തിരയുക

Vatican News
ഫ്രാന്‍സിസ് പാപ്പാ  പൊതു കൂടികാഴ്ച്ചയില്‍....  ഫ്രാന്‍സിസ് പാപ്പാ പൊതു കൂടികാഴ്ച്ചയില്‍....   (Vatican Media)

വിശുദ്ധിയിലേക്കുളള വിളി: വിശുദ്ധി വളര്‍ത്തുന്ന സമൂഹം

“GAUDETE ET EXSULTATE” അഥവാ “ആനന്ദിച്ചാഹ്ലാദിക്കുവിൻ” എന്ന ഫ്രാന്‍സിസ്‍ പാപ്പായുടെ അപ്പോസ്തോലിക പ്രബോധനത്തിന്‍റെ നാലാം അദ്ധ്യായത്തിലെ 140-142 വരെയുള്ള ഭാഗങ്ങളെ കുറിച്ചുളള വിചിന്തനം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

അപ്പോസ്തോലിക പ്രബോധനം

അപ്പോസ്തോലിക പ്രബോധനമെന്നത് കത്തോലിക്കാ സഭയില്‍ മാര്‍പ്പാപ്പാ പ്രസിദ്ധികരിക്കുന്ന ഔദ്യോഗിക ലേഖനങ്ങളുടെ വിവിധതരത്തിലുളള പരമ്പരകളില്‍പ്പെടുന്ന ഒരു ലേഖനമാണ്. ഇവയുടെ പ്രാധാന്യ ശൃംഖലയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ചാക്രീക ലേഖനങ്ങള്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനമാണ് അപ്പോസ്തോലിക പ്രബോധനങ്ങള്‍ക്കുളളത്.

നാലാമദ്ധ്യായം:  ഇന്നത്തെ ലോകത്തിലെ വിശുദ്ധിയുടെ അടയാളങ്ങൾ

വിശുദ്ധിയുടെ അടയാളങ്ങൾ എന്തൊക്കെയെന്ന് പാപ്പാ ഇവിടെ കാണിച്ചുതരുന്നു. സ്ഥിരോൽസാഹവും, ക്ഷമയും, ശാന്തതയും, സന്തോഷവും, രസികത്വവും തുടങ്ങി അപ്പോസ്തലീകമായ ധൈര്യവും, സമൂഹ ജീവിതവും, നിരന്തരമായ പ്രാർത്ഥനയും വിശുദ്ധിയുടെ പ്രകടഭാവങ്ങളായി മാർപാപ്പാ ചൂണ്ടിക്കാണിക്കുന്നു.

നാലാമത്തെ അദ്ധ്യായം ദൈവസ്നേഹത്തിന്‍റെയും സഹോദരസ്നേഹത്തിന്‍റെയും 5 മഹാ സാക്ഷ്യങ്ങൾ വരച്ചുകാണിക്കുന്നു. അഞ്ച് സമകാലിന രൂപങ്ങളാണനവ. എന്തെന്നാൽ വിശുദ്ധിക്ക് ഓരോ കാലഘട്ടത്തിലും വ്യത്യസ്ഥമായ രൂപങ്ങളുണ്ട്. അപ്പോസ്തോലിക പ്രബോധനം ഇക്കാത്തിലെ വിശുദ്ധിയുടെ രൂപങ്ങളാണ് തേടുന്നത് ഇന്നത്തെ സംസ്കാരത്തിന്‍റെ പരിമിതികളും, അപകടങ്ങളും വച്ച് പലപ്പോഴും അക്രമാസക്തമായ മനസ്സിനെ പതറിക്കുകയും ദുർബ്ബലപ്പെടുത്തുകയും ചെയ്യുന്ന ആകുലതാബോധം, നിഷേധാത്മകതയും,  മുഖപ്രസാദമില്ലാത്ത അവസ്ഥയും, ഉപഭോക്തൃ സംസ്കാരം വളർത്തുന്ന സ്വയംപര്യാപ്തതയും ഇക്കാലത്തെ ആത്മീയ വിപണിയിൽ ഭരണം നടത്തുന്ന വ്യക്തിനിഷ്ഠതയും ദൈവവുമായി ഒരു ബന്ധവുമില്ലാത്ത വിലകുറഞ്ഞ ആത്മീയതയുടെ എല്ലാ രൂപങ്ങളും ഇവിടെ നിർദ്ദേശിക്കപ്പെടുന്ന  അ‍ഞ്ച് അടയാളങ്ങളായി കണകാക്കപ്പെടുന്നു.

വിശുദ്ധനായ ഒരു വ്യക്തി ആനന്ദത്തോടെ ജീവിക്കുന്നു. അദ്ദേഹത്തിന് ഒരു നർമ്മബോധവും ഉണ്ടാവും. വിശുദ്ധി എന്നാൽ കാപട്യമില്ലായ്മയാണ്. അപ്പോസ്തോലിക ധീരതയാണ്. തുനിയാനും പരീക്ഷിക്കുവാനും മുൻകൈ എടുക്കുവാനും നവ്യമായതിലേക്ക് നീങ്ങുവാനുമുള്ള ശേഷിയാണ്. അവസാനമായി വിശുദ്ധി എന്നത് കർത്താവിലേക്ക് നോക്കുവാൻ സ്വയം അനുവദിച്ചും അവിടത്തെ സ്നേഹത്തിന്‍റെ ഊഷ്മളതയാലും ആർദ്രതയാലും പരിപോഷിപ്പിക്കപ്പെടുന്നതിന് അനുവദിച്ചും നിശബ്ദതയിൽ നടത്തുന്ന പ്രാർത്ഥനയാണ്. വിശുദ്ധി എന്നത് കർത്താവിനാല്‍ അവിടുത്തെ അരുവിയുടെ ശക്തിയാൽ രൂപാന്തരപ്പെടുത്തപ്പെടുന്നതിനുമുള്ള വിട്ടുകൊടുക്കലാണ്.

സമൂഹ ജീവിതം

140. നമ്മൾ മറ്റുള്ളവരിൽ നിന്ന് അകന്നു ജീവിക്കുമ്പോൾ ഭോഗാസക്തിക്കും, പിശാചിന്‍റെ കെണികൾക്കും, പ്രലോഭനങ്ങൾക്കും, ലോകത്തിന്‍റെ സ്വാർത്ഥതയ്ക്കുമെതിരായി  പോരാടാൻ പ്രയാസമായിരിക്കും. വളരെയധികം വശീകരണങ്ങളാൽ ആക്രമിക്കപ്പെടാൻ സാധ്യതയുള്ള നമ്മൾ വളരെ ഒറ്റപ്പെടുകയും യാഥാർത്ഥ്യബോധവും ഉള്ളിലെ വ്യക്തതയും നഷ്ടപ്പെടുകയും എളുപ്പത്തിൽ വീണുപോകുകയും ചെയ്യാം.

സമൂഹത്തിൽ ഒറ്റപ്പെട്ട് ജീവിക്കുമ്പോൾ പ്രലോഭനങ്ങളുടെ പിടിയിൽപ്പെട്ട് നമ്മുടെ ശരീരത്തിനും, ആത്മാവിനും നാം വിനാശം വരുത്തി വയ്ക്കുന്നു. മനുഷ്യൻ ഒരു സമൂഹജീവിയാണ്. ഇത്രയും വലിയ ലോകത്തില്‍ നമുക്ക് ആർക്കും ഒറ്റയ്ക്ക് ജീവിക്കുവാൻ കഴിയുകയില്ല. സഹോദരങ്ങൾ ഏകമനസ്സരായി ഒരുമിച്ചിരിക്കുന്നത് എത്ര വിശിഷ്ടവും സന്തോഷപ്രദവുമാണെന്ന് സങ്കീർത്തകൻ പറയുന്നു. നാം നമ്മുടെ ലോകത്തിൽ മാത്രം ജീവിച്ച് കടന്നു പോകേണ്ടവരല്ല. അങ്ങനെ ജീവിക്കാൻ ഇഷ്ടപ്പെടുമ്പോൾ നമുക്ക് ചുറ്റുമുള്ള ലോകത്തിന്‍റെ ഹൃദയമിടിപ്പിനെ കേൾക്കാൻ കഴിയാതെ പോകുന്നു. പൈശാചിക പ്രലോഭനങ്ങളെ എതിർത്തു നിൽക്കാൻ കഴിയാതെ നമ്മുടെ വ്യക്തതയും യാഥാർത്ഥ്യബോധവും നമുക്ക് നഷ്ടമാകുമെന്ന് പാപ്പാ മുന്നറിയിപ്പ് നൽകുന്നു.

നാം നമുക്ക് വേണ്ടി സൃഷ്ടിക്കപ്പെട്ടവരല്ല. ദൈവത്തിന്‍റെ കരങ്ങളായി അവിടുത്തെ പ്രതി ലോകത്തിന് നന്മ ചെയ്യുവാൻ വിളിക്കപ്പെട്ടിരിക്കുന്നു. ഈ വിളിയെ മറന്ന്, നാം നമ്മുടെ ഒറ്റപ്പെട്ട ജീവിത വലയത്തിൽ കഴിയുമ്പോൾ നഷ്ടപ്പെടുന്ന നന്മകൾ അനവധിയാണ്. നമ്മുടെ ജീവിതം മറ്റുള്ളവരുടെ ഇടപെടലുകൾ കൊണ്ട് രൂപപ്പെടുന്നു. നമ്മുടെ സുഭിക്ഷത, സുരക്ഷിതത്വം, സ്വസ്ഥത ഇവയ്ക്ക് വേണ്ടി മറ്റാരൊക്കെയോ നാമറിയാതെ നമ്മെ അറിയിക്കാതെ അദ്ധ്വാനിക്കുന്നു. നമ്മുടെ ജീവിതത്തിന്‍റെ നല്ല കൊയ്ത്തിന് വേണ്ടി ആരൊക്കെയോ നമുക്ക് വേണ്ടി പ്രാർത്ഥിക്കുന്നുണ്ട്. നമ്മുടെ വിഭവത്തിന്‍റെ പിന്നിൽ ആരുടെയൊക്കെയോ വിയർപ്പിന്‍റെ ഗന്ധവും, നനവുമുണ്ടെന്ന സത്യം മറന്ന് പോകാതിരുന്നാൽ നമുക്ക് നമ്മെ മാത്രം ശ്രദ്ധിച്ച് ജീവിക്കാനാവില്ല. ലോകത്തിന്‍റെ എല്ലാ നിലവിളികള്‍ക്കും ഉത്തരം നൽകാൻ കഴിഞ്ഞില്ലെങ്കിലും നമുക്ക് ചുറ്റിലും നിന്നുയരുന്ന ചെറിയ ചെറിയ വേദനകൾക്ക് ലേപനമാകാൻ കഴിയും. അതിന് ഒറ്റപ്പെട്ട നമ്മുടെ കൊട്ടാരങ്ങളിൽ  നിന്നിറങ്ങി ജീവിതത്തെ പങ്കുവയ്ക്കുന്ന നമ്മുടെ ജീവിതവും സ്നേഹവും ആവശ്യപ്പെടുന്നവർക്കായി സമൂഹത്തിൽ ജീവിക്കാം‌.

വിശുദ്ധി വളര്‍ത്തുന്ന സമൂഹം

141. വിശുദ്ധിയിൽ വളരുക എന്നുള്ളത് സമൂഹത്തിൽ മറ്റുള്ളവരോടു ചേർന്ന് കൊണ്ടുള്ള ഒരു പ്രയാണമാണ്. ചില വിശുദ്ധ സമൂഹങ്ങളിൽ ഇത് നാം കാണുന്നു. സമയാസമയങ്ങളിൽ സുവിശേഷം വീരോചിതമായ രീതിയിൽ ജീവിക്കുകയോ, സമൂഹത്തിലെ എല്ലാ അംഗങ്ങളെയും ദൈവത്തിന് സമർപ്പിക്കുകയോ ചെയ്തിട്ടുള്ള ചില സമൂഹങ്ങളെ മുഴുവനായും തിരുസഭ വിശുദ്ധർ എന്ന് നാമകരണം ചെയ്തിട്ടുണ്ട്. നമുക്ക് പരിഗണിക്കാവുന്ന ചില ഉദാഹരണങ്ങൾ: മരിയനിസ്റ്റ് സന്യാസ സമൂഹസ്ഥാപകരായ ഏഴുപേർ, മാഡ്രിഡിൽ വിസിറ്റേഷൻ സന്യാസസമൂഹത്തിലെ ആദ്യമഠത്തിലെ ഏഴു അനുഗ്രഹീത സഹോദരിമാർ, ജപ്പാനിലെ രക്തസാക്ഷികളായ വിശുദ്ധ പോൾ മിക്കിയും സഹചരന്മാരും, കൊറിയൻ രക്തസാക്ഷികളായ വിശുദ്ധ ആന്‍ഡ്രു ടേഗോണും സഹചരന്മാരും, ദക്ഷിണ അമേരിക്കയിലെ രക്തസാക്ഷികളായ വിശുദ്ധ റോക് ഗോൺസാലസ്, വിശുദ്ധ അലോൺസോ റൊഡ്രാഗസും സഹചരന്മാരും. ഈ അടുത്ത കാലത്ത്, അല്‍ജീരിയയിൽ ടിബരിനിലെ ട്രാപ്പിസ്റ്റ് സന്യാസസമൂഹത്തിലെ അംഗങ്ങൾ നൽകിയ സാക്ഷ്യവും നാം അനുസ്‍മരിക്കുന്നു. ഒരു സമൂഹമായി തന്നെ അവർ രക്തസാക്ഷിത്വത്തിന് ഒരുങ്ങി. പരിശുദ്ധമായ വിവാഹങ്ങളിലും ഭർത്താവും ഭാര്യയും ജീവിത പങ്കാളിയുടെ വിശുദ്ധീകരണത്തിനായി ക്രിസ്തു ഉപയോഗിക്കുന്ന മാർഗ്ഗമായിത്തീരുന്നു. മറ്റുള്ളവരുമായി ജീവിക്കുകയോ പ്രവർത്തിക്കുകയോ ചെയ്യുന്നത്, തീർച്ചയായും ആത്മീയ വളർച്ചയുടെ പാതയാണ്. കുരിശിന്‍റെ വിശുദ്ധ യോഹന്നാൻ, തന്‍റെ അനുയായികളിൽ ഒരാളോടു പറഞ്ഞു:"മറ്റുള്ളവരാൽ രൂപാന്തരപ്പെടാനും പരീക്ഷിക്കപ്പെടാനുമാണ് നിങ്ങള്‍ മറ്റുള്ളവരുമായി ഒരുമിച്ചു ജീവിക്കുന്നത്."

വിശുദ്ധിയിലേക്കുള്ള യാത്ര മറ്റുള്ളവരോടു ചേർന്ന് കൊണ്ടുള്ള ഒരു പ്രയാണമാണെന്ന് പാപ്പാ പ്രബോധിപ്പിക്കുന്നു. അതിനു വിശുദ്ധരും രക്തസാക്ഷികളുമായി ഈ ലോകത്തിൽ ക്രിസ്തു രാജ്യം സംസ്ഥാപിക്കാൻ പരിശ്രമിച്ച വ്യക്തികളെ ചൂണ്ടികാണിക്കുന്നു. മറ്റുള്ളവരുമായി ജീവിക്കുകയോ പ്രവർത്തിക്കുകയോ ചെയ്യുന്നത്, ആത്മീയ വളർച്ചയുടെ പാതയാണെന്ന് പ്രബോധിപ്പിക്കുന്നു. സമൂഹത്തോടു ഒന്നായി ജീവിക്കാൻ കഴിയുന്നത് ഒരു കലയാണ്. വിശുദ്ധിയുടെ സാമൂഹ്യ തലം സമർപ്പിത ജീവിതങ്ങൾ മാത്രമല്ലെന്നും ഭാര്യ- ഭർതൃ ബന്ധത്തിലും, കുടുംബജീവിതത്തിലും ഒരുമിച്ചുള്ള ജീവിതം വിശുദ്ധിയിലേക്ക് പരസ്പരം പിടിച്ചുയർത്താനുള്ള മാർഗ്ഗമാണെന്ന് പാപ്പാ വിശദീകരിക്കുന്നു. ജീവിതപങ്കാളിയുടെ വിശുദ്ധീകരണത്തിനുള്ള മാർഗ്ഗമാണ് എന്ന് ഊന്നിപ്പറയുവാൻ നാം  മറ്റുള്ളവരുമായി ഒരുമിച്ചു ജീവിക്കുന്നത് മറ്റുള്ളവരാൽ രൂപാന്തരപ്പെടാനും പരീക്ഷിക്കപ്പെടാനുമാണ് എന്ന് പറഞ്ഞ കുരിശിന്‍റെ വിശുദ്ധ യോഹന്നാന്‍റെ വാക്കുകളെ കൂട്ടിച്ചേർക്കുന്നു.

ദൈവപ്രശോഭിത ഇടമാകുന്ന സന്യാസമൂഹം

142. ഓരോ സന്യാസമൂഹവും "ഒരു ദൈവ പ്രശോഭിത ഇടം സൃഷ്ടിക്കുവാൻ വിളിക്കപ്പെട്ടിരിക്കുന്നു. ഉത്ഥിതനായ ക്രിസ്തുവിന്‍റെ മറഞ്ഞിരിക്കുന്ന സാന്നിധ്യം അനുഭവിക്കുന്ന സമൂഹങ്ങൾ; അത് ഒരുമിച്ചു വചനം പങ്കുവയ്ക്കുന്നതും, ദിവ്യബലിയര്‍പ്പിക്കുന്നതും, സാഹോദര്യത്തെ പോഷിപ്പിക്കുന്നതും, പരിശുദ്ധവും മിഷനറി സ്വഭാവമുളളതുമായ ഒരു സമൂഹത്തെ രൂപപ്പെടുത്തുകയും ചെയ്യുന്നു. അത് അധികൃതവും പങ്കുവെയ്ക്കപ്പെടുന്നതുമായ മൗതീക അനുഭവങ്ങൾ ഉളവാക്കുന്നു. വിശുദ്ധ ബെനഡിക്ടിന്‍റെയും, സ്കൊളാസ്റ്റിക്കായുടെയും അനുഭവം അത്തരത്തിലുള്ളതാണ്. വിശുദ്ധ അഗസ്തിനോസും അദ്ദേഹത്തിന്‍റെ അമ്മ വിശുദ്ധ മോനിക്കയും പങ്കുവെച്ച ആത്മീയ അനുഭവത്തെകുറിച്ചും നമുക്ക് ചിന്തിക്കാനാകും. അതിപ്രകാരമാണ് രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്. "അവൾ ഈ ലോകത്തിൽ നിന്നും വേര്‍പ്പെട്ട് പോകാനുള്ള, അവിടുത്തേക്ക്‌ മാത്രം അറിയാവുന്നതും ഞങ്ങൾക്കൊട്ടും അറിവില്ലാത്തതുമായ ആ ദിവസം സമീപിച്ചപ്പോൾ അവിടുത്തെ വിശുദ്ധ ക്രമീകരണത്താൽ ഇപ്രകാരമാണ് സംഭവിച്ചത്: അവളും ഞാനും മാത്രം, തോട്ടത്തിലേക്ക് തുറന്നിരുന്ന ഒരു ജനാലയിൽ ചാരിനിന്നു. അവിടുത്തെ നീരുറവയിൽ നിന്ന്, അതിൽ നിന്നുള്ള ജീവന്‍റെ ഉറവിടത്തിൽ നിന്ന്, കുടിക്കാൻ ഞങ്ങളുടെ ഹൃദയങ്ങളെ വിശാലമാക്കി തുറന്നിട്ടു. ജ്ഞാനത്തെ കുറിച്ച് സംസാരിക്കുകയും പരമാവധി ശക്തമായി വലിച്ചെടുക്കാൻ ശ്രമിക്കുകയും ചെയ്തപ്പോൾ അത് ഒരളവുവരെയും ഞങ്ങളുടെ ഹൃദയങ്ങളുടെ ആവേശത്താൽ സ്പർശിച്ചു. നിത്യജീവിതമെന്നത് ആ ഒരു നിമിഷത്തെ  അറിവെന്നപോലെയായിരിക്കും. ഇപ്പോൾ ഞങ്ങൾ അതിനായി നെടുവീർപ്പെട്ടു കഴിയുന്നു.

വിശുദ്ധിയിലേക്കുള്ള വളർച്ചയിൽ സമൂഹ ജീവിതം എത്രമാത്രം നമ്മെ സഹായിക്കുന്നു എന്ന് വിവരിക്കുന്ന പാപ്പാ ഉയിർത്തെഴുന്നേറ്റ നാഥന്‍റെ  അദൃശ്യ സാന്നിധ്യം അനുഭവിക്കാൻ ദൈവത്താൽ പ്രകാശിപ്പിക്കേണ്ട ഒരു സ്ഥലമൊരുക്കാൻ എല്ലാ സമൂഹങ്ങൾക്കുള്ള വിളിയെക്കുറിച്ചാണ് 142 ൽ സൂചിപ്പിക്കുന്നത്. സാഹോദര്യത്തിന്‍റെ വളർച്ചയെ പരിപോഷിപ്പിക്കുന്ന ഘടകങ്ങളാണ് ദൈവവചനത്തിന്‍റെ പങ്കുവയ്പ്പും, ദിവ്യബലി അർപ്പണവും. അത് നമ്മെ വിശുദ്ധവും പ്രേഷിതരുമായ ഒരു സമൂഹമാക്കി രൂപാന്തരപ്പെടുത്തുമെന്നും സത്യസന്ധമായ ഒരു യോഗാത്മക അനുഭവത്തിന്‍റെ പങ്കുവയ്ക്കലിന് ഇടയേകുമെന്നും പാപ്പാ പങ്കവയ്ക്കുന്നു. ആത്മീയ അനുഭവങ്ങളുടെ പങ്കുവയ്ക്കലുകൾ വിശുദ്ധിയുടെ ചരിത്രത്തിന്‍റെ ഭാഗമായി ചൂണ്ടിക്കാണിക്കാൻ വിശുദ്ധരായ സഹോദരരായിരുന്ന ബനഡിക്ടിന്‍റെയും സഹോദരി സ്കൊളാസ്റ്റിക്കയുടേയും, വിശുദ്ധ അഗസ്റ്റിന്‍റെയും അമ്മ മോനിക്കയുടെയും പങ്കുവയ്ക്കലുകളെ നമുക്ക് മുന്നിൽ വിവരിക്കാൻ പാപ്പാ ശ്രദ്ധിക്കുന്നു. ദൈവാനുഭവത്തിന്‍റെ വ്യക്തിപരമായതൊന്നും സ്വന്തമല്ലായെന്നും അവയുടെ പങ്കിടലുകളും വിശുദ്ധിയുടെ കൂട്ടായ്മകളും വ്യക്തിപരമായ വികസനത്തിനും സമൂഹത്തിന്‍റെ തന്നെ വിശുദ്ധിയുടെ സാക്ഷ്യത്തിനും ഇടയാക്കുമെന്നും പാപ്പാ ഉദ്ബോധിപ്പിക്കുന്നു.

19 December 2019, 10:40