തിരയുക

പ്രകാശം പകരുന്ന വിശുദ്ധഗ്രന്ഥം. പ്രകാശം പകരുന്ന വിശുദ്ധഗ്രന്ഥം. 

വിശുദ്ധിയിലേക്കുളള വിളി: വചനത്താൽ ഉലയ്ക്കപ്പെടാം

“GAUDETE ET EXSULTATE” അഥവാ “ആനന്ദിച്ചാഹ്ലാദിക്കുവിൻ” എന്ന ഫ്രാന്‍സിസ്‍ പാപ്പായുടെ അപ്പോസ്തോലിക പ്രബോധനത്തിന്‍റെ നാലാം അദ്ധ്യായത്തിലെ 136-139 വരെയുള്ള ഭാഗങ്ങളെ കുറിച്ചുളള വിചിന്തനം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

വചനത്താൽ ഉലയ്ക്കപ്പെടാം

അപ്പോസ്തോലിക പ്രബോധനം

അപ്പോസ്തോലിക പ്രബോധനമെന്നത് കത്തോലിക്കാ സഭയില്‍ മാര്‍പ്പാപ്പാ പ്രസിദ്ധികരിക്കുന്ന ഔദ്യോഗിക ലേഖനങ്ങളുടെ വിവിധതരത്തിലുളള പരമ്പരകളില്‍പ്പെടുന്ന ഒരു ലേഖനമാണ്. ഇവയുടെ പ്രാധാന്യ ശൃംഖലയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ചാക്രീക ലേഖനങ്ങള്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനമാണ് അപ്പോസ്തോലിക പ്രബോധനങ്ങള്‍ക്കുളളത്.

നാലാമദ്ധ്യായം:  ഇന്നത്തെ ലോകത്തിലെ വിശുദ്ധിയുടെ അടയാളങ്ങൾ

വിശുദ്ധിയുടെ അടയാളങ്ങൾ എന്തൊക്കെയെന്ന് പാപ്പാ ഇവിടെ കാണിച്ചുതരുന്നു. സ്ഥിരോൽസാഹവും, ക്ഷമയും, ശാന്തതയും, സന്തോഷവും, രസികത്വവും തുടങ്ങി അപ്പോസ്തലീകമായ ധൈര്യവും, സമൂഹ ജീവിതവും, നിരന്തരമായ പ്രാർത്ഥനയും വിശുദ്ധിയുടെ പ്രകടഭാവങ്ങളായി മാർപാപ്പാ ചൂണ്ടിക്കാണിക്കുന്നു.

നാലാമത്തെ അദ്ധ്യായം ദൈവസ്നേഹത്തിന്‍റെയും സഹോദരസ്നേഹത്തിന്‍റെയും 5 മഹാ സാക്ഷ്യങ്ങൾ വരച്ചുകാണിക്കുന്നു. അഞ്ച് സമകാലിന രൂപങ്ങളാണനവ. എന്തെന്നാൽ വിശുദ്ധിക്ക് ഓരോ കാലഘട്ടത്തിലും വ്യത്യസ്ഥമായ രൂപങ്ങളുണ്ട്. അപ്പോസ്തോലിക പ്രബോധനം ഇക്കാത്തിലെ വിശുദ്ധിയുടെ രൂപങ്ങളാണ് തേടുന്നത് ഇന്നത്തെ സംസ്കാരത്തിന്‍റെ പരിമിതികളും, അപകടങ്ങളും വച്ച് പലപ്പോഴും അക്രമാസക്തമായ മനസ്സിനെ പതറിക്കുകയും ദുർബ്ബലപ്പെടുത്തുകയും ചെയ്യുന്ന ആകുലതാബോധം, നിഷേധാത്മകതയും,  മുഖപ്രസാദമില്ലാത്ത അവസ്ഥയും, ഉപഭോക്തൃ സംസ്കാരം വളർത്തുന്ന സ്വയംപര്യാപ്തതയും ഇക്കാലത്തെ ആത്മീയ വിപണിയിൽ ഭരണം നടത്തുന്ന വ്യക്തിനിഷ്ഠതയും ദൈവവുമായി ഒരു ബന്ധവുമില്ലാത്ത വിലകുറഞ്ഞ ആത്മീയതയുടെ എല്ലാ രൂപങ്ങളും ഇവിടെ നിർദ്ദേശിക്കപ്പെടുന്ന  അ‍ഞ്ച് അടയാളങ്ങളായി കണകാക്കപ്പെടുന്നു.

വിശുദ്ധനായ ഒരു വ്യക്തി ആനന്ദത്തോടെ ജീവിക്കുന്നു. അദ്ദേഹത്തിന് ഒരു നർമ്മബോധവും ഉണ്ടാവും. വിശുദ്ധി എന്നാൽ കാപട്യമില്ലായ്മയാണ്. അപ്പോസ്തോലിക ധീരതയാണ്. തുനിയാനും പരീക്ഷിക്കുവാനും മുൻകൈ എടുക്കുവാനും നവ്യമായതിലേക്ക് നീങ്ങുവാനുമുള്ള ശേഷിയാണ്. അവസാനമായി വിശുദ്ധി എന്നത് കർത്താവിലേക്ക് നോക്കുവാൻ സ്വയം അനുവദിച്ചും അവിടത്തെ സ്നേഹത്തിന്‍റെ ഊഷ്മളതയാലും ആർദ്രതയാലും പരിപോഷിപ്പിക്കപ്പെടുന്നതിന് അനുവദിച്ചും നിശബ്ദതയിൽ നടത്തുന്ന പ്രാർത്ഥനയാണ്. വിശുദ്ധി എന്നത് കർത്താവിനാല്‍ അവിടുത്തെ അരുവിയുടെ ശക്തിയാൽ രൂപാന്തരപ്പെടുത്തപ്പെടുന്നതിനുമുള്ള വിട്ടുകൊടുക്കലാണ്.

ഹൃദയവാതിലിൽ മുട്ടുന്ന ക്രിസ്തു

136. വാസ്തവത്തിൽ, നമ്മൾ നമ്മുടെ ഹൃദയവാതില്‍ക്കൽ വന്നു മുട്ടുന്ന യേശുവിനായി അത് തുറന്നിടണം (cf.വെളി.3:20). ഒരു പക്ഷേ, യേശു നമ്മിൽ ഉള്ളിൽ തന്നെയുണ്ട്; നമ്മുടെ ജീര്‍ണ്ണിച്ച സ്വാർത്ഥ കേന്ദ്രീകൃതാവസ്ഥയിൽ നിന്നും രക്ഷപ്പെടാൻ അവിടുത്തെ നമ്മൾ അനുവദിക്കാനായി, അവിടുന്ന് വാതിലിൽ മുട്ടികൊണ്ടിരിക്കുകയാണെന്ന് ചിലപ്പോൾ ഞാൻ വിസ്മയത്തോടു കൂടി ചിന്തിച്ചു പോകുന്നു. സുവിശേഷത്തിൽ, യേശു എപ്രകാരമാണ് നഗരങ്ങളിലൂടെയും ഗ്രാമങ്ങളിലൂടെയും ദൈവരാജ്യത്തിന്‍റെ സദ്വാര്‍ത്ത പ്രഘോഷിച്ചു കൊണ്ട് ചുറ്റി സഞ്ചരിച്ചതെന്ന് നാം കാണുന്നു (ലുക്കാ.8:1). പുനരുത്ഥാനത്തിനു ശേഷം, ശിഷ്യന്മാർ എല്ലാ ദിക്കുകളിലേക്കും പോയപ്പോൾ കർത്താവ്‌ അവരെ അനുഗമിച്ചു (cf .മർക്കോ.16 :20). യഥാർത്ഥത്തിലുള്ള ഒരു നേര്‍കാഴ്ച്ചയുടെ ഫലമായി നടക്കുന്നതിനാണ്.

നമ്മുടെ ഹൃദയവാതിലിൽ വന്നു മുട്ടുന്ന ക്രിസ്തുവിനെ കുറിച്ചുള്ള വ്യാഖ്യാനങ്ങൾ മാത്രമാണ് നാം പൊതുവേ കേട്ടിരിക്കുന്നത്. എന്നാൽ ഇവിടെ ഫ്രാൻസിസ് പാപ്പാ നമ്മുടെ ഇപ്പോഴത്തെ ജീവിതത്തെ മനസ്സിലാക്കിക്കൊണ്ട് നമ്മുടെ ജീര്‍ണ്ണിച്ച സ്വാർത്ഥ കേന്ദ്രീകൃതാവസ്ഥയിൽ നിന്നും രക്ഷപ്പെടാൻ അവിടുത്തെ നമ്മൾ അനുവദിക്കാനായി, അവിടുന്ന് വാതിലിൽ മുട്ടികൊണ്ടിരിക്കുകയാണെന്ന് വിസ്മയത്തോടു കൂടി ചിന്തിച്ചു പോകാറുണ്ടെന്ന് ചൂണ്ടിക്കാണിക്കുന്നത് നമ്മുടെ ജീവിതത്തിൽ വരുത്തേണ്ട മാറ്റാത്തെക്കുറിച്ചാണ്. ദൈവവുമായുള്ള കൂടിക്കാഴ്ച്ചയുടെ യഥാർത്ഥ വശങ്ങളെ കുറിച്ച് പാപ്പാ നമ്മെ പ്രബോധിപ്പിക്കുന്നു. വിലയുള്ള കല്ലുകൾ കൊണ്ട് പണിയുന്ന ദേവാലയങ്ങളെക്കാൾ ദൈവം പാവപ്പെട്ട മനുഷ്യരുടെ കുടിലുകളിൽ വസിക്കാനാണ് ഇഷ്ടപ്പെടുന്നത്. പാർശ്വവത്കരിക്കപ്പെട്ട മനുഷ്യർ വസിക്കുന്ന ചേരിപ്രദേശനങ്ങളിൽ ദൈവത്തെ നൽകാനും, മുറിവുള്ള ശരീരങ്ങളിൽ ക്രിസ്തുവിന്‍റെ കരസ്പര്‍ശനം നല്‍കുവാനുമാണ് ദൈവം നമ്മെ വിളിച്ചിരിക്കുന്നത്. അതാണ് ക്രിസ്തു ജീവിച്ച സുവിശേഷം. ആ സുവിശേഷം പ്രഘോഷിക്കുന്നവരുടെ കൂടെയാണ് ക്രിസ്തു സഞ്ചരിക്കുന്നത്.ക്രിസ്തു കൂടെയുള്ള യാത്രകൾക്ക് മാത്രമേ ഫലമുള്ള വിളവ് നല്‍കാനാകുകയുള്ളു.

എന്തു കൊണ്ടാണ് പാപ്പാ സ്വാർത്ഥത നിറഞ്ഞ നമ്മുടെ ഹൃദയങ്ങളിൽ നിന്നും പുറത്തു പോകാൻ ദൈവം നമ്മുടെ ഹൃദയ വാതിലിൽ മുട്ടികൊണ്ടിരിക്കുന്നു എന്ന് പറയുന്നത്?  അതിനു ഉത്തരം നമ്മിൽ തന്നെയുണ്ട്. സ്വന്തം നിലനിൽപ്പിന് വേണ്ടി മാത്രം ജീവിക്കുന്ന നമുക്ക് നമ്മുടെ ചുറ്റിലും നിന്നുയരുന്ന നിലവിളികൾ കേൾക്കാകാനാവാതെ പോകുന്നു. സമ്പന്നതയിലും സമൃദ്ധിയിലും ജീവിക്കുന്ന നമുക്ക് സഹിക്കുന്ന മനുഷ്യർക്ക് വേണ്ടി നമ്മുടെ ചെറുവിരൽ പോലും ചലിപ്പിക്കാൻ കഴിയുന്നില്ല. വാക്കും പ്രവർത്തിയും തമ്മിലുള്ള അകലങ്ങൾ മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധത്തിലാണ് വിടവുകൾ സൃഷ്ടിച്ചിരിക്കുന്നത്. ആർക്കും ഈ ലോകത്തിൽ ഒറ്റയ്ക്ക് ജീവിക്കാൻ കഴിയുകയില്ല. ജനനം മുതൽ മരണം വരെയും അതിനു ശേഷവും മറ്റുള്ളവരുടെ സഹായം ആവശ്യമുള്ള നമുക്ക് മറ്റുള്ളവരുടെ നിസ്സഹായവസ്ഥയിൽ നമ്മുടെ മനസ്സിനെ ഒന്ന് നീട്ടി പിടിക്കാൻ കഴിയാതെ പോകുന്നത് കൊണ്ടാണ് ദൈവം നമ്മുടെ ഹൃദയത്തിന്‍റെ പടികൾ ഇറങ്ങി പോകാനിഷ്ടപ്പെടുന്നത്.

വചനത്താൽ ഉലയ്ക്കപ്പെടാം 

137. ആത്മസംതൃപ്തി വശ്യമാണെന്ന് അത് നമ്മോടു പറയുന്നു: മാറ്റങ്ങൾ വരുത്താൻ തുനിയുന്നതിൽ കാര്യമില്ല.; നമുക്കൊന്നും ചെയ്യാനാവുകയില്ല. എന്തെന്നാൽ ഇങ്ങനെയൊക്കെയാണ് കാര്യങ്ങൾ നടന്നു പോന്നിരുന്നത്. എന്നിട്ടും നമ്മൾ അതിജീവിച്ചല്ലോ. തിന്മയ്‌ക്കെതിരായി നിൽക്കാൻ കഴിവുകെട്ടവരായി നമ്മൾ മാറിപോയിരിക്കുന്നു. കാര്യങ്ങൾ അങ്ങനെ തന്നെ നടക്കട്ടെ "അല്ലെങ്കിൽ" മറ്റുള്ളവർ തീരുമാനിച്ചത് പോലെയായിരിക്കണം അവ നടക്കേണ്ടത് എന്ന് നാം കരുതുന്നു. എന്നിരുന്നാലും നമ്മുടെ മയക്കത്തിൽ നമ്മെ ഉണർത്താൻ, നമ്മുടെ ആലസ്യത്തിൽ നിന്നും നമ്മെ സ്വതന്ത്രരാക്കാൻ കർത്താവിനെ നമുക്ക് അനുവദിക്കാം. നമ്മൾ സാധാരണമായി ചെയ്യുന്ന രീതികളെ നമുക്ക് പുനഃപരിശോധിക്കാം. നമ്മുടെ കണ്ണുകളെയും, കാതുകളെയും നമുക്ക് തുറക്കാം. കാര്യങ്ങളുടെ നിജസ്ഥിതിയിൽ നാം ദുരഭിമാനം കൊള്ളാതെ, ഉത്ഥിതനായ കർത്താവിന്‍റെ സജീവവും ഫലദായകവുമായ വചനത്താൽ ഉലയ്ക്കപ്പെടുവാൻ ഇടയാകട്ടെ.

മയക്കത്തിൽ നിന്നും നമ്മെ ഉണർത്താൻ നമ്മുടെ അലസതയിൽ നിന്നും നമ്മെ രക്ഷിക്കാൻ ദൈവത്തെ അനുവദിച്ചു കൊണ്ട് മാറ്റങ്ങൾക്കു വിധേയപ്പെടാൻ പാപ്പാ നമ്മോടു ആവശ്യപ്പെടുന്നു. അതിനു സാധാരണമായി ചെയ്യുന്ന രീതികളെ നാം പുനഃപരിശോധിക്കണമെന്ന് പാപ്പാ ആവശ്യപ്പെടുന്നു. നമ്മുടെ ആത്മീയ ജീവിതത്തിലും പൊതുജീവിതത്തിലും മാറ്റങ്ങൾ ആവശ്യമാണ്. തിരുസഭ മാതാവ് നമ്മെ ഉറവിടങ്ങളിലേക്കു മടങ്ങി പോകാൻ ക്ഷണിക്കുന്നതോടൊപ്പം രണ്ടാം വത്തിക്കാൻ കൗൺസിൽ നമ്മോടു ആവശ്യപ്പെട്ടത് പോലെ പുതിയ വായു ശ്വസിക്കാൻ നമ്മുടെ ഹൃദയത്തെ തുറന്നു പിടിക്കാനും ക്ഷണിക്കുന്നു. വിശുദ്ധഗ്രന്ഥത്തിനും, പാരമ്പര്യത്തിനും സഭ പ്രാധാന്യം നൽകുന്നു. എന്താണ് നമ്മുടെ പാരമ്പര്യം. സഭ ക്രിസ്തുവിന്‍റെ മൗലീക ശരീരമാണെങ്കിൽ സഭയുടെ പാരമ്പര്യം ജന്മമെടുത്തത് ആ ക്രിസ്തുവിന്‍റെ  ശരീരത്തിൽ നിന്ന് തന്നെയാണ്. ക്രിസ്തുവിന്‍റെ ശരീരമാകട്ടെ മനുഷ്യാവതാരം ചെയ്ത രക്ഷ പകർന്ന ശരീരമാണ്. അങ്ങനെയെങ്കിൽ ക്രിസ്തുവാണ് നമ്മുടെ പാരമ്പര്യം. ആ പാരമ്പര്യത്തെയാണ്നാം മുറുകെ പിടിക്കേണ്ടത്.

"നിയമത്തെയോ, പ്രവാചകന്മാരെയോ അസാധുവാക്കാനാണ് ഞാൻ വന്നതെന്ന് നിങ്ങൾ വിചാരിക്കരുത്. അസാധുവാക്കാനല്ല പൂർത്തിയാക്കാനാണ് ഞാൻ വന്നത്"(മത്താ.5:17). എന്ന് പറഞ്ഞു കൊണ്ട് കണ്ണിന് പകരം കണ്ണ്; പല്ലിനു പകരം പല്ല് എന്ന നിയമത്തെ കരുണയെന്ന മൂന്നെഴുത്തിലേക്ക്  മാറ്റി. അശുദ്ധരെന്ന് അകറ്റി നിറുത്തിയവരെ തൊട്ടു സുഖപ്പെടുത്തി കൊണ്ടും, പാപികളോടും പരിതപിക്കുന്നവരോടും തന്‍റെ സൗഹൃദം നൽകി കൊണ്ടും ക്രിസ്തു അന്ന് വരെയുണ്ടായിരുന്ന എല്ലാ നിയമങ്ങളിലും സ്നേഹത്തെ നിവേശിപ്പിച്ച് അതിന് സ്വന്തം ജീവൻ നൽകി നിയമത്തെ പൂർത്തിയാക്കി. ക്രിസ്തുവിന്‍റെ ഈ പാരമ്പര്യത്തിലേക്ക് മടങ്ങി പോകാനാണ് പാപ്പാ പഠിപ്പിക്കുന്നത്. എല്ലാവരെയും ഉൾകൊള്ളുന്ന ഏറ്റവും ഹീനരായവരെന്ന് സമൂഹം തടഞ്ഞു നിറുത്തിയിരിക്കുന്നവരെ സഭയിൽ ചേർത്തുപിടിക്കുന്ന മനസ്സിന്‍റെ പരിവർത്തനത്തിലേക്ക് വരാൻ പാപ്പാ നമ്മെ ക്ഷണിക്കുന്നു. അതിനു വചനത്താൽ നാം ഉലയ്ക്കപ്പെടണം എന്ന് ഓർമ്മപ്പെടുത്തുന്നു. അങ്ങനെ വചനത്താൽ ഉലയ്ക്കപ്പെട്ട് യാത്ര തിരിച്ചവരെയാണ് വിശുദ്ധരെന്നും രക്തസാക്ഷികളെന്നും നാം വിളിക്കുന്നത്.

തീക്ഷണതയുള്ള പ്രേഷിതര്‍

138. സ്വജീവൻ അപകടപ്പെടുത്തിയും, തങ്ങളുടെ സുഖസൗകര്യങ്ങൾ വിലയായി നൽകിയും, പ്രഘോഷണത്തിനായും, വലിയ വിശ്വസ്ഥതയോടു കൂടി മറ്റുള്ളവവർക്കു ശുശ്രൂഷ ചെയ്യുന്നതിനായും തങ്ങളെത്തന്നെ സമർപ്പിച്ചിരിക്കുന്ന എല്ലാ വൈദീകരുടെയും സമർപ്പിതരുടെയും അല്‍മായരുടെയും മാതൃകയാൽ പ്രവർത്തിക്കാൻ നാം പ്രചോദിതരാക്കപ്പെട്ടിരിക്കുന്നു. മേധാവികളെക്കാളും, ഉദ്യോഗസ്ഥരെക്കാളും സഭയ്ക്കു ആവശ്യം ശരിയായ ജീവൻ പങ്കുവയ്ക്കാൻ ആവശ്യമുള്ള, തീക്ഷണതയുള്ള, മിഷനറിമാരെയാണ് എന്നാണ്. അവരുടെ സാക്ഷ്യം നമ്മെ അനുസ്മരിപ്പിക്കുന്നത് വിശുദ്ധർ നമ്മെ വിസ്മയിപ്പിക്കുന്നു;  അവർ നമ്മെ അമ്പരപ്പിക്കുന്നു. എന്തെന്നാൽ, അവരുടെ ജീവിതങ്ങളാൽ അവര്‍ നമ്മെ, വിരസമായതും മ്ലാനമായതുമായ മന്ദോഷ്‌ണത ഉപേക്ഷിക്കാൻ പ്രേരിപ്പിക്കുന്നു എന്നതാണ്.

ഇന്ന് സഭയ്ക്ക് ആവശ്യമായിരിക്കുന്നതെന്താണെന്ന് പാപ്പാ പഠിപ്പിക്കുമ്പോൾ സുവിശേഷ പ്രഘോഷണത്തിനായി സ്വജീവൻ അർപ്പിച്ച വിശ്വസ്ഥരായ സമർപ്പിതരെയും വിശ്വാസികളെയും കുറിച്ച് സൂചിപ്പിക്കുന്നു. അതോടൊപ്പം മേധാവികളെക്കാളും, ഉദ്യോഗസ്ഥരെക്കാളും സഭയ്ക്കു ആവശ്യം ജീവൻ പങ്കുവയ്ക്കാൻ ആവശ്യമുള്ള, തീക്ഷണതയുള്ള, മിഷനറിമാരെയാണെന്നും ഓര്‍മ്മിപ്പിക്കുന്നു. ഓരോ പുരോഹിതനും സമർപ്പിതരും വിശ്വാസിയും വിളിക്കപ്പെട്ടിരിക്കുന്നത് ക്രിസ്തുവിന്‍റെ സുവിശേഷം ക്രിസ്തുവിന്‍റെ മനോഭാവത്തോടെ പ്രഘോഷിക്കുവാനാണ്. ജീവൻ പങ്കു വയ്ക്കാൻ തീക്ഷണതയുള്ള പ്രേഷിതരെയാണ് സഭയ്‌ക്കിന്നാവശ്യം.

ഒരു പുരോഹിതൻ തന്‍റെ പൗരോഹിത്യത്തിലൂടെ തന്‍റെ അജഗണങ്ങളെ അൾത്താരയുടെ വിശുദ്ധിയിലേക്ക് നയിക്കുന്ന നല്ല പിതാവായിരിക്കണം. അസൂയയില്ലാത്ത, കലഹമില്ലാത്ത, വക്രതയില്ലാത്ത, മാതൃകപരമായ ജീവിതത്തിലൂടെ പുരോഹിതൻ തന്‍റെ ജനങ്ങളുടെ വളർച്ചയിൽ സന്തോഷിക്കുന്നവനും അവരുടെ ആത്മീയജീവിതത്തിൽ വഴികാട്ടിയുമായിരിക്കണം. കാണിക്കപ്പെട്ടിയില്‍ വീഴുന്ന കാശിന്‍റെ കനം നോക്കുന്നവനായിരിക്കാതെ കാഴ്ചയർപ്പിക്കുന്ന വ്യക്തിയുടെ മനസ്സിന്‍റെ വേദനകളുടെ ഭാരം വൈദീക ഹൃദയത്തെ ഉലയ്ക്കണം. ദേവാലയ ഭണ്ഡാരത്തിൽ ചൊരിയപ്പെട്ട സ്വർണ്ണനാണയങ്ങളേക്കാൾ പാവപ്പെട്ട വിധവയായ ഒരമ്മ നിക്ഷേപിച്ച ചെമ്പുതുട്ടിന്‍റെ സ്വരം ശ്രവിച്ച് അവളുടെ ഹൃദയത്തിന്‍റെ വികാരങ്ങളെ തിരിച്ചറിഞ്ഞ ക്രിസ്തു എന്ന മഹാ പുരോഹിതന്‍റെ മനസ്സാണ് ഓരോ പുരോഹിതനും സ്വന്തമാകേണ്ടത്. പ്രാർത്ഥനയുടെ വിളക്ക് കൈയ്യിലേന്തി ദൈവത്തെ കണ്ടെത്താതെ അന്ധകാരത്തില്‍ കഴിയുന്ന വ്യക്തികളുടെ വീട്ടിൽ ക്രിസ്തുവെന്ന വെളിച്ചമായി ചെല്ലേണ്ടവരാണ് സമർപ്പിതർ. കുന്നിൻ മേൽ തെളിയിച്ച വിളക്കായി മാറണമെങ്കിൽ വിളക്ക് തെളിയിക്കാൻ നാം കുന്നിന്മേല്‍ കയറേണ്ടതായിട്ടുണ്ട്. അങ്ങനെ കയറിയവരാണ് വിശുദ്ധർ.  ഇന്നത്തെ ലോകം നൽകുന്ന സുരക്ഷിതത്വത്തിൽ കഴിയാതെ, നമ്മുടെ വിരസതയയെയും മന്ദോഷ്ണതയെയും ഉപേക്ഷിച്ച് രക്ഷപകരുന്ന കാൽവരി കുന്ന് കയറാൻ നമ്മെ പ്രേരിപ്പിക്കുന്നതാണ് പാപ്പായുടെ ഈ പ്രബോധനം.

കര്‍ത്താവിന്‍റെ വിസ്മയങ്ങളെ സ്വാഗതം ചെയ്യാം

139. ഒരടി മുന്നോട്ടു ചുവടുവയ്ക്കാൻ പരിശുദ്ധാത്മാവ് നമ്മെ വിളിക്കുമ്പോൾ, നാം മടിച്ചു നില്‍ക്കാതിരിക്കാൻ കർത്താവിനോടു കൃപയ്ക്കായി നമുക്ക് അപേക്ഷിക്കാം. സുവിശേഷം മറ്റുള്ളവരുമായി പങ്കുവെയ്ക്കാനും നമ്മുടെ ക്രൈസ്തവ ജീവിതത്തെ വെറും ഓർമ്മകളുടെ ഒരു പുരാവസ്തു കേന്ദ്രമായി മാറ്റുന്നതിൽ നിന്ന് പിന്തിരിപ്പിക്കാനും അപ്പോസ്തോലിക ധൈര്യത്തിനായി നമുക്ക് അപേക്ഷിക്കാം. എല്ലാ സന്ദര്‍ഭങ്ങളിലും, ഉത്ഥിതനായ യേശുവിന്‍റെ പ്രകാശത്തിൽ ചരിത്രത്തെ ശ്രദ്ധയോടു കൂടി വീക്ഷിക്കാൻ പരിശുദ്ധാത്മാവ് നമുക്കിടയാക്കട്ടെ. ഇപ്രകാരം, തിരുസഭ നിശ്ചലമായിരിക്കാതെ, നിരന്തരം കര്‍ത്താവിന്‍റെ വിസ്മയങ്ങളെ സ്വാഗതം ചെയ്യാനിടയാകും.

നമ്മുടെ ദൈവം വിസ്മയങ്ങളുടെ ദൈവമാണ്. അവിടുന്ന് നമ്മെ എപ്പോഴും വിസ്മയിപ്പിച്ച് കൊ​ണ്ടേയിരിക്കുന്നു. "നാം വിളിച്ചപേക്ഷിക്കുമ്പോഴൊക്കെ നമ്മുടെ കർത്താവായ ദൈവം നമുക്ക് സമീപസ്ഥനായിരിക്കുന്നത് പോലെ ദൈവം ഇത്ര അടുത്തുള്ള വേറെ ഏതു ശ്രേഷ്ട ജനതയാണുള്ളത്?" (നിയമാവ.4:17).എന്ന് മറ്റുള്ളവരെ വിസ്മയിപ്പിക്കുന്ന ദൈവം. മേഘതൂണായും, അഗ്നി സ്തംഭമായും നിന്ന ദൈവം മനുഷ്യന്‍റെ മേലുള്ള അതിരു കവിഞ്ഞൊഴുകിയ സ്നേഹത്തിൽ മനുഷ്യനായി തന്നെ അവതരിച്ച് സ്നേഹത്തിന്‍റെ വിസ്മയം ലോകത്തിനു നൽകിയ ദൈവം. ക്രൂരമായി തല്ലി ചതച്ച്, ഒടിഞ്ഞു നുറുങ്ങിയ ശരീരത്തെ കുരിശിൽ കിടത്തി വലിച്ചു നീട്ടി അണികളാൽ തറയ്ക്കപ്പെടുമ്പോഴും തന്നെ മര്‍ദ്ദിക്കുന്നവർ ചെയ്യുന്നതെന്തെന്ന് അവർ അറിയുന്നില്ല അവരോടു പൊറുക്കണമെന്ന് പിതാവിനോടപേക്ഷിച്ച് ശത്രുകളെ പോലും വിസ്മയിപ്പിച്ച ദൈവം.  ഈ ദൈവത്തെ അനുഗമിക്കുന്ന നമുക്ക് ദൈവത്തിന്‍റെ വിസ്മയങ്ങളെ ലോകത്തില്‍ വെളിപ്പെടുത്താന്‍ കടമയുണ്ട്. അതിനു നമ്മെ സഹായിക്കുന്നത് പരിശുദ്ധാത്മാവാണ്. ക്രൈസ്തവ ജീവിതത്തെ ഓർമ്മകളുടെ ഒരു പുരാവസ്തു കേന്ദ്രമായി മാറ്റുന്നതിൽ നിന്ന് പിന്തിരിപ്പിക്കാനും അപ്പോസ്തോലിക ധൈര്യത്തിനായി ആത്മാവ് പുതിയ ചുവടു വയ്ക്കാൻ വിളിക്കുമ്പോൾ മടിച്ചു നില്‍ക്കാതെ ശിഷ്യഗണം മുന്നോട്ടു പോയത് പോലെ തടവറ അനുഭവങ്ങളിലും, പീഡനങ്ങളിലും പതറാതെ ക്രിസ്തുവിന്‍റെ വിസ്മയങ്ങൾ പ്രഘോഷിക്കാൻ മാറ്റങ്ങൾക്കു വിധേയപ്പെടാൻ നമുക്ക് പരിശ്രമിക്കാം.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

12 December 2019, 15:21