തിരയുക

ലോക കുടിയേറ്റക്കാരുടെയും അഭയാർഥികളുടെയും ദിനമായ സെപ്റ്റംബര്‍ 30 ആം തിയതി, ഞായറാഴ്ച വത്തിക്കാനില്‍  അര്‍പ്പിക്കപ്പെട്ട ദിവ്യബലി മദ്ധ്യേ പാപ്പാ   വചന സന്ദേശം നൽകുന്നു. ലോക കുടിയേറ്റക്കാരുടെയും അഭയാർഥികളുടെയും ദിനമായ സെപ്റ്റംബര്‍ 30 ആം തിയതി, ഞായറാഴ്ച വത്തിക്കാനില്‍ അര്‍പ്പിക്കപ്പെട്ട ദിവ്യബലി മദ്ധ്യേ പാപ്പാ വചന സന്ദേശം നൽകുന്നു. 

പാപ്പാ: പ്രവാസികളോടു പ്രത്യേക പരിഗണന നല്‍കണം

105 ആം ലോക കുടിയേറ്റക്കാരുടെയും അഭയാർഥികളുടെയും ദിനമായ സെപ്റ്റംബര്‍ 30 ആം തിയതി, ഞായറാഴ്ച വത്തിക്കാനില്‍ അര്‍പ്പിക്കപ്പെട്ട ദിവ്യബലി മദ്ധ്യേ പരിശുദ്ധ പിതാവ് നൽകിയ വചന സന്ദേശം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

സെപ്റ്റംബർ 29 ആം തിയതി,ഞായറാഴ്ച്ച ലോക കുടിയേറ്റക്കാരുടെയും അഭയാർഥികളുടെയും അനുസ്മരണ ദിനത്തില്‍ ഫ്രാന്‍സിസ് മാർപ്പാപ്പാ വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍  ദിവ്യബലി അര്‍പ്പിച്ചു. ദിവ്യബലിയിലും തുടര്‍ന്നുള്ള ത്രികാല പാര്‍ത്ഥനയിലും  സംബന്ധിക്കാൻ ലോകത്തിന്‍റെ വിവിധ ഭാഗങ്ങിൽ നിന്ന് 40,000 വിശ്വാസികൾ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തിൽ സന്നിഹിതരായിരുന്നു. കുടിയേറ്റക്കാരെയും അഭയാര്‍ത്ഥികളെയും അനുസ്മരിച്ചു കൊണ്ടും സുവിശേഷത്തെ അടിസ്ഥാമാക്കിയും പാപ്പാ വചന സന്ദേശം നൽകി.

ബലഹീനരോടു പ്രത്യേക കരുതൽ നൽകുന്ന ദൈവം

കർത്താവ് അപരിചിതനെയും വിധവയെയും അനാഥനെയും  താങ്ങിനിര്‍ത്തുന്നുവെന്ന് സങ്കീർത്തനം നമ്മെ ഓർമ്മിപ്പിക്കുന്നു. പ്രത്യേകിച്ച് ദുർബ്ബലരും പലപ്പോഴും മനുഷ്യരാല്‍ വിസ്മരിക്കപ്പെടുന്നവരും അടിച്ചമർത്തപ്പെടുന്നവരുമായ വ്യക്തികളെ കുറിച്ച് സങ്കീർത്തകന്‍ വ്യക്തമായി പരാമർശിക്കുന്നു. പരദേശികൾ, 

വിധവകൾ, അനാഥര്‍ എന്നിവരോടു കർത്താവിന് ഒരു പ്രത്യേക പരിഗണനയുണ്ട്. കാരണം അവർ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടവരും, ഒഴിവാക്കപ്പെട്ടവരും, പാർശ്വവൽക്കരിക്കപ്പെട്ടവരുമാണ്. അതുകൊണ്ടാണ് അവർക്കു പ്രത്യേക ശ്രദ്ധ നൽകണമെന്ന് ദൈവം ഇസ്രായേല്യർകാരോടു ആവശ്യപ്പട്ടത്.

വിധവകളോടും അനാഥരോടും ഒരു വിധത്തിലും മോശമായി പെരുമാറരുതെന്ന് പുറപ്പാടിന്‍റെ പുസ്തകത്തിൽ കർത്താവ് മുന്നറിയിപ്പ് നൽകുന്നു. കാരണം അവരുടെ നിലവിളി ദൈവം കേൾക്കുന്നു(22:23). നിയമവർത്തനം രണ്ടുതവണ ഇത് വ്യക്തമാക്കുകയും ചെയ്യുന്നു(24:17; 27:19). അനാഥര്‍ക്കും, വിധവകള്‍ക്കും നീതി നടപ്പാക്കുകയും പരദേശിയെ സ്നേഹിക്കുകയും, അവര്‍ക്ക് ഭക്ഷണവും വസ്ത്രവും നൽകുകയും ചെയ്യുന്നവനാണ് ഇസ്രായേലിന്‍റെ ദൈവമെന്നും(10:18). ഈ സ്‌നേഹപൂർവ്വമായ പരിചരണമെന്നത് ഇസ്രായേലിന്‍റെ ദൈവത്തിന്‍റെ സ്വഭാവ സവിശേഷതയായി അവതരിപ്പിക്കപ്പെടുകയും ചെയ്യുന്നു. അതുകൊണ്ട് നമ്മുടെയിടയിലുള്ള അപരിചിതരോടും വിധവകളോടും, അനാഥരോടും, നമ്മുടെ ഈ കാലഘട്ടത്തില്‍ പുറത്താക്കപ്പെട്ടവരോടും പ്രത്യേക ശ്രദ്ധ നൽകണം.

കുടിയേറ്റക്കാരുടെ മാത്രം കാര്യമല്ല

105മത് ലോക കുടിയേറ്റക്കാരുടെയും അഭയാർഥികളുടെയും ദിനത്തിനുള്ള സന്ദേശത്തിൽ, “ഇത് കുടിയേറ്റക്കാരുടെ മാത്രം കാര്യമല്ല” എന്ന വിഷയത്തെ ഒരു പല്ലവിയായി ആവർത്തിക്കുന്നു.  ഇത് വിദേശികളെ മാത്രമല്ല; കുടിയേറ്റക്കാർക്കും അഭയാർഥികൾക്കുമൊപ്പം വലിച്ചെറിയപ്പെടുന്ന സംസ്കാരത്തിന്‍റെ ഇരകളായി തീര്‍ന്ന എല്ലാവരേയും കുറിച്ചാണ്. ഇവരോടു സ്നേഹത്തോടെ പ്രവർത്തിക്കാനും, ആരെയും ഉപേക്ഷിക്കാതിരിക്കാനും ദൈവം നമ്മെ വിളിക്കുന്നു.

ഉപവി പരിശീലിക്കുന്നതോടൊപ്പം  ഒഴിവാക്കലിന് കാരണമാകുന്ന അനീതികളെക്കുറിച്ചും പ്രത്യേകിച്ച് ചുരുക്കം ചിലർ മാത്രം അനുഭവിക്കുന്ന അവകാശങ്ങളെകുറിച്ചും,സ്വന്തം അധികാരം സംരക്ഷിക്കുന്നതിനായി,  അനേകം ജനങ്ങള്‍ക്ക് വിനാശം വരുത്തുന്ന രീതിയിൽ പ്രവർത്തിക്കുന്നതിനെക്കുറിച്ചും ചിന്തിക്കാൻ ദൈവം നമ്മെ ക്ഷണിക്കുന്നു .  ഇന്നത്തെ ലോകം തഴയപ്പെടുന്ന ജനങ്ങളോടു വളരെ ക്രൂരമായിട്ടാണ് പ്രവർത്തിക്കുന്നത്. ഈ സാഹചര്യത്തില്‍ നിന്ന്കൊണ്ട് ആദ്യത്തെ വായനയിൽ പ്രഘോഷിക്കപ്പെട്ട ആമോസ് പ്രവാചകന്‍റെ  കഠിനമായ വാക്കുകളെ മനസ്സിലാക്കേണ്ടത്.

സീയോനില്‍ സ്വസ്ഥത അനുഭവിക്കുന്നവരും സമരിയാഗിരിയില്‍ സുരക്ഷിതരും ജനതകളില്‍ അഗ്രഗണ്യരും ഇസ്രായേല്‍ ഭവനം സഹായാര്‍ത്ഥം സമീപിക്കുന്നവരുമായ നിങ്ങള്‍ക്കു ദുരിതം! ദന്തനിര്‍മ്മിതമായ തല്‍പങ്ങളില്‍, വിരിച്ചമെത്തകളില്‍, നിവര്‍ന്നു ശയിക്കുകയും ആട്ടിന്‍പറ്റത്തില്‍നിന്ന്‌ കുഞ്ഞാടുകളെയും കാലിക്കൂട്ടത്തില്‍നിന്ന്‌ പശുക്കിടാങ്ങളെയും ഭക്ഷിക്കുകയും ചെയ്യുന്നവര്‍ക്കു ദുരിതം! വീണ നാദത്തോടൊത്ത്‌ അവര്‍ വ്യര്‍ത്ഥഗീതങ്ങള്‍ ആലപിക്കുന്നു; ദാവീദിനെപ്പോലെ അവര്‍ പുതിയ സംഗീതോപകരണങ്ങള്‍ കണ്ടുപിടിക്കുന്നു. ചഷകങ്ങളില്‍ വീഞ്ഞുകുടിക്കുകയും വിശിഷ്ടലേപനങ്ങള്‍ പൂശുകയും ചെയ്യുന്ന അവര്‍ ജോസഫിന്‍റെ നാശം ഗണ്യമാക്കുന്നില്ല. അതിനാല്‍, അവരായിരിക്കും ആദ്യം പ്രവാസികളാവുക. നിങ്ങളുടെ വിരുന്നും മദിരോത്സവവും അവസാനിക്കാറായി. (ആമോസ്‌.6 :1-7)

അപരന്‍റെ വേദനയുടെ മുന്നിൽ അന്ധരായി നിൽക്കരുത്

അവസാനമായി സുവിശേഷത്തില്‍ സൂചിപ്പിച്ചിരിക്കുന്ന ലാസറിന്‍റെയുംധനവാന്‍റെയും ഉപമയില്‍ ധനവാനെപോലെയാകാൻ നമ്മിലും സാധ്യതയുണ്ട്. ധനവാന്‍  വ്രണങ്ങളാൽ പൊതിയപ്പെട്ടവനും, ധനവാന്‍റെ മേശയിൽ നിന്ന് വീണ അപ്പക്കഷണങ്ങൾ കഴിക്കുവാൻ ആഗ്രഹിച്ചിരുന്ന ദാസനായ ലാസറിനെപറ്റി ചിന്തിച്ചില്ല. (ലൂക്കാ.16:20-21).മൃദലമായ വസ്ത്രങ്ങൾ വാങ്ങുന്നതിനും, ആഡംബരമായ വിരുന്നുകളൊരുക്കുന്നതിനും വളരെയധികം പ്രാധാന്യം നൽകിയ ധനവാൻ ലാസറിന്‍റെ കഷ്ടപ്പാടുകളുടെയും വേദനകളുടെയും നേരെ അന്ധനായിരുന്നു. നമ്മുടെ സ്വന്തം ക്ഷേമം കാത്തുസൂക്ഷിക്കുന്നതിൽ അമിതമായി ശ്രദ്ധാലുക്കളാകുന്നുവെങ്കില്‍ ബുദ്ധിമുട്ടുന്ന നമ്മുടെ സഹോദരീസഹോദരന്മാരുടെ രോദനങ്ങളുടെ നേരെ അന്ധരായിത്തീരാന്‍ നമുക്കും സാധ്യതയുണ്ട്.

ക്രൈസ്തവരെന്ന നിലയിൽ,  പഴയതും നവീനവുമായ ദാരിദ്ര്യത്തിന്‍റെ ദുരന്തത്തെക്കുറിച്ചും, നമ്മുടെ സമൂഹത്തിൽ ഉള്‍പെടാത്തവർ എന്ന് കരുതുന്നവരനുഭവിക്കുന്ന ഒറ്റപ്പെടലിനെയും അവഹേളനത്തെയും, വിവേചനത്തെയും കുറിച്ച് നമുക്ക് നിസ്സംഗത പുലർത്താൻ കഴിയുകയില്ല. നിരപരാധികളായ നിരവധി ജനങ്ങളുടെ ദുരിതങ്ങളുടെ മുന്നില്‍ നമുക്ക് നിര്‍വ്വികാരരായും, ഹൃദയത്തെ നിര്‍ജ്ജീവമാക്കിയും നില്‍ക്കാനാവില്ല. അത്തരം പാപങ്ങളുടെ മുന്നില്‍ നമ്മുടെ ഹൃദയത്തെ പരിവർത്തനപ്പെടുത്താന്‍ കഴിയുന്ന കണ്ണീരിന്‍റെ കൃപയ്ക്കായി നമുക്ക് ദൈവത്തോടു അപേക്ഷിക്കാം.

നീതിപൂർവ്വമായ ഒരു ലോകം പണുതുയര്‍ത്തുക

വിശുദ്ധ പൗലോസ് തിമോത്തിയോടു ആവശ്യപ്പെടുന്നതുപോലെ നാം ദൈവമക്കളാകാന്‍ ആഗ്രഹിക്കുന്നുവെങ്കിൽ, “നമ്മുടെ കർത്താവായ യേശുക്രിസ്തു പ്രത്യക്ഷപ്പെടുന്നതുവരെ പ്രമാണങ്ങളെല്ലാം നിഷ്കളങ്കമായും,അന്യൂനമായും കാത്തുസൂക്ഷിക്കണം” (1തിമോ.6:14).

ദൈവത്തെയും അയൽക്കാരനെയും സ്നേഹിക്കണം എന്ന കൽപനയിൽ മനുഷ്യനെയും ദൈവത്തെയും വേർപ്പെടുത്താനാകുകയില്ല. അയൽക്കാരനെ നമ്മെപ്പോലെ സ്നേഹിക്കുകയെന്നത് കൊണ്ട് അർത്ഥമാക്കുന്നത് കൂടുതൽ നീതിപൂർവ്വകമായ ഒരു ലോകം കെട്ടിപ്പടുക്കുന്നതിൽ ഉറച്ചുനിൽക്കുകയും  അതിൽ എല്ലാവർക്കും വ്യക്തികളായും കുടുംബങ്ങളായും വികസിക്കാൻ കഴിയുകയും, ഭൂമിയിലുള്ള വസ്തുക്കള്‍ എല്ലാവർക്കും ഉപയോഗിക്കാനുള്ള ലഭ്യത സാധ്യമാക്കുകയും, അങ്ങനെ മൗലികാവകാശങ്ങളും അന്തസ്സും എല്ലാവര്‍ക്കും ഉറപ്പുനൽകുകയും ചെയ്യുന്നുവെന്നാണ്.

സ്നേഹത്തിന്‍റെ കൽപന

അയൽക്കാരനെ സ്നേഹിക്കുകയെന്നാൽ, നമ്മുടെ സഹോദരീസഹോദരന്മാരുടെ കഷ്ടപ്പാടുകളോടു അനുകമ്പ തോന്നുക, അവരോടു കൂടുതൽ  ചേർന്ന് നിൽക്കുക, അവരുടെ മുറിവുകളെ സ്പർശിക്കുക,  അവരുടെ കഥകൾ പങ്ക് വയ്ക്കുക, അങ്ങനെ  അവരോടുള്ള  ദൈവത്തിന്‍റെ  ആർദ്രമായ സ്നേഹം പ്രകടമാക്കുകയെന്നാണ്. ഇത് കൂടുതല്‍ അർത്ഥമാക്കുന്നത്, ലോകത്തിന്‍റെ അതിർത്തികളിൽ ഉപേക്ഷിക്കപ്പെടുന്ന എല്ലാവർക്കും അയൽകാരറാ യിരിക്കുക,  അവരുടെ മുറിവുകൾ ശമിപ്പിക്കുക, അവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ സാധിക്കുന്ന ഏറ്റവും അടുത്തുള്ള അഭയകേന്ദ്രത്തിലേക്ക് അവരെ കൊണ്ടെത്തിക്കുക എന്നാണ്.

സ്നേഹത്തിന്‍റെ കൽപന തന്‍റെ ജനത്തിന് നൽകികൊണ്ട് മനുഷ്യവർഗ്ഗം മുഴുവനും അനുഗ്രഹത്തിന്‍റെ ഉറവിടമായിത്തീരുന്നതിന് ദൈവം തന്‍റെ പുത്രനായ യേശുവിന്‍റെ രക്തത്താൽ ഈ കൽപ്പനയെ മുദ്രിതമാക്കി. യഥാർത്ഥ പദ്ധതിക്കനുസരിച്ച് ക്രിസ്തുവിൽ വെളിപ്പെടുത്തിയിരിക്കുന്ന മനുഷ്യകുലത്തെ കെട്ടിപ്പടുക്കുന്നതിനായി നമുക്കെല്ലാവർക്കും ഒരുമിച്ച് പ്രവർത്തിക്കാന്‍ കഴിയും. എല്ലാവരും സഹോദരീസഹോദരന്മാരാണ്. എല്ലാവരും ഒരേ പിതാവിന്‍റെ പുത്രന്മാരും പുത്രികളുമാണ്.

ഇന്ന് നമുക്ക് ഒരുമ്മയെ ആവശ്യമുണ്ട്. വേദന നിറഞ്ഞ യാത്രകളെയും, എല്ലാ കുടിയേറ്റക്കാരെയും, അഭയാർഥികളെയും നമ്മുടെ ചുറ്റും താമസിക്കുന്നവരെയും, അവരുടെ യാത്ര പങ്കിടാൻ തിരഞ്ഞെടുത്തവരുമായ എല്ലാവരെയും നമുക്ക് മറിയത്തിന്‍റെ മാതൃസ്നേഹത്തിൽ ഭരമേല്‍പ്പിക്കാം. ഈ വാക്കുകളില്‍ പാപ്പാ തന്‍റെ പ്രഭാഷണം ഉപസംഹരിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 September 2019, 00:00