണം. നാം എപ്പോഴാണ് ദൈവത്തെക്കുറിച്ച് ഓർക്കുന്നത്. സങ്കടങ്ങളില്‍ മാത്രമാണോ? അതോ സന്തോഷങ്ങളിലോ? സന്തോഷങ്ങളിൽ നാം സന്തോഷങ്ങളുടെ പുറകെ പോയി ദൈവത്തെ വിസ്മരിക്കുന്നു. എന്നാൽ സങ്കടങ്ങളിൽ നാം ദൈവത്തെ ആശ്രയിക്കുന്നത് ദൈവമറിയാതെ അല്ലെങ്കിൽ ദൈവത്തിനല്ലാതെ നമുക്ക് ഒന്നും ചെയ്യുവാൻ കഴിയുകയില്ല എന്ന വ്യക്തമായ ബോധ്യമുള്ളതുകൊണ്ടാണ്. എങ്കിലും ദൈവത്തെ വിസ്മരിക്കുന്നു. അപ്പോഴും നമ്മെ വിസ്മരിക്കാതെ ദൈവം നമ്മോടൊപ്പം സഞ്ചരിക്കുന്നു. നമ്മുടെ സഞ്ചാര വഴികളിൽ ദൈവം കൂടെയുണ്ടെങ്കിൽ നാം ചെയ്യുന്ന പ്രവൃത്തികൾക്ക് യഥാർത്ഥമായ ഫലം നൽകുവാൻ കഴിയും. അങ്ങനെ ദൈവസ്മരണയിൽ നമ്മുടെ പ്രാർത്ഥനയെയും പ്രവർത്തനങ്ങളെയും പ്രകാശിപ്പിക്കാൻ നമുക്ക് പ്രാർത്ഥിക്കാം, പരിശ്രമിക്കാം.

09 January 2020, 15:30