തിരയുക

ലോക ദരിദ്ര ദിനം വത്തിക്കാനിൽ അനുസ്മരിച്ചവസരത്തിൽ പാപ്പാ പാവങ്ങളോടൊപ്പം ഭക്ഷണത്തിലിരിക്കുന്നു.  ലോക ദരിദ്ര ദിനം വത്തിക്കാനിൽ അനുസ്മരിച്ചവസരത്തിൽ പാപ്പാ പാവങ്ങളോടൊപ്പം ഭക്ഷണത്തിലിരിക്കുന്നു.  

വിശുദ്ധിയിലേക്കുളള വിളി: പാർശ്വവത്കരിക്കപ്പെടാൻ ധൈര്യപ്പെടണം

“GAUDETE ET EXSULTATE” അഥവാ “ആനന്ദിച്ചാഹ്ലാദിക്കുവിൻ” എന്ന ഫ്രാന്‍സിസ്‍ പാപ്പായുടെ അപ്പോസ്തോലിക പ്രബോധനത്തിന്‍റെ നാലാം അദ്ധ്യായത്തിലെ 132-135 വരെയുള്ള ഭാഗങ്ങളെ കുറിച്ചുളള വിചിന്തനം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

അപ്പോസ്തോലിക പ്രബോധനം

അപ്പോസ്തോലിക പ്രബോധനമെന്നത് കത്തോലിക്കാ സഭയില്‍ മാര്‍പ്പാപ്പാ പ്രസിദ്ധികരിക്കുന്ന ഔദ്യോഗിക ലേഖനങ്ങളുടെ വിവിധതരത്തിലുളള പരമ്പരകളില്‍പ്പെടുന്ന ഒരു ലേഖനമാണ്. ഇവയുടെ പ്രാധാന്യ ശൃംഖലയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ചാക്രീക ലേഖനങ്ങള്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനമാണ് അപ്പോസ്തോലിക പ്രബോധനങ്ങള്‍ക്കുളളത്.

നാലാമദ്ധ്യായം:  ഇന്നത്തെ ലോകത്തിലെ വിശുദ്ധിയുടെ അടയാളങ്ങൾ

വിശുദ്ധിയുടെ അടയാളങ്ങൾ എന്തൊക്കെയെന്ന് പാപ്പാ ഇവിടെ കാണിച്ചുതരുന്നു. സ്ഥിരോൽസാഹവും, ക്ഷമയും, ശാന്തതയും, സന്തോഷവും, രസികത്വവും തുടങ്ങി അപ്പോസ്തലീകമായ ധൈര്യവും, സമൂഹ ജീവിതവും, നിരന്തരമായ പ്രാർത്ഥനയും വിശുദ്ധിയുടെ പ്രകടഭാവങ്ങളായി മാർപാപ്പാ ചൂണ്ടിക്കാണിക്കുന്നു.

നാലാമത്തെ അദ്ധ്യായം ദൈവസ്നേഹത്തിന്‍റെയും സഹോദരസ്നേഹത്തിന്‍റെയും 5 മഹാ സാക്ഷ്യങ്ങൾ വരച്ചുകാണിക്കുന്നു. അഞ്ച് സമകാലിന രൂപങ്ങളാണനവ. എന്തെന്നാൽ വിശുദ്ധിക്ക് ഓരോ കാലഘട്ടത്തിലും വ്യത്യസ്ഥമായ രൂപങ്ങളുണ്ട്. അപ്പോസ്തോലിക പ്രബോധനം ഇക്കാത്തിലെ വിശുദ്ധിയുടെ രൂപങ്ങളാണ് തേടുന്നത് ഇന്നത്തെ സംസ്കാരത്തിന്‍റെ പരിമിതികളും, അപകടങ്ങളും വച്ച് പലപ്പോഴും അക്രമാസക്തമായ മനസ്സിനെ പതറിക്കുകയും ദുർബ്ബലപ്പെടുത്തുകയും ചെയ്യുന്ന ആകുലതാബോധം, നിഷേധാത്മകതയും,  മുഖപ്രസാദമില്ലാത്ത അവസ്ഥയും, ഉപഭോക്തൃ സംസ്കാരം വളർത്തുന്ന സ്വയംപര്യാപ്തതയും ഇക്കാലത്തെ ആത്മീയ വിപണിയിൽ ഭരണം നടത്തുന്ന വ്യക്തിനിഷ്ഠതയും ദൈവവുമായി ഒരു ബന്ധവുമില്ലാത്ത വിലകുറഞ്ഞ ആത്മീയതയുടെ എല്ലാ രൂപങ്ങളും ഇവിടെ നിർദ്ദേശിക്കപ്പെടുന്ന  അ‍ഞ്ച് അടയാളങ്ങളായി കണകാക്കപ്പെടുന്നു.

വിശുദ്ധനായ ഒരു വ്യക്തി ആനന്ദത്തോടെ ജീവിക്കുന്നു. അദ്ദേഹത്തിന് ഒരു നർമ്മബോധവും ഉണ്ടാവും. വിശുദ്ധി എന്നാൽ കാപട്യമില്ലായ്മയാണ്. അപ്പോസ്തോലിക ധീരതയാണ്. തുനിയാനും പരീക്ഷിക്കുവാനും മുൻകൈ എടുക്കുവാനും നവ്യമായതിലേക്ക് നീങ്ങുവാനുമുള്ള ശേഷിയാണ്. അവസാനമായി വിശുദ്ധി എന്നത് കർത്താവിലേക്ക് നോക്കുവാൻ സ്വയം അനുവദിച്ചും അവിടത്തെ സ്നേഹത്തിന്‍റെ ഊഷ്മളതയാലും ആർദ്രതയാലും പരിപോഷിപ്പിക്കപ്പെടുന്നതിന് അനുവദിച്ചും നിശബ്ദതയിൽ നടത്തുന്ന പ്രാർത്ഥനയാണ്. വിശുദ്ധി എന്നത് കർത്താവിനാല്‍ അവിടുത്തെ അരുവിയുടെ ശക്തിയാൽ രൂപാന്തരപ്പെടുത്തപ്പെടുന്നതിനുമുള്ള വിട്ടുകൊടുക്കലാണ്.

PARREHSIA എന്ന പരിശുദ്ധാത്മാവിന്‍റെ മുദ്ര

132. parrehsia പരിശുദ്ധാത്മാവിന്‍റെ ഒരു മുദ്രയാണ്; അത് നമ്മുടെ സുവിശേഷ പ്രസംഗത്തിന്‍റെ ആധികാരികതയ്ക്കു സാക്ഷ്യം വഹിക്കുന്നു. അത്, നമ്മൾ പ്രഘോഷിക്കുന്ന സുവിശേഷത്തില്‍ അഭിമാനിക്കുന്നതിനുതകുന്ന ആനന്ദമേകുന്ന അസന്ദിഗ്ദ്ധ തെളിവാണ്. അത് വിശ്വാസ്ഥമായ സാക്ഷ്യത്തിനുള്ള അചഞ്ചലമായ പ്രത്യാശയാണ്; ആ സാക്ഷ്യമോ,"യാതൊന്നിനും ദൈവസ്നേഹത്തിൽ നിന്നും നമ്മെ വേർപ്പെടുത്താനാവില്ല" (റോമ.8:39) എന്ന സുനിശ്ചിതബോധ്യം ഉളവാക്കുന്നു.

സ്വതന്ത്രവും ഭയരഹിതവുമായ ദൃഢനിശ്ചയം ആധികാരികതയോടെ സുവിശേഷം പ്രഘോഷിക്കുവാൻ നമ്മെ പ്രാപ്തമാക്കുന്നു. യാതൊന്നിനും നമ്മെ ദൈവ സ്നേഹത്തിൽ നിന്നകറ്റാൻ കഴിയുകയില്ല എന്ന വിശ്വാസത്തിൽ പ്രത്യാശയോടെ  മുന്നോട്ടു പോകാൻ നമ്മെ സഹായിക്കുന്നു. ദൈവശാസ്ത്രവും തത്വശാസ്ത്രവും അറിയാത്ത, വിദ്യാഭ്യാസം ഇല്ലാത്ത എത്രയോ മനുഷ്യരാണ് ക്രൈസ്തവർക്കെതിരെ നടക്കുന്ന ആക്രമണങ്ങളിൽ ജീവൻ നൽകി സുവിശേഷത്തിന് സാക്ഷ്യം വഹിക്കുന്നത്. അവർ ചിന്തിയ ചോരയുടെ നനവേറ്റാണ് ഇന്നും സഭയിലെ വിശ്വാസത്തിന്‍റെ വൃക്ഷങ്ങൾ പൂത്തുനിൽക്കുന്നത്. വാസ്തവത്തിൽ അവരാണ് യഥാർത്ഥ സുവിശേഷകർ. സുവിശേഷത്തെ തങ്ങളുടെ ജീവിതം കൊണ്ട് മറ്റുള്ളവരിലേക്കെത്തിച്ചവർ. ആത്മാവിന്‍റെ രക്ഷയെ പ്രതി ഈ ലോകത്തിന്‍റെ നശ്വരത നൽകിയ സുരക്ഷിതത്വത്തെ വേണ്ടെന്ന് വച്ചവർ. ഇവരെയാണ് കുഞ്ഞാടിന്‍റെ രക്തത്തിൽ തങ്ങളുടെ വസ്ത്രങ്ങളെ നനയ്ക്കുവാൻ അനുവദിച്ചവരെന്ന് അന്ത്യവിധിയിൽ ക്രിസ്തു പറയുന്നത്.

133. പരിശുദ്ധാത്മാവിന്‍റെ പ്രചോദനങ്ങൾ നമുക്ക് വേണം. അല്ലെങ്കിൽ ഭയം കൊണ്ടും അമിതമായ ജാഗ്രത കൊണ്ടും നമ്മൾ മരവിച്ചു പോകും.; അതുമല്ലെങ്കിൽ സുരക്ഷിതമായ അതിര്‍വരമ്പുകൾക്കുള്ളിൽ ഒതുങ്ങികൂടാനായിടയാകും. അടഞ്ഞു കിടക്കുന്ന സ്ഥലങ്ങൾ പൂപ്പൽപിടിച്ചതും അനാരോഗ്യകരവുമായിരിക്കും. അപ്പോസ്തലന്മാർ അപകടത്താലും, ഭീഷണികളാലും അശക്തരാകാനിടയായപ്പോൾ, ധൈര്യത്തിനായി പ്രാർത്ഥിക്കാൻ ഒത്തുചേർന്നു. "അതിനാൽ കർത്താവേ,അവരുടെ ഭീഷണികളെ അവിടുന്ന് ശ്രദ്ധിക്കണമേ...അവിടുത്തെ വചനം പൂർണ്ണധൈര്യത്തോടെ പ്രഘോഷിക്കാൻ ഈ ദാസരെ അനുഗ്രഹിക്കണമേ"(അപ്പോ.4:29-30). തത്ഫലമായി, "പ്രാർത്ഥന കഴിഞ്ഞപ്പോൾ, അവർ സമ്മേളിച്ചിരുന്ന സ്ഥലം കുലുങ്ങി: അവരെല്ലാവരും പരിശുദ്ധാത്മാവിനാൽ പൂരിതരായി ദൈവവചനം ധൈര്യപൂർവ്വം പ്രഘോഷിച്ചു" (അപ്പോ.4:31).

പരിശുദ്ധാത്മാവിന്‍റെ പ്രചോദനങ്ങൾ സുവിശേഷപ്രഘോഷണത്തിൽ ആവശ്യമാണെന്ന് പാപ്പാ പഠിപ്പിക്കുന്നു. പരിശുദ്ധാത്മാവിന്‍റെ പ്രവർത്തനമില്ലെങ്കിൽ നാം ഭീരുക്കളും അമിതമായി നമ്മെ കുറിച്ച് ജാഗ്രത പുലർത്തി മരവിച്ചു പോകുമെന്ന് പാപ്പാ വ്യക്തമാക്കുന്നു. ഭീഷണികളുടെയും കലാപങ്ങളുടെയും മുന്നിൽ അപ്പോസ്തലന്മാരെ ശക്തിപ്പെടുത്തിയത് പരിശുദ്ധാത്മാവായിരുന്നുവെന്ന് വചനങ്ങളെ അടിസ്ഥാനപ്പെടുത്തി പാപ്പാ സഭാ മക്കളെ പഠിപ്പിക്കുന്നു. ക്രൈസ്തവ വിളി അരക്ഷിതത്വത്തിലേക്കുള്ള വിളിയാണ്. ഈ അരക്ഷിതത്വത്തിലൂടെ കടന്നു പോയെങ്കിൽ മാത്രമേ ആത്മാവിന്‍റെ സുരക്ഷിതത്വം സ്വന്തമാക്കാൻ കഴിയുകയുള്ളു. നാം അനുഗമിക്കുന്ന ക്രിസ്തുവിന്‍റെ മനുഷ്യാവതാരവും, മരണവും, ഉത്ഥാനവും അതാണ് നമ്മെ പഠിപ്പിക്കുന്നത്. നമ്മുടെ  വിളി അടഞ്ഞു കിടക്കുന്ന തടവറയെ പോലെയാകരുത്. അങ്ങനെയായാൽ നമ്മുടെ മനോഭാവങ്ങൾക്കും, നാം ചെയ്യാനാഗ്രഹിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കും, നമുക്കും പൂപ്പൽ പിടിക്കുമെന്ന് പാപ്പാ മുന്നറിയിപ്പു നൽകുന്നു. സുരക്ഷിതത്വത്തിന്‍റെ കൊട്ടാരങ്ങളിൽ നിന്നും പുറത്തിറങ്ങി ദൈവജനത്തിന്‍റെ രോദനങ്ങളിലും, അവരുടെ ഇല്ലായ്മകളിലും എത്തിപ്പെടേണ്ടവരാണ് ക്രിസ്തു ശിഷ്യർ. അങ്ങനെ ഇറങ്ങി പുറപ്പെടാൻ പ്രാർത്ഥന എന്ന ആയുധം വേണം. പ്രാർത്ഥന എന്ന ആയുധത്തിലൂടെ മാത്രമേ നമ്മുടെ സുവിശേഷ പ്രഘോഷണ യാത്രയിൽ കടന്നു വരുന്ന ഭീഷണികളെയും, തടസ്സങ്ങളെയും അഭിമുഖികരിക്കാന്‍ കഴിയുകയുള്ളു. 

യോനാ പ്രവാചകന്‍റെ വെല്ലുവിളികൾ

134. യോനാ പ്രവാചകനെ പോലെ നാമും സുരക്ഷിത സങ്കേതത്തിലേക്കു ഓടിയൊളിക്കാൻ നിരന്തരം പ്രലോഭിതരാണ്. അങ്ങനെ ഓടിയോളിക്കാൻ സഹായമാകുന്ന പല ഇടങ്ങളുണ്ട്: വ്യക്തിമേധാവിത്വം, ആദ്ധ്യാത്മികവാദം, സങ്കുചിതമായ ഒരു ലോകത്തുള്ള ജീവിതം, ആസക്തികൾ, എന്തിനെയും എതിർക്കൽ, പുത്തൻ ആശയങ്ങളെയും സമീപനങ്ങളെയും പാടെ തള്ളികളായൽ, സിദ്ധാന്ത മേധാവിത്വം, പഴയ അനുഭവങ്ങളെ താലോലിക്കല്‍, ദോഷൈകവീക്ഷണം, നിയമങ്ങളുടെയും,വിലക്കുകളുടെയും മറപിടിക്കല്‍,കാര്യങ്ങൾ ചെയ്യുന്നതിന് സുപരിചിതവും, എളുപ്പവുമായ മാർഗ്ഗം ഉപേക്ഷിക്കുന്നതിനു നമ്മൾ വൈമനസ്യം കാണിച്ചു പോയേക്കാം. എന്നാലും, പ്രസ്തുത വെല്ലുവിളികൾ, ഒരു കൊടുങ്കാറ്റു പോലെയോ, ഒരു തിമിംഗലം പോലെയോ, ചുരച്ചെടിയെ ഉണക്കികളഞ്ഞ ആ പുഴുവിനെ പോലെയോ, അതുമല്ലെങ്കിൽ ഒരു കാറ്റുപോലെയോ, യോനായുടെ തലയിൽ ചുട്ടു പഴുപ്പിച്ച സൂര്യനെപോലെയോ ആകാം. യോനായ്ക്കു സംഭവിച്ചത് പോലെ ഈ വെല്ലുവിളികൾ ദൈവത്തിന്‍റെ, ആര്‍ദ്രതയിലേക്കു നമ്മെ തിരികെ കൊണ്ട് വരുന്ന നിമിത്തങ്ങളാകാം.

ഇവിടെ മനോഹരമായി യോനാ പ്രവാചകന്‍റെ  ജീവിതത്തിൽ നടന്ന സംഭവങ്ങളെ വ്യാഖ്യനിക്കുന്ന പാപ്പാ സുരക്ഷിത സങ്കേതങ്ങളിലേക്ക് ഓടാൻ പ്രേരിപ്പിക്കുന്ന ചില ഘടകങ്ങളെ കുറിച്ച് മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നു. ദൈവത്തിന്‍റെ കരുണയുടെ മുന്നില്‍ പോലും ചോദ്യമുയർത്തി കൊണ്ട് നാമാഗ്രഹിക്കുന്നത് പോലെ ദൈവം പ്രവർത്തിക്കണമെന്ന് വാശിപിടിക്കുന്നു. അങ്ങനെ ദൈവം പ്രവർത്തിച്ചില്ലെങ്കിൽ യോനയെ പോലെ നാം ദൈവത്തിന്‍റെ സന്നിധിയിൽ നിന്ന് പോലും ഓടിയൊളിക്കാൻ ശ്രമിക്കുന്നു. എന്നാൽ ദൈവം നമ്മെ അവിടുത്തോടു ചേര്‍ത്ത് നിറുത്തുവാൻ വേണ്ടി ചില വെല്ലുവിളികളെ നമുക്ക് നൽകുന്നു. അത് യോനായുടെ ജീവിതത്തില്‍ വന്ന കൊടുങ്കാറ്റു പോലെയോ, ഒരു തിമിംഗലം പോലെയോ, ചുരച്ചെടിയെ ഉണക്കികളഞ്ഞ ആ പുഴുവിനെ പോലെയോ, അതുമല്ലെങ്കിൽ ഒരു കാറ്റുപോലെയോ, യോനായുടെ തലയിൽ ചുട്ടു പഴുപ്പിച്ച സൂര്യനെപോലെയോ ആകാമെന്ന് പാപ്പാ ചൂണ്ടികാണിക്കുന്നു. അത് ദൈവത്തിന്‍റെ കരുണയെയും ആർദ്രതയേയും നാം മനസ്സിലാക്കുന്നതിനും നമ്മുടെ ജീവിതത്തിലേക്ക് ദൈവകരുണയെ തിരികെ കൊണ്ട് വരാനുമാണ്. ദൈവം നമ്മുടെ ജീവിതത്തിൽ നൽകുന്ന വെല്ലുവിളികൾ നമ്മെ ഒരിക്കലും തളര്‍ത്തുകയോ തകർക്കുകയോ ഇല്ല. മറിച് ദൈവത്തിന്‍റെ നന്മ നിറഞ്ഞ മനസ്സിനെ തിരിച്ചറിയാനും ആ നന്മയിലേക്കു നമ്മെ എത്തിച്ചേർക്കാനും നമ്മുടെ പ്രവാചക ദൗത്യത്തോടു നീതിപുലർത്താനും വേണ്ടിയാണ്.

പാർശ്വവത്കരിക്കപ്പെടാൻ ധൈര്യപ്പെടണം

135. ദൈവം നിത്യമായ നൂനത്വമാണ്. അവിടുന്ന് നമ്മെ ഒരു നവയാത്രയ്ക്കായി നിരന്തരം പ്രേരിപ്പിക്കുന്നു; സാധാരണമായതിനെ അതിജീവിച്ച്, അതിരുകളിലേക്കും അതിനപ്പുറവും കടന്നു ചെല്ലാൻ പ്രേരിപ്പിക്കുന്നു. മാനവകുലം ഏറ്റവും വ്രണിതമായിരിക്കുന്നിടത്തോടു, സ്ത്രീ പുരുഷന്മാർ ഉപരിവിപ്ലവമായ അനുരൂപണത്തിനു മറവിൽ, ജീവിതത്തിന്‍റെ അർത്ഥത്തെ സംബന്ധിച്ച ചോദ്യത്തിനു ഉത്തരം തേടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലേക്ക് അവിടുന്ന് നമ്മെ കൊണ്ട് പോകുന്നു. ദൈവത്തിനു ഭയമില്ല. ഭയരഹിതനാണ് അവിടുന്ന്. അവിടുന്ന് നമ്മുടെ പദ്ധതികളെക്കാളുംസങ്കല്‍പങ്ങളെക്കാളും വലിയവനാണ്. പാർശ്വവത്കരിക്കപ്പെട്ട ഒരുവനായിതീർന്നു. (cf.ഫിലി.2:6-8;യോഹ.1:14). അത്കൊണ്ട്, നാം പാർശ്വവത്കരിക്കപ്പെടാൻ ധൈര്യം കാണിക്കുകയാണെങ്കിൽ, വേലിയിറമ്പുകളിൽ അവിടുത്തെ നമ്മൾ കണ്ടെത്തും. യേശു ഇതിനോടകം അവിടെയുണ്ട്. നമ്മുടെ സഹോദരീ സഹോദരന്മാരുടെ ഹൃദയങ്ങളിൽ, അവരുടെ വ്രണിതമായ ശരീരങ്ങളിൽ, അവരുടെ പ്രയാസങ്ങളിലും യേശു മുമ്പേ തന്നെ സന്നിഹിതനാണ്.

പാർശ്വവത്കരിക്കപ്പെടാൻ ധൈര്യം കാണിക്കുകയാണെങ്കിൽ ദൈവത്തെ നമുക്ക് കണ്ടെത്താന്‍ കഴിയുമെന്ന് ഫ്രാൻസിസ് പാപ്പാ നമ്മെ ഉദ്ബോധിപ്പിക്കുന്നു. ക്രിസ്തു തന്‍റെ ജീവിതത്തിലൂടെ സ്വയം തിരസ്കൃതനാക്കപ്പെട്ടു. പാപികളിലും പാവങ്ങളിലും കുഷ്ഠരോഗികളിലും കരുണ കാണിച്ച ക്രിസ്തു അവരോടൊപ്പം ഭക്ഷണം കഴിച്ചും അവരുടെ രോദനങ്ങളിൽ കൂടെയിരുന്നും തോണിയുടെ അമരത്ത് കിടന്നുറങ്ങിയും അവഹേളനത്തിന്‍റെ ചിഹ്നമായ കുരിശിൽ തൂങ്ങി മരിക്കുകയും ചെയ്തു. ഈ ക്രിസ്തുവിനെ അനുഗമിക്കുന്ന നമ്മളും ക്രിസ്തു കടന്നു പോയ പാർശ്വവത്കരിക്കപ്പെട്ടവരുടെ കൂടെ ജീവിക്കാനും അവരെ സമൂഹത്തിന്‍റെ മുന്നിൽ എല്ലാവരെയും പോലെ ജീവിക്കാൻ അനുവദിക്കാൻ ഒരു പ്രവാചക സിദ്ധിയോടെ പ്രവര്‍ത്തിക്കണമെന്നു പാപ്പാ ആഹ്വാനം ചെയ്യുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 December 2019, 15:04