തിരയുക

Vatican News
ഫ്രാന്‍സിസ് പാപ്പാ സ്നേഹപൂര്‍വ്വം കുട്ടിയെ ആശ്ലേഷിക്കുന്നു. ഫ്രാന്‍സിസ് പാപ്പാ സ്നേഹപൂര്‍വ്വം കുട്ടിയെ ആശ്ലേഷിക്കുന്നു.  (Vatican Media)

വിശുദ്ധിയിലേക്കുളള വിളി:സ്നേഹത്തിന്‍റെ കൊച്ചു കാര്യങ്ങള്‍

“GAUDETE ET EXSULTATE” അഥവാ “ആനന്ദിച്ചാഹ്ലാദിക്കുവിൻ” എന്ന ഫ്രാന്‍സിസ്‍ പാപ്പായുടെ അപ്പോസ്തോലിക പ്രബോധനത്തിന്‍റെ നാലാം അദ്ധ്യായത്തിലെ 143-146 വരെയുള്ള ഭാഗങ്ങളെ കുറിച്ചുളള വിചിന്തനം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

അപ്പോസ്തോലിക പ്രബോധനം

അപ്പോസ്തോലിക പ്രബോധനമെന്നത് കത്തോലിക്കാ സഭയില്‍ മാര്‍പ്പാപ്പാ പ്രസിദ്ധികരിക്കുന്ന ഔദ്യോഗിക ലേഖനങ്ങളുടെ വിവിധതരത്തിലുളള പരമ്പരകളില്‍പ്പെടുന്ന ഒരു ലേഖനമാണ്. ഇവയുടെ പ്രാധാന്യ ശൃംഖലയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ചാക്രീക ലേഖനങ്ങള്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനമാണ് അപ്പോസ്തോലിക പ്രബോധനങ്ങള്‍ക്കുളളത്.

നാലാമദ്ധ്യായം:  ഇന്നത്തെ ലോകത്തിലെ വിശുദ്ധിയുടെ അടയാളങ്ങൾ

വിശുദ്ധിയുടെ അടയാളങ്ങൾ എന്തൊക്കെയെന്ന് പാപ്പാ ഇവിടെ കാണിച്ചുതരുന്നു. സ്ഥിരോൽസാഹവും, ക്ഷമയും, ശാന്തതയും, സന്തോഷവും, രസികത്വവും തുടങ്ങി അപ്പോസ്തലീകമായ ധൈര്യവും, സമൂഹ ജീവിതവും, നിരന്തരമായ പ്രാർത്ഥനയും വിശുദ്ധിയുടെ പ്രകടഭാവങ്ങളായി മാർപാപ്പാ ചൂണ്ടിക്കാണിക്കുന്നു.

നാലാമത്തെ അദ്ധ്യായം ദൈവസ്നേഹത്തിന്‍റെയും സഹോദരസ്നേഹത്തിന്‍റെയും 5 മഹാ സാക്ഷ്യങ്ങൾ വരച്ചുകാണിക്കുന്നു. അഞ്ച് സമകാലിന രൂപങ്ങളാണനവ. എന്തെന്നാൽ വിശുദ്ധിക്ക് ഓരോ കാലഘട്ടത്തിലും വ്യത്യസ്ഥമായ രൂപങ്ങളുണ്ട്. അപ്പോസ്തോലിക പ്രബോധനം ഇക്കാത്തിലെ വിശുദ്ധിയുടെ രൂപങ്ങളാണ് തേടുന്നത് ഇന്നത്തെ സംസ്കാരത്തിന്‍റെ പരിമിതികളും, അപകടങ്ങളും വച്ച് പലപ്പോഴും അക്രമാസക്തമായ മനസ്സിനെ പതറിക്കുകയും ദുർബ്ബലപ്പെടുത്തുകയും ചെയ്യുന്ന ആകുലതാബോധം, നിഷേധാത്മകതയും,  മുഖപ്രസാദമില്ലാത്ത അവസ്ഥയും, ഉപഭോക്തൃ സംസ്കാരം വളർത്തുന്ന സ്വയംപര്യാപ്തതയും ഇക്കാലത്തെ ആത്മീയ വിപണിയിൽ ഭരണം നടത്തുന്ന വ്യക്തിനിഷ്ഠതയും ദൈവവുമായി ഒരു ബന്ധവുമില്ലാത്ത വിലകുറഞ്ഞ ആത്മീയതയുടെ എല്ലാ രൂപങ്ങളും ഇവിടെ നിർദ്ദേശിക്കപ്പെടുന്ന  അ‍ഞ്ച് അടയാളങ്ങളായി കണകാക്കപ്പെടുന്നു.

വിശുദ്ധനായ ഒരു വ്യക്തി ആനന്ദത്തോടെ ജീവിക്കുന്നു. അദ്ദേഹത്തിന് ഒരു നർമ്മബോധവും ഉണ്ടാവും. വിശുദ്ധി എന്നാൽ കാപട്യമില്ലായ്മയാണ്. അപ്പോസ്തോലിക ധീരതയാണ്. തുനിയാനും പരീക്ഷിക്കുവാനും മുൻകൈ എടുക്കുവാനും നവ്യമായതിലേക്ക് നീങ്ങുവാനുമുള്ള ശേഷിയാണ്. അവസാനമായി വിശുദ്ധി എന്നത് കർത്താവിലേക്ക് നോക്കുവാൻ സ്വയം അനുവദിച്ചും അവിടത്തെ സ്നേഹത്തിന്‍റെ ഊഷ്മളതയാലും ആർദ്രതയാലും പരിപോഷിപ്പിക്കപ്പെടുന്നതിന് അനുവദിച്ചും നിശബ്ദതയിൽ നടത്തുന്ന പ്രാർത്ഥനയാണ്. വിശുദ്ധി എന്നത് കർത്താവിനാല്‍ അവിടുത്തെ അരുവിയുടെ ശക്തിയാൽ രൂപാന്തരപ്പെടുത്തപ്പെടുന്നതിനുമുള്ള വിട്ടുകൊടുക്കലാണ്.

പരിശുദ്ധ ത്രീത്വത്തിന്‍റെ ഐക്യവും തിരുകുടുംബത്തിന്‍റെ സമാധാനവും

143. കുടുംബത്തിലാണെങ്കിലും,  സന്യാസജീവിതത്തിലാണെങ്കിലും, മറ്റെവിടെയാണെങ്കിലും ഒരുമിച്ചുള്ള ജീവിതം നിസ്സാരമായ ദൈനംദിന കാര്യങ്ങളിലാണSങ്ങിയിരിക്കുന്നത്. ത്രിത്വത്തിന്‍റെ കൂട്ടായ്മയുടെ സൗന്ദര്യം പ്രതിഫലിപ്പിക്കുന്ന, യേശുവും മറിയവും യൗസേപ്പിതാതാവും രൂപം കൊടുക്കുന്ന പരിശുദ്ധ സമൂഹത്തിലും ഇത് വാസ്തവമാണ്. യേശു സ്വശിഷ്യന്മാരുമായും, മറ്റു സാധാരണക്കാരുമായും പങ്കുവച്ച ജീവിതത്തിലും ഇത് അന്വർത്ഥമാണ്.

പരിശുദ്ധ ത്രീത്വത്തിന്‍റെ ഐക്യവും തിരുകുടുംബത്തിന്‍റെ സമാധാനവും ഓരോ കുടുംബങ്ങളിലും സന്യാസ സമൂഹങ്ങളിലും ആവശ്യമാണെന്ന് പാപ്പാ നമ്മെ പ്രബോധിപ്പിക്കുന്നു. ഇന്ന് നമ്മുടെ സമൂഹത്തിൽ നഷ്ടമായിരിക്കുന്നത് കൂട്ടായ്മയുടെയും പങ്കുവയ്ക്കലിന്‍റെയും അനുഭവമാണ്. ജീവിതത്തിന്‍റെ സുന്ദര നിമിഷങ്ങൾ സമ്മാനിക്കുന്ന കൂട്ടായ്മയുടെ അനുഭവങ്ങളെ ഇന്ന് നാം വ്യക്തിത്വപരമായ സുഖത്തിനു വേണ്ടി നഷ്ടപ്പെടുത്തികൊണ്ടിരിക്കുന്നു. അത് നമ്മുടെ പൊതു ജീവിതത്തെയും, സമൂഹജീവിതത്തെയും സാരമായി ബാധിക്കുന്നു. ഒരേ കുടുംബത്തിലെ വ്യക്തികൾ യാത്ര ചെയ്യുന്ന ബസ്സിലും, ട്രെയിൻ യാത്രകളിലും ഒന്ന് കണ്ണോടിക്കുമ്പോൾ നമുക്ക് കാണാൻ കഴിയും ഒരോർത്തരും അവരവരുടെ ലോകത്തിൽ സ്വന്തം മൊബൈൽ ഫോണുകളിൽ കുടുങ്ങിയിരിക്കുന്നതും തന്‍റെ മുന്നിലുള്ള വീട്ടുകാരോടു സംസാരിക്കാതെ മൊബൈലിൽ പ്രത്യക്ഷപ്പെടുന്ന വ്യക്തികളുമായി സംസാരിച്ചിരിക്കുന്നതും. കുട്ടികൾ പോലും വീഡിയോ ഗെയിമുകളിൽ വ്യാപൃതരായിരിക്കുന്നതും നമ്മിലും നമുക്ക് ചുറ്റും നടക്കുന്ന യാഥാർഥ്യങ്ങളാണ്. അത് കൊണ്ട് ഇന്ന് നമ്മുടെ വീടുകളിലെ വിരുന്നു മേശകൾ ശൂന്യമായിരിക്കുന്നു.  ഭക്ഷണവുമായി ദൃ‍ശ്യ മാധ്യമങ്ങളുടെ മുന്നിൽ ചെന്നിരുന്ന് ഭക്ഷിക്കുന്നതും ഇന്ന് നമ്മുടെ ജീവിതത്തിന്‍റെ ഭാഗമായി തീർന്ന അനുഭവങ്ങളാണ്. മാതാപിതാക്കളും മക്കളും ഒരുമിച്ചുള്ള  സ്നേഹവും,കൂട്ടായ്മയും കുറയുമ്പോൾ അനാഥാലയങ്ങളും, വൃദ്ധസദനങ്ങളും ഇന്ന് കൂടി വരുന്നത് നാം കാണുന്ന യാഥാർഥ്യങ്ങളാണ്.  സന്യാസമൂഹവും കൂട്ടായ്മയുടെ ഭവനമാണ്. അവിടെ വിവിധ കുടുംബത്തിൽ നിന്നുമുള്ളവർ ഒരേ നിയോഗത്തിനു വേണ്ടി ഒരുമിച്ച്, പ്രാർത്ഥിച്ച്, ഭക്ഷിച്ച് സേവനം  ചെയ്തു ജീവിക്കുന്ന കുടുംബമാണ്. അധികാരം, അഹങ്കാരം, അസൂയ ഇന്ന് നമ്മുടെ സന്യാസസമൂഹങ്ങളെയും വേട്ടയാടുന്നത് തിരിച്ചറിഞ്ഞ് നമ്മുടെ വിളിയുടെ നിയോഗം എന്താണെന്ന് മനസ്സിലാക്കി അതിനു വേണ്ടി സമൂഹത്തോടൊപ്പം സഞ്ചരിക്കുമ്പോഴാണ് പരിശുദ്ധ ത്രീത്വത്തിന്‍റെ ഐക്യവും തിരുകുംടുംബത്തിന്‍റെ സമാധാനവും നമ്മിലും നമ്മുടെ സമൂഹ ജീവിതത്തിലും നമുക്ക് സൃഷ്ടിക്കാനാകുന്നത്.

സ്നേഹത്തിന്‍റെ കൊച്ചു കാര്യങ്ങള്‍

144. വിശദാംശങ്ങളിലേക്ക് (കൊച്ചു കാര്യങ്ങളിലേയ്ക്ക്) ശ്രദ്ധ കൊടുക്കാൻ യേശു സ്വശിഷ്യന്മാരോടു ആവശ്യപ്പെടുന്ന വസ്തുത നാം മറക്കരുത്.

ഒരു വിരുന്നിൽ വീഞ്ഞു തീർന്നുപോയ കൊച്ചു കാര്യം.

ഒരു ആട് നഷ്ടപ്പെട്ട കൊച്ചു കാര്യം.

ഒരു വിധവ രണ്ടു ചെമ്പുതുട്ടുകൾ നേർച്ചയിട്ട കൊച്ചു കാര്യം. മണവാളൻ വൈകിയാൽ വിളക്കിൽ എണ്ണ കരുതണം എന്ന കൊച്ചു കാര്യം.

ശിഷ്യന്മാരോടു എത്ര അപ്പം കൈവശമുണ്ടെന്ന് അന്വേഷിക്കുന്ന കൊച്ചു കാര്യം.

പ്രഭാതത്തിൽ ശിഷ്യന്മാരെ കാത്തിരുന്നപ്പോൾ തീകൂട്ടി മീൻ വേവിച്ച കൊച്ചു കാര്യം തുടങ്ങിയവ.

ജീവിതത്തിൽ നമ്മുടെ പ്രിയപ്പെട്ടവർ നമ്മിൽ നിന്നും അകന്നു പോകുന്നതിന് കാരണം ചിന്തിക്കുമ്പോൾ വ്യക്തമായി വെളിപ്പെടുന്ന ഒരു സത്യമാണ് ചെറിയ ചെറിയ അവഗണനകളും അശ്രദ്ധയുമാണെന്ന്. ചെറിയ ചെറിയ കാര്യങ്ങളെ പ്രതി നമ്മുക്ക് നഷ്ടമാകുന്ന വലിയ ബന്ധങ്ങളും നന്മകളും ഏറെയാണ്. കുടുംബങ്ങളിലും സമൂഹജീവിതത്തിലും മറ്റുള്ളവരോടുള്ള ചെറിയ ശ്രദ്ധകുറവ് വലിയ സംഘർഷങ്ങൾ സൃഷ്ടിക്കുന്നു. എല്ലാവരും സ്നേഹവും, കരുതലും ആഗ്രഹിക്കുന്നവരാണ്. കൂടെയുള്ള പ്രിയപ്പെട്ടവരുടെ പരിഗണന നഷ്ടമാകുന്നുവെന്ന തോന്നലുകളാണ് പലപ്പോഴും നമുക്ക് മറ്റുള്ളവരുടെ ഇടയിൽ മതിലുകൾ സൃഷ്ടിക്കുന്നത്. ഈ ലോകത്തില്‍ ആരും ശ്രദ്ധിക്കാത്തവരെ ക്രിസ്തു ശ്രദ്ധിച്ചു. ആരും പരിഗണിക്കാത്തവരെ ക്രിസ്തു സമൂഹത്തിൽ വച്ച് പ്രശംസിച്ചു. അതിനുദാഹരണമായി ഒരു വിരുന്നിൽ വീഞ്ഞു തീർന്നുപോയതും, ഒരു ആട് നഷ്ടപ്പെട്ടതും, ഒരു വിധവ രണ്ടു ചെമ്പുതുട്ടുകൾ നേർച്ചയിട്ടതും, മണവാളൻ വൈകിയാൽ വിളക്കിൽ എണ്ണ കരുതണം എന്നതും,  ശിഷ്യന്മാരോടു എത്ര അപ്പം കൈവശമുണ്ടെന്ന് അന്വേഷിക്കുന്നതും, പ്രഭാതത്തിൽ ശിഷ്യന്മാരെ കാത്തിരുന്നപ്പോൾ തീകൂട്ടി മീൻ വേവിച്ചതും തുടങ്ങിയ കൊച്ചു കൊച്ച അനുഭവങ്ങളെ പാപ്പാ എടുത്തുപറയുന്നു. സ്വാർത്ഥതയുടെ മരമായി തീർന്നു കഴിയുമ്പോൾ നമുക്ക് മറ്റുള്ളവരുടെ നേരെ നമ്മുടെ ശാഖകളെ നീട്ടാൻ കഴിയുകയില്ല. അഹങ്കാരം, അധികാരം, അസൂയ മുതലായവയാണ് ഇന്ന് നമ്മുടെ കുടുംബങ്ങളിലും സമൂഹങ്ങളിലും ഭിന്നതകള്‍ സൃഷ്ടിക്കുന്ന തിന്മകൾ. അധികാരം സേവനത്തിന് എന്ന സത്യത്തെ മറന്ന് സമൂഹത്തിലുള്ള വരെ തങ്ങളുടെ അടിമകളായി കീഴിലാക്കാൻ പരിശ്രമിക്കുമ്പോൾ അഹങ്കാരവും അസൂയയും അതിന് പിൻബലമായി നിൽക്കുന്നു എന്ന് മാത്രം. ക്രിസ്തു തനിക്കുവേണ്ടി ഒന്നും ശേഖരിച്ചില്ല. തന്‍റെ കീഴിൽ ആരെയും ഒതുക്കിപിടിക്കാന്‍ ആഗ്രഹിച്ചിരുന്നില്ല. എന്നാല്‍ എല്ലാവരെയും തന്നോടു ചേര്‍ത്ത് പിടിച്ചത് തന്‍റെ ഹൃദയത്തിലേക്കാണ്. അതുകൊണ്ടാണ് ക്രിസ്തുവിന് തന്‍റെ ശിഷ്യന്മാരെ സ്നേഹിതര്‍ എന്ന് വിളിക്കാൻ കഴിഞ്ഞത്. അവരുടെ പാദങ്ങൾ കഴുകി സേവനത്തിന്‍റെയും, വിനയത്തിന്‍റെയും മാതൃക നൽകിയത്. ആ മാതൃകയാണ് നമ്മുടെ സമർപ്പിത ജീവിതങ്ങൾക്കും, കുടുംബങ്ങൾക്കും വെളിച്ചം പകർന്നു തരുന്നത്.

കൊച്ചു കാര്യങ്ങളുടെ മധ്യേ ലഭിക്കുന്ന ആശ്വാസദായകമായ ദൈവാനുഭവങ്ങൾ

145. സ്നേഹത്തിന്‍റെ കൊച്ചു കാര്യങ്ങളിൽ ശ്രദ്ധചെലുത്തുന്നതും അംഗങ്ങൾ പരസ്പരം ശ്രദ്ധകൊടുക്കുന്നതും സുവിശേഷ പ്രഘോഷണത്തിന് യോഗ്യമായ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്നതുമായ ഒരു സമൂഹത്തിൽ ഉത്ഥിതനായ യേശു സന്നിഹിതനായിരിക്കുന്നതും സ്വർഗ്ഗസ്ഥനായ പിതാവിന്‍റെ പദ്ധതി അനുസരിച്ച് അതിനെ വിശുദ്ധീകരിക്കുന്നതുമാണ്. കർത്താവിന്‍റെ സ്നേഹത്തിന്‍റെ ദാനത്താൽ ചില അവസരങ്ങളിൽ ഇതുപോലെ കൊച്ചു കാര്യങ്ങളുടെ മധ്യേ, ആശ്വാസദായകമായ ദൈവാനുഭവങ്ങൾ നൽകപ്പെടുന്നുണ്ട്. “മഞ്ഞുകാലത്ത് ഒരു ദിവസം ഞാൻ പതിവുപോലെ എന്‍റെ ചെറിയ ജോലി നിർവ്വഹിക്കുകയായിരുന്നു. പെട്ടെന്ന് വിദൂരത്തു നിന്ന് ശ്രുതി മധുരമായ ഒരു വാദ്യഘോഷം ഞാൻ കേട്ടു. ഉടൻതന്നെ ദീപ ശൃംഖലകളും മനോഹരമായ ചിത്രപ്പണികളും സമാലംകൃതമായ ഒരു വിനോദശാല എന്‍റെ ഭാവനയിൽ തെളിഞ്ഞു. മോടിയായി ഉടുത്തൊരുങ്ങി യുവതികൾ അവിടെ പരസ്പരം കുശലം പറയുകയും പ്രാപഞ്ചികമായ ആചാരോപചാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്യുന്നു. അതിനുശേഷം എന്‍റെ കണ്ണുകൾ ഞാൻ താങ്ങി പിടിച്ചിരുന്ന സാധു രോഗിണിയുടെ മേലും പതിഞ്ഞു. ദൂരെ കേട്ട ആ രാഗവിശേഷത്തിനു പകരം ഇവിടെ കൂടെ കൂടെ അവളുടെ ഞരക്കവും പിറുപിറുപ്പുമാണ് കേട്ടിരുന്നത്. എന്‍റെ ആത്മാവില്‍ അപ്പോൾ സംഭവിച്ചതെന്താണെന്ന് വിവരിക്കാൻ എനിക്കു കഴിയുകയില്ല. സത്യത്തിന്‍റെ കിരണങ്ങളാൽ കർത്താവ് അതിനെ ഉദ്ദീപ്തമാക്കിയെന്നു മാത്രം എനിക്കറിയാം. പ്രാപഞ്ചികമായ ആഢംബരങ്ങളുടെ ഇരുണ്ട ശോഭയെ ആ രശ്മികൾ അതിശയിച്ചിരുന്നു. അവ എന്നിലുളവാക്കിയ ആനന്ദം എനിക്ക് വിശ്വസിക്കുക സാധ്യമല്ലായിരുന്നു.”

വിശുദ്ധ കൊച്ചുത്രേസ്യയുടെ ജീവിതത്തിലുള്ള അനുഭവങ്ങളാണ് പാപ്പാ കോർത്തിണക്കിയത്. ലോകത്തിന്‍റെ ആഡംബരങ്ങൾ നൽകുന്ന ശോഭയെക്കാൾ പ്രകാശപൂരിതമാണ് ദൈവം നല്‍കുന്ന നിത്യജീവിതം. നന്മ, വിശുദ്ധി, സ്നേഹം, ലാളിത്യം, കരുണ, വിനയം, എന്നീ സുകൃതങ്ങളുടെ ശോഭ ഈ ലോകത്തിന്‍റെ സമ്പത്തും, ആഡംബരങ്ങളും, സുരക്ഷയും, സുരക്ഷിതത്വവും നൽകുന്നവയെക്കാൾ പ്രശോഭിക്കുന്നതുമാണെന്ന് വിശുദ്ധ കൊച്ചുത്രേസ്യയുടെ ജീവിതത്തിലൂടെ പാപ്പാ വ്യക്തമാക്കിത്തരുന്നു.

സമൂഹത്തിന്‍റെ ബലം അടങ്ങിയിരിക്കുന്നത് കൂട്ടായ്മയിലാണ്

146. മറ്റുള്ളവരെ മാറ്റി നിർത്തി കൊണ്ട് സുസ്ഥിരതയ്ക്കു വേണ്ടിയുള്ള അന്വേഷണത്തിലും പരക്കംപാച്ചിലിലും നമ്മെ ഒറ്റപ്പെടുത്താൻ ശ്രമിക്കുന്നതും, വളർന്നുകൊണ്ടിരിക്കുന്നതുമായ ഉപഭോഗവ്യക്തി സിദ്ധാന്തത്തിന് വിപരീതമായി, വിശുദ്ധിയിലുള്ള നമ്മുടെ വഴി, നമ്മെ കൂടുതലായി യേശുവിന്‍റെ പ്രാർത്ഥനയുമായി താദാത്മ്യപ്പെടുത്തുകയേയുള്ളു: "അവരെല്ലാവരും ഒന്നായിരിക്കുന്നതിനു വേണ്ടി, പിതാവേ, അങ്ങ് എന്നിലും ഞാൻ അങ്ങയിലും ആയിരിക്കുന്നതു പോലെ" (യോഹ.17:21).

പിതാവേ, അങ്ങ് എന്നിലും ഞാൻ അങ്ങയിലും ആയിരിക്കുന്നതു പോലെ തന്‍റെ ശിഷ്യരും ഒന്നായിരിക്കണം എന്ന് ക്രിസ്തു പ്രാർത്ഥിച്ചു.

ഏതൊരു സമൂഹത്തിന്‍റെയും ബലം അടങ്ങിയിരിക്കുന്നത് കൂട്ടായ്മയുടെ അനുഭവത്തിൽ ആയിരിക്കുമ്പോഴാണ്. സഭ, കുടുംബം, സമൂഹം ഇവയുടെ കരുത്ത് എന്ന് പറയുന്നത് ഐക്യമാണ്. ഭിന്നതകളും വ്യത്യസ്ഥമായ ആദർശങ്ങളും, ആശയങ്ങളും ഒക്കെ എവിടെയും കാണാം. എന്നാൽ  ഒരുമയുള്ള ഹൃദയത്തോടെ നാം മുന്നേറുമ്പോൾ മാത്രമാണ് ലോകത്തിനും സമൂഹത്തിനും നന്മ ചെയ്യുവാൻ നമുക്ക് കഴിയുന്നത്. ഭിന്നത സൃഷ്ടിക്കുന്ന സ്വഭാവം പൈശാചികമാണ്. എവിടെ കൂട്ടായ്മയും, സ്നേഹവുമുണ്ടോ അവിടെയൊക്കെ തിന്മയുടെ ശക്തികൾ ബലം പ്രാപിക്കും എന്ന് വചനം തന്നെ നമ്മോടു ആഹ്വാനം ചെയ്യുന്നുണ്ട്. നമ്മുടെ കുടുംബ ജീവിതത്തിലും സമർപ്പിത ജീവിതത്തിലും, സഭാ ജീവിതത്തിലും, പൊതുജീവിതത്തിലും ഭിന്നത ഇല്ലാതെ ഐക്യത്തിൽ ജീവിക്കുവാൻ പ്രാര്‍ത്ഥനാപൂര്‍വ്വം പ്രവര്‍ത്തിക്കാം.

26 December 2019, 10:18