തിരയുക

Vatican News
സമാധാനം സ്ഥാപിക്കുന്നവർ ഭാഗ്യവാൻമാർ സമാധാനം സ്ഥാപിക്കുന്നവർ ഭാഗ്യവാൻമാർ 

വിശുദ്ധിയിലേക്കുളള വിളി: സമാധാനം സ്ഥാപിക്കുന്നവർ ഭാഗ്യവാന്മാര്‍

“GAUDETE ET EXSULTATE” അഥവാ “ആനന്ദിച്ചാഹ്ലാദിക്കുവിൻ” എന്ന ഫ്രാന്‍സിസ്‍ പാപ്പായുടെ അപ്പോസ്തോലിക പ്രബോധനത്തിന്‍റെ മൂന്നാം അദ്ധ്യായത്തിലെ 87-89 വരെയുള്ള ഭാഗങ്ങളെ കുറിച്ചുളള വിചിന്തനം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

അപ്പോസ്തോലിക പ്രബോധനം

അപ്പോസ്തോലിക പ്രബോധനമെന്നത് കത്തോലിക്കാ സഭയില്‍ മാര്‍പ്പാപ്പാ പ്രസിദ്ധികരിക്കുന്ന ഔദ്യോഗിക ലേഖനങ്ങളുടെ വിവിധതരത്തിലുളള പരമ്പരകളില്‍പ്പെടുന്ന ഒരു ലേഖനമാണ്. ഇവയുടെ പ്രാധാന്യ ശൃംഖലയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ചാക്രീക ലേഖനങ്ങള്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനമാണ് അപ്പോസ്തോലിക പ്രബോധനങ്ങള്‍ക്കുളളത്.

മൂന്നാമത്തെ അദ്ധ്യായം:

അഷ്ടഭാഗ്യങ്ങൾ നിരത്തി അനുദിന ജീവിതത്തിൽ എങ്ങനെ വിശുദ്ധിയിൽ വളരാമെന്ന് പാപ്പാ വരച്ചുകാട്ടുന്നു. അതോടൊപ്പം അന്ത്യവിധിയെക്കുറിച്ചു ക്രിസ്തു പറയുന്നതും കൂടി കൂട്ടിച്ചേർക്കുമ്പോൾ കരുണയാവണം നമ്മുടെ പുണ്യവഴിയുടെ കണ്ണി എന്ന തിരിച്ചറിവിലേക്ക് മാർപ്പാപ്പാ നമ്മെ നയിക്കുന്നു.

“സമാധാനം സ്ഥാപിക്കുന്നവർ ഭാഗ്യവാൻമാർ; അവർ ദൈവപുത്രന്മാർ എന്ന് വിളിക്കപ്പെടും.”

87. “ഈ സുവിശേഷ ഭാഗ്യം നമ്മുടെ ലോകത്തിലുള്ള അനേകം തീരാത്ത യുദ്ധ സാഹചര്യങ്ങളെക്കുറിച്ച് ചിന്തിക്കുവാൻ നമ്മെ നിർബന്ധിക്കുന്നു. പലപ്പോഴും നാം തന്നെയും സംഘട്ടത്തിനോ കുറഞ്ഞപക്ഷം തെറ്റിദ്ധാരണയ്ക്കെങ്കിലുമോ കാരണക്കാരാണ്. ഉദാഹരണത്തിന് ഒരാളെ കുറിച്ച് ഞാൻ ചിലതു കേട്ടേക്കാം. അത് ഞാനും ഏറ്റുപിടിച്ച് ആവർത്തിക്കുന്നു. രണ്ടാം തവണ ഞാൻ ഇത്തിരി പൊടിപ്പും തൊങ്ങലും പിടിപ്പിച്ച് പ്രചരിപ്പിച്ചുകൊണ്ടേയിരിക്കും. അത് എത്ര കൂടുതൽ ഉപദ്രവം ഉണ്ടാക്കുന്നോ അതിനനുസരിച്ച് അതിൽ നിന്നുള്ള എന്‍റെ തൃപ്തി വർദ്ധിക്കുന്നതായി 

വിചാരിക്കുന്നു. നിഷേധാത്മക മനോഭാവക്കാരും  അധിവസിക്കുന്ന പരദൂഷണത്തിന്‍റെ ലോകത്തിൽ സമാധാനം കടന്നു വരികയില്ല. അവര്‍ സത്യമായും സമാധാനത്തിന്‍റെ ശത്രുക്കളാണ്. ഒരുവിധത്തിലും അവർ അനുഗ്രഹീതരല്ല.”

സമാധാനത്തെ ഹനിക്കുന്ന പരദൂഷണം

സമാധാനം സ്ഥാപിക്കുന്നവർ ഭാഗ്യവാന്മാർ; അവർ ദൈവപുത്രൻമാർ എന്ന് വിളിക്കപ്പെടും.സമാധാനം സ്ഥാപിക്കുന്നതിനെക്കുറിച്ച്  ചിന്തിക്കുന്ന ഫ്രാൻസിസ് പാപ്പാ ഇന്നത്തെ നമ്മുടെ ലോകസാഹചര്യങ്ങളെ സൂക്ഷിച്ചു വീക്ഷിക്കാൻ പ്രേരിപ്പിക്കുന്നു. ഒന്ന് കണ്ണോടിച്ചാൽ ഇന്നത്തെ ലോകത്തിൽ സമാധാനം വിളയാടുന്ന ഇടങ്ങളെക്കാൾ സംഘർഷങ്ങളും യുദ്ധങ്ങളും കൊടുമ്പിരികൊണ്ടിരിക്കുന്ന രാജ്യങ്ങളാണ് കൂടുതൽ. അസമാധാനം നിലനിൽക്കുന്നു എന്ന് അംഗീകരിക്കുന്നതോടൊപ്പം അതിന്‍റെ കാരണങ്ങളിലേക്കു വിശകലനം നടത്തുമ്പോള്‍ ഓരോ സംഘട്ടനങ്ങളുടെയും തെറ്റിധാരണകളുടെയും  പിന്നില്‍ ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരുതരത്തിൽ ഉത്തരവാദികൾ നാം ഓരോരുത്തരുമാണെന്ന് സ്വയം കുറ്റമേറ്റെടുക്കാൻ ശ്രമിക്കുകയാണ് പാപ്പാ. ലോകത്തിലെ സംഘർഷങ്ങൾ വ്യക്തി സംഘർഷങ്ങളുടെ പ്രതിഫലനമാണെന്നു തിരിച്ചറിയുന്ന പാപ്പാ നമ്മുടെ ചുറ്റുമുള്ള ലോകത്തിലേക്കു നമ്മുടെ ശ്രദ്ധയെ ക്ഷണിക്കുന്നു. നാം ജീവിക്കുന്ന കുടുംബങ്ങളിൽ ജോലിചെയ്യുന്നയിടങ്ങളിൽ, സമൂഹങ്ങളിൽ ഒക്കെ തെറ്റിദ്ധാരണകളും സംഘർഷങ്ങളും ഉണ്ടാവുമ്പോൾ അതിന്‍റെ പിന്നിൽ  മിക്കവാറും പരദൂഷണമാണ്. ഒരാളെക്കുറിച്ച് നാം കേൾക്കുന്നവ ഏറ്റുപിടിച്ചു പൊടിപ്പും തൊങ്ങലും ചേർത്ത് പങ്കുവയ്ക്കാനുള്ള നമ്മുടെ പ്രവണത സത്യത്തിൽ സമാധാനത്തെ ഹനിക്കുന്ന ഒന്നാണെന്ന് മാർപാപ്പാ നിരീക്ഷിക്കുന്നു. 

ഇവിടെയാണ് നാം ആത്മശോധനയ്ക്ക് ഒരുങ്ങേണ്ടത്. ഒരു വ്യക്തിയുടെ ചെയ്തികളെ നാം വീക്ഷിക്കുന്നത് നമ്മുടെ കണ്ണിലൂടെമാത്രമാണ്. അതിനൊരിക്കലും സർവ്വലൗകീകതയില്ല. അതിനാൽ അയ്യാളുടെ കർമ്മശുദ്ധിയെ എന്‍റെ മാത്രം  കണ്ണുകൊണ്ടു വിലയിരുത്തി വികലമാക്കി പ്രചരിപ്പിച്ച് നാം നടത്തുന്ന അഭിപ്രായ പ്രകടനങ്ങളും, സാമൂഹീക മാധ്യമചർച്ചകളും വിനാശകരമെന്നും മനസ്സിലാക്കി  ഇവയെല്ലാം സമാധാനത്തിന്‍റെ ശത്രുക്കളാണെന്നും നാം തൊടുത്തുവിടുന്ന അണ്വായുധങ്ങളാണെന്നും തിരിച്ചറിഞ്ഞു "അനുഗ്രഹീത"രാവാൻ ഇത്തരത്തിലുള്ള പ്രവർത്തികളിൽ മുഴുകാതിരിക്കാൻ ആഹ്വാനം ചെയ്യുകയാണ് ഫ്രാൻസിസ് പാപ്പാ. പരദൂഷണത്തെക്കുറിച്ച് റോമിലെ ഒരു ഇടവക സന്ദർശന വേളയിൽ പാപ്പാ പറഞ്ഞതുകൂടി ഇവിടെ ചേർത്തുവായിച്ചാൽ "പരദൂഷണം വെറും പരദൂഷണം മാത്രമല്ല, അത് ഭിന്നതയുളവാക്കും, ശത്രുതയും, തിന്മയും വിതയ്ക്കും. അതിനാൽ, പരദൂഷണത്തിനു പുറപ്പെടും മുമ്പ് സ്വയം തിരിഞ്ഞു നോക്കാൻ നമുക്ക് പരിശ്രമിക്കാം.

സമാധാനം വിതയ്ക്കുന്നവർ ദൈവപുത്രന്മാരെന്ന് വിളിക്കപ്പെടും

88. “സമാധാനം സ്ഥാപിക്കുന്നവർ യഥാർത്ഥത്തിൽ സമാധാനം ഉളവാക്കുന്നു. അവർ സമൂഹത്തിൽ സമാധാനവും സൗഹൃദവും നിർമ്മിക്കുന്നു. സമാധാനം വിതയ്ക്കുന്നവർക്ക് യേശു സുപ്രധാന വാഗ്ദാനം നൽകുന്നു. അവര്‍ ദൈവപുത്രന്മാരെന്നു വിളിക്കപ്പെടും. (മത്തായി.5: 9). എവിടെയെല്ലാം കടന്നു ചെന്നാലും ഈ ഭവനത്തിനു സമാധാനം! (ലൂക്കാ.10: 5) എന്ന് ആശംസിക്കണമെന്ന് യേശു ശിഷ്യരോടു നിർദ്ദേശിച്ചു. നിർമ്മല ഹൃദയത്തോടെ കർത്താവിനെ വിളിക്കുന്ന  എല്ലാവരുമൊത്ത്(cf.23:22) സമാധാനത്തിനുവേണ്ടി യത്നിക്കാനും സമാധാന സൃഷ്ടാക്കൾ നീതിയുടെ ഫലം സമാധാനത്തിൽ വിതയ്ക്കാനും (യാക്കോ.3:18) ദൈവവചനം ഓരോ വിശ്വാസിയേയും ഉത്ബോധിപ്പിക്കുന്നു. നമ്മുടെ സമൂഹത്തിൽ എന്താണ് നാം ചെയ്യേണ്ടത് എന്ന ചോദ്യം ഉയരുന്ന വേളകളുണ്ടാകുമ്പോൾ സമാധാനത്തിനും പരസ്പരോത്കര്‍ഷത്തിനും ഉതകുന്നവ നമുക്ക് അനുവർത്തിക്കാം (റോമാ.14:19). എന്തെന്നാൽ  സംഘട്ടനത്തെക്കാൾ കൂടുതൽ അഭിലഷണീയമായത് ഐക്യമാണ്.”

ഈ ഖണ്ഡികയിൽ സമാധാനം സ്ഥാപിക്കുന്നവരെക്കുറിച്ചാണ് പാപ്പാ എഴുതിവയ്ക്കുന്നത്. സമാധാനം ഉളവാക്കുന്നവരാണ് സൗഹൃദവും സമാധാനവും ഉണ്ടാക്കിയെടുക്കാൻ പരിശ്രമിക്കുന്നവർ. അവർ ദൈവപുത്രരെന്നു വിളിക്കപ്പെടും" എന്ന് യേശു അവർക്ക് വാഗ്ദാനം നൽകുന്നു. വളരെ വ്യക്തമായ ഭാഷയിൽ ദൈവവചനങ്ങളുടെ അകമ്പടിയോടെയാണ് മാർപ്പാപ്പാ നമുക്ക് ഈ ഖണ്ഡിക വച്ചുനീട്ടുന്നത്.  എവിടെയും സമാധാനത്തിന്‍റെ ഭവനമാക്കാൻ പരിശ്രമിക്കാനാണ് തന്‍റെ ശിഷ്യരെ ദൗത്യമേൽപ്പിച്ച് യേശു പറഞ്ഞയക്കുന്നത്. 2 തിമോ.2: 22, യാക്കോ.3:18  എന്നീ വാക്യങ്ങളുദ്ധരിച്ച് പാപ്പാ നമുക്ക് ആ ദൗത്യത്തിന് ചില മാനങ്ങൾ നൽകുന്നുണ്ട്. നിർമ്മല ഹൃദയരായിരിക്കാനും, നീതിയുടെ ഫലം സമാധാനത്തിൽ വിതക്കാനും, പരസ്പരോത്കര്‍ഷവും മനസ്സിൽ സൂക്ഷിക്കുക എന്നിവയാണത്. ഹൃദയം നിർമ്മലമാക്കി സൂക്ഷിക്കേണ്ടതിന്‍റെ ആവശ്യകത ഇക്കാര്യത്തിൽ വളരെ പ്രധാനപെട്ടതാണ്. കലുഷിതമായ ഹൃദയത്തിൽ പരദൂഷണത്തിനു ഇടം പിടിക്കാൻ ഏറ്റം എളുപ്പമാണ്. അതിനാൽ തിന്മകളെ തിരിച്ചറിഞ്ഞു ദൂരീകരിച്ച് പരിശുദ്ധിനിറഞ്ഞ ഹൃദയം സൂക്ഷിക്കുക സമാധാന സ്ഥാപനത്തിന്‍റെ ഒന്നാം ഘട്ടമായി കണക്കാക്കാം. ഓരോരുത്തരുടെയും ഹൃദയ ശുദ്ധിയാണ് ഇതിൽ ഏറ്റവും പ്രധാനം.

സമാധാനത്തിന്‍റെ വിത്തും നീതിയുടെ ഫലവും

നീതിയുടെ ഫലം അതാണ് ലക്‌ഷ്യം. സമാധാനത്തിന്‍റെ വിത്ത് വിതയ്ക്കുന്നത് നീതിയുടെ ഫലം കൊയ്യാനാണ് എന്നത് ഒരിക്കലും മറക്കരുത്. അനീതി ഇപ്പോഴും അസമാധാനത്തിന്‍റെ  പാതയാണ് തുറക്കുക. അതിനാൽ നീതിയെക്കുറിച്ചുള്ള ധാരണയും നീതി നടപ്പിലാക്കാനുള്ള പരിശ്രമവും സമാധാന സ്ഥാപകരുടെ പ്രവർത്തനത്തെ നയിക്കേണ്ട മറ്റൊരു ഘടകമാണെന്ന് പാപ്പാ നമ്മെ ഓർമ്മിപ്പിക്കുന്നു. പരസ്പരോത്ക്കർഷതയും പ്രധാനപ്പെട്ടത് തന്നെ എന്ന് അദ്ദേഹം നമുക്ക് സൂചന നൽകുന്നുണ്ട്. ഇന്നത്തെ ലോകത്തിന്‍റെ സ്വാർത്ഥത നിറഞ്ഞ പ്രവണതകളിൽ മറ്റുള്ളവരെക്കുറിച്ച് യാതൊരു പരിഗണനയുമില്ലാതെ ഉപകാരപ്പെടുംവരെ ഉപയോഗിച്ചശേഷം വലിച്ചെറിയുന്ന സംസ്കാരച്യുതിയെക്കുറിച്ച് പലവട്ടം പരിതപിച്ചിട്ടുള്ള ഫ്രാൻസിസ് പാപ്പാ പരസ്പരോൽക്കർഷതയെ  മുന്നിലേക്ക് വയ്ക്കുമ്പോൾ സ്വയം വളരുന്നതോടൊപ്പം മറ്റുള്ളവരെയും ഉയർത്താൻ കൈകൊടുക്കേണ്ട ആവശ്യകതയെ നമ്മെ ഓർമ്മിപ്പിക്കുകയാണ് ചെയ്യുന്നത്. സത്യത്തിൽ സമാധാനസ്ഥാപനത്തിനു നിർമ്മലഹൃദയവും നീതിയും പരസ്പരോൽക്കർഷതയും ഒഴിച്ചുകൂടാൻ പറ്റാത്ത ഘടകങ്ങളാണെന്നു നമ്മെ മനസ്സിലാക്കിത്തരുകയാണ് ഫ്രാൻസിസ് പാപ്പാ.

സമാധാനം വിതയ്ക്കുക; അതാണ് വിശുദ്ധി

89. “ഈ സുവിശേഷ സമാധാനം ഉളവാക്കുന്നത് എളുപ്പമുള്ള കാര്യമല്ല; അത് ആരെയും ഒഴിവാക്കുന്നില്ലെന്ന് മാത്രമല്ല കുഴപ്പങ്ങൾ ഉണ്ടാക്കുന്നവരെയും, ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നവരെയും, വ്യത്യസ്ഥത പുലർത്തുന്നവരെയും, വെല്ലുവിളിയുയർത്തുന്നവരെയും, ജീവിതം അടിച്ചു വീഴ്ത്തിയവരെയും ഒന്നിനും താൽപര്യമില്ലാത്തവരെയും കൂടി ഉൾക്കൊള്ളുന്നു. ഇത് കഠിനാദ്ധ്വാനമാണ്. ഇത് കടലാസിൽ ഒരു സമവായം ഉണ്ടാക്കലോ സംതൃപ്തമായ ഒരു ന്യൂനപക്ഷത്തിനായി അല്പായുസ്സായ സമാധാനം സൃഷ്ടിക്കലോ ഏതാനും പേര്‍ ഏതാനും പേർക്കായി തയ്യാറാക്കുന്ന ഒരു പദ്ധതിയോ അല്ല. അതിനാൽ മനസ്സിന്‍റെയും ഹൃദയത്തിന്‍റെയും വലിയ തുറവ് ഇത് ആവശ്യപ്പെടുന്നു. ഇതിന് സംഘട്ടനത്തോട് അവഗണനയോ അനാസ്ഥയോ കാണിക്കുവാനും കഴിയില്ല. പകരം സംഘട്ടനത്തെ നേരിട്ട് അഭിമുഖീകരിച്ച് പരിഹരിച്ച് ഒരു പുതിയ പ്രക്രിയയുടെ ചങ്ങലയിൽ അതിനെ ഒരു കണ്ണിയാക്കണം. സമാധാന നിർമ്മിതി ഒരു രചനാ വൈദഗ്ധ്യമായതിനാൽ അതിനു നാം പ്രശാന്തതയും, സൃഷ്ടിസൃഷ്ടിപരതയും, സംവേദനക്ഷമതയും, വൈദഗ്ധ്യവുമുള്ള വിദഗ്ധ നിർമ്മാതാക്കൾ ആവേണ്ടതുണ്ട്. നമുക്കുചുറ്റും സമാധാനം വിതയ്ക്കുക. അതാണ് വിശുദ്ധി."

സമാധാനം സ്ഥാപിക്കുവാന്‍ അദ്ധ്വാനിക്കണം

സമാധാനം സ്ഥാപിക്കുന്നത് അത്ര എളുപ്പമായ കാര്യമല്ലായെന്നു പാപ്പയ്‌ക്ക്‌ തീർച്ചയായും ബോധ്യമുണ്ട്. കാരണം, എളുപ്പമായിരുന്നെകിൽ ഇത്രമാത്രം യുദ്ധസാഹചര്യങ്ങൾ ഇന്നത്തെ ലോകത്തിലുണ്ടാവില്ലല്ലോ. സമാധാന സ്ഥാപനത്തിന് പോലും ആയുധം ഉപയോഗിക്കുന്ന Peace keeping Force ഉള്ള ഒരു ലോകത്തിലാണ് നമ്മൾ. അതുകൊണ്ടു തന്നെ സുവിശേഷം വെളിപ്പെടുത്തുന്ന സമാധാനത്തിനു പ്രത്യേകതകൾ ഏറെയാണ്. അവ മാർപ്പാപ്പായുടെ ഭാഷയിൽ ഏറെ ഹൃദ്യമായി ആരെയും “ഒഴിവാക്കാത്ത" ഒന്നാണ്. പലപ്പോഴും നമ്മുടെ പ്രവർത്തികളിൽ നമ്മോടൊപ്പമല്ലാത്തവരെ ഒഴിവാക്കിയാണ് നാം സമാധാനപ്പെടുക. എന്നാൽ സുവിശേഷം പകരുന്ന സമാധാനം സകലരെയും ഉൾകൊള്ളുന്നതാണ്. പാപ്പാ ഒരു ലിസ്റ്റ് തന്നെ ഇവിടെ ഉൾപ്പെടുത്തുന്നു. "കുഴപ്പമുമണ്ടാക്കുന്നവരെയും, ബുദ്ധിമുട്ടിക്കുന്നവരെയും, വ്യത്യസ്ഥത പുലർത്തുന്നവരെയും, വെല്ലുവിളി ഉയർത്തുന്നവരെയും, ജീവിതം അടിച്ചു വീഴ്ത്തിയവരെയും, ഒന്നിലും താല്പര്യമില്ലാത്തവരെ പോലും” ഉള്‍കൊള്ളുന്നതാണിത്. അതിനാൽ തന്നെ ഇതിനായുള്ള കഠിനാധ്വാനത്തെയും പാപ്പാ വ്യക്തമാക്കുന്നു. കടലാസ്സിൽ ഉടമ്പടിയുണ്ടാക്കാനും എളുപ്പമാണെന്ന് മനസിലാക്കുന്ന പാപ്പാ നമ്മെ ക്ഷണിക്കുന്നത് " മനസ്സിന്‍റെയും ഹൃദയത്തിന്‍റെയും വലിയ തുറവിലേക്കാണ്. സംഘട്ടനങ്ങളെ അവഗണിക്കാതെ അതിനെ അഭിമുഖികരിച്ച്, പരിഹരിച്ച് ഒരു പുത്തൻ തുടക്കത്തിൽ കണ്ണിയാകണമെന്ന് പാപ്പാ ആഹ്വാനം ചെയ്യുന്നു. ആരെയും ഒഴിവാക്കാത്ത, വിപരീത ശക്തികളെ പോലും ഉൾകൊള്ളുന്ന ഈ പ്രക്രിയയിൽ വിദഗ്ദ്ധരാകാൻ പ്രാശാന്തത, സൃഷ്ടിപരത,സംവേദനക്ഷമത, മുതലായ പുണ്യങ്ങൾ അനിവാര്യമെന്ന് പാപ്പാ ഉത്‌ബോധിപ്പിക്കുന്നു. ദൈവത്തിന്‍റെ രാജ്യം സമാധാനത്തിന്‍റെതായതിനാൽ സമാധാന സ്ഥാപനത്തിന് പരിശ്രമിക്കുന്നവർ ദൈവത്തിന്‍റെ പുത്രരാണ്. അതിനാൽ വിശുദ്ധി എന്നത് ഹൃദയത്തെ കളങ്കപ്പെടുത്തുന്ന സകലത്തിലും നിന്നും ഹൃദയത്തെ കാത്തു വയ്ക്കലാണ്.

 

08 August 2019, 16:56