തിരയുക

ഫ്രാന്‍സിസ് പാപ്പാ  ത്രികാല പ്രാര്‍ത്ഥനാ പരിപാടിയില്‍ സന്ദേശം നല്‍കുന്നു. ഫ്രാന്‍സിസ് പാപ്പാ ത്രികാല പ്രാര്‍ത്ഥനാ പരിപാടിയില്‍ സന്ദേശം നല്‍കുന്നു. 

പാപ്പാ: തിൻമയെ നന്മ കൊണ്ട്സൗഖ്യപ്പെടുത്താനുള്ള സമയകൃത്യതയിലാണ് നാം.

സെപ്റ്റംബര്‍ 22ആം തിയതി ഞായറാഴ്ച്ച, വത്തിക്കാനില്‍ ഫ്രാന്‍സിസ് പാപ്പാ നയിച്ച ത്രികാല പ്രാര്‍ത്ഥനാ പരിപാടിയുടെ സംഗ്രഹം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

സെപ്റ്റംബര്‍ 22ആം തിയതി ഞായറാഴ്ച്ച, പതിവുളള ത്രികാല പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാന്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും തീര്‍ത്ഥാടകരും സന്ദര്‍ശകരും ഉള്‍പ്പെടെ ആയിരങ്ങള്‍ വത്തിക്കാനിലെത്തിയിരുന്നു. അവര്‍ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ പാപ്പായുടെ സന്ദേശം ശ്രവിക്കാന്‍ കാത്തിരുന്നു. പ്രാദേശിക സമയം കൃത്യം12 മണിക്ക് അപ്പോസ്തോലിക അരമനയില്‍ ഫ്രാന്‍സിസ് പാപ്പാ ജനങ്ങളെ അഭിവാദ്യം ചെയ്തു കൊണ്ട് പ്രത്യക്ഷനായി.  കരഘോഷത്തോടും, സന്തോഷത്തോടെ ആര്‍ത്തുവിളിച്ചും ജനങ്ങള്‍ പാപ്പായെ സ്വാഗതം ചെയ്തു. സന്തോഷപൂര്‍വ്വം കരങ്ങളുയര്‍ത്തി വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ സന്നിഹിതരായ എല്ലാവരെയും അഭിവാദനം ചെയ്തതിന് ശേഷം പാപ്പാ പ്രഭാഷണം ആരംഭിച്ചു.

പ്രിയ സഹോദരീ സഹോദരൻമാരെ, സെപ്റ്റംബർ 22ആം തിയതി, ഞായറാഴ്ചയുടെ സുവിശേഷ ഭാഗത്തിൽ വിശുദ്ധ ലൂക്കായുടെ സുവിശേഷം 16 ആം അദ്ധ്യായം ഒന്ന് മുതൽ പതിമൂന്ന് വരെയുള്ള ഭാഗത്തിൽ പരാമർശിച്ചിരിക്കുന്ന ഉപമയിലെ പ്രധാന കഥാപാത്രം കൗശലക്കാരനും അവിശ്വസ്ഥനുമായ ഒരു ഭ്യത്യനാണ്. അയാൾ യജമാനന്‍റെ സമ്പത്ത് ദുരുപയോഗപ്പെടുത്തുകയും, പണിയിൽ നിന്ന് നീക്കപ്പെടുകയും ചെയ്യുന്നു. ഈ ദുഷ്ക്കരമായ സാഹചര്യത്തിൽ അയാൾ പ്രതികാരം ചെയ്യകയോ അല്ലെങ്കിൽ സ്വയം നിരുത്സാഹപ്പെടുകയോ, ന്യായീകരണങ്ങൾ തേടുകയോ,  ചെയ്യുന്നില്ല. എന്നാൽ തനിക്കുവേണ്ടി ശാന്തമായ ഒരു ഭാവി ഉറപ്പാക്കാനുള്ള മാർഗ്ഗത്തെ കുറിച്ച് അയാൾ ചിന്തിക്കുകയാണ്. "കിളയ്ക്കാൻ എനിക്ക് ശക്തിയില്ല. ഭിക്ഷ യാചിക്കാൻ ലജ്ജ തോന്നുന്നു."(ലൂക്കാ.16:3). എന്ന് പറഞ്ഞു കൊണ്ട് ആദ്യം അവന്‍റെ

 പരിമിതികളെ തിരിച്ചറിഞ്ഞ് വ്യക്തതയോടെ പ്രതികരിക്കുന്നു. അതിനുശേഷം അയാൾ തന്ത്രപൂർവ്വം പ്രവർത്തിക്കുകയും അവസാനമായി യജമാനന്‍റെ സമ്പത്ത് മോഷ്ടിക്കുകയും ചെയ്യുന്നു. യഥാർത്ഥത്തിൽ അദ്ദേഹം അയാളുടെ യജമാനനോടു കടപെട്ടവരെ വിളിക്കുകയും അവരുടെ കടങ്ങൾ കുറയ്ക്കുകയും ചെയ്തുകൊണ്ട് അവരെ തന്‍റെ സുഹൃത്തുക്കളാക്കുന്നു. പിന്നീട് അവരിൽ നിന്ന് പ്രതിഫലം തേടുകയും ചെയ്യുന്നു. ഇത് അഴിമതിയിലൂടെ സൗഹൃദങ്ങളെ സ്ഥാപിക്കുകയും അഴിമതിയോടു നന്ദിയുള്ളവരായിരിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്ന പ്രവര്‍ത്തിയാണ്. നിർഭാഗ്യവശാൽ ഇന്നത്തെ കാലഘട്ടങ്ങളിൽ നാം കാണുന്ന പതിവനുഭവമാണിത്.

യേശു  ഈ ഉദാഹരണം നൽകുന്നത് തീർച്ചയായിട്ടും അവിശ്വസ്ഥതയെക്കുറിച്ച് ഉദ്ബോധിപ്പിക്കുവാനല്ല മറിച്ച് വിവേകത്തെ കുറിച്ച് മനസ്സിലാക്കിത്തരാനാണ്.  വാസ്തവത്തിൽ "കൗശലപൂർവ്വം പ്രവർത്തിച്ചതിനാൽ നീതിരഹിതനായ കാര്യസ്ഥനെ യജമാനൻ പ്രശംസിച്ചു"(ലൂക്കാ16:8). എന്ന വചനത്തിലൂടെ യേശു ഊന്നി പറയുന്നത് അവിശ്വസ്ഥനായ കാര്യസ്ഥൻ തന്‍റെ ബുദ്ധിയേയും കൗശലത്തെയും സംയോജിപ്പിച്ച് പ്രതികൂലസാഹചര്യങ്ങളെ അതിജീവിക്കുവാൻ ഉപയോഗിക്കുന്നു എന്നാണ്. "ഞാൻ നിങ്ങളോടു പറയുന്നു അധാർമ്മീക സമ്പത്ത് കൊണ്ട് നിങ്ങൾക്കായി സ്നേഹിതരെ സമ്പാദിച്ചു കൊള്ളുവിൻ. അത് നിങ്ങളെ കൈവെടിയുമ്പോൾ അവർ നിങ്ങളെ നിത്യകൂടാരങ്ങളിൽ സ്വീകരിക്കും"((ലൂക്കാ.16:9). എന്ന വചനം ഈ ഉപമയുടെ താക്കോലാണ്. ഇത് അല്‍പം ആശയക്കുഴപ്പമുണ്ടാക്കുന്നതായി തോന്നുന്നു. പക്ഷേ യഥാർത്ഥത്തിൽ അങ്ങനെയല്ല.

അനീതിയുടെ മാമ്മോൻ പണമാണ്.  അത് പിശാചിന്‍റെ വിസര്‍ജ്ജ്യം എന്നും വിളിക്കപ്പെടുന്നു. പൊതുവെ അത് ഭൗമീക വസ്തുക്കളെയാണ് സൂചിപ്പിക്കുന്നത്. സമ്പത്തിന് മതിലുകൾ സ്ഥാപിക്കുവാനും ഭിന്നതകളും, വിവേചനങ്ങളും സൃഷ്ടിക്കുവാനും ഒരു വ്യക്തിയെ പ്രേരിപ്പിക്കാൻ കഴിയും. എന്നാൽ ക്രിസ്തു തന്‍റെ ശിഷ്യന്മാരെ സമ്പത്ത് കൊണ്ട് സ്നേഹിതരെ സമ്പാദിക്കുവാൻ ആവശ്യപ്പെടുന്നു. ഈ ആഹ്വാനത്തിലൂടെ സമ്പത്തിന് വിപരീതമായി ചരിക്കുവാൻ യേശു ശിഷ്യന്മാരെ ക്ഷണിക്കുകയാണ്. ഇത് ഭൗമികവസ്തുക്കളെയും സമ്പത്തിനെയും ബന്ധങ്ങളാക്കി മാറ്റാനുള്ള ഒരു ക്ഷണമാണ്. കാരണം വ്യക്തികൾ വസ്തുക്കളെക്കാൾ തങ്ങൾ സ്വന്തമാക്കിയിരിക്കുന്ന സമ്പത്തിനെയാണ് വിലമതിക്കുന്നത്. യഥാർത്ഥത്തിൽ ജീവിതത്തിൽ അധികസമ്പത്ത് സ്വന്തമാക്കിയവർ  ഫലം നൽകുന്നില്ല. എന്നാൽ ദൈവം നല്‍കിയിട്ടുള്ള വ്യത്യസ്ഥമായ സമ്മാനമായ ബന്ധങ്ങളെയും സൗഹൃദങ്ങളെയു സമ്പത്തായി സ്വന്തമാക്കിയവർ ഫലം നൽകുന്നു. യേശു ഈ ഉപമയിൽ അന്ത്യമായും ആത്യന്തികമായും ചൂണ്ടിക്കാണിക്കുന്നത് അധാർമ്മിക സമ്പത്തുകൊണ്ട് നിങ്ങൾക്കായി സ്നേഹിതരെ സമ്പാദിച്ചു കൊള്ളുവിൻ അത് നിങ്ങളെ കൈ വെടിയുമ്പോൾ അവർ നിങ്ങളെ നിത്യ കൂടാരങ്ങളിൽ സ്വീകരിക്കുമെന്നാണ്. നമുക്ക് നൽകപ്പെട്ടിരിക്കുന്ന സമ്പത്തിനെ സാഹോദര്യത്തിന്‍റെയും, ഐക്യദാർഡ്യത്തിന്‍റെയും ഉപകരണങ്ങളാക്കി മാറ്റാൻ നമുക്ക് കഴിയുമെങ്കിൽ നാം സ്വർഗ്ഗത്തിൽ സ്വീകാര്യരാകും. ദൈവം മാത്രമല്ല നമ്മുടെ സമ്പത്ത് പങ്കിട്ടവരും നമ്മെ സ്വീകരിക്കും. ദൈവം നമ്മുടെ കരങ്ങളിൽ വച്ച് നൽകിയ കാര്യങ്ങളെ നന്നായി നിർവ്വഹിക്കാനും നമുക്കു കഴിയും.

പ്രീയ സഹോദരി സഹോദരങ്ങളെ! ഈ സുവിശേഷഭാഗം അവിശ്വസ്ഥനും, തന്‍റെ യജമാനനാൽ ജോലിയിൽ നിന്ന് നീക്കം ചെയ്യപ്പെട്ടവനുമായ കാര്യസ്ഥൻ "ഇനി ഞാൻ എന്ത് ചെയ്യും" എന്ന് സ്വയം ചോദിച്ച ചോദ്യത്തെ നമ്മിൽ മാറ്റൊലി കൊള്ളുന്നു. നാം നമ്മുടെ തെറ്റുകളുടെയും പരാജയങ്ങളുടെയും മുന്നിൽ നിൽക്കുമ്പോഴും തിൻമയെ നന്മ കൊണ്ട് സൗഖ്യപ്പെടുത്താനുള്ള സമയകൃത്യതയിലാണ് നാമെന്ന് യേശു ഉറപ്പു നൽകുന്നു. ഒരാളുടെ കണ്ണുനീരിന് കാരണമായ വ്യക്തി മറ്റൊരാൾക്ക് സന്തോഷം പകരണം. വിശ്വസിച്ചേൽപ്പിച്ച പണം അപഹരിച്ചവൻ ആവശ്യത്തിലായിരിക്കുന്നവനെ സഹായിക്കണം. ഇങ്ങനെ ചെയ്യുമ്പോൾ ദൈവം നമ്മെ പ്രശംസിക്കും.കാരണം നാം ബുദ്ധിപൂർവ്വം പ്രവർത്തിക്കുന്നത് കൊണ്ടും ദൈവത്തിന്‍റെ കുഞ്ഞാണെന്ന് സ്വയം തിരിച്ചറിഞ്ഞ് സ്വർഗ്ഗരാജ്യത്തിൽ പങ്കുകാരാകുമെന്ന ചിന്തയോടെ പ്രവർത്തിക്കുകയും ചെയ്യുന്നത് കൊണ്ടാണ്. ലൗകീക നേട്ടങ്ങള്‍ക്കുവേണ്ടിയല്ലാതെ നിത്യജീവൻ ഉറപ്പു വരുത്തുന്നതിനായി പരിശുദ്ധ കന്യകാമറിയം നമ്മെ സഹായിക്കട്ടെ. അങ്ങനെ അന്ത്യവിധിയുടെ സമയത്തിൽ നാം സഹായിച്ച പാവപ്പെട്ട സഹോദരങ്ങൾക്ക് അവരിലൂടെ നാം ദൈവത്തെ കാണുകയും, സേവിക്കുകയും ചെയ്തുവെന്ന് സാക്ഷ്യം നൽകുവാൻ കഴിയും. ഈ വാക്കുകളിൽ പാപ്പാ തന്‍റെ പ്രഭാഷണം ഉപസംഹരിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 September 2019, 14:17