തിരയുക

ഫ്രാന്‍സിസ് പാപ്പാ  ആമസോണ്‍ സിനഡ് സമ്മേളനത്തില്‍... ഫ്രാന്‍സിസ് പാപ്പാ ആമസോണ്‍ സിനഡ് സമ്മേളനത്തില്‍... 

വിശുദ്ധിയിലേക്കുളള വിളി: സ്ഥിരോത്സാഹം - വിശ്വസ്ഥതയുടെ അടയാളം

“GAUDETE ET EXSULTATE” അഥവാ “ആനന്ദിച്ചാഹ്ലാദിക്കുവിൻ” എന്ന ഫ്രാന്‍സിസ്‍ പാപ്പായുടെ അപ്പോസ്തോലിക പ്രബോധനത്തിന്‍റെ നാലാം അദ്ധ്യായത്തിലെ 112-114 വരെയുള്ള ഭാഗങ്ങളെ കുറിച്ചുളള വിചിന്തനം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

അപ്പോസ്തോലിക പ്രബോധനം

അപ്പോസ്തോലിക പ്രബോധനമെന്നത് കത്തോലിക്കാ സഭയില്‍ മാര്‍പ്പാപ്പാ പ്രസിദ്ധികരിക്കുന്ന ഔദ്യോഗിക ലേഖനങ്ങളുടെ വിവിധതരത്തിലുളള പരമ്പരകളില്‍പ്പെടുന്ന ഒരു ലേഖനമാണ്. ഇവയുടെ പ്രാധാന്യ ശൃംഖലയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ചാക്രീക ലേഖനങ്ങള്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനമാണ് അപ്പോസ്തോലിക പ്രബോധനങ്ങള്‍ക്കുളളത്.

നാലാമദ്ധ്യായം:  ഇന്നത്തെ ലോകത്തിലെ വിശുദ്ധിയുടെ അടയാളങ്ങൾ

വിശുദ്ധിയുടെ അടയാളങ്ങൾ എന്തൊക്കെയെന്ന് പാപ്പാ ഇവിടെ കാണിച്ചുതരുന്നു. സ്ഥിരോൽസാഹവും, ക്ഷമയും, ശാന്തതയും, സന്തോഷവും, രസികത്വവും തുടങ്ങി അപ്പോസ്തലീകമായ ധൈര്യവും, സമൂഹ ജീവിതവും, നിരന്തരമായ പ്രാർത്ഥനയും വിശുദ്ധിയുടെ പ്രകടഭാവങ്ങളായി മാർപാപ്പാ ചൂണ്ടിക്കാണിക്കുന്നു. നാലാമത്തെ അദ്ധ്യായം ദൈവസ്നേഹത്തിന്‍റെയും, സഹോദരസ്നേഹത്തിന്‍റെയും  അഞ്ച് മഹാ സാക്ഷ്യങ്ങൾ വരച്ചുകാണിക്കുന്നു. അഞ്ച് സമകാലിന രൂപങ്ങളാണവ. എന്തെന്നാൽ വിശുദ്ധിക്ക് ഓരോ കാലഘട്ടത്തിലും വ്യത്യസ്ഥമായ രൂപങ്ങളുണ്ട്. അപ്പോസ്തോലിക പ്രബോധനം ഇക്കാത്തിലും വിശുദ്ധിയുടെ രൂപങ്ങളാണ് തേടുന്നത് ഇന്നത്തെ സംസ്കാരത്തിന്‍റെ പരിമിതികളും, അപകടങ്ങളും വച്ച് പലപ്പോഴും അക്രമാസക്തമായ മനസ്സിനെ പതറിക്കുകയും ദുർബ്ബലപ്പെടുത്തുകയും ചെയ്യുന്ന ആകുലതാബോധം, നിഷേധാത്മകതയും, മുഖപ്രസാദമില്ലാത്ത അവസ്ഥയും, ഉപഭോക്തൃ സംസ്കാരം വളർത്തുന്ന സ്വയംപര്യാപ്തതയും ഇക്കാലത്തെ ആത്മീയ വിപണിയിൽ ഭരണം നടത്തുന്ന വ്യക്തിനിഷ്ഠതയും ദൈവവുമായി ഒരു ബന്ധവുമില്ലാത്ത വിലകുറഞ്ഞ ആത്മീയതയുടെ എല്ലാ രൂപങ്ങളും ഇവിടെ നിർദ്ദേശിക്കപ്പെടുന്ന  അ‍ഞ്ച് അടയാളങ്ങളും കൊണ്ട് അളക്കപ്പെടേണ്ടതാണ്. വിശുദ്ധനായ ഒരു വ്യക്തി ആനന്ദത്തോടെ ജീവിക്കുന്നു. അദ്ദേഹത്തിന് ഒരു നർമ്മബോധവും ഉണ്ടാവും. വിശുദ്ധി എന്നാൽ കാപട്യമില്ലായ്മയാണ്. അപ്പോസ്തോലിക ധീരതയാണ്. തുനിയാനും പരീക്ഷിക്കുവാനും മുൻകൈ എടുക്കുവാനും നവ്യമായതിലേക്ക് നീങ്ങുവാനുമുള്ള ശേഷിയാണ്. അവസാനമായി വിശുദ്ധി എന്നത് കർത്താവിലേക്ക് നോക്കുവാൻ സ്വയം അനുവദിച്ചും അവിടത്തെ സ്നേഹത്തിന്‍റെ ഊഷ്മളതയാലും ആർദ്രതയാലും പരിപോഷിപ്പിക്കപ്പെടുന്നതിന് അനുവദിച്ചും നിശബ്ദതയിൽ നടത്തുന്ന പ്രാർത്ഥനയാണ്. വിശുദ്ധി എന്നത് കർത്താവിനാല്‍ അവിടുത്തെ അരുപിയുടെ ശക്തിയാൽ രൂപാന്തരപ്പെടുത്തപ്പെടുന്നതിനുമുള്ള വിട്ടുകൊടുക്കലാണ്.

സ്ഥിരോത്സാഹവും ക്ഷമയും ശാന്തതയും.

112. ഈ മഹത്തായ അടയാളങ്ങളിൽ ഒന്നാമത്തേത് നമ്മെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ദൈവത്തിൽ ഉറച്ച അടിസ്ഥാനമിടലാണ്. അന്തഃസ്ഥിതമായ ശക്തിയുടെ ഉറവിടം ജീവിതത്തിന്‍റെ ജയാപജയങ്ങളുടെ മദ്ധ്യേ സ്ഥിരോത്സാഹത്തോടു കൂടി പരിശ്രമിക്കുവാന്‍ നമ്മെ പ്രാപ്തരാക്കുന്നു; മാത്രവുമല്ല ശത്രുതയും വിശ്വാസവഞ്ചനയും മറ്റുള്ളവരിൽ നിന്നുള്ള ന്യൂനതകളും ക്ഷമയോടെ സഹിക്കുവാനും നമ്മെ പ്രാപ്തരാക്കുന്നു. “ദൈവം നമ്മുടെ 

കൂടെയെങ്കിൽ ആരാണ് നമുക്കെതിര് നില്‍ക്കുന്നത്?” (റോമാ.8:31) വിശുദ്ധരിൽ കാണുന്ന സമാധാനത്തിന്‍റെ ഉറവിടം ഇതാണ് ഇത്തരത്തിലുള്ള അന്തഃസ്ഥിത ശക്തി അതിവേഗഭാവവും ശബ്ദായമാനവും കടന്നാക്രമണ പ്രവണതയുള്ളതുമായ നമ്മുടെ ലോകത്തിൽ, ക്ഷമ വഴിയും നന്മ ചെയ്യുന്നതിലുള്ള സ്ഥിരതവഴിയും വിശുദ്ധിക്ക് ഒരു സാക്ഷ്യം നൽകുന്നത് നമുക്ക് സാധ്യമാക്കുന്നു. സ്നേഹത്തിൽ നിന്നും ഉൽഭവിക്കുന്ന വിശ്വസ്ത്ഥതയുടെ ഒരു അടയാളമാണത്. എന്തെന്നാൽ ദൈവത്തിൽ വിശ്വാസം അർപ്പിക്കുന്നവന് (pìstis) മറ്റുള്ളവരോട് വിശ്വസ്ഥത (pisto`s) കാണിക്കാനും കഴിയും. കഷ്ടതയുടെകാലത്ത് മറ്റുള്ളവരെ അവൻ ഉപേക്ഷിക്കുകയില്ല. പെട്ടെന്നുള്ള സംതൃപ്തി ലഭിക്കുകയില്ലെങ്കില്‍പോലും അവരുടെ ആകുലതയിലും  കഷ്ടപ്പാടിലും വിശുദ്ധർ അവരെ അനുയാത്ര ചെയ്യുന്നു.

സ്ഥിരോത്സാഹം

ഇന്നത്തെ ലോകത്തിൽ എല്ലാം ലാഭക്കണക്കുകൂട്ടലുകളിലും സംതൃപ്തിയിലും അടിസ്ഥാനപ്പെടുത്തിയാണ് മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്. അതു കൊണ്ടാണ് ഉപയോഗമില്ല, ഉപകാരമില്ല  എന്ന് കരുതി വസ്തുക്കളെപ്പോലെ മനുഷ്യജീവിതങ്ങളെപ്പോലും വലിച്ചെറിയുന്നതും തഴഞ്ഞുകളയുന്നതും, വില്പനച്ചരക്കാക്കാൻ മനുഷ്യൻ മടിക്കാത്തതും. പക്ഷേ മാർപാപ്പാ നമ്മെ ഓർമ്മിപ്പിക്കുന്ന വിശുദ്ധിയുടെ അടയാളങ്ങൾക്ക് വേറൊരു നിറമാണ്. അതിൽ ഏറ്റം പ്രധാനമായതാണ് സ്ഥിരത. പലപ്പോഴും ഉപകാരികളായി ജീവിക്കുന്നവർ തിരിച്ചടികൾക്ക് മുന്നിൽ പതറിപ്പോകാറുണ്ട്. ചിലപ്പോഴെങ്കിലും നമ്മളും പറഞ്ഞു പോകാറില്ലേ നന്മ ഉദ്ദേശിച്ചു ചെയ്തിട്ടും എനിക്ക് തിരിച്ചു കിട്ടിയത് ദ്രോഹമാണെന്ന്. അതുകൊണ്ട് ഞാൻ എന്തിനീ കഷ്ടപ്പാടുകൾ എടുക്കണമെന്ന്. ഇങ്ങനെ പലരേയും ഉപദേശിക്കാൻ പോലും നമ്മൾ മുതിർന്നിട്ടില്ലേ? ഇവിടെയാണ് വിശുദ്ധിയുടെ അടയാളം സ്ഥിരതയാണെന്ന മാർപ്പാപ്പായുടെ ആഹ്വാനം ശ്രദ്ധിക്കപ്പെടേണ്ടത്. എന്തൊക്കെ സംഭവിച്ചാലും നന്മയിൽ നിലനില്‍ക്കും എന്ന മനസ്സിന്‍റെ ഉറപ്പ് നമുക്കാവശ്യമാണ്. ഇക്കാര്യത്തിന് ഒരു അടിത്തറയും പാപ്പാ ചൂണ്ടിക്കാണിക്കുന്നുണ്ട്. അത് ദൈവം നമ്മെ സ്നേഹിക്കുന്നു എന്നും നമ്മളെ പിൻതാങ്ങും എന്നുള്ള അടിയുറച്ച വിശ്വാസത്തിന്‍റെ അടിത്തറയാണ്. ദൈവം നമ്മോടൊപ്പമെങ്കിൽ ആര് നമുക്കെതിരാവും എന്നതാണ് വിശുദ്ധരുടെ  സമാധാനത്തിന്‍റെ ഉറവിടം എന്ന് മനസ്സിലാക്കിത്തരുന്ന പാപ്പാ, ഇത്തരത്തിലുള്ള ഒരു ആന്തരീകശക്തി മാത്രമാണ് ഇന്നത്തെ തിരക്കിട്ട, ശബ്ദമുഖരിതമായ ലോകത്തിൽ നന്മ ചെയ്യാൻ ഉറപ്പും ക്ഷമയും നല്കുക എന്ന് നമ്മെ ഓർമ്മിപ്പിക്കുന്നു. ദൈവത്തിൽ വിശ്വാസമർപ്പിക്കുന്നവർക്ക് മറ്റുള്ളവരോട് വിശ്വസ്ഥരായിരിക്കാൻ കഴിയുന്നത് സ്നേഹത്തിൽ നിന്ന് ജനിക്കുന്ന ഒരു വിശ്വസ്ഥത അവര്‍ സ്വന്തമാക്കിയത് കൊണ്ടാണ്. ഉടൻ ഫലം പ്രതീക്ഷിക്കുന്ന ആധുനിക സാങ്കേതിക ലോകത്തിൽ ഉടനെ സംതൃപ്തി ലഭിച്ചില്ല എങ്കിലും സമയം കാത്തു നില്‍ക്കുവാനും അപകട നിമിഷങ്ങളിൽ അരേയും ഉപേക്ഷിച്ചു കളയാതെ, അവരുടെ ആകുലതകളിലും നിരാശകളിലും കൂടെയിരുന്ന് വിശ്വസ്ഥരായിരിക്കാനും നമ്മെ സ്ഥിരോത്സാഹം സഹായിക്കുന്നു. നമ്മെ വ്യത്യസ്ഥരാക്കുന്ന വിശുദ്ധിയുടെ അടയാളമാണിതെന്ന് ഫ്രാൻസിസ് പാപ്പാ നമ്മെ ഉദ്ബോധിപ്പിക്കുന്നു.

ക്ഷമ

113. വിശുദ്ധ പൗലോസ് റോമാക്കാരാട് തിന്മയ്ക്കു പകരം തിൻമ ചെയ്യാതിരിക്കാനും (cf.റോമ.12:17) പ്രതികാരം ചെയ്യാതിരിക്കാനും (വാക്യം19) “തിന്മയാൽ കീഴ്പ്പെടാതിരിക്കാനും” (വാക്യം21) നിഷ്കർഷിച്ചു. ഈ മനോഭാവം ബലഹീനതയുടെ ഒരു അടയാളമല്ല; പിന്നെയോ; യഥാർത്ഥ ശക്തിയുടെതാണ് എന്തെന്നാൽ കർത്താവു ദീർഘ ക്ഷമയുള്ളവനും അതിശക്തനുമാണ്. (നാഹും.1:3) "സകല വിദ്വേഷവും ക്ഷോഭവും ക്രോധവും അട്ടഹാസവും ദൂഷണവും എല്ലാം  തിന്മകളോടും കൂടി നിങ്ങൾ ഉപേക്ഷിക്കുവിൻ." (എഫേ.4:31) എന്ന് ദൈവവചനം നമ്മെ ഉദ്ബോധിപ്പിക്കുന്നു. ലോകം ഇപ്പോഴും കണ്ണിനു കണ്ണും കാതിനു കാതും തേടുന്ന കാലത്താണ് നാം. ക്രിസ്തീയ മൂല്യങ്ങളിൽ വിശ്വസിക്കുന്നു, ജീവിക്കുന്നു എന്നൊക്കെ പറയുമ്പോഴും ദ്രോഹം ഏറ്റുവാങ്ങുമ്പോൾ പകരം വീട്ടാനുള്ള ഒരു പരാക്രമം നമ്മുടെ ഉള്ളിൽ അറിയാതെ ഉയരാറുണ്ട്. ഇവിടെ പാപ്പാ, റോമാക്കാർക്കെഴുതിയ പൗലോസപ്പോസ്തലന്‍റെ വാക്കുകൾ ഉദ്ധരിച്ച് കൊണ്ട് തിൻമയെ തിന്മകൊണ്ട് തിരിച്ച് നൽകരുത് എന്നും  പകരം വീട്ടരുതെന്നും തിന്മയെ നന്മ കൊണ്ട് നേരിടണമെന്നും ഓർമ്മിപ്പിക്കുന്നു.

തിന്മയ്ക്കെതിരെ തിന്മകൊണ്ട് മറുപടി കൊടുക്കാത്തത് ബലഹീനത കൊണ്ടാണെന്നോ, കഴിവില്ലാത്തതുകൊണ്ടാണെന്നോ ചിന്തിക്കുന്ന ലോകത്തിൽ വിശുദ്ധിയുടെ മാറ്റു തെളിയിക്കുന്ന മറ്റൊരടയാളമായി നമുക്ക് ഈ അവസ്ഥയെക്കാണാം. ബലഹീനതയെക്കാൾ അത് ശക്തിയുടെ തെളിവാണ്. ഇത് ഒരു ആത്മീയശക്തിയാണ്. ദൈവത്തിന്‍റെ കൂടെയാണ് നാം നില്‍ക്കുന്നു എന്നതിന്‍റെ തെളിവാണത്. കാരണം പലപ്പോഴും ദൈവം കൂടെയില്ലായെങ്കിൽ നമുക്ക് ഇക്കാര്യം അസാധ്യമായിത്തീരും. കാരണം നമ്മെ പരദൂഷണത്താലും, അസൂയയാലും, കലഹത്താലും ദുഷിപ്പിക്കുന്നവരുടെ മുന്നിൽ സ്ഥിരതയോടെ നന്മ ചെയ്യുക, ആവർത്തിച്ചാവർത്തിച്ച് ഹൃദയത്തെ മുറിപ്പെടുത്തുന്ന അനുഭവങ്ങളിലും, ഒരു കാതം നടക്കാൻ ആവശ്യപ്പെടുന്നവനോടൊപ്പം രണ്ടു കാതം കൂടെ ചെല്ലാൻ, മേൽ വസ്ത്രം തട്ടിപ്പറിക്കുന്നവന് ഉള്ളതെല്ലാം കൂടി കൊടുക്കാൻ, ഒരു ചെകിട്ടത്തടിക്കുന്നവന്ന് മറുവശം കൂടിക്കാണിക്കാൻ കഴിയുന്ന ക്രിസ്തുശിഷ്യത്വത്തിന്‍റെ അടയാളങ്ങൾ വിശുദ്ധിയുടെ തല്ലാതെ മറ്റെന്താണ്. ഇതിൽ ക്ഷമയോടെ നിലനില്‍ക്കുക എന്നാൽ തീർച്ചയായും പുണ്യത്തിന്‍റെ മായാത്ത മുദ്രയാണെന്ന് പാപ്പാ നമ്മെ ഓർമ്മിപ്പിക്കുന്നു.

ശാന്തത

114. നാം നമ്മുടെ അക്രമാസക്തിയുടെയും സ്വാർത്ഥതയുടെയും പ്രവണതകളെ തിരിച്ചറിയുകയും അവയോടു പോരാടുകയും വേണം. "കോപിക്കാം, എന്നാൽ പാപം ചെയ്യരുത്. നിങ്ങളുടെ കോപം സൂര്യൻ അസ്തമിക്കുന്നത് വരെ നീണ്ടു പോകാതിരിക്കട്ടെ." (എഫേ.4:26) നമ്മൾ ഗ്രസിക്കപ്പെട്ടിരിക്കുന്നു എന്ന് തോന്നുമ്പോൾ എപ്പോഴും പ്രാർത്ഥനയെ  മുറുകെ പിടിക്കണം. പ്രാർത്ഥന നമ്മെ ദൈവത്തിന്‍റെ കരങ്ങളിലേക്ക് അടുപ്പിക്കുന്നു. അത് സമാധാനത്തിന്‍റെ  ഉറവിടവുമാണ്. "ഒന്നിനെക്കുറിച്ചും ആകുലരാകേണ്ട. പ്രാർത്ഥനയിലൂടെയും അപേക്ഷ യിലൂടെയും കൃതജ്ഞത സ്തോത്രങ്ങളോടെ നിങ്ങളുടെ യാചനകൾ ദൈവസന്നിധിയിൽ അർപ്പിക്കുവിൻ. അപ്പോൾ നമ്മുടെ എല്ലാ ധാരണയെയും അതിലംഘിക്കുന്ന ദൈവത്തിന്‍റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും ചിന്തകളെയും യേശുക്രിസ്തുവിൽ കാത്തുകൊള്ളും.”(ഫിലി.4:6-7)

നമ്മുടെ മാനുഷീകതയുടെ ബലഹീനനകൾ ഇടയ്ക്കിടയ്ക്ക് തല പൊക്കാറുണ്ട് എന്ന തിരിച്ചറിവും ഫ്രാൻസിസ് പാപ്പാ നമ്മുടെ മുന്നിൽ ഇവിടെ അവതരിപ്പിക്കുന്നു. നമ്മുടെ ഉള്ളിൽ തല പൊക്കാറുള്ള അക്രമവാസനകളെയും സ്വാർത്ഥമായ ആഗ്രഹങ്ങളെയും സൂക്ഷിക്കാനും അവ നമ്മിൽ വേരൂന്നാ തിരിക്കാനും പരിശ്രമിക്കണമെന്ന് ഓർമ്മിപ്പിക്കുന്ന പാപ്പാ ഇവയെ എങ്ങനെ നേരിടണമെന്ന് വിശദീകരിക്കുകയാണ് ഈ പ്രബോധനത്തില്‍.  ഒരു വലിയ മനശ്ശാസ്ത്രജ്ഞനെപ്പോലെയല്ല സ്നേഹമുള്ള കരുണയുള്ള പിതാവിനെ പോലെ പൗലോസ് അപ്പോസ്തലന്‍റെ ഉപദേശം വച്ചുനീട്ടുകയാണ് പാപ്പാ. പാപം ചെയ്യാതെ ദേഷ്യപ്പെടുക, എന്നാൽ സന്ധ്യയ്ക്കു മുന്നേ സമാധാനം വീണ്ടെടുക്കുക അതിന് പ്രാർത്ഥനയുടെ വഴികളാണ് പാപ്പാ നിർദ്ദേശിക്കുന്നത്. പ്രാർത്ഥന നമ്മെ വീണ്ടും സമാധാനത്തിന്‍റെ ഉറവിടമായ ദൈവത്തിന്‍റെ കരവലയത്തിൽ എത്തിക്കും. ഒന്നിനെക്കുറിച്ചും ആകാംക്ഷാഭരിതരാകാതെ പ്രാർത്ഥനയാലും, നന്ദി പ്രകാശനത്താലും, ദൈവത്തോടു ആവശ്യങ്ങൾ അറിയിക്കണമെന്നും, എല്ലാ മനസ്സിലാക്കലുകളേക്കാളും അപ്പുറം നമ്മെ മനസ്സിലാക്കുന്ന ദൈവത്തിന്‍റെ സമാധാനം നമ്മുടെ ഹൃദയം കാത്തു കൊള്ളുമെന്ന് ഫിലിപ്പിയർക്കെഴുതിയ ലേഖനം ഉദ്ധരിച്ച് പാപ്പാ നമ്മെ പ്രാർത്ഥനയ്ക്കായി ആഹ്വാനം ചെയ്യുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

10 October 2019, 15:02