തിരയുക

യേശു ഒരു കുഷ്ഠരോഗിയെ സ്പർശിച്ച് സുഖപ്പെടുത്തുന്നു. യേശു ഒരു കുഷ്ഠരോഗിയെ സ്പർശിച്ച് സുഖപ്പെടുത്തുന്നു. 

വിശുദ്ധിയിലേക്കുളള വിളി: ക്രിസ്തുവിന്‍റെ ആഴമായ വികാരങ്ങളെ അറിയണം

“GAUDETE ET EXSULTATE” അഥവാ “ആനന്ദിച്ചാഹ്ലാദിക്കുവിൻ” എന്ന ഫ്രാന്‍സിസ്‍ പാപ്പായുടെ അപ്പോസ്തോലിക പ്രബോധനത്തിന്‍റെ മൂന്നാം അദ്ധ്യായത്തിലെ 95-99 വരെയുള്ള ഭാഗങ്ങളെ കുറിച്ചുളള വിചിന്തനം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

അപ്പോസ്തോലിക പ്രബോധനം

അപ്പോസ്തോലിക പ്രബോധനമെന്നത് കത്തോലിക്കാ സഭയില്‍ മാര്‍പ്പാപ്പാ പ്രസിദ്ധികരിക്കുന്ന ഔദ്യോഗിക ലേഖനങ്ങളുടെ വിവിധതരത്തിലുളള പരമ്പരകളില്‍പ്പെടുന്ന ഒരു ലേഖനമാണ്. ഇവയുടെ പ്രാധാന്യ ശൃംഖലയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ചാക്രീക ലേഖനങ്ങള്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനമാണ് അപ്പോസ്തോലിക പ്രബോധനങ്ങള്‍ക്കുളളത്.

മൂന്നാമത്തെ അദ്ധ്യായം:

അഷ്ടഭാഗ്യങ്ങൾ നിരത്തി അനുദിന ജീവിതത്തിൽ എങ്ങനെ വിശുദ്ധിയിൽ വളരാമെന്ന് പാപ്പാ വരച്ചുകാട്ടുന്നു. അതോടൊപ്പം അന്ത്യവിധിയെക്കുറിച്ചു ക്രിസ്തു പറയുന്നതും കൂടി കൂട്ടിച്ചേർക്കുമ്പോൾ കരുണയാവണം നമ്മുടെ പുണ്യവഴിയുടെ കണ്ണി എന്ന തിരിച്ചറിവിലേക്ക് മാർപ്പാപ്പാ നമ്മെ നയിക്കുന്നു.

95. ഉന്നതമായ മാനദണ്ഡം

വിശുദ്ധ മത്തായിയുടെ സുവിശേഷത്തിൽ 25 ആം അദ്ധ്യായത്തിൽ (വാക്യങ്ങൾ31-46) യേശു കാരുണ്യമുള്ളവരെ ഭാഗ്യവാന്മാരെന്നു വിളിക്കുന്ന സുവിശേഷഭാഗം വിശദമാക്കുന്നു. ദൈവത്തിന്‍റെ കണ്ണുകൾക്ക് പ്രീതികരമായ വിശുദ്ധി എന്തെന്ന് നാം തേടുന്നെങ്കിൽ നാം വിധിക്കപ്പെടുന്ന വ്യക്തമായ മാനദണ്ഡം എന്തെന്ന് ഈ വചനം വ്യക്തമാക്കുന്നു.

“മനുഷ്യപുത്രന്‍ എല്ലാ ദൂതന്‍മാരോടുംകൂടെ മഹത്വത്തില്‍ എഴുന്നള്ളുമ്പോള്‍ അവന്‍ തന്‍റെ മഹിമയുടെ സിംഹാസനത്തില്‍ ഉപവിഷ്‌ടനാകും. അവന്‍റെ മുമ്പില്‍ എല്ലാ ജനതകളും ഒരുമിച്ചു കൂട്ടപ്പെടും. ഇടയന്‍ ചെമ്മരിയാടുകളെ കോലാടുകളില്‍നിന്നു വേര്‍തിരിക്കുന്നതുപോലെ അവന്‍ അവരെ തമ്മില്‍ വേര്‍തിരിക്കും. അവന്‍ ചെമ്മരിയാടുകളെ തന്‍റെ വലത്തുവശത്തും കോലാടുകളെ ഇടത്തുവശത്തും നിറുത്തും. അനന്തരം രാജാവ്‌ തന്‍റെ വലത്തുഭാഗത്തുള്ളവരോടു അരുളിച്ചെയ്യും: എന്‍റെ പിതാവിനാല്‍ അനുഗ്രഹിക്കപ്പെട്ടവരേ, വരുവിന്‍, ലോകസ്ഥാപനം മുതല്‍ നിങ്ങള്‍ക്കായി സജ്ജമാക്കിയിരിക്കുന്ന രാജ്യം അവകാശപ്പെടുത്തുവിന്‍. എന്തെന്നാല്‍ എനിക്കു വിശന്നു; നിങ്ങള്‍ ഭക്ഷിക്കാന്‍ തന്നു. എനിക്കു ദാഹിച്ചു; നിങ്ങള്‍ കുടിക്കാന്‍ തന്നു. ഞാന്‍ പരദേശിയായിരുന്നു; നിങ്ങള്‍ എന്നെ സ്വീകരിച്ചു.ഞാന്‍ നഗ്നനായിരുന്നു; നിങ്ങള്‍ എന്നെ ഉടുപ്പിച്ചു. ഞാന്‍ രോഗിയായിരുന്നു; നിങ്ങള്‍ എന്നെ സന്‌ദര്‍ശിച്ചു. ഞാന്‍ 

കാരാഗൃഹത്തിലായിരുന്നു; നിങ്ങള്‍ എന്‍റെ യടുത്തു വന്നു. അപ്പോള്‍ നീതിമാന്‍മാര്‍ ഇങ്ങനെ മറുപടി പറയും: കര്‍ത്താവേ, നിന്നെ വിശക്കുന്നവനായിക്കണ്ട്‌ ഞങ്ങള്‍ ആഹാരം നല്‍കിയതും ദാഹിക്കുന്നവനായികണ്ട്‌ കുടിക്കാന്‍ നല്‍കിയതും എപ്പോള്‍? നിന്നെ പരദേശിയായിക്കണ്ട്‌ സ്വീകരിച്ചതും നഗ്നനായിക്കണ്ട്‌ ഉടുപ്പിച്ചതും എപ്പോള്‍? നിന്നെ ഞങ്ങള്‍ രോഗാവസ്ഥയിലോ, കാരാഗൃഹത്തിലോ കണ്ടു സന്ദര്‍ശിച്ചത്‌ എപ്പോള്‍? രാജാവു മറുപടി പറയും: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, എന്‍റെ ഏറ്റവും എളിയ ഈ സഹോദരന്‍മാരില്‍ ഒരുവന്‌ നിങ്ങള്‍ ഇതു ചെയ്‌തുകൊടുത്തപ്പോള്‍ എനിക്കു തന്നെയാണു ചെയ്‌തുതന്നത്‌. അനന്തരം അവന്‍ തന്‍റെ ഇടത്തു ഭാഗത്തുള്ളവരോടു പറയും: ശപിക്കപ്പെട്ടവരേ, നിങ്ങള്‍ എന്നില്‍ നിന്നകന്ന്‌ പിശാചിനും അവന്‍റെ ദൂതന്‍മാര്‍ക്കുമായി സജ്ജമാക്കിയിരിക്കുന്ന നിത്യാഗ്നിയിലേക്കു പോകുവിന്‍. എനിക്കു വിശന്നു; നിങ്ങള്‍ ആഹാരം തന്നില്ല. എനിക്കു ദാഹിച്ചു; നിങ്ങള്‍ കുടിക്കാന്‍ തന്നില്ല. ഞാന്‍ പരദേശിയായിരുന്നു; നിങ്ങള്‍ എന്നെ സ്വീകരിച്ചില്ല. ഞാന്‍ നഗ്നനായിരുന്നു; നിങ്ങള്‍ എന്നെ ഉടുപ്പിച്ചില്ല. രോഗാവസ്ഥയിലും കാരാഗൃഹത്തിലും ആയിരുന്നു; നിങ്ങള്‍ എന്നെ സന്ദര്‍ശിച്ചില്ല. അപ്പോള്‍ അവര്‍ ചോദിക്കും: കര്‍ത്താവേ, ഞങ്ങള്‍ നിന്നെ വിശക്കുന്നവനോ, ദാഹിക്കുന്നവനോ, പരദേശിയോ, നഗ്നനോ,രോഗിയോ, കാരാഗൃഹത്തില്‍ കഴിയുന്നവനോ ആയി കണ്ടതും നിനക്കു ശുശ്രൂഷ ചെയ്യാതിരുന്നതും എപ്പോള്‍? അവന്‍ മറുപടി പറയും: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഈ ഏറ്റവും എളിയവരില്‍ ഒരുവന്‌ നിങ്ങള്‍ ഇതു ചെയ്യാതിരുന്നപ്പോള്‍ എനിക്കു തന്നെയാണു ചെയ്യാതിരുന്നത്‌. ഇവര്‍ നിത്യശിക്ഷയിലേക്കും നീതിമാന്‍മാര്‍ നിത്യജീവനിലേക്കും പ്രവേശിക്കും”.(മത്തായി.25 :31-46)

എല്ലാം നേടിയാലും ദൈവത്ത നേടിയില്ലെങ്കിൽ നാം ഒന്നും നേടിയിട്ടില്ല. നേടുകയുമില്ല. എങ്ങനെയാണ് ദൈവത്തെ നമുക്ക് നേടുവാൻ കഴിയുന്നത്? നേടാൻ കഴിയാത്ത വിധം ദൈവം അത്ര വിദൂരത്തിലണോ? അതോ നമ്മിൽ നിന്നും ശ്രേഷ്ഠനായി നിന്നുകൊണ്ട് മനുഷ്യന് സമീപിക്കാനാവാത്ത വിധം തന്‍റെ മഹത്വത്തിന്‍റെ ഉന്നതങ്ങളിൽ നിന്നും ദൈവം നമ്മെ അകറ്റി നിറുത്തുന്നുവോ? അതുമല്ലെങ്കിൽ ദൈവത്തെ സ്വന്തമാക്കാൻ ദൈവത്തിന്‍റെ സ്വന്തമാകാൻ അസാധാരണമായ അഭ്യാസങ്ങളും,സാധനകളും ദൈവം ആവശ്യപ്പെടുന്നുണ്ടോ? ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരമായി ദൈവം നൽകുന്ന ഒരു മാനദണ്ഡമാണ് വിശുദ്ധ മത്തായിയുടെ സുവിശേഷത്തിൽ ക്രിസ്തു പരാമർശിക്കുന്നത്. അന്ത്യവിധിയിൽ ആവർത്തിക്കപ്പെടുന്ന ചോദ്യങ്ങളുടെ മുന്നിൽ നിൽക്കുമ്പോൾ ഒന്നു നാം തിരിച്ചറിയും ദൈവത്തെ പ്രാപിക്കാൻ കരുണ മാത്രമാണ് അന്ത്യവിധിയെ അഭിമുഖികരിക്കാൻ നമ്മെ ക്ഷണിക്കുന്ന ആയുധമെന്ന്. കരുണയെ കുറിച്ച് പറയുന്ന പാപ്പാ ദൈവത്തിന്‍റെ കണ്ണുകൾക്ക് പ്രീതികരമായ വിശുദ്ധി സ്വന്തമാക്കണമെങ്കിൽ അതിനു ഉന്നതമായ മാനദണ്ഡം കരുണ മാത്രമാണെന്ന് ഓർമ്മിപ്പിക്കുന്നു. മറ്റുള്ളവരുടെ നിസ്സാഹായവസ്ഥയിലേക്ക് നേരേ നമ്മുടെ കരങ്ങള്‍ നീട്ടപ്പെടണമെന്നത് മനസ്സിൽ നിന്നുമാണ് ആരംഭിക്കേണ്ടത്. ഇന്നു ലോകത്തിൽ നടക്കുന്ന എല്ലാ തിന്മകളുടെയും കാരണം കരുണ എന്ന മൂന്നെഴുത്തിന്‍റെ അഭാവം തന്നെയാണ്.

96.ദിവ്യ ഗുരുവിനോടു വിശ്വസ്ഥതയോടെ

അതുകൊണ്ട് വിശുദ്ധി എന്നാൽ ആത്മീയ ഹർഷോന്മാദത്തില്‍ ബോധരഹിതനായി വീഴുന്നതല്ല. വിശുദ്ധ ജോൺ പോൾ രണ്ടാമൻ പറഞ്ഞതുപോലെ ക്രിസ്തുവിനെക്കുറിച്ചുള്ള ധ്യാനത്തിൽ നിന്നും സത്യമായും നവ്യമായ ഒരു തുടക്കം കുറിക്കുന്നുവെങ്കിൽ അവിടുന്ന് താതാത്മ്യം പ്രാപിക്കുവാൻ ആഗ്രഹിച്ച മുഖങ്ങളിൽ അവിടുത്തെ സവിശേഷമായി കാണുവാൻ നാം പഠിക്കണം. മത്തായിയുടെ സുവിശേഷത്തിലെ (25: 35- 36)  തിരുവചനങ്ങൾ കേവലം ഉപവി പ്രവർത്തനത്തിനുള്ള ഒരുക്കമല്ല ക്രിസ്തു രഹസ്യത്തിലേക്ക് പ്രകാശം പരത്തുന്ന ക്രിസ്തുവിജ്ഞാനിയത്തിന്‍റെ ഒരു താളാണത്. ദരിദ്രരിലും, സഹനം അനുഭവിക്കുന്നവരിലും അവിടത്തെ തിരിച്ചറിയുവാനുള്ള ഈ ആഹ്വാനത്തിൽ ഓരോ വിശുദ്ധനും അനുകരിക്കുവാൻ തേടേണ്ട ക്രിസ്തുവിന്‍റെ ആഴമായ വികാരങ്ങളും തിരഞ്ഞെടുപ്പുകളും വ്യക്തമാക്കുന്ന അവിടുത്തെ ഹൃദയം വെളിപ്പെടുന്നതായി നമുക്ക് കാണാം.

ദരിദ്രരിലും സഹനമനുഭവിന്നവരിലും ദൈവത്തെ തിരിച്ചറിയുവാൻ കഴിയുന്നത് കരുണയിലൂടെയാണെന്ന് പാപ്പാ ഉദ്ബോധിപ്പിക്കുന്നു. ദിവ്യ ഗുരുനാഥനായ ക്രിസ്തുവോടു വിശ്വസ്ഥരായിരിക്കണെമെന്ന് പഠിപ്പിക്കുന്ന  ഈ പ്രബോധനത്തിന്‍റെ  96ആം ഭാഗത്തിൽ ദരിദ്രരായ സഹോദരങ്ങളിൽ ക്രിസ്തുവിന്‍റെ ആഴമായ വികാരങ്ങളും തെരഞ്ഞെടുപ്പുകളും വ്യക്തമാക്കുന്ന ഹൃദയം വെളുപ്പെടുന്നത് നമുക്ക് കാണാല്‍ കഴിഞാൽ നാം വിശുദ്ധിയുടെ നേർരേഖയിലൂടെയാണ് സഞ്ചരിക്കുന്നതെന്ന് നമുക്ക് മനസ്സിലാക്കാം.

എന്താണ് ക്രിസ്തുവിന്‍റെ ആഴമായ തിരഞ്ഞെടുപ്പ്? എന്താണ് അവന്‍റെ ആഴമായ വികാരം? ആ തിരഞ്ഞെടുപ്പും, വികാരങ്ങളും മനസ്സിലാക്കണമെങ്കിൽ ക്രിസ്തു സഞ്ചരിച്ച ഇടുങ്ങിയ പാതയിലൂടെ നാമോരോരുത്തരും സഞ്ചരിക്കേണ്ടതുണ്ട്. അസീസിയിലെ വിശുദ്ധ ഫ്രാൻസിസ് അതിനുദാഹരണമാണ്. ചീഞ്ഞളിഞ്ഞ മുറിവുകളിൽ നിന്നും ഒലിച്ചു പോകുന്ന രക്തത്തുള്ളികളെയും പഴുപ്പ് നിറഞ്ഞ പുഴുക്കുത്തേറ്റ മുറിവുകളെയും ചുംബിച്ചപ്പോൾ ഫ്രാൻസിസിന്‍റെ മുന്നിൽ കുഷ്ഠരോഗി മത്രമേയുണ്ടായിരുന്നുള്ളു. എന്നാൽ ആ ചുംബനത്തിൽ അലിഞ്ഞിരുന്ന കരുണയുടെ നനവാണ് കുഷ്ഠരോഗിയുടെ വിണ്ടുകീറിയ മുറിവുകളിൽ ക്രിസ്തുവിനെ കാണുവാൻ ഫ്രാൻസിനെ പ്രാപ്തനാക്കിയത്. ഇന്നും ശരീരത്തിൽ മാത്രമല്ല, മനസ്സിലും ആത്മാവിലും മുറിവുകളുടെ ആയിരം നോവുമായി നമ്മുടെ മുന്നിലും പിന്നിലും അടുത്തും അകന്നും അനേകം മുറിവേറ്റവർ കടന്നു പോകുന്നു. ചീഞ്ഞഴിഞ പാഴ്വസ്തുക്കൾ പോലെ അവരുടെ ജീവതം ആർക്കും വേണ്ടാത്തതായി തീരുമ്പോൾ ജീവതത്തിൽ ആ മനുഷ്യർ കടന്നു പോകുന്ന കഠിന വഴികളെ പിൻതുടർന്ന് കുട്ടിരിക്കാൻ നമുക്ക് കഴിയുമെങ്കിൽ നാം ക്രിസ്തുവിന്‍റെ വികാരങ്ങളുടെ സ്പന്ദനങ്ങളെ തിരിച്ചറിയുന്നവരെന്ന് നമുക്ക് പറയാനാകും. അതാണ് ഗുരുവിനോടുള്ള ശിഷ്യന്‍റെ വിശ്വസ്ഥത. ഈ വിശ്വസ്ഥതയ്ക്ക് ദൈവം നൽകുന്ന പേരാണ് വിശുദ്ധി. അതായത് ചൂടുള്ളതിനെ തണുപ്പിക്കാനും, കയപ്പുള്ളതിനെ മധുരമാക്കാനും, വാടിപോയതിനെ വിരിയിക്കാനും, നഷ്ടപ്പെട്ടതിനെ കണ്ടെത്താനും, മടങ്ങി വരുന്നതിനെ സ്വീകരിക്കാനുള്ള ധീരതയെന്ന് പറയാം.

97. സുവിശേഷത്തിന്‍റെ ഹൃദയമിടിപ്പ് കാരുണ്യം

യേശുവിന്‍റെ വിട്ടുവീഴ്ചയില്ലാത്ത ഈ നിലപാടുകളുടെ മുന്നിൽ ക്രൈസ്തവരോട് നിറഞ്ഞ തുറവോടെയും ഉപാധികളില്ലാതെയും അവ അംഗീകരിക്കുവാനും സ്വീകരിക്കുവാനും ആവശ്യപ്പെടേണ്ടത് എന്‍റെ കടമയാണ്. മറ്റൊരു വാക്കിൽ പറഞ്ഞാൽ അവയുടെ ശക്തി ചോർത്തുന്ന ഒരു ‘എങ്കിലുകളോ,പക്ഷേകളോ’ (ifs or buts) ഇല്ലാതെ. കാരുണ്യമാണ് സുവിശേഷത്തിന്‍റെ ഹൃദയമിടിപ്പ് എന്നതുകൊണ്ട് ഈ ദൗത്യങ്ങൾ ഇല്ലാതെ വിശുദ്ധി മനസ്സിലാക്കുവാനോ ജീവിക്കുവാനോ കഴിയില്ലെന്ന് നമ്മുടെ കർത്താവ് വ്യക്തമായി പറഞ്ഞു.

ക്രിസ്തുവിന് കരുണയുടെ മുന്നിൽ വിട്ടുവീഴ്ച്ചകളില്ല. അത് കൊണ്ടാണ് പാപിനിയായ സ്ത്രിയെ ആരുടെയും പരാക്രമങ്ങൾക്ക് വിധേയപ്പെടുത്താതെ കരുണ എന്നെഴുതിയ നിലത്തെഴുത്ത് വഴി അവളെ കൊല്ലാൻ ശ്രമിക്കുന്നവരിൽ നിന്നും അവളുടെ ആത്മാവിനെ സംരക്ഷിച്ചത്. അഞ്ചപ്പം അയ്യായ്യിരങ്ങൾക്കായി നൽകുവാൻ ക്രിസ്തു തീരുമാനിച്ചതും കരുണയുടെ പേരിലായിരുന്നു. പശ്ചാത്താപത്തിന്‍റെ അപേക്ഷയിലൂടെ പറുദീസാ വേണമെന്ന് നിവേദനം സമർപ്പിച്ച കള്ളന് കാരുണ്യപൂർവ്വം പറുദീസാ നൽകി. ഇങ്ങനെ ക്രിസ്തു കരുണയുടെ ദൈവമായാണ് ജീവിച്ചത്.ഇവിടെ മാർപ്പാപ്പാ, കാരുണ്യമാണ് സുവിശേ ഷത്തിന്‍റെ ഹൃദയമിടിപ്പായി വിശദ്ധീകരിക്കുന്നു. സ്വാർത്ഥതയുടെ ഗോപുരങ്ങളിൽ നിന്നുമിറങ്ങി കാരുണ്യത്തിന്‍റെ നിലത്തിലൂടെ സഞ്ചരിക്കുവാൻ പരിശ്രമിച്ചില്ലെങ്കിൽ  കല്ലറകളിൽ വിശ്രമിക്കേണ്ടി വരുന്ന നേരത്ത് ഈ പ്രപഞ്ചം നമ്മോടു ചോദ്യമുയർത്തും.

ഇന്ന് നമ്മുടെ സമുഹത്തിൽ കരുണയുടെ സുവിശേഷം ആത്മാർത്ഥമായി ജീവിക്കപ്പെടുന്നുണ്ടോയെന്ന് നാം വിചിന്തനം ചെയ്യേണ്ടത് അത്യാവശ്യമാണ്. കാരണം കരുണയില്ലാത്ത അധികാര ആധിപത്യവും, സത്തയില്ലാത്ത ശക്തമായ നിയമ പരിപാലനവും, ആചാരങ്ങളെ നിയമമാക്കി അതിന്‍റെയുള്ളിൽ അടങ്ങിയിരിക്കുന്ന ആത്മാവിനെ കണ്ടെത്താൻ കഴിയാത്തതിന്‍റെ വൈകല്യങ്ങളും ഇന്ന് സമൂഹത്തെ ബാധിച്ചിരിക്കുന്ന മാരകരോഗങ്ങൾ. ഈ മാരക രോഗങ്ങളെ മാറാരോഗങ്ങളാക്കാതെ അവയെ കരുണയെന്ന ഔഷധത്താൽ സൗഖ്യപ്പെടുത്തണം.

98.  ക്രൈസ്തവന്‍ - വേദനിക്കുന്നവനോടു  കരുണ കാണിക്കുന്നവന്‍

ഒരു തണുത്ത രാത്രിയിൽ തുറസ്സായ സ്ഥലത്ത് ഒരാൾ ഉറങ്ങുന്നതായി കണ്ടുമുട്ടിയാൽ അവനേയോ അവളോയോ എനിക്ക് ഒരു ശല്യമായി, കാണാം. ഒരു മടിയനായോ ഒരു മാർഗ്ഗതടസ്സമായി ബുദ്ധിമുട്ടിക്കുന്ന കാഴ്ചയോ രാഷ്ട്രീയക്കാർ പരിഹരിക്കേണ്ട വിഷയമോ, പൊതുസ്ഥലത്ത് കൂടിക്കിടക്കുന്ന ചപ്പുചവറായോ അവനെ അല്ലെങ്കിൽ അവളെ എനിക്ക് കണക്കാക്കാം. മറിച്ച് എനിക്ക് വിശ്വാസത്തോടും, ഉപവിയോടും കൂടി പ്രതികരിക്കാം. എന്നെപ്പോലെ അന്തസ്സുള്ള ഒരു മനുഷ്യ വ്യക്തിയായി കണക്കാക്കാം. സ്വർഗ്ഗസ്ഥനായ പിതാവിനാൽ അനന്ദമായി സ്നേഹിക്കപ്പെടുന്ന ദൈവത്തിന്‍റെ ഛായയിലുള്ള സൃഷ്ടിയായി യേശുക്രിസ്തുവിന് വീണ്ടെടുക്കപ്പെട്ട സഹോദരനോ സഹോദരിയോയായി കണക്കാക്കാം. ക്രൈസ്തവനാകുക എന്നാൽ അതാണ്. ഓരോ മനുഷ്യ വ്യക്തിയുടേയും അന്തസ്സിനെ ജീവസുറ്റ തിരിച്ചറിവിൽ നിന്നും വേർപെടുത്തി വിശുദ്ധിയെ എങ്ങനെയാണ് മനസ്സിലാക്കാനാവുക?

വേദനിക്കുന്ന മനുഷ്യനോടു എങ്ങനെ കരുണ കാണിക്കണമെന്ന് മനോഹരമായി പാപ്പാ വ്യക്തമാക്കുന്നു. അതോടൊപ്പം ക്രൈസ്തവനാകുക എന്നാൽ എന്താണെന്നും ക്രൈസ്തവൻ എങ്ങനെ ആയിരിക്കണമെന്നും പാപ്പാ ഉദ്ബോധിപ്പിക്കുകയും ചെയ്യുന്നു. പൊതുസ്ഥലത്ത്  തണുത്ത രാത്രിയിൽ കിടന്നുറങ്ങുന്ന ഒരു വ്യക്തിയെ നമുക്ക് കരുണയുടെ കണ്ണുകളോടെയും സമീപിക്കാം, അല്ലെങ്കിൽ പൊതു സ്ഥലത്തു കിടക്കുന്ന ഒരു പാഴ്വസ്തുവായോ പരിഗണിക്കാം. എന്നാൽ ഒരു ക്രൈസ്തവനെ സംബന്ധിച്ചിടത്തോളം അവൻ ദൈവ പിതാവിന്‍റെ മകനാണ്. ദൈവത്തിന്‍റെ സൃഷ്ടിയാണ്. ദൈവത്താൽ അനന്തമായി സ്നേഹിക്കപ്പെടുന്നവനാണ്.

എന്ന് മാത്രമേ അവനെ സമീപിക്കാൻ പാടുള്ളു. യഥാർത്ഥത്തിൽ ക്രൈസ്തവന്‍റെ ജീവിതം നിർണ്ണയിക്കപ്പെടുന്നത് അവൻ സ്വന്തം ജീവിതത്തിൽ അഭ്യസിക്കുന്ന ക്രിസ്തു മൂല്ല്യങ്ങളുടെ പ്രത്യക്ഷവും പരോക്ഷവുമായ പ്രവർത്തനങ്ങളിലാണ്. ക്രിസ്തു എന്തിനാണ് പ്രാധാന്യം നൽകിയത്? അവന്‍റെ മൂല്യങ്ങൾ എന്തൊക്കെയാണ്. പുല്ലിനും, പുഴുവിനും,പൂവിനും പുഴയ്ക്കും ക്രിസ്തു വില നൽകി. ആകാശത്തിന്‍റെ അതിരുകളെ മായിച്ച് മായിച്ച് കടന്നു പോകുന്ന കുഞ്ഞ് പക്ഷിയുടെ ചിറകടി ശബ്ദം പോലും ക്രിസ്തുവിന് ദൈവപിതാവിന്‍റെ സ്നേഹത്തിന്‍റെ ശബ്ദം തന്നെയായിരുന്നു. ആകാശത്തിലെ പറവകളെയും, വയലിലെ നെൽമണികളെയും പരിപാലിക്കുന്ന ദൈവത്തിന്, മനുഷ്യന്‍റെ ഒരോ മുടിയിഴകളെയും അറിയുന്ന ദൈവത്തിന്, മനുഷ്യ ജീവൻ എത്ര വിലപ്പെട്ടതും അമൂല്യമായതായിരിക്കും? അത് കൊണ്ട് ക്രിസ്തു വില നൽകുന്നത് മനുഷ്യനെയാണ്. അല്ലാതെ മനുഷ്യൻ ധരിക്കുന്ന വസ്ത്രത്തിന്‍റെയോ, അവൻ സ്വന്തമാക്കിയിരിക്കുന്ന സമ്പത്തിന്‍റെയോ, അവൻ നേടിട്ടുള്ള പുരസ്കാരത്തിന്‍റെയോ പേരിലോ, മനുഷ്യൻ ആർത്തിയോടെ അന്വേഷിക്കുന്ന അധികാരത്തിന്‍റെയോ പേരിലോ അല്ല.

അത് കൊണ്ടാണ് മാർപാപ്പാ തന്‍റെ എല്ലാ പ്രഭാഷണങ്ങളിലും പ്രബോധനങ്ങളിലും മനുഷ്യനോടു പ്രത്യേകിച്ച് പാവപ്പെട്ടവരോടു നാം കരുണയുള്ളവരായിരിക്കണമെന്ന് ഓർമ്മപ്പെടുത്തുന്നത്. ലോകത്തിലെ ഏറ്റവും വലിയ സമ്പന്നന്മാരുടെ പട്ടിക വർഷന്തോറും ലോകത്തെ അറിയിക്കുമ്പോൾ സമൂഹത്തിൽ മനുഷ്യൻ എന്ന പട്ടികയിൽ പോലും പരിഗണിക്കപ്പെടാതെ നികൃഷ്ടരായി കഴിയുന്ന എത്രയോ സഹോദരങ്ങൾ നമ്മുടെ കൂടെ നമ്മോടൊപ്പം, നമുക്ക് ചുറ്റും ജീവിക്കുന്നു. അവരെ എല്ലാവർക്കും അവകാശപ്പെട്ട ഈ പൊതു ഭവനത്തിനുള്ളിൽ ചേക്കേറ്റുന്നത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്.

99. ആരെയും ഒഴിവാക്കാരുത്

ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം ഇത് അവിരാമവും ആരോഗ്യകരവുമായ ഒരു അസ്വസ്ഥതയുമുളവാക്കുന്നു. ഒരാളെ സഹായിക്കുന്നത് കൊണ്ട് മാത്രം നമ്മുടെ എല്ലാ പ്രവൃത്തിയും നീതി കരിക്കപ്പെടില്ല. ഏതാനും നല്ല കാര്യങ്ങളുടെ നിറവേറ്റൽ മാത്രമല്ല വിശുദ്ധി ജൂബിലി വർഷത്തെക്കുറിച്ചുള്ള ബൈബിൾ സങ്കല്‍പം എന്ന് പറഞ്ഞ കാനഡായിലെ മെത്രാന്മാർ ഇതാണ് ചൂണ്ടിക്കാണിച്ചത്.അത് സാമൂഹികമാറ്റവും വിഭാവനം ചെയ്യുന്നു. വരാനിരിക്കുന്ന തലമുറകൾ കൂടി വിമോചിതരാകുവാൻ, ആരും ഒഴിവാക്കപ്പെടാതെയുള്ള സാമ്പത്തിക സാമൂഹിക സംവിധാനങ്ങളുടെ പുനഃസ്ഥാപനമാകണം ലക്ഷ്യം.

ഇവിടെ മാർപാപ്പാ, ഒരാളെ സഹായിക്കുന്നത് കൊണ്ട് മാത്രം നമ്മുടെ എല്ലാ പ്രവർത്തിയും നീതികരിക്കപ്പെടില്ല എന്നും ആരെയും ഒഴിവാക്കാതെ എല്ലാവരെയും ഉൾപ്പെടത്തി സമഗ്രമായി ജീവിക്കണമെന്ന് ഉദ്ബോധിപ്പിക്കുന്നു. എല്ലാവരെയും ഉൾപ്പെടുത്തണമെന്ന് പാപ്പാ ആഹ്വാനം ചെയ്യുന്നതിന്‍റെ അർത്ഥം ആരും ഈ ലോകത്തിന്‍റെ ഒരു സൗഭാഗ്യത്തിൽ നിന്നും, അവകാശങ്ങളിൽ നിന്നും അന്യരല്ല എന്ന സത്യത്തിലേക്ക് വിരൽ ചൂണ്ടുന്നു. ഇന്നു നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്ന  തിൻമകളിൽ ഒന്നാണ് അസമത്വം. അസമത്വം എപ്പോഴും നീതിബോധമില്ലാത്ത അധികാരവർഗ്ഗം നിസ്സഹായരുടെ മേൽ കാണിക്കുന്ന ക്രൂരതയാണ്. ക്രിസ്തു അധികാരത്തെ കണ്ടത് പോലെയല്ല ഇവർ കാണുന്നതും പരിശീലിക്കുന്നതും. അധികാരദാഹികൾ അസമത്വം അനുഭവിക്കുന്നവരുടെ വിങ്ങുന്ന നൊമ്പരം കാണുന്നില്ല. അങ്ങനെ കണ്ടെങ്കിൽ ഇടി അത് അവരുടെ കര്‍ണ്ണപുടങ്ങൾ സ്വീകരിക്കുകയോ, അവരുടെ മനസ്സില്‍ അലിവിന്‍റെ ജാലകം തുറക്കപ്പെടുകയോ ചെയ്യുന്നില്ല. ഈ അനീതിക്കെതിരെ പോരാടുന്നത് ക്രിസ്തുവിന്‍റെ മൂല്യങ്ങളെ ജീവിക്കുന്നു എന്നതിന്‍റെ അടയാളമാണ്.  

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 August 2019, 14:22