തിരയുക

Vatican News
കരുണയുടെ  രൂപങ്ങളായി കുഞ്ഞുങ്ങള്‍ ... കരുണയുടെ രൂപങ്ങളായി കുഞ്ഞുങ്ങള്‍ ...  (© Notice: UNICEF photographs are copyrighted and may not be reproduced in any medium without written permission from authorized)

വിശുദ്ധിയിലേക്കുളള വിളി: കരുണ - അന്ത്യവിധിയുടെ അളവുകോൽ

“GAUDETE ET EXSULTATE” അഥവാ “ആനന്ദിച്ചാഹ്ലാദിക്കുവിൻ” എന്ന ഫ്രാന്‍സിസ്‍ പാപ്പായുടെ അപ്പോസ്തോലിക പ്രബോധനത്തിന്‍റെ മൂന്നാം അദ്ധ്യായത്തിലെ 102-103 വരെയുള്ള ഭാഗങ്ങളെ കുറിച്ചുളള വിചിന്തനം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

അപ്പോസ്തോലിക പ്രബോധനം

അപ്പോസ്തോലിക പ്രബോധനമെന്നത് കത്തോലിക്കാ സഭയില്‍ മാര്‍പ്പാപ്പാ പ്രസിദ്ധികരിക്കുന്ന ഔദ്യോഗിക ലേഖനങ്ങളുടെ വിവിധതരത്തിലുളള പരമ്പരകളില്‍പ്പെടുന്ന ഒരു ലേഖനമാണ്. ഇവയുടെ പ്രാധാന്യ ശൃംഖലയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ചാക്രീക ലേഖനങ്ങള്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനമാണ് അപ്പോസ്തോലിക പ്രബോധനങ്ങള്‍ക്കുളളത്.

മൂന്നാമത്തെ അദ്ധ്യായം:

അഷ്ടഭാഗ്യങ്ങൾ നിരത്തി അനുദിന ജീവിതത്തിൽ എങ്ങനെ വിശുദ്ധിയിൽ വളരാമെന്ന് പാപ്പാ വരച്ചുകാട്ടുന്നു. അതോടൊപ്പം അന്ത്യവിധിയെക്കുറിച്ചു ക്രിസ്തു പറയുന്നതും കൂടി കൂട്ടിച്ചേർക്കുമ്പോൾ കരുണയാവണം നമ്മുടെ പുണ്യവഴിയുടെ കണ്ണി എന്ന തിരിച്ചറിവിലേക്ക് മാർപ്പാപ്പാ നമ്മെ നയിക്കുന്നു.

വാതിലിൽ മുട്ടുന്ന ക്രിസ്തുവിനെ തിരിച്ചറിയണം

102 .ആപേക്ഷികമായി ഇന്നത്തെ ലോകത്തിന്‍റെ അപചയങ്ങളായി നോക്കുമ്പോൾ കുടിയേറ്റക്കാരുടെ വിഷയം ചെറിയ വിഷയമാണെന്ന് പറയുന്നത് പലപ്പോഴും നാം കേൾക്കാറുണ്ട്. ഗൗരവമുള്ള ബയോ എത്തിക്കൽ വിഷയങ്ങളുമായി തുലനം ചെയ്യുമ്പോൾ ഇത് അപ്രധാനമായ വിഷയമാണെന്ന് ചില കത്തോലിക്കർ വരെ കരുതുന്നു. വോട്ടു മാത്രം ലക്ഷ്യംവെയ്ക്കുന്ന ഒരു രാഷ്ട്രീയക്കാരൻ അങ്ങനെ പറയുന്നത് മനസ്സിലാക്കാം. എന്നാൽ ഒരു ക്രൈസ്തവൻ അങ്ങനെ ആയിരിക്കരുത്. സ്വന്തം മക്കൾക്കുവേണ്ടി നല്ല ഭാവി ഉറപ്പാക്കാൻ സ്വന്തം ജീവിതങ്ങളെ അപകടപ്പെടുത്താൻ തയ്യാറാകുന്ന സഹോദരീസഹോദരന്മാരുടെ അവസ്ഥയോടു താതാത്മ്യം പ്രാപിക്കുകയാണ് ശരിയായ പോംവഴി. ഒരു അപരിചിതനെ സ്വാഗതം ചെയ്യുമ്പോൾ അവിടുത്തെ തന്നെയാണ് സ്വാഗതം ചെയ്യുന്നത്.(മത്താ.25:35) എന്ന് പറയുന്ന യേശു ഇതാണ് ആവശ്യപ്പെടുന്നതെന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കുകയില്ലേ? തന്‍റെ സന്യാസികളുടെ ജീവിതത്തെ അത് സങ്കീർണ്ണമാക്കി എങ്കിലും വിശുദ്ധ ബെനഡിക്ട് ഉടനടിയായി അത് ചെയ്തു. ആശ്രമവാതിൽക്കൽ മുട്ടുന്നവരെയെല്ലാം ക്രിസ്തുവിനെ എന്ന പോലെ ആദരവോടെ സ്വാഗതം ചെയ്യണമെന്ന് അദ്ദേഹം കല്പന പുറപ്പെടുവിച്ചു. ദരിദ്രരും തീര്‍ത്ഥാടകരും പരമാവധി ഔത്സുക്യത്തോടും കൂടി ഔസ്വീകരിക്കപ്പെടുകയും ചെയ്തു. 

അപരിചിതനെ സ്വാഗതം ചെയ്യുന്നത് ദൈവത്തെ തന്നെയാണ് സ്വാഗതം ചെയ്യുന്നതെന്ന സുവിശേഷത്തെ ഓർമ്മപ്പെടുത്തിക്കൊണ്ട് കുടിയേറ്റക്കാരായി നമ്മുടെ അടുത്ത് വരുന്നവരെ സ്വീകരിക്കാനും കരുണ കാണിക്കാനും പാപ്പാ ഈ പ്രബോധനത്തിലൂടെ ആഹ്വാനം ചെയ്യുന്നു. അതോടൊപ്പം എന്തുകൊണ്ടാണ് സ്വന്തം നാടുവിട്ട് നമ്മുടെ പ്രദേശത്ത് വസിക്കുവാൻ ആഗ്രഹിക്കുന്നുവെന്നും പാപ്പാ വ്യക്തമാക്കുന്നു. സ്വന്തം മക്കൾക്ക് നല്ല ഭാവി ഉറപ്പാക്കുന്നതിനും, കുടുംബത്തിന്‍റെ ജീവിതാവസ്ഥയെ മെച്ചപ്പെടുത്തുന്നതിനും, സ്വന്തം ജീവിതത്തെ അപകടപ്പെടുത്തിയാണ് അവർ മറ്റൊരു രാജ്യത്തിലേക്ക് പ്രവേശിക്കുന്നത്. എന്നാൽ ഈ കാലഘട്ടത്തിൽ കുടിയേറ്റക്കാരുടെ ജീവിതം വളരെ ദാരുണമാക്കപ്പെടുന്നു. ലോകമനസ്സാക്ഷിയെ നിരന്തരമായി മരവിപ്പിക്കുന്ന സംഭവമാണ് മാസങ്ങളായി മെഡിറ്ററേനിയൻ കടലിൽ കപ്പലിൽ കഴിയുന്നവരുടെ ദുരിതങ്ങള്‍. പിഞ്ചു കുഞ്ഞുങ്ങൾ മുതൽ മുതിർന്നവർ വരെ എല്ലാവരുടെയും ജീവിതം കടലിൽ ആടിയുലയപ്പെടുന്നു. മതിയായ ആഹാരവും, ആരോഗ്യപരിപാലനവും, സ്വാതന്ത്ര്യവും ഇല്ലാത്ത എത്രയെത്ര പേരുടെ ജീവിതമാണ് ഓരോ ദിനവും കൊഴിഞ്ഞു പോകുന്നത്.

അടിച്ചമർത്തപ്പെട്ടവരുടെ നിലവിളി കേൾക്കുന്ന ദൈവം

ഈജിപ്ത്തിലെ അടിമത്തത്തിൽ ആയിരുന്നപ്പോൾ ഇസ്രായേൽജനം സ്വർഗ്ഗത്തെ നോക്കി നിലവിളിച്ചു. ആ നിലവിളി ദൈവത്തിന്‍റെ മനസ്സിനെ വേദനിപ്പിച്ചു. ആ വേദനയിൽ മോശ എന്ന ഒരു പ്രവാചകന് ദൈവം ജന്മം നൽകി. നിലവിളിച്ചിരുന്ന ജനം ദൈവത്തിന്‍റെ തെരഞ്ഞെടുക്കപ്പെട്ട ജനമായി മാറി. ദൈവം അവർക്ക് വേണ്ടി അവരെ സ്വീകരിക്കാത്ത രാജാക്കന്മാരോടും, ജനതയോടും യുദ്ധം ചെയ്തു. അവർ അവിശ്വസ്ഥരായിരുന്നപ്പോഴും ദൈവം വിശ്വസ്ഥനായിരുന്നു. അവർക്കുവേണ്ടി ന്യായാധിപന്മാരെയും, പ്രവാചകന്മാരെയും രാജാക്കന്മാരെയും നൽകി അവരെ സംരക്ഷിച്ചു. എല്ലാറ്റിനുമുപരിയായി ദൈവം തന്നെ പകലിൽ മേഘതൂണായും രാത്രി അഗ്നിസ്തംഭമായും 

നിലകൊള്ളുകയും ചെയ്തു. അടിമകളായിരുന്ന ഇസ്രായേൽ ജനത്തിന്‍റെ നിലവിളികേട്ട ദൈവം ഇന്ന് കുടിയേറ്റക്കാരുടെ ജീവിതത്തിന്‍റെ നിലവിളി കേള്‍ക്കുന്നു എന്ന് നാം മറന്നുപോകരുത്. ദൈവം അന്ന് ഇസ്രയേൽ ജനത്തെ സംരക്ഷിക്കാൻ പ്രവാചകന്മാരെയും ന്യായാധിപന്മാരും രാജാക്കന്മാരെയും തിരഞ്ഞെടുത്തവെങ്കിൽ ഇന്ന് കുടിയേറ്റക്കാരുടെ നിലവിളിക്ക് ഉത്തരം നൽകേണ്ടവരായി തിരഞ്ഞെടുത്തിരിക്കുന്നത് ക്രൈസ്തവരായ നമ്മെ ഓരോരുത്തരെയുമാണ്. അതുകൊണ്ട് മാർപാപ്പാ ക്രൈസ്തവരായ ഒരു വ്യക്തി കുടിയേറ്റക്കാരുടെ പ്രശ്നത്തെ നിസ്സാരമായി കാണരുതെന്ന് പ്രബോധിപ്പിക്കുന്നു. ഈ വിഷയത്തെ കുറിച്ച് സംസാരിക്കുമ്പോൾ സമർപ്പിതരായവരും എങ്ങനെ വിദേശികളെ സ്വീകരിക്കണമെന്ന് സമർപ്പിതരുടെ മാതൃകയായ വിശുദ്ധ ബെനഡിക്ടിനെക്കുറിച്ച് സൂചിപ്പിക്കുന്നു. ആശ്രമവാതിൽക്കൽ മുട്ടുന്ന എല്ലാവരെയും ക്രിസ്തുവിനെ പോലെ കണ്ട് ബഹുമാനിക്കുവാനും സ്വീകരിക്കുവാനും വിശുദ്ധ ബെനഡിക്ട് തന്‍റെ സന്യാസ സഹോദരങ്ങളോടു ആഹ്വാനം ചെയ്തു. കാരുണ്യമുള്ള നിയമ സംവിധാനങ്ങളാണ് നമുക്ക് ഇന്ന് ആവശ്യമായിരിക്കുന്നത്. കരുണ വറ്റിയ ഹൃദയവുമായി കരുണാമയനായ ദൈവത്തിന്‍റെ മുന്നിൽ നിൽക്കുമ്പോൾ നാം പാലിക്കുന്ന നിയമങ്ങൾക്കും അർപ്പിക്കപ്പെടുന്ന ബലികൾക്കും, പ്രാർത്ഥനകൾക്കും എന്തർത്ഥമാണുള്ളത്? ഈ ആത്മീയ സാധനകളിൽ ദൈവം സംപ്രീതനാകുമോ? ദൈവം തന്നെ പറയുന്നു; ബലിയല്ല കരുണയാണ് അവിടുന്ന് ആഗ്രഹിക്കുന്നത്.

വിദേശിയെ സ്വദേശിയെ പോലെ കാണണം

103.സമാനമായ ഒരു സമീപനം പഴയനിയമത്തിൽ കാണാം: നിങ്ങൾ   പരദേശിയെ ദ്രോഹിക്കുകയോ ഞെരുക്കുകയോ അരുത്. നിങ്ങൾ ഈജിപ്തിൽ പരദേശികളായിരുന്നല്ലോ? നിങ്ങൾ സ്വദേശിയെ പോലെ കണക്കാക്കണം. നിങ്ങളെപ്പോലെ തന്നെ പരദേശികൾ (പുറ.22 :21) നിങ്ങളുടെ നാട്ടിൽ വന്നു താമസിക്കുന്ന വിദേശിയെ നിങ്ങൾ സ്വദേശിയെ പോലെ കണക്കാക്കണം. നിങ്ങളെ പോലെ തന്നെ അവനെയും സ്നേഹിക്കണം. എന്തെന്നാൽ നിങ്ങൾ ഈജിപ്തുദേശത്ത് വിദേശികളായിരുന്നു.(ലേവ്യ.19:33-34). ഏതെങ്കിലും മാർപാപ്പാ കണ്ടുപിടിച്ച ആശയമല്ല ഇത്. ഒരു താൽക്കാലിക ഭ്രമവും അല്ല. ഇന്നത്തെ ലോകത്തിലും ദൈവത്തിന് പ്രീതികരമായതു എന്ത്  എന്നതിനെ സംബന്ധിച്ച് ഏശയ്യാ പ്രവാചകൻ നിർദ്ദേശിച്ച ആത്മീയ ജ്ഞാനത്തിന്‍റെ പാത പിഞ്ചെല്ലുവാൻ  നാം വിളിക്കപ്പെട്ടിരിക്കുന്നു. വിശക്കുന്നവനുമായി ആഹാരം പങ്കുവെയ്ക്കുകയും, ഭവനരഹിതനെ വീട്ടിൽ സ്വീകരിക്കുകയും, നഗ്നനെ ഉടുപ്പിക്കുകയും,  സ്വന്തക്കാരിൽ നിന്ന് ഒഴിഞ്ഞുമാറാതിരിക്കുകയും ചെയ്യുന്നതല്ലേ അത്?  അപ്പോൾ നിന്‍റെ വെളിച്ചം പ്രഭാതം പോലെ പൊട്ടിവിടരും.(58:7- 8)

ഇന്നത്തെ ലോകത്തിൽ ദൈവത്തിന് പ്രീതികരമായതെന്തെന്ന് തിരുവചനങ്ങളുടെ അടിസ്ഥാനത്തിൽ പാപ്പാ നമ്മെ പ്രബോധിപ്പിക്കുന്നു. ഇല്ലാത്തവരുമായി നമുക്കുള്ളത് പങ്കുവയ്ക്കുന്നത് എങ്ങനെയാണെന്ന് പാപ്പാ സൂചിപ്പിക്കുമ്പോൾ ദൈവത്തെ അത് പ്രീതിപ്പെടുത്തുന്നതാണെന്നും വ്യക്തമാക്കുന്നു. വിശക്കുന്നവനോടും, ദാഹിക്കുന്നവനോടും, നഗ്നനോടും പ്രകടിപ്പിക്കുന്ന കരുണ ദൈവത്തിന്‍റെ ഹൃദയത്തെ തരളിതമാക്കുന്നു. അനുവർഷം ലോക സമ്പന്നന്മാരുടെ പട്ടിക പുറത്തു വരുമ്പോൾ ഒരു വശത്ത് മനുഷ്യൻ സമ്പന്നരുടെ പട്ടികയിൽ തങ്കളുടെ പേര് രേഖപ്പെടുത്താൻ പരിശ്രമിക്കുന്നു. മറ്റൊരു വശത്ത് സ്വന്തം ഭാര്യയുടെ, അമ്മയുടെ ശവസംസ്കാര കർമ്മം നിർവ്വഹിക്കാൻ പോലും സാമ്പത്തികമില്ലാതെ, അടക്കാൻ ആറടി മണ്ണില്ലാതെ മൃതശരീരത്തെ പായയിൽ കെട്ടി തെരുവിലൂടെ ചുമന്നു കൊണ്ടു പോകുന്ന മനുഷ്യരുടെ എണ്ണവും വർദ്ധിച്ചു വരുന്നു. ഒരു നേരത്തെ ഭക്ഷണം ലഭിക്കാതെ ഒരു പ്ലസ്ടു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിനും നാം സാക്ഷികളാണ്. അടിസ്ഥാന വിദ്യാഭ്യാസം നൽകാൻ കഴിയാതെ എത്ര മാതാപിതാക്കൾ തങ്ങളുടെ കുഞ്ഞുങ്ങളുടെ ബാല്യത്തെയും, ഭാവിയെയും ഓർത്ത് അനുനിമിഷം നെടുവീർപ്പിടുന്നു. രോഗത്തിന് ചികിത്സ നൽകാൻ കഴിയാതെ എത്രയെത്ര ജീവിതങ്ങൾ അകാലത്തിൽ പൊലിഞ്ഞു പോകുന്നു. ഇങ്ങനെ വിദ്യാഭ്യാസം ആരോഗ്യം തുടങ്ങി എല്ലാ മേഖലകളിലും കരുണയുടെ അഭാവമുള്ളപ്പോൾ ഇവിടെ ക്രൈസ്തവന്‍ എന്ന നിലയിൽ നമുക്ക് എന്ത് പരിഹാരം നൽകാൻ കഴിയും എന്ന ചോദ്യത്തിന് പാപ്പായുടെ ഈ പ്രബോധനം നമുക്ക് ഉത്തരം നൽകുന്നു.

കരുണ - അന്ത്യവിധിയുടെ അളവുകോൽ

ജനക്കൂട്ടം അവനോടു ചോദിച്ചു: ഞങ്ങള്‍ എന്താണു ചെയ്യേണ്ടത്‌?
അവന്‍ പറഞ്ഞു: രണ്ടുടുപ്പുള്ളവന്‍ ഒന്ന്‌ ഇല്ലാത്തവനു കൊടുക്കട്ടെ. ഭക്ഷണം ഉള്ള വനും അങ്ങനെ ചെയ്യട്ടെ. ചുങ്കക്കാരും സ്‌നാനം സ്വീകരിക്കാന്‍ വന്നു. അവരും അവനോടു ചോദിച്ചു: ഗുരോ, ഞങ്ങള്‍ എന്തു ചെയ്യണം?
അവന്‍ പറഞ്ഞു: നിങ്ങളോടു ആജ്ഞാപിച്ചിട്ടുള്ളതില്‍ കൂടുതല്‍ ഈടാക്കരുത്‌.
പടയാളികളും അവനോടു ചോദിച്ചു: ഞങ്ങള്‍ എന്തു ചെയ്യണം? അവന്‍ അവ രോടു പറഞ്ഞു: നിങ്ങള്‍ ആരെയും ഭീഷണിപ്പെടുത്തരുത്‌. വ്യാജമായ കുറ്റാരോപണവും അരുത്‌. വേതനംകൊണ്ടു തൃപ്‌തിപ്പെടണം.(ലൂക്കാ.3:10-14) ഇവിടെ ക്രിസ്തു വ്യക്തമായി പറയുന്നു. നാം മറ്റുള്ളവരോടു കരുണയോടെ നീതിപൂർവ്വം പെരുമാറണമെന്ന്. നമ്മുടെ ആവശ്യങ്ങൾക്കും അധികമായി നാം സ്വന്തമാക്കിയിരിക്കുന്നതെന്തും അത് സമ്പത്താകട്ടെ, സൗഭാഗ്യങ്ങളാകട്ടെ അവയെല്ലാം അപരന്‍റെതാണെന്ന തിരിച്ചറിവ് നമുക്ക് വേണം. മറ്റുള്ളവരുടെ അത്യാവശ്യങ്ങൾ പോലും പരിഹരിക്കപ്പെടാതിരിക്കാൻ നാം കാരണമാകരുത്.  ഈ പ്രവർത്തി നീതിമാനും കരുണാമയനായ ദൈവത്തിന്‍റെ മുന്നിൽ എങ്ങനെ നീതികരിക്കപ്പെടും. അന്ത്യവിധിയിൽ ദൈവം വിധിയാളനായി വരുമ്പോൾ കരുണ എന്ന അളവുകോൽ കൊണ്ടാണ് മനുഷ്യരെ വിധിക്കുന്നതെന്ന് വിശുദ്ധ മത്തായിയുടെ സുവിശേഷം നമ്മെ ഓർമ്മിപ്പിക്കുന്നു. പാപ്പായുടെ പ്രബോധനവും കരുണയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ട് വിശുദ്ധിയിലേക്കുള്ള വിളിയിൽ വിശ്വസ്ഥതയോടെ മുന്നേറുവാൻ നമ്മെ ക്ഷണിക്കുന്നു.

12 September 2019, 12:51