തിരയുക

കൊച്ചു കൊച്ചു സന്തോഷങ്ങള്‍... കൊച്ചു കൊച്ചു സന്തോഷങ്ങള്‍... 

വിശുദ്ധിയിലേക്കുളള വിളി:ഇന്നിന്‍റെ സന്തോഷങ്ങള്‍ നഷ്‌ടപ്പെടുത്തരുത്.

“GAUDETE ET EXSULTATE” അഥവാ “ആനന്ദിച്ചാഹ്ലാദിക്കുവിൻ” എന്ന ഫ്രാന്‍സിസ്‍ പാപ്പായുടെ അപ്പോസ്തോലിക പ്രബോധനത്തിന്‍റെ നാലാം അദ്ധ്യായത്തിലെ 127-128 വരെയുള്ള ഭാഗങ്ങളെ കുറിച്ചുളള വിചിന്തനം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

അപ്പോസ്തോലിക പ്രബോധനം

അപ്പോസ്തോലിക പ്രബോധനമെന്നത് കത്തോലിക്കാ സഭയില്‍ മാര്‍പ്പാപ്പാ പ്രസിദ്ധികരിക്കുന്ന ഔദ്യോഗിക ലേഖനങ്ങളുടെ വിവിധതരത്തിലുളള പരമ്പരകളില്‍പ്പെടുന്ന ഒരു ലേഖനമാണ്. ഇവയുടെ പ്രാധാന്യ ശൃംഖലയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ചാക്രീക ലേഖനങ്ങള്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനമാണ് അപ്പോസ്തോലിക പ്രബോധനങ്ങള്‍ക്കുളളത്.

നാലാമദ്ധ്യായം:  ഇന്നത്തെ ലോകത്തിലെ വിശുദ്ധിയുടെ അടയാളങ്ങൾ

വിശുദ്ധിയുടെ അടയാളങ്ങൾ എന്തൊക്കെയെന്ന് പാപ്പാ ഇവിടെ കാണിച്ചുതരുന്നു. സ്ഥിരോൽസാഹവും, ക്ഷമയും, ശാന്തതയും, സന്തോഷവും, രസികത്വവും തുടങ്ങി അപ്പോസ്തലീകമായ ധൈര്യവും, സമൂഹ ജീവിതവും, നിരന്തരമായ പ്രാർത്ഥനയും വിശുദ്ധിയുടെ പ്രകടഭാവങ്ങളായി മാർപാപ്പാ ചൂണ്ടിക്കാണിക്കുന്നു.

നാലാമത്തെ അദ്ധ്യായം ദൈവസ്നേഹത്തിന്‍റെയും സഹോദരസ്നേഹത്തിന്‍റെയും 5 മഹാ സാക്ഷ്യങ്ങൾ വരച്ചുകാണിക്കുന്നു. അഞ്ച് സമകാലിന രൂപങ്ങളാണനവ. എന്തെന്നാൽ വിശുദ്ധിക്ക് ഓരോ കാലഘട്ടത്തിലും വ്യത്യസ്ഥമായ രൂപങ്ങളുണ്ട്. അപ്പോസ്തോലിക പ്രബോധനം ഇക്കാത്തിലെ വിശുദ്ധിയുടെ രൂപങ്ങളാണ് തേടുന്നത് ഇന്നത്തെ സംസ്കാരത്തിന്‍റെ പരിമിതികളും, അപകടങ്ങളും വച്ച് പലപ്പോഴും അക്രമാസക്തമായ മനസ്സിനെ പതറിക്കുകയും ദുർബ്ബലപ്പെടുത്തുകയും ചെയ്യുന്ന ആകുലതാബോധം, നിഷേധാത്മകതയും,  മുഖപ്രസാദമില്ലാത്ത അവസ്ഥയും, ഉപഭോക്തൃ സംസ്കാരം വളർത്തുന്ന സ്വയംപര്യാപ്തതയും ഇക്കാലത്തെ ആത്മീയ വിപണിയിൽ ഭരണം നടത്തുന്ന വ്യക്തിനിഷ്ഠതയും ദൈവവുമായി ഒരു ബന്ധവുമില്ലാത്ത വിലകുറഞ്ഞ ആത്മീയതയുടെ എല്ലാ രൂപങ്ങളും ഇവിടെ നിർദ്ദേശിക്കപ്പെടുന്ന  അ‍ഞ്ച് അടയാളങ്ങളായി കണകാക്കപ്പെടുന്നു.

വിശുദ്ധനായ ഒരു വ്യക്തി ആനന്ദത്തോടെ ജീവിക്കുന്നു. അദ്ദേഹത്തിന് ഒരു നർമ്മബോധവും ഉണ്ടാവും. വിശുദ്ധി എന്നാൽ കാപട്യമില്ലായ്മയാണ്. അപ്പോസ്തോലിക ധീരതയാണ്. തുനിയാനും പരീക്ഷിക്കുവാനും മുൻകൈ എടുക്കുവാനും നവ്യമായതിലേക്ക് നീങ്ങുവാനുമുള്ള ശേഷിയാണ്. അവസാനമായി വിശുദ്ധി എന്നത് കർത്താവിലേക്ക് നോക്കുവാൻ സ്വയം അനുവദിച്ചും അവിടത്തെ സ്നേഹത്തിന്‍റെ ഊഷ്മളതയാലും ആർദ്രതയാലും പരിപോഷിപ്പിക്കപ്പെടുന്നതിന് അനുവദിച്ചും നിശബ്ദതയിൽ നടത്തുന്ന പ്രാർത്ഥനയാണ്. വിശുദ്ധി എന്നത് കർത്താവിനാല്‍ അവിടുത്തെ അരുവിയുടെ ശക്തിയാൽ രൂപാന്തരപ്പെടുത്തപ്പെടുന്നതിനുമുള്ള വിട്ടുകൊടുക്കലാണ്.

ദൈവപിതാവുമായി സന്തോഷിക്കുക

127. ഒരു പിതാവിന്‍റെ സ്നേഹത്തോടെ ദൈവം നമ്മോടു പറയുന്നു: “എന്‍റെ മകനേ, കഴിവിനൊത്ത് ചെലവു ചെയ്തു കൊള്ളുക. ഇന്നിന്‍റെ സന്തോഷങ്ങൾ നഷ്ടപ്പെടുത്തരുത്.”(പ്രഭാ.14:11-14). നമ്മൾ ശുഭാപ്തി വിശ്വാസമുള്ളവരും, നന്ദിയുള്ളവരും, വക്രതയില്ലാത്തവരുമായിരിക്കാൻ അവിടുന്ന് ആഗ്രഹിക്കുന്നു. “സുഭിക്ഷതയിൽ സന്തോഷിക്കുക. ദൈവം മനുഷ്യനെ സരള ഹൃദയനായി സൃഷ്ടിച്ചു. എന്നാൽ അവന്‍റെ സങ്കീർണ്ണ പ്രശ്നങ്ങൾ അവന്‍റെ തന്നെ സൃഷ്ടിയാണ്.”(സഭാ.7:14,29). സ്ഥിതി എങ്ങനെയായാലും നമ്മൾ ഉറച്ചു നിന്നുകൊണ്ട് വിശുദ്ധ പൗലോസിനെ പോലെയായിത്തീരണം. “ഏത് സാഹചര്യത്തിലും സംതൃപ്തിയോടെ കഴിയാൻ ഞാൻ പഠിച്ചിട്ടുണ്ട്.”(ഫിലിപ്പി.4:11) വിശുദ്ധ ഫ്രാൻസിസ് അസ്സീസി ഇങ്ങനെയാണ് ജീവിച്ചത്; കട്ടിയായി പോയ അപ്പക്കഷണത്തെ കുറിച്ച് പോലും കൃതജ്ഞത നിറഞ്ഞ അമിതാനന്ദത്തിലായിരിക്കാൻ, അഥവാ തന്നെ മുഖത്തു തലോടുന്ന ഇളം തെന്നലിന്നെ പ്രതി സന്തോഷത്തോടു കൂടി ദൈവത്തെ സ്തുതിക്കാൻ അദ്ദേഹത്തിന് കഴിയുമായിരുന്നു.

ദൈവപിതാവുമായി മനുഷ്യാത്മാവിന് സന്തോഷിക്കാതിരിക്കാൻ എന്താണുള്ളത് എന്ന് ചിന്തിക്കുകയായിരിക്കും ഉചിതം. പിതാവായ ദൈവം തന്‍റെ സ്നേഹത്തിന്‍റെ നിറവിൽ ഈ ലോകത്തെയും സൃഷ്ടിജാലങ്ങളെയും എല്ലാം നല്ലതായി മാത്രം ചമച്ചു. സകല ജീവജാലങ്ങളും സാഹോദര്യത്തോടെ സന്തോഷപൂർവ്വം വാണ നാളുകളിൽ മനുഷ്യന്‍റെ വികലമായ ദുരാശകളാണ് വിഷമതകൾ വരുത്തി വച്ചതെന്ന് സഭാപ്രസംഗകന്‍റെ ഏഴാം അദ്ധ്യായത്തിൽ "ദൈവം മനുഷ്യനെ സരള ഹൃദയനായി സൃഷ്‌ടിച്ചു. എന്നാല്‍ അവന്‍റെ സങ്കീര്‍ണ്ണപ്രശ്‌നങ്ങള്‍ അവന്‍റെ തന്നെ സൃഷ്‌ടിയാണ്‌. (സഭാ7: 29) എന്ന തിരുവചനത്തെ ഉദ്ധരിച്ച് കൊണ്ട് പാപ്പാ വ്യക്തമാക്കുന്നു.  

വിശുദ്ധരായ പൗലോസിന്‍റെയും ഫ്രാൻസിസിന്‍റെയും സന്തോഷം

ഫ്രാൻസിസ് പാപ്പാ നമ്മോടു അനുകരിക്കാൻ ആവശ്യപ്പെടുന്ന രണ്ടു മനോഭാവങ്ങളുണ്ട്. അവ വിശുദ്ധ പൗലോസ് അപ്പോസ്തലന്‍റെയും ഫ്രാൻസിസ് അസ്സിസ്സിയുടെയുമാണ്. തനിക്ക് ഉള്ളതിൽ സന്തോഷം കണ്ടെത്താൻ പരിശ്രമിക്കുന്ന പൗലോസപ്പോസ്തലൻ. എന്ത് കിട്ടിയാലും മതിയാവാത്ത, വീണ്ടും വീണ്ടും വേണമെന്നാഗ്രഹിച്ച് ആർത്തിയോടെ നടക്കുന്ന, എന്തു വഞ്ചന നടത്തിയും സമ്പാദിച്ച് കൈവശം വയ്ക്കാൻ ആഗ്രഹിക്കുന്ന ഇന്നത്തെ ആധുനീക മനുഷ്യന്‍റെ  മനസ്ഥിതിക്ക് നേർ വിപരീതമായ ഒരു മനോഭാവം. തനിക്കുള്ളതിൽ സംതൃപ്തിയടഞ്ഞ് സന്തോഷിക്കുന്ന മനുഷ്യൻ. അത്യാഗ്രഹങ്ങൾ അപകടമാണെന്നും അത് മനുഷ്യമനസ്സിന്‍റെ സന്തോഷത്തെ നശിപ്പിക്കുമെന്നും സൂചിപ്പിക്കുകയാണ് പാപ്പാ.

രണ്ടാമത്തെ മനോഭാവം ഫ്രാൻസിസ് അസ്സീസിയുടെതാണ്. ഒരു കുഞ്ഞു തെന്നലിന്‍റെ തഴുകലിനെ പ്രതിപോലും ദൈവത്തെ സ്തുതിക്കാൻ കഴിയുന്ന മനസ്സ്. ഒരു പക്ഷേ ഇങ്ങനെയെങ്കിൽ നമ്മുടെയൊക്കെ ജീവിതത്തിലേക്കൊന്നു തിരിഞ്ഞു നോക്കിയാൽ ഇല്ലായ്മകളുടെ പരാതിപ്പെട്ടിയിൽ കൈയിടാതെ ദൈവം നമുക്ക് നല്‍കിയ നന്മയുടെ നിറ കുംഭങ്ങൾക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. ആ ഒരു തിരിച്ചറിവ് ഒരു പക്ഷേ ഇനിയുള്ള ജന്മം മുഴുവൻ ദൈവ സ്തുതികൾ പാടി തീർക്കാൻ നമുക്കാവുമോ? നമുക്ക് പാപ്പായുടെ 127ലെ ആദ്യ വരികൾ അനുസ്മരിക്കാം. പിതാവിന്‍റെ സ്നേഹത്തോടെ ദൈവം നമ്മോടു പറയുന്നു, ഇന്നിന്‍റെ  സന്തോഷങ്ങള്‍ നഷ്‌ടപ്പെടുത്തരുത്‌; നിനക്ക്‌ അര്‍ഹമായ സന്തോഷത്തിന്‍റെ ഓഹരി വേണ്ടെന്നു വയ്‌ക്കരുത്‌ (പ്രഭാ.14:14). നാം സന്തോഷിക്കണമെന്നാഗ്രഹിക്കുന്ന പിതാവിന്‍റെ മക്കളാവാൻ നമുക്ക് പരിശ്രമിക്കാം.

ദൈവപിതാവ് നല്‍കുന്ന സന്തോഷും, ഉപഭോഗസംസ്കാരം വച്ചുനീട്ടുന്ന സന്തോഷവും

128. ഇന്നത്തെ ഉപഭോഗസംസ്കാരം വച്ചുനീട്ടുന്ന സന്തോഷമല്ല അത്. ഉപഭോഗസംസ്കാരം ഹൃദയത്തെ കൊഴുപ്പിക്കുന്നതേയള്ളൂ. അതിനു ക്ഷണികവും കടന്നു പോകുന്നതുമായ സുഖ സന്തോഷങ്ങൾ നൽകുവാനേ ആകൂ: പക്ഷേ ആനന്ദം നൽകാനാകില്ല. ഇവിടെ ഞാൻ സൂചിപ്പിക്കുന്നത് കൂട്ടായ്മയിൽ ജീവിക്കുമ്പോൾ ഉളവാകുന്ന ആനന്ദമാണ് അത് പങ്കുവയ്ക്കുന്നതും പങ്കുചേരുന്നതുമാണ്. എന്തെന്നാൽ, “സ്വീകരിക്കുന്നതിനെക്കാൾ കൊടുക്കുന്നതാണ് ശ്രേഷ്ടം.”(അപ്പോ.20:35). “സന്തോഷപൂർവ്വം നൽകുന്നവനെയാണ് ദൈവം സ്നേഹിക്കുന്നത്.”(2കൊറി.9:7) സഹോദര സ്നേഹം, ആനന്ദം ഉൾക്കൊള്ളുന്നതിനുള്ള നമ്മുടെ ത്രാണി വർദ്ധിപ്പിക്കുന്നു. എന്തെന്നാൽ അത് മറ്റുള്ളവരുടെ നന്മയിൽ സന്തോഷിക്കുന്നതിന് നമ്മെ കഴിവുള്ളവരാക്കുന്നു. “സന്തോഷിക്കുന്നവരോടു കൂടെ സന്തോഷിക്കുവിൻ.”(റോമ.12:15). “ഞങ്ങൾ ബലഹീനരും നിങ്ങൾ ബലവാന്മാരുമായിരിക്കുന്നതിൽ ഞങ്ങൾ സന്തോഷിക്കുന്നു.”(2കൊറി.13:9) മറിച്ച്, ആദ്യം നമ്മുടെ ആവശ്യങ്ങളില്‍ മാത്രം കേന്ദ്രീകരിക്കുമ്പോൾ ആനന്ദരഹിതമായ ഒരസ്തിത്വത്തിന് നമ്മെത്തന്നെ നാം കൈവിടുന്നു.

ഇവിടെ ദൈവപിതാവ് മനുഷ്യമക്കൾക്കായി വിഭാവന ചെയ്ത സന്തോഷത്തേയും മനുഷ്യമക്കൾ തങ്ങളുടെ സന്തോഷത്തിനായി വിഭാവന ചെയ്ത സന്തോഷത്തേയും താരതമ്യം ചെയ്യുകയാണ് ഫ്രാൻസിസ് പാപ്പാ. ഇന്നത്തെ സ്വാർത്ഥത നിറഞ്ഞ ഉപഭോഗ സംസ്ക്കാരം നമ്മുടെ മുന്നിൽ വില്‍പനയ്ക്ക് നിരത്തുന്ന സന്തോഷങ്ങൾ ഹൃദയത്തിന് കനം കൂട്ടുകയാണ് ചെയ്യുന്നതെന്ന് തറപ്പിച്ചു പറയാൻ ഫ്രാൻസിസ് പാപ്പാ മടി കാണിക്കുന്നില്ല. കാരണം ശാശ്വതമായ സംതൃപ്തിയുടെ നിറവിൽ നിന്നുള്ള ആനന്ദത്തെക്കാളേറെ ഉപഭോഗ സംസ്കാരം നമുക്ക് വിൽക്കുക നൈമിഷിക സുഖവും, അവസര രസവുമാണെന്ന് പാപ്പാ എടുത്തു പറയുന്നു. വിശുദ്ധിയിൽ കാണുന്ന ആനന്ദം എന്നത് പങ്കുവയ്ക്കലിൽ  ജീവിക്കുന്ന ആനന്ദമാണ്. പങ്കുവച്ചും പങ്കു സ്വീകരിച്ചും ജീവിക്കുന്ന ആനന്ദം. കാരണം ഇവിടെ സ്വീകരിക്കുന്നതിനേക്കാളേറെ ആനന്ദം കൊടുക്കുന്നതിലും, അത് പ്രസന്നതയോടെ നൽകുകയും ചെയ്യുമ്പോൾ നമ്മിലെ ആനന്ദം ഇരട്ടിക്കുമെന്ന് ബൈബിൾ വചനങ്ങൾ എടുത്ത് വച്ച് പാപ്പാ സമർദ്ധിക്കുന്നു. മറ്റുള്ളവരുടെ നന്മയിൽ ആഹ്ലാദിക്കാൻ കഴിയുമ്പോൾ ആനന്ദിക്കാനുള്ള നമ്മുടെ പ്രാപ്തി വർദ്ധിക്കുമെന്നും പാപ്പാ വിശദീകരിക്കുന്നു. മറിച്ച് നമ്മിൽ മാത്രം ശ്രദ്ധ വച്ച്, സ്വന്തം ആവശ്യങ്ങളെ മാത്രം ലക്ഷ്യം വച്ച് മുന്നോട്ടു പോയാൽ ആനന്ദ രഹിതമായ ഒരു സ്ഥിതിയിലേക്ക് നമ്മെ തന്നെ വിധിക്കുയാണെന്ന് പാപ്പാ നമ്മെ ഓർമ്മിപ്പിക്കുന്നു.

ആനന്ദം വിശുദ്ധിയുടെ  അടയാളമാവുക നിസ്വാർത്ഥമായ പങ്കുവയ്പുകളിലെ നൽകലുകളിലൂടെയാണ്. ഇവയിലൂടെ ആത്മാവിൽ നിറയുന്ന സന്തോഷം നൈമിഷീകമല്ലയെന്നും ഈ ഭൂമിയിലെ ജീവിതത്തിൽ നിന്ന് നിത്യതയിലേക്ക് നീളുന്നതാണെന്നും ആധുനീകനീകതയുടെ സ്ഥാർത്ഥമായ ഉപയോഗ സംസ്കാരങ്ങൾക്ക് വിപരീത മൂല്യങ്ങളിലാണ് അധിഷ്ഠിതമെന്നും ഓർമ്മിപ്പിക്കുന്നു ഫ്രാൻസിസ് പാപ്പാ.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 November 2019, 12:22