തിരയുക

Vatican News
ഫ്രാന്‍സീസ് പാപ്പാ ഫ്രാന്‍സിസ്ക്കന്‍ സമൂഹാംഗങ്ങളുമൊത്ത് വത്തിക്കാനില്‍ 10/10/2019 ഫ്രാന്‍സീസ് പാപ്പാ ഫ്രാന്‍സിസ്ക്കന്‍ സമൂഹാംഗങ്ങളുമൊത്ത് വത്തിക്കാനില്‍ 10/10/2019  (Vatican Media)

"മതപരമായ അമ്ലത"യുടെ അപകടം സമര്‍പ്പിത ജീവിതത്തില്‍!

സഭയില്‍ ലോകത്തിന്‍റെ അരൂപിയുടെ അതിപ്രസരം വൈദികമേധാവിത്വം എന്ന അപകടത്തിലേക്കു നയിക്കും - ഫ്രാന്‍സീസ് പാപ്പാ

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ദൈവത്തിന്‍റെ ഇടപെടലിന് വിഘാതം സൃഷ്ടിക്കുകയും ദൈവത്തെ അകറ്റിനിറുത്തുകയും ചെയ്താല്‍ സമര്‍പ്പിത ജീവിതത്തില്‍ അസന്തുഷ്ടിക്കു കാരണമാകുന്ന നീരസത്തിന്‍റെ അപകടമുണ്ടാകുമെന്ന് മാര്‍പ്പാപ്പാ.

ഇറ്റലിയിലെ മാര്‍ക്കെ പ്രവിശ്യയില്‍ നിന്നെത്തിയ കപ്പൂച്ചിന്‍ ഫ്രാന്‍സിക്കന്‍ സമൂഹാംഗങ്ങളായ എഴുപതിലേറെപ്പേരെ വ്യാഴാഴ്ച (10/10/19) വത്തിക്കാനില്‍ സ്വീകരിച്ച് സംബോധനചെയ്യവെ, ഫ്രാന്‍സീസ് പാപ്പാ, ദൈവം നമ്മെ ഭിന്നരീതികളില്‍ വ്യത്യസ്ത ജീവിതശൈലിയിലേക്കു വിളിക്കുന്നതിനെക്കുറിച്ചു പരമാര്‍ശിച്ചുകൊണ്ടാണ് “മതപരമായ അമ്ലത”യെന്ന ഈ അപകടത്തെക്കുറിച്ച് മുന്നറിയിപ്പേകിയത്.

സമര്‍പ്പിത ജീവിതത്തിലുണ്ടാകുന്ന അസന്തുഷ്ടി സമര്‍പ്പിതരെ “അനീതികളുടെ സമാഹര്‍ത്താക്കള്‍” ആക്കി മാറ്റുമെന്നും അവര്‍ പരാതിക്കാരായി മാറുമെന്നും പാപ്പാ പറയുന്നു.

എന്നാല്‍ സമര്‍പ്പിത ജീവിതാന്തസ്സിലേക്കു പ്രവേശിക്കുന്നവര്‍ മാനസ്സാന്തരത്തില്‍ നിന്ന് മാനസ്സാന്തരത്തിലേക്കു കടക്കാന്‍ ഒരുക്കമുള്ളവരായിരിക്കണമെന്നും ഈ മനപരിവര്‍ത്തനമാണ് എളിമയിലേക്കു നയിക്കുകയെന്നും പാപ്പാ ഓര്‍മ്മിപ്പിക്കുന്നു.

സഭയില്‍ പ്രബലപ്പെടുന്ന ലൗകികതയു‌ടെ അപകടത്തെക്കുറിച്ചും പാപ്പാ സൂചിപ്പിച്ചു. ഇത് സഭയ്ക്ക് ഹാനികരമാണെന്നു പറ‍ഞ്ഞ പാപ്പാ ക്രിസ്തുനാഥന്‍ പിതാവിനോടു പ്രാര്‍ത്ഥിക്കുന്നത് ലോകത്തില്‍ നിന്നകറ്റാനല്ല, മറിച്ച്, ലോകാരൂപിയില്‍ നിന്നകറ്റാനാണെന്നും അനുസ്മരിച്ചു.

ഈ അരൂപി, ലോകത്തിന്‍റെ അരൂപി, സകലത്തെയും നശിപ്പിക്കുകയും കാപട്യത്തിനു ജന്മമേകുകയും ചെയ്യുന്നുവെന്നും ഈ തിന്മയെ ചെറുക്കാന്‍ എളിമ ആവശ്യമാണെന്നും  പാപ്പാ പറഞ്ഞു. ലൗകികതയുടെ ഫലമായ വൈദികമേധാവിത്വം എന്ന അപകടത്തെക്കുറിച്ചും പാപ്പാ മുന്നറിയിപ്പു നല്കി.

   

 

11 October 2019, 12:55