തിരയുക

“GAUDETE ET EXSULTATE” അഥവാ “ആനന്ദിച്ചാഹ്ലാദിക്കുവിൻ” എന്ന ഫ്രാന്‍സിസ്‍ പാപ്പായുടെ അപ്പോസ്തോലിക  പ്രബോധനത്തിലെ പാപ്പായുടെ ഒരു ഉദ്‌ബോധനം. “GAUDETE ET EXSULTATE” അഥവാ “ആനന്ദിച്ചാഹ്ലാദിക്കുവിൻ” എന്ന ഫ്രാന്‍സിസ്‍ പാപ്പായുടെ അപ്പോസ്തോലിക പ്രബോധനത്തിലെ പാപ്പായുടെ ഒരു ഉദ്‌ബോധനം. 

വിശുദ്ധിയിലേക്കുളള വിളി: സൽപ്പേരിനെ നഷ്ടപ്പെ‌ടുത്തി രക്തസാക്ഷിത്വം.

“GAUDETE ET EXSULTATE” അഥവാ “ആനന്ദിച്ചാഹ്ലാദിക്കുവിൻ” എന്ന ഫ്രാന്‍സിസ്‍ പാപ്പായുടെ അപ്പോസ്തോലിക പ്രബോധനത്തിന്‍റെ നാലാം അദ്ധ്യായത്തിലെ 118-120 വരെയുള്ള ഭാഗങ്ങളെ കുറിച്ചുളള വിചിന്തനം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

അപ്പോസ്തോലിക പ്രബോധനം

അപ്പോസ്തോലിക പ്രബോധനമെന്നത് കത്തോലിക്കാ സഭയില്‍ മാര്‍പ്പാപ്പാ പ്രസിദ്ധികരിക്കുന്ന ഔദ്യോഗിക ലേഖനങ്ങളുടെ വിവിധതരത്തിലുളള പരമ്പരകളില്‍പ്പെടുന്ന ഒരു ലേഖനമാണ്. ഇവയുടെ പ്രാധാന്യ ശൃംഖലയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ചാക്രീക ലേഖനങ്ങള്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനമാണ് അപ്പോസ്തോലിക പ്രബോധനങ്ങള്‍ക്കുളളത്.

നാലാമദ്ധ്യായം:  ഇന്നത്തെ ലോകത്തിലെ വിശുദ്ധിയുടെ അടയാളങ്ങൾ

വിശുദ്ധിയുടെ അടയാളങ്ങൾ എന്തൊക്കെയെന്ന് പാപ്പാ ഇവിടെ കാണിച്ചുതരുന്നു. സ്ഥിരോൽസാഹവും, ക്ഷമയും, ശാന്തതയും, സന്തോഷവും, രസികത്വവും തുടങ്ങി അപ്പോസ്തലീകമായ ധൈര്യവും, സമൂഹ ജീവിതവും, നിരന്തരമായ പ്രാർത്ഥനയും വിശുദ്ധിയുടെ പ്രകടഭാവങ്ങളായി മാർപാപ്പാ ചൂണ്ടിക്കാണിക്കുന്നു.

നാലാമത്തെ അദ്ധ്യായം ദൈവസ്നേഹത്തിന്‍റെയും സഹോദരസ്നേഹത്തിന്‍റെയും 5 മഹാ സാക്ഷ്യങ്ങൾ വരച്ചുകാണിക്കുന്നു. അഞ്ച് സമകാലിന രൂപങ്ങളാണനവ. എന്തെന്നാൽ വിശുദ്ധിക്ക് ഓരോ കാലഘട്ടത്തിലും വ്യത്യസ്ഥമായ രൂപങ്ങളുണ്ട്. അപ്പോസ്തോലിക പ്രബോധനം ഇക്കാത്തിലെ വിശുദ്ധിയുടെ രൂപങ്ങളാണ് തേടുന്നത് ഇന്നത്തെ സംസ്കാരത്തിന്‍റെ പരിമിതികളും, അപകടങ്ങളും വച്ച് പലപ്പോഴും അക്രമാസക്തമായ മനസ്സിനെ പതറിക്കുകയും ദുർബ്ബലപ്പെടുത്തുകയും ചെയ്യുന്ന ആകുലതാബോധം, നിഷേധാത്മകതയും,  മുഖപ്രസാദമില്ലാത്ത അവസ്ഥയും, ഉപഭോക്തൃ സംസ്കാരം വളർത്തുന്ന സ്വയംപര്യാപ്തതയും ഇക്കാലത്തെ ആത്മീയ വിപണിയിൽ ഭരണം നടത്തുന്ന വ്യക്തിനിഷ്ഠതയും ദൈവവുമായി ഒരു ബന്ധവുമില്ലാത്ത വിലകുറഞ്ഞ ആത്മീയതയുടെ എല്ലാ രൂപങ്ങളും ഇവിടെ നിർദ്ദേശിക്കപ്പെടുന്ന  അ‍ഞ്ച് അടയാളങ്ങളായി കണകാക്കപ്പെടുന്നു.

വിശുദ്ധനായ ഒരു വ്യക്തി ആനന്ദത്തോടെ ജീവിക്കുന്നു. അദ്ദേഹത്തിന് ഒരു നർമ്മബോധവും ഉണ്ടാവും. വിശുദ്ധി എന്നാൽ കാപട്യമില്ലായ്മയാണ്. അപ്പോസ്തോലിക ധീരതയാണ്. തുനിയാനും പരീക്ഷിക്കുവാനും മുൻകൈ എടുക്കുവാനും നവ്യമായതിലേക്ക് നീങ്ങുവാനുമുള്ള ശേഷിയാണ്. അവസാനമായി വിശുദ്ധി എന്നത് കർത്താവിലേക്ക് നോക്കുവാൻ സ്വയം അനുവദിച്ചും അവിടത്തെ സ്നേഹത്തിന്‍റെ ഊഷ്മളതയാലും ആർദ്രതയാലും പരിപോഷിപ്പിക്കപ്പെടുന്നതിന് അനുവദിച്ചും നിശബ്ദതയിൽ നടത്തുന്ന പ്രാർത്ഥനയാണ്. വിശുദ്ധി എന്നത് കർത്താവിനാല്‍ അവിടുത്തെ അരൂപിയുടെ ശക്തിയാൽ രൂപാന്തരപ്പെടുത്തപ്പെടുന്നതിനുമുള്ള വിട്ടുകൊടുക്കലാണ്.

118. അപമാനങ്ങളിലൂടെ മാത്രമേ, ഹ്യദയത്തിൽ എളിമ വേരുപിടിക്കുകയുള്ളു. അവയില്ലാതെ എളിമയോ വിശുദ്ധിയോ ഇല്ല. സഹിക്കുവാൻ കഴിയാതെയും ഏതാനും അപമാനങ്ങൾ സമർപ്പിക്കാതെയുമിരുന്നാൽ നിങ്ങൾ എളിമയുള്ളവരല്ല; വിശുദ്ധിയുടെ പാതയിലുമല്ല. ദൈവം അവിടുത്തെ തിരുസഭയുടെ മേല്‍ നിക്ഷേപിക്കുന്ന വിശുദ്ധി തിരുക്കുമാരനുണ്ടായ അപമാനത്തിലൂടെയാണ് വരുന്നത്. അവിടുന്നാണ് മാർഗ്ഗം. അപമാനം നിങ്ങളെ യേശുവിനെപ്പോലെയാക്കുന്നു; ക്രിസ്താനുധാവനത്തിന്‍റെ അനിർവാര്യമായ ഒരു കാര്യമാണത്. എന്തെന്നാൽ, ' ക്രിസ്തു നിങ്ങൾക്ക് വേണ്ടി സഹനമനുഭവിക്കുകയും നിങ്ങൾ അനുകരിക്കുന്നതിനു വേണ്ടി ഒരു മാതൃക നൽകുകയും ചെയ്തിരിക്കുന്നു."(1പത്രോ.2:21). അതു വഴി തന്‍റെ ജനത്തിന്‍റെ അവിശ്വസ്ഥതതകളും പരിഭവങ്ങളും പേറിക്കൊണ്ട് അവരോടൊത്ത് സഞ്ചരിക്കുന്ന സ്വർഗ്ഗസ്ഥനായ പിതാവിന്‍റെ എളിമ അവിടുന്ന് വെളിപ്പെടുത്തുന്നു.(cf. പുറ.34:6-9;ജ്ഞാനം11:23-12:3; ലൂക്കാ 6:36).ഇക്കാരണത്താൽ അപ്പോസ്തലന്മാർ അപമാനം സഹിക്കാൻ യോഗ്യത ലഭിച്ചതിൽ സന്തോഷിച്ചു."(അപ്പോ.5:41).

അപമാനത്തിലൂടെ എളിമ സ്വന്തമാക്കാം

അപമാനത്തിലൂടെ മാത്രമേ ഹൃദയത്തിൽ എളിമയെന്ന പുണ്യത്തെ വേരുറപ്പിക്കാൻ കഴിയുകയുള്ളു എന്ന് ഓർമ്മിപ്പിച്ചു കൊണ്ട് അപമാനങ്ങൾ ഇല്ലാതെ വിശുദ്ധി സ്വന്തമാക്കാൻ കഴിയുകയില്ലെന്ന് പാപ്പാ നമ്മെ ഉദ്ബോധിപ്പിക്കുന്നു. വിശുദ്ധർ സഹനങ്ങളുടെ തീച്ചൂളയിൽ തങ്ങളെത്തന്നെ എരിഞ്ഞു തീരാൻ അനുവദിച്ചവരാണ്. കുഞ്ഞാടിന്‍റെ രക്തത്തിൽ തങ്ങളുടെ വസ്ത്രം നനയ്ക്കാൻ അനുവദിച്ചവർ. സ്വർഗ്ഗം വിലയ്ക്ക് വാങ്ങുന്ന സ്വർണ്ണനാണയമായി സഹനത്തെ അവർ സ്വീകരിച്ചു. അതിന് പ്രേരകശക്തിയായി അവരുടെ മുന്നിൽ തെളിഞ്ഞ് നിന്ന ഏകരൂപം ക്രൂശിതനായ ക്രിസ്തു മാത്രമായിരുന്നു. ക്രിസ്തുവിനെപ്രതി പീഡനമേൽക്കുവാനും സഹിക്കുവാനും അവർ തങ്ങളെത്തന്നെ സമർപ്പിച്ചു. അപ്പോസ്തലന്മാർ ക്രിസ്തുവിനെപ്രതി സഹിക്കുന്നതിൽ സന്തോഷിച്ചുവെന്ന് വചനത്തിൽ നാം കാണുന്നു.

ഈ ലോകത്തിൽ സങ്കടങ്ങളിലൂടെ കടന്നുപോകാത്തവരായി ആരാണുള്ളത്? ഓരോർത്തർക്കും അവരുടെതായ വേദനകളുണ്ട്. ഒരാളുടെ സഹനമായിരിക്കുകയില്ല മറ്റൊരു വ്യക്തിയുടെ സഹനം. ഓരോർത്തർക്കും അവരവരുടെ വേദന വലുതാണ്. നമ്മുടെ വേദനകൾ മറ്റുള്ളവരുടെ വേദനകളെക്കാൾ വലുതാണെന്നും, മറ്റുള്ളവരുടെ സഹനങ്ങൾ നമ്മെക്കാൾ കുറവെന്നും നിർവ്വചിക്കാൻ കഴിയുകയില്ല. കാരണം സഹനങ്ങോടുള്ള ഓരോരുത്തരുടെയും സമീപനങ്ങള്‍ വ്യത്യസ്ഥമാണ്. ഈ വ്യത്യസ്ഥതയാണ് ഓരോരുത്തരുടെയും സഹനങ്ങളെ രക്ഷാകരമാക്കുന്നത്. ക്രിസ്തു സഹിച്ച അപമാനം കുരിശുമരണം മാത്രമായിരുന്നില്ല. ജീവിച്ചിരിക്കുമ്പോൾ സ്വന്തം അമ്മയുടെ മുന്നിൽ മാനസീകരോഗിയെന്നും, പാപികളുടെ കൂട്ടുകാരനെന്നും അവഹേളിക്കപ്പെട്ടു. കൊല്ലാൻ മലമുകളിൽ കൊണ്ട് പോകുകയും ചെയ്തു. അവസാനം അവനെ ക്രൂശിക്കണം എന്ന് പറഞ്ഞ് ആക്രോശിച്ചതും അവനില്‍ നിന്ന് നന്മ സ്വീകരിച്ച അതേ ജനം തന്നെയാണ്. എന്നിട്ടും ക്രിസ്തു ക്ഷമാപൂർവ്വം ആ സഹനത്തെ ഏറ്റുവാങ്ങിയത് കൊണ്ടാണ് നാം അവന്‍റെ രക്തത്താൽ രക്ഷിക്കപ്പെട്ടത്.  

 

സൽപ്പേരിനെ നഷ്ടപ്പെ‌ടുത്തിയുള്ള രക്തസാക്ഷിത്വം

119. ഇവിടെ ഞാൻ രക്തസാക്ഷിത്വത്തിന്‍റെ സാഹചര്യങ്ങളെ കുറിച്ചു മാത്രമായി പ്രതിപാദിക്കുന്നില്ല; പിന്നെയോ, മൗനം അവലംബിക്കുന്നവരുടെയോ, തങ്ങളെക്കുറിച്ച് വമ്പു പറയുന്നതിനേക്കാൾ മറ്റുള്ളവരെ പുകഴ്ത്താൻ സന്നദ്ധതയുളളവരുടേയോ അല്ലെങ്കിൽ ആകർഷകമല്ലാത്ത ജോലികൾ തെരഞ്ഞെടക്കുന്നവരുടേയോ ചിലപ്പോൾ കർത്താവിന് കാഴ്ച സമർപ്പിക്കാൻ വേണ്ടിത്തന്നെ ഒരനീതി സഹിക്കുന്നതിൽ തീരുമാനിക്കുന്നവരുടെയോ അനുദിന അപമാനത്തെ കുറിച്ചാണ്.''നിങ്ങൾ നന്മ ചെയ്തിട്ട് പീഡകൾ സഹിക്കേണ്ടി വന്നാൽ അതു ദൈവസന്നിധിയിൽ പ്രീതികരമാണ്." (1പത്രോ.2:20). ഈ പറഞ്ഞതിന്‍റെ അർത്ഥം,ഒരു വാക്കും പറയാതെ മറ്റുള്ളവരുടെ സാന്നിധ്യത്തിൽ നിന്നും ഓടിയകന്ന് കണ്ണുകൾ താഴ്ത്തി നടക്കുക എന്നല്ല. ചിലപ്പോൾ സ്വാർത്ഥതയിൽ നിന്നും വിമോചിതനായതിനാൽത്തന്നെ ഒരു വ്യക്തി, അത് പുരുഷനോ സ്ത്രീയോ ആകട്ടെ, ശാന്തതയോടു കൂടി വിയോജിപ്പ് കാണിക്കുന്നതിനോ നീതി ആവശ്യപ്പെടുന്നതിനോ തന്‍റെ തന്നെ സൽപ്പേരിന് കളങ്കം വന്നേക്കാമെങ്കിലും ശക്തനായ ഒരാളുടെ മുൻപിൽ ഒരു പാവം വ്യക്തിക്കു വേണ്ടി വാദിക്കുന്നതിനോ മുതിരാവുന്നതാണ്.

ഈ ഖണ്ഡികയിൽ ഫ്രാൻസിസ് പാപ്പാ നന്മ ചെയ്തിട്ടും പീഡകൾ സഹിക്കുന്ന തിനെക്കുറിച്ചും ആ സഹനം ദൈവസന്നിധിയിൽ പ്രീതികരമായി തീരുമെന്ന് വിശുദ്ധ പത്രോസ് ശ്ലീഹായുടെ പ്രബോധനത്തെ ഓർമ്മപ്പെടുത്തിക്കൊണ്ട് നീതിപൂർവ്വം ക്ഷമയോടെ വർത്തിക്കണമെന്നും പഠിപ്പിക്കുന്നു. സ്വന്തം സൽപ്പേരിന് കളങ്കം വന്നേക്കാമെങ്കിലും സമൂഹത്തിൽ പാവപ്പെട്ട ഒരു വ്യക്തിക്ക് നീതി ലഭിക്കുന്നതിന് വേണ്ടി ശക്തനായ ഒരു വ്യക്തിയുടെ മുൻപിൽ വാദിക്കുന്നതും ഒരുതരത്തിൽ രക്തസാക്ഷിത്വമാണ്. ഇന്ന് പണത്തിനുവേണ്ടിയും, പദവിക്കു വേണ്ടിയും കുറ്റക്കാരെ കുറ്റവിമുക്തരാക്കുകയും കുറ്റം ചെയ്യാത്തവരെ കുറ്റക്കാരാക്കുകയും അതിനു വേണ്ടി വാദിക്കുവാൻ ഇറങ്ങുന്ന ഒത്തിരി വ്യക്തികളെയും നാം കാണുന്നു. എന്നാൽ നവയുഗ പ്രവാചകന്മാരായ വിശുദ്ധരുടെ ജീവിതത്തിൽ നിന്നും അവരുടെ നീതിബോധത്തെ നമുക്ക് വ്യക്തമായി മനസ്സിലാക്കാൻ കഴിയും. കർമ്മല സഭയെ നവീകരിച്ച വിശുദ്ധ അമ്മ ത്രേസ്യായും കുരിശിന്‍റെ വിശുദ്ധ യോഹന്നാനും നീതിക്കുവേണ്ടി ശക്തരായ വരെ എതിർത്തു. അതിന്‍റെ ഫലമായി വിമർശനങ്ങളെയും, തടവ് ശിക്ഷയെയും, ഏകാന്തതയെയും, കുറ്റാരോപണങ്ങളെയും ഏറ്റെടുക്കുകയും ചെയ്തു. വിശുദ്ധ മാക്സിമില്യന്‍ കോൾബെ ഒരു കുടുംബനാഥന്‍റെ ജീവൻ  രക്ഷിക്കുവാൻ സ്വന്തം ജീവൻ ഹോമിച്ചു. വിശുദ്ധ ഡാമിയൻ സമൂഹത്തിൽ നിന്നും മാറ്റി നിറുത്തപ്പെട്ട കുഷ്ഠരോഗികൾക്കു  വേണ്ടി ജീവിക്കുകയും അവസാനം കുഷ്ഠരോഗിയായി മരിക്കുകയും ചെയ്തു. ഇവരൊക്കെ നമുക്ക് മാതൃകകളാണ്.

ഇന്ന് സമൂഹത്തിൽ നാം കാണുന്ന അസമത്വങ്ങളുണ്ട്. എല്ലാം പരിഗണിക്കപ്പെടേണ്ടതാണ്. കാരണം സൃഷ്ടാവായ ദൈവം എല്ലാവർക്കും പൊതുവായാണ് ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചത്. എല്ലാവരും ജനിക്കുന്നത് പോലും ഒരേപോലെയാണ്. ശൂന്യമായ കരങ്ങളോടെ ഒന്നും ഇല്ലാത്തവരായി മറ്റുള്ളവരുടെ കരങ്ങളെ ആശ്രയിച്ചു പിറന്നുവീഴുന്ന മനുഷ്യന്‍റെ കരങ്ങളിൽ എങ്ങനെയാണ് അമിതമായ ധനവും അപരന്‍റെ അവകാശങ്ങളും വന്നുചേരുന്നത്. ഒന്നും ഇല്ലാത്തവനും ഒന്നും അല്ലാത്തവനുമായി ദൈവത്തിന്‍റെ മുന്നിൽ നിൽക്കുന്ന മനുഷ്യൻ സഹജീവികളോടു അധർമ്മവും അനീതിയും കാണിക്കുന്നത് അജ്ഞത കൊണ്ടും, ആർത്തി കൊണ്ടും, അഹങ്കാരം കൊണ്ടുമാണെന്ന് നമുക്ക് മനസ്സിലാക്കാം. നമുക്ക് എല്ലാവർക്കും ഒരു വിളിയുണ്ട്, ദൈവം തന്ന സഹോദരങ്ങളുടെ കാവൽക്കാരായി തീരാനുള്ള വിളി. ഉല്‍പ്പത്തി പുസ്തകം നമ്മോടു അതിനെ ഓർമ്മിപ്പിക്കുകയും ചെയ്യുന്നു. നാം വിചിന്തനം ചെയ്യുന്ന ഈ പ്രബോധനത്തിലുടനീളം വിശുദ്ധി സ്വന്തമാക്കണമെങ്കിൽ നമ്മുടെ ബന്ധങ്ങളെയും വിശുദ്ധീകരിക്കണമെന്ന് പാപ്പാ പറയുന്നു. മറ്റുള്ളവരുടെ നന്മയെ പ്രതി സ്വന്തം സൽപ്പേരിനെ ഹോമിക്കുമ്പോൾ ചരിത്രം നമ്മെ ഓർക്കുകയും തലമുറകളെ ഓർമ്മിപ്പിക്കുകയും ചെയ്യും. യഥാർത്ഥത്തിൽ നമ്മുടെ സഹനങ്ങൾ രക്ഷാകരമാകുന്നത് അപരന്‍റെ നന്മയായി അത് രൂപാന്തരപ്പെടുമ്പോഴാണ്. “പരസ്പരം സ്നേഹിക്കുക എന്നതൊഴികെ നിങ്ങൾക്ക് ആരോടും ഒരു കടപ്പാടും ഉണ്ടാകരുത്;എന്തെന്നാൽ അയൽക്കാരനെ സ്നേഹിക്കുന്നവൻ നിയമം പൂർത്തീകരിച്ചു കഴിഞ്ഞു.”(റോ.13:8). എന്ന വചനം നമ്മെ ഓർമ്മിപ്പിക്കുന്നു. അതുകൊണ്ട് സൽപ്പേരിന് വേണ്ടി ജീവിക്കാതെ മറ്റുള്ളവരുടെ സമാധാനത്തിന് വേണ്ടി യത്നിക്കാന്‍ നമ്മുടെ സൽപേരിനെ ബലികഴിക്കാനുള്ള തുറവാണ് നമുക്കാവശ്യം.

യഥാര്‍ത്ഥ ക്രിസ്താനുകരണം

120. അങ്ങനെയുള്ള അപമാനം സുഖദായകമാണെന്ന് ഞാൻ പറയുന്നില്ല. എന്തെന്നാൽ അത് പീഡനങ്ങളിൽ നിന്നും സുഖനിർവൃതിയടയുന്ന വികാര വൈകൃത(masochism)മാകും. പക്ഷേ, യേശുവിനെ അനുകരിക്കുന്നതിനും അവിടുന്നുമായി ഐക്യത്തിൽ വളരുന്നതിനുമുള്ള ഒരു മാർഗ്ഗമാണിതെന്നും സൂചിപ്പിക്കുകയാണ്‌. വെറും സ്വാഭാവികതലത്തിൽ ഇത് ദുർഗ്രഹമാണ്. ലോകം അങ്ങനെയുള്ള ആശയത്തെ പരിഹസിക്കുന്നു. മറിച്ച് പ്രാർത്ഥനയിൽ തേടേണ്ട ഒരു കൃപാവരമാണ് അത്. "കർത്താവേ, അപമാനങ്ങളുണ്ടാകുമ്പോൾ ഞാൻ അവിടുത്തെ കാൽചുവടുകളിൽ അവിടുത്തെ അനുകരിക്കുകയാണെന്ന് അറിയാൻ എന്നെ സഹായിക്കണമേ."

ഒരു വ്യക്തി സ്വന്തം സൽപ്പേരിനെ മറ്റുള്ളവരുടെ നന്മയെ പ്രതി നഷ്ടപ്പെടുത്തുമ്പോള്‍ സ്വാഭാവികമായി വേദനയുണ്ടാക്കാതെ ഇരിക്കുകയില്ല എന്ന് മനസ്സിലാക്കുന്ന പാപ്പാ ആ വേദന യേശുവിനെ അനുകരിക്കുന്നതിനും അവിടുന്നുമായി ഐക്യത്തിൽ വളരാനുള്ള മാർഗ്ഗമായി സ്വീകരിക്കാൻ ആവശ്യപ്പെടുന്നു. ഈ മനോഭാവത്തിൽ വളരാൻ നമുക്ക് പ്രാർത്ഥനയിൽ നിന്ന് ശക്തി ലഭിക്കണമെന്നും അങ്ങനെ അപമാനങ്ങളെ ദൈവത്തിന്‍റെ അനുഗ്രഹങ്ങളായി സ്വീകരിക്കാനുള്ള ശക്തി നമുക്ക് സ്വന്തമാക്കാൻ കഴിയുമെന്നും പാപ്പാ ഉദ്ബോധിപ്പിക്കുന്നു. നമ്മുടെ അനുദിന ജീവിതത്തിൽ നാം എങ്ങനെയാണ് ജീവിക്കുന്നതെന്ന് വിചിന്തനം ചെയ്യാം. മറ്റുള്ളവരോടുള്ള ബന്ധങ്ങൾ അവർക്ക് അപമാനമാണോ, അഭിമാനമാണോ നൽകുന്നത്. ക്രിസ്തുവിന്‍റെ അനുയായികൾ എന്ന് പറയുകയും ക്രിസ്തുവിന്‍റെ നാമത്തിൽ ലഭിക്കുന്ന എല്ലാ അവകാശങ്ങളെയും അനുഭവിക്കുകയും ചെയ്യുന്ന നമുക്ക് ക്രിസ്തു പകര്‍ന്നു തന്ന മൂല്യങ്ങളെ അനുകരിക്കാനുള്ള ഉത്തരവാദിത്വമുണ്ടെന്ന് നാം പലപ്പോഴും മറന്നു പോകാറുണ്ട്. സ്വർഗ്ഗരാജ്യം ബലപ്രയോഗം കൊണ്ട് സ്വന്തമാക്കാനുള്ളതാണെന്നും ഇടുങ്ങിയ വഴിയിലൂടെ കുരിശുമായി യാത്ര ചെയ്യുന്നവർക്ക് മാത്രമേ ജീവിതത്തിന്‍റെ സുന്ദര സ്വപ്നമായ സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കാൻ കഴിയുകയുള്ളൂ എന്നും മറക്കാതിരിക്കാം. ദുഃഖവെള്ളികൾ നമ്മെ ഈസ്റ്റർ മഹോത്സവങ്ങളിലേക്കാണ് നയിക്കുന്നതെന്ന പ്രത്യാശയിൽ സഹനങ്ങളെ സാഹസികതകളായും, സാധ്യതകളായും വെല്ലുവിളികളായും സ്വീകരിക്കാൻ പാപ്പായുടെ “ആനന്ദിച്ചാഹ്ലാദിക്കുവിൻ”എന്ന ഈ പ്രബോധനം നമ്മെ സഹായിക്കട്ടെ!

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 October 2019, 14:28