തിരയുക

Vatican News
ഫ്രാന്‍സിസ് പാപ്പാ  പൊതു കൂടികാഴ്ച്ചയില്‍....  ഫ്രാന്‍സിസ് പാപ്പാ പൊതു കൂടികാഴ്ച്ചയില്‍....  

വിശുദ്ധിയിലേക്കുളള വിളി: ആനന്ദവും നര്‍മ്മബോധവും

“GAUDETE ET EXSULTATE” അഥവാ “ആനന്ദിച്ചാഹ്ലാദിക്കുവിൻ” എന്ന ഫ്രാന്‍സിസ്‍ പാപ്പായുടെ അപ്പോസ്തോലിക പ്രബോധനത്തിന്‍റെ നാലാം അദ്ധ്യായത്തിലെ 124-126 വരെയുള്ള ഭാഗങ്ങളെ കുറിച്ചുളള വിചിന്തനം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

അപ്പോസ്തോലിക പ്രബോധനം

അപ്പോസ്തോലിക പ്രബോധനമെന്നത് കത്തോലിക്കാ സഭയില്‍ മാര്‍പ്പാപ്പാ പ്രസിദ്ധികരിക്കുന്ന ഔദ്യോഗിക ലേഖനങ്ങളുടെ വിവിധതരത്തിലുളള പരമ്പരകളില്‍പ്പെടുന്ന ഒരു ലേഖനമാണ്. ഇവയുടെ പ്രാധാന്യ ശൃംഖലയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ചാക്രീക ലേഖനങ്ങള്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനമാണ് അപ്പോസ്തോലിക പ്രബോധനങ്ങള്‍ക്കുളളത്.

നാലാമദ്ധ്യായം:  ഇന്നത്തെ ലോകത്തിലെ വിശുദ്ധിയുടെ അടയാളങ്ങൾ

വിശുദ്ധിയുടെ അടയാളങ്ങൾ എന്തൊക്കെയെന്ന് പാപ്പാ ഇവിടെ കാണിച്ചുതരുന്നു. സ്ഥിരോൽസാഹവും, ക്ഷമയും, ശാന്തതയും, സന്തോഷവും, രസികത്വവും തുടങ്ങി അപ്പോസ്തലീകമായ ധൈര്യവും, സമൂഹ ജീവിതവും, നിരന്തരമായ പ്രാർത്ഥനയും വിശുദ്ധിയുടെ പ്രകടഭാവങ്ങളായി മാർപാപ്പാ ചൂണ്ടിക്കാണിക്കുന്നു.

നാലാമത്തെ അദ്ധ്യായം ദൈവസ്നേഹത്തിന്‍റെയും സഹോദരസ്നേഹത്തിന്‍റെയും 5 മഹാ സാക്ഷ്യങ്ങൾ വരച്ചുകാണിക്കുന്നു. അഞ്ച് സമകാലിന രൂപങ്ങളാണനവ. എന്തെന്നാൽ വിശുദ്ധിക്ക് ഓരോ കാലഘട്ടത്തിലും വ്യത്യസ്ഥമായ രൂപങ്ങളുണ്ട്. അപ്പോസ്തോലിക പ്രബോധനം ഇക്കാത്തിലെ വിശുദ്ധിയുടെ രൂപങ്ങളാണ് തേടുന്നത് ഇന്നത്തെ സംസ്കാരത്തിന്‍റെ പരിമിതികളും, അപകടങ്ങളും വച്ച് പലപ്പോഴും അക്രമാസക്തമായ മനസ്സിനെ പതറിക്കുകയും ദുർബ്ബലപ്പെടുത്തുകയും ചെയ്യുന്ന ആകുലതാബോധം, നിഷേധാത്മകതയും,  മുഖപ്രസാദമില്ലാത്ത അവസ്ഥയും, ഉപഭോക്തൃ സംസ്കാരം വളർത്തുന്ന സ്വയംപര്യാപ്തതയും ഇക്കാലത്തെ ആത്മീയ വിപണിയിൽ ഭരണം നടത്തുന്ന വ്യക്തിനിഷ്ഠതയും ദൈവവുമായി ഒരു ബന്ധവുമില്ലാത്ത വിലകുറഞ്ഞ ആത്മീയതയുടെ എല്ലാ രൂപങ്ങളും ഇവിടെ നിർദ്ദേശിക്കപ്പെടുന്ന  അ‍ഞ്ച് അടയാളങ്ങളായി കണകാക്കപ്പെടുന്നു.

വിശുദ്ധനായ ഒരു വ്യക്തി ആനന്ദത്തോടെ ജീവിക്കുന്നു. അദ്ദേഹത്തിന് ഒരു നർമ്മബോധവും ഉണ്ടാവും. വിശുദ്ധി എന്നാൽ കാപട്യമില്ലായ്മയാണ്. അപ്പോസ്തോലിക ധീരതയാണ്. തുനിയാനും പരീക്ഷിക്കുവാനും മുൻകൈ എടുക്കുവാനും നവ്യമായതിലേക്ക് നീങ്ങുവാനുമുള്ള ശേഷിയാണ്. അവസാനമായി വിശുദ്ധി എന്നത് കർത്താവിലേക്ക് നോക്കുവാൻ സ്വയം അനുവദിച്ചും അവിടത്തെ സ്നേഹത്തിന്‍റെ ഊഷ്മളതയാലും ആർദ്രതയാലും പരിപോഷിപ്പിക്കപ്പെടുന്നതിന് അനുവദിച്ചും നിശബ്ദതയിൽ നടത്തുന്ന പ്രാർത്ഥനയാണ്. വിശുദ്ധി എന്നത് കർത്താവിനാല്‍ അവിടുത്തെ അരുവിയുടെ ശക്തിയാൽ രൂപാന്തരപ്പെടുത്തപ്പെടുന്നതിനുമുള്ള വിട്ടുകൊടുക്കലാണ്.

ആനന്ദം

124. യേശു കൊണ്ടുവന്ന നൂതനത്വത്തെ അംഗീകരിച്ചു മറിയം പാടി: “എന്‍റെ ചിത്തം ആനന്ദിക്കുന്നു” ‌‌(ലുക്കാ.1:47) യേശുവും “പരിശുദ്ധാത്മാവിനാൽ ആനന്ദിച്ചു”(ലുക്കാ.10 :21). അവിടുന്ന് “അവരെ കടന്നുപോയപ്പോൾ ജനങ്ങളെല്ലാം ആനന്ദിച്ചു” (ലൂക്കാ.13 :17). അവിടുത്തെ ഉത്ഥാനാനന്തരം  ശിഷ്യന്മാർ എവിടെയല്ലാം പോയോ അവിടെയെല്ലാം വലിയ ആനന്ദമുണ്ടായി (അപ്പോ.8:8). യേശു നമുക്ക് ഉറപ്പുനൽകുന്നു: “നിങ്ങൾ കരയുകയും വിലപിക്കുകയും ചെയ്യും... എന്നാൽ നിങ്ങളുടെ ദുഃഖം ആനന്ദമായി മാറും...എന്നാൽ ഞാൻ നിങ്ങളെ വീണ്ടും കാണും. അപ്പോൾ നിങ്ങളുടെ ഹൃദയം ആനന്ദിക്കും. നിങ്ങളുടെ ആനന്ദം ആരും നിങ്ങളിൽ നിന്ന് എടുത്തുകളയുകയും ഇല്ല.”(യോഹ.16 :20,22).” ഇത് ഞാൻ നിങ്ങളോടു പറഞ്ഞത് എന്‍റെ ആനന്ദം നിങ്ങളിൽ കുടികൊള്ളാനും നിങ്ങളുടെ ആനന്ദം പൂർണ്ണമാകാനും വേണ്ടിയാണ്.”(യോഹ.15 :11).

“ആനന്ദിച്ചാഹ്ലാദിക്കുവിൻ” എന്ന ഫ്രാന്‍സിസ്‍ പാപ്പായുടെ അപ്പോസ്തോലിക  പ്രബോധനത്തിന്‍റെ നാലാം അദ്ധ്യായത്തിലെ 122 ഖണ്ഡിക മുതൽ വിശുദ്ധിയിൽ ജീവിക്കുന്ന ഒരു വ്യക്തി ഏതോ ഒരു ലോകത്താണെന്നോ ഈ ലോകത്തല്ല എന്നോ മറ്റോ ചിന്തിച്ചു പോയാൽ അതു ശരിയല്ല എന്ന് പാപ്പാ പറഞ്ഞു വരികയായിരുന്നു. സത്യത്തിൽ ക്രിസ്തീയ ജീവിതം ആത്മാവിൽ നിറയുന്ന സന്തോഷത്തിൽ നിന്ന് ഉൽഭവിക്കുന്ന ഒരു പുറപ്പാടാണ്.  സന്തോഷത്തിന്‍റെ അടിസ്ഥാനം ദൈവം യേശുവിലൂടെ പ്രവർത്തിക്കുന്ന പുതുമകളെ തിരിച്ചറിയലും  യേശുവുമായുള്ള വ്യക്തിപരമായ കണ്ടു മുട്ടലുമാണ്. ഇതാണ് 125 ൽ മാർപ്പാപ്പാ വിവരിക്കുന്നത്. യേശുവിനെ വ്യക്തിപരമായി കണ്ടുമുട്ടിയവരെല്ലാം ആ സുവിശേഷം അറിയിക്കാൻ ആനന്ദിച്ച് ഇറങ്ങി പുറപ്പെട്ടവരാണ്. ആദ്യ ഉദാഹരണമായി പാപ്പാ ഉദ്ധരിക്കുന്നത് മറിയത്തിന്‍റെ എന്‍റെ ആത്മാവ് ആനന്ദിക്കുന്നു എന്ന വാക്കുകളെയാണ്(ലൂക്കാ1:47). അതിന്‍റെ കാരണം "യേശു കൊണ്ടുവന്ന പുതുമയെ തിരിച്ചറിഞ്ഞു എന്ന് പാപ്പാ തന്നെ പറയുന്നുണ്ട്.  ഈ തിരിച്ചറിവാണ് ആനന്ദത്തിന്‍റെ അടിസ്ഥാനം.  (ലൂക്കാ 10.21 ) വിജ്ഞാനികളിൽ നിന്നും മറച്ച് ശിശുക്കൾക്ക് വെളിപ്പെടുത്തുന്ന ദൈവത്തിന്‍റെ പക്ഷം ചേരൽ തിരിച്ചറിഞ്ഞ്. യേശു തന്നെ ആത്മാവിൽ അനന്ദിക്കുന്നുണ്ട്. ഉത്ഥാനത്തിന് ശേഷം ശിഷ്യൻമാർ പോയ വഴികളിലെല്ലാം സന്തോഷത്തിന്‍റെ നിറവായിരുന്നു. കാരണം പീഡനങ്ങൾക്കുമപ്പുറം സന്തോഷം പകരുന്ന ആത്മാവിന്‍റെ സത്യത്തെ തൊട്ടനുഭവിച്ച ശേഷം   ദു:ഖങ്ങൾ സന്തോഷമായി രൂപാന്തരപ്പെടുമെന്നത്  വിശ്വാസത്തിന് പ്രത്യാശ പകരുന്ന യാഥാർത്ഥ്യമായി മാറിയിരുന്നു. അതിനാൽ കർത്താവ് പറഞ്ഞത് പോലെ അവന്‍റെ സന്തോഷം നമ്മളിലുണ്ടാകുവാനും, നമ്മുടെ സന്തോഷം പൂർണ്ണമാകുവാനും ഇടവരുത്തുന്ന ഒന്നാണ് വിശുദ്ധി.

പുതുമകൾ സാഹസമാണ്

125. കുരിശിന്‍റെ നിഴൽ പതിക്കുമ്പോൾ കഷ്ടകാലം വരാം എന്നിരുന്നാലും യാതൊന്നിനും അതിസ്വാഭാവിക ആനന്ദത്തെ നശിപ്പിക്കാനാകില്ല. "അത് അനുരൂപപ്പെടുന്നു, വ്യതിയാനപ്പെടുന്നു. എന്നാൽ എപ്പോഴും നിലനിൽക്കുന്നു; എല്ലാം പറയപ്പെടുകയും ചെയ്യപ്പെടുകയും ചെയ്തശേഷം "നമ്മൾ ആനന്ദമായി സ്നേഹിക്കപ്പെടുന്നു" എന്ന നമ്മുടെ വൈയക്തികബോധ്യത്തിൽ നിന്നും ഉളവാകുന്ന മിന്നിത്തെളിയുന്ന ദീപനാളം പോലെ തന്നെ. ആ ആനന്ദം ആഴത്തിലുള്ള സുരക്ഷിതത്വവും, പ്രശാന്തമായ പ്രത്യാശയും, ലോകത്തിന് ഗ്രഹിക്കാനോ, ആസ്വദിക്കാനോ കഴിയാത്ത ഒരു ആത്മീയ സംതൃപ്തിയും ഉളവാക്കുന്നു.

പുതുമകൾ ഏറ്റുവാങ്ങുന്നത് എന്നും വേദനാജനകമാണ്. പ്രത്യേകിച്ച് പഴമയുടെ തഴക്കങ്ങളിൽ നമ്മുടെ സുരക്ഷിതത്വം ഉറപ്പാക്കി മുന്നേറുമ്പോൾ. പുതുമകൾ സാഹസമാണ്.   ഒരു പക്ഷേ യേശു കൊണ്ടുവന്ന പുതുമകൾ കണ്ട് നിയമത്തിലും പാരമ്പര്യങ്ങളിലും തങ്ങളുടെ സുരക്ഷിതത്വം ഉറപ്പിച്ച സകലരും അവനെതിരെ തിരിഞ്ഞതും അതിനാലാകാം. എന്നാൽ കുരിശിന്‍റെ നിഴൽ വീഴുന്ന ദുരിത ദിനങ്ങൾ വന്നേക്കാമെന്നാലും നമ്മൾ അനന്തമായി സ്നേഹിക്കപ്പെടുന്നു എന്ന തിരിച്ചറിവിൽ പുതുമകളെ സ്വീകരിച്ച് പാകപ്പെടുത്തി  ഉള്ളിലെ  അമാനുഷീക സന്തോഷം നശിക്കാതെ നിലനില്‍ക്കുമെന്ന് പാപ്പാ ഇവിടെ പറയുന്നു. കാരണം വിശുദ്ധർക്ക് വ്യക്തിപരമായ ഉറപ്പുണ്ട് ആ സ്നേഹത്തിൽ. ആ സ്നേഹമാണ് വിശുദ്ധിയിൽ നമ്മുടെ സുരക്ഷയും, പ്രശാന്തമായ പ്രത്യാശയും ആത്മീയ സാഫല്യവും. ഇത് ഈ ലോകത്തിന് മനസ്സിലാക്കാനോ വിലമതിക്കാനോ കഴിയില്ല.

നർമ്മബോധം

126. ക്രൈസ്തവ ആനന്ദം സാധാരണമായി, നർമ്മഭാവവുമായി ചേർന്ന് പോകുന്നു. വിശുദ്ധ തോമസ്മൂറിലും, വിശുദ്ധ വിൻസെന്‍റ് ഡി. പോളിലും, വിശുദ്ധ ഫിലിപ്പ് നേരിയിലും, ഇത് നമ്മൾ വ്യക്തമായി കാണുന്നു. വഷളായ നർമ്മം വിശുദ്ധിയുടെ അടയാളമല്ല." മനസ്സിൽ നിന്നും ആകുലത അകറ്റുക"(സഭാ.11:10). "നമ്മുടെ ആനന്ദത്തിന് വേണ്ടി" (1 തിമോ.6 :17). നാം കർത്താവിൽ നിന്നും വളരെയധികം സ്വീകരിക്കുന്നതുകൊണ്ട് സങ്കടം നന്ദികേടിന്‍റെ ഒരു അടയാളമാകാം. നമ്മൾ നമ്മിൽ തന്നെ വളരെയധികം കുടുങ്ങി കിടക്കുമ്പോൾ ദൈവത്തിന്‍റെ ദാനങ്ങൾ അംഗീകരിക്കുക അസാധ്യമായിത്തീരും. പാപ്പാ ഇവിടെ നർമ്മബോധത്തെ കുറിച്ചാണ് പറയുന്നത്. മുമ്പ് പറഞ്ഞ ക്രിസ്തീയ സന്തോഷത്തോടൊപ്പമുള്ളതാണ് നർമ്മബോധം. എന്താണ് ഈ നർമ്മബോധത്തിന് പിന്നിൽ? നമുക്ക് സന്തോഷിക്കാൻ ദൈവത്തിൽ നിന്ന് നമുക്ക് ഒത്തിരി ലഭിക്കുന്നുണ്ട്. (1തിമോ.6:17) അതിനാൽ ദു:ഖഭാവം നന്ദികേടിന്‍റെ അടയാളമായി മാറുമെന്ന് പാപ്പാ ഇവിടെ ഓർമ്മിപ്പിക്കുന്നു. ഉദാഹരണത്തിന് ഒത്തിരി തമാശുകൾ പറഞ്ഞിരുന്ന വിശുദ്ധ തോമസ് മൂറിനേയും, വിശുദ്ധ വിൻസെന്‍റ് ഡി. പോളിനേയും, വിശുദ്ധ ഫിലിപ്പ് നേരിയേയും പാപ്പാ അനുസ്മരിക്കുണ്ട്. നല്ല ദഹനം തരാനും, ആരോഗ്യമുള്ള ശരീരം തരാനും, അതിനെ കാത്തുപാലിക്കാൻ നല്ല നർമ്മബോധം തരാനും തമാശകളെ എടുക്കാനും, ജീവിതത്തിന്‍റെ ആനന്ദം കണ്ടെത്താനും അതു മറ്റുള്ളവരുമായി പങ്കുവയ്ക്കാനുമുള്ള വരത്തിനായി പ്രാർത്ഥിക്കുന്ന തോമസ് മൂറിന്‍റെ ഒരു പ്രാർത്ഥനയും ചുവടെ ചേർക്കുന്നുണ്ടു ഫ്രാൻസിസ് പാപ്പാ.

ചുരുക്കത്തിൽ വിശുദ്ധിയെന്നത് അങ്ങകലെ അസാധരണർക്ക് മാത്രം കഷ്ടപ്പെട്ട് കൈയെത്തി പിടിക്കാവുന്ന ഒന്നല്ല എന്നും വളരെ സാധാരണക്കാരായ നമുക്കെല്ലാവർക്കും സാധ്യമാക്കാവുന്ന ഒന്നാണെന്നും കുരിശിന്‍റെ നിഴലുകൾ പ്രത്യാശയുടെ പിറവിക്കു മുന്നോടിയായി തെളിയുന്ന വാൽനക്ഷത്രങ്ങളാണെന്നും തിരിച്ചറിയുന്ന ആത്മാവിന്‍റെ ആനന്ദം വിശുദ്ധിയിലേക്കുള്ള കുറുക്കുവഴിയാണെന്നും തിരിച്ചറിയാൻ ദൈവം നമ്മെ സഹായിക്കട്ടെ!

07 November 2019, 15:10